ഗുന്തർ ഗ്രാസ്സ് (1927-2015)

Who dies here dares to die?
“Defector!” here we cry.
To die here without stain,
is to have died in vain.
– Nursery Rhyme, Gunter Grass

നാല്പതുകളുടെ അവസാനം ആരംഭിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കം വരെ നീണ്ട് നിന്ന ഫാസിസ്റ്റ് വിരുദ്ധ, മാനവിക സാഹിത്യത്തിന്റെ പ്രചാരകരായ എഴുത്തുകാരുടെ യുഗമാണു ഗ്രാസ്സിന്റെ മരണത്തോടെ അവസാനിക്കുന്നത്. യുദ്ധകാലജർമനിയുടെ സൈനികവൽക്കരണത്തിന്റെ കാലങ്ങളിലാണു അവരുടെ കുട്ടിക്കാലങ്ങൾ പരുവപ്പെട്ടത്. ഒന്നാം ലോകയുദ്ധാനന്തരകാല ജർമനിയുടെ പരിവേദനങ്ങൾ അക്കാലഘട്ടത്തിനു സമ്മാനിച്ച കെടുതികളിൽ നിന്നും റഷ്യൻ വിപ്ലവമുയർത്തിയ മാറ്റൊലികളിൽ നിന്നുമാണു ദേശീയത എന്ന സ്വത്വത്തിൽ നിന്നും ലോകപൗരന്മാർ എന്ന നിലയിലേക്ക് മാറാനും ഇടതുപക്ഷരാഷ്ട്രീയാവബോധം ഉയർത്തിപ്പിടിക്കുവാനും അവർ ഊർജ്ജം കണ്ടെത്തിയത്. അത് തന്നെയാണു യൂറോപ്യൻ അവന്റ് ഗാർഡ് സാഹിത്യത്തിനോടൊപ്പം ചേർന്ന് നടക്കാനും ഫ്രെഡെറിഷ് വൂൾഫ് മുതൽ ബെർത്തോൾഡ് ബ്രെഹ്റ്റ് വരെയുള്ളവർക്ക് പ്രേരണയായത്. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ജർമ്മൻ ജനത ഒരു വലതുപക്ഷവിപ്ലവത്തെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭാഗദേയം നാസികളുടെ പിടിയിലമരുകയും ചെയ്തത് അവരുടെ ആത്മവിശ്വാസത്തെ ഒട്ടൊന്നുമല്ല തകർത്തത്. തുടർന്നു സോഷ്യൽ ഡെമോക്രാറ്റിക് പാർടിക്കും കമ്മ്യൂണിസ്റ്റ് പാർടിക്കും നേരിടേണ്ടി വന്ന വേട്ടയാടലും അങ്ങനെ സംഭവിച്ച അവയുടെ തകർച്ചയും  സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പുരോഗമനലോകം നേരിട്ട പരാജയവും സമ്മാനിച്ച നിരാശകൾക്കൊപ്പം സ്റ്റാലിൻ – ഹിറ്റ്ലർ ഉടമ്പടിയും സഹസഖാക്കൾക്ക് സോവിയറ്റുകളിൽ നേരിടേണ്ടി വന്ന ഉന്മൂലനത്തിന്റെ വാർത്തകളുമെല്ലാം സോഷ്യലിസത്തിനു സോവിയറ്റ് യൂണിയൻ ചമച്ച അർത്ഥങ്ങൾക്കപ്പുറമുള്ള ഒരു രാഷ്ട്രീയത്തിലേക്ക് അക്കാലത്തെ ജർമ്മൻ പുരോഗമനസാഹിത്യലോകത്തെ പരിവർത്തനം ചെയ്യിച്ചു. യുദ്ധം തകർത്ത ജർമൻ ഭൂമികയിൽ അങ്ങനെയുള്ള ഒരു രാഷ്ട്രീയവുമായി പുനരാരംഭിച്ച വലിയൊരു വിഭാഗം എഴുത്തുകാർ പിന്നീട് ലോകത്തിനു സമ്മാനിച്ചത് പുതിയൊരു തരം പരീക്ഷണങ്ങളും എഴുത്തുകളുമായിരുന്നു. ഹിറ്റ്ലറും ഫാസിസവും ആ നൂറ്റാണ്ടിനു ഏൽപ്പിച്ച താഢനങ്ങളെ അതിജീവിക്കാൻ കരുത്ത് നൽകും വിധം മാനവികതയിലൂന്നിയ സാഹിത്യവും സംസ്കാരവുമാണു അവ മുന്നോട്ടുവച്ചത്.

