സാർവജനീനമായ മാനവും ശാശ്വതമായ പ്രഭാവവുമുള്ള വിഷയമായ ഫെമിനിസ്റ്റ് പ്രശ്നം എല്ലാ കാലത്തും  ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണു. മനുഷ്യകുലത്തിൽ നിന്ന് സ്ത്രീകളെ അപരവൽകരിക്കുന്ന പ്രാചീനമായ രീതി കാലമേറെ പിന്നിട്ടിട്ടും അധികം മാറിയിട്ടില്ല. ലിംഗപരമായ പ്രശ്നങ്ങളും അവയിലെ സ്ത്രീഅനുഭവങ്ങളും സമകാലീന  ഉത്തരാധുനിക, ഉത്തര ഫെമിനിസ്റ്റ് യുഗത്തിലും എങ്ങനെയാണു പിന്നെയും തുടരുന്നത് എന്നത് വിസ്മയകരമാണു. 19-ആം നൂറ്റാണ്ടിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഫെമിനിസ്റ്റ് പ്രശ്നങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കണ്ടെത്താനാകുന്നുവെന്നും ആഗോളമായിത്തന്നെ എല്ലാ തലമുറകളിലുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങളായി പ്രസക്തമായി തുടരുന്നുവെന്നുമുള്ള അസ്വസ്ഥകരമായ യാഥാർത്ഥ്യമാണു ഡോറിസ് ലെസ്സിംഗിന്റെ (Doris Lessing) The Golden Note Book (1962) എന്ന പുസ്തകത്തിന്റെ പുനർവായന വ്യക്തമാക്കുന്നത്. ലെസ്സിംഗുമായി പതിനഞ്ച് വർഷം മാത്രം  വയസ്സിൽ ഇളപ്പമുണ്ടായിരുന്ന പ്രമുഖ ഇന്ത്യൻ കവിയായ കമലാദാസിന്റെ കവിതകളിലെ സ്ത്രീപ്രശ്നങ്ങളുമായി ചേർത്ത് വെച്ച് വായിക്കാനാണു ഇവിടെ ശ്രമിക്കുന്നത്. 1984 ഡോറിസ് ലെസ്സിംഗ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം അവർക്കൊപ്പം തന്നെ അതിനായി പരിഗണിക്കപ്പെട്ടിരുന്ന കമലാദാസ് സാഹിത്യലോകത്ത് ഡൊറിയെക്കാളും ഒട്ടും പിന്നിലല്ലായിരുന്നു. രണ്ട് പേരും സ്ത്രീ ശക്തീകരണത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ച്  സമാനമായ വീക്ഷണങ്ങൾ വെച്ചുപുലർത്തിയിരുന്നവരാണു.  എന്നിരുന്നാൽ തന്നെയും ആധുനികരും ചലനാത്മകമായ വീക്ഷണങ്ങൾ പുലർത്തുന്നവരുമായ നമ്മുടെ കാലഘട്ടത്തിലെ സ്ത്രീകളെ ഏതെങ്കിലും കള്ളികളിലേക്ക് ഒതുക്കി വായിക്കുന്ന രീതി ഇന്നും തുടരുകയാണു. ബാഹ്യമായി വിപ്ലവകരമായ പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കിലും  സ്ത്രീയുടെ ആന്തരിക ജീവിതം ഇന്നും സംഘർഷഭരിതമായി തുടരുന്നതെന്തുകൊണ്ടാകാം എന്ന ചോദ്യത്തിനാണു ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. ലെസ്സിംഗിന്റെ പുസ്തകത്തിലെ കഥാപാത്രങ്ങളുടെയും ഇന്ത്യയിലെ ഏറ്റവും സമുന്നതയായ സ്ത്രീ കവിയായ കമലാദാസിന്റെ തെരഞ്ഞെടുക്കപ്പെട്ട കവിതകളിൽ നിറയുന്ന ഫെമിനിസ്റ്റ് ആശയങ്ങളുടെയും വെളിച്ചത്തിൽ സ്ത്രീകളുടെ വിഷമാവസ്ഥകൾക്ക് കാരണങ്ങളായ സാമൂഹ്യവും മാനസികവുമായ പ്രശ്നങ്ങളെയാണു ഈ പഠനത്തിൽ ചർച്ച ചെയ്യുന്നത്.

താനും ഒരു ആൺകുട്ടിയും തമ്മിലുള്ള ശക്തവും സ്പഷ്ടവുമായ വേർതിരിവിന്റെ നിയമങ്ങളെ കൈക്കൊള്ളാനും ശിഷ്ടജീവിതം  സമൂഹത്തിന്റെ ആ രീതിയിലുള്ള പരമ്പരാഗത മൂല്യബോധങ്ങളുമായി മുന്നോട്ട് നയിച്ചുകൊള്ളാനുമാണു പെൺകുട്ടികളെ കുട്ടിക്കാലം മുതൽക്ക് പോലും  പഠിപ്പിച്ച് വിടുന്നത്. അവൾ മുതിർന്ന ഒരു സ്ത്രീയാകുന്നതോടെ ഈ പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുവാനും എന്ത് വില കൊടുത്തും അവളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനുമുള്ള ധൈര്യമോ ശക്തിയോ നേടുന്നു. പുരുഷാധിപത്യ സമൂഹത്തിൽ തന്റെ ‘സ്വത്വം’ ഉറപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സ്ത്രീ നേരിടേണ്ടി വരുന്ന, കടന്ന് പോകുന്ന, യാതനകളും  പീഡകളും ഡോറിസ് ലെസ്സിംഗിന്റെയും കമലാദാസിന്റെയും കഥാപാത്രങ്ങൾ കാട്ടിത്തരുന്നുണ്ട്.

