സങ്കീർത്തനം പോലെവില്പനയിൽ സൃഷ്ടിച്ച തരംഗവും പരിഗണിക്കേണ്ടത്. സ്വത്വരാഷ്ട്രീയങ്ങളുൾപ്പെടെയുളള സാമൂഹികമാനങ്ങളും ചരിത്രത്തിന്റെയും പ്രണയത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും പുതിയ ഭാവനാലോകങ്ങളും ആധുനികതയുടെ സിനിമാറ്റിക് ശൈലി കൈവെടിഞ്ഞ് ആധുനികാനന്തരത കൈക്കൊണ്ട ടെലി-വിഷ്വൽ ആഖ്യാനപരതയും പുതിയ നോവലുകളുടെ മുഖമുദ്രയായി. ഹിംസ അതിന്റെ എല്ലാ രാഷ്ട്രീയസ്വഭാവങ്ങളോടെയും ആധുനികാനന്തര നോവലിന്റെ ആഖ്യാനതലത്തെ ഭാവുകത്വപരമായി പുതുക്കിയെഴുതി. (ഈ വിഷയത്തിന്റെ ചർച്ച പിന്നാലെ).

          രണ്ടാമത്തെ തലം, പുതിയ ഒരു നിര എഴുത്തുകാർ, ആധുനികതയുടെ യാതൊരു സൗന്ദര്യശാസ്ത്രബാധ്യതയുമില്ലാതെ നോവലെഴുതി രംഗത്തു വന്നു എന്നതാണ്. വരേണ്യ, ജനപ്രിയ ആനുകാലികങ്ങൾ ഒരുപോലെ ക്ഷീണിച്ചും ക്ഷയിച്ചും പിന്മാറിത്തുടങ്ങിയ പുതിയ നൂറ്റാണ്ടിലാണ് മാധവനും സാറാജോസഫും (ആലാഹഒഴികെ) ബന്യാമിനും മുതൽ അംബികാസുതനും ഖദീജമുംതാസും രാമകൃഷ്ണനും രാജീവനും സന്തോഷ്‌കുമാറും സുഭാഷ്ചന്ദ്രനും സുസ്‌മേഷും മീരയുമൊക്കെ നോവലെഴുതിയതും സമകാല ലോകക്രമത്തിന്റെയും ജീവിതാവസ്ഥകളുടെയും നെടുമ്പാതയോരങ്ങളിൽ വായനയുടെ വഴിവിളക്കുകൾ സ്ഥാപിച്ചതും. വിജയൻ-ആനന്ദ്-മുകുന്ദൻ തലമുറയിൽനിന്ന് നാലാമതൊരാൾ ഇക്കാലത്ത് മലയാളിയുടെ നോവൽവായനയെ മുൻപോട്ടുകൊണ്ടുപോയില്ല. വിജയൻതന്നെയും എഴുത്തിൽനിന്നു പിന്മാറി. മുൻതലമുറക്കാരിൽ നിന്നുളള പാറപ്പുറത്തും സുരേന്ദ്രനും വിലാസിനിയും മറ്റുമുണ്ടാക്കിയ ചലനത്തിനപ്പുറമൊന്നും തകഴിതലമുറയിൽ നിന്നുളളവർ (ബഷീറൊഴികെ) സൃഷ്ടിച്ചില്ല – ഉറൂബ് പോലും. എം.ടി, മധ്യവർഗത്തിന്റെ മുട്ടത്തുവർക്കിയായി വിരാജിച്ചു, ഏറെക്കാലം. 