രു പുഴയ്ക്ക് കുറുകെ നീണ്ട പാലത്തിലൂടെ തീവണ്ടിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ, ആ തീവണ്ടി പുഴയിൽ വീഴുന്നത് വെറുതെ സങ്കൽപ്പിച്ചു നോക്കുന്നുണ്ട്, ഭൂമിയുടെ മകൾ എന്ന നോവലിലെ നായികാപാത്രമായ സുനന്ദ. ആ പുഴയിൽ അതു പോലൊരു ദുരന്തം നാലു വർഷങ്ങൾക്കു മുൻപ് സംഭവിച്ചിരുന്നു. ഒരു വേള, ഇപ്പോൾ അങ്ങനെ ഒന്ന് സംഭവിക്കുകയാണെങ്കിൽ ഒരു പാടു പേർ ഇല്ലാതെയാവും. പരസ്പരം അപരിചിതരായ അവരുടെ ലിങ്കുകൾ ചേരുന്നത് മറ്റെവിടെയോ ആയിരിക്കും. ജീവിതത്തിൽ അരങ്ങേറുന്ന ഓരോ സംഭവവും ഇത്തരം വിദൂരമായ ലിങ്കുകളിൽ നിന്നുള്ള അനിശ്ചിതത്വം നിറഞ്ഞ മടക്കയാത്രകളാണ്. മറ്റൊരു രീതിയിൽ അവയത്രയും ആ ഒരു നിമിഷത്തിലേക്ക് അതിനു മുമ്പ് അനേക യാത്രകൾ നടത്തിയിരിക്കും.ഇനിയും മറ്റൊരു നേരത്ത് അതേ ഓർമ്മകളിലേക്ക് വീണ്ടും സഞ്ചരിക്കുക തന്നെ ചെയ്യും. ജീവിതത്തെ പേർത്തും പേർത്തും ഖനനം ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് നിലനിൽക്കുന്ന എല്ലാ യുക്തികൾക്കും മീതെ ജീവിതം നടത്തുന്ന സർഗ്ഗാത്മകവും യുക്തിരഹിതവുമായ യാദ്രുഛികതകൾ മുറ്റിയ ഇടപെടലുകളാണ്. അവ ദുരന്തങ്ങളിലേക്കോ ആഘോഷങ്ങളിലേക്കോ ചിലപ്പോൾ ശൂന്യതയിലേക്കു തന്നെയോ നയിക്കപ്പെടാം. പക്ഷേ അതിന്റെ പ്രയോജനങ്ങൾ വിദൂരമായ അവയുടെ ലിങ്കുകളിൽ സംഭവിക്കുന്ന അനക്കങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയല്ലെങ്കിൽ ജീവിതം യുക്തിപൂർണ്ണമായ തുടക്കവും ഒടുക്കവും അവകാശപ്പെടാവുന്ന ഒരു കേവല ദൌത്യമായി വരണ്ടു പോവുക തന്നെ ചെയ്യും.

ഫിക്ഷൻ കൈകാര്യം ചെയ്യുന്ന ഏതൊരു എഴുത്തുകാരനും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജീവിതത്തിന്റെ സർഗ്ഗാത്മകമായ അനിശ്ചിതത്വത്തെ വിവർത്തനം ചെയ്യുകയെന്ന ശ്രമകരമായ കലാപ്രവർത്തനം തന്നെ. ഒരു കുട്ടി വളരുമ്പോൾ എത്രാമത്തെ വയസ്സിലാണ് അവന് തന്റെ അഛനമ്മമാരെ ഒരു യാത്രയിൽ നഷ്ടമാവുന്നത്? മുൻ കൂട്ടി നിശ്ചയിക്കാനൊക്കാത്ത ഇത്തരം ഇന്റെർസെക്ഷൻസ് ജീവിതത്തിന് അപാരമായ സർഗ്ഗതീക്ഷ്ണത നൽകുന്നു.അതു പോലുള്ള അനേകം അപ്രതീക്ഷിത സംഗമബിന്ദുക്കൾ  നിർമ്മിച്ചു കൊണ്ട് ജീവിതത്തിന്റെ സർഗ്ഗാത്മകത ഒട്ടും ചോരാതെ എഴുത്തിന്റെ സർഗ്ഗാത്മകതയിലേക്ക് പകരുവാൻ ഭൂമിയുടെ മകൾ എന്ന നോവലിലൂടെ ശ്രീ.സുധീശ് രാഘവന് സാധിക്കുന്നു.

