‘ആഖ്യാന(Narrative)മാണ് നോവൽ‘ എന്ന സമവാക്യത്തിലേക്കു പരിണമിച്ചെത്തുന്ന ഒരു സൗന്ദര്യശാസ്ത്രചരിത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലംകൊണ്ട് നോവലിന്റെ കലാചിന്തക്കു കൈവരുന്നുണ്ട്. ‘An oredered sequential account of events or records of events; the form, pattern or structure by which stories are constructed and told’എന്ന് സാഹിത്യസംജ്ഞാകോശങ്ങൾ (അബ്രാംസ് മുതൽ വില്യംസ് വരെ) ‘ആഖ്യാന‘ത്തിനു നൽകുന്ന ഹ്രസ്വനിർവചനം പ്രത്യക്ഷത്തിൽ കഥപറച്ചിലിന്റെ രീതി എന്നതുമാത്രമായി നോവലിന്റെ ആഖ്യാനത്തെ കാണാൻ പലരെയും പ്രേരിപ്പിക്കന്നുണ്ടെങ്കിലും സംഗതികൾ അത്ര സരളമല്ല. യഥാർഥത്തിൽ ഈ നിർവചനം മുൻനിർത്തിത്തന്നെ നോവലിന്റെ ആഖ്യാനമെന്നത് അതിന്റെ കലയും രാഷ്ട്രീയവും സമഗ്രമായി പ്രതിനിധാനം ചെയ്യപ്പെടുന്ന എഴുത്തിന്റെ രൂപപരവും ഭാവപരവും മറ്റും മറ്റുമായ മുഴുവൻ ഘടകങ്ങളും സ്വഭാവങ്ങളും സംവഹിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാം. ആഖ്യാനം എന്ന സങ്കല്പനം, അതിന്റെ സാങ്കേതിക പരിമിതികൾക്കപ്പുറത്ത് നോവലിന്റെ സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര തലങ്ങളെ ചരിത്രപരമായി രൂപപ്പെടുത്തുന്ന ആവിഷ്ക്കാരപ്രകാരം തന്നെയാകുന്നു എർഥം. ആഖ്യാനത്തെ മുൻനിർത്തി കഴിഞ്ഞ നൂറ്റാണ്ടിൽ നോവലിനെക്കുറിച്ചുണ്ടായ കലാചിന്തകളുടെ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം.
1. 1880-1930 കാലത്ത് ഇംഗ്ലീഷിലെഴുതപ്പെട്ടനോവൽപഠനങ്ങൾ മിക്കവയും ഒരു ആധുനികസാഹിത്യരൂപം, ഗണം എന്നീ നിലകളിൽ നോവലിന്റെ ആഖ്യാനത്തെ പരമ്പരാഗതവും സാങ്കേതികം മാത്രവുമായ ധാരണകളിൽ ഉറപ്പിച്ചെടുത്തവയാണ്. ഹെന്റി ജയിംസ് (The Art of Fiction – 1884), പെഴ്സി ലബ്ബക്ക് (The Craft of Fiction – 1921), ഇ.എം. ഫോസ്റ്റർ (Aspects of the Novel – 1927), എഡ്വിൻ മ്യൂർ (The Structure of the Novel – 1928) തുടങ്ങിയവരുടെ പഠനങ്ങൾ നോവലിന്റെ കലയും ഘടനയും ആവിഷ്ക്കാരവും ഭാഷയും മറ്റും വിശദീകരിച്ചത് പ്രായേണ ഇതര സാഹിത്യരൂപങ്ങളോടു ചേർത്തുനിർത്തിയായിരുന്നു. ‘A novel is a picture, a portrait, and we donot forget that there is more in a portrait than the ‘likeness’. Form, design, composition are to be sought in a novel as in any other work of art, a novel is the better for possessing them’ – പെഴ്സി ലബ്ബക്ക് തന്റെ ഗ്രന്ഥത്തിലെഴുതി (p.10) നോവലിന്റെ ആഖ്യാനത്തെ നിർണ്ണയിക്കുന്ന ഏഴു ഘടകങ്ങളെ ഫോസ്റ്റർ അക്കമിട്ടു വിവരിക്കുന്നതും, നിലവിലുണ്ടായിരുന്ന സാഹിത്യരൂപങ്ങളോടു ബന്ധപ്പെടുത്തിത്തന്നെയാണ്.
ഹെന്റി ജയിംസിനു മുൻപുതന്നെ ഹെന്റി ഫീൽഡിംഗ്, ജയിൻ ഓസ്റ്റിൻ, വാൾട്ടർ സ്കോട്ട്, നഥാനിയൽ ഹാഥോ തുടങ്ങിയവർ നോവലിനെക്കുറിച്ചെഴുതിയിട്ടുണ്ട്. മുഖ്യമായും നോവലും റൊമാൻസും തമ്മിലുളള ബന്ധമായിരുന്നു അവരുടെയൊക്കെ ചർച്ചാവിഷയം. സാമുവൽ ജോൺസൻ തൊട്ടുളള നിരൂപകർ നോവലിനെ ഒരു ആഖ്യാനരൂപമെന്ന നിലയിൽ സമീപിക്കുകയും ചെയ്തിരുന്നു. ക്ലാരാറീവ് (1785), ജോൺ ഡൺലപ് (1816) തുടങ്ങിയവർ നോവലിനെക്കുറിച്ച് മുഴുനീളപഠനഗ്രന്ഥങ്ങൾ തന്നെ പ്രസിദ്ധീകരിച്ചു. നോവലിന്റെ ഇതിവൃത്തം, കഥാപാത്രം, ഡിസൈൻ, ഐക്യം, നോവലിലെ സദാചാരപരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജോർജ് എലിയറ്റ് ഉൾപ്പെടെയുളള നോവലിസ്റ്റുകളും ലെസ്ലി സ്റ്റീഫൻ ഉൾപ്പെടെയുളള നിരൂപകരും വിക്ടോറിയൻ പത്രമാസികകളിൽ എഴുതിയിരുന്നു (Norton Anthology of Theory and Criticism, 2001:852).
ടോൾസ്റ്റോയി, ആൽഡസ് ഹക്സ്ലി തുടങ്ങിയവരുടെ നോവൽചിന്തകളും ഇതോടു ചേർത്തുവയ്ക്കാവുന്നവയാണ്. പിൽക്കാലത്തു വികസിച്ചുവന്ന സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ പ്രത്യയശാസ്ത്രപരമോ ഒന്നുമായ സമീപനങ്ങൾ ഇവരിൽ കാണുകയില്ല. കലാരൂപം-സാഹിത്യരൂപം എന്ന് നിലയിൽ നോവലിന്റെ ഭാഷയും ഉളളടക്കവും തമ്മിലുളള ബന്ധം വിശദീകരിക്കുന്ന സാങ്കേതിക സമീപനം മാത്രമായിരുന്നു ഇവരുടെ പഠനങ്ങൾ. നോവലിന്റെ കലയെക്കുറിച്ചുളള ചോദ്യങ്ങൾ ഇവരുന്നയിച്ചത് ഘടനാപരമായ തലങ്ങൾ മാത്രം മുൻനിർത്തിയാണ്. കഥ, കഥാപാത്രങ്ങൾ, സംഭാഷണം, ഇതിവൃത്തം, വീക്ഷണദിശ തുടങ്ങിയ ഘടകങ്ങളാണ് നോവൽ എന്ന് ഇവർ കരുതി. ഈ ഘടകങ്ങളുടെ ചേർച്ചയും സൗന്ദര്യവുമാണ് നോവലിന്റെ കലയും ആഖ്യാനവും എന്ന് ഇവർ പ്രഖ്യാപിച്ചു. ‘അൻപതിനായിരം വാക്കുകളിൽ കൂടുതലുളളതാണ് നോവൽ‘ എന്നു നിർവചിക്കാൻ പോലും ഇവർ (ഫോസ്റ്റർ) തയ്യാറായി.
മലയാളത്തിൽ എം.പി. പോൾ മുതൽ കെ.എം. തകരൻ വരെയുളളവർ ഇംഗ്ലീഷ് സാഹിത്യപഠനത്തിന്റെ ഭാഗമായി തങ്ങൾക്കു ലഭിച്ച നോവൽധാരണകളും വിശകലനരീതികളും വെളിപ്പെടുത്തിയത് മേല്പറഞ്ഞ നിരൂപകരുടെ വഴിയിലാണ്. പ്രമേയം, ഇതിവൃത്തം, കഥാപാത്രം, ഭാഷ, വീക്ഷണസ്ഥാനം, സംഭാഷണം തുടങ്ങിയവ കേന്ദ്രീകരിച്ച് 1930 കളിൽ (‘നോവൽസാഹിത്യം‘) പോളും റിയലിസം, സ്ഥലം, കാലം, ഭാവഗീതപരത, ബോധധാരാശൈലി തുടങ്ങിയ ഘടകങ്ങൾ കേന്ദ്രീകരിച്ച് 1970-80 കാലത്ത് കെ.എം. തരകനും (ആധുനികനോവൽദർശനം) നടത്തിയ നോവൽപഠനങ്ങൾക്കുളളത് ഈ സ്വഭാവമാണ്. കെ. സുരേന്ദ്രൻ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവരുടെ നോവൽവായനകൾ ഇത്രമേൽ അക്കാദമികമായിരുന്നില്ലെങ്കിലും സൗന്ദര്യാത്മകമായിരുന്നു. ‘മലയാളനോവൽസാഹിത്യചരിത്രം‘ എഴുതുമ്പോൾ തരകൻ മാർക്സിയൻ നോവൽവിമർശനത്തിന്റെ ആദ്യകാല വക്താക്കളിൽ ചിലരോട് കലഹിക്കുകകൂടി ചെയ്യുന്നുണ്ട്. സിഗ്മണ്ട് ഫ്രോയ്ഡ്, ഡി.എച്ച്. ലോറൻസ്, ആൽബർട്ട് കാമു തുടങ്ങിയവരുടെ സാഹിത്യസങ്കല്പനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തന്റെ കാലത്തു പ്രബലമായിരുന്ന അമേരിക്കൻ-യൂറോപ്യൻ നവവിമർശനത്തിന്റെ (New Criticism) നോവൽ നിരൂപണകല തരകന് പ്രയോഗതലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. 1980 കളിൽ, ആധുനികതാവാദത്തിന്റെ വക്താക്കളായി രംഗത്തുവന്ന കെ.പി. അപ്പനെപ്പോലുളളവരാണ് നവവിമർശനത്തിന്റെ വഴിയിൽ മലയാളനോവൽ നിരൂപണത്തെ ഒരു സാഹിത്യകലയായി വികസിപ്പിച്ചെടുത്തത്.