The Golden Note Book എന്ന പുസ്തകം സ്ത്രീ ലൈംഗികത, അന്യവൽക്കരണം, ആത്മവിഘടനം, തെറ്റായ രിതിയിലുള്ള ക്രമീകരണം, സ്വയംചികിൽസ എന്നിവയെല്ലാം തുറന്ന് ചർച്ചചെയ്യുന്നു

. നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായ അന്ന വുൾഫും  മോളിയും  എഴുത്തുകാരി, അമ്മ, ഭാര്യ, കാമുകി, തൊഴിലാളി, രാഷ്ട്രീയപ്രവർത്തക എന്നിങ്ങനെയുള്ള  തങ്ങളുടെ വിവിധ ഭാവങ്ങളിൽ ഉൾചേരുന്ന ആശയങ്ങളുടെയും സങ്കല്പങ്ങളുടെയും  ശിഥിലീകരണവുമായും  മോഹഭംഗങ്ങളുമായും പൊരുതുന്നുണ്ട്. അതൊരു ഫെമിനിസ്റ്റ് കൃതിയണെന്നുള്ള അഭിപ്രായങ്ങളെ ലെസ്സിംഗ് ശക്തമായി നിഷേധിച്ചിരുന്നെങ്കിലും നോവലിൽ പരാമർശിച്ചിരിക്കുന്ന പ്രശ്നങ്ങൾ യുദ്ധാനന്തര ഇംഗ്ലണ്ടിലെ സ്ത്രീകളുടെ ആത്മസംഘർഷങ്ങൾ സ്പഷമായി തൊട്ടുകാണിക്കുന്നുണ്ട് എന്നതിനാൽ നിശ്ചയമായും ഒരു ഫെമിനിസ്റ്റ് കൃതി തന്നെ. അന്ന് നിലവിലിരുന്ന ലിംഗസ്വത്വങ്ങളുടെ വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തരായി പുരുഷാധിപത്യം സമ്മാനിക്കുന്ന യാതനാഭരിതവും ഏകവർണ്ണാങ്കിതവും യാന്ത്രികവും വ്യവഹാരികവുമായ  അവസ്ഥകളിൽ നിന്ന്  സ്വാതന്ത്ര്യം നേടാനുള്ള സാധ്യതകളും അവയിലെ പ്രായോഗികതകളും അന്വേഷിക്കുന്നവരായാണു നോവലിലെ സ്ത്രീകളെ ലെസ്സിംഗ് അവതരിപ്പിച്ചിട്ടുള്ളത്. സ്വതന്ത്രരായ സ്ത്രീകളായി ജീവിക്കുവാനുള്ള അദമ്യമായ  ആഗ്രഹത്തോടെ അവർ സ്ത്രീത്വത്തിന്റെ സാമൂഹികമായ പരുവപ്പെടുത്തലിനെ അങ്ങേയറ്റം വെറുപ്പോടെ കണ്ടു. ഇന്ത്യയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട  ഫെമിനിസ്റ്റ് കവിയായ കമലാദാസ് അതിനെ ഈ വരികളിൽ ചിത്രീകരിച്ചിട്ടുണ്ട്.

“നീയെന്നെ ഭാര്യയെന്ന് വിളിച്ചു,
നിന്റെ ചായയിലേക്ക് പഞ്ചസാര പൊട്ടിച്ചിടാനും
നിശ്ചിതസമയത്ത് വിറ്റാമിനുകൾ പകരാനും എന്നെ പഠിപ്പിച്ചു,
താണു വണങ്ങി, നിന്റെ ബീഭൽസമായ അഹന്തയ്ക്ക് കീഴെ
മന്ത്രം പതിപ്പിച്ച അപ്പം തിന്ന് ഞാനൊരു കുള്ളത്തിയായി മാറി,
സങ്കല്പങ്ങളും യുക്തികളും നഷ്ടപ്പെട്ട ഞാൻ
നിന്റെ എല്ലാ ചോദ്യങ്ങൾക്കും അസംബന്ധങ്ങളായ മറുപടികൾ മൂളി”
( പഴയ കളിവീട്: 12 – 17)

കമലാദാസിന്റെ കവിതകളിലെ സ്ത്രീകൾ ഇത്തരത്തിൽ തീവ്രമായി നീരസപ്പെടുകയും വഴങ്ങാതിരിക്കുവാനുള്ള ഉറച്ച മനക്കരുത്ത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു ‘യഥാർത്ഥ സ്ത്രീ’ ആകുവാനുള്ള നിതാന്തമായ യാത്ര തുടരുന്ന അവർ അതെന്താണെന്ന് വിശദീകരിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോയെന്ന് അത്ഭുതം കൂറുന്നു. കാപട്യങ്ങളുടെ ഈ ലോകത്ത്  സ്വയം അധീനപ്പെട്ടും കീഴടങ്ങിയും തന്റെ പുരുഷനെയും കുടുംബത്തെയും അത് വഴി പുരുഷാധിപത്യം വാഴുന്ന ഈ സമൂഹത്തെതന്നെയും തൃപ്തിപ്പെടുത്താം എന്ന പൊതുവായ  മുൻവിധിക്ക് അവർ വഴിപ്പെടുന്നു. സമൂഹത്തിന്റെ സാമൂഹ്യ-ലിംഗ നിയമങ്ങൾക്ക് മനസ്സില്ലാതെ  സമരസപ്പെടുമ്പോഴും  ഗൃഹാന്തരീക്ഷത്തിന്റെ കൃപകൾ എന്ന് വാഴ്ത്തപ്പെടുന്ന അവയെ തകർത്തെറിയാനുള്ള ആഗ്രഹം അവരുടെയുള്ളിൽ രഹസ്യമായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീ-പുരുഷബന്ധങ്ങളിൽ സമൂഹം അനുശാസിക്കുന്ന മാനങ്ങൾ  അവൾക്ക് കൈവരിക്കാനാകാതെ വരുന്നു. പുരുഷന്മാർ നിയന്ത്രിക്കുന്ന ലോകത്ത്ഒരു ശരീരം മാത്രമായി ചുരുങ്ങിപ്പോകുന്ന സ്വന്തം അവസ്ഥയോർത്ത് അവൾ ഖിന്നയാകുന്നു.

പുരുഷാധിപത്യ പ്രഭാഷണങ്ങളുടെ പ്രായോക്താക്കൾ സ്ത്രീത്വത്തിന്റെ ആചരണങ്ങൾക്ക് സവിശേഷമായ ഭാഷ്യങ്ങൾ തീർക്കുന്നു. കുട്ടിക്കാലം മുതൽക്കു തന്നെ കളിപ്പാട്ടങ്ങളിലൂടെയും വേഷച്ചമയങ്ങളിലൂടെയും അവളെ അത്തരത്തിൽ പരുവപ്പെടുത്തിയെടുക്കുന്നു. ദൈനംദിന ജീവിതത്തെ അഭിമുഖീകരിച്ച് മുന്നോട്ട് പോകവെ മുഖത്ത് ആവാഹിക്കേണ്ട ഭാവങ്ങൾ ഏതെന്ന് പോലും അവളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. പുരുഷകേന്ദ്രീകൃത സമൂഹത്തിലെ സുഗമമായ അതിജീവനത്തിനായി അണിയേണ്ട പ്രത്യേകശരീരഭാഷയും ചിഹ്നങ്ങളും അടയാളങ്ങളും വരെ അവളെ ശീലിപ്പിക്കുന്നു.

