മനുഷ്യനെക്കാള്‍ വലുതായി ഡിജിറ്റൈസ് ചെയ്ത ഒരു രൂപവും ആ ബിംബവും ഒരു ഹിസ്ടീരിയ പോലെ വ്യാപിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് ഒരു ചൂണ്ടു പലകയാണ്. സംഘപരിവാരത്തിനോ ആർ എസ് എസ്സിനോ വലിയ സ്വാധാനീനമില്ലാത്ത കേരളത്തില്‍ പോലും കുടുംബത്തോടെ ആള്‍ക്കാർ ഇറങ്ങി പുല്ലു ചെത്തി പരിസരം വെടിപ്പാക്കുന്ന കാഴ്ച ഒരേ സമയം കൌതുകകരവും ചിന്തനീയവുമായിരുന്നു. എത്രയോ ഒക്ടോബര്‍ രണ്ടുകൾ ശുചിത്വ ദിനവും വാരവുമൊക്കെയായി കടന്നു പോയി. അന്നൊന്നും ഇല്ലാത്ത ഈ കാഴ്ച ഒരു മോഡിഫിക്കേഷന്‍ റിസള്‍ട്ട് ആണ്. അദ്ദേഹത്തിന്റെ അത്യന്തം നാടകീയവും പലപ്പോഴും ബാലിശവുമായ അമേരിക്കന്‍ സന്ദര്‍ശന ദൃശ്യങ്ങൾ ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തി. എന്നാല്‍ ഈ ദൃശ്യങ്ങളും ലോക പോലീസായ അമേരിക്കന്‍ പ്രസിഡന്റിനോപ്പം നില്‍ക്കുന്ന ഇന്ത്യന്‍ നേതാവിന്റെ ചിത്രവും കണ്ടു ഇന്ത്യന്‍ അമേരിക്കക്കാരനും ഇന്ത്യക്കാരിൽ ഒരു പക്ഷവും കയ്യടിച്ചതിന്റെ അലകള്‍ ഇങ്ങു താഴെ തട്ട് വരെ സ്പർശ്യമാണ്. മറ്റു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികൾ അന്തം വിട്ടു നില്‍ക്കുകയും അവഗണിക്കുകയും ചെയ്യുന്ന ശൂന്യ സ്ഥലിയില്‍ ഒരു ‘മോഡി ബിംബം’ വളരുന്നുണ്ട്. അതിന്റെ നിഴലിലാല്‍ ആണെങ്കിലും ആര്‍ എസ് എസ്സിന്റെ പ്രത്യയ ശാസ്ത്രത്തിനു സാധുത കിട്ടുന്നുണ്ട്. ഇത് മുന്‍കൂർ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് മറ്റു കക്ഷികളുടെ ദുരന്തം. പൊതു ജനത്തിന്റെ മൂഡ് അതിവേഗം മനസിലാക്കുന്നതില്‍ മിടുക്കനായ മോഡിയും സംഘവും ഈ ‘ജന ബാങ്കിൽ’ അതിവേഗം വ്യാപിക്കുകയാണ്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം മുന്‍പില്ലാത്ത വിധം വര്‍ണ്ണ ശബളമായി ചിത്രണം ചെയ്തു വരുന്നത് ഇതിന്റെ ഭാഗമാണ്. മറ്റു ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ അമേരിക്കയില്‍ പോയി സാധിച്ചതിനപ്പുറമൊന്നും മോഡി നേടിയിട്ടില്ല. ജപ്പാനിലുമില്ല. ഒപ്പം ചൈനയുടെ കെണിയില്‍ വീണതിന്റെ അർത്ഥം തെരഞ്ഞെടുപ്പു വാഗ്ദാനത്തിലെ പ്രധാന ഇനം മോഡി ലംഘിച്ചു കഴിഞ്ഞു എന്നാണു.
