ഈ ഫെമിനിസ്റ്റുവാദത്തെ മലയാളഭാഷയുടെ സാഹചര്യത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനം. പുരുഷാധികാരത്തെക്കുറിച്ചും അത് സ്ത്രീജീവിതത്തെ ഞെരുക്കിക്കളയുന്നതിനെക്കുറിച്ചും പണ്ടേ മലയാളികൾക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഇന്ദുലേഖയെപ്പോലുള്ള കൃതികൾ മാത്രമല്ല ലീലാകാവ്യത്തെക്കുറിച്ചുള്ള മാരാരുടെ പ്രസിദ്ധമായ നിരൂപണങ്ങളും അതിന് സാക്ഷ്യമുണ്ട്. പുരുഷാധികാര പ്രത്യയശാസ്ത്രത്തെ കുറിക്കാൻ പുംപ്രധാനമെന്നൊരു വാക്ക് അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും ഫെമിനിസത്തിന്റെ നിലപാടുകളെ ശക്തവും വ്യാപകവുമാക്കുന്നത് ഘടനാവാദത്തിന്റെയും ഉത്തരഘടനാവാദത്തിന്റെയും കോളനിയാനന്തരപഠനത്തിന്റെയും മറ്റും ആശയപരിസരമാണ്. അത് വികാസം പ്രാപിക്കുന്നതാകട്ടെ പ്രധാനമായും ഭാഷയെക്കുറിച്ചുള്ള സൊസ്സൂറിയൻ ഭാഷാശാസ്ത്രദർശനത്തിൽ നിന്നാണ്. ഭാഷയുടെ സാമൂഹികാസ്തിത്വവും (ലാങ്) സാങ്കേതികമാത്രമായ സൂചക-സൂചിതബന്ധ സങ്കല്പവുമെല്ലാമാണ് പരമ്പരാഗതധാരണകളെ ഇളക്കിക്കളഞ്ഞത്.
മലയാളത്തിലെ സ്ത്രീവാദം പക്ഷെ ഭാഷയെക്കുറിച്ചുള്ള പഴയ വിശ്വാസത്തിലാണ് ഇത്തരം നിലപാടുകളെ പടുത്തുയർത്തുന്നത് എന്നാണ് അതുമായി ബന്ധപ്പെട്ട ചർച്ചകൾ പരിശോധിച്ചാൽ തോന്നുക. ഭാഷയെ സത്യത്തിന്റെ യഥാർത്ഥ പ്രതിഫലനമായി എണ്ണുന്ന തരത്തിലാണ് അതിന്റെ ചില വാദങ്ങൾ. മൈം ആതാ ഹും എന്ന് ആണും മൈം ആതീം ഹും എന്ന് പെണ്ണും മാത്രമേ പറയാവൂ എന്നാണല്ലോ ഹിന്ദി ഭാഷയുടെ സ്വഭാവം. കർത്താവിനനുസരിച്ച് മുഖ്യക്രിയ ലിംഗഭേദം സൂക്ഷിക്കണം എന്നർത്ഥം. അങ്ങനെവന്നാൽ ആൺമൊഴിയും പെൺമൊഴിയും കേൾക്കുന്ന/കാണുന്ന മാത്രയിൽ തിരിച്ചറിയാം. പക്ഷെ, ഹിന്ദിഭാഷാമേഖലയിൽ ഫെമിനിസ്റ്റ് പ്രശ്‌നങ്ങൾ ഏതാണ്ടും അതുകൊണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു എന്നു വാദിക്കാനാവില്ല. ഭാഷാവ്യാകരണത്തിലെ ലിംഗസങ്കല്പങ്ങളെ ജീവിതത്തിലെ ലിംഗസങ്കല്പങ്ങളുടെ നേർപ്പതിപ്പായി കല്പിക്കുന്ന ഈ യുക്തി ലോകത്തിന്റെ ശരിപ്പകർപ്പാണ് ഭാഷ എന്ന വാദത്തിന്റെ കാലത്തെ കാഴ്ചപ്പാടാണ്. അത്തരം കാഴ്ചപ്പാടുകളെ പഴയ ബുദ്ധിസ്റ്റുകളുടെ അപോഹവാദവും പുതിയ ഘടനാവാദാനന്തരചിന്തകളും ചോദ്യം ചെയ്തിട്ടുണ്ട് (ആത്മാവെന്ന കേന്ദ്രത്തെ നിരാകരിക്കുന്ന ബുദ്ധിസം അരിക്കാക്കപ്പെട്ടവർക്ക് ശരണവും നിർവ്വാണഗതിയും സാദ്ധ്യമാക്കിയ സാഹചര്യം ഘടനാവാദാനന്തരചിന്താപരിസരത്തോട് നിരന്നുപോകുന്നത് കാണാം.) അത്തരം നിലപാടുകളിൽ നിന്നാണ് അരിക്കാക്കപ്പെട്ടവരെക്കുറിച്ചും കേന്ദ്രസ്ഥരെക്കുറിച്ചും അവരെ അങ്ങനെ പ്രതിഷ്ഠിക്കുന്ന ഭാഷാപരവും സാംസ്‌ക്കാരികവുമായ ഘടകങ്ങളിലടങ്ങിയ പ്രത്യയശാസ്ത്ര താല്പര്യങ്ങളെ ക്കുറിച്ചും എല്ലാം അന്വേഷണം ഉണ്ടായിട്ടുള്ളത്. സമകാലിക സാഹചര്യത്തിൽപ്പോലും കലുഷമായി കിടക്കുന്ന അത്തരം ഭാഷാചിന്തകൾക്കിടയിൽ ഭാഷയെക്കുറിച്ചുള്ള ലീലാവതിയുടെ ചിന്തകളുടെ തെളിച്ചം വ്യക്തമാക്കുന്നതാണ് സ്ത്രീപക്ഷരചനയെക്കുറിച്ചുള്ള ഈ ലേഖനം.