“സാരിയണിയൂ, പെൺകുട്ടിയാകൂ
ഭാര്യയാകൂ, ചിത്രത്തുന്നലുകാരിയാകൂ, പാചകക്കാരിയാകൂ
ജോലിക്കാരുമായി കലഹിക്കൂ, പാകപ്പെടൂ,
ഇതിന്റെഭാഗമാകൂ – പട്ടികനിർമ്മാതാക്കൾഅലറുകയാണു.” (“ഒരാമുഖം” 120)

ലെസ്സിംഗിന്റെ സ്ത്രീകൾ സ്ത്രീത്വത്തിന്റെ വാർപ്പുമാതൃകകൾ ചേർത്ത് തുന്നിയ വലയിലേക്ക് അനുയോജ്യരായി ഉൾച്ചേരാനുള്ള വർഗീകരണക്കാരുടെ ആഹ്വാനത്തെ വെറുപ്പോടെയാണു കാണുന്നത്. ഒരു മാതൃകാസ്ത്രീ എന്നാൽ ഒരിക്കലും പരാതി പറയാത്ത, ഉത്തരവാദത്തങ്ങളും ആരോപണങ്ങളും വികാരലേശമേന്യ ചുമലേറ്റുന്ന ഒരു വീട്ടമ്മയായിരിക്കണം എന്ന മട്ടിലുള്ള സ്ത്രീത്വത്തിന്റെ വാഴ്ത്തുപാട്ടുകളിൽ അഭിരമിക്കാൻ ലെസ്സിംഗിന്റെ സ്ത്രീകൾ തയ്യാറല്ല. The Golden Note Book –ലെ അന്നയും മോളിയും അടുത്ത സുഹൃത്തുക്കളും തങ്ങളുടെ മുൻഭർത്താക്കന്മാർ, മാതൃത്വപ്രശ്നങ്ങൾ, കാമുകർ, ജോലി, മാനസികബുദ്ധിമുട്ടുകൾ തുടങ്ങിയ ജീവിതത്തിലെ വിവിധപ്രശ്നങ്ങളിൽ അന്യോന്യം കൈത്താങ്ങാകുന്നവരുമാണു.  സാധാരണഗതിയിൽ പൊതുവായി പങ്കുവയ്ക്കാത്ത കാര്യങ്ങളെക്കുറിച്ച് അവർ അന്യോന്യം സംസാരിക്കുന്നത് വളരെ ഊർജ്ജത്തോടെയാണു ലെസ്സിംഗ് വിവരിക്കുന്നത്. മോളിയുമായി വിവാഹമോചനം നേടിയ ശേഷം അവരുടെ ഭർത്താവായിരുന്ന റിച്ചാർഡ് സ്വന്തം സെക്രട്ടറിയായ മാറിയോണെ വിവാഹം കഴിച്ച് വലിയൊരു വീട്ടിൽ കുട്ടികളോടൊപ്പം കഴിയുന്നു. വിവാഹത്തിനു വർഷങ്ങൾക്കു ശേഷം പൊടുന്നനെ ഒരു ദിവസം മാത്രമാണു എല്ലാം വെറുതേയായിരുന്നുവെന്നും തന്റെ ജീവിതം അർഹതയില്ലാത്ത ഒരു മനുഷ്യനു വേണ്ടി പാഴാക്കുകയായിരുന്നുവെന്നും തിരിച്ചറിയുന്നത്. താൻ തിരിച്ചറിഞ്ഞ കാര്യം അവൾ അന്നയോട് വിവരിക്കുന്നു:
“ദൈവമേ, ആ ജീവിക്കുവേണ്ടി ഞാനെന്റെ ജീവിതം നശിപ്പിച്ചുവോ എന്നാണു മനസ്സിൽ വന്നത്. ആ നിമിഷം കൃത്യമായിത്തന്നെ ഞാനോർക്കുന്നു. ഒരു നിശാവസ്ത്രവുമണിഞ്ഞ് ഞാൻ പ്രാതൽമേശയ്ക്കരികെ ഇരിക്കുകയായിരുന്നു. നീളം കുറഞ്ഞ മട്ടിൽ, ഞൊറികളും പൂക്കളുമൊക്കെയുള്ള – അയാൾക്ക് ഞാനത്തരം വസ്ത്രങ്ങൾ അണിഞ്ഞു കാണുന്നതായിരുന്നു  ഇഷ്ടം. എനിക്കെന്നും അവ അസഹ്യമായിരുന്നു. ഞാൻ ആലോചിക്കുകയായിരുന്നു – വർഷങ്ങൾ, വർഷങ്ങളോളം അങ്ങേയറ്റം വെറുത്തിരുന്ന വസ്ത്രങ്ങൾ ആ ജന്തുവിനു വേണ്ടി ധരിക്കുകയായിരുന്നു ഞാനെന്ന്”(GN 351).

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരത്തിലുള്ള ‘വിട്ടുവീഴ്ചകൾ’ ചെയ്യാനുള്ള ധാരണയ്ക്ക് ഒരു സാർവ്വലൗകിക സ്വഭാവമുണ്ട് എന്നതാണു. അഭിനന്ദനത്തിനും അംഗീകാരത്തിനുമായി വളരെ സാഹസികതയോടെ സ്ത്രീകൾ പുരുഷലോകത്തിന്റെ വഴികളുമായി വിട്ടുവീഴ്ചകളിൽ ഏർപ്പെടുന്നു. ഇത് പതിയെ അവരുടെ സ്ത്രീ എന്ന സ്വത്വം ശിഥിലമായിപ്പോകുന്നതിനും ഫലത്തിൽ അത് ഇല്ലാതാകുന്നതിലേക്കും നയിക്കുന്നു. “ആത്മഹത്യ” എന്ന കവിതയിൽ ലിംഗപരമായി അടിച്ചമർത്തുന്ന ഈ പുരുഷാധിപത്യസമൂഹത്തിൽ വിവാഹിതരായ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ഇച്ഛാഭംഗങ്ങൾക്കും വികാരങ്ങളുടെ ഊഷരതകൾക്കുമെതിരെ പൊട്ടിത്തെറിക്കുന്നുണ്ട് കമലാദാസ്.

