1605-ൽ പ്രസിദ്ധീകരിച്ച ‘ഡോക്വിക്‌സോട്ട്’ ഇന്നും പലനിലകളിൽ പ്രസക്തമാണെന്ന് മിലാൻ കുന്ദേര ഉൾപ്പെടെയുളള, വിമർശകരും ചിന്തകരുമായ നോവലെഴുത്തുകാർ ആവർത്തിച്ചു പറയുന്നത്. ഇന്നുവായിക്കുമ്പോഴും വിസ്മയകരമാംവിധം കൗതുകകരമായ ആഖ്യാനകലയാണ് ചരിത്രത്തിന്റെ അതികഥനമെന്ന നിലയിൽ രചിക്കപ്പെട്ടിട്ടുളള ക്വിക്‌സോട്ടിന്റേത് എന്ന് നാം കണ്ടു. നോവലിന്റെ ഈ ചരിത്രബന്ധത്തിൽനിന്നു പൊതുവിൽ വഴിമാറി സഞ്ചരിച്ചുആധുനികതയെങ്കിൽ ആധുനികാനന്തരത അതിലേക്കുളള ഒരു തിരിച്ചുവരവുകൂടിയാണ്.
സൽമാൻ റുഷ്ദിക്കുശേഷം ഇന്ത്യൻ ഇംഗ്ലീഷ് നോവലിൽ പോലും നടക്കുന്നുണ്ട് കേരളത്തിന്റെ ചരിത്രവും മിത്തും ഭൂതകാലവും നോവൽവൽക്കരിക്കാനുള്ള ശ്രമങ്ങൾ. അരുന്ധതി റോയ് മാത്രമല്ല ഉദാഹരണം. അനിതാനായരുടെ ഏറ്റവും പുതിയ നോവൽ Idris : Keepers of the Light നോക്കുക. പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഒരു മാമാങ്കത്തിന്റെ ചരിത്രവും കഥയും ആവിഷ്‌കരിക്കുന്നു അനിത. പുള്ളുവൻ പാട്ടിൽ നിന്ന് പ്രചോദനം നേടിയാണ് സാമൂതിരിയെ വധിക്കാനെത്തുന്ന ഒരു ചാവേറിന്റെയും അയാളുടെ പിതാവിന്റെയും കഥ അനിത ചരിത്രമാക്കുന്നത്. മധ്യകാലകേരളത്തിന്റെ ആഗോളസഞ്ചാര ബന്ധങ്ങളുടെ വഴിതേടിയിറങ്ങുന്നു നോവൽ. മലയാളത്തിലും ഇതു വ്യക്തമാണ്. തങ്ങൾ രചിക്കുന്നത് ഭാവനാത്മകമായ ഒരു കഥ മാത്രമല്ല, ചരിത്രാത്മകമായ ഒരു സാമൂഹ്യരേഖകൂടിയാണെന്ന തിരിച്ചറിവ് തന്നെയാണ് സമകാല നോവലിസ്റ്റുകൾ പങ്കുവയ്ക്കുന്ന സാഹിത്യബോധങ്ങളിലൊന്ന്.
ഓർമ്മയെ ചരിത്രവൽക്കരിക്കുകയെന്നത് ആധുനികാനന്തര നോവലിന്റെ ഒരു രാഷ്ട്രീയ സ്വഭാവം തന്നെയായി മാറിയിട്ടുണ്ട് മലയാളത്തിലും. കുന്ദേരയുടെ പ്രസിദ്ധമായ നിരീക്ഷണം, മറവിക്കെതിരെയുള്ള ഓർമയുടെ കലാപങ്ങൾ അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരങ്ങൾ തന്നെയാണ്, നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട് ഇക്കാലയളവിൽ. പ്രകൃതിനിയമം മാത്രമല്ല, തലമുറകൾ, തട്ടകം, ഗോവർധന്റെ യാത്രകൾ, ദൽഹിഗാഥകൾ, ആരാച്ചാർ, കെ.ടി.എൻ. കോട്ടൂർ…. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, വിഭജനങ്ങൾ, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര്, ഒതപ്പ്, മരക്കാപ്പിലെ തെയ്യങ്ങൾ, ആടുജീവിതം, പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ- ഓരോകൃതിയും ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവായിത്തന്നെ ഓർമയെ ചരിത്രവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു. ആധുനികതയിൽ ബോധധാരാസങ്കേതം സ്വീകരിച്ച നോവലുകളിൽ ഓർമ അങ്ങേയറ്റം ആത്മനിഷ്ഠമായ ഒരനുഭവവും ആവിഷ്‌ക്കാരവുമായി മാറിയിരുന്നു. ആധുനികതക്കുശേഷമാകട്ടെ, ഓർമ ഒരു രാഷ്ട്രീയം എന്ന നിലയിലാണ് നോവലിന്റെ ആഖ്യാനകലയിൽ പ്രാധാന്യം നേടിയത്. ജോർജ് ഓർവെല്ലിന്റെ 1984 അവതരിപ്പിച്ച ഓർമ നഷ്ടമാണ് കുന്ദേരക്കു പ്രത്യക്ഷത്തിൽ പ്രചോദനമായതെങ്കിലും ഭരണകൂടങ്ങളും ആധിപത്യങ്ങളും സൃഷ്ടിക്കുന്ന മറവിയുടെ അധികാരഘടന മാത്രമല്ല ‘ഓർമ‘യെ മൂർത്തമാക്കുന്നത്. മാനവികമായ മുഴുവൻ മൂല്യങ്ങളുടെയും നഷ്ടമായും അതുവഴി ചരിത്രത്തിന്റെ തന്റെ തിരോഭാവമായുമാണ് കുന്ദേര മറവിയെ അവതരിപ്പിക്കുന്നത്. മലയാളത്തിലെഴുതപ്പെട്ട പല നോവലുകളും ഈവിധം ജനതയ്ക്കുമേൽ ഭരണകൂടങ്ങളും വ്യവസ്ഥകളും പ്രത്യയശാസ്ത്രങ്ങളും അടിച്ചേല്പിക്കുന്ന മറവിയുടെ രാഷ്ട്രീയത്തെയാണ് പ്രശ്‌നവൽക്കരിക്കുന്നത്.
