ഞാൻ കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമ സമീപകാലത്ത് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ കഞ്ചാവിനോടുള്ള താല്പര്യം കൂട്ടി എന്നൊരു ആരോപണം നിലനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതമായ ഒരപവാദപ്രചരണം മാത്രമാണത്. ഒന്നാമതായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കഥ കഞ്ചാവിനെക്കുറിച്ചുള്ളതല്ല.

          ചെറുകഥയിലെ വിജയൻ നമ്പ്യാർ എന്ന റിട്ടയേർഡ് എൻകൗണ്ടർ ഓഫീസർ ബോംബെ അധോലോകത്തെ നേരിടുമ്പോൾ തന്റെ പിസ്റ്റളിന്റെ ഉന്നം പിഴയ്ക്കാതിരിക്കാൻ വേണ്ടി മാത്രമാണു ഇടുക്കി ഗോൾഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നീലച്ചടയൻ പുറത്തെടുക്കുന്നത്.

          പണ്ട് ചെട്ടിച്ചിറ എലമെന്ററി സ്കൂളിൽ ഏഴാംതരത്തിൽ പഠിക്കുന്ന കാലത്ത് ബഹനാൻ എന്ന ആത്മമിത്രമാണു വിജയൻ നമ്പ്യാർക്ക് ആദ്യമായി സ്വപ്നസന്നിഭമായ കഞ്ചാവിന്റെ സ്വാദ് തലച്ചോറിൽ തൊട്ടുകൊടുക്കുന്നത്.

          പിൽകാലത്ത് കുപ്രസിദ്ധനായിത്തീർന്ന ബഹനാനും അറിയപ്പെടുന്ന പോലീസ് ഓഫീസറായ വിജയൻ നമ്പ്യാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണു ഇടുക്കിഗോൾഡ്.

          ആഷിക്കും തിരക്കഥാകൃത്തുക്കളും ചേർന്ന് സിനിമയിൽ ചില മാറ്റങ്ങൾ വരുത്തി അവരുടേതായ രീതിയിലാണു ഇടുക്കിഗോൾഡിനു ദൃശ്യഭാഷ്യം ചമച്ചത്. ലഹരി എന്നതിനപ്പുറം ഒരുതരം ഗൃഹാതുരതയും ഓർമ്മയുമായി പഠിക്കുന്ന കാലത്ത് മനസ്സിൽ കൊണ്ടുനടന്ന നീലച്ചടയൻ അന്വേഷിച്ച് മധ്യവയസ്കരായ നാലു സുഹൃത്തുക്കൾ ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്നതാണു സിനിമ. പണ്ട് ലഹരി ഉപയോഗിക്കാത്തവനും പഞ്ചപാവവുമായ തങ്ങളുടെ സഹപാഠിയായ ബഹനാനെ അവർ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടുമുണ്ട്. ആ ബഹനാൻ ഇന്ന് വലിയൊരു കഞ്ചാവുതോട്ടത്തിന്റെ ഉടമയാണു. രാത്രിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ആ സുഹൃത്തുക്കൾ എത്തിച്ചേരുന്നത് ബഹനാന്റെ കഞ്ചാവുതോട്ടത്തിൽ. കാവൽക്കാർ ഇവരെ പിടികൂടി തോക്കിൻകുഴലിൽ നിർത്തുന്നു. ഒടുവിൽ ബഹനാൻ പ്രത്യക്ഷപ്പെടുന്നു.

          പക്ഷേ പ്രതികാരം ബഹനാൻ തന്റെ ഇരട്ടക്കുഴൽ തോക്കുകൊണ്ട് തീർക്കുമോ എന്ന് പ്രേക്ഷകർ ഒരുനിമിഷം പേടിക്കുമെങ്കിലും അങ്ങനെയല്ല സംഭവിക്കുന്നത്. ബഹനാനിൽ നിന്നും സൗഹൃദത്തിന്റെ ലഹരി അവർക്കു തിരിച്ചുകിട്ടുന്നു. അവർ പഴയ കുട്ടികളായി മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ ലഹരി കഞ്ചാവിന്റേതല്ല, സൗഹൃദത്തിന്റേതാണെന്ന് ആ സുഹൃത്തുക്കൾ മനസ്സിലാക്കുന്നു. ബഹനാൻ സമ്മാനിക്കുന്ന നീലച്ചടയൻ സ്വീകരിക്കാതെ ഗാഢമായ ആത്മസൗഹൃദത്തിന്റെ ലഹരിയുമായി ആ നാലു സുഹൃത്തുക്കൾ യാത്ര പറയുന്നിടത്താണു ഇടുക്കി ഗോൾഡ് എന്ന സിനിമ അവസാനിക്കുന്നത്.