“ഞാൻ ഭാവിക്കണം
ഞാൻ അഭിനയിക്കണം
ഒരു സന്തോഷവതിയായ സ്ത്രീയുടെ വേഷം കെട്ടണം,
ഒരു സന്തോഷവതിയായ ഭാര്യയുടെ.
എനിക്കും എന്റെ സങ്കടങ്ങൾക്കുമിടയിൽ
ഞാൻ കൃത്യമായ അകലം സൂക്ഷിക്കണം.
എനിക്കും എന്റെ ആനന്ദങ്ങൾക്കുമിടയ്ക്കും സൂക്ഷിക്കണം ഞാൻ
-കൃത്യമായ അകലങ്ങൾ. [എങ്ങനെ പാടണമെന്ന് ആത്മാവിനു മാത്രമാണറിയുക (Only the Soul Knows How to Sing 108)].

അങ്ങനെ വ്യക്തിത്വവും ആത്മാഭിമാനവും വൈവാഹിക ജീവിതത്തിന്റെ എല്ലാ പ്രണയാഭിലാഷങ്ങളും അവരിൽ നിന്ന് കവർന്നെടുക്കപ്പെടുന്നു. ഉടമസ്ഥന്റെ ഇച്ഛയ്ക്കനുസരിച്ച് ചലിക്കുന്ന ഒരു പാവയുടെ വേഷം അവൾ അഭിനയിക്കുന്നു. ഈ രീതിയിലാണു കാര്യങ്ങൾ എന്ന മുൻവിധിയോടെയുള്ള സമീപനം ചലച്ചിത്രമടക്കമുള്ള മിക്ക കലാരൂപങ്ങളിലും  സ്ത്രീയെ ഇങ്ങനെ പാത്രവൽക്കരിക്കുന്നതിനു കാരണമാകുകയും  ചെയ്യുന്നു. ഒരു നോവലിസ്റ്റായ അന്ന വൂൾഫിന്റെ ഏറ്റവും പുതിയ നോവൽ ചലച്ചിത്രമാക്കാനിരിക്കുകയാണു. പോളും എല്ലയും തമ്മിലുള്ള പ്രണയത്തെ ഈ അതികഥനത്തിൽ അവരെങ്ങനെയാകും ചിത്രീകരിക്കുക എന്നോർത്ത് എഴുത്തുകാരി ആശങ്കാകുലയാകുന്നു.

“ഒരു സ്ത്രീ ഒരു പുരുഷനെ പ്രണയിക്കുന്നു എന്നത് കാണിക്കുന്നതിനായി  അയാളുടെ കോളിംഗ്ബെല്ലിനു കാതോർത്തുകൊണ്ട് അവൾ അയാൾക്ക് ഭക്ഷണം പാകം ചെയ്യുന്നതോ ഒരു വൈൻബോട്ടിൽ തുറക്കുന്നതോ കാണിക്കും ഇവർ. അല്ലെങ്കിൽ ഉറക്കത്തിന്റെ ശാന്തതയിൽ നിന്നും വരവേൽക്കുന്ന ഒരു പുഞ്ചിരിയിലേക്കുള്ള അയാളുടെ മുഖത്തിന്റെ സംക്രമണം കാണാനായി അതിരാവിലെ അയാൾക്കും മുൻപെ എഴുന്നേൽക്കൽ. ഉവ്വ്. ഒരായിരംവട്ടം ആവർത്തിച്ചാവർത്തിച്ച്(GN 210).”

ലെസ്സിംഗിന്റെ സ്ത്രീകൾ ആത്മഹത്യാപരമായ ഈ യാഥാസ്ഥിതികതയെയും തങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന വ്യവസ്ഥാപിതമായ നിയമങ്ങളെയും എതിർക്കാനും തകർക്കാനും ധൈര്യം കാട്ടുന്നവരാണു. സന്തോഷവതിയായ സ്ത്രീ/ സന്തോഷവതിയായ ഭാര്യ/ സന്തോഷവതിയായ അമ്മ എന്നിങ്ങനെയുള്ള വേഷങ്ങൾ കെട്ടി അവർ മടുത്തു.  തങ്ങൾക്ക് അങ്ങേയറ്റം പ്രിയപ്പെട്ടവ ഉപേക്ഷിച്ചുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി കാര്യങ്ങൾ ചെയ്യുന്ന അവസ്ഥ അവരെ നിരാശരാക്കുന്നു. വാസ്തവത്തിൽ എവിടെയാണു സ്ത്രീകളുടെ സ്ഥാനം?  എവിടെ, എങ്ങനെയാണവർക്ക് ഏറ്റവും ഭ്രാന്തമായും ഏറ്റവും സൂക്ഷ്മമായുമൊക്കെ തങ്ങളെത്തന്നെ പ്രകടിപ്പിക്കാൻ കഴിയുക? അന്നയും മോളിയും തമാശകൾ പൊട്ടിച്ചും ഉറക്കെച്ചിരിച്ചും സല്ലാപം തുടരുന്നു. അന്ന ലൈംഗികതയെക്കുറിച്ച് തുറന്നെഴുതുകയും ഏത് ബോധത്തിലോ തരത്തിലുമോ ഉള്ള ഏതൊരു സ്ത്രീയ്ക്കും ശരീരത്തിന്റെ ആനന്ദങ്ങളെക്കുറിച്ച് പുരുഷന്മാരെക്കാൾ അറിവുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. നോവലിലുള്ള അത്തരത്തിലുള്ള തുറന്ന ചർച്ചകൾ അക്കാലങ്ങളിൽ വിവാദമാവുകയും ആ നോവൽ തന്നെ അശ്ലീലസാഹിത്യമാണെന്ന് കണക്കാക്കപ്പെടുകയും ചെയ്തു. വിലക്കപ്പെട്ട ചിലവാക്കുകൾ ഉച്ചരിക്കുന്നതിൽ നിന്നും സ്ഥിരമായി നിശബ്ദരാക്കപ്പെടുന്നതിനാൽ പുരുഷനിർമ്മിതമായ ഒരു ഭാഷയിൽ തങ്ങൾക്ക് സ്വന്തമായി ചില പദങ്ങൾ സ്ത്രീകൾ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട് എന്നു തോന്നുന്നു. കാമ്പുള്ള ഒരു സ്ത്രീയുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള കോളനിവൽക്കരണാനന്തരകാലത്തെ ഫെമിനിസ്റ്റ്  ചോദ്യം കമലാദാസ് ഈ വരികളിൽ ഉന്നയിക്കുന്നു.

