കാൽനൂറ്റാണ്ടിലേറെ നീണ്ടുകിടക്കുന്ന വിജയലക്ഷ്മിയുടെ കാവ്യമണ്ഡലം തീർച്ചയായും ഒറ്റവായനയിൽ ഒതുങ്ങുതല്ല. അവയിലെ ചില ആഭിമുഖ്യങ്ങളെയും അഭിരുചികളെയും വളരെ അടുത്തോ അകലെയോ നിന്നല്ലാതെ നോക്കിക്കാണാനുള്ള ശ്രമമാണിത്.

മലയാളകവിതയിലെ ആധുനികത ആഖ്യാനത്തിലും അനുഭവത്തിലും ഒരു അധീശസാന്നിധ്യമായിരുന്നു. കേന്ദ്രസ്ഥമായ ആശയങ്ങൾ, തീക്ഷ്ണസ്വരത്തിലുള്ള വികാരവിചാരാവിഷ്‌ക്കാരങ്ങൾ, ആഖ്യാനപരമായ ബഹുലതയും പരീക്ഷണങ്ങളും, ചരിത്രത്തേയും പ്രത്യയശാസ്ത്രത്തേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രമേയങ്ങൾ, എന്നിങ്ങനെ വലിയ എടുപ്പുകൾ അവിടെ സാദ്ധ്യമായിരുന്നു. ആധുനികതക്കുശേഷം വന്ന കവിതകൾ രൂപപരമായിത്തന്നെ അയവുള്ള ഒരു ഘടനയിലാണ് എഴുതപ്പെട്ടത്. ഏതാണ്ടു പൂർണ്ണമായും തന്നെ ഗദ്യഘടനയുടെ ഒരു ശയ്യ അവ നിരന്തരം സൂക്ഷിച്ചുപോന്നു. സ്ഥാപിതമായ ആധുനികതാ മൂല്യങ്ങളോടുള്ള പ്രതികരണങ്ങളും വിമർശനങ്ങളും അവയിൽ ഒരു രാഷ്ട്രീയയുക്തിയായി തീരുന്നുണ്ട്.

വിജയലക്ഷ്മി, സാവിത്രീരാജീവൻ, റോസ് മേരി എിവരുടെ ഒന്നാം നിര രചനകളിൽ സ്‌ത്രൈണതയെക്കുറിച്ചുള്ള സമർത്ഥനങ്ങൾ വന്നു തുടങ്ങിയിരുന്നു. എങ്കിലും പെണ്ണെഴുത്തിൽ മലയാളകഥ സഞ്ചരിച്ച ദൂരം കവിത സഞ്ചരിച്ചില്ല. സാഹിത്യത്തിലെ ആൺകോയ്മയുടെ നടുത്തുണ്ടമായ ആധുനികതയുടെ ബാധ പൂർണമായും ഒഴിഞ്ഞുപോകാത്ത ഒരുഘട്ടത്തിലാണു ഇവരുടെ രചനകൾ പുഷ്‌കലമായിത്തീർന്നതും.

ആധുനികതയിൽ, അതിന്റെ ദർശനത്തിൽ അരച്ചു ചേർക്കപ്പെട്ട ഞാൻഎന്ന കാൽപനിക അസ്തിത്വവാദ ഏകാകിയുടെ ഘടന ഇവരിൽ മൂവരിലും കാണാമെങ്കിലും ഏറിനിൽക്കുന്നത് വിജയലക്ഷ്മിയിലാണ്. കവിത കൂടുതൽ പ്രബുദ്ധവും രാഷ്ട്രീയോന്മുഖവുമായ പ്രവർത്തിയായിക്കൂടി കാണുന്നതിനാലാവാം സാവിത്രിയിൽ ചിലപ്പോഴൊക്കെ പ്രഭാഷണപരത ഏറിനിൽക്കുന്നു. പലപ്പോഴും അവ പ്രസ്താവനയുടെ ശൈലിയിലുള്ള ഗദ്യകവിതയായി നിൽക്കുന്നു. അവ ഒരു കുറവ് എന്ന നിലയ്ക്കല്ല, മറിച്ച് ഒരു സവിശേഷതയായാണ്  എടുത്ത് പറയുന്നത്. ആൺ / പെൺ വൈകാരികപ്രപഞ്ചത്തെയും കടന്ന് ലിംഗഘടനയെത്തന്നെ ഒരു അധികാരവ്യവസ്ഥയായി പുതുക്കിയെഴുതാൻ സാവിത്രി ശ്രമിക്കുത് അതുകൊണ്ടുകൂടിയാണ്.

