കർക്കിടകം കറുത്ത് തിമിർക്കാൻ വൈകിയെങ്കിലും മിനിഞ്ഞാന്ന് പെയ്തു തുടങ്ങിയത് തോർന്നിട്ടില്ല. അമ്പൂഞ്ഞിയേട്ടന് പക്ഷെ ആധിയായിരുന്നു. നൂറോളം വാഴയാണ് ഇന്നലെ വീശിയടിച്ച കാറ്റിൽ പോയത്. പാട്ടത്തിന് ഉറപ്പിച്ചതായിരുന്നു കുഞ്ഞിരാമനുമായി. അതിരാവിലെ എണീറ്റ്മുറതെറ്റാതെകൂവലിൽ നിന്ന് മണ് പാനികൊണ്ട് വെള്ളമൊഴിച്ച് കുഞ്ഞിനെ പോറ്റി വളർത്തുന്നത് പോലെ നോക്കിയത് വെറുതെയായി. അമ്പലത്തറ ബാങ്കിൽ നിന്ന് എടുത്ത ലോണിന്റെ കാര്യം ആലോചിച്ചപ്പോൾ അമ്പൂഞ്ഞിയേട്ടന് തൊണ്ട വരണ്ടു ..
പുളിമരത്തിന് കീഴെയുള്ള പുളിയാലെകണ്ടത്തിൽ മാത്രമാണ് ഇപ്പൊ നെൽകൃഷി. മറ്റ് രണ്ട് കണ്ടത്തിലും കവുങ്ങ് വച്ചിട്ട് നാളേറെയായി. കണ്ടത്തിൽ കവുങ്ങ് വെക്കാൻ ഇഷ്ടമുണ്ടായിട്ടല്ല .പക്ഷെ ആദായം ഉണ്ടാകുമെന്ന് കരുതിയിട്ടാണ്. നെൽകൃഷിയുടെ ചെലവും സഹിക്കണ്ടല്ലോ .എന്നിട്ട് അടയ്ക്കക്ക് വിലയും കുറഞ്ഞു .ഇപ്പൊ കേൾക്കുന്നു, അടയ്ക്ക തന്നെ നിരോധിക്കാൻ പോവുകയാണത്രേ. കരക്കയിൽ* നിന്ന് കാരിയും കേശവനും കരയുന്നുണ്ട്. രാവിലെതൊട്ട് കഞ്ഞി വെള്ളം പോലും കൊടുത്തിട്ടില്ല. പുല്ലരിയാനും പോയിട്ടില്ല. ഒണക്ക് പുല്ല് തീർന്നും പോയി. കുറച്ച് പച്ച വെള്ളമെങ്കിലും കൊടുക്കണം. രണ്ടാളുടെയുംവയറ് ഒട്ടിയിട്ടുണ്ട്. മുമ്പ് കടലപ്പിണ്ണാക്ക്കുത്തിർത്ത് കൊടുക്കും, നെല്ല് പുഴുങ്ങി അതിലിട്ട് കൊടുക്കും. അപ്പോഴത്തെ ആരോഗ്യം കണ്ടാൽ ആരായാലും കണ്ണ് വെക്കും.
“ഈ മൂര്യോളെ നോക്കിറ്റ്എനക്ക് മതിയായി”
ഭാര്യ യശോദ കരക്കയിൽ നിന്ന് വരുന്ന അമ്പൂഞ്ഞിയെട്ടനെ കണ്ട് പറഞ്ഞു.
“നിങ്ങക്ക് ഈ മൂര്യോളെ വിറ്റൂടെ. എനക്ക് നോക്കാൻ കയ്യ.” നമക്ക് ഈ കണ്ടത്തിലെ നെൽകൃഷിയുംബേണ്ടപ്പ”
പുത്തരി ഉണ്ണാൻ പോലും ഒരു തരിനെല്ലില്ലാതെ എങ്ങനെ എന്ന് വിചാരിച്ചാണ് ഇത്രയും ബുദ്ധിമുട്ടി നെൽകൃഷി ചെയ്തത്. ഒരാളെ പണിക്ക് വിളിക്കണമെങ്കിൽ കൂലി കേട്ടാൽ പേടിയാകും. ഒറ്റയ്ക്ക് തന്നെ എടുത്ത് തളർന്നുവനജയുടെ കല്യാണം കഴിഞ്ഞതോടെ സഹായത്തിനും ആരും ഇല്ലാതായി. ആ കല്യാണത്തിന് വേണ്ടി എടുത്ത പത്ത് പവനും ലോണും പലിശ പോലും അടക്കാതെ വളർന്നു വരുന്നുണ്ട്. സ്ഥലം ജപ്തിയുണ്ടാവാൻ വലിയ താമസമില്ല.