വിഭജനങ്ങൾ, മരക്കാപ്പിലെ തെയ്യങ്ങൾ, പാലേരിമാണിക്യം എന്നീ നോവലുകളിൽ ഓർമ, ആഖ്യാനത്തിലുടനീളം ഭരണകൂടങ്ങളുടെ ആധിപത്യത്തിനെതിരെ രൂപപ്പെടുന്ന ജനകീയപ്രതിരോധങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും രാഷ്ട്രീയസൂചകമായി മാറുന്നു. ‘സാഹിത്യത്തിന്റെ വഴി ജീവിതത്തിൽനിന്നു ഭിന്നമായി ഭൂതകാലത്തിന്റെ കുറ്റബോധത്താൽ നിങ്ങളെ എപ്പോഴും രോഗാതുരമാക്കിക്കൊണ്ടിരിക്കുകയാണ്. മറവി ജീവിതത്തിനുളളതാണ്. ഓർമ്മ സാഹിത്യത്തിനും. ജീവിതവും സാഹിത്യവും വേറെയായിരിക്കുന്നത് ഈവിധമാണ്. സാഹിത്യത്തിന്റെ വീക്ഷണത്തിൽ, വർത്തമാനകാലത്തിന്റെ ഭൂമിക നിങ്ങൾക്കു സുഖജീവിതം തരികയല്ല, വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂമൊട്ടുകൾ കൊണ്ട് ഉദ്യാനം പണിയുകയല്ല, ഭാവിദുരന്തങ്ങൾക്കെതിരെ ഓർമകൾകൊണ്ടു കാവലിരിക്കുകയാണ്‘, ‘വിഭജനങ്ങളി‘ൽ ആനന്ദ് എഴുതി. മരക്കാപ്പും പാലേരിയും അവിടങ്ങളിലെ ജനതയുടെ ഓർമകൾകൊണ്ടു ചെയ്യുന്നതും മറ്റൊല്ല.
ആത്യന്തികമായി മേൽപ്പറഞ്ഞ ഓരോ സമീപനവും ചെയ്യുന്നത് ഭാവനയും യാഥാർഥ്യവും തമ്മിൽ, കഥയും ചരിത്രവും തമ്മിൽ ആധുനികത നിർമിച്ചെടുത്ത വൈരുധ്യങ്ങളെ അപനിർമിക്കുക എന്നതാണ്. കുന്ദേര സൂചിപ്പിക്കുന്നതുപോലെ നോവലിന്റെ ചരിത്രവൽക്കരണമായും ചരിത്രത്തിന്റെ നോവൽവൽക്കരണമായും ഒരേസമയം തന്നെ മാറിത്തീരുവയാണ് ഇവയിൽ പലതും. ഇക്കാലയളവിലെ നിരവധി രചനകൾ, കഥയും ചരിത്രവും ഒന്നാണെന്ന് വരുത്തുവാൻ സ്വീകരിക്കുന്ന സവിശേഷമായ ഒരു ആഖ്യാനരീതി, ‘യാഥാർഥ ‘ മനുഷ്യരെയും സ്ഥലകാലങ്ങളെയും ബോധപൂർവം കഥയിൽ സന്നിവേശിപ്പിക്കുകയാണ്. ഇതിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം ഗോവർദ്ധന്റെ യാത്രകളാണ്. കാലങ്ങളുടെ കൂടിക്കുഴയൽ, ഭാവനയുടെയും യാഥാർഥ്യത്തിന്റെയും കലങ്ങിമറിയൽ, ചരിത്രത്തിന്റെയും കഥയുടെയും ഇഴപിരിയൽ ഒക്കെ സംഭവിക്കുന്നു ഈ നോവലിൽ. ഇ.എം.എസും (കേശവന്റെ വിലാപങ്ങൾ) മുണ്ടശ്ശേരിയും (ആലാഹയുടെ പെൺമക്കൾ) കുറ്റിപ്പുഴയും (മനുഷ്യന് ഒരു ആമുഖം) സി.ജെ. തോമസും (ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ) എസ്.കെ. പൊറ്റക്കാടും (പ്രവാസം) രാജൻ ഗുരുക്കളും (ഫ്രാൻസിസ് ഇട്ടിക്കോര) ജ്യോതിബസുവും (ആരാച്ചാർ) എം.ഗോവിന്ദനും (കെ.ടി.എൻ.കോട്ടൂർ) മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനും വി.