മലയാളിയുടെ ശതമാനക്കണക്ക് ഇനിയും പെരുകും (കൂടുതൽ വിവരങ്ങൾക്ക്, കാണുക: ഷാജി ജേക്കബ്, ‘പൊതുമണ്ഡലവും മലയാളഭാവനയും‘ , കൈരളിബുക്‌സ്, 2014).
ചുരുക്കത്തിൽ മലയാളത്തിലെ ‘അവശിഷ്ട‘ സാഹിത്യസംസ്കാരത്തിലെ ഏക ജൈവരൂപം എന്ന നിലയിൽ നോവൽ (അതിന്റെ ജനപ്രിയമെന്നു വിളികേട്ട ഗണത്തിൽ വൻ പ്രതിസന്ധി നേരിടുമ്പോൾതന്നെ) ആധുനികതയുടെയും വരേണ്യഭാവുകത്വത്തിന്റെയും പടംപൊഴിച്ച് പലനിലകളിൽ ജനപ്രിയമാകുന്നുവെന്നാണ് കണക്കുകളും കാര്യങ്ങളും തെളിയിക്കുന്നത്.
രണ്ട്
വായനയുടെ പാഠമാതൃകകളായി നവോത്ഥാന ആധുനികതയിലുടനീളം പ്രതിഷ്ഠനേടിയ രണ്ടു രൂപങ്ങൾ പത്രവും നോവലുമാണ്. ദേശീയത മുതൽ പൊതുമണ്ഡലം വരെയുളള ആധുനികതയുടെ സാംസ്‌കാരിക വ്യവഹാരങ്ങളൊന്നടങ്കം അവയുടെ രൂപീകരണത്തിന് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതും ഈ രണ്ടു മാധ്യമങ്ങളോടാണ്. ജുർഗൻ ഹേബർമാസ് മുതൽ ബനഡിക്ട് ആൻഡേഴ്‌സൺ വരെയുളളവർ ഈ മേഖലയെക്കുറിച്ചു നടത്തിയ അന്വേഷണങ്ങൾ പത്രവും നോവലും നടുനായകത്വം വഹിച്ച അച്ചടിമുതലാളിത്തത്തിന്റെ മധ്യവർഗലോകബോധ നിർമ്മിതിയുടെ ചരിത്രമാണ്. ഒരർത്ഥത്തിൽ ഇയാൻവാട്ട് ഉൾപ്പെടെയുളളവർ മുൻപുതന്നെ ചൂണ്ടിക്കാണിച്ച, നോവലിന്റെ സാംസ്‌കാരിക സ്വരൂപത്തെയും സാമൂഹ്യഘടനയെയും ചരിത്രവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയുമാണ് ഇവർ ചെയ്തത്.
മലയാളത്തിലും മറ്റൊന്നല്ല സംഭവിച്ചിട്ടുളളത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം തൊട്ടാരംഭിക്കുന്ന മലയാളത്തിലെ നോവൽശ്രമങ്ങൾ ഏതാണ്ടൊന്നടങ്കം മറ്റൊരു സാഹിത്യരൂപത്തിനും കഴിയാത്തവിധം സാമൂഹ്യബോധത്തെയും മാനവികതയെയും പാഠവൽക്കരിച്ചു. ‘ഘാതകവധ‘വും ‘പുല്ലേലിക്കുഞ്ചു‘വും മുതൽ ‘സരസ്വതീവിജയം‘ വരെ ഉദാഹരണങ്ങൾ നിരവധി.
