തീർക്കാൻ സ്ത്രീകൾ ഉപയോഗിക്കപ്പെടണമെന്ന അഥവാ പെണ്ണെന്നു പറയുന്നത് പുരുഷന്റെ ആസക്തി തീർക്കാനുള്ള ഉപകരണമാണെന്ന പുരുഷാധിപത്യ യുക്തിയാണ് ഈ വിശപ്പിലൂടെയും കഴപ്പുകളിലൂടെയും പുറത്തുവരുന്നത്. പെണ്ണും ആണും ഭിന്നരാണെന്നും ആണിന് ശാരീരികമായി അക്രമാസക്തി കൂടുതലാണെന്നും അതിനാൽ അവന്റെ ലൈംഗികശേഷി വർദ്ധിച്ചതാണെന്നും പെണ്ണ് ശാരീരികമായി ദുർബലയായതിനാൽ വളരെ കുറച്ചേ ലൈംഗികതയുള്ളൂവെന്നും പുരുഷൻ നല്കുന്നത് ഏറ്റുവാങ്ങി തൃപ്തിപ്പെടുകയാണ് സ്ത്രീയുടെ ശീലമെന്നും ഇവിടെ ഉറപ്പിക്കുന്നു. ശരീരവും ലൈംഗികതയുമൊക്കെ ജൈവികമായതാണെന്നും സാമൂഹ്യതയ്ക്കിതിൽ പ്രസക്തിയില്ലെന്നുമുള്ള അപകടകരമായ പുരുഷാധിപത്യയുക്തിയും ഇവിടെ ആവർത്തിക്കപ്പെടുന്നു. തന്റെ ലിംഗത്തിന്റെ കഴപ്പും വിശപ്പും ഇതിനെയൊക്കെ സൃഷ്ടിക്കുന്ന ആണത്തം/ പുരുഷത്വവും ജൈവികമല്ലെന്നും പുരുഷാധിപത്യത്തിലൂടെ രൂപപ്പെട്ടതാണെന്നും ഈ യുക്തിയാണ് കഴപ്പ് തീർക്കാനുള്ള ശമനിയായി സ്ത്രീയെ നിർവചിച്ചതെന്നും എന്തുകൊണ്ടാണ് ഈ കവികൾ കാണാത്തതെന്നു ചോദിക്കുമ്പോഴാണ് കവിതയുടെ പ്രത്യയശാസ്ത്രതലം ചോദ്യം ചെയ്യപ്പെടുന്നത്.
സ്ത്രീത്വവും പുരുഷത്വവുമൊക്കെ സ്വാഭാവികമായി രൂപപ്പെടുന്നതാണെന്നു ഉറപ്പിക്കുകയാണ് മലയാള കവിതകളെല്ലാം തന്നെ. അല്പമെങ്കിലും അതിനെ ചോദ്യം ചെയ്തിട്ടുള്ളത് സ്ത്രീപക്ഷ കവിതകളാണ്. ശരീരത്തെ ജൈവികമാക്കുകയും അതിലൂടെ നിലവിലുള്ള (പുരുഷ)ലൈംഗികതയയെ സാധൂകരിക്കുകയും ചെയ്യുന്നു ഈ കവിതകളെന്നതാണ് അടിസ്ഥാന പ്രശ്നം. അങ്ങനെ പുരുഷലിംഗം പ്രകൃതിയുടെ പീഡനത്തിന്റെ ഇരയായി കടന്നുവരുന്നു. ഈ ഇരത്വത്തെ രക്ഷിക്കേണ്ട ധർമ്മം ചെയ്യേണ്ട സ്ത്രീത്വം അതിനെ അവഗണിച്ച് വേട്ടയാടി പുരുഷനെ കൂടുതൽ പീഡിപ്പിക്കുന്നു. അങ്ങനെ പെണ്ണ് പുരുഷനെ പീഡിപ്പിക്കുന്ന ചിത്രമാണ് ഈ കവിതകളുടെ മൂലധനം. വിഷ്ണുപ്രസാദിന്റെ ലിംഗരാജ് എന്ന കവിതയിലും ഇതുതന്നെ കാണാം. എല്ലായിടത്തും പുരുഷലിംഗത്തിന്റെ ആധിപത്യം നിലനില്ക്കുന്നുവെന്ന വിമർശമാണ് പ്രത്യക്ഷതലത്തിലെങ്കിലും അതിന്റെ നടുവിൽ തലയുയർത്തി നില്ക്കുന്ന ഇന്ദീവരാക്ഷിയെ ഭാവന ചെയ്യാൻ ഈ കവിത്വം വിസമ്മതിക്കുന്നു എന്നിടത്താണ് കാര്യങ്ങൾ കുഴയുന്നത്. തലകുനിച്ചു ഭയന്നു നടക്കുന്ന ഇന്ദീവരാക്ഷിയെയാണ് അദ്ദേഹം ലിംഗരാജിൽ വരച്ചിടുന്നത്. പുരുഷ ഭീകരതയുടെ കോട്ട ചുറ്റോടും ചുറ്റും പീരങ്കികൾ അതിനിടയിലൂടെ ആത്മപുച്ഛത്തോടെ ശരീരത്തെക്കുറിച്ച് ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക….? എന്ന ചോദ്യത്തിൽ സ്ത്രീയവസ്ഥയുടെയും പുല്ലിംഗത്തിന്റെ ആധിപത്യ വിമർശനവും കാണാം. പക്ഷേ കവി സ്വയം പുരുഷനെന്ന ഗർവ്വിനെ വലിച്ചറിഞ്ഞ് പെണ്ണായി മാറി ലോകത്തെ നോക്കിയപ്പോഴും ആ ഭയത്തെ പ്രതിരോധിക്കുന്ന ഒന്നും കാണുന്നില്ല. ഇവിടെ സ്വയം പെണ്ണാകാൻ പുരുഷൻ എന്ന ഗർവ്വിനെയാണ് കവി വലിച്ചെറിയുന്നത്. പുരുഷത്വത്തിനെതിരേയുള്ള കലഹമാണിതെന്നും ആണത്തം നിർമിതിയാണെന്നും ഈ വരികൾ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ പുരുഷത്വത്തെ വലിച്ചറിയുന്നു എന്നു പറയുന്നതും ഗർവ്വ് വലിച്ചെറിയുന്നു എന്നു പറയുന്നതും രണ്ടാണ്. ഗർവ്വ് ഒരു ശരീരത്തിൽ പ്രകടിതമാകുന്ന ഒരു വികാരമാണ്. അതായത് പുരുഷത്വം ജൈവികമായൊരു സത്തയാണെന്നും അതിന്മേലുള്ള ചെറിയൊരു വികാരമായ അഹന്തയെ മാറ്റിയെന്നുമാണ് കവി പറയുന്നത്. ആണത്തത്തെ അപ്പാടെ മാറ്റിമറിക്കാനാവില്ലെന്നും ചില നിമിഷങ്ങളിൽ ചെറിയ തോതിൽ ചില വേഷപ്പകർച്ചകൾ ആകാമെന്നുമാണ് കവിഭാഷ്യം. അങ്ങനെ, ദൈ(ജൈ)വികമായ ആണിന്റെ ലിംഗരാജിനു മുന്നിൽ സ്ത്രീകൾ ഭയന്നുതന്നെ കഴിയണമെന്നാണ് കവിഭാവന. ലിംഗാധിപത്യങ്ങളെ ചെറുക്കുന്ന സ്ത്രീപക്ഷ, ആണത്ത കാഴ്ചപ്പാടുകൾ വികസിക്കുന്ന കാലത്താണ് നമ്മുടെ കവികൾ പുല്ലിംഗാധിപത്യത്തിനായി ഭാവന നിർമിക്കുന്നത് എന്നതാണ് വിചിത്രം.
പുതുകവികളിൽ നല്ലൊരു ശതമാനം പുരുഷന്മാരും ഈ ഭിന്ന ലൈംഗിക ഭാഷയെയാണ് ഉൾപ്പേറുന്നതെന്നു കാണാം. പ്രണയത്തിന്റെ ഉത്തരാധുനികതയെ ഇവർ ആവിഷ്കരിക്കുന്നത് പുല്ലിംഗത്തിന്റെ തുറന്നെഴുത്തുകളായാണ്. ശൈലൻ, പവിത്രൻ തീക്കുനി, കുഴൂർ വിൽസൺ, ലതീഷ് മോഹൻ തുടങ്ങിയ നിരവധി കവികളെ ഇവിടെ കൂട്ടിച്ചേർക്കാം. ലതീഷ് മോഹന്റെ പല ഉപമകളിൽ മഞ്ഞുകാലം പോലെയുള്ള കവിതകൾ ആൺലൈംഗികതയുടെ ആധുനിക ആവിഷ്കാരമായി – പെൺ ശരീരത്തെ പുരുഷനും ഭോഗിക്കാനുള്ളതായും– വരച്ചിടുന്നു. ഫ്യൂഡൽ ശരീരത്തിൽ നിന്നു ഭിന്നമായി മലയാളി പുരുഷ ശരീരത്തെ പുതുതായി നിർമിച്ചത് കൊളോണിയൽ ആധുനികതയാണ്. അത് നിർമിച്ച ആധുനിക ആണത്തത്തെ ആരാധിച്ചുകൊണ്ട് അതിനെ ജൈ(ദൈ)വികമായി വാഴ്ത്തിപ്പാടുകയാണ് പുതുആൺകവിത എന്നതാണ് വസ്തുത. പുരുഷാധിപത്യവും ആണത്തവും പൊളിച്ചെഴുത്തിനു വിധേയമാകുന്ന ഇക്കാലത്ത് പുതുകവിതയിലെ പുല്ലിംഗാരാധനയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
അടിക്കുറിപ്പ്
1, 2, 3 ആശാൻ മുതലുള്ള മലയാള ആധുനിക കവികളുടെ കവിതയിലെ ശരീര, ലിംഗബോധത്തെക്കുറിച്ചുള്ള പഠനമാണ് ഈ ലേഖകന്റെ ആധുനികതയുടെ പാഠങ്ങൾ– മലയാള കവിതയിലെ സ്ത്രീപക്ഷ രാഷ്ട്രീയം എന്ന പുസ്തകം. അതിലെ ആശയങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കടമ്മനിട്ടയുടെ ശാന്തയെകുറിച്ചുള്ളത് പുല്ലിംഗം വാഴ്ത്തുന്ന ദേവിമാർ എന്ന പഠനവും പവിത്രൻ തീക്കുനിയെ കുറിച്ചുള്ളത് ആധുനികതയുടെ ബാധകൾ എന്ന പഠനവുമാണ് (കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്, തിരുവനന്തപുരം, 2011).
Be the first to write a comment.