ആധുനികതയുടെ സ്വരൂപം ഏകശിലാത്മകമായല്ല സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് ഇന്ന് നാം സമ്മതിക്കുന്ന  ഒരു കാര്യമാണ്. പലതരം ആധുനികതകളാണ് യഥാർത്ഥത്തിൽ നിലനിന്നത് എന്നും നമുക്കറിയാം. ചരിത്രത്തോടുള്ള അഭിമുഖീകരണങ്ങളെ ആൺ / പെൺ കവിതകൾ ആവിഷ്‌കരിച്ചതിന്റെ വ്യതിയാനഭേദങ്ങൾ പക്ഷേ പലമയുടെ യുക്തിയിൽ വിശദീകരിക്കാൻ കഴിയില്ല. കെ.ജി.എസ്സിലും ആദ്യകാല ആറ്റൂരിലും മറ്റുമുള്ള  പ്രബുദ്ധതയുടെ രാഷ്ട്രീയദർശനയുക്തിയും മറ്റും ആധുനികതയുടെ പ്രബലമായ ഒരു ദിശ ആയിരിക്കെത്തന്നെ നേർവിപരീതമായി അവയോടുള്ള ഉദാസീനതയാണ് വിജയലക്ഷ്മിയെപ്പോലുള്ള സ്ത്രീകവികൾ പുലർത്തിയത്. ചരിത്രത്താടുള്ള പെണ്ണിന്റെ ഉദാസീനത അവളുടെ അഗാധമായ ചരിത്രബോധമെന്ന് പി.പവിത്രൻ. (പുറം 112, ആധുനികതയുടെ കുറ്റസ്സമ്മതം.) വിജയലക്ഷ്മിയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന കാൽപനിക ഏകാകിനിയെ ആ ഒരർത്ഥത്തിൽക്കൂടി നമുക്കു വായിച്ചെടുക്കാം. സാർവ്വലൗകികതയിൽ ഊന്നിയ ആധുനികസാഹിത്യത്തിലെ പുരുഷ ഞാനിന്റെ സ്ത്രീലിംഗമായിരിക്കെത്തന്നെ വിജയലക്ഷ്മി പെരുപ്പിച്ചെടുക്കുന്ന രാഷ്ട്രീയപ്രത്യയശാസ്ത്ര ഉദാസീനതയ്ക്ക് ഇങ്ങനെ ഒരർത്ഥം കൂടി ഉൽപാദിപ്പിക്കാനാവും.

