ആപല്‍ക്കരമായ ലഹരിവസ്തുക്കൾ എന്ന് ഇവിടെ നാം ഇന്ന് കരുതുന്ന പലവയും ഈവർഷം ഔഷധശാലകളില്‍ മനുഷ്യനിൽ പരീക്ഷിക്കും. അതോടെ അവ രോഗശാന്തിക്കുള്ള മരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുടെ ഔഷധഗുണം വീണ്ടും പരീക്ഷണത്തിന് വിധേയമാക്കുന്നത് ലണ്ടനിൽ ആണ്. അതിന്റെ നീണ്ട പാരമ്പര്യമുള്ള കേരളത്തില്‍ പക്ഷെ അവയെ കുറിച്ചുള്ള ഭാവനകളും ഭീതിയും പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ലോകം ജീവന്‍രക്ഷക്കുള്ള സഹായഔഷധമായി കാണുന്ന ഒന്നിനെ നാം ജീവഹാനിക്ക് ഇടയാക്കുന്ന ഒന്നായാണ് കാണുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ ഈ വൈചിത്ര്യം കാണൂ. ഉത്തരേന്ത്യയില്‍ ഇല്ല.
ലണ്ടനിലെ ഈ വര്‍ഷത്തെ പരീക്ഷണത്തില്‍ ആയിരം പേരാണ് പങ്കെടുക്കുക. മ്ലാനരോഗം കടുത്ത രീതിയില്‍ ബാധിച്ചവരായി കണ്ടെത്തിയവരിൽ ആണിത്.മാജിക് മഷ്രൂം എന്നറിയപ്പെടുന്ന ഒരിനം കൂണുകളില്‍ നിന്നുള്ള ഘടകമായ ‘സിലോസൈബിൻ’ (psilocybin) ഇവര്‍ക്ക് നല്‍കുകയാണ് ചെയ്യുക (മാജിക് മഷ്രൂം സാധാരണലഹരിയായും ഉപയോഗത്തിലുണ്ട്). അടുത്ത അഞ്ചോ ആറോ മണിക്കൂര്‍ നേരത്തേക്ക് ഈ രോഗികള്‍ അവാച്യവും തീവ്രവുമായ ആനന്ദത്തില്‍ ലയിക്കുന്നു. ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് സിലോസൈബിൻ നല്‍കുക. രോഗികള്‍ സ്വയം തീര്‍ത്ത മാനസിക ഘടനയുടെ തടവറയില്‍നിന്ന് ചിത്തസ്വാതന്ത്ര്യത്തിന്റെ ഒരു വലിയ ലോകത്തേക്ക് അവരെ നയിക്കാന്‍ സിലോസൈബിൻ സഹായിക്കും. നിറങ്ങളും ശബ്ദങ്ങളും മണങ്ങളും കൂടുതല്‍ സൂക്ഷമവും തീവ്രവും ആയിത്തീരും. ഉല്‍ക്കടമായ ആനന്ദത്തിന്റെ അവസ്ഥ. സ്വപ്നതുല്യമായ സ്വാസ്ഥ്യവും നല്‍കുന്നു ഈ ആനന്ദം. ചിലര്‍ക്ക് ശരീരത്തിലൂടെ ലഘുവായ തോതില്‍ വൈദ്യുതി പ്രവഹിക്കുന്നതായും ഉല്ലാസവും അനുഭവപ്പെടും. സമയബോധം മറ്റൊരു തലത്തിലാവും. ഞാനെന്ന ഭാവത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ചിന്തയില്‍ വ്യക്തത അനുഭവപ്പെടും. മറ്റു ചിലരില്‍ ആശയക്കുഴപ്പവും ഉത്കണ്ഠയും വിഭ്രാന്തിയും ഉണ്ടാവും. ഇതൊക്കെ അഞ്ചോ ആറോ മണിക്കൂര്‍ നേരത്തെക്കാണെങ്കിലും അതിന്റെ ഫലം ദീര്‍ഘനാളുകൾ നിലനില്‍ക്കും എന്ന് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു. മനസ്സിലെ സാങ്കല്‍പ്പിക ബന്ധനങ്ങൾ അറുത്തു മാറ്റി സ്വതന്ത്രനാവാന്‍ ഇത് ഒരാള്‍ക്ക് വഴി തുറക്കുന്നു. രോഗത്തേക്കാള്‍ കീഴടങ്ങാൻ വിസമ്മതിക്കുക ഒരുപക്ഷെ രോഗഭീതി ആയിരിക്കും. രോഗിയുടെ ആത്മവിശ്വാസം മരുന്നിനോളം പ്രധാനമാണ് എന്നത് പഴയ കാലം മുതല്‍ കിഴക്കും പടിഞ്ഞാറുമുള്ള ഭിഷഗ്വരര്‍ അംഗീകരിച്ചിട്ടുണ്ട്. രോഗത്തെ കുറിച്ച് ബോധമുണ്ടായിരിക്കെ തന്നെ മരണഭയമില്ലാതെ ശേഷിക്കുന്ന നാളുകള്‍ കഴിച്ചുകൂട്ടാനുള്ള ലാഘവത്വം കൈവരിക്കാന്‍ സിലോസൈബിൻ മുതൽ മരിയുവാന വരെയുള്ള ഔഷധങ്ങള്‍ ഉപകാരിയാണെന്ന് ആധുനികശാസ്ത്രവും പറയുന്നു.
