രിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തി ഒന്നാമത് പാർട്ടി  കോണ്‍ഗ്രസ് വിശാഖപട്ടണത്ത് ചേർന്നത്. പാർട്ടിയുടെ വളര്‍ച്ച മുരടിക്കുകയും ഭൂരിപക്ഷം പ്രദേശത്തും പുറകോട്ട് പോകുകയും ചെയ്തതിന്റെ കാരണങ്ങൾ  ന്ത് എന്ന് വിശകലനം ചെയ്യുകയായിരുന്നു പാര്‍ട്ടി  കോണ്‍ഗ്രസിന്റെ മുഖ്യ കടമ. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്ത് നയമാണ് തുടരേണ്ടത് എന്നും  തീരുമാനിക്കേണ്ടിയിരുന്നു. ആദ്യത്തെ പ്രശ്നം കൈകാര്യം ചെയതത് രാഷ്ട്രീയ അടവുനയം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടും രണ്ടാമത്തെ പ്രശ്‌നം സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ചുള്ള പ്രമേയവും ആയിരുന്നു. എന്നാല്‍ മാധ്യമ ശ്രദ്ധ ഈ രേഖകളുടെ നിഗമനങ്ങളെക്കുറിച്ചല്ലായിരുന്നു . ആരായിരിക്കും ജനറല്‍ സെക്രട്ടറി ? ഇതായിരുന്നു അവരുടെ മുഖ്യ ചര്‍ച്ചാ വിഷയം. രാഷ്ട്രീയ നയം സെക്രട്ടറിയെ ആശ്രയിച്ചിരിക്കും എന്നുപോലും പലരും പ്രവചിച്ചു. സമ്മേളനം സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടി  പിന്തുടരാന്‍ പോകുന്ന വിശാഖപട്ടണം ലൈന്‍ എന്തായിരിക്കും എന്നത് മേല്‍പ്പറഞ്ഞ രണ്ട് രേഖകളി വായിക്കാം. ആദ്യം രാഷ്ട്രീയ അടവ് ലൈന്‍ അവലോകനത്തെ കുറിച്ച്.
നിലവിലുളള സാമൂഹ്യ
വ്യവസ്ഥയെ മാറ്റി മിറച്ച് പുതിയ ഒന്ന് സൃഷ്ടിക്കല്‍ ആണല്ലോ വിപ്ലവം. ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോ മാറി മാറി വരുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയുടെ താല്‍ക്കാലികമായ നിലപാടുകളും മാറ്റേണ്ടിവരും. ഇതിനെയാണ് അടവ് എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ ഒരുകാര്യം വ്യക്തമാക്കട്ടെ; സ്വീകരിക്കുന്ന അടവുകള്‍ ആത്യന്തികലക്ഷ്യത്തിന് വിരുദ്ധമാകരുത്. രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ ദൈനംദിന അടവുകള്‍ക്ക് ഒരു പൊതുചട്ടക്കൂട് ഉണ്ടാവും. ഇതിനെയാണ് രാഷ്ട്രീയ അടവ് ലൈന്‍ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് 80 മുതഇന്ത്യന്‍ രാഷ്ട്രീയം കൂടുത കോണ്‍ഗ്രസ്, ബി.ജെ പി എന്നീ രണ്ടു പിന്തിരിപ്പ കക്ഷികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും ബദലായി ഇടതുപക്ഷരാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരണം. ഇതിന് ഈ രണ്ട് പാര്‍ട്ടികളുമല്ലാതെ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായി എന്ത് ബന്ധം വേണം? ഇവര്‍കൂടി അടങ്ങുന്ന മൂന്നാം  മുന്നണി, മൂന്നാം ബദല്‍ തുടങ്ങിയവ ദേശീയ തലത്തില്‍തന്നെ രൂപീകരിക്കല്‍ ആയിരുന്നു ഇത് വരെ തുടര്‍ന്നു വന്ന രാഷ്ട്രീയ അടവ് ലൈന്‍.

എന്നാല്‍ 80 കളില്‍ ഈ അടവ് ലൈന്‍ രൂപീകരിച്ചതിന്‌ ശേഷം ആഗോളവത്ക്കരണം സാമൂഹ്യ സാമ്പത്തിക ഘടനയിലും തദ്വാര പ്രാദേശിക പാര്‍ട്ടികളുടെ സ്വഭാവത്തിലും മാറ്റം വരുത്തി. അവരും നിയോലിബറല്‍ നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ്സുമായോ ബി ജെ പി യുമായോ അധികാരം പങ്കിടുവാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഇടതുപക്ഷത്തിനാവട്ടെ ശക്തിക്ഷയവും സംഭവിച്ചു. ഇവരുമായിട്ടുള്ള പ്രാദേശിക കൂട്ടുകെട്ടുകള്‍ പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തി. ഇത് പാര്‍ട്ടിയെ ഇന്നത്തെ പതനത്തില്‍ എത്തിച്ചതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ അടവുനയം മാറ്റണം.

