ടലിപ്പോൾ ചെതുമ്പലുള്ള ഒരു കൂറ്റൻ മത്സ്യമാണ്
ചെകിളപ്പൂക്കളിൽ വെയിലടിക്കുമ്പോൾ
പുളഞ്ഞുനീന്തുന്ന
വലിയ വയറുള്ളൊരു മത്സ്യം

ഇടവേളകളില്ലാത്ത ഒരു യാത്രയുടെ
അതിശയിപ്പിക്കുന്ന തിരിവുകളിൽ
ഉടൽ ചരിച്ച്
ഒഴുക്കിൽ ഒന്നും മിണ്ടാതെ
എത്ര നേരമായിങ്ങനെ
തൊട്ടിരിക്കുന്നതെന്നും
മറന്നിരിക്കും പോലെ

ദിവസങ്ങൾ പോകുന്നുണ്ട്.

നമ്മൾ ഒരേ കടൽ നീന്തുകയാണെന്നും
ഒരേ തുരുത്തുകൾ കണ്ടെത്തുകയാണെന്നും
ചെന്നുകേറി ഒരൊറ്റയാകാശത്തിനുകീഴെ
കിതപ്പാറ്റുകയാണെന്നും
കയറിപ്പോയ ഇടങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക്
പലായനം ചെയ്യുകയാണെന്നും
തിരിച്ചറിയുമ്പോലെ

അയയുന്നുണ്ട്

ആവിപാറുന്ന കൂരയ്ക്കു കീഴെ
മണ്ണൊരു വേവുപാത്രം പോലെ
തിളയ്ക്കുന്നുണ്ട്.
പക്ഷിക്കുഞ്ഞുങ്ങൾക്ക് പാട്ടൊരുക്കുന്ന
മെലിഞ്ഞ നദിക്കരയിൽ
മഷിപ്പാത്രത്തിലെ അവസാനതുള്ളിയും തീർന്ന്
സന്ധ്യ മടങ്ങുന്നുണ്ട്

സംഗീതം ലഹരിയുള്ള ഒരു ഔഷധമാണ്!

കണിക്കൊന്നകൾ, വിഷുപ്പക്ഷികൾ
പൂങ്കുലകൾ തലതാഴ്ത്തുന്ന
നേർത്തയരുവികൾ
ഇത്തിരി നനവാർന്നയിളം
കാറ്റിന്റെ
മൃദുലമായൊരു കോന്തല

മേടമാസം വസന്തങ്ങളുടെ കച്ചവടക്കാരനാണ്.

നമ്മൾ,
വസന്തത്തിന്റെ കർഷകർ
ഒന്നും മിണ്ടുന്നതേയില്ല
.

(വര: ജ്യോതി മോഹൻ)

 

Comments

comments