തായത് സകല ചലനങ്ങളും
നിലച്ചുപോയിട്ടും
ചില നേര്‍ത്ത മര്‍മരങ്ങളെപ്പോലും
ആംബുലന്‍സിന്‍റെ
120-Decibel
ശബ്ദത്തില്‍ കൂടുതലായി
ശ്രവിച്ചെടുക്കേണ്ടി വരുന്ന ഒരാളെക്കുറിച്ച്.

ഈ വണ്ടിയില്‍ എനിക്കുചുറ്റും
നിങ്ങള്‍ നാലുപേര്‍/ ആത്മ സുഹൃത്തുക്കള്‍
ഒരാള്‍ നിശ്വസിക്കുന്ന വിറയാര്‍ന്ന ശബ്ദം
ഒരുവന്‍റെ ക്രമം തെറ്റിയ ഹൃദയതാളം
തൊട്ടടുത്തിരിക്കുന്ന നേര്‍ത്ത ഗദ്ഗദങ്ങ
ഒരു കൊടുംകാറ്റുപോലെയോ
ഇടിമുഴക്കം പോലെയോ..
ഞാന്‍ കേള്‍ക്കുന്നു/ കേള്‍ക്കുക മാത്രം..

ഡ്രൈവര്‍ ഇടയ്ക്കിടെ ചുമച്ചുതുപ്പുന്നത്.
കയറ്റം ഇറക്കം എന്ന
വണ്ടിയുടെ ആവലാതികള്‍
ഇന്നു രാവിലെവരെ..
എന്നു തുടങ്ങി നീ പൂരിപ്പിക്കാതെപോയത്
ഛെ… എന്ന ആത്മഗതം..


സകല ചലനങ്ങളും നിലച്ചിട്ടും കാതുകേള്‍ക്കുന്ന ഒരാള്‍!
നിങ്ങള്‍ക്കത് സങ്കല്‍പ്പിക്കാ പറ്റുമോ?
ഇല്ല, സാധ്യതയില്ല. മരിച്ചുപോയ ഒരാളും
അങ്ങനെ ഒരവസ്ഥയെക്കുറിച്ച് നിങ്ങളോടൊന്നുംതന്നെ പറഞ്ഞു കാണില്ല.

ചുരമിറങ്ങിയിട്ട് ഒന്നു നിര്‍ത്തണം എന്നോ
ഓരോ ചായകുടിക്കണമെന്നോ
ഒന്നു രണ്ട് സിഗരെറ്റുകള്‍
ആഞ്ഞാഞ്ഞു വലിക്കണമെന്നോ
ആദ്യം മൌനം മുറിച്ചത്
നീയാണെന്ന് എനിക്കറിയാം;
ഇത്രമേല്‍ സംഘര്‍ഷഭരിതമാം
ഒരു വിരസയാത്ര
നിനക്കു സാധ്യമല്ലെന്നും…

നിന്‍റെ സംഭാഷണം
ആസക്തികളുടെ റിങ്ങിലെ
ബോക്സിംഗ് മാച്ച് അനൌണ്‍സ്മെന്‍റ്

ഞാനുണ്ടായിരുന്നെങ്കില്‍
ഈ വളവിലെകോടമഞ്ഞില്‍ ഇറങ്ങിനിന്ന്
അത്യുച്ചത്തില്‍ കൂവിയേനെ..
എന്നൊക്കെ അവനായിരിക്കും പറഞ്ഞത്.
അവനറിയില്ലല്ലോ എനിക്കു കാതു കേള്‍ക്കുന്ന കാര്യം.

നീ എന്താണ് പറഞ്ഞത്?
മരിച്ചു എന്ന് തോന്നുകയേ ഇല്ല എന്നോ?
മക്കളെക്കുറിച്ച് വേവലാതിപ്പെട്ടത് ആരാണ്?
ഭാര്യ സുന്ദരിയാണോ എന്ന്
ഡ്രൈവര്‍ ഓര്‍ക്കാപ്പുറത്ത് ചോദിച്ചതാവും…
ദീര്‍ഘ യാത്രയല്ലേ,
വെള്ളത്തിലല്ലേ
നിങ്ങളെപ്പോലെ
അയാള്‍ക്കും
എന്തെങ്കിലും സംസാരിക്കേണ്ടേ?
അത്രമേല്‍ ഭയാനകമായ ഏകാന്തതയുടെ
ഹെയര്‍പിന്‍ ബെന്‍റുകളെ
കൃത്യമായി ഒടിച്ചെടുക്കേണ്ടേ..


എന്തിനാണ് നിങ്ങള്‍ ഇത്ര ഉച്ചത്തി
സംസാരിക്കുന്നത്?
ആംബുലന്‍സിന്‍റെ സൈറ
പോലെയെങ്കിലും അല്‍പ്പം ശബ്ദം കുറച്ച്
സംസാരിച്ചുകൂടെ?