“എന്തുകൊണ്ട് എനിക്കിഷ്ടമുള്ള ഭാഷയിൽ
സംസാരിക്കാൻ എന്നെ അനുവദിച്ചുകൂടാ? ഞാൻ സംസാരിക്കുന്ന ഭാഷ
എന്റെ സ്വന്തമായിത്തീരുന്നു,
അതിന്റെപരിവർത്തനങ്ങൾ,  അതിന്റെഅപൂർവ്വതകൾ
എല്ലാം എന്റേതായിത്തീരുന്നു, എന്റേതുമാത്രം”
[“ഒരാമുഖം”(“An Introduction”) 9-12].

വാക്കാലും പ്രവൃത്തിയാലും വെട്ടിത്തുറന്ന് സ്വയം  പ്രകടിപ്പിക്കുന്നതിൽ നിന്നും പുരുഷത്വത്തിന്റെ അധികാരമേൽക്കോയ്മാഭാവങ്ങൾ സ്ത്രീകളെ വിലക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നുവെന്ന് ലെസ്സിംഗിന്റെയും കമലാദാസിന്റെയും സ്ത്രീകഥാപാത്രങ്ങൾ മനസ്സിലാക്കുന്നു. ലൈംഗികതയും സ്വകാര്യതകളും  ചർച്ച ചെയ്യുന്ന സ്ത്രീകൾ  വ്യവസ്ഥാപിത കാഴ്ചപ്പാടിന്റെ വാർപ്പുകളിൽ വിചിത്രരും പൊതുരീതികൾക്ക് പുറത്തുള്ളവരുമായാണു ഗണിക്കപ്പെടുന്നത്. ദൈനംദിനജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്കുകൾ പോലും ലിംഗപരമായ അടക്കമുള്ളവയായിരിക്കണമെന്ന നിഷ്കർഷ ഞെട്ടിപ്പിക്കുന്നതാണു. “വാക്കുകൾ”എന്ന കവിതയിൽ കമലാദാസ് പറയുന്നു.

“വാക്കുകൾ ശല്യക്കാരാണു, എന്നാൽ
അവ ഒരു മരത്തിലെ ഇലകളെന്നവണ്ണം എന്നിൽ വളരുന്നു
അവർ ആ വരവ് നിർത്തുകയേയില്ല എന്ന് തോന്നുന്നു
ഉള്ളിലാഴത്തിലെവിടെയോ ഉള്ള ഒരു നിശബ്ദതയിൽ നിന്നും”
– [എങ്ങനെ പാടണമെന്ന് ആത്മാവിനു മാത്രമാണറിയുക (Only the Soul Knows How to Sing 45]
ഭാഷയുടെ പുരുഷാധിപത്യപരമായ ക്രമങ്ങൾക്ക് രാഷ്ട്രീയമായ വിവക്ഷകളുണ്ട് എന്നതിനാലാണിത്. സ്ത്രീകളെ ശക്തിരാഷ്ട്രീയത്തിന്റെ പുറത്ത് നിർത്തുന്ന, പുരുഷന്മാരുടേതായ രീതിയിലുള്ള ലോകക്രമമായതിനാലുമാകാം. രാഷ്ട്രീയബലാബലങ്ങളിൽ നിന്ന് അതിഭീകരമായി സ്ത്രീകളെ അകറ്റിനിർത്തുന്നതിനെതിരെ കമലയും ലെസ്സിംഗും ആഞ്ഞടിക്കുന്നുണ്ട്, അത്തരം പ്രവൃത്തികളെ നിന്ദിക്കുന്നുണ്ട്. തന്റെ The Golden Note Book എന്ന നോവലിനുള്ള ആമുഖത്തിൽ സ്ത്രീകൾ രണ്ടാംതരം പൗരകളാണെന്ന് സമർത്ഥിച്ച ലെസ്സിംഗ് അക്കാലത്തെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളുടെ യഥാർത്ഥലക്ഷ്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. ‘ഒരാമുഖം’ എന്ന തന്റെ കവിതയ്യുടെ ആദ്യ വരിയിൽ “എനിക്ക് രാഷ്ട്രീയമറിയില്ല, എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ പേരുകളറിയാം” എന്ന് കമലാദാസ് എഴുതുന്നത് നിശിതമായ വിമർശനം ഉൾച്ചേർത്തുകൊണ്ടാണു. അനാദികാലം മുതൽക്ക് സ്ത്രീമനസ്സിലേക്ക്  അടിച്ചേല്പിച്ച താൻ പുരുഷനെക്കാൾ താണവളാണു എന്ന ചിന്തയാണു ഇതിനെല്ലാം കാരണം. അതിനെതിരെയുള്ള ഏത് തരത്തിലുമുള്ള സാഹസികതകളിൽ നിന്നും കലാപങ്ങളിൽ നിന്നും അത് അവളെ പിൻവലിക്കുന്നു. സൈമൺ ദി ബുവ്വ ചൂണ്ടിക്കാട്ടിയതു പോലെ,
“പൊതുവിൽ, മുഴുവൻ സമൂഹവും, ആദ്യം തന്നെ അവളുടെ ബഹുമാന്യരായ അച്ഛനമ്മമാർ മുതൽ അവളോട് കള്ളങ്ങളാണു പറയുന്നത്. സ്നേഹത്തിന്റെയും, സമർപ്പണത്തിന്റെയുമൊക്കെ ഉന്നതമൂല്യങ്ങളെ കപടമായി സ്തുതിക്കുന്ന അവരാരും അതിനൊക്കെ അവൾ കൊടുക്കേണ്ടീവരുന്ന വില കാമുകനോ ഭർത്താവോ കുട്ടികളോ പങ്കിടില്ല എന്ന സത്യം പറയില്ല. എന്നാൽ സ്വാതന്ത്ര്യവാഞ്ഛയുടെ ഉത്കണ്ഠയിൽ നിലകൊള്ളുന്ന പ്രലോഭനം മുന്നോട്ട് വയ്ക്കുന്നത്  എളുപ്പമുള്ള വഴിയെ ഇറങ്ങിയാൽ മതി എന്ന തീരുമാനമാണു എന്നതിനാൽ അവൾ സന്തോഷപൂർവ്വം ആ കള്ളങ്ങൾ വിശ്വസിക്കുന്നു. എന്നാൽ അവളുടെ യഥാർത്ഥഭാവം വിധേയത്വവും സമർപ്പണവുമാണെന്ന് സ്ഥാപിച്ചുകൊണ്ട് കുട്ടിക്കാലം മുതൽക്ക് ജീവിതകാലം മുഴുവൻ അവളെ ചൂഷണം ചെയ്യുകയും തകർക്കുകയും ചെയ്യുന്നവരാണു ആ വഴിയിലേക്ക് അവളെ ക്ഷണിക്കുന്നത്” (രണ്ടാംലിംഗം.730)