2. 1920-50 കാലത്ത് അമേരിക്കൻ നവവിമർശനത്തിന്റെ രൂപവാദപരവും രാഷ്ട്രീയമുക്തവും ചരിത്രബാഹ്യവും അക്കാദമികവുമായ പാണ്ഡിത്യവിരുദ്ധ-നിരൂപണപദ്ധതി സൃഷ്ടിച്ച നോവൽപഠനങ്ങളിലാണ് ആഖ്യാനകലയ്ക്ക് പുതിയൊരു മാനം പിന്നീടു കൈവരുന്നത്. ഒരു വശത്ത് യൂറോപ്യൻ മാർക്സിസ്റ്റ് നിരൂപണത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തോടുളള എതിർപ്പ്, മറുഭാഗത്ത് മനോവിജ്ഞാനീയപരവും ചരിത്രപരവും സാമൂഹ്യനിഷ്ഠവും മറ്റുമായ അക്കാദമിക പഠനപദ്ധതികളോടുളള വിയോജിപ്പ് – നവവിമർശനം സാഹിത്യത്തെ ആധുനികതാവാദത്തിന്റെ ലാവണ്യപരതയിലും ഭാഷയുടെ സൗന്ദര്യാത്മകതയിലും കൃതിയുടെയും കർത്താവിന്റെയും ഉഭയപരതയിലും പ്രതിഷ്ഠിച്ചു. കർത്താവ് അപ്രസക്തനാണ്, കൃതി മാത്രമേ പ്രസക്തമാകുന്നുളളു എന്ന റിച്ചാർഡ്സിന്റെയും മറ്റും കാഴ്ചപ്പാടുകൾ ഭാഗികമായി മാത്രമേ നവവിമർശകർ ഉൾക്കൊണ്ടുളളു. ഭാഷാഘടനയിലും വ്യക്തിഭാഷയിലും ബിംബകല്പനകളിലും മിത്തുകളിലും മറ്റും ഊന്നിയ ആഖ്യാനകലയെക്കുറിച്ച് നവവിമർശനം ശൈലീവിജ്ഞാനീയത്തിന്റെ പിന്തുണയോടെ ചിന്തിച്ചു. 1966 ലെഴുതിയ New Criticism മുതൽ 1996 ലെഴുതിയ The art of the Fiction വരെയുളള കൃതികളിലൂടെ ഡേവിഡ് ലോജിനെപ്പോലുളളവർ ഗാഢവായന (close reading) എന്നു വിളിക്കപ്പെട്ടഈ വിമർശനപദ്ധതിയുടെ തുടർസാന്നിധ്യം ഉറപ്പാക്കി. 1961 ൽ പുറത്തുവന്ന വയൻ.സി. ബൂത്തിന്റെ The Rhetoric of Fiction, കർത്താവിന്റെ പ്രാധാന്യം തറപ്പിച്ചുപറഞ്ഞു. കർത്താവ് ഒരു രണ്ടാം സ്വത്വ (a second self) മായി നോവലിന്റെ ആഖ്യാനം നിർവഹിക്കുകയാണെന്ന് വിശദീകരിക്കുന്ന ബൂത്തിന്റെ പരികല്പനയാണ്‘Implied author’ എന്നത്. മിലൻ കുന്ദേരയുൾപ്പെടെയുളള ആധുനികാനന്തര നോവൽനിരൂപകരുടെ അടിസ്ഥാനപരമായ നോവൽദർശനവും ഇതിൽനിന്നു ഭിന്നമല്ല. റൊളാങ് ബാർത്ത് കർത്താവിന്റെ മരണം പ്രഖ്യാപിച്ചതൊന്നും മിക്ക നിരൂപകരെയും നിരൂപണപദ്ധതികളെയും സ്വാധീനിച്ചില്ല എന്നതാണ് യാഥാർഥ്യം. The Curtain എന്ന ഗ്രന്ഥത്തിൽ കുന്ദേര എഴുതുന്നു : ‘The birth of the art of the novel was linked to the consciousness of an author’s rights and to their fierce defense. The novelist is the sole master of his work; he is his work. It was not always, thus, and it will not always be thus. But when that day comes, then the art of the novel, Cervantes’s legacy, will cease to exist” (2005:100)
എലിയറ്റ് മുതലുളളവർ ചൂണ്ടിക്കാണിച്ചതുപോലെ, ‘കവിത കവിത മാത്ര‘മാണെന്ന നിലപാടിൽ സാഹിത്യരചനയെ കാണുമ്പോഴും നവവിമർശനത്തിന്റെ പദ്ധതി പിൻപറ്റി നോവൽപഠനത്തിലിടപെട്ടഅപ്പനും രാജകൃഷ്ണനും മറ്റും നോവലിൽ കർത്താവിന്റെ മരണം കണ്ടെത്താൻ ശ്രമിച്ചതേയില്ല. പകരം, ‘തിരസ്കാര‘ത്തിൽ അപ്പൻ സമഗ്രമായി വിശദീകരിക്കുന്നതുപോലെ, നവവിമർശനം മുന്നോട്ടുവച്ച ചരിത്രനിരാസത്തെയും അരാഷ്ട്രീയവാദത്തെയും ഏറ്റെടുത്ത്, അക്കാദമിക പാണ്ഡിത്യത്തോടു കലഹിച്ചും മാർക്സിയൻ നിലപാടുകളിൽ അവിശ്വസിച്ചും മലയാളത്തിലെ ആധുനികതാവാദനോവലിന്റെ കലയും സൗന്ദര്യശാസ്ത്രവും വിശദീകരിക്കാനാണ് അവർ ശ്രമിച്ചത്. ‘മാറുന്ന മലയാളനോവലും‘ ‘രോഗത്തിന്റെ പൂക്ക‘ളും ഇതിന്റെ മാതൃകകളായി.
3. 1910-1960 കാലത്ത് നോവൽനിരൂപണത്തിൽ പലനിലകളിൽ ഇടപെട്ട് മാർക്സിയൻ സാഹിത്യവിമർശകർ രൂപപ്പെടുത്തിയതാണ് ആഖ്യാനകലയെക്കുറിച്ചുളള മൂന്നാമതൊരു കാഴ്ചപ്പാട്. രണ്ടുതലങ്ങളിൽ കാണണം, മാർക്സിസ്റ്റ് നിരൂപകരുടെ ഈ ഘട്ടത്തിലെ നോവൽവായനയെ: ഒന്ന്, യാന്ത്രികമാർക്സിസ്റ്റുകളുടെ (പ്ലഖനോവ് മുതൽ കോഡ്വലും റാൽഫ് ഫോക്സും വരെയുളളവർ) നോവൽനിരൂപണങ്ങൾ സാഹിത്യകൃതിയുടെ പ്രമേയപരമായ രാഷ്ട്രീയതാൽപര്യങ്ങൾ മുൻനിർത്തി സങ്കല്പിച്ചെടുത്ത എഴുത്തിന്റെ സാമൂഹ്യവിധേയത്വങ്ങൾ. സ്കോട്ട്, ബൽസാക്ക്, ടോൾസ്റ്റോയി എന്നിവരെ മുൻനിർത്തി റിയലിസത്തെക്കുറിച്ചു നടത്തുന്ന വായനയിലും (The Theory of the Novel-1916) ചരിത്രനോവലിനെക്കുറിച്ചു നടത്തു വായനയിലും (Historical Novel – 1924) ജോർജ് ലൂക്കാച്ച് ഈ നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നു. തന്റെ കാലത്തിന്റെ പ്രതിനിധിയാകാൻ പറ്റിയ കലയായി ലൂക്കാച്ച് നോവലിനെ കാണുന്നത് മുഖ്യമായും അതിന്റെ ആഖ്യാനഘടനയുടെ കാലബദ്ധതകൊണ്ടാണ്. അദ്ദേഹമെഴുതി: “The novel is the representative art form of our age : because the structural categories of the novel constitutively coincide with the world as it is today” (The Theory of the Novel). അതിന്റെ തുടർച്ചയായെന്നോണം, ‘ദൈവമുപേക്ഷിച്ച ലോകത്തിന്റെ ഇതിഹാസമായി’ (‘The novel is the epic of the world forsaken by God’) ലൂക്കാച്ച് നോവലിനെ നിർവചിക്കുന്നു. The Novel and the People (1937) എന്ന കൃതിയിൽ റാൽഫ് ഫോക്സ്, ഹൊവാർഡ് ഫോസ്റ്റ് എഴുതിയതുപോലെ, യഥാർഥകല ജനങ്ങളിൽ നിന്ന് രൂപംകൊളളുന്നു എന്നു സ്ഥാപിച്ചു.
നോവലിന്റെ ഉത്ഭവവും ചരിത്രവും പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ മധ്യവർഗത്തോടും മുതലാളിത്തത്തോടും ബന്ധപ്പെടുത്തി ചർച്ചചെയ്യുന്ന മാർക്സിസ്റ്റ് വായനകളുടേതാണ് രണ്ടാമത്തെ തലം. ആർനോൾഡ് കെറ്റിൽ (An Introduction to the English Novel – 1951), ഇയാൻ വാട്ട് (The rise of the Novel – 1957), റെയ്മണ്ട് വില്യംസ് (The Long Revolution – 1961, The English Novel : From Dickens to Lawrence – 1970) തുടങ്ങിയവരുടെ സമീപനങ്ങൾ ഉദാഹരണമാണ്. റൊമാന്റിസിസത്തിനെതിരെയുളള സാഹിതീയകലാപം, റിയലിസത്തിന്റെ ഉദയം, ഫ്യൂഡലിസത്തിന്റെ തകർച്ച, മുതലാളിത്തത്തിന്റെയും മധ്യവർഗത്തിന്റെയും വളർച്ച, വ്യവസായവിപ്ലവം, അച്ചടി എന്നിങ്ങനെ യൂറോപ്യൻ നോവലിന്റെ കലയും യൂറോപ്യൻ സമൂഹങ്ങളുടെ രാഷ്ട്രീയവും കൂട്ടിയിണക്കി തങ്ങളുടെ സാഹിത്യചിന്തകളാവിഷ്ക്കരിക്കുകയായിരുന്നു, ഇവർ. നോവലിന്റെ റിയലിസമെന്നത് നോവൽ ചിത്രീകരിക്കുന്ന മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യനിഷ്ഠതയും വിവരിക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങളിൽപോലുമുള്ള വസ്തുനിഷ്ഠതയും സംഭവ്യതയും സൂക്ഷ്മതയും മാത്രമല്ല, ആഖ്യാനത്തിന്റെതന്നെ യഥാതഥത്വമാണ്. ‘പ്രതിനിധാനത്തിന്റെ അസാധാരണമായ കൃത്യത (exceptional accuracy of representation)യാണ് റിയലിസ’മെന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട് (1983:259). ഭാഷ മുതൽ ചരിത്രം വരെയുള്ള മുഴുവൻ തലങ്ങളിലും റിയലിസത്തിന്റെ സൂക്ഷ്മസാന്നിധ്യം ഉറപ്പാക്കികൊണ്ടാണ് പത്തൊൻപതാം നൂറ്റാണ്ടിൽപോലും നോവൽ ആഖ്യാനം ചെയ്യപ്പെട്ടത്. അനുഭവപരമായ യാഥാർഥ്യത്തിന്റെ നിർമിതി എന്ന നിലയിൽ നോവലിലെ റിയലിസത്തെ പരമപ്രധാനമായ ഭാവുകത്വഘടകമായി കാണു ഇയാൻവാട്ട്, റിച്ചാർഡ്സൺ നോവലിൽ (ക്ലാരിസ) ആർജിച്ച ആഖ്യാനസൂക്ഷ്മതയെ ഗ്രിഫിത്ത് ചലച്ചിത്രകലയിൽ ക്ലോസ്അപ് സാങ്കേതികതകൊണ്ട് ആർജിച്ച യാഥാർഥ്യത്തിന്റെ പുതിയ പ്രാതിനിധ്യത്തോട് താരതമ്യം ചെയ്യുന്നുണ്ട് (2000:25). പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തങ്ങളായ നോവലുകളുടെ ആഖ്യാനവും രൂപപരതയും വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം നിരീക്ഷിക്കുന്നു: “…the historical importance of Defoe and Richardson therefore primarily depends on the suddenness and completeness with which they brought into being what maybe regarded as the lower common denominator of the novel genre as a whole, its formal realism”(2000:34) സാഹിത്യത്തിന്റെ കേന്ദ്രത്തിൽ നോവലിനെയും നോവലിന്റെ കേന്ദ്രത്തിൽ സാമൂഹ്യമനുഷ്യനെയും പ്രതിഷ്ഠിക്കുകയായിരുന്നു, ഇവർ. മുഖ്യമായും ഇംഗ്ലണ്ടിലെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി നോവലിന്റെ ഉത്ഭവത്തെ കണ്ട ഇയാൻ വാട്ട് ഒരിടത്തെഴുതുന്നതു നോക്കുക: “The rise of the novel, then, would seem to be connected with the much greater freedom of women in Modern Society, a freedom which, especially as regards marriage, was achieved earlier and more completely in England than elsewhere” (2000:138).
റിച്ചാര്ഡ്സന്റെ പമേലയെക്കുറിച്ചുള്ള ചര്ച്ചയിൽ പ്രണയമെന്ന അനുഭവത്തെ മുന്നിര്ത്തിത്തന്നെ ഇയാന്വാട്ട് നോവൽ ആവിഷ്കരിച്ച പുതിയ മനുഷ്യാവസ്ഥകളെക്കുറിച്ചു ചര്ച്ചചെയ്യുന്നുണ്ട് (Ibid:135-173). പത്തൊന്പതാം നൂറ്റാണ്ടിലെ ഇന്ത്യൻ നോവലുകളെക്കുറിച്ചുള്ള പഠനത്തില് മീനാക്ഷി മുഖര്ജിയും ആധുനിക വ്യക്തിയെ സാധ്യമാക്കിയ മാനവികമൂല്യങ്ങളിൽ പ്രധാനപ്പെട്ടഒന്നായി പ്രണയത്തെക്കുറിച്ചെഴുതുന്നുണ്ട്(1999:68-100). പതിനെട്ടാം നൂറ്റാണ്ടിനുശേഷമുള്ള ഇംഗ്ലീഷ് നോവലുകളുടെ ആധാരശിലകളിലൊന്നായ വ്യക്തിവാദത്തിന്റെ മുഖ്യ മൂല്യങ്ങളിലൊന്ന് പ്രണയത്തിലും വിവാഹത്തിലുമുള്ള സ്ത്രീയുടെ സ്വാതന്ത്ര്യമായിരുന്നു. ബംഗാളിലും കേരളത്തിലും എഴുതപ്പെട്ടവയായിട്ടും ഏതാണ്ട് സമാനമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും ഭാവനചെയ്യപ്പെടുന്നവയാണ് ‘ഫുല്മോണിയുടെയും കോരുണയുടെയും കഥ‘യിലും ‘ഘാതകവധ‘ത്തിലും നായികമാരാകുന്ന പെൺകുട്ടികളുടെ സ്വത്വം. യഥാക്രമം മിസിസ് കാതറിൻ ഹന്നാ മുള്ളന്സും മിസിസ് കൊളിന്സും എഴുതിയ ഈ നോവലുകളിലെ സ്ത്രീത്വം യൂറോപ്യന് അവബോധത്തിൽ രൂപം കൊണ്ടതാണെങ്കിൽ, ചന്തുമേനോനിലെത്തുമ്പോൾ അത് കുറെക്കൂടി യൂറോപ്യനാകുക മാത്രമേ ചെയ്യുന്നുള്ളൂ. പ്രണയത്തിലും വിവാഹത്തിലും സ്വന്തം ഇഷ്ടമാണ്, പുരുഷന്റെ താല്പര്യമോ വീട്ടുകാരുടെ തീരുമാനമോ പാരമ്പര്യമോ ആചാരമോ അല്ല അഭികാമ്യമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവരാണ് ഈ നായികമാരെല്ലാം. പ്രണയവും വിവാഹവുമെന്നത് ശരീരം, ലൈംഗീകത, അധികാരം, സ്ത്രീത്വം തുടങ്ങിയ മുഴുവന് കര്തൃത്വഘടകങ്ങളെയും നിര്ണയിക്കുന്ന മണ്ഡലങ്ങളായി മാറുന്നിടത്താണ് ഈ പരിഷ്കാരത്തിന്റെ പ്രസക്തി. പ്രണയത്തിലും സ്ത്രീപുരുഷബന്ധത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞും കുടുംബമെന്ന ആധുനിക സ്ഥാപനത്തിലേക്ക് ഇഴചേർന്നും ജീവിക്കുന്ന സ്ത്രീകളുടെ ഒരു നിര തന്നെ ആദ്യകാല നോവലുകളില് കാണാം.
