(കഴിഞ്ഞ വർഷം ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ ചിന്തകൻ പ്രഫ. ഇസ്താക് ഭാഷയും ആധിപത്യവും എന്ന ഗ്രന്ഥത്തെക്കുറിച്ച് എഴുതിയ ലഘുനിരീക്ഷണം.)

അധികാരം കൊയ്യണമാദ്യം നാം

അതിനുമേലാകട്ടെ പൊന്നാര്യൻ.

അധികാരം കൊയ്‌തെറിഞ്ഞിട്ട് അതു കരിച്ച ചാമ്പലിന്റെയും അതഴുകിയ ചെളിയുടെയുംമേൽ ജീവിതത്തിന്റെ പൊന്നാര്യൻ – വിത്തു വിതച്ചു വിളവെടുക്കണമെന്ന് മലയാളികളെ  ഉദ്‌ബോധിപ്പിച്ചത്  ഇടശ്ശേരി ഗോവിന്ദൻ നായരെഴുതിയ പ്രവാചക കവിതയായിരുന്നു. വിളയുന്ന പൊന്നാര്യനിലും അധികാരത്തിന്റെ ചെളിക്കൂറ് ഉണ്ടായിക്കൂടെന്നില്ല. അപ്പോൾ അതും അരിഞ്ഞെറിയേണ്ടിവരും. അധികാരത്തെ വച്ചുപൊറുപ്പിച്ചുകൂട.  അതു കലിപ്പാണ്, മരവിപ്പാണ്,  ജഡതയാണ് – ഉണർവല്ല, ഉന്മേഷമല്ല, ജീവിതമേയല്ല. ജീവിക്കുന്ന ഓരോ തലമുറയും  അധികാരത്തിന് ഇടം കിട്ടാത്തവിധം ജീവിതത്തിൽ വ്യാപിച്ചു വ്യാപരിച്ചെങ്കിലേ ഇതു സാധിക്കൂ. നിരന്തരസ്വതന്ത്രമായ ജീവിതബോധം, ജീവിതോത്സവം  നിലനിർത്തുക  പക്ഷേ ഭാരിച്ചൊരുത്തരവാദിത്തമായേക്കാം.  അതു വഹിച്ചേ പറ്റൂ. അതിന് ഉത്തേജനമേകുന്ന ഒരു ഗ്രന്ഥമാണ്  ഇവിടെ നിരീക്ഷണവിധേയമാകുന്നത്. വർണ്ണവർഗലിംഗഭേദങ്ങളിലൂടെയായാലും ഇതരസാമൂഹിക, മാനുഷികഘടകങ്ങളുടെ വ്യത്യാസങ്ങളിലൂടെയായാലും അധികാരം ജീവിതത്തിന്റെ കണികകളിൽ പോലും ഇടം നേടാൻ അനുവദിക്കരുതെന്ന് അത് സൂക്ഷ്മമായി നിർദ്ദേശിക്കുന്നു.

          ഭരിക്കുന്നവൻ മരിക്കുന്നുഎന്നെഴുതിയ എം ഗോവിന്ദൻ ആധുനിക മലയാളചിന്തയുടെ  മണ്ഡലത്തിൽ അധികാരവിമർശനത്തിനായി സ്വയമർപ്പിച്ച ആദ്യ പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ കവിതകളാകട്ടെ അധികാരവിരുദ്ധമായ ആധുനികമിത്തുകളായിരുന്നു. സങ്കീർണമായ ആധുനികഭരണകൂടങ്ങളുടെയും  പ്രസ്ഥാനങ്ങളുടെയും  സ്ഥാപനങ്ങളുടെയും  ജീവിതവിരുദ്ധതയെപ്പറ്റിയും പ്രാചീനമിത്തുകളുടെ അവധാനപൂർവ്വമായ ആധുനികപ്രയോഗത്തെപ്പറ്റിയും ഗോവിന്ദനെഴുതിയതും ഇടശ്ശേരി കവിതയെഴുതുന്ന അതേ കാലത്തുതന്നെയായിരുന്നു. അതു വേറൊരു കാലമായിരുന്നു,  ലോകമായിരുന്നു.  സെബാസ്റ്റ്യൻ വട്ടമറ്റം അധികാരജീർണ്ണതയുടെ മായപ്പൊലിമകൾ വരച്ചുകാട്ടുന്ന ഇക്കാലത്ത്  അധികാരത്തെ അറിയുവാനും  അറിഞ്ഞെതിർക്കാനും പുതിയ സങ്കേതങ്ങൾ വികസിച്ചു വന്നിട്ടുണ്ട്. അതിന്റെ സാധ്യതകൾ കണ്ടെറിയാനും കൊണ്ടറിയാനും വട്ടമറ്റം സന്നദ്ധനായിരിക്കുന്നു. സർഗവീര്യമുള്ള നമ്മുടെ അധികാരവിമർശകരുടെ സംഘപരമ്പരയിൽ അദ്ദേഹവും ഇടം നേടിയിരിക്കുന്നു.