രക്ഷകർതൃത്വഭാവം പൂണ്ടുള്ള സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ എതിർപ്പുകൾ കൂടാതെ സ്വീകരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഇതാണു സംഭവിക്കുക. ജീവിതത്തിൽ ഉടനീളം  ജീവിതത്തിന്റെ സമസ്തമേഖലകളിലും വേണ്ടി വരുന്ന പരുവപ്പെടുത്തൽ പുനർവിചാരങ്ങളില്ലാതെ ആവർത്തിച്ച് അനുഷ്ഠിക്കേണ്ടി വരുന്നു. അങ്ങനെ പതിയെപതിയെ അവർ ലിംഗബോധം ചേർന്ന് നിൽക്കുന്ന ഒരു ആത്മബോധത്തിലേക്കെത്തുന്നു. ഡ്രെസ്സ് കോഡുകൾ, ശരീരഭാഷ, താല്പര്യങ്ങൾ, ഗാർഹികചുമതലകൾ, വിധേയത്വങ്ങൾ മുതൽ ലൈംഗികതാല്പര്യങ്ങളിൽ വരെ സ്ത്രീ അനുഷ്ഠിക്കേണ്ടതായ അച്ചടക്കങ്ങളിലേക്ക് പരുവപ്പെടുന്നു. ആ നിയമങ്ങളുടെ ഏത് വിധേനയുമുള്ള ലംഘനം സമൂഹത്തിന്റെ അപ്രീതിയും എതിർപ്പും ക്ഷണിച്ചുവരുത്തുമെന്നും അവർ ഭയപ്പെടുന്നു. പുരോഗമനപരമായ ചിന്തകളും ഉയർന്ന നിലപാടുകളും ഉള്ളവരെന്ന് ഭാവിക്കുമ്പോഴും ഇതാണു അവരുടെ യഥാർത്ഥമായ അവസ്ഥ. അതുകൊണ്ടാണു ലെസ്സിംഗ് നിന്ദയോടെ പറയുന്നത്, “ നീ അക്രമകാരിയാണു, നിനക്ക് പെണ്മയില്ല, നീ എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു – എന്നൊരു പുരുഷൻ പറയുമ്പോൾ കല്ലെറുകൊണ്ട് ഓടുന്ന കുഞ്ഞുനായ്ക്കളെപ്പോലെ ഓടുന്നവരാണു മിക്ക സ്ത്രീകളും” (GN 9).  പെണ്മയും സ്വകാര്യതകളും സാമൂഹ്യമായ സ്വീകാര്യതയും കാത്ത് സൂക്ഷിക്കുന്നതിനായി തുല്യരായി കണക്കാക്കപ്പെടണം എന്ന അവകാശങ്ങൾ പോലും അവർ സ്വയം അടിയറവയ്ക്കുന്നു. അവരുടെ വ്യക്തിത്വം അങ്ങനെ ശിഥിലമായിപ്പോകുന്നു– അവർക്ക് തന്നെ ഓക്കാനമുണ്ടാക്കുന്ന രീതിയിൽ. The Golden Note Book – ന്റെ ആദ്യവരി ഈ അനുഭവത്തെ പ്രകടമാക്കുന്നുണ്ട്. “ഞാൻ കാണുന്നിടത്തോളം എനിക്ക് പ്രധാനമായി തോന്നുന്നത് സകലതും പിളർന്ന് പൊട്ടിത്തെറിച്ചുപോകുന്നു എന്നതാണു” (GN 25). തീ പോലെ പൊള്ളിക്കുന്ന ഇത്തരം അനുഭവങ്ങൾ ചിത്തഭ്രമത്തിലേക്കെത്തിക്കുക വഴി സ്ത്രീയെ ആകെ വക്രീകരിക്കപ്പെട്ട ദുർഘടപാതകളിലും ബുദ്ധിയുണരുന്ന പേക്കിനാവുകൾക്കുമിടയ്ക്ക് തളച്ചിടുന്നു. ഇവ തമ്മിലുള്ള വൈരുദ്ധ്യം, ഭ്രാന്തിനും സുബോധത്തിനുമിടയ്ക്കുള്ള അകലം, അവരുടെ നാഢികളെ തളർത്തി രോഗികളാക്കുന്നു. ഇങ്ങനെ ചിത്തഭ്രമം ബാധിച്ച തരം ക്ഷോഭങ്ങളിൽ നിന്നും  നേടുന്ന അതീവമായ മൂർച്ചയോടെ തുടരെ കലഹിക്കുന്നുണ്ട് കമലാദാസിന്റെ കവിതകൾ. തീവ്രവും പ്രക്ഷുബ്ദ്ധവുമായ രീതിയിലുള്ള വികാരങ്ങളുടെ പൊട്ടിത്തെറി അവയിലെ നിതാന്തമായ കാഴ്ചയാണു.  അലൻ ഗ്രഹാം പറയുന്നു, “കൊളോണിയൽ ജനതയെപ്പോലെ , ചിതറിയോ ഭാഗിക്കപ്പെട്ടോ എന്ന മട്ടിലൊരു  അനിവാര്യതയിലാണു സമൂഹത്തിൽ സ്ത്രീ ജീവിക്കുന്നത്”(160). തകർത്തെറിയാൻ സാധിക്കാത്ത മാനസികമായ അടിമത്തം ഇന്നും നിലനിൽക്കുന്നു എന്നതിനാൽ ‘കൊളോണിയൽ ജനത’ എന്ന താരതമ്യം അംഗീകരിക്കാതെ തരമില്ല. അവർ സംഘർഷങ്ങളിൽ പെട്ടുപോകുകയും ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും  ഒടുക്കം ജഡസമാനരായി വഴങ്ങിക്കൊടുക്കുന്നവരായിത്തീരുകയും ചെയ്യുന്നു. “വളരേ നാളുകളായി പാതി അടിമകളാണു അവർ” എന്നതിനാൽ  ആമുഖത്തിൽ ലെസ്സിംഗ് സ്ത്രീകളെ “ഭീരുക്കൾ” എന്ന് വിളിക്കുന്നുണ്ട്. (GN 9). ജീവിതം തകരുകയാണെന്ന് തോന്നുമ്പോൾ ഭ്രാന്തിലേക്ക് വഴുതുന്നുവോ എന്ന ഭയത്താൽ നാലു വ്യത്യസ്ത നോട്ട് പുസ്തകങ്ങളിൽ തന്നിലെ എഴുത്തുകാരി, തന്റെ രാഷ്ട്രീയ ജീവിതം, ബന്ധങ്ങളും വികാരങ്ങളും, ദൈനംദിനജീവിതം എന്നിവയെ  അഭിസംബോധന ചെയ്യുന്നുണ്ട് അന്ന. അന്നയും മോളിയും തമ്മിലുള്ള സംഭാഷണം നോക്കൂ.