എസ്. അച്യുതാനന്ദനും (കൽപ്രമാണം) കഥാപാത്രങ്ങളായി മാറുന്നു പല രചനകളിലും. ആധുനികതയിൽ ആത്മാനുഭവങ്ങളെ സാമൂഹ്യവൽക്കരിക്കുകയും സാഹിത്യവൽക്കരിക്കുകയും ചെയ്ത ബഷീർ എം.പി. പോളിനെയും മറ്റനവധി സുഹൃത്തുക്കളെയും തന്റെ സാഹിത്യരചനകളിൽ അവതരിപ്പിച്ചതിൽ നിന്ന് ഇതെങ്ങനെ ഭിന്നമാകുന്നു? ബഷീറിന് കഥയും ചരിത്രവും രണ്ടല്ല എന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ട് പോളും മറ്റു സുഹൃത്തുക്കളും കഥയായി മാറി. ഇവിടെയാകട്ടെ, കഥയും ചരിത്രവും രണ്ടാണെന്ന ധാരണയുണ്ട്, പക്ഷെ അവ ഒന്നാണെന്നു വരുത്താൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം കഥാപാത്രങ്ങൾ. നോവലിൽ ഓരോ ചരിത്രസന്ദർഭത്തിന്റെ പ്രത്യക്ഷ സൂചകങ്ങളാണിവർ. ഉദാഹരണത്തിന്, ‘പാലേരിമാണിക്യ‘ത്തിലെ ഇ.എം.എസിനെ നോക്കുക. ഒരു അദൃശ്യകഥാപാത്രമായി നോവലിലുടനീളം നിറഞ്ഞുനിൽക്കുകയാണ് ഇ.എം.എസ്. കാരണം യഥാർഥ ചരിത്രത്തിൽ ‘കഥാനായകൻ‘ ഇ.എം.എസായിരുന്നു. നോവലിലാകട്ടെ, കഥ, ചരിത്രമല്ലാതിരിക്കെത്തന്നെ, ചരിത്രമാണെന്നു വരുത്താൻ ശ്രമിക്കുക മൂലം ഇ.എം.എസ് അതിന്റെ നിഴൽ മാത്രമായി മാറുന്നു. ചിലപ്പോൾ വെറും കൗതുകം മാത്രമാകാം, ചിലപ്പോൾ ഭാവനയിൽ യാഥാർഥ്യമൊളിഞ്ഞിരിക്കുന്നുവെന്നു വരുത്താനുളള ശ്രമമാകാം, ഇനിയും ചിലപ്പോൾ കഥയും ചരിത്രവും രണ്ടല്ല എന്നു വ്യാഖ്യാനിക്കാനാവാം – ഏതർഥത്തിലും ചരിത്രം നോവലിന്റെ ആഖ്യാനകലയിൽ ഒരബോധരാഷ്ട്രീയമായി സഹിതമാകുന്നതിന്റെ പ്രത്യക്ഷരൂപകങ്ങളായി ഇത്തരം കഥാപാത്രങ്ങളും സംഭവങ്ങളും സന്ദർഭങ്ങളും മാറുന്നു. ഡാനി ബോയലിന്റെ സ്ലംഡോഗ് മില്യണെർ എന്ന സിനിമ ഓർക്കുക. യാഥാർഥ്യവും ഭാവനയും വർത്തമാനവും ഭൂതവും തമ്മിലുള്ള അപാരമായ കലർപ്പുകൾകൊണ്ട് നിർമിച്ച ജനപ്രിയ ചരിത്രത്തിന്റെ കൊളാഷാണ് ആ സിനിമ. ഏതാണ്ട് സമാനമാണ് മലയാള നോവലിന്റെയും സമീപകാലം. ഇർവിംഗ് ഹോ പറയുന്നതുപോലെ, നോവലും ചരിത്രവും തമ്മിലുള്ള ബന്ധം കലയും പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധം തന്നെയാണെന്നു തെളിയിച്ചുകൊണ്ട് ഭാവനയുടെ രാഷ്ട്രീയ ഭൂപടങ്ങൾ മുൻപില്ലാതിരുന്നവിധം ചരിത്രബദ്ധമാക്കുകയാണ് മലയാള നോവൽ. ഹോ, ഇങ്ങനെകൂടി പറഞ്ഞു : “History makes, history unmakes, the novel”.
Be the first to write a comment.