എന്താണ് പുതിയ അടവുനയം? പ്രാദേശിക പാര്‍ട്ടികളുമായി ദേശിയതലത്തില്‍ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ ഇല്ല. ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തുന്നതിനും മറ്റെല്ലാ ഇടതുപക്ഷക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുദ്രാവാക്യങ്ങളെ ആസ്പദമാക്കിയുള്ള പ്രക്ഷോഭപ്രചാരണങ്ങള്‍ ആയിരിക്കും മുഖ്യ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പു കൂട്ടുകെട്ടുകള്‍ സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടവയാണ്.

ഇടതുപക്ഷജനാധിപത്യ മുന്നണി ആണ് സി.പി.ഐ. (എം) ന്റെ  മുദ്രാവാക്യം. രാഷ്ട്രീയപ്രമേയം കൃത്യമായി ഈ മുന്നണിയില്‍ ആരെല്ലാമാകാം എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളും ബന്ധപ്പെട്ട വര്‍ഗ്ഗബഹുജന സംഘടനകളും, ഇടതുപക്ഷ ഗ്രൂപ്പുകളും ബുദ്ധജീവികളും, മറ്റ് മതേതരപാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റുകളും ജനാധിപത്യവിഭാഗങ്ങളും, ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ജനാധിപത്യ സംഘടനകളും, മര്‍ദ്ദിത വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളും.

മേല്‍പ്പറഞ്ഞവിവരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇതൊരു തെരഞ്ഞെടുപ്പ് മുന്നണി അല്ല. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഇടതുപക്ഷ, ജനാധിപത്യ മുന്നണിയും അല്ല. മേല്‍പ്പറഞ്ഞ വിഭാഗങ്ങളെയെല്ലാം ഒരു പൊതു വേദിയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ ആണ് ശ്രമിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗം പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള  പ്രക്ഷോഭ പ്രചാരണങ്ങള്‍ ആണ്.

അപ്പോള്‍പിന്നെ തെരഞ്ഞെടുപ്പോ? ഇടതുപക്ഷ കക്ഷികളുടെ സഖ്യം ഉണ്ടാകും. ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓരോ കക്ഷികളുടെയും സ്ഥിതി പരിശോധിച്ച് ആരുമായി കൂട്ട് കൂടണമെന്ന് തീരുമാനിക്കും. പക്ഷേ ഇത് ദേശീയ തലത്തിലുള്ള ഒരു വമ്പന്‍ സഖ്യത്തിന്റെ ഭാഗം ആയിരിക്കുകയില്ല. ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്നുള്ള മുണികളെ ശക്തിപ്പെടുത്തും.

രാഷ്ട്രീയ പ്രമേയത്തിലെ അടവുനയം മേല്‍പ്പറഞ്ഞതാണ്. ഇതില്‍ വളരെ ശ്രദ്ധേയമായ എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രയോഗം ഉണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പാവപ്പട്ടവര്‍ക്കായുള്ള സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാനമുണ്ട്. സാമൂഹ്യപ്രസ്ഥാനം എന്നത് പ്രസ്ഥാന രൂപത്തിലുള്ള സന്നദ്ധ സംഘടനകളുടെ മറ്റൊരു പേരാണ്. നാടാടെയാണ് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ സി.പി.ഐ.(എം) ന്റെ രേഖയില്‍ സ്ഥാനം പിടിക്കുന്നത്. ഇത്തരം വിശാലമായ ഒരു ഇടതുപക്ഷ സഖ്യമാണ് ഇന്ന് വേണ്ടത്.

സഖ്യത്തില്‍ കോണ്‍ഗ്രസിന് സ്ഥാനം ഉണ്ടാവുമോ? ഇല്ല. കോണ്‍ഗ്രസ്സുമായി യാതൊരു പൊതു സഖ്യത്തിനും സാദ്ധ്യതയില്ല. കാരണം കോണ്‍ഗ്രസ്സ് നിയോലിബറല്‍ നയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തില്‍ നിന്ന് മതേതരത്വത്തിനു വേണ്ടിയുള്ള സമരത്തെ വേറിട്ട്  കാണാനാവില്ല. അതേ സമയം പാര്‍ലമെന്റിന് അകത്തും പുറത്തും ചില പ്രത്യേക പ്രശ്‌നങ്ങളെ ആസ്പദമാക്കി താല്‍ക്കാലിക യോജിപ്പുകളും ഉണ്ടാകാം.