“ എങ്കിൽപിന്നെ  എന്താണാ ഡയറികളിൽ ഉള്ളത് ?
“അവ ഡയറികളല്ല.”
“എന്ത് തരങ്ങളായാലും.”
“ആകെ കുഴഞ്ഞുമറിഞ്ഞത്. അതാണു പ്രധാനം” (GN 56).

ജീവിതവുമായി നടക്കുന്ന ഈ അലങ്കോലമായ പോരാട്ടം അവരെ സദായുദ്ധസന്നദ്ധരും ആക്രമകാരികളുമാക്കുകയും ഈ ലോകം അവരെ സംബന്ധിച്ചിടത്തോളം ആകെ കുഴപ്പം പിടിച്ച ഒരു സ്ഥലമായി മാറുകയും ചെയ്യ്യുന്നു. സ്ത്രീവിമോചനത്തിനായി വെട്ടിയ പാതയിലൂടെ ഒരുപാട് മുന്നേറിയിട്ടുണ്ടെങ്കിലും  ഇന്നും ആ ഗർത്തത്തിൽ നിന്നും ഇറങ്ങി വന്ന് തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് നടക്കാൻ സ്ത്രീക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ ലോകത്ത് ഉണ്ടായിട്ടുള്ള വിപ്ലവകരങ്ങളായ മാറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് എന്ന് അഭിപ്രായമുണ്ടാകാം. എന്നാൽ ഈ നൂറ്റാണ്ടിലും ആണും പെണ്ണൂം മനസ്സിൽ സൂക്ഷിക്കുന്ന പുരുഷാധിപത്യത്തിന്റെ സ്മൃതികളാണു നമ്മെ ആകുലപ്പെടുത്തേണ്ടത്. എപ്പോഴെല്ലാം ഒരു സ്ത്രീ തന്റെ ഉള്ളിലുള്ള വികാരങ്ങളും മോഹങ്ങളും ഇഷ്ടക്കേടുകളും പുരുഷന്മാരുമായുള്ള ബന്ധങ്ങളിലെ വെറുപ്പും അക്രമോൽസുകതയുമെല്ലാം പ്രകടിപ്പിക്കുന്നുവോ അപ്പോഴെല്ലാം അവൾ സ്ത്രീയല്ലെന്നും പുരുഷവിദ്വേഷിയാണെന്നും മുദ്രകുത്തപ്പെടുന്നു. ഒരുവൾ ഫെമിനിസ്റ്റായതുകൊണ്ട് പുരുഷവർഗ്ഗത്തോട് ഒന്നടങ്കം വിരോധം അവൾക്കുണ്ട് എന്ന് അർത്ഥമില്ല. മഞ്ഞപ്പിത്തക്കാരന്റെ കണ്ണിൽ എല്ലാം മഞ്ഞയായി കാണും എന്ന മട്ടിലുള്ള ലിംഗപരമായ പക്ഷാപാതം കൊണ്ട് പലപ്പോഴും ആ പദം  തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഇന്ത്യയിലെ സ്ത്രീ എഴുത്തുകാർ (വാല്യം II) എന്ന പുസ്തകത്തിൽ  ടി എം ജെ ഇന്ദ്രാ മോഹൻ പറയുന്നത്  ഇവിടെ സന്ദർഭോചിതമായി സൂചിപ്പിക്കാവുന്നതാണു.

“ഫെമിനിസം സ്ത്രീ അനുകൂലമാണു. എന്നാൽ പുരുഷനു എതിരല്ല. ഫെമിനിസം എന്ന ആശയം മുഴുവനായും  ആവശ്യങ്ങൾ,  ലിംഗം  എന്നീ പക്ഷാപാതങ്ങൾ വഴിയുള്ള അംഗീകാരം എന്നതിൽ നിന്ന് വ്യത്യസ്തമായ ചില മൂല്യബദ്ധമായ വ്യവസ്ഥകളെ ചുറ്റിപ്പറ്റിയുള്ളതാണു. പുരുഷാധിപത്യത്തെ ഏറ്റവും ആഴത്തിൽ തന്നെ മറികടക്കുക –  ലളിതമായി പറഞ്ഞാൽ ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളെ തുല്യരായി കണക്കാക്കണം എന്നുള്ളതാണു അത് ലക്ഷ്യം വയ്ക്കുന്നത്. തത്ഫലമായി ഫെമിനിസ്റ്റ് ചിന്ത എന്നത് ഒരു ‘മനുഷ്യത്വ’ ചിന്തയായി മാറുന്നു.” ( റേ മോഹിത് & രാമ കുണ്ടു 187)