കേരളീയസമൂഹത്തിലെ പോലെ മലയാളസാഹിത്യത്തിലും അതുവരെ യാതൊരു തരത്തിലുളള പ്രാതിനിധ്യവും കിട്ടാതിരുന്ന ദലിത്, കീഴാള ജീവിതങ്ങൾ നോവലിന്റെ ഭൂമികയിൽ ഇതാദ്യമായി മനുഷ്യപദവി കൈവരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ നോവലുകളെക്കുറിച്ച് പഠിച്ച ജോർജ് ഇരുമ്പയം (1997), അയ്യപ്പപ്പണിക്കർ (2005), ദിലീപ് മേനോൻ (2008) തുടങ്ങിയവർ ചൂണ്ടിക്കാണിച്ചിട്ടുളളതുപോലെ കേരളീയപൊതുമണ്ഡലത്തിന്റെ ദലിത് മുഖം ആദ്യമായി അനാവരണം ചെയ്യപ്പെടുന്നത് നോവലിലാണ് എന്നുപോലും പറയാം. പുലയരുടെയും പറയരുടെയും അവസ്ഥകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഒന്നാം ലക്കത്തിൽ തന്നെ മനോരമ മുഖപ്രസംഗമെഴുതുന്നതിനും (1890 മാർച്ച് 22) അവർക്കുവേണ്ടി അയ്യങ്കാളി തൊഴിൽ സമരങ്ങളുൾപ്പെടെയുളളവ ആവിഷ്‌കരിക്കുന്നതിനും എത്രയോ മുൻപാണ് മിസിസ് കൊളിൻസും ആർച്ച് ഡീക്കൻ കോശിയുമുൾപ്പെടെയുളളവർ ദലിതരുടെ ജീവിതസമരവും ആത്മബോധവും നോവലിനു വിഷയമാക്കുന്നത്. 1789-1850 കാലത്ത് ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് അടിമത്തത്തിനെതിരെ അമേരിക്കയിൽ നടത്തിയ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കും സമാന്തരമായി ഇവിടെയുണ്ടായ പ്രൊട്ടസ്റ്റന്റ് മാനവികതയിലൂന്നിയ മിഷനറി പ്രവർത്തനങ്ങളുടെ കൂടി ഫലമായിരുന്നു 1855-ലെ അടിമവിളംബരം. അതാണ് 1859-ൽ ഇംഗ്ലീഷിലെഴുതപ്പെടുന്ന ‘ഘാതകവധ‘ത്തിന്റെ ചരിത്രസന്ദർഭവും രാഷ്ട്രീയവും. പുല്ലേലിക്കുഞ്ചുവും സരസ്വതീവിജയവും സുകുമാരി ഉൾപ്പെടെയുളള നോവലുകളുടെ സാമൂഹ്യാടിത്തറയും മറ്റൊന്നല്ല. പുലയരുടെ അധഃസ്ഥിതാവസ്ഥ ചൂണ്ടിക്കാണിച്ച് കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പത്രങ്ങളിൽ പോത്തേരി കുഞ്ഞമ്പു എഴുതിയ ലേഖനങ്ങൾ സരസ്വതി വിജയത്തിന്റെ മൂലപാഠമാണെന്ന് ദിലീപ് മേനോൻ നിരീക്ഷിക്കുന്നത് ഓർമിക്കുക (Blackburn, Stuart and Vasudha Dalmia, 2008: 493). ഇന്ദുലേഖയുടെ സാമുദായിക പ്രത്യയശാസ്ത്ര ത്തിൽ നിന്ന് ഭിന്നമായി സരസ്വതീവിജയം സാമൂഹിക പ്രത്യയശാസ്ത്ര ത്തിന്റെ പാഠരൂപമാകുന്നതിന്റെ ചരിത്രപശ്ചാത്തലം കെ.കെ. കൊച്ച് വിശകലനം ചെയ്യുന്നുണ്ട് (2001). ജാതിവ്യവസ്ഥയിൽ നിന്ന് ആധുനിക വ്യക്തിബോധത്തിലേക്കും ലിംഗബോധത്തിലേക്കും പരിണമിക്കുന്ന കേരളീയസമൂഹത്തിന്റെ പ്രതിനിധാനമെന്ന നിലയിൽ സുകുമാരി വിശകലനം ചെയ്യുന്ന ദേവികയുടെ പഠനവും ഓർക്കാം (2007:35-38). കേരളചരിത്രത്തിലെ കീഴാളപൊതുമണ്ഡലത്തിന്റെ (Subaltern public sphere) സാംസ്‌കാരികപാഠമാതൃകകളായി മാറി ഫലത്തിൽ ഈ നോവലുകൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, രാഷ്ട്രീയ, സാഹിത്യ പൊതുമണ്ഡലങ്ങൾ തമ്മിലുണ്ടായ അപൂർവമായ ഒരു കൂടിക്കലരലാ യിരുന്നു, ഇവയുടെ പ്രത്യയശാസ്ത്രാടിത്തറ.
