ആവിഷ്കരിക്കാനുള്ള ശ്രമം നവോഥാന കാലഘട്ടങ്ങളില്‍ നടന്നതിന്‍റെ ഫലമായാണ് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ധാരണ നാമിന്നു മനസ്സിലാക്കുന്ന രീതിയിലേക്ക് എത്തപ്പെട്ടത്.
വെറും പാഠപുസ്തക പരിചയം മാത്രമാകുന്നില്ല വിദ്യാഭ്യാസം. അവിടെ കൂട്ടായ ചര്‍ച്ചകളും ചിന്തകളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തുകയും വേണം. സാമൂഹ്യ മേഖലകളിലെ ഇന്നത്തെ ദുരിതങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ മാത്രമല്ല എല്ലാ വിധ സ്നേഹബന്ധങ്ങളെയും വളരെ ആഴത്തില്‍ തന്നെ പ്രഹരിച്ചുതുടങ്ങിയിട്ടുണ്ട്. സാമൂഹ്യമായ ഈ പിരിമുറുക്കങ്ങള്‍ മൂലം കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവയെല്ലാം തന്നെ വളരെ എളുപ്പത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ മാനസികമായ വിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. കുട്ടികളുടെ മാനസികാവസ്ഥയെ അവയെല്ലാം സ്വാധീനിക്കുകയും അവരുടെ ചിന്താശേഷിയേയും പഠനത്തിലുള്ള ശ്രദ്ധയെയും അവ തളര്‍ത്തുകയും ചെയ്യുന്നു. അപ്പോള്‍ വിദ്യാഭ്യാസം എന്നത് സ്കൂളുകളെയും അദ്ധ്യാപകരേയും പുസ്തകങ്ങളെയും മാത്രം ആശ്രയിച്ചല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
വിദ്യാഭ്യാസ മേഖലകള്‍ ഒരിക്കലും മതത്തിന്റെയോ ജാതിയുടെയോ പ്രാദേശിക വ്യത്യാസങ്ങളിലോ വിഭജിക്കാനുള്ളതല്ല. ഈ തരത്തില്‍ ഏറ്റവും കൂടുതല്‍ വിഭജനം ഒരു പക്ഷെ സംഭവിച്ചിരിക്കുക ഇന്ത്യയില്‍ ആയിരിക്കാം. അവ ജാതിയുടെയും മതത്തിന്റെയും പേരിലും അവയിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങളുടെയും കീഴില്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞു. അറിവിന്റെ മേഖലകള്‍ എല്ലാം തന്നെ ഒരേ സന്ദേശങ്ങൾ ആണ് നല്‍കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഈ തരത്തില്‍ വിഭജനം നമ്മള്‍ അനുവദിച്ചു കൊടുത്തത്? അതോടെ വിദ്യാഭ്യാസ മേഖല പൊതുമേഖലയില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്നും യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഓരോ വര്‍ഷവും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിഭജിച്ചു നല്‍കുന്നതിലാണ് ഓരോ സര്‍ക്കാരും മുതിരുന്നത്. എന്തിനാണ് വിദ്യാഭ്യാസ മേഖലയെ തിരഞ്ഞുപിടിച്ച് ഈ വിധം ആക്രമിക്കപ്പെടുന്നത്? പഠിപ്പിക്കുന്നത് വ്യാകരണവും ഗണിതവും സയന്‍സും ആണെങ്കില്‍ അതിനൊരു നിയമവും നിബന്ധനകളും ഉണ്ട്. പക്ഷെ അവയെല്ലാം പഠിപ്പിക്കുന്നതിന് എന്തിനു ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഈ കച്ചവട പങ്കിടല്‍?