സ്ത്രീയെ പുരുഷനൊപ്പം തുല്യയായി കാണുക എന്നത് ചിലരെങ്കിലും കരുതുന്നതുപോലെ  ഉപരിപ്ലവമായും ആന്തരികമായും ഉട്ടോപ്പിയനായ ഒരു ആശയമല്ല. നിശബ്ദമാക്കപ്പെട്ടിരിക്കുന്ന സ്ത്രീബോധം മാനവികസ്നേഹത്തിന്റെയും അന്തസിന്റെയും മുഖനാളവും ശബ്ദവുമായി മാറിത്തീരേണ്ടതുണ്ട്. അനുയോജ്യമായി ഉയർത്തിയാൽ ഏത് മുറിവുകളും സുഖപ്പെടുത്താൻ കഴിയുന്ന വികാരങ്ങളിൽ ഏറ്റവും മഹത്തായതാണു സ്നേഹം. ആത്മാവിനെ തൊടാനുള്ള കഴിവുണ്ട് എന്നതിനാൽ എല്ലാ

പോറലുകളെയും പരിഭവങ്ങളെയും അവഹേളനങ്ങളെയും മായ്ച്ചുകളയാൻ തക്കശക്തിയുള്ള  ആയുധമാണത്. നാം നമുക്കു ചുറ്റും മാനവികതയുടെ ഒരു കുടയും പൂക്കളും വിടർത്തേണ്ടതുണ്ട്. ലെസ്സിംഗിലും കമലാദാസിലും പൊതുവായി എനിക്കു കണ്ടെത്താൻ കഴിഞ്ഞത്  സ്ത്രീപുരുഷന്മാർക്കിടയിലെ  പരസ്പരസഹകരണത്തിന്റെയും പരസ്പരാശ്രയത്വത്തിന്റെയും ജീവിതപ്പാതയിലുടനീളം അവർ കൈകോർത്തു നടക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ഉറച്ച ബോധ്യമാണു. കമലാദാസിനു സ്നേഹമെന്നാൽ പരസ്പരവിശ്വാസത്തിലും പരസ്പരധാരണയിലും അധിഷ്ഠിതമായ ഒരു ഉഭയബന്ധമാണു. അതിൽ ലിംഗസമത്വം എന്ന ആശയത്തിൽ അടിയുറച്ചതാണു. തന്റെ കാലത്തെ ഫെമിനിസ്റ്റ് ഉത്കണ്ഠകൾ ഒരുപാടു കാലം നിലനിൽക്കില്ലെന്നും എല്ലാ മുൻവിധികളെയും കുടഞ്ഞെറിഞ്ഞ് തുല്യതയും ആനന്ദവും നിറഞ്ഞ ഒത്തൊരുമയുടെ ഒരു കാലം വന്നുചേരുമെന്നുമുള്ള ശുഭകരമായ ഒരു പ്രവചനമാണു ലെസ്സിംഗ് നടത്തുന്നത്. തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ ലെസ്സിംഗ് പറയുന്നതു പോലെ:
“ഈയടുത്ത് കഴിഞ്ഞുപോയ ഒരു ഭൂതകാലത്തിലേക്ക് അയച്ചുകൊടുക്കാനായി എഴുതുന്ന ഒരു കത്ത് പോലെയാണു എനിക്ക് ഞാനീ കുറിച്ചിട്ടിരിക്കുന്നതെല്ലാം അനുഭവപ്പെടുന്നത്: നമ്മുടെ അനുവാദമില്ലാതെ നമ്മിലേക്കു വന്നു ചേരുന്ന ഈ അവസ്ഥകളെല്ലാം വരുന്നൊരു ദശകത്തിൽതന്നെ ഇല്ലാതാകുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്”(GN 9).

സ്ത്രീശക്തിയിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന ലെസ്സിംഗ് കരുതിയത് ഒരു ദശകത്തോടെ കാര്യങ്ങൾ മാറുമെന്നും സ്ത്രീകൾ അവരുടെ സ്വാഭാവികഭാവം വീണ്ടെടുക്കുമെന്നുമായിരുന്നു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, ഇന്നത്തെ ഉത്തരഫെമിനിസ്റ്റ്- ഉത്തരാധുനിക കാലഘട്ടത്തിലും കഴിഞ്ഞ കാലത്തെ സ്ത്രീ എഴുത്തുകാർ ഉയർത്തിയ സ്ത്രീപ്രശ്നങ്ങൾ പ്രസക്തവും അപരിഹാര്യവുമായി തുടരുന്നു എന്നത് നിർഭാഗ്യകരമാണു.  കുറേക്കൂടി മാനുഷികതയോടെയും സമത്വഭാവത്തോടെയും സംസ്കാരത്തെ നിർവചിക്കുവാനും മൂല്യങ്ങളെ പുനർനിർമ്മിക്കുവാനും മനുഷ്യരാശി ഇനിയും വളരെയേറെ യാത്ര ചെയ്യാനുണ്ട് എന്നാണു ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ലിംഗസമത്വം സാധ്യമാക്കാനും നിലനിർത്തുവാനും ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിൽ തുടരുന്നതിനു പകരമായി കുറേക്കൂടി മനുഷ്യകേന്ദ്രീകൃതമായ ഒരു സമൂഹസൃഷ്ടിയിലേക്കാണു നാം നടക്കേണ്ടത്. അതു വരെ,  സ്ത്രീയുടെ ആത്മാവിൽ ഏല്പിക്കപ്പെട്ട മുറിവുകളും പോറലുകളും ഒരിക്കലും ഉണങ്ങാതെ നിതാന്തമായി നിലനിൽക്കും എന്നതിൽ സംശയപ്പെടാനില്ല.

സൂചിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങൾ:
Allen, Graham. Intertextuality. New York: Routledge.Print.
Das, Kamala. Only the Soul Knows How to Sing. Kottayam: D C Books.2009.Print.
De Beauvoir, Simon. The Second Sex. London: Vintage. 1997.Print.
Lessing, Doris. The Golden Note Book. London: Flamingo. 2002.Print.
Ray, Mohit & Rama Kundu. Studies in Women Writers in English-Vol II. New Delhi: Atlantic     Publishers  Distributors. 2004.Print.

(വിവർത്തനം: സ്വാതി ജോർജ്)

Comments

comments