ഇന്ത്യന്‍ ജെനെറിക് ഔഷധങ്ങളുടെ പേറ്റന്റ് അമേരിക്കക്ക് കൈമാറാൻ ധാരണ ആയതോടെ ആ മരുന്നുകള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. നൂറിരട്ടി വില കയറും. അമേരിക്കന്‍ ഫാര്‍മ ബിസിനസ്സിനു കൊയ്ത്തായി. ഇന്ത്യ രോഗങ്ങളുടെ ഉത്സവ വേദിയാണല്ലോ. അതെ കുറിച്ച് എത്ര പേര്‍ അറിഞ്ഞു? വികസനം വരുന്ന വഴി ഇതാണോ? സര്‍ക്കാർ ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറയുന്നു പോലുമില്ല എന്നതാണ് ഭയജനകം [ പാർലമെന്റ് വെറും കാഴ്ച വസ്തു പോലെ വിജന നിർജ്ജീവമത്രേ]. നിശബ്ദമായി കാര്യങ്ങള്‍ നീക്കുക എന്നതും ഏകാധിപത്യ ശൈലിയുടെ മുഖ്യ ഘടകമാണ്.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിൽ ഉന്മാദ ലഹരി പകര്‍ന്ന ഇന്ത്യന്‍ അമേരിക്കക്കാരുടെ ഹൈ ടെക് സ്വീകരണത്തിന്റെ കോലാഹലത്തില്‍ മോഡി തന്റെ ഇമേജു വര്‍ദ്ധിപ്പിച്ചു. പക്ഷെ അത് മോഡിയുടെ പഴയ അനുയായികൾ പെട്ടെന്നൊരു സംഘടന ഉണ്ടാക്കി ഒരുക്കിയതാണ്. പ്രശസ്തമായ ആ മാഡിസൺ സ്ക്വയർ കോലാഹലം അവിടുത്തെ ഇന്ത്യക്കാരില്‍ അല്ലാതെ ആരിലും ചലനമുണ്ടാക്കിയില്ല. ഒരു സാധാരണ രാഷ്ട്ര നേതാവ് വരുന്നതില്‍ കവിഞ്ഞ ചെമ്പട്ട് സ്വീകരണമോ കരാറുകളോ വാഷിംഗ്ടൺ ഒരുക്കിയില്ല. ബോധപൂര്‍വ്വമായ ആ തണുത്ത സ്വീകരണത്തെ മാടിസൺ ലഹരി കൊണ്ട് തല്‍ക്കാലം മറയ്ക്കാൻ നോക്കിയാലും ആയുസ്സില്ല. പകരം മോടിയില്‍ നിന്ന് അമേരിക്ക മേടിച്ചെടുത്തത് വിശാലമായ ഇന്ത്യന്‍ ഔഷധ വിപണിയാണ് എന്നോര്‍ക്കണം. ഇരു രാജ്യക്കാര്‍ക്കും പരസ്പരം വ്യവസായം തുടങ്ങാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാക്കും എന്നതൊക്കെ സാധാരണ പ്രഖ്യാപനങ്ങള്‍ മാത്രം . അതിക്കുറിയും ഉണ്ടായി.
ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ വളരുന്നത് തല്‍ക്കാലം അമേരിക്കക്ക് അനുകൂല ഘടകമാണ്. അത് കൊണ്ടാണ് പല ഹിന്ദുത്വ സംഘടനകള്‍ക്കും പെന്റഗൺ ഫണ്ട് നല്‍കിയിരുന്നത്. ഇതിനായി അമേരിക്കയിലെ അഞ്ഞൂറോളം ആര്‍ എസ്സ് എസ്സ് ശാഖകളും മറ്റു ആള്‍ ദൈവ സംഘങ്ങളും ഒത്തൊരുമിച്ചു. ഹിന്ദു യൂണിറ്റി എന്ന സംഘടന മോഡിക്ക് വേണ്ടി ഉഷാറായി. ഏഷ്യയില്‍ ഈ കാലഘട്ടത്തില്‍ അമേരിക്കക്ക് ആശ്രയിക്കാവുന്ന രാജ്യം പാക്കിസ്ഥാനെക്കാള്‍ ഇന്ത്യയാണ്. ഇസ്ലാം രാഷ്ട്രങ്ങളെ ഇസ്ലാം രാഷ്ട്രങ്ങളെ കൊണ്ട് തന്നെ എതിര്‍പ്പിക്കുന്ന അമേരിക്കന്‍ നയത്തിന് സ്ഥിരമായ ഭരണ വ്യവസ്ഥ ഇല്ലാത്ത പാക്കിസ്ഥാന്‍ സുരക്ഷിത പങ്കാളി അല്ല. അതെ സമയം മുസ്ലീം വിരോധവും ഒപ്പം ആഗോള വിപണിവല്‍ക്കരണവും നയമായ ഹിന്ദുത്വ പറ്റിയ സംഘമാണ്. ഇസ്രായെലും ഇന്ത്യയും ചേര്‍ന്നാൽ ഏഷ്യയെ വരുതിക്ക് നിര്‍ത്താമെന്ന് അമേരിക്ക കരുതുന്നു.