എല്ലാ പതിവു ഫിക്ഷൻ രീതികളെയും ഒരു വലിയ അളവിൽ കുടഞ്ഞു കളയുന്നതാണ് ഈ നോവലിന്റെ ടൂൾസും ആഖ്യാന തന്ത്രവും. എഴുത്തിന്റെ ആവിഷ്ക്കാരസാധ്യതകൾക്കായി ഒരെഴുത്തുകാരൻ സഞ്ചരിക്കുന്ന മനശ്ശാസ്ത്രപരമായ ആഴങ്ങൾക്കപ്പുറത്തേക്ക്; അവയുടെ വൈവിധ്യമാർന്ന അടരുകളിലേക്ക് ഈ നോവലിന്റെ ഒട്ടനവധി നിമിഷങ്ങൾ മൈക്രോസ്ക്കോപ്പിക് മാനങ്ങളോടെ വായനക്കാരനെ നയിക്കുന്നുണ്ട്.

നോവലിന്റെ സ്ഥൂലപ്രമേയത്തെ താങ്ങി നിർത്തുന്ന തൂണുകൾ സുനന്ദയുടെയും ജയന്തിയുടെയും ജീവിതമാണ്.

ഒരു മധ്യവർഗ്ഗത്തിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് സമൂഹവും പുരുഷാധിപത്യവും ഉണ്ടാക്കിയെടുത്ത മനസ്സിന്റെ തടവറയിലേക്ക്,സുനന്ദയുടെ ജീവിതം ആകസ്മികമായി വലിച്ചെറിയപ്പെടുന്നു. സ്വന്തം ഭർത്താവായ മധുവിനും പെൺ വാണിഭ സംഘത്തിന്റെ ദല്ലാളായ വരദണ്ണനുമിടയിൽ സുനന്ദ സഞ്ചരിക്കുന്ന ഒരു ദൂരമുണ്ട്. ഈ അകലം ഉപയോഗിച്ചാണ് സുനന്ദ സ്വന്തം ആത്മാവിലേക്ക്, അവളുടെ മൂടിവെക്കപ്പെട്ട മനസ്സിന്റെ തുറസ്സിലേക്ക് പ്രകാശം വീഴ്ത്തുന്നത്. അതൊരു തിരിച്ചറിവായി പിൽക്കാലത്ത് ഓർമ്മകളിലൂടെ മടക്ക യാത്ര നടത്തുന്നുണ്ട് നോവലിന്റെ അന്ത്യത്തോടടുക്കുമ്പോൾ.

സുനന്ദയുടെ ജീവിതത്തിന്റെ ഈ തകിടം മറിച്ചിലുകൾ ആഴത്തിൽ അന്വേഷിക്കുകയാണ് ഒരർഥത്തിൽ ഭൂമിയുടെ മകൾ എന്ന ആഖ്യായികയിൽ നോവലിസ്റ്റ് ചെയ്യുന്നത്. കാലത്തിന്റെ വലിയ തുടർച്ചകൾക്കിടയിലെ സജീവമായ ഒരു ബിന്ദുവാണ് സുനന്ദയുടെ ജീവിതം. ഈ ആഖ്യായിക ഏതെങ്കിലും ഒന്നോ രണ്ടോ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത് അവരുടെ മനോഗതി രേഖീയമായി അവതരിപ്പിക്കപ്പെടുന്ന പതിവു ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണെന്ന് പറയാതെ വയ്യ. മാത്രമല്ല ഓരോ കഥാപാത്രവും നില നിൽക്കുന്നത് അവയുടെ കേവല ഭൌതീക സ്വരൂപത്തിന്റെ ബലത്തിലുമല്ല. നോവൽ ഓരോ നിമിഷവും അനുഭവപ്പെടുന്നത്, ഒരു ദ്വിമാന രംഗം എന്നതിൽ നിന്ന് ഭിന്നമായി ഒരവസ്ഥയായിട്ടാണ്. ഈ അവസ്ഥയാകട്ടെ മാനുഷീകവും ജൈവീകവുമായ അടിസ്ഥാന പദാർഥങ്ങളാൽ നിർമ്മിതവുമാണ്. കാഴ്ച്ച,ഓർമ്മ,ദൂരം,സമയം തുടങ്ങി ഒരു സ്ഥലത്ത് ഒരു ബിന്ദുവിനെ രേഖപ്പെടുത്താൻ അവശ്യം വേണ്ട ഘടകങ്ങൾ ശരിയായ അനുപാതത്തിൽ ചേർന്നുണ്ടായ ജീവിതാവസ്ഥകൾ, നോവൽ അതിസൂക്ഷ്മം നിർദ്ധാരണം ചെയ്തു കൊണ്ട് അനുഭവിച്ച ഒരു വായനക്കാരൻ കണ്ടെത്തുക തന്നെ ചെയ്യും.ഒരാൾ നീലയായി അനുഭവിക്കുന്നത് മറ്റൊരാൾക്ക് നീലയാവണമെന്നില്ല. അത്തരം മൂല്യ നിർണ്ണയത്തിന് ഒരു പ്ലാറ്റ് ഫോം നിലവിലില്ലാത്തതിനാൽ അവ ഒരേ കാഴ്ച്ചയായി വെറുതെ വ്യാഖ്യാനിക്കപ്പെട്ടു പോന്നു. അതു കൊണ്ട് ഒറ്റക്കാഴ്ച്ചയിൽ ഒരു നിറവും പൂർണ്ണത കൈ വരിക്കണമെന്നില്ല. ഇവിടെ ഭൂമിയുടെ മകൾ പ്രമേയപരമായി പ്രസക്തമാവുന്നത് കാലത്തിന്റെ അനാദിയായ കാൻ വാസിൽ നിന്ന് ജീവിതത്തിന്റെ ജൈവബിന്ദുവിലേക്ക് പല വിതാനങ്ങളിൽ നിന്നുള്ള കാഴ്ച്ചകളുടെ പ്രകാശം തട്ടി അടഞ്ഞു പോയ ഇരുൾസ്ഥലികളെ അടയാളപ്പെടുത്തുന്നതിനാലാണ്. അതിന്റെ അനന്തരഫലമാണ് സീതയുടെയും സുനന്ദയുടെയും കൂടിക്കാഴ്ച.