മലയാള ഭാഷാപ്രേമം ഒരു സങ്കുചിത രാഷട്രീയവികാരമായി കൊണ്ടുനടക്കുന്നവർ പൊതുവെ പറയുക മലയാളത്തിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉപേക്ഷിച്ച് ‘ശുദ്ധി‘ നേടുന്നതിനെക്കുറിച്ചാണ്. ഭാഷാപോഷണത്തിന് ആഹ്വാനം ചെയ്യുന്ന ‘എന്റെ ഭാഷ‘യെന്ന വള്ളത്തോൾക്കവിതയെപ്പോലും അമ്മ, അമ്മിഞ്ഞ, അമ്മപ്പേച്ച് എന്ന മട്ടിൽ മാത്രം വ്യാഖ്യാനിക്കുന്നതാണതിന്റെ രീതി. അത്തരം വൈകാരികപ്രകടനങ്ങൾക്ക് വലിയ മാർക്കറ്റുള്ളപ്പോൾ അതീവ തെളിച്ചത്തോടെയുള്ള ഭാഷാവിചാരം പങ്കിടുന്നു എന്നതാണ് ലീലാവതിയുടെ എഴുത്തിന്റെ മെച്ചം. ഭാഷ അവർക്ക് ഒരു അന്ധവിശ്വാസമല്ല. അവർ എഴുതിയതു നോക്കൂ: ‘വർണ്ണങ്ങളായാലും പദങ്ങളായാലും മറ്റൊരു ഭാഷയിൽ നിന്ന് എപ്പോൾ സ്വീകരിക്കുന്നുവോ അപ്പോൾ മുതൽക്ക് അവ സ്വീകർത്താവായ ഭാഷയുടെ സ്വന്തമായിത്തീരുന്നു. ഔപചാരികമായി കടംകൊണ്ട വാക്കുകൾ (loan words) എന്നുപറയുമെങ്കിലും സംഭവിക്കുന്നത് കടമെടുക്കലല്ല (കടം തിരിച്ചുകൊടുക്കേണ്ട ഒന്നാണല്ലോ പദങ്ങളോ വർണ്ണങ്ങളോ തിരിച്ചുകൊടുക്കലില്ല) സ്വായത്തമാക്കലാണ്. ഇതുതന്നെയാണല്ലോ, നൂറ്റാണ്ടുകൾക്കുമുമ്പേ, കൂന്തൽ എന്ന വാക്ക് തമിഴാണെന്ന് വാദിച്ച വിമർശകനോടു ലീലാതിലകകാരൻ വിസ്തരിച്ചു പറഞ്ഞ കൂന്തൽ വാദത്തിന്റെ പൊരുളും. മലയാളത്തിൽ തത്ഭവമായും തത്സമമായും പ്രചാരത്തിലിരിക്കുന്ന പദങ്ങൾ (അന്തി-സന്ധ്യ, അരങ്ങ്-രംഗം, ഫലകം-പലക, ശ്രേണി-ഏണി…) മലയാളത്തിലെ പദസമ്പത്തു വർദ്ധിപ്പിക്കുകയാണ് ചെയ്‌തെന്നും അതു തുടരാവുന്നതാണെന്നും അവർ വാദിക്കുന്നു. കാരണം ഇവയിൽ ഏതും സ്വേച്ഛയനുസരിച്ച് പുരുഷനും സ്ത്രീക്കും ഉപയോഗിക്കാമെന്നതുതന്നെ. തനിമലയാളപദങ്ങൾ (?) പ്രചാരലുപ്തമായി എന്നതിനേക്കാൾ വലിയ നഷ്ടം കൃത്തസിദ്ധാന്തങ്ങളിലൂടെയുള്ള പദരചനയിൽ സംസ്‌കൃതത്തെ ആശ്രയിക്കണമെന്നതാണ് എന്ന അവരുടെ നിരീക്ഷണം ആഴത്തിലേക്കാണ് ചെല്ലുന്നത്. പദത്തിലല്ല ഭാഷയുടെ ഘടനാതലത്തിലാണ് അതിന്റെ ശ്രദ്ധയൂന്നുന്നതെന്നു കാണാം. അല്ലാതെ ഉപരിപ്ലവമായ ഭാഷാസ്‌നേഹത്തിന്റെ നൊസ്റ്റാൽജിയ അല്ലത്.
