നമ്മുടെ ശീലങ്ങളെയും രുചികളെയും രാഷ്ട്രീയത്തേയും സ്വതന്ത്രമായി നിര്‍വചിക്കുന്നതിന്, ജീവിക്കുന്നതിന്‌ നമുക്കിന്ന് ചോദ്യങ്ങളെ നേരിടേണ്ടിവന്നിരിക്കുന്നു. പിഞ്ചുകുഞ്ഞിനെ ചുട്ടെരിക്കാനും, പതിനഞ്ചുകാരനെ കെട്ടിത്തൂക്കാനും, വെടിയുണ്ടകള്‍കൊണ്ട് വായടക്കാനും, ശൂലങ്ങളില്‍ കോര്‍ത്തെടുക്കാനും പായുന്നവർ പടരുകയാണ്. ദളിതരേയും മുസ്ലീംങ്ങളെയും മനുഷ്യരായികാണാനൊ മനുഷ്യത്വത്തോടുകൂടി സഹവര്‍ത്തിത്വത്തോടുകൂടി ജീവിക്കാനോ മടിയുള്ള ഒരു കൂട്ടര്‍. ഗോദ്രയും മുസാഫര്‍നഗറും കാശ്മീരും ജെ എൻ യുവും, എച് സി യുവും എല്ലാം നമ്മള്‍ തന്നെയാണ്. അങ്ങകലെ ഉത്തരേന്ത്യയില്‍, അങ്ങകലെ ഗുജറാത്തില്‍, അങ്ങകലെ ആസാമില്‍ എന്നും പറഞ്ഞ് തിരിഞ്ഞ് കിടന്നുറങ്ങുന്ന ലാഘവ ബുദ്ധികളും നിഷ്പക്ഷരും എപ്പോഴാണ് ഉണരുകയെന്നറിയില്ല. ‘ഫാസിസം പടിവാതില്‍ക്കൽ’ എന്ന പ്രയോഗം കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഫാസിസം അതിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിതന്നെ നമ്മളെ ആക്രമിച്ച്കൊണ്ടിരിക്കുന്ന കാലമാണിത്.

അപരന്‍റെ ശബ്ദത്തെ സ്വന്തം ഇഷ്ടംകൊണ്ട് അളന്ന് മുറിക്കുന്നവർ, അപരന്റെ മൂക്ക് മുറിച്ചും തന്റെ സ്വാതന്ത്ര്യത്തിന്റെ ലോകം വലുതാക്കുന്നവര്‍. ചുട്ടെരിച്ചും, ശൂലത്തില്‍ കോര്‍ത്തും ജീവനുകള്‍ ഇല്ലതാക്കിയിട്ട്, ക്രൂരമായി, നികൃഷ്ടമായി മനുഷ്യത്വത്തെ രക്തത്തില്‍ ഒഴുക്കിയിട്ട് തങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്നവർ, തങ്ങള്‍ എത്രത്തോളം ചെറുതായിപോയെന്ന്, അധഃപതിച്ചെന്ന് മനസിലാക്കുന്നില്ല. കുതിരയുടെ കാലിനു പോലും രക്ഷയില്ലാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുദ്രകുത്തിയും, ചൂണ്ടിക്കാട്ടുന്നവരെ നിയമവിരുദ്ധരെന്ന് ചാപ്പകുത്തി ഇരുട്ടിലടച്ചും ‘ആര്‍ എസ് എസ്’ ഭരണകൂടം തങ്ങളുടെ ഭാഗം അഭിനയിച്ചു തകര്‍ക്കുകയാണ്. അധികാരത്തിന്റെ പരിലാളനകള്‍ ഏറ്റുവാങ്ങി ഈ ഭരണകാലയളവില്‍ തങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കാൻ അവർ ശ്രമിക്കുമ്പോൾ ഹിന്ദുമതമൗലികവാദികള്‍ എന്ന അസഹിഷ്ണുതയുടെ കരിന്തേളുകൾ നാടിനെ ധ്രുവീകരിക്കുന്നു.

