എന്ന വാക്ക് വേണമെന്ന വാദത്തിൽ അതേ ശരി കാണില്ല. മലയാളത്തിലെ പ്രയോഗം രണ്ടിലേതായാലും ശരി അത് മറുവിഭാഗത്തെ അയിത്തപ്പാട് അകറ്റുന്നുണ്ട്. അതിലുപരിയാണ് അൻ പുല്ലിംഗപ്രത്യയം മാത്രമാണെന്ന് വിശ്വസിച്ച് അതെല്ലാം പുരുഷന്റേതുമാത്രമാക്കി ഒഴിച്ചു കൊടുക്കുന്നത് എന്ന് ലീലാവതി തിരിച്ചറിഞ്ഞിട്ടുണ്ട്.  അവരെഴുതി “അവനവൻഎന്ന പ്രയോഗത്തിലെ പ്രത്യയം പുംസ്ത്വത്തെയാണ് കുറിക്കുന്നതെന്ന വ്യാകരണപരമായ വ്യാഖ്യാനം ശരിയാണോ? ആ പദം പ്രയോക്താവിനും ശ്രോതാവിനും എന്ത് അർത്ഥബോധമാണുണ്ടാക്കുന്നത്? അലിംഗാർത്ഥമേയുള്ളൂ, (ലെഹള) തന്നത്താൻപോലെ. അൻ പ്രത്യയം അതുള്ളത് എന്ന തദ്വത്തദ്ധിതത്തിന്റെ അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട് (തെക്കൻഭാഷ, വടക്കൻ നാടുകൾ, കൂറ്റൻ കെട്ടിടം, പരുക്കൻ തുണി). അവൻ പുല്ലിംഗതന്നെ. പക്ഷെ അവനവൻ അലിംഗപ്രയോഗമാണ്. സമൂഹം ആ അർത്ഥത്തിൽ അതിനെ അംഗീകരിച്ചിരിക്കുന്നു. സ്ത്രീപുരുഷസമത്വത്തെയാണ് വ്യഞ്ജിപ്പിക്കേണ്ടതെങ്കിൽ അലിംഗാർത്ഥപ്രയോഗങ്ങളാണ് വളർത്തേണ്ടത്. അലിംഗാർത്ഥ പ്രയോഗങ്ങളെക്കൂടി പുല്ലിംഗ പ്രത്യയങ്ങളായി സങ്കല്പിച്ച് സമാന്തരമായി സ്ത്രീലിംഗപ്രയോഗങ്ങളുണ്ടാക്കുകയല്ല വേണ്ടത്. എത്രത്തോളം അലിംഗാർത്ഥപ്രയോഗങ്ങള്‍ വികസിപ്പിക്കാൻ കഴിയുമോ അത്രയും വികസിപ്പിക്കണം. പിതരൗ എന്ന ദ്വിവചനത്തിൽ മാതാവ് അപ്രധാനമായി അലിഞ്ഞുപോയി എന്നു വ്യാഖ്യാനിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മാതാവ് പിതാവിനോടൊപ്പം പ്രാധാന്യമുള്ളവളാണ് എന്നംഗീകരിക്കപ്പെട്ടു എന്നും വ്യാഖ്യാനിക്കാം. അധിപതിയുടെ ആധിപത്യഭാവം നശിപ്പിക്കാൻ ആയുധമാക്കേണ്ടത് അയാളുടെ ഭാഷതന്നെയാണെന്ന  വസ്തുതയും അവശേഷിക്കുന്നു” കണിശമാണാ വാദങ്ങൾ. പ്രയോക്താവിനും ശ്രോതാവിനും തോന്നുന്നതാണ് ഭാഷാർത്ഥം. സാമൂഹികമാണ് അതിന്റെ അസ്തിത്വം. പുരുഷനുമാത്രമായി മാറ്റിവെച്ച പദത്തിന്റെ അർത്ഥമണ്ഡലങ്ങളിൽ സമാനമായ സ്ത്രീസംവരണം കൊണ്ടുവന്നാൽ പുരുഷാധിപത്യത്തിന്റെ തന്ത്രങ്ങളുടെ പ്രത്യയശാസ്ത്രവാഹകരായി സ്വയം പ്രതിഷ്ഠിക്കുകയാവും വിമോചനമെന്ന നാട്യത്തിൽ സ്ത്രീകൾ ചെയ്തു കൂട്ടുന്നത് എന്ന കാര്യം കൃത്യമായി കണ്ടെത്താൻ കഴിയുന്നു എന്നത് സമകാലികസാഹചര്യത്തിൽ ചെറിയ കാര്യമല്ല.

                                സ്ത്രീവാദത്തിന്റേതായാലും ഭാഷാചിന്തയുടേതായാലും ലീലാവതി വിഹരിക്കുന്നത് അതിന്റെ കാല്പനികമസൃണമായ ഉപരിപ്ലവതയിലല്ല ചിന്താബന്ധുരമായ ഗഹനതലങ്ങളിലാണ്. അതാണവരുടെ കരുത്തും. കാവ്യാലോചനകളിൽ അവർ പലപ്പോഴും മാതൃസഹജമായ ഒരുതരം ഉദാരത കാണിക്കുന്നതായിത്തോന്നും. എന്നാൽ ഭാഷാശാസ്ത്രപരമായ ആലോചനകളിൽ കണിശതയും കൃത്യതയും പാലിക്കാതിരുന്നിട്ടില്ല. ഒരു കാലഘട്ടത്തിന്റെ ചിന്തകളെയും ആലോചനകളെയും പ്രതിനിധീകരിക്കുന്നു അവരുടെ വാക്കുകൾ അതിനിയും മുഴങ്ങട്ടെ.

Comments

comments