ഇതോടൊപ്പം പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടവസ്തുത, ‘പുസ്തകം‘ എന്ന നിലയിൽ ഭാവനചെയ്യപ്പെടുന്ന ആദ്യ സാഹിത്യ രൂപവും നോവലാണെന്നുളളതാണ്. മുഴുവൻ പൂർവരൂപങ്ങളിലും നിന്ന് സാഹിതീയമായും ഭാവുകത്വപരമായും നോവലിനുളള മൗലികമായ വ്യത്യാസം അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമാകുന്നുവെന്നതാണെന്ന വാൾട്ടർ ബൻയമിന്റെ നിരീക്ഷണം ഓർക്കുക. “What distinguished the novel from the story (and from the epic in the narrowsense) is its essential dependence on the book…. the dissemination of the novel become possible only with the book….”(The Story Teller, Illuminations, (1953) 1999).. മിഷനറിമാർ ആനുകാലികങ്ങളിലും തുടർന്ന് ഗ്രന്ഥരൂപത്തിലും അച്ചടിച്ചു പ്രചരിപ്പിച്ച, സ്വതന്ത്ര, വിവർത്തിത നോവൽമാതൃകകളുടെ തുടർച്ചയായി 1889-ൽ ഇന്ദുലേഖ പുറത്തിറക്കുമ്പോൾ ചന്തുമേനോൻ ഈ വസ്തുത വിശദമായി ചർച്ചചെയ്യുന്നുണ്ട്. തന്റെ വിഖ്യാതമായ അവതാരികയിൽ, സയൻസ് ബുക്ക്, ലോ ബുക്ക്, നോവൽ ബുക്ക് തുടങ്ങിയ സംജ്ഞകളുപയോഗിച്ചു കൊണ്ട് വായനക്കാരായ സഹൃദയരും സുഹൃത്തുക്കളും താന്നോട് നടത്തു ഒരു തർക്കം മേനോൻ സൂചിപ്പിക്കുന്നു. അത് ‘പുസ്തകം‘ എന്ന നിലയിൽ മലയാളത്തിൽ സയൻസിനുമാത്രമേ പ്രസക്തിയുളളൂ എന്ന അവരുടെ വാദമാണ്. നാലുപുറമുളള ഈ അവതാരികയിൽ ഇരുപത്തെട്ടു തവണ ചന്തുമേനോൻ പുസ്തകം, ബുക്ക് എന്നീ വാക്കുകളുപയോഗിച്ച് തന്റെ നോവലിനെയും മലയാളത്തിലെ ഈ പുതിയ സാഹിത്യസംസ്‌കാരത്തെയും സാധൂകരിക്കുന്നുണ്ട്. പുസ്തകം വ്യവസായാധുനികതയുടെ ആദ്യ വാണിജ്യോല്പമാണെന്ന മാർഷൽ മക്‌ലൂഹന്റെ പ്രസിദ്ധമായ നിരീക്ഷണംകൂടി (2001:189) ഇതോടു ചേർത്തുവായിച്ചാൽ കേരളീയ പൊതുമണ്ഡലത്തിന്റെ ഭാവനാഭൂമിശാസ്ത്രത്തിൽ ‘പുസ്തക‘മെന്ന നിലയിൽ നോവലിനു കൈവന്ന ചരിത്രപ്രാധാന്യം വ്യക്തമാകും.
നോവൽ മലയാളത്തിൽ സൃഷ്ടിച്ച നവോത്ഥാനാധുനികതയുടെ ഈ പാഠരൂപങ്ങൾ അതിന്റെ സാമൂഹ്യ ഇടപെടൽശേഷിയെ പുതിയൊരു രാഷ്ട്രീയ (കമ്യൂണിസ്റ്റ്) അജണ്ടയിലേക്കു പരിവർത്തിപ്പിക്കുന്നത് 1940 കളിലാണ്. 1950 കളിലെത്തുമ്പോൾ ഈ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ബോധ്യങ്ങൾക്കെതിരെ മലയാളത്തിലെ ആധുനികതാവാദം അതിന്റെ വേരുകൾ ആഴത്തിൽ പടർത്തിത്തുടങ്ങുന്നു. കൽക്കത്താതീസിസും പുരോഗമനസാഹിത്യസംഘടനയുടെ തകർച്ചയും ദേശീയ ജനാധിപത്യത്തെക്കുറിച്ചുളള സംവാദങ്ങളും ഗാന്ധിയൻ മാനവികതയും
Be the first to write a comment.