സ്വാഭാവികമായും നോവലിന്റെ ആഖ്യാനത്തെ നിർണ്ണയിക്കുന്നത് സാമൂഹ്യയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുതിൽ അതിനുളള സാധ്യതകൾ തന്നെയാകുന്നു. പിൽക്കാല മാർക്സിസ്റ്റുകളായ ഫ്രെഡറിക് ജയിംസണും ടെറി ഈഗിൾടണും മറ്റും ഈ സങ്കല്പനത്തെ ആധുനികാനന്തര സമീപനങ്ങളിലേക്കു വികസിപ്പിച്ചു. രാഷ്ട്രീയാബോധം (Political unconscious) എന്ന നിലയിൽ ചരിത്രം നോവലിൽ പ്രവർത്തിക്കുതിനെക്കുറിച്ചുളള ജയിംസന്റെയും പൊതുമണ്ഡലവുമായി ബന്ധപ്പെട്ട്നിരൂപണത്തിനൊപ്പം നോവലിനും കൈവരുന്ന ജനാധിപത്യസ്വഭാവത്തെക്കുറിച്ചുളള ഈഗിൾട്ടണിന്റെയും വിശകലനങ്ങൾ ഉദാഹരണം.
4. ‘ഇതിഹാസ‘ത്തിൽ നിന്നുളള വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആഖ്യാനകലയെ നിലയിൽ നോവലിനുളള മൗലികമായ അസ്തിത്വം മിഖായേൽ ബക്തിൻ വിശദീകരിക്കുന്നത്. ഒരുപക്ഷേ മുഴുവൻ മാർക്സിസ്റ്റുകളിൽനിന്നും ഭിന്നമായി ആധുനികതയുടെ ലിബറൽ മാനവിക പശ്ചാത്തലത്തിൽ ചരിത്രബദ്ധമായിതന്നെ നോവലിന്റെ വിമർശനകല രൂപപ്പെടുത്താനും (സ്റ്റാലിനിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയായിരുന്നുവല്ലോ ബക്തിൻ) അതിന് വ്യാപകമായ അംഗീകാരം നേടിയെടുക്കാനും ബക്തിനു കഴിഞ്ഞു. യൂറോപ്യൻ നോവലിന്റെ കലയെ ഏറ്റവും സമഗ്രമായി വിശകലനം ചെയ്ത സൈദ്ധാന്തികരിലൊരാളാണ് ബക്തിൻ. Rabelais and his works, The Dialogic Imagination, Problems of Dostoyevsky’s Poetics തുടങ്ങിയ കൃതികളിൽ അദ്ദേഹമവതരിപ്പിക്കുന്ന നോവൽചിന്തകൾ ജനപ്രിയസംസ്കാരം (Popular culture), ഉത്സവീകരണം (carnivalization), ബഹുഭാഷകത്വം (Polyglossia), ബഹുസ്വരത (Polyphony), മിശ്രഭാഷകത്വം (heteroglossia), സ്ഥലകാലസംയുക്തം (heterotopia) എന്നിങ്ങനെ നിരവധി സങ്കല്പനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവും സൗന്ദര്യശാസ്ത്രപരവുമായി രൂപപ്പെടുത്തിക്കൊണ്ടാണ് നോവലിന്റെ ആഖ്യാനകല വിശദീകരിക്കുന്നത്. മറ്റു സാഹിത്യഗണ/രൂപങ്ങളിൽനിന്ന് നോവലിനെ ഭിന്നമാക്കുന്ന മൂന്നു ഘടകങ്ങൾ ബക്തിൻ ചൂണ്ടിക്കാണിക്കുന്നു.
1. Its stylistic three dimensionality, which is linked with the mulliiingual consciousness realized in the novel (ബഹുഭാഷകത്വം സൃഷ്ടിക്കുന്ന ശൈലീപരമായ ത്രിമാനത).
2. The radical change it effects in the temporal co-ordinates of the literary image (സാഹിത്യത്തിന്റെ ലൗകികത/ഭൗതികത/മതേതരത).
3. The new zone opened by the novel for structuring literary images, namely, the zones of maximal contact with the present (with contemporary reality) in all its open-endedness (നോവലിന്റെ സമകാലികതയും യഥാതഥത്വവും).
മധ്യകാലകാർണിവൽ സംസ്കാരവും അച്ചടിസാങ്കേതികതയും ചേർന്നു സാധ്യമാക്കിയ നോവലിന്റെ ആഖ്യാനകലയെ ഏറ്റവും നിർണ്ണായകമായി സ്വാധീനിക്കുന്ന ഘടകം അതിന്റെ വായനാപരതയാണെന്ന് ബക്തിൻ പറയും. മറ്റു മുഴുവൻ സാഹിത്യഗണ/രൂപങ്ങളും വായനേതരമായ ഇന്ദ്രിയാനുഭൂതികൾ ലക്ഷ്യമിടുമ്പോൾ നോവൽ അവയിൽനിന്നെല്ലാം ഭിന്നമായി വായനയെ ലക്ഷ്യവും മാർഗവുമാക്കുന്നു. ‘സാഹിത്യ’മെന്ന സംജ്ഞയുടെ ചരിത്രവും പരിണാമവും വിശദീകരിക്കുന്ന വിഖ്യാതമായ പഠനത്തിൽ (Marxism and Literature – 1977) റെയ്മണ്ട് വില്യംസ്, അച്ചടിയോടും വിശേഷിച്ച് പുസ്തകത്തോടും, അതിന്റെ വായനയോടും ബന്ധപ്പെടുത്താതെ സാഹിത്യത്തെ നിർവചിക്കാനോ ചരിത്രവൽക്കരിക്കാനോ കഴിയില്ല എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. “Novel was practically the emblem of the reading revolution”എന്ന് J.J. Klock. വാൾട്ടർ ബൻയമിൻ, ‘പുസ്തകം എന്ന നിലയിൽ നോവലിനു കൈവന്ന സ്വരൂപവും സ്വഭാവവുമാണ് അതിന്റെ ഏറ്റവും മൗലികമായ സാഹിതീയഘടകം‘ എന്നു വിശദീകരിക്കുന്നുണ്ട്. Illuminations എന്ന കൃതിയിലെ The Story Teller എന്ന പ്രബന്ധത്തിൽ, നാടോടിക്കഥ മുതൽ ഇതിഹാസം വരെയുളള സാഹിതീയരൂപങ്ങളിൽനിന്ന് നോവലിനെ മൗലികമായി വ്യത്യസ്തമാക്കുന്നത് വാമൊഴിയിൽ നിന്ന് പുറപ്പെടുന്നതോ വാമൊഴിയിലേക്കു പുറപ്പെടുന്നതോ അല്ലാത്ത അതിന്റെ ആഖ്യാനരീതിയാണെന്ന് ബൻയമിൻ : “What distinguished the novel from the story (and from the epic in the narrower sense) is its essential dependence on the book. The dissemination of the novel become possible only with the invention of the book… what differentiates the novel from all other forms of prose literature – the fairytale, the legend, even the novella – is that it neither comes from oral tradition or goes into it.”
5. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ നോവലിന്റെ ആഖ്യാനകലയെക്കുറിച്ച് വഴിമാറിച്ചിന്തിച്ച മറ്റൊരു വിമർശനപദ്ധതി ഘടനാവാദത്തിന്റേതാണ്. റഷ്യൻ ഫോർമലിസത്തിൽ തുടങ്ങി ക്ലോദ്ലെവിസ്ട്രോസിലൂടെ സ്വെറ്റൻ ടൊഡറോവ്, റോമൻ യാക്കോബ്സൺ, സെയ്മർ ചാറ്റ്മാൻ, ജൊനാഥൻ കളളർ, ജെറാൾഡ് ഷെനെ തുടങ്ങിയവരിലേക്കു വളർ ഘടനാവാദം പിന്നീട് ആഖ്യാനവിജ്ഞാനം (Narratology) എാന്നൊരു വിമർശനപദ്ധതിക്കുതന്നെ രൂപംകൊടുത്തു. ഒരർഥത്തിൽ സാംസ്കാരിക നരവംശശാസ്ത്രകാരനായ നോർത്രോപ് ഫ്രൈ മുതൽ പ്രജനകവ്യാകരണകാരനായ നോം ചോംസ്കി വരെയുളളവർ ഈ സമീപനപദ്ധതിയിൽ ഉൾപ്പെട്ടവരാണെന്നു പറയാം. The Poetics of Prose (1971) ൽ ടൊഡറോവും Structuralist Poetics (1975) ൽ കളളറും Story and Discourse :Narrative structure in Fiction and Film (1978) ൽ ചാറ്റ്മാനും ആവിഷ്ക്കരിക്കുന്ന വാദങ്ങൾ നോവൽ ഉൾപ്പെടെയുളള സാഹിത്യകലകളുടെ ആഖ്യാനത്തെ സവിശേഷമായ ഒരു പഠനമേഖലയായി വികസിപ്പിച്ചു. ടൊഡറോവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “Novels do not immitate reality; they create it”. ഭാഷയും അതിന്റെ വിന്യാസവും കൊണ്ട് നോവൽ സൃഷ്ടിക്കുന്ന യാഥാർഥ്യത്തെക്കുറിച്ചാണ് ടൊഡറോവ് പറയുന്നത്. ആഖ്യാനഭാഷയിലൂടെ നോവൽ യാഥാർഥ്യത്തിന്റെ പ്രതിഫലനമോ പ്രതിനിധാനമോ നിർമ്മിക്കുകയല്ല, യാഥാർഥ്യത്തെത്തന്നെ സൃഷ്ടിക്കുകയാണ് എന്നർഥം. ‘Structural Asnalysis of Narrative’എന്ന പഠനത്തിൽ ടൊഡറോവ് ‘ഇതിവൃത്ത‘ത്തിന് ആഖ്യാനത്തിലുളള പ്രാധാന്യം ചർച്ചചെയ്യുന്നു. “How does the text get us to construct an imaginary world? Which aspects of the text determine the construction we produce as we read? And in what way?”ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ആഖ്യാനകലയെക്കുറിച്ചുളള ഘടനാവാദികളുടെ അന്വേഷണം തേടിയത്. ആഖ്യാനം തന്നെയാണ് സാഹിത്യമുൾപ്പെടെയുളള മുഴുവൻ കലകളിലും അന്വേഷിക്കേണ്ടത് എന്ന കാഴ്ചപ്പാടു രൂപീകരിച്ചുകൊണ്ട് ഈ പദ്ധതിയുടെ പ്രമുഖനായ മറ്റൊരു വക്താവ് സെയ്മർ ചാറ്റ്മാൻ സിനിമയെയും നോവലിനെയും കൂട്ടിയിണക്കുന്നു. കഥ (Story), വ്യവഹാരം (Discourse) എന്ന രണ്ടു തലങ്ങളാണ് അദ്ദേഹം ആഖ്യാനത്തിനു കല്പിക്കുത്. ഉളളടക്കം, സംഭവപരമ്പര, കഥാപാത്രങ്ങൾ തുടങ്ങിയ ഘടകങ്ങൾ നിർണയിക്കുന്നതാണ് കഥ. ഒരു ആഖ്യാനം എന്താണെന്ന് ((what?) കഥ വിശദീകരിക്കും. അതിനപ്പുറത്ത് പറച്ചിലിന്റെ ക്രമവും രീതിയും ഘടനയും ഒക്കെച്ചേരുന്നതാണ് വ്യവഹാരം. എങ്ങനെയാണ് (How?) ഒരു കലയുടെ ആഖ്യാനം എന്നതിന്റെ ഉത്തരമാണ് വ്യവഹാരം. മാർസൽ പ്രൂസ്തിന്റെ നോവലുകളെക്കുറിച്ചുളള പഠനത്തിൽ ഷെനെ കഥ (story), ഇതിവൃത്തം (plot), ആഖ്യാനം (narrative) എന്നീ പരികല്പനകൾ കൊണ്ടു വിശദീകരിക്കുന്നതും ഇതേ ആശയം തന്നെയാണ്.