1960 കള്‍ക്ക് ശേഷം വളര്‍ന്ന തലമുറയിൽ മാജിക് മഷ്രൂം, എല്‍.എസ്സ്.ഡി എന്നൊക്കെ കേള്‍ക്കുമ്പോൾ ഇപ്പോഴും ഞെട്ടുന്നവരാണു ഏറെപ്പേരും. അറുപതിന്റെ ആദ്യപാദം വരെ ഈ മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. അതിനു ശേഷം ജനിച്ചുവളര്‍ന്നവര്‍ക്ക് അറിയാത്ത വസ്തുത. കാരണം അപ്പോഴേക്കും ഈ മരുന്നുകള്‍ക്ക് സമൂഹബോധത്തിൽ ഒരു ഭയാനകവിപത്തിന്റെ രൂപം കൈവന്നു കഴിഞ്ഞിരുന്നു. അവ മനോരോഗങ്ങള്‍ അഴിച്ചുവിടുമെന്ന പ്രചാരണം അടിയുറച്ചു കഴിഞ്ഞിരുന്നു. വ്യക്തിവികാസത്തെയും മനോവികാസത്തെയും തടയുന്ന ദുർഭൂതമായി ഇതിനെ ചിത്രീകരിക്കാന്‍ മദ്യലോബിയും ആവതു ശ്രമിച്ചു. തലച്ചോറിലെ പല ക്രമരാഹിത്യങ്ങളും തിരുത്താന്‍ മാജിക് മഷ്രൂം അടക്കമുള്ള സൈക്കഡലിക് മരുന്നുകള്‍ക്ക് കഴിയും എന്നതു അത് കൊണ്ട് തന്നെ ഇന്നത്തെ സമൂഹത്തില്‍ ഏറെ പേര്‍ക്കും അജ്ഞാതമായ വസ്തുതയാണ്. അതൊരു തെറാപ്പിയായി നിയന്ത്രിതരീതിയിൽ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ചികത്സക്കും ഉപകരിക്കുന്നു.
ലണ്ടനിലെ ഇമ്പീരിയല്‍ കോളേജിന്റെ ന്യൂറോ–സൈക്കോ ഫാര്‍മക്കോളജിയിലെ പ്രൊഫസര്‍ ഡേവിഡ് നട്ട്, ഡോക്ടര്‍ റോബിന്‍ കാര്‍ഹാർട്ട് എന്നിവരാണ് ഈ പരീക്ഷണത്തിന് നേതൃത്വം വഹിക്കുന്നത്. പരമ്പരാഗത ചികത്സയുടെ പിടിയില്‍ നില്‍ക്കാത്ത മാനസിക വ്യതിയാനങ്ങൾ പരിഹരിക്കാന്‍ സൈക്കഡലിക് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് ഇവര്‍ സുനിശ്ചിതമായി പറയുന്നു. മാറാരോഗികള്‍ എന്ന് ഡോക്ടര്‍മാർ വിധിയെഴുതിയ ആയിരം പേരാണ് ആദ്യഘട്ടത്തില്‍ പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടു വന്നിട്ടുള്ളത്. ലക്ഷക്കണക്കായ രോഗികള്‍ക്ക് ആശ്വാസം നല്‍കാൻ ഉതകുന്ന സൈക്കഡലിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടു അമ്പതിലേറെ കൊല്ലമായി. അതിനു കേന്ദ്രീകരിച്ചു നടത്തിയ മിഥ്യാപ്രചാരണത്തെ അതിജീവിക്കാന്‍ സമയമായി എന്ന് ഈ പരീക്ഷകര്‍ പറയുന്നു. പതിനഞ്ചു പേര്‍ക്ക് സിലോസൈബിൻ നൽകിയ ശേഷം അവരുടെ തലച്ചോറിൽ വന്ന മാറ്റങ്ങൾ എം ആര്‍ ഐ വഴി ഇരുവരും പകര്‍ത്തിയിട്ടുണ്ട്. ഇവരുടെ വാദങ്ങള്‍ക്ക് ഇത് ശാസ്ത്രബലം നല്‍കുന്നു. ഇവയുണ്ടാക്കുന്ന ഫലങ്ങള്‍ നിലവിലുള്ളവയെക്കാള്‍ എത്ര മുന്നിലാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി എന്ന് ഹാരിസ്.
