രൂപം കൊടുക്കുന്നതിന്റെ മാതൃകകൾ കോവിലനിൽ തുടക്കമിട്ടത് എൻ.പ്രഭാകരൻ, സാറാജോസഫ്, എൻ.എസ്.മാധവൻ, അംബികാസുതൻ, കെ.എ സെബാസ്റ്റ്യൻ, സുഭാഷ് ചന്ദ്രൻ, പ്രകാശൻ മടിക്കൈ, രാജീവ് ശിവശങ്കർ തുടങ്ങിയവരിലേക്ക് വളർന്നു വികസിക്കുന്നു. (എൻ. പ്രഭാകരനാണ് ഈയൊരു ചരിത്രരീതിശാസ്ത്രം മലയാള ഭാവനയിൽ സൂക്ഷ്മവും തീക്ഷ്ണവുമായ രാഷ്ട്രീയമായി നിരന്തരം പ്രയോഗിക്കുത് എന്നും കാണാം. തീയൂർരേഖകൾ തൊട്ടുള്ള ഓരോ നോവലും ഉദാഹരണമാണ്). ഇവ ചിലപ്പോൾ ദേശസ്വരൂപത്തിലേക്ക് ജാതിക്കീഴായ്മയെ ഉയർത്തിക്കൊണ്ടുവരും. മറ്റു ചിലപ്പോൾ സ്ത്രീയുടെ മായികമായ സ്വത്വപരിണാമങ്ങൾ ഇഴചേർക്കും. ഇനിയും ചിലപ്പോൾ ആഗോളവൽക്കരണം പോലുള്ള അധീശവ്യവഹാരങ്ങളോടുള്ള കലാപങ്ങളുടെ വിത്ത് പാകും. ദേശം, ഇവിടെ രാഷ്ട്രത്തിന്റെ അപരമാകുന്നുവെതാണ് ആഖ്യാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. പ്രഭാകരന്റെ തീയൂരും ചെങ്കരയും സാറാജോസഫിന്റെ കോക്കാഞ്ചിറയും ആതിയും മാധവന്റെ ലന്തൻബത്തേരിയും അംബികാസുതന്റെ മരക്കാപ്പും പ്രകാശന്റെ കൊരുവാനവും സെബാസ്റ്റ്യന്റെ ചെത്തിയും രാജീവ് ശിവശങ്കറിന്റെ പഴുക്കായും അവയുടെ മിത്തിക്കൽ ഭൂതത്വം കൊണ്ട് രാഷ്ട്രത്തിന്റെ രാഷ്ട്രീയവർത്തമാനത്തോട് നേരിട്ടു കലഹിക്കുന്ന ദേശങ്ങളായി മാറുന്നു. കോവിലനിൽ കാണുന്നപോലെ മിത്തുകളുടെ മതേതരവൽക്കരണം എല്ലാ നോവലുകളിലും സംഭവിക്കണമെന്നില്ല. മരക്കാപ്പും പഴുക്കായും ഉദാഹരണം. എങ്കിലും ഈ ദേശങ്ങൾ ആധുനികതയിൽ മലയാളനോവൽ ആവേശത്തോടെ രൂപംകൊടുത്ത കാല്പനികനായ അന്യന്റെ വാസസ്ഥാനമായ ഗ്രാമസ്ഥലങ്ങളുടെയോ നിഷേധികളും അരാജകവാദികളുമായ ക്ഷുഭിതയുവാക്കളുടെ അലഞ്ഞുതിരിയൽ സ്ഥലമായ നഗരങ്ങളുടെയോ രാഷ്ട്രീയസ്വത്വമല്ല പേറുന്നത്. തകഴിയും പൊറ്റക്കാടും എം.ടി.യും മുട്ടത്തുവർക്കിയും സൃഷ്ടിച്ച മലയാളനോവലിലെ ക്ലാസിക് ഗ്രാമങ്ങളും കാക്കനാടനും വി.കെ.എന്നും മുകുന്ദനും വിജയനും കുഞ്ഞബ്ദുളളയും ആനന്ദുമുൾപ്പെടെയുളള ആധുനികതാവാദികൾ സൃഷ്ടിച്ച ആദ്യഘട്ട നഗരസ്ഥലങ്ങളും ഈയൊരു രാഷ്ട്രീയ, സൗന്ദര്യ യുക്തികളിലല്ല തിരിച്ചറിയപ്പെട്ടിട്ടുളളത്. എൻ.വി.യുടെ എണ്ണപ്പാടവും പൊറ്റക്കാടിന്റെ അതിരാണിപ്പാടവും തമ്മിലുളളതിനെക്കാൾ വ്യത്യാസം അവയോട് സാറാജോസഫിന്റെ കോക്കാഞ്ചിറക്കുണ്ട്. മുപ്പിലിശ്ശേരിയിൽ ചരിത്രം ഇടവഴികളും നെടുവരമ്പുകളും മുനിയറകളും മിത്തുകളുമായി ഒഴുകിപ്പരക്കുന്നു. തച്ചനക്കരയിൽ അത് പ്രാദേശികതയെ, അതായിത്തന്നെ സാമൂഹ്യവൽക്കരിക്കുന്നു. മരക്കാപ്പിലും ആതിയിലും പഴുക്കായിലും അത് വികസനത്തിന്റെയും വിപണിയുടെയും അധിനിവേശത്തിനെതിരെയുളള ജനതകളുടെ ചെറുത്തുനില്പായി മാറുന്നു. മിത്തുകളെ ഫാന്റസിയുമായി കൂട്ടിയിണക്കുന്ന മാജിക്കൽ റിയലിസത്തിന്റെ മാന്ത്രിക ലാവണ്യമാണ് പല നോവലുകളിലും കാണുക. ആലാഹയും ലന്തൻബത്തേരിയും മരക്കാപ്പും എൻമകജെയും ആതിയും കൽപ്രമാണവും…… ഏതു രീതിയിലും ആധുനിക നോവലിൽ നിന്നു ഭിന്നമായി മിത്തും ചരിത്രവും ഇവയിൽ ഏകഭാവം കൈവരിക്കും.
