രണപ്രതിപക്ഷങ്ങളടക്കം മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എന്നും അവഗണിച്ചുകൊണ്ടേയിരിക്കുന്ന അദിവാസികൾ അവരുടെ അവകാശങ്ങളും സർക്കാർ പാലിക്കാതിരുന്ന വാഗ്ദാനങ്ങളും നേടിയെടുക്കാനായി നടത്തുന്ന നിൽപ്പുസമരം നൂറു ദിവസങ്ങൾ പിന്നിടുകയാണു. മുൻപെങ്ങുമില്ലാത്ത വിധം ദിനംപ്രതി കൂടുതൽ കൂടുതൽ ജനങ്ങളും ദേശങ്ങളും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയത്തിനും മതത്തിനുമൊക്കെ അതീതമായി രംഗത്തെത്തുകയാണു. കേരളത്തിന്റെ വിവിധമേഖലകളിൽ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യസമ്മേളനങ്ങൾ അനുദിനം വ്യാപിക്കുകയാണു. കേരളവും കടന്ന് മുന്നോട്ട് പോയിരിക്കുന്നു സമരം. ബംഗളൂരു, ദില്ലി, ഖത്തർ, യു എ ഇ, ഒമാൻ, മെൽബൺ, ബഹറിൻ, യു കെ നിന്ന് നിന്ന് നിന്ന് ആദിവാസികൾ പൊതുസമൂഹത്തെ കലാപരമായ ഒരു സമരം പഠിപ്പിക്കുകയാണു. സമൂഹത്തിൽ അതിന്റെ വേരു പടർത്തുകയാണു. ഇവിടെ ഒറ്റപ്പെട്ടു പോകാനിരിക്കുന്നത് മൂക്കിനു താഴെ ഭരണഘടനാപരമായി അർഹതപ്പെട്ട, എത്രയോ കാലങ്ങളായി  അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും മറ്റു രാഷ്ട്രീയ പാർടികളുമാണു. ജനം പുതിയ രീതിയിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന സൂചന ആദിവാസികളുടെ നിൽപ്പുസമരത്തിനു ലഭിക്കുന്ന വർദ്ധിച്ച ജനപിന്തുണ നൽകുന്നുണ്ട്. എത്രയും വേഗം അത് മനസ്സിലാക്കി സ്വയം തിരുത്തി അവരുടെ അവകാശങ്ങൾ ഏൽപ്പിച്ചുകൊടുക്കാത്തപക്ഷം സർക്കാരും വിവിധരാഷ്ട്രീയകക്ഷികളും ജനശിക്ഷ ഏറ്റുവാങ്ങുന്ന കാലം വിദൂരമല്ല. കനൽ ആളിത്തുടങ്ങിയിരിക്കുന്നു.

നവമലയാളിയുടെ ഈ ലക്കം നിൽപ്പുസമരം ഐക്യദാർഢ്യപ്പതിപ്പാണു. ഫോട്ടോഗാലറിയിൽ ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സ്ഥലങ്ങളിൽ നടന്ന ഐക്യദാർഢ്യപരിപാടികളിൽ നിന്നുമുള്ള ചിത്രങ്ങളാണു. അത് നൽകി സഹായിച്ച സുഹൃത്തുക്കൾക്കെല്ലാം ഞങ്ങൾ നന്ദി അറിയിക്കുകയാണു.

Comments

comments