ചിത്തക്രമ ഗവേഷണവും അമ്പതു കൊല്ലത്തിനു ശേഷം പുനരാഗമിക്കുകയാണ്. അമ്പതുകളിലും അറുപതുകളിലും എല്‍ എസ്സ്ഡിയെക്കുറിച്ചുള്ള ലേഖനങ്ങൾ മിക്ക മനഃശാത്ര മാസികയുടെയും മുഖമുദ്ര ആയിരുന്നു. അന്നത് ഒരു അത്ഭുതമരുന്നായാണ് വിലയിരുത്തപ്പെട്ടത്. മ്ലാനതാരോഗം, മദ്യത്തിനോടും മറ്റും ഉണ്ടാകുന്ന ആശ്രിതത്വം (അഡിക്ഷൻ) കടുത്ത തലവേദന തുടങ്ങിയവ ചികത്സിക്കാന്‍ എൽ എസ്സ് ഡി വിലപ്പെട്ട മരുന്നാണ് എന്ന് അന്നേ കണ്ടെത്തിയിരുന്നു. ഏതാണ്ട് ആയിരം റിസര്‍ച്ച് പേപ്പറുകൾ ഇതേക്കുറിച്ച് ഉണ്ട്. അറുപതുകളില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനം മറ്റു മനുഷ്യാവകാശ പ്രശ്നങ്ങളുമായി ചേര്‍ന്ന് ശക്തിയാര്‍ജിച്ചു. അത് സാമ്രാജ്വത്വത്വരയും യുദ്ധാഭിമുഖ്യവും ചേര്‍ന്ന യു എസ്സ് സംസ്കാരത്തിനെതിരെ ഒരു ബദല്‍ സംസ്കാരത്തിന് തുടക്കമിട്ടപ്പോള്‍ (കൌണ്ടര്‍ കള്‍ച്ചർ), അത് മയക്കുമരുന്ന് സംസ്കാരം ആണെന്ന പ്രചാരണം ഉച്ചസ്ഥായിയില്‍ ആയി. അമേരിക്കന്‍ ജനത അത് പതിവ് പോലെ മുഖവിലക്കെടുത്തു. അവര്‍ തികഞ്ഞ ധാര്‍മ്മിക പരിഭ്രാന്തിയില്‍ ആകുവോളം പ്രചാരണം മൂർച്ഛിച്ചു. തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാർ ഇത്തരം മരുന്നുകള്‍ പാടെ നിരോധിച്ചു. ഔഷധമൂല്യമുള്ളവ ആയിരുന്നു അവയത്രയും. പകരമായി ഇന്ന് ഉപയോഗിക്കുന്നവയെക്കാള്‍ എത്രയോ സുരക്ഷിതമായിരുന്നു എല്‍ എസ്സ്ഡിയും മറ്റു ഉണര്‍ത്തുമരുന്നുകളും. എന്നും ബദല്‍ സംസ്കാരത്തെ ഒതുക്കാന്‍ ഉപയോഗിച്ച് പോന്ന ഒരു ഭീതിയും ആയുധവും ആയിരുന്നു മരുന്ന്. സമൂഹം വീര്‍പ്പുമുട്ടിയപ്പോൾ ഒരു സേഫ്റ്റിവാല്‍വ് എന്നപോലെ ഹിപ്പിയിസത്തെയും കിഴക്കന്‍ ആത്മീയതെയും പ്രോത്സാഹിപ്പിച്ച, ആനന്ദലഹരിയെയും മയക്കുമരുന്നിനെയും പ്രോത്സാഹിപ്പിച്ച,, അതേ അമേരിക്കൻ ഭരണകൂടം പിന്നീടത് ഭീതി പരത്താനുള്ള ആയുധമായി ഉപയോഗിക്കുന്നത് കണ്ട ലോകത്തിനു വേറിട്ടൊരു ഉദാഹരണം ആവശ്യമുണ്ടോ ?