ഗോള്‍വള്‍ക്കരിന്റെയും, മൌദൂദിയുടേയും കാലം മുതല്‍ ഇത് അപകടമാണെന്ന് നമ്മള്‍ പറഞ്ഞുതുടങ്ങിയതാണ്. ഇന്ന് ഈ ധ്രുവീകരണം സര്‍വമേഖലകളിലേക്കും വ്യാപിക്കുകയാണ്. കലാകാരന്മാരെന്നു ഊറ്റംകൊണ്ടവര്‍, മനുഷ്യസ്നേഹികള്‍ എന്ന് ചിരിച്ചു കാട്ടിയവര്‍, പരിസ്ഥിതിവാദികള്‍ ചമഞ്ഞുനിന്നവർ എല്ലാവരിലേക്കും വിഷംപടര്‍ന്നിരിക്കുന്നു. ചിന്തകളില്‍ വിഷം കലര്‍ന്നവര്‍ക്ക് കര്‍ഷക ആത്മഹത്യകളെ ‘ഫാഷന്‍ പരേഡായി’ തോന്നുന്നു. എതിര്‍ക്കുന്നുവരെയെല്ലാം, ഭിന്നാഭിപ്രായമുള്ളവരെയെല്ലാം അങ്ങ് കൊന്നുകളഞ്ഞ് പ്രശ്നം തീര്‍ത്താൽ പോരെയെന്ന്  ‘ലളിത’മായി പറയാന്‍ കഴിയുന്നു. ജനാധിപത്യവ്യവസ്ഥയുടെ നിഴലില്‍ പോലും വന്നുപെടാത്ത ഇവര്‍ നമ്മുടെ തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് എന്നതാണ് വലിയദുരന്തം. കൂലിക്കാരെകൊണ്ട് അസഹിഷ്ണുതയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണ് നടക്കുന്നത്. ഈ കാലാവസ്ഥയില്‍ ന്യൂനപക്ഷങ്ങളിലേക്കും, അടിച്ചമര്‍ത്തപ്പെടുന്നവരിലേക്കും അസഹിഷ്ണുത പടരില്ലേ?

ഇവിടുത്തെ ബ്യൂറോക്രസിയും പോലിസിങ്ങും തന്നിഷ്ട്ടപ്രകാരവും പക്ഷപാതപരവും സ്ഥാപിതതാല്പര്യങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കേരളത്തിലടക്കം നാം കണ്ടു കഴിഞ്ഞു. പല ദേശിയ മാധ്യമങ്ങളും കൈവിട്ട് പോയിരിക്കുന്നു. നിയമത്തിന്റെ, ന്യായത്തിന്റെ, നിഷ്പക്ഷ മുഖങ്ങള്‍ ഗുണ്ടകളായി രൂപന്തരപ്പെടുമ്പോൾ, കന്നയ്യ കുമാറിന് ജാമ്യം നല്‍കികൊണ്ട് കോടതി പറഞ്ഞ കാര്യങ്ങൾ സംഘി ദേശിയതയുടെ ലാഞ്ചന കാട്ടുമ്പോള്‍, നിയമവ്യവസ്ഥിതിയിലും മായം കലരുകയാണോയെന്ന്‍ സംശയിക്കാതെ വയ്യ.