ദളിത്, കീഴാള ചരിത്രങ്ങളുടെ നിർമിതിയെന്നത് ആധുനിക ചരിത്രനിർമിതിയുടെ നിരാസത്തിൽനിന്ന് രൂപമെടുക്കുന്ന മറ്റൊരു ആഖ്യാനപദ്ധതിമാത്രമല്ല. നോവലിൽ ഇത് ആധുനികതാഭാവുകത്വത്തിന്റെ രാഷ്ട്രീയമായ മറികടക്കലും ബദൽ സാമൂഹ്യ സ്വത്വങ്ങളുടെയും ചരിത്രങ്ങളുടെയും നിർമിതിയുമാണ്. കെ. ജെ. ബേബിയിലും നാരായനിലും പി.എ. ഉത്തമനിലും രാഘവൻ അത്തോളിയിലും രാജു. കെ.വാസുവിലും നോവൽ രൂപമാർജിച്ച ദളിത്, കീഴാള, ചരിത്രങ്ങളുടെ ഇത്തരം സമകാല മാതൃകകൾ കാണാം. ചരിത്രവിജ്ഞാനീയത്തിൽ കീഴാളചരിത്രങ്ങൾ/പഠനങ്ങൾ ഒരു സവിശേഷമണ്ഡലമായി രൂപംകൊളളുതിനു മുൻപും ദലിത്, കീഴാളപക്ഷ രാഷ്ട്രീയം നോവലിന്റെ വിഷയമായിരുന്നു. (മലയാളത്തിൽ നോവൽ ഉത്ഭവിക്കുതുന്നതു തന്നെ മിഷനറിമാരുടെ ദലിത് രാഷ്ട്രീയത്തിന്റെ ഫലമായാണ്.) എങ്കിലും കീഴാളവിജ്ഞാനീയം ആ കാഴ്ചപ്പാടിന് പുതിയ ബോധം നൽകി. ദലിത് എഴുത്തുകാരിലെപോലെ ദലിത്പക്ഷ എഴുത്തുകാരിലും ഈ രാഷ്ട്രീയം സചേതനമായ ഇടപെടലുകൾ രൂപപ്പെടുത്തി. ആനന്ദ് ‘അഭയാർഥികളി’ൽ അവതരിപ്പിക്കുന്ന ഉത്തരേന്ത്യൻ കീഴാള, ഗോത്രജനതകളുടെ സ്വത്വസംഘർഷങ്ങൾ ഇന്ത്യാചരിത്രത്തിന്റെ നിശിതമായ പൊളിച്ചെഴുത്തുകളായി. കറുപ്പിന്റെ സൗന്ദര്യശാസ്ത്രം പോലെതന്നെ പ്രധാനമാണ് കറുപ്പിന്റെ പ്രത്യയശാസ്ത്രവുമെന്ന് ദേശീയ-ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ സന്ദർഭത്തിൽ ഏറ്റവും സൂക്ഷ്മമായി വിശദീകരിച്ചത് ആനന്ദാണ്. ഇതിഹാസപുരാണങ്ങളുടെ സാഹിതീയവിചാരം മുതൽ കുറ്റവാളിഗോത്രങ്ങളെക്കുറിച്ചുളള ജനാധിപത്യവിചാരണകൾ വരെ ഓർക്കുക. ചരിത്രമുൾപ്പെടെയുളള നിരവധി വിജ്ഞാന-വ്യവഹാരങ്ങളുടെ ആഖ്യാനഭൂമികയായി നോവലിനെ മാറ്റുമ്പോൾ ആനന്ദ് അതിനു കല്പിച്ചുകൊടുക്കുന്ന ഭാവനാസ്വരൂപം വലിയൊരളവോളം ഇത്തരം ചരിത്രപാഠപരതയാണ്. കോവിലൻ (തട്ടകം), മുകുന്ദൻ (ഒരു ദലിത് യുവതിയുടെ കദനകഥ, പുലയപ്പാട്ട്), സാറാജോസഫ് (ആലാഹയുടെ പെൺമക്കൾ, ഊരുകാവൽ), പ്രഭാകരൻ (തീയൂർരേഖകൾ, ജനകഥ), അംബികാസുതൻ (മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ), പ്രകാശൻ മടിക്കൈ (കൊരുവാനത്തിലെ പൂതങ്ങൾ) തുടങ്ങിയവരുടെ രചനകളിലെ സാമൂഹ്യവീക്ഷണത്തിലുളള