ലിംഗഭേദത്തെക്കുറിച്ചുള്ള ഭാഷാവസ്തുതകളെയും സാമൂഹികനിർമ്മിതമായ ലിംഗനീതിയെയും ഒന്നെന്നു ഭ്രമിക്കുന്നതിനോട് ലീലാവതി യോജിക്കുന്നില്ല. “പുല്ലിംഗപ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന പദങ്ങൾക്കെല്ലാം സാമാന്യമായി സ്ത്രീലിംഗ പ്രത്യയങ്ങൾ ചേർത്തപദങ്ങളുണ്ടാവണമെന്ന നിഷ്‌കർഷയും മറ്റും അത്ര പ്രധാനമല്ല” എന്നവർ ഖണ്ഡിതമായി പറയുന്നു. സൂക്ഷ്മമാണ് ആ നിരീക്ഷണം. ചരിത്രം പുരുഷന്റെ അപദാനങ്ങളുടെ ആഖ്യാനമാണ് എന്നും അതിൽ ഒരിടത്തും സ്ത്രീ ഉൾപ്പെടുന്നില്ലെന്നും സ്ത്രീവാദികൾ പറയും. അത് ചരിത്രത്തെ കുറിക്കുന്ന history എന്ന ഇംഗ്ലീഷുവാക്കിന്റെ പ്രത്യേകതകൊണ്ടല്ല. ആയിരുന്നെങ്കിൽ ആ വാക്കില്ലാത്തിടത്ത് (ഉദാഹരണത്തിന് മലയാളത്തിലെ ചരിത്രം, ഹിന്ദിയിലെ ഇതിഹാസ്) ചരിത്രം സ്ത്രീകളെക്കൂടെ ഉൾപ്പെടുത്തിയതാവണമായിരുന്നു. ഇംഗ്ലീഷിലെ ചരിത്രത്തെത്തന്നെ his എന്നും storyഎന്നും വേർതിരിക്കാൻ കഴിയില്ല. വാക്കിന്റെ സ്‌പെല്ലിങ്ങ് നോക്കിയല്ല ചരിത്രമെന്ന ആഖ്യാനത്തിന്റെ സ്വഭാവം നോക്കിയാണ് ഹിസ്റ്ററിയെ his story എന്നുവിശേഷിപ്പിക്കുന്നത്. അതുപ്രകാരം മലയാളത്തിലെ ചരിത്രാഖ്യാനവും his story ആണെന്ന് പറയാം. തിരിച്ചറിയുന്ന ഒരാശയത്തെ അതിന്റെ ലിപിവിന്യാസത്തിലേക്ക് ആരോപിക്കുകയാണ്, തിരിച്ചല്ല, ചെയ്യുന്നത്. ആ ആരോപണം തന്നെ സാദ്ധ്യമാകുന്നത് വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം ആരോപിതം മാത്രമാണ് എന്നതുകൊണ്ടാണ്. അതിനാൽ എഴുതപ്പെട്ട ചരിത്രത്തെ മുഴുവൻ ഇനി മുതൽ ഹെർസ്റ്ററി എന്നുവിളിച്ചാൽ അതെല്ലാം ഒറ്റയടിക്കു സ്ത്രീസൗഹൃദപരമായി രൂപാന്തരപ്പെടില്ല.
ചെയർമാൻ എന്നതിനുപകരം ചെയർപേഴ്‌സൺ എന്ന വാക്ക് ഉപയോഗിക്കണമെന്ന ഇംഗ്ലീഷുകാരുടെ വാദത്തിൽ ശരിയുണ്ടെന്നു കരുതി അദ്ധ്യക്ഷൻ എന്ന വാക്കിനുപകരം അദ്ധ്യക്ഷ
Be the first to write a comment.