മുഴുവന്‍ ജനതയ്ക്കും പ്രാഥമികമായ ജീവിതസാഹചര്യമോ, മനുഷ്യനെന്ന പരിഗണന തന്നെയോ എത്തിക്കാന്‍ സാധിചിട്ടില്ലാത്ത ഒരു നാടാണിത്. ആഗോളവല്‍ക്കരണമാണെങ്കിൽ സംഭവിച്ചും കഴിഞ്ഞിരിക്കുന്നു. നാടിനകത്തുള്ള അസഹിഷ്ണുതകളെ പൂര്‍ണമായും ഒഴിവാക്കാതെ, സാമൂഹികനീതി നടപ്പിലാക്കാതെ നമ്മൾ എങ്ങിനെയാണ് ഇപ്പോഴും വെളിച്ചമെത്താത്ത അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ ആഗോളീകൃത ലോകത്തിലേക്ക് പിടിച്ച് എഴുന്നേല്‍പ്പിക്കുക. ലോകം കുതിക്കുമ്പോള്‍ നാം തമ്മില്‍തല്ലിയും ചവിട്ടിയരച്ചും നേരംപോക്കുന്നു. ’ക്രിയാത്മക പ്രതിപക്ഷം’ എന്നത് ഒരു സങ്കൽപ്പ സംഹിതയെന്നേ പറയാൻ കഴിയുന്നുള്ളൂ. ആകെ കേട്ട രണ്ട് പേരുകള്‍ യെച്ചൂരിയുടെയും രാഹുലിന്റെയുമാണ്. എന്നാൽ ഇവരെ കേന്ദ്രീകരിച്ചോ, ഇവരുടെ വശത്തുനിന്ന് കൂട്ടായോ എന്തെങ്കിലും പ്രവര്‍ത്തന പദ്ധതി ഉണ്ടായി വന്നിട്ടില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്. ഏതെങ്കിലും രീതിയിലുള്ള ചലനങ്ങളോ തുടര്‍ചലനങ്ങളോ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രഭവകേന്ദ്രം യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഓരോരുത്തരും ഉണരേണ്ടതുണ്ട് എന്നു ചുരുക്കം.

നമുക്ക് വേണ്ടിയും നാളേക്ക് വേണ്ടിയും ഫാസിസത്തെ ചെറുത്തുനിന്നു തോല്‍പ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹൈന്ദവ ഫാസിസത്തിന് ഇന്ത്യയില്‍ ഭരണകൂടഫാസിസത്തിന്റെ മുഖംകൂടിയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ നമ്മുടെ ജോലി എളുപ്പമല്ലല്ലോ. കൂട്ടായ്മകളാകണം നമ്മുടെ ശക്തി. നമ്മൾ കൂട്ടുകൂടി കൂട്ടുകൂടി പെരുകി പെരുകി, പാടിയും പറഞ്ഞും, ശക്തമായി  നിര്‍ഭയമായി  പ്രതിരോധിച്ചുകൊണ്ടും വൈവിധ്യങ്ങളുടെ സൗന്ദര്യത്തേയും സഹവര്‍ത്തിത്വത്തിന്റെ അതിരുകളില്ലാത്ത സ്നേഹ സ്വാതന്ത്ര്യങ്ങളേയും കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കണം. ദേശിയതയില്‍ പൊതിഞ്ഞ് ഒളിച്ചുകടത്തുന്ന സങ്കുചിതചിന്തകളില്‍ ആവേശംകൊള്ളുന്ന നിഷ്പക്ഷജനതക്ക് വിഷം തീണ്ടാത്ത വിശാലമായ ആകാശം തെളിയിച്ചുകാട്ടണം. നമ്മളാരെയും നിര്‍ബന്ധിക്കേണ്ടതില്ല – സത്യവും നീതിയും സമത്വത്തില്‍ ഉരുവം കൊള്ളുന്നതാണ്. സഹജീവിസ്നേഹം താനേ ഉണ്ടായിവരുന്നതാണ്. മാറിനില്‍ക്കുന്നവരും, മറഞ്ഞു നില്‍ക്കുന്നവരും, മടിച്ച് നില്‍ക്കുന്നവരും കൂട്ടായ്മകളിലേക്ക് വന്ന് ചേര്‍ന്നുകൊണ്ടിരിക്കും. കൂട്ടുകൂടികൊണ്ടിരിക്കുക, എല്ലാവർക്കും വേണ്ടി പാടികൊണ്ടിരിക്കുക, പറഞ്ഞുകൊണ്ടിരിക്കുക. അതുമാത്രമാണ് നാം ചെയ്യേണ്ടത്. പൈഡ് പൈപ്പെർമാരുടെ (Pied Pipers) കപടനേതൃത്വം നാം സ്വയം ഏല്‍ക്കാത്തിടത്തോളം കാലം നാം ആരെയും ഭയക്കേണ്ടതില്ല.

