സി.കെ ജാനുവും എം ഗീതാനന്ദനും നയിക്കുന്ന ആദിവാസി ഗോത്രമഹസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ  നടത്തുന്ന നിൽപ്പുസമരം മൂന്നുമാസംപിന്നിടുകയാണു. സ്വന്തം ഇടങ്ങളിൽ നിന്നും ജീവിത്തിൽ നിന്നുതന്നെയും പറിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ആദിമജനത കേരളീയവബോധത്തിന്റെ അതിരുകളിൽ നിരന്തര വാഗ്ദാനലംഘനങ്ങളുടെ പൊള്ളലേറ്റ്, അവഗണിക്കപ്പെട്ട്, അപമാനിക്കപ്പെട്ട്, അശരണരായി അലയാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങാളായിയെന്നു നമുക്കറിയാം. അവരുടെ അവശ്യം ഭരിക്കുന്ന തമ്പ്രാക്കൾ നൽകിയ വാഗദാനങ്ങൾ പാലിക്കുക എന്നതു മാത്രമാണ്. അവർ ഉമ്മൻ ചാണ്ടി രാജാവിന്റെ കേവലപ്രജകളല്ല, ഒരു ഒട്ടോണമസ് സമൂഹമായി സ്വന്തം സംസ്കാരവും ഭാഷയും ജീവിതരീതിയും നിലനിർത്തിക്കൊണ്ടു ജീവിക്കാൻ ഭരണഘടനാപരമായി അവകാശമുള്ളവരാണ്. ഇന്ത്യൻ ഭരണഘടനയുടെ അർട്ടിക്കിൾ 224ന്റെ ഷെഡ്യുൾ 5 അനുസരിച്ച് ആദിവാസി ഊരുകളും പുനരധിവാസപ്രദേശങ്ങളും ഗോത്രമേഖലകളായി പ്രഖ്യപിക്കുകയെന്നതാണ് അവരുടെ ഒന്നാമത്തെ ലക്ഷ്യം. റിസോർട്ടുമാഫിയകളും ക്വാറിമാഫിയകളും പശ്ചിമഘട്ടത്തിന്റെ കരൾ കാർന്നു തുടങ്ങുന്നതിനും മുൻപ്, 1964 മുതൽ അത് നാം ചർച്ച ചെയ്യതു തുടങ്ങിയതാണ്. 2003-ലെ ഒത്തു തീർപ്പു വ്യവസ്ഥയനുസരിച്ച് അന്റണി സർക്കാർ ഉറപ്പുകൊടുത്തതുമാണ്.

ഒരു ജനതയെന്ന നിലയിൽ എത്ര ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായാണു കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ ദളിത്/ആദിവാസി സമരങ്ങളെ നേരിടുന്നതയെന്ന് നമുക്കറിയാം. കേരളീയബുദ്ധിജീവിതം അവരുടെ വരേണ്യചർച്ചകൾക്കുള്ള അസംസ്കൃതവസ്തുക്കൾ മാത്രമായാണു പലപ്പോഴും ആദിവാസിപ്രശ്നങ്ങളെ കണ്ടിട്ടുള്ളത്. 70കളിലും 80-കളിലും കേരളത്തിലങ്ങോമിങ്ങോളം കുറത്തിയുംകട്ടാളനും അലറിപ്പാടി കേരളം വിറപ്പിച്ച കടമ്മനിട്ടക്കവിപോലും എം.എൽ.എആയി പണ്ടാരമടങ്ങിയപ്പോൾ ആദിവാസികളുടെ അവകാശങ്ങൾക്കെതിരെ നിമയസഭയിൽ വോട്ടുചെയ്തത് നമുക്കറിയാം. നിരന്തരമായ ചൂഷണങ്ങൾക്കും മനുഷ്യവകാശലംഘനങ്ങൾക്കും വിധേയരായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ആദിവാസികളുടെ പരാതികളോട് മുഖം തിരിക്കാൻ നമുക്കെങ്ങനെ കഴിയുന്നു? ലോകത്താകമാനുമുള്ള ആദിമജനതകളുടെ സ്വയംനിർണ്ണയവകാശവും  കൾച്ചറൽ ഒട്ടോണമിറ്റി യും ഉറപ്പാക്കുന്ന ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ ഒപ്പുവച്ച ഒരു രാഷ്ട്രത്തിലെ ജനതയെന്ന നിലയിൽ നാം അവരോട് കാണിക്കുന്ന അനീതി എന്തുകൊണ്ട് നമുക്ക് അനീതിയായി തോന്നുന്നില്ല? അതിനു കാരണം കേരളത്തിലെ ആദിവസികൾ സംസ്കൃത കേരളത്തിന്റ ആഭ്യന്തര കോളോണീകരണത്തിന്റെ ഇരകളാണു എന്നുള്ളതാണ്.

അന്യാധീനപ്പെട്ട ആദിവസിഭൂമി എവിടെപ്പോയെന്നു കണ്ടുപിടിക്കാൻ പാഴൂർ പണിക്കരെ കണ്ട് കവടി നിരത്തേണ്ട കാര്യമൊന്നുമില്ല. ഇന്ന് കേരളഭരണം താങ്ങി നിർത്തുന്ന രാഷ്ട്രീയക്കാരും അവരുടെ ഉപകർത്താക്കളും കേരളത്തിലെആദിവാസി ഡിസ്പ്ലെയ്സ്മെന്റിന്റെസത്ഫലം അനുഭവിക്കുന്നവരാണ്. വയനാട്ടിലേക്കും ഇടുക്കിയുടെ ഹൈറേഞ്ജസിലേക്കും സംസ്കൃതകേരളം നടത്തിയ അധിനിവേശത്തിന്റെ ഇരകളാണു കേരളത്തിലെ ഭൂരഹിതരായ ആദിവാസികൾ..  ആദിവാസികളോടുള്ള മുഖ്യ ധാര കേരളീയന്റെ മനോഭാവം  കൊളോണിയൽ കാലത്തെ യൂറോപ്യന്മാരുടെ നേറ്റീവ്സി നോടുള്ള  രക്ഷാകർതൃഭാവം തന്നെയാണ്.  അതുകൊണ്ടുതന്നെയാണ് അവരുടെ ആദിവാസി ക്ഷേമ  പ്രവർത്തനങ്ങളെല്ലാം തന്നെ കൊളോണിയൽ യജമാനന്റെ സിവിലൈസേഷൻ മിഷന്റെ അപഹാസ്യമായ മിമിക്രി ആകുന്നതും.

കേരളത്തിലെ ആദിവസികളുടെ ആവശ്യങ്ങൾക്കു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന ഇടതു വലതു സർക്കാരുകളുടെ കാപട്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിലവിലുള്ള ആദിവസി ഊരുകളും പുതിതായി പതിച്ചു നൽകുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തി അവയെ ഷെഡ്യുൾ ഏരിയ ആയി പ്രഖ്യപിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഉടൻ തയ്യറാകണം. ആദിവാസി ഗോത്രമഹാസഭയുടെ നിലനില്പിനായുള്ള ഈ ഐതിഹാസിക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആഭിവാദനങ്ങളോടെ.

ജയൻ കെ.സി.

Comments

comments