ലൈംഗിക വിദ്യാഭ്യാസം എന്നൊരു രീതി ഇന്ന് വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ചാവിഷയമാണ്. അത്തരം ഒരു ചിന്താഗതിയുടെ ഉത്ഭവം നടന്നത് ഏറ്റവും മലീമസമായ വ്യക്തിബന്ധങ്ങളും മൂല്ല്യച്യുതികളും സംഭവിക്കുകയും യാതൊരുവിധ സാമൂഹ്യ വീക്ഷണവും ഉത്തരവാദിത്വബോധവും ഇല്ലാതെ വളര്‍ന്നുവന്ന ഒരു സമൂഹത്തില്‍ നിന്നുമാണ്. തലതിരിഞ്ഞ വ്യക്തി സ്വാതന്ത്ര്യ മുറവിളികളുടെ മുദ്രാവാക്യങ്ങള്‍ ഉയരുകയും കൊച്ചു കുട്ടികള്‍ പോലും അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു ഗര്‍ഭം ധരിക്കുകയും ലൈംഗിക രോഗങ്ങള്‍ പരത്തുകയും ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായി തീരുകയും സമൂഹത്തിനു തന്നെ ഒരു ശാപമായും ഭാരമായും തീരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്ത യൂറോപ്പിലെയും അമേരിക്കയിലേയും ഒരു സാമൂഹ്യ പാശ്ചാത്തലത്തില്‍ നിന്നുമാണ് ഈ ആശയം ജന്മം കൊള്ളുന്നത്. ഇത്തരം വഴിപിഴച്ച സഞ്ചാരത്തിനു നിയന്ത്രണം വരുത്താനുള്ള പോംവഴി കണ്ടെത്താന്‍ തുടക്കം കുറിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. അതിന്റെയെല്ലാം ശരിയായ സാമൂഹ്യ സാഹചര്യം എന്തെന്ന് മനസ്സിലാക്കാതെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലമാണ് ഈ ഭവിഷ്യത്തുകള്‍ക്ക് കാരണമെന്ന് കൊട്ടിഘോഷിക്കുന്ന സൈദ്ധാന്തികര്‍ കാര്യകാരണങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. ലൈംഗിക സദാചാരം ഏറ്റവും വഴിപിഴച്ച സാഹചര്യത്തില്‍ വൈകൃതങ്ങള്‍ ചെറിയ കുട്ടികളില്‍ പോലും പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉടലെടുത്തപ്പോള്‍ കാരണങ്ങളുടെ ഉത്ഭവം മനസ്സിലാക്കുവാന്‍ സാധിക്കാതെ എന്തു ചെയ്യണമെന്നറിയാതെയുമുള്ള ഒരു നെട്ടോട്ടം അവരെ ലൈംഗിക വിദ്യാഭ്യാസമാണ് അതിനൊരു പരിഹാരം എന്ന ഒരു തെറ്റായ നിഗമനത്തിലേക്ക് എത്തിച്ചു. ലൈംഗിക ചിന്തകളുടെയും ലഹരികളുടെയും വ്യക്തി സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വികല ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട ഒരു സമൂഹത്തില്‍ വളരുന്ന ഇളം പ്രായക്കാര്‍ അത്തരം സ്വഭാവങ്ങള്‍ക്ക് അടിമകളായി തീരും എന്നതില്‍ സംശയം വേണ്ട. അതുമൂലം ഉണ്ടാകുന്ന മാരകമായ അപകടങ്ങളുടെ നിയന്ത്രണത്തിനു പരിഹാരമാർഗ്ഗമായി കൊച്ചുകുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്.
അതായത് രോഗം പിടിപെട്ടാൽ മാത്രമേ പരിഹാരത്തിനുള്ള മരുന്ന് നല്‍കേണ്ടതുള്ളൂ എന്നര്‍ത്ഥം.