6. ഘടനാവാദാനന്തര, ആധുനികാനന്തര സമീപനങ്ങൾ ആഖ്യാനത്തിനു സൃഷ്ടിച്ചുകൊടുത്ത വ്യാഖ്യാനസാധ്യതകളാണ് മറ്റൊന്ന്. എഴുത്തിനെക്കാൾ പ്രാധാന്യം വായനക്കു കൈവന്ന കാലത്തെയും പ്രക്രിയയെയുമാണ് മുഖ്യമായും റൊളാങ് ബാർത്തിലൂടെ വ്യവസ്ഥപ്പെട്ടഈ വീക്ഷണം മുന്നോട്ടുവയ്ക്കുന്നത്. അപനിർമ്മാണമെന്ന വിശകലനരീതിയോടു ചേർന്നു നിന്ന് ഴാക് ദരിദയും ജൂലിയ ക്രിസ്തേവയുമുൾപ്പെടെയുളളവർ ആവിഷ്ക്കരിച്ച പാഠാന്തരത (intertextuality)-യാണ് ഈ ഘട്ടത്തിലെ ആഖ്യാനവിശകലനത്തിന്റെ മുഖ്യരീതിശാസ്ത്രങ്ങളിലൊന്നായി മാറിയത്. പാഠം (Text) എന്ന പരികല്പനക്ക് സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ ബാർത്ത് നൽകുന്ന അർഥവും മൂല്യവും മുഴുവൻ സംസ്കാരരൂപങ്ങളിലേക്കും വ്യാവർത്തിപ്പിക്കാൻ ‘പാഠാന്തരത‘ക്കു കഴിയുന്നു. ‘The text is a process; the work is a product’ എന്നു സ്ഥാപിച്ച ‘From work to Text’ എന്ന പ്രബന്ധത്തിൽ ബാർത്ത് എഴുതുന്നു: “Over against the traditional notion of the work, for long-and still-conceived of in a, so to speak, Newtonian way, there is now the requirement of a new object, obtained by the sliding or over turning of former categories. That object is the Text”. സാഹിത്യത്തിനൊപ്പം മാധ്യമം, ജനപ്രിയസംസ്കാരം, ഫോട്ടോഗ്രഫി, പരസ്യം തുടങ്ങിയ മേഖലകളെക്കുറിച്ചും ബാർത്ത് നടത്തുന്ന നിരീക്ഷണങ്ങൾ വായനയെ സർഗാത്മക പ്രക്രിയയിൽ ഊന്നി കർത്താവിനും കൃതിക്കും പരമ്പരാഗതമായി കല്പിച്ചുനൽകപ്പെട്ടിരുന്ന ദൈവതുല്യമായ കർതൃത്വം നിരാകരിച്ചതോടെ, നോവൽ ഉൾപ്പെടെയുളള മുഴുവൻ സാംസ്കാരിക വ്യവഹാരങ്ങളുടെയും അർഥമൂല്യങ്ങൾ മാറിവന്നു. ബൽസാക്കിന്റെ Sarrasine എന്ന നോവലെറ്റിന്റെ വായനയിലൂടെ ബാർത്ത് തെളിയിക്കാനാഗ്രഹിച്ച വസ്തുത ഇതായിരുന്നു: ‘Its language which speaks, not the author’. അതിനുവേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ കല്പനയായിരുന്നു ‘കർത്താവിന്റെ മരണ‘മെന്നത്. ‘…. the birth of the reader must be at the cost of the death of the author’എന്ന വാക്യാർധം (1968) ഏറെ ഉദ്ധരിക്കപ്പെടുന്നതാണല്ലോ.
ഇതോടൊപ്പംതന്നെ പരിഗണിക്കണം, ചിഹ്നവിജ്ഞാനീയത്തിന്റെ (Semiotics) ആധാരമായി സാഹിത്യവിമർശനം പരിഗണിക്കുന്ന അഞ്ചു കോഡുകൾ (codes of actions, codes of puzzles, cultural codes connotative codes, symobolic codes എന്നിവ) നോവൽ ഉൾപ്പെടെയുളള രൂപങ്ങളിൽ ബാർത്ത് പരീക്ഷിക്കുന്നത്. ആഖ്യാനപ്രക്രിയയിൽ ഭാഷയ്ക്കുളള പ്രാധാന്യമാണ് ബാർത്ത് വിളംബരം ചെയ്യുന്നത്. “For literature is itself a science, or at least knowledge, no longer of the ‘human heart’, but of human language” എന്ന് അദ്ദേഹം നിരീക്ഷിക്കുന്ന സാഹചര്യവും മറ്റൊന്നല്ല.
7. നിരവധി നോവലിസ്റ്റുകൾ പല കാലങ്ങളിലായി അവതരിപ്പിച്ച നോവൽചിന്തകൾ ഈ സാഹിത്യരൂപത്തിന്റെ എഴുത്തിനെയും വായനയെയും കുറിച്ചുളള ശ്രദ്ധേയമായ ആലോചനകളായി പരിണമിച്ചിട്ടുണ്ട്. ഹെന്റി ജയിംസ് മുതൽ മിലൻ കുന്ദേര വരെ, ലോകപ്രശസ്തരായ എത്രയെങ്കിലും നോവലെഴുത്തുകാർ നോവൽ വിമർശകരും ചിന്തകരും കൂടിയാണെന്നതും ഓർക്കുക. (ഇംഗ്ലീഷിലൂടെ നമുക്കു പരിചയം വന്നവരുടെ മാത്രം കാര്യമാണിവിടെ സൂചിപ്പിക്കുന്നത്.) ടോൾസ്റ്റോയി, ഇ.എം. ഫോസ്റ്റർ, ആൽഡസ് ഹക്സ്ലി, വെർജിനിയ വുൾഫ്, ജോർജ്ജ് ഓർവെൽ, ഏണസ്റ്റ് ഹെമിംഗ്വേ, ജീൻപോൾ സാർത്ര്, ആൽബർ കാമു, ജയിംസ് ജോയ്സ്, തോമസ്മൻ, സൂസൻ സൊണ്ടാഗ്, റെയ്മണ്ട് വില്യംസ്, ഡേവിഡ് ലോജ്, ടെറി ഈഗിൾ‘, ഇറ്റാലോ കാൽവിനോ, ഉംബർട്ടോ എക്കോ, ടോണി മോറിസ, ചിനു അച്ചേബാ, സൽമാൻ റുഷ്ദി, ഓർഹൻ പാമുക്…. എന്നിങ്ങനെ ഇവരുടെ നിര നീളുന്നു. (സെർവാന്റിസിനെപ്പോലും ഒന്നാന്തരം നോവൽചിന്തകനായാണ് കുന്ദേരയും മറ്റും അവതരിപ്പിക്കുന്നത്)
The Art of the Novel (1986), Testaments betrayed (1993), The Curtain (2005), Encounter (2009) എന്നീ ഗ്രന്ഥങ്ങളിലൂടെ തന്റെ നോവൽചിന്തകൾ വിപുലമായാവിഷ്ക്കരിച്ച മിലൻ കുന്ദേരയുടെ ചില കാഴ്ചപ്പാടുകൾ മാത്രം സൂചിപ്പിക്കാം. ആധുനികതയുടെ തന്നെ നിർമ്മാണതത്വങ്ങളിലൊന്നായാണ് കുന്ദേര നോവലിനെ കാണുന്നത്. “Indeed, for me, the founder of Modern era is not only Descartes, but also Cervantes”എന്ന് ‘നോവലിന്റെ കല‘യിൽ അദ്ദേഹമെഴുതി. ‘സെർവാന്റിസിന്റെ പൈതൃകം‘ എന്നാണ് കുന്ദേര നോവലിനെ വിളിക്കുന്നത്. നോവലിനെക്കുറിച്ചുളള ലൂക്കാച്ചിന്റെ വിഖ്യാത നിരീക്ഷണത്തെ ഓർമ്മയിലെത്തിച്ചുകൊണ്ട്, ‘ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കി ലോകം പിടിച്ചെടുത്ത ആധുനികതയുടെ വേദഗ്രന്ഥ‘മായി അദ്ദേഹം നോവലിനെ നിർവചിക്കുന്നു. The Curtain എന്ന ഗ്രന്ഥത്തിൽ കുന്ദേര നോവലിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “A magic curtain, woven of legends, hung before the world” (p.92). നോവലും നോവലിസ്റ്റും തമ്മിലുളള ആത്മബന്ധത്തെക്കുറിച്ച് കുന്ദേരക്കുളള അഭിപ്രായം മുൻപു സൂചിപ്പിച്ചു. ‘അതിപരിചിതമായ രൂപകം‘ എന്ന മുന്നറിയിപ്പോടെ നോവലിന്റെ കലയിൽ കുന്ദേര എഴുതുന്നു : “The Novelist destroys the house of his life and uses its stones to build the house of his novel” (p.145). അതുപോലെതന്നെ ശ്രദ്ധേയമാണ് നോവലും അധികാരവും തമ്മിലും നോവലും ഓർമയും തമ്മിലുമുളള ബന്ധത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും. പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ രാഷ്ട്രീയ സർവാധിപത്യങ്ങൾക്കെതിരെയുളള പ്രതിരോധങ്ങളാണ് ഏതുകാലത്തുമെന്നപോലെ തന്റെ കാലത്തും നോവലെന്ന് കുന്ദേര കണ്ടു. “The world of one single truth and the relative ambiguous world of the novel are moulded of entirely different substances. Totalitarian truth excludes relativity, doubt, questioning; it can never accomodate what I would call the spirit of the novel” എന്ന് കുന്ദേര ‘നോവലിന്റെ കല‘യിൽ എഴുതുന്നുണ്ട് (1993:14). യഥാർഥത്തിൽ കുന്ദേര ഒറ്റയ്ക്കല്ല ഇത്തരമൊരു രാഷ്ട്രീയത്തെ തങ്ങളുടെ സാമൂഹ്യജീവിതത്തിന്റെയും സാംസ്കാരിക വിചാരത്തിന്റെയും ഭൂമികയാക്കുന്നത്. കാഫ്ക മുതൽ തോമസ്മൻ വരെയും പാസ്തർനാക് മുതൽ സോൾഷെനിറ്റ്സൻ വരെയും കാമു മുതൽ റുഷ്ദിവരെയും ഫ്യുവെന്റസ് മുതൽ വർഗാസ് യോസ വരെയും…. ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്.
ഓർമയുടെ രാഷ്ട്രീയമെന്ന നിലയിൽ നോവലിനു കൈവന്ന ആഖ്യാനസ്വരൂപത്തെക്കുറിച്ചുളള നിലപാടുകളാണ് മറ്റൊന്ന്. ‘അധികാരത്തിനെതിരെയുളള മനുഷ്യന്റെ സമരം, മറവിക്കെതിരെയുളള ഓർമയുടെ സമരം തന്നെയാണ്‘ എന്ന പ്രഖ്യാതമായ കല്പന പാലിച്ചെഴുതപ്പെട്ട കുന്ദേരയുടെ നോവലുകളിലൂടെയും നോവൽപഠനങ്ങളിലൂടെയും തെളിഞ്ഞുകിട്ടുന്ന വസ്തുതയും മറ്റൊന്നല്ല. മലയാളത്തിലും ആധുനികാനന്തര നോവലിന്റെ ആഖ്യാനകലയിൽ ‘ഓർമ‘ക്കു കൈവരുന്ന രാഷ്ട്രീയപ്രാധാന്യം ചെറുതല്ലല്ലോ.