അത്രയും വാസ്തവം . പക്ഷെ ഇന്ത്യന്‍ സംഘി നേതൃത്വം മോഡിക്ക് ലഭ്യമാകുന്നതില്‍ അമേരിക്കക്ക് താല്പര്യമില്ലെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഒരു നിർണായക ഘട്ടത്തില്‍ ഈ മനുഷ്യന്‍ അമേരിക്കന്‍ പിടിയില്‍ നിന്ന് കുതറാനും എന്തും ചെയ്യാനും മടിക്കില്ലെന്ന് എക്കണോമിസ്റ്റ് വീക്കിലി യു എസ് എസ്സിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാപ്പിറ്റലിസത്തിന്റെ വിദേശ – സാമ്പത്തിക ഉപദേഷ്ടാവാണു ഈ വാരിക.
അമേരിക്കയെ ഒട്ടേറെ സന്തോഷിപ്പിക്കാന്‍ മോഡി ആഗ്രഹിച്ചിരുന്നോ എന്നും ചോദിക്കാം. ഉണ്ടാവണം എന്നില്ല. വികസനം എന്ന മുദ്രാവാക്യം കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാന്‍ മാത്രമുള്ളതാണ് എന്ന് വ്യക്തമാണ്. മോഡി സര്‍ക്കാരിന്റെ ആദ്യത്തെ സാമ്പത്തിക നടപടിയും ബജറ്റും അത് വ്യക്തമാക്കുന്നുണ്ട്. പ്രതിരോധരംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം, ഊർജ്ജ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതല്‍, റെയില്‍വെ നയം എന്നിവയൊക്കെ ഉദാഹരനങ്ങൾ മാത്രം. ഇനി നടക്കുന്ന കാര്യങ്ങള്‍ ഒരു മന്ത്രിയും പുറത്തു പറയാന്‍ പാടില്ല എന്ന മോഡിയുടെ ഉത്തരവോടെ നാം ഒരു അപ്രഖ്യാപിത സെൻസറിംഗിൽ ആയിക്കഴിഞ്ഞു. നമ്മളറിഞ്ഞില്ല എന്ന് മാത്രം. കോര്‍പറേറ്റുകളുടെ സഹായത്തോടെ അധികാരം ഉറപ്പിക്കുകയും തുടര്‍ന്ന് മറ്റു മതാധിഷ്ഠിത അജണ്ടകളിലേക്ക് കടകുകയുമാണ് ലക്ഷ്യം എന്ന് വ്യക്തമായിക്കഴിഞ്ഞു. തങ്ങളുടെ അജണ്ട ഈ തെരഞ്ഞെടുപ്പില്‍ അവസാനിക്കുന്നില്ല എന്ന ആര്‍ എസ്സ് എസ്സ് നിലപാട് അത് വ്യക്തമാക്കുന്നുണ്ട്. പക്ഷെഹൈ എന്‍ഡ് ഡിജിറ്റൽ ടെക്കിന്റെ സാധ്യതകല് ഉപയോഗിച്ച് അമാനുഷ പ്രഭാവത്തോടെ ഇന്ത്യക്കാര്‍ക്കിടയിൽ നിറഞ്ഞു നില്‍ക്കാൻ മോഡി നടത്തുന്ന ശ്രമം അമേരിക്ക ജാഗ്രതയോടെയാണ് കാണുന്നത്. മോഡിയെ വംശഹത്യക്ക് നേതൃത്വം കൊടുത്ത ആളായാണ് അവിടെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉറപ്പിച്ചു കാണുന്നത് തന്നെ. അത് അമേരിക്കന്‍ സര്‍ക്കാരിൽ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന മറ്റൊരു ഘടകമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമായിരുന്നു എന്ന് പറയാനല്ല ഇത്രയും എഴുതിയത്. അത് ചരിത്രത്തില്‍ ഇല്ലാത്ത വിധം നേട്ടങ്ങള്‍ ഉണ്ടാക്കി എന്ന് പറയുന്നതിനോട് വിയോജിക്കാന്‍ വേണ്ടിയാണ്. എല്ലാ പ്രധാന മന്ത്രിമാരും പോകുമ്പോള്‍ ഈ സ്വീകരണം തന്നെയാണ് കിട്ടാറുള്ളത്. ചിലപ്പോള്‍ കൂടുതല്‍ ഊഷ്മളവും. ആണവ കരാര്‍ ഒപ്പിടാൻ മുന്‍നിന്ന മന്‍മോഹൻ സിംഗിനെ വാരിപ്പുണര്‍ന്നാണ് ബുഷ് സ്വീകരിച്ചത്. കച്ചവട ലോകത്ത് അത്രയൊക്കെയേ കാര്യങ്ങള്‍ക്ക് ആയുസ്സുള്ളൂ. വര്‍ഗീയതയുടെ ലോകത്ത് അങ്ങിനെയല്ല താനും.