എത്രനേരമായി
എന്നെ ഉപേക്ഷിച്ചിട്ട്..
ഇത്രയും ദൂരത്തിനിടയില്‍
എനിക്കറിയാം നിങ്ങള്‍ ജീവതത്തിലേക്ക്
തിരിച്ചുവരുമെന്ന്..

ഇന്നലെ ഭോഗിച്ച പെണ്ണിനെക്കുറിച്ച് പറയുമ്പോള്‍
ഉറകളില്ലായിരുന്നുവെങ്കില്‍ എന്ന് ഭയപ്പെടുമ്പോള്‍…
എനിക്കറിയാമായിരുന്നു നിങ്ങള്‍ തിരിച്ചു വരുമെന്ന്.
കണ്ടില്ലേ…ഒരുവന്‍ നിര്‍ത്താതെ പുകവലിക്കുന്നതിനെ
മറ്റവന്‍ വെറുതെ ശാസിക്കുന്നു.
ദില്ലിയിലെ ഗ്രാന്‍റ് ഹോട്ടലില്‍ ലഭിക്കുന്ന ഒറ്റപ്പെഗ്ഗിന്
ഇരുപത്തിനാലായിരംരൂപ വിലവരുന്ന
മോര്‍ട്ട്ലാക്ക് വിസ്കിയെക്കുറിച്ച് ഒരാള്‍ വാചാലനാവുന്നു.
പക്ഷേ, വയനാടന്‍ വാറ്റിനോളം വരില്ലെന്ന്‍
മറ്റൊരാള്‍ നിരീക്ഷിക്കുന്നു..

ഒഹ് എങ്കിലും എന്തിനാണ് ഇത്ര ഒച്ചത്തില്‍?
മരിച്ചിട്ടും കാതുകേള്‍ക്കുന്ന
ഒരാളെക്കുറിച്ച്….

ഒടുവില്‍ നിങ്ങള്‍
ചുരമിറങ്ങുന്നു/ചായകുടിക്കുന്നു/
ആഞ്ഞാഞ്ഞു സിഗരറ്റ് വലിക്കുന്നു…..
അടുത്തെവിടെയെങ്കിലും ബാറുണ്ടോഎന്ന
തട്ടുകടക്കാരനോട് അന്വേഷിക്കുന്ന
ഉഗ്രശബ്ദം മാത്രം ഞാന്‍ ശ്രവിക്കുന്നു..
സാധ്യതയില്ല സമയം കഴിഞ്ഞു
എന്ന സത്യത്തില്‍ നിങ്ങള്‍ സങ്കടപ്പെടുന്നു..

സമയം തെറ്റിയ മരണത്തെ
വളരെ മെല്ലെ/അത്യുച്ചത്തില്‍
ഒരാള്‍ ശപിക്കുന്നു.
വല്ലാതെ ശപിക്കുന്നു
യാത്ര ഇനിയും ഒരുപാട്
ദൂരമുണ്ട് എന്ന്‍ മറ്റൊരാള്‍ ആകുലപ്പെടുന്നു..
ഞാന്‍ കേള്‍ക്കുന്നു..
കേള്‍ക്കുക മാത്രം ചെയ്യുന്നു
വിരസത ഉറങ്ങിയുറങ്ങി
എന്‍റെ നെഞ്ചിലേക്കു വീഴുമ്പോള്‍
തകര്‍ന്ന വാരിയെല്ലുകളുടെ ഞരക്കം.
(
എല്ലുപൊടി ഫാക്ടറിയില്‍ നിന്നും എന്നപോലെ)
എന്‍റെ നെറ്റിയിലെ തണുപ്പില്‍/മരവിപ്പില്‍
അറിയാതെ തൊട്ടുപോയ
നിന്‍റെ ചുണ്ടുകള്‍
തിരിച്ചെടുക്കുന്ന ഞെട്ടലിന്‍ ശബ്ദം
ഒരാളുടെ കൂര്‍ക്കംവലി..
ഒരിക്കലും നിലയ്ക്കാത്ത ശ്വാസഗതികള്‍…

ഞാന്‍ കേള്‍ക്കുന്നു..
ദൂരമൊരുപാട് ബാക്കിയുണ്ട്.
ആരെങ്കിലും
ഒരാളെങ്കിലും, ഉറങ്ങരുത്.
എന്ന ഡ്രൈവറുടെ അവസാനത്തെ-
ആജ്ഞ/ ശാസന/അപേക്ഷ/യാചന….

പറഞ്ഞിട്ടു കാര്യമില്ല; നിങ്ങള്‍ക്കറിയില്ലല്ലോ
മരിച്ചിട്ടും കാതുകേള്‍ക്കുന്ന ഒരാളെക്കുറിച്ച്.

(വര: ജ്യോതി മോഹൻ)

 

Comments

comments