അതാണു ഗുന്തർ ഗ്രാസെന്ന കാലഘട്ടത്തിന്റെ എഴുത്തുകാരൻ തുടങ്ങുന്ന പരിസരം. യുദ്ധാനന്തരം കിഴക്കും പടിഞ്ഞാറുമായി പിരിഞ്ഞ  ജർമനികളിൽ പടിഞ്ഞാറൻ ജർമ്മനിയുടെ നാസി ഓർമ്മകളെയും അനുഭവങ്ങളെയും കുടഞ്ഞെറിഞ്ഞ് വീണ്ടും തുടങ്ങുന്ന ഒരു സാഹിത്യകാലഘട്ടത്തിലെയും പിന്നീടങ്ങോട്ട് പുനരേകീകരണം വരെയുമുള്ള എഴുത്തുകാരിൽ പ്രമുഖനായി ഗ്രാസ്സ് മാറി. എന്നാൽ പിന്നീട് ‘യുദ്ധാനന്തരസാഹിത്യം’  എന്ന അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ പ്രമേയത്തിലും രൂപത്തിലും അത് അത് പിറവികൊണ്ട ചരിത്രസന്ധികളിൽ കുരുങ്ങിത്തന്നെ കിടന്നു. ആധുനികജർമ്മനിയുടെ രക്തഭരിതമായ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രബോധത്തിൽ ഊന്നിയ മാനവികതയിലും  യാഥാർത്ഥ്യബോധത്തോടെയുള്ള വിമർശനത്തിലും രൂപം കൊള്ളേണ്ടിയിരുന്നിരുന്നു പടിഞ്ഞാറൻ ജർമ്മനിയുടെ സാഹിത്യത്തിനു. അത് ഒരു പരിധിയോളം (അല്ലെങ്കിൽ ഒരു  പരിധിയോളം മാത്രം) അനുഷ്ഠിക്കാൻ ആ സംഘത്തിനു ആദ്യകാലഘട്ടങ്ങളിലെങ്കിലും കഴിഞ്ഞിരുന്നു. ദെർ റുഫ് (വിളി) എന്ന കൂട്ടായ്മ ശീതകാല അമേരിക്കനിസത്തിനു അംഗീകരിക്കാൻ കഴിയാത്ത സ്വതന്ത്രജനാധിപത്യമൂല്യങ്ങളെ തുടർന്ന്  നിരോധിക്കപ്പെട്ടപ്പോൾ 1947-ൽ സ്ഥാപിതമായ ഗ്രൂപ് 47 അത്തരം എഴുത്തുകളിലൂടെ അതിന്റെ ഏറ്റവും വലിയ ധർമ്മം അനുഷ്ഠിക്കുന്നത് അൻപതുകളുടെ അവസാനത്തിൽ ബോളിന്റെ ‘ഒമ്പതരമണിക്കത്തെ  ബില്യാർഡ്സി’ലും  ഗുന്തർ ഗ്രാസ്സിന്റെ ‘തകരച്ചെണ്ട’യിലും എത്തുമ്പോഴായിരുന്നു. സാഹിത്യത്തിനു സ്വന്തമായി രാഷ്ട്രീയം വേണമോ അതോ രാഷ്ട്രീയത്തിന്റെ ആയുധങ്ങളിലൊന്നായി സാഹിത്യം നിലനിൽക്കണമോ എന്നുള്ള തർക്കങ്ങളിൽ പിന്നീട് ആ പ്രസ്ഥാനം തളർന്നുപോയി. അങ്ങനെ ഏകദേശം പത്തു പതിനഞ്ച് കൊല്ലക്കാലം മാത്രം ആയുസ്സുണ്ടായിരുന്ന അത്തരമൊരു  നാസിവിരുദ്ധ സാഹിത്യസന്നാഹങ്ങളിൽ പങ്കെടുത്ത അനുഭവസമ്പത്തുംകൊണ്ട് കൂടിയാണു നാസികാലത്തിന്റെ സാസ്കാരികത തീർച്ചയായും  പേറിയിരുന്ന ഒരു സമൂഹത്തിൽ എന്നാൽ തന്റെ സാഹിത്യത്തിലെ രാഷ്ട്രീയത്തെ  ഉയർത്തിപ്പിടിച്ചുകൊണ്ട് ഉറച്ച നിലപാടുകളുമായി ഗ്രാസ്സ് അവസാനം വരെ നിലകൊണ്ടത്.