ചുരുക്കത്തില്‍ ഉരുക്കിന്റെ മനശാസ്ത്രം മോഡി ഉപയോഗിക്കുന്നത് തൽക്കാലത്തേക്കെങ്കിലും ലോക നേതാവാകാന്‍ വേണ്ടിയല്ല. ഇന്ത്യയില്‍ താന്‍ ആരാണെന്ന് കാണിക്കാനാണു. അതാണ് കരുത്തിന്റെ ഫോട്ടോ ഷോപ്പുകളും നാടക വേദിയെ ലജ്ജിപ്പിക്കുന്ന മാടിസൺ നാട്യങ്ങളും കാണിക്കുന്നത്. ഹിറ്റ് ലറും ഇതൊക്കെ തന്നെ പരിമിതമായ രീതിയില്‍ അന്നത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്തിരുന്നു. പക്ഷെ അതുമായി മോഡിയുടെ ഷോ താരതമ്യം ചെയ്യാനാവില്ല. അതെത്രയോ കൂടുതല്‍ അക്രമാസക്തമാണ്. നിയോ ഫാഷിസത്തിന്റെ സൂചനകൾ പോലെ (CORPORATE + STATE FASCISM).
അതെ സമയം ഒരിന്ത്യന്‍ പ്രധാന മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് അവര്‍ കാണിക്കാറുള്ള ഉപചാരങ്ങള്‍ മോഡിക്കും ലഭിച്ചിട്ടുണ്ട്. അതും വംശഹത്യാ കേസില്‍ അമേരിക്ക വിസ നിഷേധിച്ച ആളാണ് മോഡി എന്നോര്‍ക്കുമ്പോൾ ഈ സ്വീകരണം ഊഷ്മളം തന്നെ. പക്ഷെ പഴയ വിസ തിരസ്കാരത്തിനു ബദലായി ശക്തി പ്രകടിപ്പിക്കാന്‍ മാടിസൺ സ്ക്വയറിൽ ഒരുക്കിയ ബാലെ ഈ ആധുനിക നയതന്ത്ര കാലത്ത് ബാലിശമായിപ്പോയി എന്നാണു പൊതു അഭിപ്രായം.
ഈ ഇമേജ് നിര്‍മ്മിതി കൊണ്ട് കാര്യങ്ങള്‍ എങ്ങും എത്തുന്നില്ല. അമേരിക്കയുമായി ഏതേതു വിഷയങ്ങളില്‍ ചര്‍ച്ചയാവാം എന്ന് മാത്രമാണ് ഇത് വരെ ചര്‍ച്ച ചെയ്തത്. ഒന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അതെ സമയം സ്വർഗ്ഗം താണിറങ്ങി വന്നെത്തി എന്ന പ്രതീതിതി ജനിപ്പിക്കുകയും ചെയ്തു. അത് കൊണ്ട് ഉപതെരെഞ്ഞെടുപ്പ് ക്ഷീണത്തിൽ നിന്ന് കഷ്ടിച്ചു കരകയറി എന്ന് പറയാം. അര്‍ബൻ എരിയകൾ നിറഞ്ഞ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിലും സഹായകരമായേക്കാം. എന്നാല്‍ ഉറച്ചു നില്‍ക്കണമെങ്കിൽ ആഭ്യന്തര രംഗത്ത് അതി വേഗം ഹിന്ദുത്വവല്‍ക്കരണം നടത്തിയേ മതിയാവൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഉദാസീനമായതും വിലയ്ക്കു വാങ്ങിയവയുമായ മീഡിയയുടെയും, പൊതു സമൂഹത്തിന്റെയും കൺവെട്ടത്താണ് ചരിത്രം തന്നെ മാറ്റിയെഴതപ്പെടുന്നത്. ഇന്ത്യന്‍ ക്രിമിനൽ റെക്കോർഡുകൾ ആണ് നമ്മുടെ ക്രൂരതകളെ കുറിച്ച് നമ്മെ ഓര്‍മിപ്പിക്കാൻ ആകെയുണ്ടായിരുന്ന രേഖകള്‍. അത്തരം ഒന്നര ലക്ഷം ഫയലുകൾ പുതിയ സര്‍ക്കാർ കത്തിച്ച വാര്‍ത്ത വലിയ പ്രാധാന്യമൊന്നും നേടിയില്ല. തങ്ങളെ കുറ്റക്കാരായി വിധിക്കുന്ന ചരിത്രം മാറ്റിയെഴുതാന്‍ മോഡി സര്‍ക്കാരിന് ചരിത്രത്തിന്റെ പിന്തുണ വേണ്ടല്ലോ !!!