മഴയ്ക്ക് ശമനമുണ്ടായി. കാറ്റത്ത് പോയ വഴതോട്ടത്തിന്റെ അടുത്ത് പോയി അമ്പൂഞ്ഞിയെട്ടൻ. മൂത്തതും പാതി മൂത്തതുമായ കുലകൾ ചരിഞ്ഞു കിടക്കുന്നു. ഒരാഴ്ച മുമ്പ് കുഞ്ഞിരാമൻ വന്നിരുന്നെങ്കിൽ കുറച്ച് കുലകളുടെ പൈസയെങ്കിലും കിട്ടിയേനെ. ഇത് ഇപ്പൊവീണത്കണ്ടപ്പോൾ, മനസ്സ് എല്ലാ നിയന്ത്രണച്ചരടുംപൊട്ടിയ പട്ടം പോലെയായി. കാരിക്കും കേശവനും കുറച്ച് പട്ട കൊടുക്കാൻ കവുങ്ങിൻ തോട്ടത്തിൽ പോയി. മരുന്ന് അടിക്കാൻ വൈകിയത് കാരണം ചെറിയ കുലകൾ മൊത്തം മഹാളി രോഗം പിടിച്ച് ഉതിർന്നിരിക്കുന്നു. ഇപ്രാവശ്യം അടയ്ക്ക പറിക്കാൻ ആളെയൊന്നും വിളിക്കേണ്ടി വരില്ല.
പട്ടയെടുത്ത്മുമ്പിൽ ഇട്ടെങ്കിലും അവർ അതൊന്ന്മണത്തുനോക്കിയതേയുള്ളൂ. മഴ കാരണം ചീഞ്ഞു തുടങ്ങിയിരുന്നു. കേശവന് ഒരു വെള്ള മറുകുണ്ട് നെറ്റിയിൽ. രണ്ട് പേർക്കും തിളങ്ങുന്ന കറുപ്പ് നിറം. കേശവൻ ഇവിടെ മുമ്പുണ്ടായിരുന്നഗോദാ വരി പശുവിന്റെ കിടാവാണ്. വളർത്തിയപ്പോൾ പിന്നെ വേറെ ആർക്കും കൊടുക്കാൻ തോന്നിയില്ല. ഭാഗ്യത്തിന് കാദർ നല്ലൊരു ജോടിനെഏർപ്പാടാക്കി കൊണ്ട് വന്നു. നല്ല എണ്ണക്കറുപ്പ് നിറത്തിലുള്ള കാരി.
യശോദ ആവലാതിപെടുമ്പോഴെല്ലാംഅമ്പൂഞ്ഞിയെട്ടൻ നേരേ കരക്കയിലേക്ക് പോകും. അവിടെ കേശവനെയും കാരിയ്ക്കും ഇത്തിരി പുല്ല് ഇട്ടു കൊടുത്തു അവയുടെ മുതുകിൽ തലോടി നിൽക്കുമ്പോൾ എങ്ങു നിന്നോ ഒരു മനസ്സമാധാന കാറ്റ് വീശും. അവയുടെ ഓരോ അനക്കവും ശബ്ദവും അമ്പൂഞ്ഞിയേട്ടന് മനസ്സിലായി തുടങ്ങി. തിരിച്ചും ആ മിണ്ടാപ്രാണികൾ ഒരു സൗഹൃദത്തിന്റെ പാലം തീർത്തു. അമ്പൂഞ്ഞിയെട്ടനെ കാരുണ്യത്തോടെ നോക്കി അവ വാലാട്ടി. ഉഴുമ്പോൾ ആ പാട്ടിനു താളം ചവിട്ടി. കയ്യിലുള്ള ചൂരൽ അധികം പ്രയോഗിക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഇപ്പോൾ അവ ഒരു ഭാരമായി. പാവങ്ങളെ പട്ടിണിക്കിടേണ്ടിവരുന്നല്ലോ.. ഹൃദയം നുറുങ്ങുന്നു. അടുത്ത പുഞ്ച കൃഷി എടുക്കാൻ കഴിയുമോ എന്നറിയില്ല. ജപ്തിയൊഴിവാക്കാൻ പലിശയെങ്കിലും അടച്ചേ മതിയാവൂ. ഖാദർ ഇടയ്ക്കിടയ്ക്ക് മൂരികളെ കൊടുക്കുന്നോന്നു ചോദിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ അവനെ ചീത്തപറഞ്ഞയച്ചു.
കരക്കയിൽ പോയി അമ്പൂഞ്ഞിയെട്ടൻ അവയെ ഒന്ന് നോക്കി വന്നു. മഴ പെയ്ത് ചോരുന്ന കരക്കയിൽ അവർ തണുത്ത് വിറക്കുന്നുണ്ട്. വിശന്ന് വയർ ഒട്ടി നിൽക്കുന്നു. അമ്പൂഞ്ഞിയെട്ടനെകണ്ടപ്പോൾ ആശയോടെ നോക്കി . ഖാദറെ വിളിപ്പിച്ചിരുന്നു. വൈകിട്ട് ഖാദർ വന്നു. തുകയ്ക്ക് അധികം തർക്കിക്കാനൊന്നുംഅമ്പൂഞ്ഞിയെട്ടൻ നിന്നില്ല. കിട്ടിയ നോട്ടുകൾ യശോദയെ ഏൽപ്പിച്ചപ്പോൾ അവർ സന്തോഷത്തോടെ നോക്കി. ജപ്തി ഈ മാസം ഒഴിവാക്കാം.