70-80 കാലത്ത് നോവലിൽ കടന്നു വന്നവരിൽ മിക്കവരും അങ്ങേയറ്റം അക്കാദമികരും ബുദ്ധിജീവികളുമായി സ്വയം കെട്ടടങ്ങി. ജനപ്രിയവാരികകളിൽ മാത്യുമറ്റമുൾപ്പെടെയുളളവർ മുട്ടത്തുവർക്കിക്കു സൃഷ്ടിച്ചു നൽകിയ ഒന്നാംതരം പിന്മുറ ജോയ്‌സിയുൾപ്പെടെയുളളവർ മാത്യുമറ്റത്തിനും കൂട്ടർക്കും തിരിച്ചുനൽകിയത് വായനയിൽ മാത്രമായിരുന്നില്ല – ടെലിവിഷൻ പരമ്പരയിൽ കൂടിയായിരുന്നു. ആധുനികതാവാദത്തിന്റെ തുടക്കക്കാർക്ക്, അവർക്കൊപ്പമെത്തുന്ന പിൻഗാമികൾ മലയാളത്തിൽ ഉണ്ടായതേയില്ല എന്നു ചുരുക്കം. അതുകൊണ്ടുതന്നെ 60 കളിലെ പല കൃതികൾക്കുമാണ് 90കളിൽ വായനക്കാർക്കിടയിൽ സ്വീകാര്യത ലഭിച്ചത്. ഒപ്പം 90 കളുടെ രണ്ടാംപകുതിയിൽ എഴുതപ്പെട്ടപുതിയ ചില രചനകൾക്കും. 1960കളിൽ പുറത്തുവന്ന ചില കൃതികൾക്കു തുല്യമോ സമീപമെത്തുന്നതോ ആയ സാഹിതീയ പരിഗണനകളും ഭാവുകത്വമൂല്യങ്ങളും 70കളിലും 80കളിലും 90കളുടെ ആദ്യപകുതിയിലുമെഴുതപ്പെട്ടചുരുക്കം ചില കൃതികൾക്കു മാത്രമേ കല്പിക്കപ്പെട്ടിട്ടുളളു. മരണം ദുർബ്ബലം, ഒരു ദേശത്തിന്റെ കഥ, യന്ത്രം, സ്മാരകശിലകൾ, ഇനി ഞാൻ ഉറങ്ങട്ടെ, അഗ്നിസാക്ഷി, പ്രകൃതിനിയമം, ആയുസ്സിന്റെ പുസ്തകം…. എിങ്ങനെ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് പൊതുവെ മലയാളനോവലിൽ ഭാവുകത്വപരമായ ഒരു കുതിപ്പുണ്ടാകുതും തീർത്തും ഭിന്നമായ സാംസ്‌കാരിക സ്വഭാവങ്ങളോടെ ആ ഗണം വായനക്കാരെ നേടുന്നതും. കുറഞ്ഞപക്ഷം തൊണ്ണൂറുകളുടെ രണ്ടാംപകുതിതൊട്ടെങ്കിലും ഇതു ശരിയാണ്. മറ്റു സാഹിത്യശാഖകളിലെന്നപോലെ നോവലിലും ആധുനികതാവാദം ജനരഹിതമായ ദന്തഗോപുരങ്ങൾക്കാണു രൂപംകൊടുത്തതെന്നു പറഞ്ഞ് ഈ വിഷയം കയ്യൊഴിയുന്നതിൽ അർത്ഥമില്ല. മറുവശത്ത്, ജനപ്രിയവാരികകളിലൂടെയും വായനശാലകളിലെ ഉയർന്ന അംഗത്വത്തിലൂടെയും ഒരുവിഭാഗം മലയാളനോവൽ അതിന്റെ എക്കാലത്തെയും വലിയ വായനാവിപണി സ്വന്തമാക്കുമ്പോൾ തന്നെയാണ് ഈ വരേണ്യവൽക്കരണം അതിന്റെ പാരമ്യത്തിലെത്തുന്നത്  എന്നും കാണണം. ഈ പ്രവണതക്കുണ്ടായ ഒരു ദിശാവ്യതിയാനം കൂടിയാണ് ആധുനികാനന്തരം സംഭവിച്ചത്.