റബലെയും സെർവാന്റിസും മുതൽ ബ്രോക്കും കാഫ്കയും വരെയുളള നോവലിസ്റ്റുകളുടെ രചനകൾ മുൻനിർത്തി കുന്ദേര മുന്നോട്ടു വയ്ക്കുന്ന നോവൽചിന്തകളൊന്നടങ്കം അവയുടെ ആഖ്യാനകലയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് അടിസ്ഥാനപരമായി ചർച്ചചെയ്യുന്നത്. ‘അസ്തിത്വത്തിന്റെ പര്യവേക്ഷകൻ‘ (Explorer of Existence) എന്ന നിലയിൽ നോവലിസ്റ്റ് നടത്തുന്ന ഭാവനാസഞ്ചാരത്തിന്റെ ലക്ഷ്യം ചരിത്രത്തെ അസ്തിത്വത്തിന്റെ പാഠരൂപമായി തിരിച്ചറിയുകയും അതായിത്തന്നെ നോവലിൽ ആവിഷ്ക്കരിക്കുകയുമാണ്. നോവലിന്റെ ആഖ്യാനകലയിൽ ആശയലോകങ്ങളുടെ ബഹുസ്വരതയും സംഗീതത്തിന്റെ ഭാവാത്മകതയും (ഭാവഗീതാത്മകതയല്ല!) മുതൽ വാക്കുകളുടെ നാനാർഥങ്ങൾ വരെയുളളവയുടെ പ്രാധാന്യം കുന്ദേര ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. (മിലൻ കുന്ദേരയുടെ നോവൽചിന്തകൾ സമഗ്രമായി വിശകലനം ചെയ്യുന്ന പഠനം കാണുക: ഗ്രന്ഥാലോകം, ഡിസംബർ, 2014).
8. ആധുനികാനന്തരനോവലിന്റെ ആഖ്യാനകലയെക്കുറിച്ചുളള ചർച്ചകളിൽ ഏറ്റവും പ്രസിദ്ധവും രാഷ്ട്രീയമായി ഏറ്റവും പ്രസക്തവുമായ ഒന്ന് ഫ്രോങ്കോ ലിയോത്താർ അവതരിപ്പിച്ച ബൃഹദാഖ്യാന (Grand Narrative)സങ്കല്പനത്തെ കേന്ദ്രീകരിച്ചു രൂപംകൊണ്ടതാണ്. ആധുനികതയുടെ അപനിർമ്മാണവും ആധുനികാനന്തരതയുടെ സാംസ്കാരിക സമവാക്യവുമായി ലിയോത്താർ മുന്നോട്ടു വയ്ക്കുന്ന ഈ സങ്കല്പനം ആഗോളതലത്തിൽതന്നെ ശ്രദ്ധ നേടിയ ഒരു തത്വചിന്താപദ്ധതിയും നോവലുൾപ്പെടെയുളള സാഹിത്യരൂപങ്ങളുടെ ആഖ്യാനയുക്തിയുമായി മാറിയത് വളരെ വേഗമാണ്. ‘ആധുനികാനന്തരതയെന്നത് സൂക്ഷ്മങ്ങളും ബഹുലങ്ങളുമായ ആഖ്യാനരൂപങ്ങളുടെ കാലമാണ്; ബൃഹദാഖ്യാനങ്ങളുടേതല്ല‘, എന്ന് ലിയോത്താർ.
ആധുനികതയുടെ ഏകീകരണയുക്തി നിരാകരിക്കപ്പെടുതോടെ, ആ യുക്തിയിലധിഷ്ഠിതമായിരുന്ന ബൃഹദാഖ്യാനങ്ങൾ (ദേശീയത, മതം, ശാസ്ത്രം, യുക്തി, കമ്യൂണിസം….) ശിഥിലീകൃതമാകുകയും സൂക്ഷ്മങ്ങളും ബഹുലങ്ങളുമായ ലഘ്വാഖ്യാനങ്ങൾ നിലവിൽവരികയും ചെയ്യുന്ന ചരിത്രാനുഭവത്തെയാണ് ലിയോത്താർ ആധുനികാനന്തരത എന്നതുകൊണ്ടർത്ഥമാക്കുന്നത്. സൂക്ഷ്മരാഷ്ട്രീയം, സ്വത്വരാഷ്ട്രീയം, കീഴാളത, പ്രാദേശികത തുടങ്ങിയ നിരവധി തലങ്ങളിലൂടെ ഈ ചരിത്രാനുഭവം മൂർത്തമായ സാംസ്കാരികാനുഭൂതികൾക്കു രൂപം നൽകുകയും ചെയ്യുന്നു. നോവലിൽ തികച്ചും പ്രസക്തമാണ് ഈ രാഷ്ട്രീയങ്ങൾ. സാഹിത്യവും രാഷ്ട്രീയവും തമ്മിലുളള ബന്ധത്തെ പുനർനിർവചിച്ചുകൊണ്ടും ആധുനികതയിൽ സാഹിത്യത്തിനു കല്പിക്കപ്പെട്ടിരുന്ന സമഗ്രതായുക്തി റദ്ദാക്കിക്കൊണ്ടും നോവലുൾപ്പെടെയുളളവയുടെ ഭാവുകത്വങ്ങളും ആഖ്യാനകലയും പുതുരൂപങ്ങൾ നേടി. ചെറുതുകളും കീഴാളങ്ങളും പ്രാന്തവൽകൃതങ്ങളും ന്യൂനപക്ഷങ്ങളും പ്രാദേശികങ്ങളുമായ സ്വത്വങ്ങളുടെ നാവും സ്വരവുമായി നോവൽ മാറി. ചിതറുന്ന ആഖ്യാനങ്ങളുടെ കാലമായി, ആധുനികാനന്തരനോവലിന്റേത്. ഇറ്റാലോകാൽവിനോ, ‘The uses of literature’എന്ന പ്രബന്ധത്തിൽ(1976/1986) എഴുതുന്നു: “Literature is necessary to politics above all when it gives a voice to whatever is without a voice, when it gives a name to what as yet has no name, especially to what the language of politics excludes or attempts to exclude. I mean aspects, situations and languages both of the outer and of the inner world, the tendencies repressed both in individuals and in society. Literature is like an ear that can hear things beyond the understanding of the language of politics;it is like an eye that can see beyond the color spectrum perceived by politics. Simply because of the solitary individualism of his work, the writer may happen to explore areas that no one has explored before, within himself or outside, and to make discoveries that sooner or later turn out to be vital areas of collective awareness (Quoted in, Dennis Walder, 2008:114).
ആധുനികാനന്തരമലയാളസാഹിത്യത്തിൽ പൊതുവെയും നോവലിൽ വിശേഷിച്ചും രൂപംകൊളളുന്ന രാഷ്ട്രീയഭാവുകത്വങ്ങളിൽ ഏറ്റവും പ്രമുഖം ഈ വിധമുളള സാമൂഹിക ജാഗ്രതയുടെ രണ്ടാംവരവാണ്. ആധുനികതാവാദം സാഹിത്യത്തിൽ പൊതുവെ നിരസിച്ച സാമൂഹികതയുടെ മടങ്ങിവരവെന്ന നിലയിൽ ഈ രാഷ്ട്രീയം മലയാളത്തിൽ പലകുറി ചർച്ചചെയ്യപ്പെട്ടതാണ്. അതിലുപരി, ആധുനികതയുടെ ബൃഹദാഖ്യാനങ്ങൾക്കു സംഭവിച്ച ശൈഥില്യം സൃഷ്ടിച്ച സ്വത്വരാഷ്ട്രീയങ്ങളുടെ വരവ് എന്ന നിലയിൽ ഈ ഭാവുകത്വമാറ്റത്തെ കാണുകയാവും കൂടുതൽ യുക്തിസഹം. കീഴാള, സ്ത്രീ, പാരിസ്ഥിതിക, പ്രാദേശിക സാമൂഹികതകളുടെ പ്രകടവും പ്രത്യക്ഷവുമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നവയാണ് ബഹുഭൂരിപക്ഷം ആധുനികാനന്തര നോവലുകളും എന്നതിനാൽ വിശേഷിച്ചും. ആധുനികതാവാദഘട്ടത്തിൽ നവവിമർശനത്തിന്റെ വഴിയിൽ ശ്രദ്ധനേടിയ മലയാളനോവൽ വിമർശനത്തിൽ പിന്നീടൊരു വേറിട്ടവഴി തുറക്കപ്പെടുന്നതും ഈ ഘട്ടത്തിലാണ്.
9. ആധുനികതക്കുശേഷം രൂപപ്പെട്ടനോവൽവിമർശനപദ്ധതികളിൽ ഇതുപോലെതന്നെ പ്രമുഖമാണ് ദേശീയതയുടെ പാഠരൂപങ്ങളെന്ന നിലയിൽ നോവലിനുണ്ടായ വായനകൾ. കോളനിയനന്തരവാദം, ദേശീയതാവാദം എന്നിവ സമന്വയിപ്പിച്ചും അല്ലാതെയും നോവലിനെക്കുറിച്ചുണ്ടായ പഠനങ്ങളിൽ പ്രമുഖമാണ് ഇത്. രാഷ്ട്രംതന്നെ സ്വയം ഒരാഖ്യാനമാണെുന്നും നോവൽ രാഷ്ട്രത്തിന്റെ സൂക്ഷ്മപാഠമാണെന്നുമുളള കാഴ്ചപ്പാടുകൾ രൂപംകൊളളുത് 1990 കളിലാണ്. ബനഡിക്ട് ആൻഡേഴ്സൺ ദേശീയതയെ ഭാവനാത്മക സമൂഹങ്ങളുടെ രാഷ്ട്രീയാവബോധമായി വിശദീകരിക്കുന്ന ഗ്രന്ഥത്തിലും (Imagined communities – 1983) ചിനു അച്ചേബയുൾപ്പെടെയുളള ആഫ്രിക്കൻ എഴുത്തുകാർ കോളനിയനന്തരവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊടുത്ത നിലപാടുകളിലും ഈ സമീപനത്തിന്റെ തുടക്കം കാണാം. പ്രാദേശികഭാഷകൾക്ക് ആശയവിനിമയത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും കരുത്തുകൈവന്നതോടെയാണ് നോവൽ ‘ദേശീയതാമനഃസാക്ഷി‘യായി മാറുന്നതെന്ന് ആൻഡേഴ്സൺ നിരീക്ഷിക്കുന്നുണ്ട്. ഹോമി കെ. ഭാഭ എഡിറ്റുചെയ്ത ‘Nation and Narration’ (1990) എന്ന ഗ്രന്ഥം ഈ രംഗത്തെ ക്ലാസിക്കായി അറിയപ്പെടുന്നു. പാർഥാ ചാറ്റർജി, അർജുൻ അപ്പാദുരെ, ജി.എൻ. ഡേവി, തേജസ്വിനി നിരഞ്ജന, ഗായത്രി സ്പിവാക് (മുഖ്യമായും മഹാശ്വേതാദേവിയുടെ രചനകൾ മുൻനിർത്തി) തുടങ്ങിയവരുടെ സാഹിത്യ/നോവൽ പഠനങ്ങൾ ഈ രംഗത്തു ശ്രദ്ധേയമാണ്.