കേശവനെ തെളിച്ച് അമ്പൂഞ്ഞിയെട്ടനും കൂടെ ചെന്നു. കാറ്റും ചാറ്റൽ മഴയും പാറ പ്പുറത്തേയ്ക്ക് മേയ്ക്കാൻ അല്ല കൊണ്ട് പോകുന്നത് എന്ന ആശങ്കയോടെ അവ നടന്നു. അമ്പലത്തറ.. ഖാദറിന്റെവീടിനടുത്ത് എത്തി. കേശവന്റെകഴുത്തിൽ ആ ഓട്ടുമണി കിലുങ്ങുന്നുണ്ട്. പണ്ട് വാത്സല്യത്തോടെ കെട്ടിക്കൊടുത്തതാണ്. ഖാദർ കയറൂരി അമ്പൂഞ്ഞിയെട്ടന് മടക്കി കൊടുത്തു.
“ഇത് നിങ്ങൊബെച്ചൊ .ആവശ്യം ഇണ്ടാകും.” കയറ് വാങ്ങുമ്പോൾ കൈ വിറച്ചു, അമ്പൂഞ്ഞിയെട്ടന്റെ. കേശവനെ ഒന്നുകൂടി തലോടി. തിരിഞ്ഞു നടക്കുമ്പോൾ അവയുടെ കൂട്ട ക്കരച്ചിൽ അങ്ങ് ദൂരെ നിന്നും.. വീണ്ടും മഴ കനത്തു തൂങ്ങി നിൽക്കുന്നു. നടത്തത്തിനു ആക്കം കൂടി.
തണൽ വീടായിരുന്നു അത്. വീടിന് മുകളിൽ പടർന്നുനിൽക്കുന്ന പറങ്കി മാവ്. അമ്പൂഞ്ഞിയെട്ടൻ പറങ്കിമാവിന്റെചോട്ടിലിരുന്നു. എന്നും വരണ്ടു വിണ്ടു കീറിയ ജീവിതപർവ്വത്തിനുനേർസാക്ഷിയാണ് ഈ പറങ്കിമാവ്. സുഖത്തിനും ദുഖത്തിനുംതണൽ വിരിച്ചു നിന്ന മൂകസാക്ഷി. ഇപ്പോൾ
കുരട്ടയോന്നും പിടിക്കാറില്ല .ചെറുപ്പത്തിൽ പറങ്കി മാവിന്റെമുകളിൽ കയറി ഒരു പ്രത്യേക തോട്ടുകളി കളിച്ചിരുന്നു. പ്രിയം എല്ലാവരും പറങ്കിമാവിന്റെമുകളിൽ കയറും. ഒരാൾ താഴെ. അയാൾ മറ്റുള്ളവരെ തൊടണം. ഇഷ്ടം പോലെ ശിഖരങ്ങൾ ഉള്ളതുകാരണം കേറി മറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ചാടും. താഴെ വന്നാൽ ഔട്ട് ആകും. തൊട്ടാൽ പിന്നെ മറ്റുള്ളവരെ തൊടുന്ന പണി അയാൾക്കാവും. അമ്പൂഞ്ഞിയെട്ടൻ ഏറ്റവും മുകളിൽ കയറിയിരിക്കും. മറ്റുള്ളവർക്ക് കയറാൻ പ്രയാസമുള്ള ഇടം…
മഴ പെയ്യാൻ തുടങ്ങിയെന്നു തോന്നുന്നു. മൂരികളെ വാത്സല്യത്തോടെ മാത്രം നിയന്ത്രിച്ചിരുന്ന കയർ വിറങ്ങലിച്ച ശവശരീരം പോലെ മടിയിൽ… നീണ്ടൊരു നെടുവീർപ്പ്. ജീവരക്തംകണ്ണുകളിളിൽ ഉരുണ്ടുകൂടുന്നത്അയാളറിഞ്ഞു. ആരോ വഴി കാട്ടുന്നത് പോലെ, അമ്പൂഞ്ഞിയെട്ടൻ പറങ്കിമാവിന്റെ മുകളിലേക്ക് കയറി. കുരുക്ക് മുറുക്കുമ്പോൾ മഴ കനത്തു. പറങ്കിമാവിനെ ഇരുൾ മൂടി .
* കരക്ക – കാലിത്തൊഴുത്ത്
Be the first to write a comment.