പുതിയകാലത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ കാലത്തോട് സംവദിക്കാനും പുതിയ രീതികള്‍ വരേണ്ടതുണ്ട്. മനുഷ്യസംഗമം ഇത്തരുണിയില്‍ പ്രധാനപ്പെട്ട ഒരു സംഭവമാണ്. രാഷ്ട്രീയവും, നൃത്തവും, സംഗീതവും തുടങ്ങി സര്‍വമത വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് സഹിഷ്ണുതനിറഞ്ഞ ഒരാശയം. ‘humanity’ മനസിലും ജീവിതത്തിലുമുള്ള എല്ലാവര്‍ക്കും ഒത്തുചേരാവുന്ന ഒരു കൂട്ടായ്മ.

കഴിഞ്ഞ ജനുവരിയില്‍  നടന്ന കൊച്ചിയിലെ മനുഷ്യസംഗമം കൂട്ടായ്മയുടെ ശക്തമായ പ്രതിരോധം കൊണ്ട് ജനപങ്കാളിത്വംകൊണ്ട് വന്‍വിജയമായപ്പോൾ നവമലയാളി മാഗസിൻ, സംഘാടകരിലൊരാളായിരുന്നു. navamalayali fascismസംഘാടനത്തോടൊപ്പം നവമലയാളിയുടെ ‘ഫാസിസത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍’ സിമ്പോസിയം പതിപ്പ് അച്ചടിച്ച്‌ വിതരണം ചെയ്യാനും സാമ്പത്തികമായി ഇടപെടാനും കഴിഞ്ഞതില്‍ നവമലയാളി കൂട്ടായ്മക്ക് നിറഞ്ഞസന്തോഷമുണ്ട്. കൂട്ടായ്മകള്‍ തുടര്‍ച്ചയായി സംഭവിക്കുന്നു എന്നതാണ് കാര്യം. നമ്മള്‍ കൂടുന്നു, പങ്കുവെക്കുന്നു, പറയുന്നുന്നു, പാടുന്നു, പ്രതിരോധം തുടരുന്നു. ഊര്‍ജം നിറച്ച് പിരിയാതെ പിരിയുന്നു. രണ്ടുമാസങ്ങള്‍ക്കിപ്പുറം കൂട്ടായ്മ തൃശ്ശൂരിൽ മനുഷ്യസംഗമം സംഘടിപ്പിക്കുമ്പോൾ കൊച്ചിയിലെ പോലെതന്നെ അതിനൊപ്പം നവമലയാളിയുടെ സാന്നിധ്യമുണ്ട് – സാന്നിധ്യം പ്രതിരോധമാണല്ലോ. ഓരോ ആളുകള്‍ക്കുള്ളിലും ഫാസിസ്റ്റ് വിരുദ്ധ ജീവിതം രൂപപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുവാന്‍, അത്തരത്തിലൊരു വിമലീകരണം നടക്കുകവഴി മാത്രമേ ഫാസിസത്തെ തുരത്താനാകൂ എന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്. അതിനാല്‍ ഇവിടുത്തെ സംഘപരിവാർ ദേശിയതയും, സംഘപരിവാർ അനുകൂലികളും ഏതൊരു രീതിയിൽ തടസം സൃഷ്ടിച്ചാലും അതിനെയെല്ലാം മറികടന്നുകൊണ്ട്‌ നാം കൂട്ടായ്മകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും, പ്രതിരോധിക്കും, തുരത്തും. തൃശൂരിലെ മനുഷ്യ സംഗമത്തിനു നവമലയാളിയുടെ അഭിവാദ്യങ്ങൾ.

Comments

comments