          മൂന്നാമത്തെ തലം, പ്രസാധകരും നോവലും തമ്മിലുണ്ടായ അലിഖിതമായ ഒരുടമ്പടിയാണ്. അഥവാ വിപണിയുടെ ആവശ്യം പരിഗണിച്ച് പ്രസാധകർ നോവലിന്റെ ഉല്പാദനത്തിൽ പ്രകടിപ്പിച്ച താൽപ്പര്യമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ പ്രസാധകർ സൃഷ്ടിച്ചതാണ് നോവൽ എന്ന സാഹിത്യരൂപംതന്നെ (അലൻഡോണിയുടെ നിരീക്ഷണം). മലയാളത്തിൽ ഈയവസ്ഥ ഏറ്റവും നഗ്നമായി പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്. പാലിന്റെ ഡിമാൻഡ്‌ പോലെയാണ് നോവലിന്റെയും കേരളത്തിലെ ഡിമാൻഡ്. ആഭ്യന്തര ഉല്പാദനം ആവശ്യത്തിനു തികയാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നും ഏതുരൂപത്തിലും ഗുണനിലവാരത്തിലുമുളള പാൽ ഇറക്കുമതിചെയ്ത് കാര്യം നടത്തുന്നൂ, മലയാളി. നോവലും ഇങ്ങനെയാണ്. വായനശാലകൾ വഴി വായനക്കാരിലെത്തുന്ന ഏക സാഹിത്യരൂപമെന്ന നിലയിൽ, ആയിരക്കണക്കിനു വായനശാലകൾക്ക് വർഷംതോറും വാങ്ങാനുളള നൂറുകണക്കിനു നോവലുകളുടെ ഉല്പാദനം ഇനിയും തൃപ്തികരമായി നടത്താൻ പ്രസാധകർക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഏതു മലയാളപ്രസാധകരെയും നിങ്ങൾ ഒരു നോവലുമായി സമീപിച്ചാൽ, അത് പ്രസിദ്ധീകരിക്കപ്പെടുന്ന കാലമാണിത്. ഇതര പരമ്പരാഗത സാഹിത്യരൂപങ്ങൾ പുസ്തകവിപണിയിൽ നേരിടുന്ന പ്രതിസന്ധി നോവലിനില്ല. മലയാളത്തിൽ നോവൽ ഇതര സാഹിത്യരൂപങ്ങളെ പിന്തളളി മുന്നേറുന്ന പ്രവണത കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിൽ കുത്തനെ ഉയരുന്ന ഒരു ഗ്രാഫാണ്  എന്ന് കണക്കുകൾ തെളിയിക്കുന്നു. വായനശാലകളിലെ രീതിയും സൂചിപ്പിച്ചു. ഇവയെ പൂരിപ്പിക്കുന്നതും, ഇവ പൂരിപ്പിക്കുന്നതുമായ ഘടകം തന്നെയാണ് പ്രസാധകരുടെ നോവൽപ്രേമം.

          അരുന്ധതിറോയിയുടെ ഗോഡ് ഓഫ് സ്‌മോൾതിങ്‌സ് ഒന്നാം പതിപ്പുതന്നെ ഇരുപത്തയ്യായിരം കോപ്പി അച്ചടിച്ചതും (ഇ-ബുക്ക് പുറമെയും) പൗലോ കൊയ്‌ലോയുടെ നോവലുകൾ ഒരു ദശകത്തിനുളളിൽ ഒരു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞതും കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. മലയാളനോവലിൽ ഇത്തരം പ്രതിഭാസങ്ങൾ ഇനിയും സംഭവിച്ചുതുടങ്ങിയിട്ടില്ല. സങ്കീർത്തനവും ആടുജീവിതവും മറ്റും സൃഷ്ടിക്കുന്ന വില്പന കൗതുകകരമാണെന്നു മാത്രം.