ലൈംഗികത = സ്നേഹം, വിശ്വാസം, പരിചരണം. കൂടാതെ ഒരു കുടുംബം നിലനിര്‍ത്താനുള്ള പരസ്പരാശ്രിതത്വവും കുടുംബ ജീവിതത്തിന്‍റെ ഭദ്രതയുമായും കണ്ടുകൊണ്ടുവേണം ലൈംഗികതയെ വിലയിരുത്താന്‍. ഈ സമവാക്യം സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെടുത്തി സമഗ്രമായ കാഴ്ചപ്പാട് ഓരോ വ്യക്തിക്കും വന്നു ചേരണം. സാമൂഹ്യ സുരക്ഷിതത്വം തുലോം പരിമിതമായ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ലൈംഗികതക്ക് ഈ സമവാക്യത്തിന്‍റെ ധർമ്മം പൂര്‍ത്തീകരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ ജീവിതവും ജീവിതത്തിലെ തന്നെ നാനാവശങ്ങളും കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന പ്രായത്തില്‍ മാത്രമേ സാമൂഹ്യമായ അര്‍ത്ഥത്തിൽ ലൈംഗികതയുടെ ഉദ്ദേശശുദ്ധി മനസ്സിലക്കികൊണ്ടുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യം ഉണ്ടാകാവൂ. വ്യക്തിത്വത്തിനും ജീവിത മൂല്യങ്ങള്‍ക്കും സാമൂഹ്യ മൂല്യങ്ങള്‍ക്കും സ്ഥാനമില്ലാത്ത ഇന്നത്തെ വികലമായ സാമൂഹ്യ സാഹചര്യത്തില്‍ ലൈംഗികത ഒരു ചൂഷണമാര്‍ഗ്ഗമായി അധഃപ്പതിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ് മാത്രവുമല്ല അവിടെ സ്നേഹവും വിശ്വാസവും പരിചരണവും സുരക്ഷിതത്വവും മാനുഷിക പരിഗണനയും മനസ്സിലാക്കലും ഇല്ലാതായാൽ ലൈംഗികത ഒരു ശാപവും വിരസത ഉളവാക്കുന്നതും വെറുപ്പും വിദ്വേഷവും സൃഷ്ട്ടിക്കുന്നതുമായ വികാരമായി മാറുകയും ചെയ്യും. അങ്ങിനെ വന്നാല്‍ വ്യക്തിയുടെ ജീവിതവും വ്യക്തിത്വവും ചുറ്റുപാടുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു പോവുകയും സാമൂഹ്യമായ യാതൊരു വിധ പങ്കാളിത്തവും ആ വ്യക്തിയില്‍ നിന്ന് ഇല്ലാതാവുകയും ചെയ്യും.
ശാസ്ത്രീയ വിഷയങ്ങളിലെ അശാസ്ത്രീയ വീക്ഷണങ്ങള്‍
എന്തുകൊണ്ടാണ് ശാസ്ത്രത്തോട് ഇത്രയും അവജ്ഞ തോന്നി തുടങ്ങിയത്? അതിനു പ്രത്യേക ലക്ഷ്യങ്ങളും കാരണങ്ങളും കൃത്യമായി കാണുവാന്‍ സാധിക്കും. മുഖ്യമായും അവ വിശ്വാസങ്ങളെ എതിര്‍ക്കുന്നു എന്നതല്ല. മറിച്ച് ശാസ്ത്രം ഒരു വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കുന്നില്ല. ശാസ്ത്രം അതിന്റെ അറിവുകളും നേട്ടങ്ങളുമായി അതിന്‍റെ മുന്നോട്ടുള്ള യാത്ര തുടരുന്നു. പക്ഷെ വിശ്വാസങ്ങളില്‍ നിമഗ്നരായി ജീവിതചര്യകള്‍ കെട്ടിപ്പടുത്തവര്‍ക്ക് ശാസ്ത്രീയ വിഷയങ്ങള്‍ പുറത്തു കൊണ്ടുവരുന്ന പുതിയ അറിവുകളുമായി യോജിച്ചു പോകാന്‍ സാധിക്കാതെയാകുന്നു. അവ അവരുടെ വിശ്വാസങ്ങളെ ധ്വംസിക്കുന്നതായി കണ്ടെത്തുന്നു. ചരിത്രത്തില്‍ എന്നും അങ്ങിനെയാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാമത് മുഖ്യമായ കാരണം എന്തെന്നാല്‍, ഇന്നത്തെ ഉത്പാദന വ്യവസ്ഥയിലെ ചൂഷണതാല്‍പര്യത്തിന്റെ മേല്‍കോയ്മ ശാസ്ത്രീയ വിഷയങ്ങളെയും അതില്‍ നിന്ന് പുറത്തുവന്ന അറിവുകളെയും ഉപയോഗിച്ചുകൊണ്ട് അവരുടെ ഉത്പാദനത്തെയും വിതരണ രീതികളെയും മാത്രമേ മെച്ചപ്പെടുത്തുന്നുള്ളൂ. ശാസ്ത്രം ജനകീയമാക്കി മാറ്റുവാന്‍ അതുകൊണ്ട് തന്നെ സാധിക്കാതായി. അതായത് ശാസ്ത്രത്തിന്റെ നേട്ടങ്ങളും അതുകൊണ്ടുള്ള സൌകര്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നില്ല. വെറും ലാഭം മാത്രം കണ്ടുകൊണ്ടുള്ള ഉത്പാദന വ്യവസ്ഥ പരിസ്ഥിതിയെയും സാമൂഹ്യ ജീവിതത്തെയും വ്യക്തിജീവിതത്തെയും നശിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഈയൊരു അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ശാസ്ത്രീയമായ അറിവുകളാണ് അഥവാ ശാസ്ത്രമാണ് എല്ലാ സാമൂഹ്യ വ്യാധികള്‍ക്കും ജീവിത ദുരിതങ്ങള്‍ക്കും കാരണം എന്ന് മേല്പറഞ്ഞ, ശാസ്ത്രീയമായ അറിവുകളോട് യോജിപ്പില്ലാത്ത വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം അധിഷ്ഠിതമായി ജീവിതവും സാമൂഹ്യ നീക്കങ്ങളും കാണുന്നവര്‍ വ്യാധികളുടെ കാര്യകാരണങ്ങളും അവയുടെ നിജസ്ഥിതിയും മനസ്സിലാക്കുവാന്‍ സാധിക്കാതെ നഖശിഖാന്തം എതിര്‍ത്തു തോല്‍പ്പിക്കുവാൻ തയ്യാറെടുക്കുന്നു. സമൂഹത്തിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന ഇത്തരം നാശങ്ങള്‍ക്ക് ശാസ്ത്രം യാതൊരു തരത്തിലും ഉത്തരവാദിയല്ല. ശാസ്ത്രത്തെ ഇത്തരം രണ്ടു സമീപനങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ജനകീയമാക്കേണ്ടതും ഇന്ന് ഏറ്റവും മുഖ്യമായ ആവശ്യമായി തീര്‍ന്നിരിക്കുന്നു. ശാസ്ത്രം ജന നന്മക്കുവേണ്ടിയുള്ളതാണെന്ന ശാസ്ത്രത്തിന്റെ തന്നെ നൈതികതയെ ജനസമക്ഷം എത്തിക്കുക തന്നെ വേണം.
എല്ലാ വ്യക്തി ബന്ധങ്ങളും മൂല്ല്യബോധങ്ങളും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ തന്നെ വളരെ പൈശാചികമായ രീതിയില്‍ അവന്‍റെ നിത്യജീവിതത്തിന്റെ സര്‍വ്വ മേഖലകളെയും സാമൂഹ്യ ബന്ധങ്ങളെയും അനുനിമിഷം വേട്ടയാടുകയും നരകയാതനകള്‍ സൃഷ്ട്ടിക്കുകയും ചെയ്യപ്പെടുന്നു. കുടുംബബന്ധങ്ങളില്‍ ഗുരുശിഷ്യ ബന്ധങ്ങളില്‍ സുഹൃദ്ബന്ധങ്ങളില്‍ അങ്ങിനെ ജീവിതത്തെ താങ്ങി നിര്‍ത്തുന്ന സകല വൈകാരിക ബന്ധങ്ങളെയും ഇല്ലാതാക്കി മാറ്റി പകരം വെറും പണത്തിന്റെ സ്ഥാനം കൈക്കലാക്കി. അവിടെ ദയ, വാത്സല്ല്യം, സ്നേഹം, കരുണ തുടങ്ങിയ മാനുഷിക വികാരങ്ങള്‍ക്കൊന്നും സ്ഥാനമില്ലാതായി. ഓരോ വ്യക്തിയും ജീവിതത്തില്‍ ഒറ്റപ്പെടുകയും അനാഥരായി മാറുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയാണ് ഇന്ന് എവിടെയും കാണപ്പെടുന്നത്. സാമ്പത്തിക പരാധീനതകളും സാമൂഹ്യ വ്യവസ്ഥകളും മനുഷ്യരെ എല്ലാ വിധ മൂല്യ ബോധങ്ങളില്‍ നിന്നും അകറ്റി മാറ്റി. ദുരിത പൂര്‍ണ്ണമായ ജീവിതം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ട് വരുന്നു. രക്ഷക്കായും സമാധാനപരമായ ജീവിതത്തിനും ശാന്തി തേടിയും മുട്ടി നോക്കാത്ത വാതിലുകൾ ഉണ്ടാവില്ല ഓരോരുത്തരുടെയും ജീവിതത്തില്‍. എവിടെ നിന്നാണ് അല്പം ശാന്തിയും സമാധാനവും ലഭിക്കുകയെന്ന അന്വേഷണം എന്നത്തേക്കാളും വര്‍ദ്ധിച്ചു. എവിടെ നിന്നും ശാന്തി ലഭിക്കാതാകുമ്പോള്‍ അവസാനം ചെന്നെത്തപ്പെടുന്നത് വിശ്വാസങ്ങളുടെ മായാലോകത്തേക്കും ആള്‍ദൈവങ്ങളുടെ പിടിയിലേക്കും ആണ്.