          അടുത്തകാലത്തുണ്ടായ പോലീസ് റെയ്ഡുകളും സിനിമാക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ലഹരി നിയന്ത്രണബോർഡിന്റെ അതിരു കടന്ന ശുഷ്കാന്തിയുടേയും തിക്തഫലങ്ങൾ കഞ്ചാവിനു മുഖം തിരിഞ്ഞുനിന്ന ഇടുക്കി ഗോൾഡ് എന്ന സിനിമയ്ക്കും അനുഭവിക്കേണ്ടി വന്നു. ഒരു സിനിമയിൽ കഞ്ചാവുമായി ബന്ധപ്പെട്ട കഥ പറഞ്ഞു എന്നു വെച്ച് അത് ലഹരി പ്രമോട്ട് ചെയ്യുന്ന സിനിമയാകുന്നതെങ്ങനെ? അങ്ങനെയാണെങ്കിൽ മലയാളത്തിലെ ഏറ്റവും പ്രതിലോമകരമായ സിനിമ പത്മരാജന്റെ സീസൺഅല്ലേ? കാതലായ പ്രശ്നം അവതരിപ്പിക്കാതെ അതിനുള്ള പരിഹാരം കണ്ടെത്തുന്നതെങ്ങനെ? മദ്യമില്ലെങ്കിൽ ദേവ് ഡിഎന്ന മനോഹരമായ സിനിമയുണ്ടോ?

          പലതരം ലഹരികളുടെ പാനോപചാര ശാലയാണു ജീവിതം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്താണു ലഹരിയെങ്കിൽ ചെ ഗവേരയ്ക്ക് വിപ്ലവവും ക്യൂബൻ ചുരുട്ടുമാണു ലഹരി. പ്രശസ്ത ചിലിയൻ എഴുത്തുകാരനായ റോബർട്ടോ ബലോനോയ്ക്ക് എഴുത്തും ഹെറോയിനുമായിരുന്നു ലഹരിയെങ്കിൽ എന്റെ നാട്ടിലെ കള്ളൻ അന്തുക്കയ്ക്ക് മോഷണമായിരുന്നു ലഹരി.

          ജീവിക്കുന്ന യഥാർത്ഥ ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്നും ആലങ്കാരികതകളിൽ നിന്നും വിട്ടുമാറി അതിയാഥാർത്ഥ്യത്തിന്റേതായ ഒരു ഭൂമി സൃഷ്ടിക്കാനുള്ള ആഗ്രഹം ഏതു മനുഷ്യനിലുമുണ്ട്. ലഹരി കൊണ്ട് ഒരാൾ ഒരു സാങ്കല്പികലോകം പണിയുന്നതു പോലെത്തന്നെയാണു ക്രിസ്തുവോ, മാർക്സോ സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കണ്ടത്. അതുകൊണ്ട് ലഹരി ഉപയോഗിക്കുന്നത് ശരിയാണെന്നല്ല പറഞ്ഞുവരുന്നത്. അത് ഓരോരുത്തരുടേയും സ്വകാര്യമായ ആനന്ദവും അവകാശവുമാണു.

          പക്ഷേ ഒരാൾ അതിനടിമപ്പെടുകയോ, അതുവഴി അയാൾ ജീവിക്കുന്ന സമൂഹത്തിന്റെ (സമൂഹത്തിനുമുണ്ടല്ലോ അതിന്റേതായ ആനന്ദവും അവകാശവുമൊക്കെ) സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുകയോ ചെയ്യുമ്പോഴാണു പ്രശ്നമുണ്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്ത് എതിർടീമിന്റെ പോസ്റ്റിലേക്കടിക്കാം. പക്ഷേ വഴിയേ പോകുന്നവന്റെ നെഞ്ചത്തേക്കടിക്കാൻ അവകാശമില്ല. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ അല്പസ്വല്പം മദ്യപിക്കുന്ന ഒരാളാണു. കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കാറില്ല. അത് തെറ്റാണെന്നു തോന്നിയതുകൊണ്ടല്ല. എനിക്കതിനോട് പ്രതിപത്തിയില്ലാത്തതുകൊണ്ട് മാത്രമാണു.

          പക്ഷേ മദ്യപിച്ചു എന്നതിന്റെ പേരിൽ ഞാൻ ഇന്നുവരെ ഒരാളുടെ സ്വകാര്യതയുടെ മുൻവാതിൽ ചവിട്ടിപ്പൊളിക്കാനോ കുടുംബത്തിന്റെ അടിക്കല്ല് പിഴുതുകളയാനോ ശ്രമിച്ചിട്ടില്ല. എന്തിനേറെ, മദ്യത്തിന്റെ ലഹരിയിൽ ഞാൻ ഇന്നുവരെ ഒരു വരി പോലും എഴുതിയിട്ടില്ല.

          ലഹരി സർഗ്ഗാത്മകതയുടെ ചെടിയ്ക്ക് മേൽ ഒരു തുള്ളി വെള്ളം പോലും വീഴ്ത്തുന്നില്ല. പിന്നെന്തിനു വേണ്ടിയാണു ലഹരി എന്ന ചോദ്യത്തിനു ഒരൊറ്റ ഉത്തരമേയുള്ളൂ.

ലഹരി ലഹരിക്കു വേണ്ടിയാണു.

Comments

comments