പ്രൊഫസര്‍ നട്ട് ബ്രിട്ടനില്‍ ലഹരിമരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള സര്‍ക്കാർ ഉപദേശക സമിതിയുടെ ചെയര്‍മാൻ ആയിരുന്നു . ആനന്ദ മൂർച്ഛയെക്കാള്‍ അപകടകരമാണ് കുതിരപന്തയം എന്ന് തുറന്നു പറഞ്ഞതിന് 2009-ൽ അദ്ദേഹത്തെ സമിതിയിൽ നിന്ന് ഒഴിവാക്കി. എല്‍ എസ്സ് ഡിയും മറ്റു ഔഷധമൂല്യമുള്ളവയും നിരോധിക്കാന്‍ പറയുന്ന ന്യായങ്ങള്‍ കേട്ടുകഥകളുടെ ഒരു കൂമ്പാരമാണ് എന്ന് നട്ട്പറയുന്നു. ഗവേഷണത്തിനും ചികിത്സയ്ക്കും അത് നല്‍കുന്ന തുറസ്സുകൾ മൂടി വെച്ചുകൊണ്ടാണ് ഇത്തരം നിരോധനങ്ങള്‍. ഇത് മാനവരാശിയുടെ ചരിത്രത്തിലെ തന്നെ വലിയ കുപ്രചരണങ്ങളില്‍ ഒന്നായിരുന്നു. യാഥാർത്ഥ്യത്തിനു വിരുദ്ധമായ ആ പ്രചാരണം ഈ വസ്തുക്കളുടെ തെറ്റായ, ഭയാനകമായ, ഒരു ചിത്രമാണ് ജനത്തിനു നല്‍കിയത്. ഇവ നിസ്സാര ഔഷധങ്ങള്‍ ആണ് എന്നല്ല. പക്ഷെ മദ്യം, പുകയില, ഹെറോയിന്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളെ ഒരു വർഷം കൊല്ലുന്ന വസ്തുക്കളെക്കാള്‍ ചെറുതാണ് ഇവയുടെ ദോഷവശങ്ങള്‍. ഇത് മൂലം ആരും മരിക്കുന്നില്ല എന്നത് തന്നെ തെളിവ്. 1970-കളുടെ ആദ്യപാതിയില്‍ യുഎന്നും ഇവയുടെ ഔഷധ മൂല്യങ്ങള്‍ നിരാകരിച്ചപ്പോൾ വിലക്ക് പൂര്‍ണ്ണമായി.
പക്ഷെ ഇപ്പോള്‍ സ്ഥിതി മാറുകയാണ്. ഈ വർഷം പുറത്തിറങ്ങിയ രണ്ടു അക്കാദമിക് റിപ്പോർട്ടുകൾ നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ പഠനം രേഖപ്പെടുത്തുന്നു. ഒന്ന്, ഇമ്പീരിയല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ പഠനം . മറ്റൊന്ന് മരണം സുനിശ്ചിതമായ ക്യാന്‍സർ രോഗികളില്‍ ഉത്കണ്ഠ ശമിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങൾ പഠിക്കുന്ന സ്വിസ് ഗവേഷകരുടേത്. സന്നദ്ധസംഘടനയായ ബെക്ക്ലെ ഫൌണ്ടേഷൻ ഇവര്‍ക്ക്സഹായം നല്‍കുന്നു. ഈ സംഘടനയുടെ ധനികയായ അധ്യക്ഷ അറുപതികളിൽ എൽ എസ്ഡി ഉപയോഗിച്ചിരുന്നു. ബോധനത്തിലും സര്‍ഗാത്മകതയിലും അത് വലിയ അളവില്‍ ഗുണപരമാണ്എന്നതാണ് അവരുടെ അനുഭവം. അതിലുപരി ആയിരക്കണക്കിന് കൊല്ലത്തെ ഔഷധ ചരിത്രമുള്ള ഇവ നിരോധിക്കുക വഴി പ്രാണവേദന അനുഭവിക്കുന്ന ലക്ഷങ്ങളെ നാം കൂടുതല്‍ കഷ്ട്ടപ്പെടുത്തുകയാണ് എന്നും അവര്‍ നിരീക്ഷിക്കുന്നു.
ഈ മരുന്നുകള്‍ ശരിയായ അന്തരീക്ഷത്തില്‍ ശരിയായ ആളുകളുടെ പിന്തുണയോടെ ഉപയോഗിക്കെണ്ടവയാണ്. ദുരുപയോഗം പ്രോത്സാഹിപ്പിക്കപ്പെടാനും പാടില്ല. അത് എന്തിന്റെ കാര്യത്തിലും ഉള്ള ഒരു പൊതുതത്വം ആണല്ലോ എന്ന് ഡോ. കാര്‍ഹാര്‍ട്ട്.
Be the first to write a comment.