എത്ര സത്യസന്ധമായാണ് മനുഷ്യന്റെ ഇത്തരം അവസ്ഥയെയും വ്യവസ്ഥിതിയും കാറല്‍ മാര്‍ക്സും എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ദശകങ്ങള്‍ക്ക് മുന്‍പുതന്നെ വളരെ ദീര്‍ഘവീക്ഷണത്തോടെ വിവരിച്ചിരിക്കുന്നത് എന്നത് അവര്‍ തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്ന് തന്നെ എടുത്തുദാഹരിക്കാം.
“ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡൽ, പിതൃതന്ത്രാത്മക, അകൃത്രിമ ഗ്രാമീണബന്ധങ്ങൾക്കും അറുതി വരുത്തി. മനുഷ്യനെ അവന്റെ “സ്വാഭാവിക മേലാളന്മാരുമായി” കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു് നിഷ്കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വാർത്ഥമൊഴികെ, ഹൃദയശൂന്യമായ “രൊക്കം പൈസ”യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാർത്ഥമായ വീരശൂര പരാക്രമങ്ങളുടേയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അതു സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു്,മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ – സ്വതന്ത്രവ്യാപാരത്തെ – പ്രതിഷ്ഠിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്നവും നിർലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.
ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടേയും പരിവേഷത്തെ ബൂർഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അതു സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി.
ബൂർഷ്വാസി കുടുംബത്തിന്റെ വൈകാരികമൂടുപടം പിച്ചിച്ചീന്തുകയും കുടുംബബന്ധത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു.
പ്രതിലോമവാദികൾ അത്ര വളരെയേറെ പാടിപ്പുകഴ്ത്താറുള്ള മദ്ധ്യകാലങ്ങളിലെ ഊർജ്ജസ്വലതയുടെ മൃഗീയപ്രകടനങ്ങളുടെ ഉചിതമായ മറുവശം എന്നോണം ഏറ്റവും കർമ്മവിമുഖമായ ആലസ്യം നടമാടാൻ കാരണമെന്താണെന്നു് ബൂർഷ്വാസി വെളിപ്പെടുത്തിയിട്ടുണ്ടു്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു് എന്തെല്ലാം നേടാനാകുമെന്നു് ആദ്യമായി കാണിച്ചതു് ബൂർഷ്വാസിയാണു്. ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജലസംഭരണ -വിതരണപദ്ധതികളേയും ഗോഥിക്ക് ദേവാലയങ്ങളേയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങൾ അതു സാധിച്ചിട്ടുണ്ടു്. പണ്ടത്തെ കുരിശുയുദ്ധങ്ങളേയും ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസികസംരംഭങ്ങൾ അതു നടത്തിയിട്ടുണ്ടു്….”
കേരളമെന്നല്ലഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നവര്‍, ഭാവിശോഭനമാക്കുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ രംഗത്തെഅപ്പാടെ തികച്ചും ജനാധിപത്യപരവും മതേതര സങ്കല്‍പങ്ങളോടുകൂടിയുംശാസ്ത്രീയവും സാമൂഹ്യവുമാക്കി മാറ്റുവാനുള്ള ശ്രമത്തില്‍ അവ തികച്ചുംജനകീയമാക്കി രൂപാന്തരപ്പെടുത്താതെ ഒരു സമഗ്രമായ മാറ്റം സാദ്ധ്യമാകും എന്ന്കരുതരുത്. വരും തലമുറയെ രക്ഷിച്ചെടുക്കാന്‍ അത്തരം ഒരു ശ്രമത്തിലൂടെമാത്രമേ സാധിക്കൂ.
Be the first to write a comment.