ഭാഷ, ദേശം, വ്യക്തിസ്വത്വം, ചരിത്രം തുടങ്ങിയവയെല്ലാം നോവലിൽ രൂപംകൊളളുന്നത് ദേശരാഷ്ട്രബോധത്തിൽ നിന്നാണെന്ന് ലാറ്റിനമേരിക്കൻ നോവൽപഠനങ്ങൾ തെളിയിക്കുന്നുണ്ട്. ബൂം (Boom) എന്നറിയപ്പെ‘ ലാറ്റിനമേരിക്കൻ നോവലിലെ ആധുനികതാവാദപ്രസ്ഥാനം (1950-70)ത്തിനുശേഷം നിലവിൽ വന്ന പോസ്റ്റ് ബൂം പ്രസ്ഥാനം ജനപ്രിയ നോവൽ ധാരണകളെയാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ‘ജനപ്രിയങ്ങളും സമൂഹോന്മുഖവുമായ നോവലുകളിലേക്കു തിരിച്ചുപോവുക‘ എന്ന കാർപ്പന്റിയറുടെ ആഹ്വാനം പ്രസിദ്ധമാണ്. ‘The Post Boom in Spanish American Fiction’എന്ന ഗ്രന്ഥത്തിൽ (1998) ഡൊണാൾഡ് എൽ. ഷാ, ഈ പ്രസ്ഥാനം നവചരിത്രവാദമുൾപ്പെടെയുളളവയുടെ സ്വാധീനത്തിൽ നോവലിന്റെ ആഖ്യാനകലയിൽ വരുത്തിയ മാറ്റങ്ങൾ ക്രോഡീകരിക്കുന്നു. ചരിത്രം, ജനപ്രിയത, രാഷ്ട്രീയ-സാമൂഹ്യപ്രതിബദ്ധത, റിയലിസം, പ്രവാസി സംസ്കാരം എന്നിങ്ങനെയുള്ള അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പോസ്റ്റു ബൂം സാഹിത്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ടപ്രമേയങ്ങളിലൊന്ന് പ്രണയമാണ്. മാജിക്കൽ റിയലിസം പോലുള്ള സങ്കേതങ്ങൾ ലാറ്റിനമേരിക്കൻ നോവൽ കൈവെടിഞ്ഞിരിക്കുന്നു. കുറ്റാന്വേഷണ കഥകളും പുതിയ ചരിത്ര നോവലുകളും മറ്റുമാണ് ഇന്ന് പ്രചാരമുള്ള രൂപങ്ങൾ. പോസ്റ്റ് ബൂമിലേക്കുള്ള പരിവർത്തനഘട്ടത്തിന്റെ വക്താക്കളായി കരുതാവുന്ന പ്രധാനപ്പെട്ടഎഴുത്തുകാർ പ്യൂയിഗ്, മാരിയോ ബനഡിറ്റി, സാർഡൂയി തുടങ്ങിയവരാണ്. ഇവരുടെ നോവലുകളും നോവൽ വിമർശനങ്ങളുമാണ് പോസ്റ്റു ബൂമിന്റെ അടിത്തറയുറപ്പിച്ചത് എന്ന് ഷാ ചൂണ്ടിക്കാണിക്കുന്നു. ജനപ്രിയ നോവൽ എന്നമട്ടിൽ പ്രണയം മുഖ്യേതിവൃത്തമായ മാർക്കേസിന്റെ കോളറകാലത്തെ പ്രണയം പോലുള്ള കൃതികൾ എഴുതപ്പെട്ടത് പോസ്റ്റ് ബൂം ഒരു യാഥാർത്ഥ്യമായതിനുശേഷമാണ് എന്നും അദ്ദേഹം പറയുന്നു. ബൂം എഴുത്തുകാർ ആഗോളവൽക്കരിച്ച ലാറ്റിനമേരിക്കൻ നോവലിനെ സ്വന്തം ദേശീയതകളിലേക്കു തിരിച്ചു കൊണ്ടു വരികയാണ് പോസ്റ്റ് ബൂം എഴുത്തുകാർ ചെയ്യുന്നത്. ബനഡിറ്റി ചൂണ്ടിക്കാണിക്കുന്നതു പോലെ, സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തിൽ ബൂം എഴുത്തുകാർ ആഗോളവൽക്കരിച്ച ലാറ്റിനമേരിക്കൻ നോവലിനെ സാംസ്കാരികമായി മോചിപ്പിക്കുകയാണ് പോസ്റ്റ് ബൂം നോവലിസ്റ്റൂകൾ ചെയ്യുന്നത് എന്നും പറയാം. വായനയുടെയും ഭാഷയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിൽ നിന്നു രൂപംകൊണ്ട ആഖ്യാനത്തിന്റെ ലാളിത്യം പോസ്റ്റ് ബൂം നോവലിസ്റ്റുകളുടെ മുഖമുദ്രയാണ്. ഉന്നതസംസ്കാരം എന്ന സങ്കല്പനം അവർ നിരാകരിക്കുന്നു. ജനപ്രിയസംസ്കാരത്തിന്റെ മണ്ഡലങ്ങൾ (ടെലിവിഷൻ, സിനിമ, പോപ്പ്സംഗീതം, ഫാഷൻ, വിപണി തുടങ്ങിയവ) പുതിയ നോവലിനെ വൻതോതിൽ സ്വാധീനിക്കുന്നു. മാർക്കേസിന്റെ തന്നെ‘ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ്‘ പത്രറിപ്പോർട്ടിന്റെ സങ്കേതം സ്വീകരിച്ച സാഹചര്യം ഓർമ്മിക്കുക.“ബൂം കാല്പനിക വിരുദ്ധമായിരുന്നു. പോസ്റ്റ് ബൂം ജീവിതത്തിലേക്കും സമൂഹത്തിലേക്കും കാല്പനികത തിരിച്ചുകൊണ്ടു വന്നു”– പ്യൂയിഗിന്റെയും സ്കർമേറ്റയുടെയും അലൻഡെയുടെയും നോവലുകൾ സാക്ഷ്യപ്പെടുത്തി ഷാ വിശദീകരിക്കുന്നു. ഫ്വെന്റസിനെപ്പോലുള്ളവർ വിമർശനങ്ങളിൽ സ്വീകരിച്ച, നോവൽ അടിസ്ഥാനപരമായി ഒരു ഭാഷാവിനിയോഗമാണ് എന്ന നിലപാട് സാർഡൂയിയെപ്പോലുള്ളവർ ഏറ്റെടുത്തു വിപുലീകരിച്ചു. ബൂം കാലത്തെ എൻസൈക്ലോപീഡിക് നോവലുകൾക്കുപകരം ചെറിയ, സങ്കീർണ്ണമല്ലാത്ത നോവലുകൾ രചിക്കുന്ന രീതിയാണ് ഇന്നുള്ളത്. പോസ്റ്റ് ബൂമിനെക്കുറിച്ച്, വർഗാസ്യോസയുമായി റെയ്മണ്ട് വില്യംസ് നടത്തിയ ഒരഭിമുഖത്തിൽ യോസ ഇങ്ങനെ പറയുന്നുണ്ട്: “പ്രധാന മാറ്റമായി ഞാൻ കാണുന്നത് നോവലിന്റെ രൂപത്തെക്കുറിച്ചുളള ധാരണയാണ്. അറുപതുകളിൽ എനിക്കും മറ്റ് ലാറ്റിനമേരിക്കൻ നോവലിസ്റ്റുകൾക്കും നോവലിന്റെ രൂപമെന്നത് പ്രമേയമോ കഥാപാത്രമോ പോലെ ഒന്നായിരുന്നു. ഇന്നിപ്പോൾ അത് മാറിയിരിക്കുന്നു. നോവലിന്റെ രൂപപരവും സാങ്കേതികവുമായ സാധ്യതകളിലുള്ള പരീക്ഷണമാണ് ലാറ്റിനമേരിക്കൻ നോവലിന്റെ പുതിയമുഖം.”ഈ വാക്കുകൾ വിശകലനം ചെയ്തുകൊണ്ട് ഷാ എഴുതുന്നു: “പോസ്റ്റ് ബൂം നോവൽ കൂടുതൽ ഇതിവൃത്ത കേന്ദ്രിതമാണ്; പ്രമേയപരവും സാങ്കേതികവുമായി കൂടുതൽ ലളിതമാണ്; കൂടുതൽ വായനോന്മുഖവുമാണ്”.
ആഖ്യാനത്തിലെ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി റോബർട്ടോഗൊസാൽവസ് എച്ചെവരിയയെപ്പോലുള്ള നിരൂപകർ ബൂമിനെ വടക്കേ അമേരിക്കൻ, യൂറോപ്യൻ അർത്ഥത്തിലുള്ള ആധുനികതയോടും പോസ്റ്റ്ബൂമിനെ ആധുനികാനന്തരതയോടും സമാനപ്പെടുത്തുന്നു. പോസ്റ്റ് ബൂം നോവലിന്റെ മൂന്നു പ്രധാന ധാരകൾ ഇവയാണ്- ഡോക്യുമെന്റെറി നോവൽ, ചരിത്ര നോവൽ, ഡിറ്റക്ടീവ് നോവൽ. ’80 കളിൽ തരംഗമുയർത്തിയ പുതിയ ചരിത്ര നോവലുകളാണ് ഇവയിൽ ഏറ്റവും പ്രമുഖം. പരമ്പരാഗത ചരിത്രനോവലുകളിൽ നിന്ന് ഇവ വ്യത്യസ്തമാകുത് പ്രധാനമായും ചരിത്ര സങ്കല്പങ്ങളിൽ വന്ന പൊളിച്ചെഴുത്തുകൾ കൊണ്ടു തന്നെയാണ്. ചരിത്രമെഴുതുന്നതിന് സമാന്തരമായി ചരിത്രനിർമ്മാണത്തെക്കുറിച്ചും ഈ നോവലുകൾ എഴുതുന്നു. നവചരിത്രവാദത്തിന്റെ രീതി ശാസ്ത്രം വൻതോതിൽ ഇവരെ സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യകൃതികളുടെ സ്വയംപൂർണ്ണമായ സാമൂഹ്യ- ചരിത്ര പശ്ചാത്തലവൽക്കരണം മുൻനിർത്തി ശുദ്ധമായ രൂപവാദത്തെ ഇവർ നിരാകരിക്കുന്നു. ബൂം നോവലുകളിലെ ഉദാത്തവൽകരിക്കപ്പെട്ടആത്മനിഷ്ഠത ’80 കളിലും ’90 കളിലും ചരിത്രപരമായ വസ്തുനിഷ്ഠതയിലേക്കു മാറുന്നു. സാഹിത്യവും സാഹിത്യേതരവും എന്ന വേർതിരിവ് പരക്കെ നിരസിക്കപ്പെടുകയും ചെയ്യുന്നു. മെക്സിക്കൻ നോവലിസ്റ്റായ ഫെർണാണ്ടോ ദെൽ പാസോവിന്റെ ‘Noticias dei Impevio’എന്ന കൃതി ഇത്തരം നവചരിത്ര നോവലുകൾക്കുള്ള മികച്ച ഉദാഹരണമായി പെല്ല ചൂണ്ടികാണിക്കുന്നുണ്ട്. ശൈലീപരമായി, ബൂം കാലത്തെ എൻസൈക്ലോപീഡിക് നോവലുകളോട് സാമ്യമുള്ള കൃതിയാണിത്. സാഹിതീയവും സാഹിത്യേതരവുമായ നിരവധി ആഖ്യാന ഘടകങ്ങൾ കൊണ്ട് സമ്പമായ ‘Del impevio വായിക്കുന്നത്’ഫോട്ടോഗ്രാഫുകൾകൊണ്ടു തീർത്ത ഒരു ചരിത്ര ചിത്രം കാണുന്നതുപോലെയാണ്‘ എന്ന് പെല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മെക്സിക്കൻ ഫ്രഞ്ച് ചരിത്ര സംഭവം വിശദീകരിച്ചുകൊണ്ട് പാസോ എഴുതുന്നു: “ This book is based on that historial event and the tragic destiny of the ephemeral emperor and empress of Mexico.”പക്ഷെ തൊട്ടടുത്ത വാക്യത്തിൽ തന്നെ കഥാന്തരീക്ഷവും കാലവും സ്ഥലവുമൊക്കെ മാറിമറിയുകയും ചരിത്രവിജ്ഞാനീയത്തിന്റേയും അതികഥയുടേയും തലത്തിലേക്ക് ആഖ്യാനം കടന്നുപോകുകയും ചെയ്യുന്നു. പരമ്പരാഗത ചരിത്ര നോവലിനേക്കാൾ സങ്കീർണ്ണമായ ആഖ്യാനവും ചരിത്രഗ്രന്ഥത്തേക്കാൾ വിശദമായ ചരിത്രവും ഈ നോവൽ മുന്നോട്ടു വെയ്ക്കുന്നു. അതിനപ്പുറം ലാറ്റിനമേരിക്കൻ ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള വ്യവസ്ഥാപിതമിത്തുകളെ ചോദ്യം ചെയ്യാൻ ഈ നോവൽ എഴുത്തുകാരെയും വായനക്കാരെയും വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഇതേ മാതൃകയിൽ ചരിത്രത്തിന്റേയും ചരിത്രരചനയുടേയും ചരിത്രനോവലിന്റെയും പൊളിച്ചെഴുത്തു നടത്തുന്ന മറ്റൊരു കൃതിയാണ് Love in the ‘The General in his Labyrinth’. ബൊളിവറുടെ ശരീര രാഷ്ട്രീയം കൊണ്ടാണ് മാർക്കേസ് ദേശീയ രാഷ്ട്രീയത്തെ മാറ്റി പ്രതിഷ്ഠിക്കുന്നത്. അതേസമയം തന്നെ ബൊളിവറുടെ അവസാനകാലം പുന:സൃഷ്ടിച്ചുകൊണ്ട് അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ച് ഉപന്യസിക്കാനും മാർക്കേസിനു കഴിയുന്നു. ഏകാന്തതയുടെ നൂറുവർഷങ്ങളിലും കുലപതിയുടെ പതനത്തിലും കഥാപാത്രങ്ങളനുഭവിക്കുന്ന ഈ ഏകാന്തത ഒരു ചരിത്രപുരുഷനിലേക്കു മാറ്റുകയാണ് ഇവിടെ നോവലിസ്റ്റ്. തന്നെയുമല്ല, ചരിത്രത്തെക്കുറിച്ചുള്ള കാവ്യാത്മക വ്യഖ്യാനവും ചരിത്രവസ്തുതകളും തമ്മിലുള്ള സംവാദങ്ങളൊരുക്കുവാനും മാർക്കേസ് തയ്യാറാകുന്നു.