പിന്നീട് നോബൽ സമ്മാനത്തിനു അർഹമായ ‘തകരച്ചെണ്ട’ (1959) വിഖ്യാതമായ ഡാൻസിഗ് ത്രയങ്ങളിൽ ആദ്യത്തേതായിരുന്നു. ‘പൂച്ചയും എലിയും’ (1961), ‘നായവർഷങ്ങൾ’ (1963) എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം. വിചിത്രമാം വിധം അവ്യക്തവും സംശയം ജനിപ്പിക്കുന്നതുമായ നായകനായ ഓസ്കർ മറ്റ്സെറാത്ത് എന്ന കുള്ളന്റെ ആഖ്യാനങ്ങൾ അൻപതുകളിലെ നോവലിന്റെ ദൗർബല്യങ്ങളെയും കരുണാമയന്മാരും മൂല്യപ്രചാരകരുമായ അവയിലെ നായകകഥാപാത്രങ്ങളെയും കണക്കറ്റ് പരിഹസിക്കുന്നതായി. ഓസ്കറിന്റേത് ഒരു കൂട്ടിയുടെ സമാനമായ കാഴ്ചയായിരിക്കുമ്പോഴും അയാൾ നാസികളുടെ ക്രൗര്യങ്ങളെ ഓർമ്മിപ്പിക്കുന്നവിധം ഭീകരനായ ഒരു കുള്ളനാണു. അപ്പോഴും തന്റെ പിതാക്കളെന്ന് സംശയിച്ചിരുന്ന രണ്ട് പേരുടെയും കൊലയിൽ പശ്ചാത്താപം പേറുന്ന ഓസ്കർ ജർമ്മൻ ദുരന്തത്തിലെ മധ്യവർഗ്ഗത്തിന്റെ നിസംഗതയ്ക്ക് നേരെയാണു വിരൽ ചൂണ്ടിയത്. ആ ദുരന്തം അനിവാര്യമായ ഒരു വിധിയുടേതോ പ്രചണ്ഡമായ അധികാരഘടനയുടെതോ  എന്ന ന്യായങ്ങൾ പറഞ്ഞ് അവർക്കൊഴിയാനാകില്ല എന്നാണയാൾ പറയുന്നത്. സത്യവും മിഥ്യയും, യാഥാർത്ഥ്യവും വൈചിത്ര്യങ്ങളും തമ്മിലഴിയാതെ ഇടകലർന്ന് തുടരുമ്പോൾ ആഖ്യാനത്തിന്റെ ലോകം പരിചയമുള്ളതും നഷ്ടപ്പെട്ടുപോയതുമായി മാറിമറിയുകയും ചരിത്രത്തിന്റെ അനുഭവങ്ങൾ ജീവൻ തുടിക്കുന്നതും നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നതുമായി ഒപ്പം തുടരുന്നു. യൂറോപ്യൻ മാജിക്കൽ റിയലിസത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നായ ‘തകരച്ചെണ്ട’യാണു പടിഞ്ഞാറൻ ജർമ്മനിയിൽ നിന്നും ലോകശ്രദ്ധ നേടിയ ആദ്യകൃതി.