 

സുനന്ദയറിഞ്ഞ മധു ഒരാൾ; ഇപ്പോൾ കാണുന്ന മധു മറ്റൊരാൾ; ജോഷ് വിക്ടറിനൊപ്പം കണ്ടത് വേറൊരു മധുമധുവിന് അറിയുന്ന സുനന്ദ ഒരാൾ; മേഴ്സി അറിഞ്ഞ സുനന്ദ വേറൊരാൾ; ഇനി ജയന്തി കണ്ടെത്തിയ സുനന്ദ മധുവോ മേഴ്സിയോ അറിഞ്ഞിട്ടില്ലാത്ത പുതിയ ഒരുവൾ…… ജെസ്സി അറിയുന്ന ഷംസ് ഒരാൾ സുനന്ദ അറിയുന്ന ഷംസ് വേറൊരാൾ.. ഷംസിനറിയാവുന്ന സുനന്ദ ഇവയിലൊന്നും പെടാത്ത മറ്റൊരുവൾ. നൈസർഗ്ഗികമായ ജീവിതത്തിന്റെ കേവലം പെർമ്യൂട്ടേഷൻസ് കോംബിനേഷൻസാണിത്. നോവലിസ്റ്റ് വ്യാഖ്യാനിക്കുന്നത് പോലെ ഒരു ചങ്ങാത്തം നില നിൽക്കുന്നത് അവർക്കിടയിൽ അജ്ഞാതമായ ഇരുട്ടിന്റെ സാന്നിധ്യത്താലാണ്.

ഒരാൾക്ക് അയാളുടെ മനസ്സിനെ പൊതിഞ്ഞു കൊണ്ട് ഒരു സൂക്ഷ്മ പേടകത്തിൽ കഴിയാനാണ് മനുഷ്യന്റെ വിധി. ഈ പേടകത്തിനകത്തു തന്നെ ഭൂരിഭാഗവും ശൂന്യത കൈ അടക്കിയിരിക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായതയും ദുരന്തവും അതാണ്. ഈ ചെറു പേടകം മറ്റൊരു ചെറു പേടകവുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു എന്നിടത്താണ് അയാളുടെ അല്ലെങ്കിൽ അവരുടെ ബന്ധം അഥവാ ബന്ധങ്ങൾ തുടങ്ങുന്നത്. ഈ ബന്ധങ്ങളുടെ അടിത്തറയാകട്ടെ സമൂഹത്തിൽ നിലനിൽക്കുന്ന പണ്ടെന്നോ സ്ഥാപിക്കപ്പെട്ട, അവയുടെ തുടർച്ചയ്ക്ക് ഒട്ടും പരിക്കേൽക്കാതെ സംരക്ഷിക്കപ്പെട്ടു പോരുന്ന അധികാരത്തിന്റെ സമ വാക്യങ്ങളാണ്. ഒട്ടും ധനാത്മകമല്ലാത്ത ആ തുടർപ്രവാഹത്തിന്റെ ഇരുട്ടിലേക്കാണ് സുനന്ദ വലിച്ചെറിയപ്പെടുന്നത്. രാമായണത്തിലെ സീതയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. പുരുഷാധിപത്യം തീർത്ത അധികാരത്തിന്റെയും ചതിയുടെയും ക്രൂരതയുടെയും ഈ ഇരുൾപ്രദേശത്തിനു സമാന്തരമായി ഭ്രാന്തിന്റെ ഒരു റിബൽ ഭൂമിക പണിയുകയായിരുന്നു ജയന്തി.