സൽമാൻ റുഷ്ദിയുടെ ‘Imaginary homelands’ (1992) പോലുളള ഗ്രന്ഥങ്ങളും ‘ദേശീയത‘യുടെ ആധുനികാനന്തരമായ അർഥവൈവിധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ടോണി മോറിസണെപ്പോലുളള ഹിസ്പാനിക് നോവലിസ്റ്റുകളുടെ നിലപാടും ഭിന്നമല്ല. രാഷ്ട്രത്തോടും അതിന്റെ രൂപീകരണത്തോടും നിലനിൽപ്പിനോടും ബന്ധപ്പെടുത്തി ചരിത്രം, സ്ത്രീ, കീഴാളത, പ്രാദേശിക ജനതകൾ, വംശ-ഗോത്ര-ജാതി വിഭാഗങ്ങൾ തുടങ്ങിയ സംവർഗങ്ങളെയൊക്കെ നാനാരീതികളിൽ പ്രശ്നവൽക്കരിക്കുകയാണ് ഇത്തരം പഠനങ്ങളുടെ രീതി. നോവലിന്റെ ആഖ്യാനമെന്നത് ഇവിടെ രാഷ്ട്രത്തിന്റെതന്നെ സൂക്ഷ്മരൂപമായി മനസ്സിലാക്കപ്പെടുന്നു. കൊളോണിയൽ കാലത്തെ ദേശരാഷ്ട്രരൂപീകരണത്തിന്റെ രാഷ്ട്രീയം മുതൽ ആഗോളവൽക്കരണകാലത്തെ ദേശരാഷ്ട്രങ്ങളുടെ അഴിഞ്ഞുപോക്ക് വരെ ഈ കാഴ്ചപ്പാടിൽ വിശദീകരിക്കപ്പെടുന്നു; അതിനെതിരെയുളള പ്രതിരോധങ്ങളെന്ന പോലെതന്നെ.
കൊളോണിയൽ ആധുനികതയുടെ സാംസ്കാരികരാഷ്ട്രീയം പ്രവർത്തിച്ച ഏറ്റവും പ്രമുഖമായ സാഹിത്യവ്യവഹാരമെന്ന നിലയിൽ ഇന്ത്യൻഭാഷകളിൽ നോവൽ, വർത്തമാനപത്രത്തിനൊപ്പം നിർവഹിച്ച ദൗത്യങ്ങൾ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിക്കുവേണ്ടി ഇ.വി. രാമകൃഷ്ണൻ എഡിറ്റുചെയ്ത ‘Narrating India : the Novel in search of the Nation’എന്ന ഗ്രന്ഥത്തിലും (2005) ഈ ലേഖകൻ എഡിറ്റുചെയ്ത ‘മലയാളനോവൽ : ദേശഭാവനയും രാഷ്ട്രീയഭൂപടങ്ങളും‘ എന്ന ഗ്രന്ഥത്തിലും (2008) നോവലും ദേശീയതയും തമ്മിലുളള ബന്ധം പല നിലകളിൽ പ്രശ്നവൽക്കരിക്കുന്ന പഠനങ്ങളുണ്ട്. ഉരുവംകൊണ്ടു വരുന്ന ദേശരാഷ്ട്രത്തിന്റെ വാക്രൂപങ്ങളും സൂക്ഷ്മപാഠങ്ങളുമായി ഈ ഗ്രന്ഥങ്ങളിലെ പല പഠനങ്ങളും കൊളോണിയൽ നോവലിനെ വ്യാഖ്യാനിക്കുന്നു. തുടർന്നുളള കാലത്തെ നോവലുകളിലും ഭാവനാത്മകസമൂഹങ്ങളും ദേശാവബോധങ്ങളുമൊക്കെയായി ഈ രാഷ്ട്രീയം പ്രവർത്തിക്കുന്നു. ‘ഘാതകവധം‘ മുതൽ ‘മരുഭൂമികൾ ഉണ്ടാകുന്നത്‘ വരെയുളള മലയാളനോവലുകളുടെ ആഖ്യാനത്തെ ദേശീയതയെക്കുറിച്ചുളള രാഷ്ട്രീയബോധങ്ങൾ സ്വാധീനിക്കുന്നതിനെക്കുറിച്ച് 2005 ലെ ഗ്രന്ഥത്തിൽ അയ്യപ്പപ്പണിക്കരും ഉദയകുമാറും രാമകൃഷ്ണനും രാജകൃഷ്ണനുമുൾപ്പെടെയുളളവർ എഴുതുന്നുണ്ട്. കെ.എൻ. പണിക്കരും രാമകൃഷ്ണനുമുൾപ്പെടെയുളളവരാണ് 2008 ലെ ഗ്രന്ഥത്തിലും സമാനമായ ചില അന്വേഷണങ്ങൾ നടത്തുന്നത്. നോവൽ ഉൾപ്പെടെയുളള സാഹിത്യരൂപങ്ങളെ ആധാരമാക്കി ഇന്ത്യൻ ഭാഷകളിലെ ഭാഷാസാഹിത്യചരിത്രങ്ങളുടെ രചനയെ സമാനമായ രീതിശാസ്ത്രപദ്ധതിയിൽ പഠിക്കുന്ന ഗ്രന്ഥമാണ് ഹാൻസ്ഹാർഡർ എഡിറ്റുചെയ്ത Literature and Nationalist Ideology (2010).
10. നോവലിന്റെ ആഖ്യാനകലയെക്കുറിച്ചുളള ഈ ചർച്ചയിൽ അവസാനമായി ചൂണ്ടിക്കാണിക്കാനുളളത് ‘പൊതുമണ്ഡലവും നോവലും‘ എന്ന വിഷയവും സമീപനവുമാണ്. 1960 കളിൽ ഹേബർമാസ് ആവിഷ്ക്കരിച്ചതാണെങ്കിലും 1990 കളിൽ മാത്രമാണ് ഈ സങ്കല്പനം ജർമനിക്കു വെളിയിൽ കാര്യമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങുന്നത്. പൊതുവിൽ ആധുനികത, അച്ചടി, വായന, മധ്യവർഗം, ബഹുജനാഭിപ്രായം, ജനാധിപത്യം തുടങ്ങിയ പരികല്പനകളെ കൂട്ടിയിണക്കുന്ന ഒരു താക്കോൽവാക്കാണ് പൊതുമണ്ഡലം (Public sphere). സാഹിതീയ പൊതുമണ്ഡലത്തെക്കുറിച്ചുളള ഹേബർമാസിന്റെ ചർച്ചകളിൽ സാഹിത്യവിമർശനത്തിനാണ് മുഖ്യ ഊന്നലെങ്കിലും നോവലും വിശകലനം ചെയ്യപ്പെടുന്നുണ്ട്.
അച്ചടിക്കുശേഷം മാത്രം സാധ്യമായതും മധ്യവർഗത്തിന്റെ സാംസ്കാരിക താത്പര്യങ്ങൾ തൃപ്തിപ്പെടുത്തിയതും പ്രസാധകർ രൂപംകൊടുത്തതും സ്ത്രീകളുടെ വായനാഭിരുചി മുൻനിർത്തി എഴുതപ്പെട്ടതും പത്രപ്രവർത്തനത്തിന്റെ ഉപോല്പന്നവുമൊക്കെയായി നിർവചിക്കപ്പെട്ടിട്ടുള്ള നോവൽ, സാമൂഹ്യജീവിതത്തിന്റെ രേഖീകരണവും എഴുത്തിന്റെ ജനാധിപത്യവും ഒരേസമയം സാധ്യമാക്കുകയായിരുന്നു. മുൻപൊരു സാഹിത്യരൂപത്തിനും ഈ സ്വഭാവങ്ങളുണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെയോ പള്ളിമതത്തിന്റെയോ സംരക്ഷണത്തിലല്ലാതെ, വിപണിയുടെ സാധ്യതകളുപയോഗപ്പെടുത്തി കലയും സാഹിത്യവും രൂപംകൊള്ളുത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ബൂർഷ്വാപൗരസമൂഹത്തിന്റെ വിപണിസ്ഥാപനങ്ങളാണ് സാഹിത്യപൊതുമണ്ഡലത്തെ നിർണയിച്ചിരുന്നത് (“The literary public sphere was constituted by the market institutions of bourgeois civil society”– Keith Michael Barker in Craig Calhaun, 1996:185). ഇവയിൽ ഏറ്റവും സവിശേഷമായത് നോവലായിരുന്നു. നവസാക്ഷരസമൂഹത്തിനായി രൂപം കൊണ്ട വിപണികലയാണ് നോവൽ. മൂന്ന് സ്വഭാവങ്ങളാണ് നോവലിനെ വേറിട്ടുനിർത്തിയതെന്ന് ഹേബർമാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന് കഥയെക്കാൾ പ്രധാനം സോദ്ദേശ്യപരതക്കായി. കത്തെഴുത്തു പഠിപ്പിക്കൽ, വായനാശീലമുണ്ടാക്കൽ, പ്രാദേശിക ഭാഷകൾ സാഹിത്യയോഗ്യമാക്കൽ, സ്ത്രീകളുടെ മാനവിക മൂല്യവിചാരങ്ങളുറപ്പിക്കൽ എന്നിങ്ങനെ എത്രയോ ദൗത്യങ്ങളാണ് അവ ഏറ്റെടുത്തതും വൻതോതിൽ സ്ത്രീവായനക്കാരുടെ പ്രീതി നേടിയെടുത്തതും. രണ്ട്, വ്യക്തിയുടെ ആന്തരവികാരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നവതരിപ്പിക്കുന്ന രീതി ഇതാദ്യമായി സാഹിത്യത്തിന്റ സമീപനമായി മാറി. അതിലൂടെ പൊതുസ്വകാര്യമണ്ഡലങ്ങളെ നോവൽ കൂട്ടിയിണക്കി. നോവലെഴുത്തുകാരും വായനക്കാരും ഒരുപോലെ നോവലിന്റെ വൈകാരികതയിലും മാനവികതയിലും പങ്കുചേരുന്നതിനെക്കുറിച്ച് റിച്ചാർഡ്സന്റെ ‘പമേല‘ ഉൾപ്പെടെയുള്ള നോവലുകൾ മുൻനിർത്തി ഹേബർമാസ് നടത്തിയ നിരീക്ഷണം പ്രസിദ്ധമാണ്. മൂന്ന്, കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ വ്യവസ്ഥപ്പെടലിനു സമാന്തരമാണ് നോവലിന്റെയും ആവിർഭാവം. സ്വകാര്യ, കുടുംബ ജീവിതത്തിലെ വൈകാരികാനുഭൂതികളെ (emotions) നോവൽ ചരിത്രവൽക്കരിക്കുകയും അതുവഴി മാനുഷികതയെ (humanness) പുനർനിർവചിക്കുകയും ചെയ്തു. നോവലിന്റെ ഉള്ളടക്കം മാത്രമായിരുന്നില്ല ഈ വൈകാരികതയും മാനുഷികതയും. അവ കർത്താവും വായനക്കാരും തമ്മിലുള്ള ബന്ധംതന്നെ പൊളിച്ചെഴുതി. വടവൃക്ഷങ്ങൾപോലെ പടർന്നു പന്തലിക്കുന്ന കുടുംബങ്ങളുടെ കഥകൾ ചരിത്രത്തിന്റെ അനേകം ഒഴുക്കുകളിലൊന്നാണെന്നും അവ ലോകനോവലിന്റെ ഏറ്റവും പ്രിയപ്പെട്ടഇതിവൃത്തങ്ങളിലൊന്നാണെന്നും ജയിൻ ഓസ്റ്റിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്ട്. (The English Novel from Dickens to Lawrence എന്ന ഗ്രന്ഥം –1970)
നോവലുകൾ തുടർച്ചയായിത്തന്നെ വായനക്കാരെ നേരിട്ട്അഭിസംബോധന ചെയ്ത് എഴുതുന്ന രീതി നിലവിൽവന്നു. ചരിത്രം, വസ്തുത, സത്യം, സംഭവിച്ചത് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ നോവലുകളിൽ പറയുന്ന കാര്യങ്ങളോടുള്ള വായനക്കാരുടെ ആഭിമുഖ്യം അങ്ങേയറ്റം വിശ്വാസ്യതയുള്ളതാക്കി മാറ്റി. പതിനെട്ടാം നൂറ്റാണ്ട്, കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളിൽ സൃഷ്ടിച്ച അടിസ്ഥാനപരമായ മാറ്റം, ബൂർഷ്വാസിയുടെ രൂപത്തിൽ ഉരുത്തിരിഞ്ഞ കലാസാഹിത്യാസ്വാദകരായ ഒരു വർഗ്ഗത്തിന്റെ നിർമ്മിതിയായിരുന്നു. കലാസാഹിത്യാദികളെ വിപണിവൽക്കരിച്ചുകൊണ്ടു നിലവിൽവന്ന ഈ മാറ്റം കലാസാഹിത്യപ്രവർത്തകരെ പള്ളിയുടെയും ഭരണകൂടത്തിന്റെയും പുറത്തേക്കു കൊണ്ടു വന്നു. ഇത് ഏറ്റവും കൂടുതൽ പ്രകടമായത് നോവലിലായിരുന്നു (Edgar Andrew, 2006: 125). പതിനെട്ടാംനൂറ്റാണ്ടിന്റെ സാഹിത്യരൂപമായി നിലവിൽവന്ന നോവൽ നവമധ്യവർഗ്ഗത്തിന്റെ സാംസ്കാരികോല്പന്നമെന്ന നിലയിൽ വളരെവേഗം ഖ്യാതിനേടി. നോവലിന്റെ ഉത്ഭവം കത്തുകളിലും ഡയറിക്കുറിപ്പുകളിലും നിന്നാണെന്ന് ഹേബർമാസ് പറയുന്നുണ്ട് (1993: 48-50). ആദ്യകാല നോവലുകൾ പലതും കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും ശേഖരം തന്നെയാണ്. മധ്യവർഗത്തെ ‘എഴുതാൻ‘ പഠിപ്പിക്കുക എന്നതു തന്നെയായിരുന്നു നോവലിന്റെ പ്രഥമ ദൗത്യം. കഥയും ഭാവനയുമൊക്കെ പിന്നീടേ പ്രസക്തമാകുന്നുള്ളു. ആ ‘എഴുത്താ‘കട്ടെ, വെറുതെയുള്ള എഴുത്തല്ല, വ്യക്തികളുടെ ആന്തരവികാരങ്ങൾ പരസ്യമായും കലാത്മകമായും ആവിഷ്കരിക്കുക തന്നെയായിരുന്നു. ഗെല്ലർട്ടിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ആത്മാവിന്റെ മുദ്ര പതിഞ്ഞവയും ഹൃദയരക്തം കൊണ്ടെഴുതപ്പെട്ടവയുമായിരുന്നു‘ ആ എഴുത്തുകൾ (Habermas, 1993: 49). ഹേബർമാസ് എഴുതുന്നു: “…Thus the directly or indirectly audience oriented subjectivity of the letter exchange or diary explained the origin of the typical genre and authentic literary achievement of that century: the domestic novel, the psychological description in autobiographical form”(1993:49). സ്വകാര്യ- പൊതുമണ്ഡലങ്ങൾ തമ്മിലുള്ള ഇണക്കുകണ്ണിയായി നോവൽ ഉൾപ്പെടെയുള്ള സാഹിത്യരൂപങ്ങൾ മാറുന്നതങ്ങനെയാണ്.