ദലിത്പക്ഷ നിലപാടുകൾ പോലെതന്നെ ശ്രദ്ധേയമാണ് വംശീയവും ലിംഗപരവും വർഗപരവും പ്രാദേശികവുമായ കീഴാളതകളോട് അവ പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യവും. ആധുനികത കൈവിട്ടുകളഞ്ഞ സാമൂഹികതയുടെ തിരിച്ചുപിടിക്കലായി ആധുനികാനന്തരതയുടെ ഈ നോവൽഭാവുകത്വം പ്രസക്തമാകുകയും ചെയ്യുന്നു. ഭാഷ, ദൈനംദിന ജീവിതം, സമ്പദ്ഘടന, ആചാരാനുഷ്ഠാനങ്ങൾ, കാമനകൾ, മൂല്യബോധങ്ങൾ തുടങ്ങിയവയെ പോലെ ചരിത്രവും ഈ രചനകളിൽ സാമൂഹിക പിൻബലവും രാഷ്ട്രീയോർജവുമായി നിലനിൽക്കുന്നു. ചരിത്രത്തിലെ ഇരകളെയും വേട്ടക്കാരെയുംകുറിച്ചുള്ള ല്യോത്താറിന്റെ പ്രസിദ്ധമായ പരികൽപ്പന ഓർമ്മിക്കുക.
ജാതിയെ രണ്ടുതരത്തിൽ സമകാല നോവൽ പ്രശ്‌നവൽക്കരിക്കുന്നു. ഒന്ന്, കീഴാള ദളിത് സാമൂഹിക ക്രമങ്ങളിലേക്ക് അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രയോഗങ്ങൾ സന്നിവേശിപ്പിക്കുന്ന രചനകളുടേത്. തൊട്ടു മുൻഖണ്ഡത്തിൽ സൂചിപ്പിച്ച കൃതികൾക്കുള്ളത് ഈ രാഷ്ട്രീയമാണ്. രണ്ട്, മനുഷ്യചരിത്രത്തിന്റെ കേന്ദ്ര സംവർഗങ്ങളിലൊന്നായി ജാതിയെ സാമൂഹിക ഘടനയിൽ പ്രതിഷ്ഠിക്കുന്ന ആഖ്യാനങ്ങളുടേത്. തലമുറകൾ, തട്ടകം, മനുഷ്യന് ഒരു ആമുഖം എന്നിങ്ങനെ ജാതിചരിത്രമെന്ന നിലയിൽ സാമൂഹിക ചരിത്രം ഭാവനചെയ്യുന്ന രചനകൾ ഈ ധർമമാണ് നിർവഹിക്കുന്നത്. യഥാർഥത്തിൽ ജാതി എന്ന സാമൂഹ്യസംവർഗം ‘ഘാതകവധം‘ മുതൽ ഇന്ദുലേഖയിലും സി.വി. കൃതികളിലുമുൾപ്പെടെ ഇന്നോളമുളള മലയാളനോവലിന്റെ തന്നെ ആഖ്യാനപശ്ചാത്തലത്തിൽ സജീവമായി നിലനിൽക്കുന്ന ഒന്നാണ്. തകഴിയും ദേവും പൊറ്റക്കാടും എം.ടി.യും സുരേന്ദ്രനും കോവിലനും വി.കെ.എന്നും മുകുന്ദനും വിജയനും… ജാതിയെ ഭിന്ന നിലകളിൽ സാമൂഹ്യവൽക്കരിച്ചു. ബഷീർ, എൻ.പി, ഖാദർ, പാറപ്പുറത്ത്, സാറാതോമസ്, സാറാജോസഫ് തുടങ്ങിയവരും ജനപ്രിയനോവൽ കർത്താക്കളും പൊതുവെ മതത്തെയാണ് തങ്ങളുടെ രചനകളിൽ സാമൂഹികതയുടെ പ്രതിനിധാനമായി സങ്കല്പിച്ചത്. സവർണ ജാതിഘടനയെ വിമർശിച്ചും നായർ, ഈഴവജാതികളെ പൊതുബോധമായുൾക്കൊണ്ടും ദലിത് ജാതീയതയെ പ്രശ്‌നവൽക്കരിച്ചും രചിക്കപ്പെട്ടവയാണ് ബഹുഭൂരിപക്ഷം മലയാളനോവലുകളും എന്നു
Be the first to write a comment.