കോര്‍പ്പറേറ്റ്, ഭരണകൂടം, തീവ്ര വംശീയത – ഇതിന്റെ സങ്കലനമാണ് നിയോ ഫാഷിസം. കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യം നല്‍കുകയും ആഗോള കുത്തകകള്‍ക്ക് വിപണി തുറന്നു കൊടുക്കുകയും ചെയ്യുന്നത് ഭസ്മാസുരന് വരം കൊടുക്കുന്ന പോലെയാണെന്ന് മൂന്നാം ലോക രാജ്യങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നു. പക്ഷെ അതോടൊപ്പം ചരിത്രത്തെ ബാലിശമാം വിധം വളച്ചൊടിക്കുന്ന ആപത്കരമായ ഒരു പ്രവണത ദൃശ്യമായി കഴിഞ്ഞു. നാനാത്വത്തെ ബ്രാഹ്മണിക്കല്‍ തിയറിയിലൂടെ ഏകാശിലാരൂപമാക്കി പരാവര്‍ത്തനം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതെ സമയം ഉച്ച നീചത്വം നില നില്‍ക്കുകയും ചെയ്യും എന്ന് മോഹന്‍ ഭാഗവത് വിജയ ദശമി നാളില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നുമുണ്ട്. മനുസ്മൃതി എന്ന് മേനി നടിച്ചിരുന്ന ഗ്രന്ഥത്തെ കുറിച്ച് മിണ്ടാത്തിരിക്കാന്‍ സംഘ പരിവാര്‍ കാണിക്കുന്ന ജാഗ്രത ‘അഭിനന്ദനാർഹം’ ആണു. മുസ്ലിം ഭരണാധികാരികളുടെ വരവ് വരെ ഇന്ത്യയില്‍ ചാതുര്‍വർണ്യം ഇല്ലായിരുന്നു എന്നാണു ഇപ്പോഴത്തെ വാദം. യുദ്ധത്തില്‍ തോറ്റ സവര്‍ണ്ണ പടയാളികളെ മുസ്ലിം ഭരണാധികാരികള്‍ താഴ്ന്ന ജോലിക്ക് അയച്ചു എന്നും അങ്ങിനെയാണ് താഴ്ന്ന ജോലി ചെയ്യുന്നവര്‍ അവർണ്ണരായതെന്നും രസകരമായി വാദിക്കുന്ന ഒരു ഗ്രന്ഥ പരമ്പര കഴിഞ്ഞ നാള്‍ മോഹൻ ഭഗവത് പ്രകാശനം ചെയ്തു. വാല്മീകികള്‍ , ഘടികകൾ, ചമറുകൾ എന്നിവരെ കുറിച്ചുള്ള മൂന്നു ഗ്രന്ഥത്തിലും പറയുന്നത് അവര്‍ സവര്‍ണ്ണർ ആണെന്നും ബ്രാമാണരും ക്ഷത്രിയരും ആയിരുന്നു എന്നുമാണ്. പിന്നീടവരെ താഴ്ന്ന ജാതിക്കാര്‍ ആക്കുകയായിരുന്നു എന്നാണു ഒരു ഇന്ത്യയിലെ പട്ടിക ജാതി / വര്‍ഗക്കാരെ കുറിച്ച് ബി ജെ പി എം എൽ എ തയ്യാറാക്കുന്ന ഈ ഗ്രന്ഥ പരമ്പരയിലെ മുഖ്യ വാദം. ബുദ്ധരും ജൈനരും സിഖും ഒക്കെ തന്നെ ഹിന്ദുത്വ കുടക്കീഴില്‍ വരുമെന്നും ഭാഗവത് സൂചിപ്പിച്ചു.
ഇത്തരത്തില്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അധികാര കേന്ദ്രങ്ങളും ജനവും തമ്മില്‍ പാലം തീര്‍ത്തിരുന്ന മീഡിയയെ അകറ്റി നിര്‍ത്താൻ മോഡി നിശ്ചയിച്ചതോടെ കണ്ടു തുടങ്ങിയ ഏകാധിപത്യ പ്രവണത ശക്തമാവുകയാണ്. ഇന്ത്യയില്‍ പ്രധാന മന്ത്രി മാത്രമേ ഉള്ളോ? മന്ത്രിമാരില്ലേ? എം പി മാരില്ലേ? ഔദ്യോഗിക വാര്‍ത്താ സമ്മേളങ്ങള്‍ ഇല്ലേ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണ് ജനാധിപത്യ ധ്വംസനത്തിന്റെ ആദ്യ സൂചന.
Be the first to write a comment.