          ഭാഷയും ആധിപത്യവുംഎന്ന തന്റെ ഗ്രന്ഥത്തിൽ  വട്ടമറ്റം ചെയ്യുന്നതെന്താണ്?സാമൂഹ്യബന്ധങ്ങളിൽ പരക്കെ ഉൾച്ചേർന്നിരിക്കുന്നഅധികാരത്തിന്റെയും ആധിപത്യസ്വഭാവത്തിന്റെയും  വേരും വേർപടലങ്ങളും അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്  വട്ടമറ്റവും. ആ വേരുകൾ മുറിക്കുക തന്നെയാണ് അദ്ദേഹത്തിന്റെയും ലക്ഷ്യം. വേര,് വേർപടലം,  വേരു മുറിക്കൽ എന്നിങ്ങനെയുള്ള താരതമ്യേന സുപരിചിതമായ പഴയരൂപകങ്ങൾ ജീവശാസത്രമേഖലയിൽ  നിന്നു കടംകൊണ്ട് ഈ പുതിയ പരിശ്രമത്തെ വിശേഷിപ്പിക്കുമ്പോൾ ഞാൻ മറക്കുന്നില്ല, നവീനമായ ഒരു രീതിശാസ്ത്രത്തിന്റെ പദാവലിയുമായി, വ്യത്യസ്തമായ പുതിയൊരു അന്വേഷണമാദ്ധ്യമവുമായാണ് വട്ടമറ്റം ഇപ്പോൾ വ്യാപരിക്കുന്നതെന്ന്.  ഈ സമാഹാരത്തിലെ ആദ്യലേഖനങ്ങളിൽ ആ അന്വേഷണമാദ്ധ്യമത്തെയും അതിന്റെ രീതിശാസ്ത്രത്തെയും അദ്ദേഹം ലളിതമായി വിശദീകരിച്ചു തരികയും ചെയ്യുന്നുണ്ട്.  ഈ താവഴിയിൽപെട്ട  മറ്റു പലരുടെയും ഗ്രന്ഥങ്ങളിലേയ്ക്ക് തട്ടുംതടവും കൂടാതെ ഇറങ്ങിച്ചെല്ലുവാൻ അത് ഏറെ സഹായിക്കുന്നുണ്ട്.

          ഘടനാപരമായ ഭാഷാശാസ്ത്രത്തിന്റെ നവീനസങ്കേതങ്ങളുപയോഗിച്ച്, സമകാല മനുഷ്യാവസ്ഥയെ  സ്വാധീനിക്കുന്ന  ചില പരോക്ഷശക്തികളെ തിരിച്ചറിയുകയാണ് എന്ന ഗ്രന്ഥകാരന്റെ വാക്യംതന്നെ ഉദ്ധരിക്കട്ടെ. ഈ സങ്കേതവും   അതുപയോഗിച്ച് അധികാരത്തെ സംബന്ധിച്ചുളവാക്കുന്ന തിരിച്ചറിയലുകളുമാണ് വട്ടമറ്റത്തിന്റെ പുസ്തകത്തെ സമകാലചിന്താമണ്ഡലത്തിൽ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്. ഇതിലെ മിക്ക അദ്ധ്യായങ്ങളും ഓരോ ഗ്രന്ഥമായി രൂപപ്പെടുവാനുള്ള സാദ്ധ്യതകൾ സൂചിപ്പിക്കുകയും ചെയ്യുന്നു.

          ഈ സങ്കേതത്തിലൂടെയേ ഇമ്മാതിരി  തിരിച്ചറിയലുകളുണ്ടാകൂ. തിരിച്ചറിയുന്നതോ, സമൂഹത്തിലെ അധികാരസംബന്ധിയായ പരോക്ഷശക്തികളെയാണുതാനും. സമൂഹത്തെ  ജഡീകരിക്കുന്ന പ്രതിഭാസങ്ങളുടെ പരോക്ഷമായ  തനിസ്വരൂപവും  സ്വാധീനരീതികളുമാണ് ഇതുവഴി വെളിപ്പെടുന്നത്.  അധികാരത്തിന്റെ മുഖംമൂടികൾക്കപ്പുറം അതിന്റെ മുഖത്തുതന്നെ നോക്കിപ്പെരുമാറുവാൻ  ഇതു നമ്മളെ സഹായിക്കുന്നു.

          അധികാരം കല്ലിപ്പാണെങ്കിൽ, അറിവിന്റെ  കല്ലിച്ച രൂപമാണു പ്രത്യയശാസ്ത്രം. അതു സമൂഹത്തിന്റെ ഒഴുക്കു തടഞ്ഞു കെട്ടിയിടുന്നു. പ്രവാഹഗതി വീണ്ടെടുക്കുവാൻ ആ അറിവിന്റെ വഞ്ചനനിറഞ്ഞ  ആധിപത്യത്തിന്റെ ഗൂഢരഹസ്യം വെളിപ്പെടുത്തിയേ പറ്റൂ.  വട്ടമറ്റം അതു ചെയ്യുന്നു. അതുപോലെ, ആധിപത്യത്തിന്റെ ഗൂഢരൂപങ്ങളെയെല്ലാം വട്ടമറ്റത്തിന്റെ ചിന്തകൾ നിശിതമായി പോറി വെളിപ്പെടുത്തുന്നു.  അതുമാത്രമല്ല, മനുഷ്യമനസ്സിലും ബന്ധങ്ങളിലും ആധിപത്യം  ചെലുത്തി രണ്ടിനെയും ജഡീകരിക്കുന്ന തിമിരരൂപങ്ങളെ പുരാവൃത്തം, കല വർണസമ്പ്രദായം എന്നിങ്ങനെ വിവിധ പ്രതിഭാസങ്ങളിൽ കണ്ടെത്തി ഉച്ചാടനം ചെയ്യുന്ന മാന്ത്രികവൃത്തിയും ആ ചിന്തകൾ ഏറ്റെടുക്കുന്നു. മിക്ക പുരോഗമനവാദികളുടെയും പുരോഗമനംപോലും പിടിച്ചു വയ്ക്കൽആകുന്നതെങ്ങനെയെന്നു  വിശദീകരിക്കുന്നു. ശാസ്ത്രംഅശാസ്ത്രീയമാകുന്നതെങ്ങനെയെന്നു ബോധ്യപ്പെടുത്തുന്നു. എസ്.കാപ്പനോടൊപ്പം വൈരുദ്ധ്യാത്മകത്തിന്റെ വൈരുദ്ധ്യം തിരുത്തുന്നു. ഒടുവിൽ തെല്ലത്ഭൂതത്തോടെ  അദ്ദേഹം കാട്ടിത്തരുന്നത്, ജീവിതത്തിന്റെ  വൈവിധ്യവും നാനാത്വവും ചലനാത്മകമായ ഊർജ്ജശേഷിയും  ആധുനികരെ അമ്പരിപ്പിക്കുംവിധം  ഉൾക്കൊണ്ടിരുന്നത്  പല പഴയ പ്രാകൃത ഗോത്രങ്ങളും ജനതകളുമായിരുന്നു എന്നാണ്.

          വഷളായ അധികാരബന്ധങ്ങളാൽ പ്രശ്‌നസങ്കീർണ്ണമായ ആധുനിക സമൂഹത്തിനു സ്വീകാര്യമായ മാതൃകകൾ പലതും നമ്മുടെ പൂർവ്വസമൂഹങ്ങളിലുണ്ടായിരുന്നു. ആ സമൂഹങ്ങളുടെ പിന്തുടർച്ചയായി ഇന്ന് അവശേഷിക്കുന്ന ജനതയാകട്ടെ, അടിച്ചമർത്തപ്പെട്ട ആദിവാസി, ദലിത് ജനവിഭാഗങ്ങളാണ്. ദലിതസംസംസ്‌കാരങ്ങളുടെ അന്തർഘടനകളിലേക്കുറ്റുനോക്കി  ഉൾക്കൊള്ളുവാൻ ആധുനികമനുഷ്യനെ പ്രേരിപ്പിക്കുകയും സജ്ജീകരിക്കുകയും ചെയ്യുന്ന  ചരിത്രദൗത്യം നിർവഹിക്കുന്നുണ്ട് വട്ടമറ്റത്തിന്റെ അപൂർവ്വചിന്തകൾ – എന്നു നിശ്ചയമായും പറഞ്ഞു വയ്ക്കാവുന്നതാണ്. മനുഷ്യവംശത്തിന്റെ നിലനിൽപിനുള്ള അനിവാര്യതയായി, ആധുനിക സമസ്യകളിലേക്ക് പാതാളപ്പടവുകൾ കയറി പറയപ്പടതുള്ളി വരുന്നത്  ഈ ചിന്തകൻ ഉദ്ദർശനം ചെയ്യുന്നു.

(സെബാസ്റ്റ്യൻ വട്ടമറ്റം, ഭാഷയും  ആധിപത്യവും, എൻ. ബി. എസ്, കോട്ടയം)

Comments

comments