തന്റെ കാലഘട്ടത്തെ അതിജീവിക്കാൻ കഴിയാതെ പോയ അനേകർക്കു വേണ്ടീ ഗ്രാസ് സംസാരിക്കുന്ന ‘എലിയും പൂച്ചയും’ എന്ന ലഘുനോവൽ ആഖ്യാതാവായ പിലെൻസിന്റെയും വില്ലനായ മൽകെയുടെയും ജീവിതങ്ങൾ എങ്ങനെയാണു ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരുടെ യുവത്വവും  അദ്ധ്യാപകരും സൈനികതയും കളങ്കപ്പെടുത്തിയ ‘ജിംനേഷ്യ’ത്തിന്റെ മാനവിക മൂല്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽപെട്ട് തകരുന്നതെന്നും വരച്ചിട്ടു. നാടകങ്ങളിലൂടെയും മനോഹരങ്ങളായ കവിതകളിലൂടെയും കൂടി ഗ്രാസ്സ് സാഹിത്യലോകത്ത് നിറഞ്ഞു.

രണ്ട് ജർമനികളും തമ്മിൽ സാംസ്കാരികമായ കരാറുകൾ രൂപപ്പെടുത്തിയ  കാലത്ത് കിഴക്കൻ ജർമനിയിൽ തന്റെ കൃതികൾ വായിക്കുന്നതിനായി പര്യടനത്തിനു ക്ഷണിക്കപ്പെട്ട ഗ്രാസ്സ് പക്ഷേ  ഒടുവിൽ നടന്ന ജർമ്മനികളുടെ ഏകീകരണത്തിനെതിരെ സ്വീകരിച്ച നിലപാടുകൾ പരക്കെ വിമർശനങ്ങൾക്ക് വിധേയമായി. ഏകവും ശക്തവും തീവ്രവുമായ ഒരു ദേശീയതയുടെ സ്ഥാപനമാണു പണ്ട് ജർമ്മനിയെക്കൊണ്ട് ഓഷ്വിറ്റ്സുകൾ ചെയ്യിച്ചതെന്നാണു ഗ്രാസ് അതിനെ എതിർക്കാൻ കാരണമായി പറഞ്ഞത്. ജർമൻ ഭാഷ സംസാരിക്കുന്ന രണ്ട് സ്വതന്ത്രസൗഹൃദരാജ്യങ്ങളായിത്തന്നെ അവ നിലനിൽക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ പതിനേഴാം വയസ്സിൽ ഹിറ്റ്ലറുടെ സേനയിൽ ചേർന്നിരുന്നു എന്ന്  പിന്നീട് നടത്തിയ വെളിപ്പെടുത്തലുകളും ഗ്രാസിന്റെ വിമർശകർക്ക് കൂടുതൽ ഊർജ്ജം പകർന്നു. യുദ്ധാനന്തര ഫെഡറൽ റിപബ്ലിക്കിലെ ആദ്യകാല സാഹിത്യകരന്മാരിൽ പലർക്കും പല കാരണങ്ങളാൽ നാസികൾക്ക്  വേണ്ടി പട്ടാളവേഷം അണിയേണ്ടി വന്നിരുന്നു എന്നതാണു വാസ്തവം. വീട്ടുകാരുടെ ബന്ധനങ്ങളിൽ നിന്ന് പറന്നകലാനായി മാത്രം കണ്ട ഒരു വഴിയായി കാഴ്ചയുറയ്ക്കാത്ത ഒരു പ്രായത്തിൽ താനെടുത്ത ആ തെറ്റായ തീരുമാനത്തിന്റെ ഭാരം ഒടുവിൽ ഒരു പുസ്തകത്തിലൂടെ ഇറക്കിവയ്ക്കുകയാണു എന്ന ഗ്രാസിന്റെ വാദങ്ങളൊന്നും വിമർശകർ ചെവികൊള്ളാൻ തയ്യാറായിരുന്നില്ല. ക്യൂബയുൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ സുഹൃത്തും സോവിയറ്റ് ബ്ലോക്കിലെ രാജ്യങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങൾക്ക് നേരേയുള്ള വെല്ലുവിളികളുടെ വിമർശകനുമായിരുന്ന അദ്ദേഹം പടിഞ്ഞാറൻ മുതലാളിത്തത്തിന്റെയും കടുത്ത വിമർശകനായിരുന്നു. കത്തോലിക്കനിസവും ലൂഥറിനിസവും നാസിസത്തിന്റെ സദാചാരയുക്തികളാണു പിന്തുടരുന്നതെന്ന് പറഞ്ഞുകൊണ്ട് അവ രണ്ടിനെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഒരിക്കൽ മൗലികവാദികളിൽ നിന്നും വധഭീഷണി നേരിട്ടിരുന്ന സൽമാൻ റുഷ്ദിയുടെ കൃതികൾ ഒരു പൊതുവേദിയിൽ വായിക്കുന്നതിൽ പെങ്കെടുക്കാൻ വിസമ്മതിച്ചതിൽ ക്രുദ്ധനായി ബർലിൻ അക്കാദമി ഓഫ് ആർട്സിൽ നിന്നും അദ്ദേഹം രാജി വെച്ചു. 2012- ൽഇസ്രയേലിന്റെ ഇറാനെതിരെയുള്ള ആണവപദ്ധതിക്കെതിരെ അദ്ദേഹം എഴുതിയ കവിത പരക്കെ ശ്രദ്ധയാകർഷിക്കുകയും തുടർന്ന് ഇസ്രയേൽ അദ്ദേഹത്തിനു വിസ നിഷേധിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ നാസികാലഘട്ടത്തിന്റെ തിന്മയുടെ ചോരയുടെ നനവുകൾ ഒടുക്കാൻ ഒട്ടേറേയൊന്നും സമയം ലഭിക്കാതിരുന്ന, പിന്നീട് വിഭജനത്തിന്റെയും ഏകീകരണത്തിന്റെയും ചിന്താക്കുഴപ്പങ്ങളിലും പെട്ട് ഉഴറിയ ജർമൻ സാഹിത്യലോകം അതിന്റെ യുദ്ധാനന്തരസാഹിത്യചരിത്രം ഇനിയും എഴുതാനിരിക്കുന്നതേയുള്ളൂ. അവസാനകാലങ്ങളിൽ ഗ്രാസിന്റെ പരക്കെ വിമർശിക്കപ്പെട്ട മൗനം പക്ഷേ ചരിത്രത്തിലിരുന്നാകും സംസാരിച്ചുകൊണ്ടേയിരിക്കുക. ഫാസിസ്റ്റ് വിരുദ്ധ, മാനവികതയുടെ സാഹിത്യത്തിന്റെ പ്രചാരകരായ എഴുത്തുകാരുടെ യുഗമാണു ഗ്രാസ്സിന്റെ മരണത്തോടെ അവസാനിക്കുന്നത്. എന്നാൽ ഗ്രാസ്സ് തന്നെ അത് ഒരു കവിതയിലൂടെ സരസമായി ലോകത്തോട് പറഞ്ഞു വെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സെറ്റ് പല്ലുകളും
ഒരു സഞ്ചി കടലയുമായി വേണം എന്നെ അടക്കാൻ
ഞാൻ കിടക്കുന്നിടത്തു നിന്നും കേൾക്കുന്ന
കറുമുറെശബ്ദം നിങ്ങളോട് പറയും:
അത് അയാളാണു,
ഇപ്പോഴും അയാൾ തന്നെ.

അതെ. മരണത്തിനപ്പുറവും ഗ്രാസ്സ്  ലോകത്തോട് സംസാരിക്കും, അസ്വസ്ഥതപ്പെടുത്തും. കല്ലറയിലെ  കറുമുറു ശബ്ദം കേട്ട് നാം പറയും. ഇത് അയാൾ തന്നെ. ഇപ്പോഴും അയാൾ തന്നെ.

Comments

comments