കാലത്തിന്റെ ശുഭകരമല്ലാത്ത പുരുഷാധിപത്യക്കെണികളിൽ നിന്ന് സ്വയം മുക്തി നേടി ജീവിതത്തിന്റെ സർഗ്ഗാത്മകമായ അനിശ്ചിതത്വം അപ്പാടെ ഉൾക്കൊണ്ട് സ്വയം ആവിഷ്ക്കരിക്കുകയും അശരണരും അബലകളുമായവരുടെ സമൂഹത്തെ, നില നിൽക്കുന്ന വിനിമയങ്ങൾക്കു മീതെ തനതായ ആവിഷ്ക്കാര രീതികൾ ശീലിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആൻ മേഴ്സി ലോറ എന്ന ചിത്രകാരി ഈ നോവലിൽ നമ്മുടെ മനസ്സിനെ പൊതിയുന്ന സൂക്ഷ്മ പേടകങ്ങളുടെ ഇരുട്ടിലേക്ക് പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ നിസ്സഹായതയ്ക്കു നേരെ പ്രകാശം കൊണ്ടുള്ള ഒരു നേർവര വരച്ചു കൊണ്ട് ആൻ മേഴ്സി ലോറ ഒരേ സമയം കലാകാരിയും കലാപകാരിയുമായി തന്റെ ദൌത്യം നിർവഹിച്ചു കടന്നു പോകുന്നു.

ഒറ്റ വായന്യ്ക്ക് കീഴടങ്ങിത്തരാത്ത ഒരു ഗ്രന്ഥമാണിതെന്നു പറയുന്നതിൽ തെറ്റില്ല. ഒരാൾക്കു തന്നെ ഈ പുസ്തകം പല വായനകൾ സമ്മാനിക്കുകയും ചെയ്യും. പ്രത്യക്ഷത്തിൽ ചരിത്രത്തിന്റെ ഒരു പ്ലാറ്റ് ഫോമിൽ ചർച്ച ചെയ്യുമ്പോൾ പുരുഷനിർമ്മിതമായ ഒരു സ്ത്രീമനസ്സ് സാധാരണയായി ചർച്ച ചെയ്യപ്പെടും. അത് അനുപേക്ഷണീയവുമാണ്. അത് ചരിത്രത്തിന്റെ യുക്തി ഉൾക്കൊള്ളുന്ന ഒന്നാണ്. ചരിത്രത്തിന്റെ അത്തരം നേരനുഭവങ്ങളുടെ ഒരു അഭികാമ്യമല്ലാത്ത തുടർച്ചയാണത്. അനാദിയായ കാലത്തിന്റെ ഇടയ്ക്കൊരിടത്ത് ഇതിഹാസകാലഘട്ടങ്ങളിൽ തുടങ്ങി വർത്തമാനത്തോളം നീണ്ടു പരന്നു  കിടക്കുന്ന ചരിത്രത്തിലെ കറുത്ത അടയാളങ്ങൾ. പക്ഷേ ഈ അവസ്ഥയെ അപ്പാടെ ഉൾക്കൊള്ളുന്ന മനുഷ്യൻ എന്ന എന്റിറ്റിയുടെ നിസ്സഹായവസ്ഥ അടയാളപ്പെടുത്തുക ഒരു നോവലിസ്റ്റ് നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. അപ്പോൾ നവീനമായ ടൂൾസും ആഖ്യാന തന്ത്രവും അത്യാവശ്യമായി വരുന്നു. ഭാഷയുടെ സൂക്ഷ്മവും ശ്രദ്ധാപൂർവവുമായ ട്രീറ്റ്മെന്റ് വഴിയാണ് ഈ വെല്ലുവിളിയെ എഴുത്തുകാരൻ തരണം ചെയ്യുന്നത്. സർഗ്ഗാത്മകതയുടെ ഊർജ്ജം വേണ്ടവിധം ഉപയോഗപ്പെടുത്തിക്കൊണ്ട് അത്തരത്തിൽ വളരെ ക്രീയേറ്റീവായ മറ്റൊരു വായന കൂടി വായനക്കാർക്ക് സമ്മാനിക്കാൻ ശ്രീ സുധീഷ് രാഘവന് സാധിച്ചിരിക്കുന്നു എന്നു പറയാൻ എനിക്ക് വലിയ സന്തോഷമുണ്ട്.

——-
ഭൂമിയുടെ മകൾ (നോവൽ)
സുധീശ് രാഘവൻ
ചിന്ത പബ്ലിഷേഴ്സ്
വില : 120

 

Comments

comments