രാഷ്ട്രീയ തിരിച്ചടിയ്ക്ക് കാരണം രാഷ്ട്രീയ അടവുനയങ്ങളിലെ ദൗര്‍ബല്യങ്ങള്‍ മാത്രമായിരുന്നില്ല. മറ്റ് മൂന്ന് കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് ആഗോളവത്ക്കരണം  ഇന്ത്യയിലെ കാര്‍ഷിക മേഖലയിലും നഗരങ്ങളിലും ഇടത്തരക്കാരുടെ ഇടയിലും വരുത്തിയ മാറ്റങ്ങളെ കണക്കിലെടുക്കാത്തതാണ്. ഇവ സംബന്ധിച്ച് മൂന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയുടെ മുന്നിലുണ്ട്. സമയച്ചുരുക്കം മൂലം പാര്‍ട്ടി  ഇവ വിശദമായി പരിശോധിച്ചില്ല. ഇത് പിന്നീട് ചെയ്യും. രണ്ട് – വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തന ശൈലിയിലും വലിയ പോരായ്മയുണ്ട്. മൂന്ന്പാര്‍ട്ടി  സംഘടനയിലും പ്രവര്‍ത്തന ശൈലിയിലും ഉള്ള ദൗര്‍ബല്യങ്ങളാണ്. രണ്ടും മൂന്നും കാര്യങ്ങളുടെ ഒരു പ്രാഥമിക പരിശോധന കോൺഗ്രസില്‍ അവതരപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിൽ ഉണ്ട്. ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് ഒരു പ്രത്യേക പ്ലീനം വിളിച്ചു ചേര്‍ക്കുന്നതിനും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു.

അഴിമതി, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എ.എ .പി യ്ക്ക് ഡല്‍ഹിയില്‍ ജയിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ല? ഒന്നുകില്‍ ഇടതുപക്ഷം പറഞ്ഞത് ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. സംവേദന രീതികള്‍ പഴഞ്ചനാണ്. മാധ്യമങ്ങളാകട്ടെ  ഇടതുപക്ഷം പറഞ്ഞവ പൊതുവില്‍ തമസ്‌ക്കരിക്കുകയും ചെയ്തു. ഇതാവണം കാര്യം. അല്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ വിശ്വസനീയതയില്‍ ഇടിവുണ്ടായിട്ടുണ്ട്. പുതിയ പാര്‍ട്ടി  എന്ന നിലയില്‍ പ്രതിരോധിക്കേണ്ട ഭൂതകാല ബാധ്യതകള്‍ എ.എ .പി യ്ക്ക് ഇല്ല. അതോടൊപ്പം കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വന്‍പിച്ച പിന്തുണയും ആദര്‍ശവത്ക്കരണവും വിശ്വസനീയത സൃഷ്ടിച്ചതില്‍ വലിയ പങ്ക് വഹിച്ചു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വ്യവസ്ഥിതിയെ എ.എ .പി ചോദ്യംചെയ്യുന്നില്ല. ഇടതുപക്ഷമാവട്ടെ  നിലവിലുള്ള വ്യവസ്ഥയെ മാറ്റുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനം ആണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്ന് ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കാത്തതില്‍ അത്ഭുതമില്ല. പൊതുജനാഭിപ്രായരൂപീകരണത്തില്‍ മാധ്യമസ്വാധീനം പരമമായി കൊണ്ടിരിക്കുന്ന  കാലമാണ് ഇതെന്നുകൂടി ഓര്‍ക്കണം. ബദല്‍ സംവേദന രീതികള്‍ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് മുന്നേറുവാന്‍ കഴിയുകയുള്ളൂ.

യുവജനങ്ങളെയും ഇടത്തരക്കാരെയും സ്വാധീനിക്കുതിന് എ.എ .പി യ്ക്ക് കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ ഒരു മുഖ്യപരാജയം ഇവിടെയാണ്. ആഗോളവത്ക്കരണത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെ സസൂക്ഷ്മം വിലയിരുത്തേണ്ടതിന്റെ ആവശ്യം ഇവിടെയാണ്. നഗര പ്രദേശങ്ങളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുപക്ഷം താരതമ്യേന ദുര്‍ബലമാണ്. ഇടതുപക്ഷം തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്. എന്നാല്‍ ആധുനിക നഗരങ്ങളില്‍ ആവാസ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. ചേരിസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. നഗരപ്രദേശങ്ങളിലെ പൊതുജനങ്ങളെ സമീപിക്കുന്നതിനും സംഘടിപ്പക്കുന്നതിനും എ.എ .പി അടക്കമുള്ളവരുടെ അനുഭവങ്ങള്‍ പ്രസക്തമാണ്. ഇങ്ങനെയുള്ള പലതും വരാന്‍പോകുന്ന  പാര്‍ട്ടി  പ്ലീനത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന  സംഘടനാ കാര്യങ്ങളോട് ബന്ധപ്പെട്ടവയാണ്. പലരെയും സ്തബ്ദരാക്കുന്നത് എ.എ .പി യുടെ മിന്നല്‍ വേഗത്തിലുള്ള വളര്‍ച്ചയാണ്. ഇതേപോലുള്ള വളര്‍ച്ച തന്നെയാണ് 1948 – 1956 കാലത്ത് ഇടതുപക്ഷത്തിന് കേരളത്തില്‍ ഉണ്ടായത് എന്ന്  ഓര്‍ക്കുക. കേരളത്തില്‍ അന്ന് അത്  നേടാന്‍ കഴിഞ്ഞെങ്കില്‍ ഇന്നുമാകാം. അന്നും  ഇന്നും തമ്മിലുള്ള അന്തരം വ്യക്തമായി പഠിച്ച് പ്രവര്‍ത്തിക്കണം എന്ന് മാത്രം.

Comments

comments