(ഷെർലക്‌ഹോംസിനും അഗതാക്രിസ്റ്റിക്കും പിന്നാലെ സ്റ്റീഫൻകിംഗും ഡാനിയൽ സ്റ്റീലും ജെ.കെ. റൗളിംഗും സൃഷ്ടിച്ചതു പോലുളള യഥാർത്ഥ ജനപ്രിയനോവൽ വിപ്ലവം ചേതൻ ഭഗതിനെപ്പോലുളളവർക്കു മാത്രം അവകാശപ്പെട്ടതാണ്. അതെക്കുറിച്ചല്ല നമ്മുടെ ചർച്ച.)

          കേരളത്തിലുടനീളമുളള നാനാതരം വായനശാലകൾക്കും ഒരുനിര പുസ്തക ഉപഭോക്താക്കൾക്കും വേണ്ട ഏക സാഹിത്യരൂപം നോവലാണ് എന്ന സ്ഥിതി ബലപ്പെട്ടതോടെ ചെറുതും വലുതുമായ പ്രസാധകർ നോവലിന്റെ പ്രസിദ്ധീകരണത്തിൽ (മലയാളവും വിവർത്തനവും) കാണിക്കുന്ന താൽപര്യം വിസ്മയകരമാണ്. തുല്യ അളവിൽ പരിഹാസ്യവും. ഡി.സി. ബുക്‌സ് പഴയ കൃതികളുടെ പുനഃപ്രസിദ്ധീകരണം നടപ്പാക്കിയ നോവൽ കാർണിവൽമുതൽ നൂറ് എഴുത്തുകാർക്ക് കരാർ നൽകി രണ്ടുമാസംകൊണ്ട് നോവലെഴുതിച്ച കഴിഞ്ഞവർഷത്തെ പദ്ധതിവരെ ഉദാഹരണം. ലോകക്ലാസിക്കുകളായ നൂറുനോവലുകൾ ഇതേ പ്രസാധകർ ഗുളികപ്പരുവത്തിൽ പുറത്തിറക്കിയതും ഇതേകാലത്താണ് (നോവൽ വിവർത്തനത്തിന്റെ കദനകഥ ഈ പഠനപരമ്പരയിൽ ഒരു പ്രത്യേക അധ്യായംതന്നെ ആയതിനാൽ ഇവിടെ വിവരിക്കുന്നില്ല). മേല്പറഞ്ഞ വാണിജ്യതന്ത്രങ്ങളൊന്നുംതന്നെ മലയാളനോവലിൽ ഭാവുകത്വപരമായി യാതൊരു പുതുവഴിയും വെട്ടിത്തുറന്നില്ലെങ്കിലും സാഹിത്യവിപണിയിലെ നോവൽസാന്നിധ്യം സമ്പന്നമായി തുടരുകതന്നെയാണ്. എഴുത്തച്ഛനും (രാമായണമാസത്തിൽ) ഒ.എൻ.വിയും സുഗതകുമാരിയുമൊഴികെയുളള കവികളും മുഴുവൻ നാടകകൃത്തുക്കളും ഏതാണ്ടു മുഴുവൻ കഥാകൃത്തുക്കളും സാഹിത്യവിപണിയിലെ ദലിതരായി മാറിയപ്പോൾ നോവലിസ്റ്റുകൾ ബ്രാഹ്മണരായിത്തന്നെ തുടരുന്നു. തത്തുല്യപദവി മലയാളത്തിൽ ഇപ്പോഴുളളത് ലൈംഗികത, ആത്മീയത, കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ കുമ്പസാരങ്ങളായി തുറന്നഅനുഭവമെഴുതാൻ തയ്യാറുളള പാർശ്വവൽകൃതർക്കുമാത്രമാണ്.

          നോവൽ വീണ്ടും മരിക്കുകയാണ് എന്ന് വിൽ സെൽഫിനെപ്പോലുളളവർ (Will Self) വിലപിക്കുമ്പോഴും മലയാളത്തിൽ പരമ്പരാഗതസാഹിത്യത്തിന്റെ ഏക അവശിഷ്ടരൂപമെന്ന നിലയിൽ നോവൽ ജനപ്രിയമായി തുടരുകതന്നെയാണ് എന്നു ചുരുക്കം.

 

Comments

comments