സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ മലയിറങ്ങി തിരുവനന്തപുരത്തു വന്ന് സെക്രട്ടേറിയറ്റിനു മുമ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. ഒരു പുതിയ ആവശ്യവും ജാനുവിന്റെ ആദിവാസി ഗോത്ര മഹാസഭ ഉന്നയിച്ചിട്ടില്ല. നേരത്തെ ചെയ്ത വാഗ്ദാനങ്ങൾ പാലിക്കണമെന്നു മാത്രമാണ്അവർ ആവശ്യപ്പെടുന്നത്. അതിവേഗം ബഹുദൂരം പോകുന്നെന്നവകാശപ്പെടുന്ന സർക്കാർ ഇഴഞ്ഞു നീങ്ങുന്ന കാഴ്ച അവർ നോക്കി നിൽക്കുകയാണ്. മൂന്നു തവണ സർക്കാർ ജാനുവും എം. ഗീതാനന്ദനുമായി സംഭാഷണം നടത്തി. നിൽപ്പുസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തിരുവനന്തപുരത്തു വന്ന സാറാ ജോസഫും കെ.അജിതയും ഒരവസരത്തിൽ സംഭാഷണത്തിൽ പങ്കെടുത്തു. മൂന്നു തവണയും സർക്കാർ പറഞ്ഞത് ആദിവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അത് പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്നതു കൊണ്ട് സമരം നിർത്തി കാത്തിരിക്കണമെന്നുമാണ്. മൂന്നു തവണയും ഗോത്ര മഹാസഭ ആ നിർദ്ദേശംനിരസിച്ചു. ഒന്നിലധികം തവണ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സമരം നിർത്തിയരാണവർ. അവർക്ക് വേണ്ടത് മറ്റൊരു വാഗ്ദാനമല്ല, കൃത്യമായ നടപടിയാണ്.
രാഷ്ട്രീയ കേരളം സമരത്തെ അവഗണിച്ചു. മാദ്ധ്യമങ്ങളും തണുത്ത സമീപനം സ്വീകരിച്ചു. ദിവസവും വലുതും ചെറുതുമായ പലതരം സമരങ്ങൾ കാണുന്ന തലസ്ഥാനനഗരിയിലെ ജനങ്ങളും നിൽപ്പു സമരത്തിൽ ആദ്യം വലിയ താല്പര്യമെടുത്തില്ല. എന്നാൽ ക്ഷമയോടെ, സമാധാനപരമായി നിൽക്കുന്ന ആദിവാസികൾ ക്രമേണ അവരെ സ്വാധീനിക്കാൻ തുടങ്ങി. പ്രശസ്തരും അല്ലാത്തവരും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തി. കേരള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ സമരപ്പന്തലിൽ വന്നു. കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തും പലയിടങ്ങളിലും ഐക്യദാർഢ്യ പ്രകടനങ്ങളുണ്ടായി. ഗൾഫ് രാജ്യങ്ങളിലും ആസ്ത്രേലിയയിലും മലയാളികൾ നിന്നു.
സർക്കാരിന്റെ സമീപനത്തിൽ ആത്മാർത്ഥതയില്ലെന്ന് കാണാൻ പ്രയാസമില്ല. സമരനേതാക്കളുമായി നടത്തിയ ആദ്യ സംഭാഷണത്തിനും അവസാന സംഭാഷണത്തിനും ഇടയ്ക്ക് രണ്ടാഴ്ച കടന്നുപോയി. രണ്ടവസരങ്ങളിലും നടപടികൾ പൂർത്തിയാക്കാൻ മൂന്നു മാസം വേണമെന്നാണ് സർക്കാർ പറഞ്ഞത്. നടപടികൾ പൂർത്തിയാക്കാനാവശ്യമായ സമയം ചുരുങ്ങാത്തതിൽ നിന്ന് മനസിലാക്കേണ്ടത് ആ പ്രക്രിയ മുന്നോട്ടു പോകുന്നില്ലെന്നാണ്. ഭരണമുന്നണിയും പ്രതിപക്ഷവും വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്. ഇരുഭാഗത്തുനിന്നുമുള്ള ചില നേതാക്കൾ സമരപ്പന്തലിലെത്തി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിനുമേൽ പ്രശ്നപരിഹാരത്തിനു അവർ സമ്മർദ്ദം ചെലുത്തുന്നില്ല.
സർക്കാർ വാഗ്ദാനം ചെയ്തതും നടപ്പാക്കാൻ മടിക്കുന്നതുമായ നടപടികളിലൊന്ന് ആദിവാസി ഗ്രാമങ്ങളുടെ സ്വയംഭരണാവകാശം സംബന്ധിച്ചതാണ്. ആദിവാസികൾ അധിവസിക്കുന്ന മേഖലകൾ പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഭരണഘടന നിലവിൽ വന്ന സമയത്തു തന്നെ പല സംസ്ഥാനങ്ങളും അതിൻപ്രകാരം നടപടി എടുക്കുകയും ചെയ്തു. കേരളം അതു ചെയ്തിരുന്നെങ്കിൽ ആദിവാസിഭൂമി അന്യാധീനപ്പെടുന്നത് തടയാനാകുമായിരുന്നു. രാജീവ് ഗാന്ധി കൊണ്ടു വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംബന്ധിച്ച നിയമവും ആദിവാസിപ്രദേശങ്ങളിൽ പ്രത്യേക പഞ്ചായത്ത് സംവിധാനം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥചെയ്തിട്ടുണ്ട്. ആ നിയമം പ്രയോഗപഥത്തിൽ കൊണ്ടുവരാൻ സർക്കാർ മടിക്കുന്നത് തുടർന്നും കയ്യേറ്റം നടത്താൻ സാഹചര്യമൊരുക്കുകയാണ്. ആദിവാസികൾക്ക് വിതരണം ചെയ്യാൻ ഭൂമി കണ്ടെത്തുക എളുപ്പമല്ലെന്ന് സർക്കാർ പറയുന്നു. ആദിവാസി നേതാക്കൾ എളുപ്പത്തിൽ ഏറ്റെടുത്തു വിതരണം ചെയ്യാവുന്ന ഭൂമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ ഭൂമി മറ്റ് ആളുകൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതു കൊണ്ടാണ് സർക്കാർ അത് അവർക്ക് നൽകാത്തത്. നിൽപ്പു സമരം മലയാളി മന:സാക്ഷിയെ ഉണർത്തിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണം.
Be the first to write a comment.