ആൺ/പെൺ എന്ന് കൃത്യമായി വേർതിരിക്കപ്പെട്ട, ധ്രുവീകരിക്കപ്പെട്ട  പ്രപഞ്ചലോകങ്ങളാണ് ഈ കവിതയുടേത്. ഉഭയലിംഗിയുടെ അവസ്ഥ ഒരു സാധ്യതയല്ല, മറിച്ച് ഗതികേടായി വരുന്നത് അതുകൊണ്ടാണ്. ആണ് ഇവിടെ അധികാരകേന്ദ്രവും പെണ്ണ് അധികാരരഹിതമായ ഇടവുമായി എഴുതപ്പെട്ടുകൊണ്ടാണ് ഈ  ഭിന്നവർഗ്ഗലിംഗപദവി  നിലനിൽക്കുന്നത്. ഇരയും വേട്ടക്കാരനുമായി വിഭജിക്കപ്പെട്ടലോകത്തെ അമർത്തപ്പെട്ടകലഹങ്ങളും ആധുനികതയുടെ ദാർശനിക വിഷാദങ്ങളും മെരുക്കിയെടുത്ത പരിഭവപ്രതിഷേധങ്ങളും നിറം കെട്ടുപോയ കയ്പൻ നിരാസങ്ങളും നിറഞ്ഞ വൈകാരികപ്രപഞ്ചമാണ് വിജയലക്ഷ്മിക്കവിതകൾ. മൃഗശിക്ഷകനും‘ ‘ തച്ചന്റെ മകളുമെല്ലാം പങ്കുവെക്കുന്ന പുരുഷാധിപത്യത്തോടുള്ള പ്രതികരണങ്ങൾ ഈയൊരു തലത്തിൽ കൂടി പെട്ടുകിടക്കുന്നു. അതു വഴിയെ ചർച്ച ചെയ്യാം. ആൺ/പെൺ എന്ന  ദ്വന്ദഘടനയിലെ മേൽ/കീഴ് ബന്ധങ്ങളിൽ അധികാരത്തെ വിന്യസിച്ചുകൊണ്ടാണീ ഇരയിലെ ഏകാകി തിടം വെക്കുന്നത്. മറ്റൊരു ഞാൻ‘, ‘സത്യം‘, ‘വായന  തുടങ്ങിയ കവിതകളിലെ സ്ത്രീയെ ഒരു തിരസ്‌കൃതസ്വത്വപദവിയിലേക്ക് ചെത്തിക്കൂർപ്പിച്ചെടുക്കുന്നത് മേല്പറഞ്ഞ സാർവ്വലൗകികസത്തയിലൂന്നിയ ഏകാത്മക അഹംബോധത്തിലൂടെയാണ്. ചുരുക്കത്തിൽ സത്താവാദപരമായ ഒരു അഹംബോധമാണ് ഏകാകിനിയെ, ഇരയെ താങ്ങിനിർത്തുന്നത്. ഒരർത്ഥത്തിൽ അരണ്ടവെളിച്ചമുള്ള ഒരു അകത്തിരുന്ന് അകത്തേക്ക് തന്നെയാണാ കവിതകൾ നോക്കിയത്. സാവിത്രിയിലേക്കു വരുമ്പോൾ ചെറിയ വ്യത്യാസം നാം കാണുന്നു. ഇരുപ്പ് അകത്താണെങ്കിലും നോട്ടം പുറത്തേക്കാണ്.  അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുള്ള ദൂരമാണെങ്കിലും ആ അകലം പുറം ലോകത്തേക്കു കൂടി വലിച്ചു നീട്ടാനാവുമെന്ന് ആ കവിതകൾക്കറിയാം.അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വന്ന വീട്ടുപകരണമാണ് ഞാൻ‘(പ്രതിഷ്ഠ) . എങ്കിലും വീട് ആ കാലുകളിൽ പിടിച്ചു വലിക്കുന്നു. ആൺ/ പെൺ എന്ന പോലെ,  ഇര/വേട്ടക്കാരൻ എന്ന പോലെ അകം/പുറം ഈ കവിതകളെ ദ്വന്ദ്വങ്ങളുടെ അരങ്ങാക്കുന്നു. ഈ ദ്വന്ദ്വാത്മകഘടനകളിൽ ഉൾച്ചേർന്ന അധികാര പദവികൾ ഇന്നത്തെ നിലക്ക് സ്ഥാപനവൽകൃതമായ ഒരു പെണ്ണെഴുത്തു യുക്തിയിലേക്ക് അവയെ സമീകരിച്ചെടുക്കുന്നു.

പാരമ്പര്യത്തെ തന്റെ ഊർജ്ജപ്രഭവമാക്കുമ്പോഴും ഒരു അഭയസ്ഥലി കൂടിയായി വിജയലക്ഷ്മി കണ്ടെടുക്കുന്നത് മേൽപ്പറഞ്ഞ ഏകാത്മക അഹംബോധത്തിൽ നിന്നാണു.

പാരമ്പര്യവും പിതൃത്വവും
ആധുനികതയുടെയും ഉത്തരാധുനികതയുടെയും മഴകൾ കൊണ്ട വിജയലക്ഷ്മിക്കവിതയുടെ വിളനിലങ്ങൾ പലപ്പോഴും ആസന്നകാലമല്ല. പാരമ്പര്യമെന്ന നിലയിൽ അവയിൽ സംഭൃതമാന്ന ഉറവകൾ വൈലോപ്പിള്ളിയും ജി.യും കക്കാടും ബാലാമണിയമ്മയും അടങ്ങുന്ന ആധുനികപൂർവ ഘട്ടത്തിന്റേതാണ്.

അനുഭവപരമായി ആധുനികതയിൽ നിൽക്കുമ്പോഴും ആധുനികപൂർവമായ ആഖ്യാനാശംങ്ങൾ ഏറെയാണ് വിജയലക്ഷ്മിയിൽ. കർസർ, സ്‌നാനം, ഉഭയലിംഗി, ജ്വരം മുതലായ കവിതകൾ നോക്കൂ.

Comments

comments