മലയാളത്തിൽ നവോത്ഥാനാധുനികതയുടെ സാംസ്കാരിക ജനാധിപത്യപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ ഈ സാഹിത്യരൂപം വഹിച്ച പങ്ക് നോവലും പൊതുമണ്ഡലവും തമ്മിലുളള ബന്ധം മുൻനിർത്തി വിശദമായി ചർച്ചചെയ്യു ഒരു ലേഖനം ഈ ലേഖകന്റെ പൊതുമണ്ഡലവും മലയാളഭാവനയും എന്ന ഗ്രന്ഥത്തിൽ (കൈരളിബുക്സ്, കണ്ണൂർ –2014) ചേർത്തിട്ടുണ്ട്.
മേല്പറഞ്ഞ നോവൽ വിമർശനസന്ദർഭങ്ങളും അവ ആഖ്യാനത്തെക്കുറിച്ചുന്നയിച്ച കാഴ്ചപ്പാടുകളും മുൻനിർത്തി ചിന്തിച്ചാൽ പ്രാഥമികമായും നോവലിനെ മറ്റെല്ലാ വ്യവഹാരങ്ങളെയും പോലെ ഒരു ആഖ്യാനമായി (നിർമ്മിതിയും പാഠരൂപവും) കാണാം. ഗണമോ രൂപമോ കൃതിയോ ആകട്ടെ, അതു രൂപംകൊളളുന്ന സാംസ്കാരിക പശ്ചാത്തലം മുതൽ അതിനെക്കുറിച്ചുണ്ടാകു ഭിന്നവായനകൾ വരെ ഇവിടെ പരിഗണിക്കേണ്ടി വരുന്നു. അങ്ങനെവരുമ്പോൾ ഭാഷാശൈലിയോ ഭാഷണരീതിയോ എഴുത്തിന്റെ സാങ്കേതിക തന്ത്രങ്ങളോ മാത്രമല്ല ആഖ്യാനം എന്നു തിരിച്ചറിയാം. നോവലിന്റെ ഘടനയോ പ്രമേയത്തിന്റെ വിന്യാസക്രമമോ കഥപറച്ചിൽരീതിയോ രൂപസംവിധാനമോ മാത്രവുമല്ല, അത്. മറിച്ച്, നോവലിനെ സാധ്യമാക്കുന്ന ചരിത്രസന്ദർഭങ്ങളും സാംസ്കാരികാനുഭവങ്ങളും മുതൽ നോവലിന്റെ വായന സൃഷ്ടിക്കുന്ന അനുഭൂതിയുടെ നാനാർഥങ്ങൾ വരെ ഉൾക്കൊളളുന്ന പ്രത്യയശാസ്ത്രഘടനയാണ് ആഖ്യാനം.
ചുരുക്കത്തിൽ നോവലിന്റെ എഴുത്തിലും പ്രസാധനത്തിലും വിതരണത്തിലും വായനയിലും വിശകലനത്തിലും ഒരുപോലെ പ്രസക്തമാകുന്ന നിരവധി ഘടകങ്ങൾ മുൻനിർത്തി മാത്രമേ ആഖ്യാനത്തെ പഠിക്കാൻ കഴിയൂ. ഇത്തരം പഠനസാധ്യതകളിൽ പ്രധാനപ്പെട്ട ചിലത് ഇവിടെ സൂചിപ്പിക്കാം.
1. അച്ചടിയുടെ വ്യാപനവും ഭാഷയുടെ വിനിയോഗവും നോവലിന്റെ ഉദയവും മറ്റും രൂപപ്പെടുത്തുന്ന ഭാവുകത്വപശ്ചാത്തലം മുൻനിർത്തിയുളള വിശകലനം. വാൾട്ടർ ബൻയമിൻ, മിഖായേൽ ബക്തിൻ, ഹേബർമാസ് തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഓർമ്മിക്കുക.
2. നോവൽരൂപത്തിന്റെ മൗലികത, ഇതര രൂപങ്ങളിൽനിന്ന് അതിനുളള വ്യത്യാസം എന്നിവയിൽ ഊന്നുന്ന ആഖ്യാനപഠനം. അഥവാ രൂപവും പ്രത്യയശാസ്ത്രവും എന്ന നിലയിൽ നോവലിനു നിർവഹിക്കാവുന്ന പഠനം. മിഖായേൽ ബക്തിൻ, റൊളാങ് ബാർത്ത്, ജൂലിയ ക്രിസ്തേവ, ഫ്രെഡറിക് ജയിംസൺ എന്നിങ്ങനെ നിരവധി വിമർശകരുടെ നോവൽസമീപനങ്ങൾ ഓർക്കുക.
3. നോവലിനെ നിർമ്മിച്ച സാഹിത്യപൊതുമണ്ഡലം, നോവലിന്റെ മധ്യവർഗപരത, നോവലിന്റെ വായനാസംസ്കാരം തുടങ്ങിയവ മുൻനിർത്തുന്ന പഠനം. ‘സാഹിത്യം‘ എന്ന വ്യവഹാരത്തെത്തന്നെ പ്രാഥമികമായും വായനാരൂപമെന്ന നിലയിൽ നിർവചിക്കുന്ന റെയ്മണ്ട് വില്യംസിന്റെ ചിന്തകൾ മാത്രമല്ല, ഇയാൻ വാട്ട് മുതലുളള മിക്ക മാർക്സിയൻ നിരൂപകരും ഹേബർമാസും നോവലിനെക്കുറിച്ചുന്നയിക്കുന്ന കാഴ്ചപ്പാടുകളും ഉദാഹരണം.
4. സ്ഥലം, കാലം, ഭാഷ, ദേശീയത, മതം, ജാതി, വംശം തുടങ്ങിയ സംവർഗങ്ങളുടെ സാന്നിധ്യം നിർണയിക്കുന്ന സാമൂഹികതയുടെ പഠനം. കോളനിയനന്തരവാദപരവും ദേശീയതാവാദപരവുമായ നോവൽചർച്ചകൾ സൂചിതം.
5. ചരിത്രം, ഭിന്നപാഠരൂപങ്ങളിൽ നോവലിൽ സിഹിതമാകുതിന്റെ പഠനം. ഒപ്പം നോവലിലെ സമാനമായ ഇതര വ്യവഹാരങ്ങളുടെ അപഗ്രഥനവും. നവചരിത്രവാദം, സാംസ്കാരികചരിത്രമെന്ന നിലയിൽ നോവലിനെ പഠിക്കുന്നതിന്റെ ഭിന്നമാതൃകകൾ റെയ്മണ്ട് വില്യംസും ഹെയ്ഡൻ വൈറ്റും ലിൻഡാ ഹച്ചിയണും ഫ്രെഡറിക് ജയിംസണുമൊക്കെ അവതരിപ്പിക്കുന്നതോർക്കുക.
6. സ്വത്വരാഷ്ട്രീയനിർമിതികളുടെ നോവൽ സാധ്യതകളെക്കുറിച്ചുളള വിശകലനം. ലിയോത്താർ അവതരിപ്പിച്ച ബൃഹദാഖ്യാനങ്ങളുടെ തകർച്ച മുതൽ കോളനിയനന്തരവാദമവതരിപ്പിക്കുന്ന കീഴാളപഠനങ്ങൾ വരെ ഉദാഹരണമാണ്. ലിംഗപദവീപഠനങ്ങൾ വിശേഷിച്ചും.
7. നവവിമർശനം രൂപപ്പെടുത്തിയ രീതിയിൽ നോവലിന്റെ ഭാഷയെ കേന്ദ്രീകരിക്കുന്ന പാഠവായനയും ഗാഢവായനയും. വായനയെന്നപോലെ, പുനർവായനകൾ സൃഷ്ടിക്കുന്ന നവപാഠങ്ങളെ ആധാരമാക്കുന്ന രീതിയും പ്രസക്തമാകുന്നു.
8. നോവലിന്റെ എഴുത്തുസാങ്കേതികതകൾ, പ്രകാശന/പ്രസിദ്ധീകരണ മാധ്യമം, അക്ഷരത്തെയും പുസ്തകത്തെയും മറികടക്കുന്ന ഗ്രാഫിക് നോവൽ മുതൽ ഇ- നോവൽ വരെ- ഇവയൊക്കെ മുൻനിർത്തുന്ന പഠനം. എഴുത്തിലെപോലെ പ്രസാധനത്തിലും വിതരണത്തിലും വായനയിലും നടക്കുന്ന സാങ്കേതികവിപ്ലവം നോവലിന്റെ ആഖ്യാനകലയെ തലകീഴ്മറിക്കുതിന്റെ മാതൃകകൾ.
9. ആധുനികതയിലെപോലെ ആധുനികാനന്തരതയിൽ വരേണ്യ-ജനപ്രിയ വിഭജനയുക്തികൾ അത്രമേൽ പ്രസക്തമല്ല എന്ന് നാം കണ്ടു. പ്രമേയതലം മുതൽ ആവിഷ്ക്കാരതലം വരെ; ഭിന്നവിജ്ഞാനങ്ങളുടെ സാന്നിധ്യം മുതൽ ഇതര മാധ്യമങ്ങളുടെ പ്രഭാവം വരെ-ഓരോ തലത്തിലും ജനപ്രിയതയുടെ സമവാക്യങ്ങളെ സമകാല നോവൽ സ്വീകരിക്കുന്നതിന്റെ പഠനം.
10. സവിശേഷമായ ചില എഴുത്തുരീതികൾ നോവലിന്റെ ഭാവുകത്വത്തെ പരിണമിപ്പിക്കുന്നതിന്റെ വിശകലനം. അതികഥ, പാഠാന്തരത, സൈബർ ഫിക്ഷൻ, പാസ്റ്റിഷ്, പാരനോയിയ, ഫാബുലേഷൻ… എന്നിങ്ങനെ ആധുനികാനന്തരനോവലിന്റെ സ്വരൂപഘടനകളായി ചൂണ്ടിക്കാണിക്കപ്പെടുന്ന എഴുത്തുരീതികൾ മലയാളത്തിലും രൂപംകൊണ്ടുകഴിഞ്ഞിട്ടുണ്ട്. ഇവയെക്കുറിച്ചുളള ശ്രദ്ധേയമായ ചില പഠനങ്ങളും വന്നുകഴിഞ്ഞു. ‘പാരനോയിയ‘ എന്ന സങ്കല്പനം മുൻനിർത്തി രചിച്ച ‘ഫ്രാൻസിസ് ഇട്ടിക്കോര‘യെക്കുറിച്ചുളള പി.കെ. രാജശേഖരന്റെ ദീർഘമായ ഗവേഷണ പ്രബന്ധം ഉദാഹരണം (മലയാളം റിസർച്ച് ജേണൽ, 2013 മെയ്-ഓഗസ്റ്റ് ലക്കത്തിൽ).
ഈയൊരു പശ്ചാത്തലത്തിൽ വേണം മലയാളനോവലിന്റെ ആഖ്യാനപരിണാമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ആധുനികാനന്തരഘട്ടത്തിൽ ആ കലയ്ക്കു കൈവന്ന ഭാവുകത്വസ്വരൂപങ്ങൾ ചർച്ചചെയ്യാൻ.
Be the first to write a comment.