നുദിനം ഭ്രാന്തവും അപകടകരവുമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അങ്ങേയറ്റം ആവശ്യമുള്ള  തരം സ്വച്ഛതയും ഉൾക്കാഴ്ചയും സംവേദനക്ഷമതയും കൂട്ടായ്മയും  ഉളവാക്കാൻ സഹായിക്കുന്ന ഒരു മരുന്നിന്റെ പൂർണ്ണരീതിയിലുള്ള ഉപയോഗത്തിനു തടസ്സം നില്ക്കുന്ന രീതിയിൽ കഞ്ചാവിനു മേലുള്ള നിയമപരമായ നിരോധനം കടുത്ത അന്യായമാണു. ആധുനികശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളും വക്താവുമായിരുന്ന ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ കാൾ സാഗന്റെ വാക്കുകളാണിത്. ലഹരിമരുന്നുകളുടെ നിരോധനം സംബന്ധിച്ച്  സാഗൻ ഡ്രഗ് പോളിസി ഫൗണ്ടേഷന്റെ പ്രസിഡന്റിനു എഴുതിയ എഴുത്തിലെ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണു. കത്ത് ചുവടെ വായിക്കാം.

13 ജൂൺ 1990, ലബോറട്ടറി ഫോർ പ്ലാനറ്ററി സ്റ്റഡീസ്

കോർണെൽ  സർവ്വകലാശാല
സെന്റർ ഫോർ റേഡിയോ ഫിസിക്സ് & സ്പേസ് റിസർച്ച്
ഇത്താക്ക ന്യൂ യോർക്ക്

ഡോ. അർനോൾഡ് എസ് ട്രെബാഷ്
പ്രസിഡന്റ്
ഡ്രഗ് പോളിസി ഫൗണ്ടേഷൻ
4410 മസാച്ചുസെറ്റ്സ് അവന്യൂ,
വാഷിംഗ്ടൺ ഡി സി

പ്രിയപ്പെട്ട അർനോൾഡ്:
അമേരിക്കയുടെ ഡ്രഗ് ഫോറവുമായി ബന്ധപ്പെട്ട് താങ്കൾ അടുത്തയച്ച കത്തിനു നന്ദി. ലഹരിമരുന്ന് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കൻ ടെലിവിഷനിൽ നടത്തുന്ന വിശാലവും സമതുലിതവുമായ ഒരു കാഴ്ച  എന്തുകൊണ്ടും നല്ലതായിരിക്കും എന്നതിൽ എനിക്ക് സംശയമില്ല. എന്നിരുന്നാലും അത്തരമൊരു ടെലിവിഷൻ പരിപാടിയെ പരമ്പരാഗതമായ ചില മൂല്യങ്ങളുമായി അങ്ങേയറ്റം വരെ പോയാൽ പരമ്പരാഗതമായ ചില ചോദ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഒരു ത്വര ഉണ്ടായി വരും. അത്തരമൊരു പരിപാടിയുടെ കാഴ്ചക്കാരനാണു ഞാനെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിധമുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കപ്പെടണം എന്ന് ഞാൻ താല്പര്യപ്പെട്ടേനെ:

       എന്തുകൊണ്ടാണു  നമ്മുടെ വ്യവഹാരങ്ങളിലും പൊതുനയങ്ങളിലും എല്ലാ ലഹരിമരുന്നുകളെയും ഒരുമിച്ചു കെട്ടിക്കൊണ്ട്  അവയെല്ലാം ഒന്നാണെന്ന മട്ടിൽ അഭിസംബോധന ചെയ്യുന്നത്?

          മറ്റ് ലഹരികളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ ഓരോ വർഷവും പുകയിലയും മദ്യവും നിമിത്തം മരണപ്പെടുന്നവരുടെയും രോഗബാധിതരുടെയും എണ്ണം എത്ര?

          ഏതൊക്കെ പൊതു ലഹരിമരുന്നുകളാണു മയക്കുമരുന്നുകൾ? ഏതൊക്കെയാണു അങ്ങനെയല്ലാത്തവ?

          ശരീരികവും മാനസ്സികവുമായ അടിമത്തങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണു? എങ്ങനെയാണു സംഗീതവുമായോ എന്റെ ഭാര്യയുമായോ ഉള്ള എന്റെ ബന്ധം മാനസികമായ അടിമത്തവുമായി വ്യത്യാസപ്പെട്ടിരിക്കുന്നത് ?

          എന്തുകൊണ്ടാണു ലഹരികൾ, ഹലൂസിനേഷൻ ഉണ്ടാക്കുന്ന മരുന്നുകൾ ഉൾപ്പടെ, ലോകത്തെ വിവിധ സംസ്കാരങ്ങളിൽ പ്രചാരത്തിലുള്ളത്, ലോകമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ അവ വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചു വരുന്നത് ?

          ഒരു ലഹരിമരുന്ന്  സുരക്ഷിതമാണെന്ന ഗവേഷണാടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾക്ക് അവ അപകടകരമാണെന്ന് കണ്ടെത്തുന്ന ഗവേഷണങ്ങളുടെ അത്ര തന്നെ പൊതുശ്രദ്ധ ലഭ്യമാകുന്നുണ്ടോ?

          ലഹരിമരുന്നുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചോ അപകടസാധ്യതയെക്കുറിച്ചോ ഉള്ള വ്യാപകമായ തെറ്റിദ്ധാരണകൾ എന്തൊക്കെയാണു ? അവ സംബന്ധിച്ച ഗവേഷണസാഹിത്യത്തിലും ഗവേഷണത്തിൽ തന്നെയും കടന്നു കൂടിയിട്ടുള്ള പിശകുകളും  തെറ്റായ വിവരങ്ങളും എന്തൊക്കെ?

          എന്തുകൊണ്ടാണു ആളുകൾ ലഹരി ഉപയോഗിക്കുന്നത്?

          വിനോദത്തിനു വേണ്ടിയും ആചാരപരമായും ലഹരി ഉപയോഗിക്കുന്നതിൽ തെറ്റൊന്നും കാണാത്ത ഉപയോക്താക്കൾക്ക് അവയെപ്പറ്റിയുള്ള അഭിപ്രായം എന്താകാം?

          ലഹരിനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് മറ്റുള്ള നാടുകളുടെ അനുഭവം എന്താണു?

          ദീർഘനാളുകളായുള്ള (ചിലപ്പോൾ ആയിരക്കണക്കിനു വർഷങ്ങൾ നീണ്ട ഉദാ: വടക്കൻ ആഫ്രിക്ക, തെക്കൻ ഏഷ്യ )  ലഹരി ഉപയോഗം  സംബന്ധിച്ച് വ്യത്യസ്ത  ദേശങ്ങൾക്കുള്ള അനുഭവം എത്തരത്തിലാണു?

          ആരോപിതമായ എല്ല്ലാ ഗുണവശങ്ങൾ ചേർത്തും അവയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ദോഷങ്ങളും ഒഴിവാക്കിക്കൊണ്ടും  ലഹരിമരുന്നുകൾ കൃത്രിമമായി സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന് വരുമോ?

          മറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും സദാചാരപരമായ കാരണങ്ങളാൽ എന്തുകൊണ്ടാണു തള്ളിക്കളയപ്പെടുന്നത് ? ഒരു രാസതന്മാത്ര ഉപയോഗിച്ചുകൊണ്ട് ആനന്ദം കണ്ടെത്തുന്നതിൽ ആന്തരികമായി ഒരു സദാചാരവിരുദ്ധതയുണ്ടോ?

          സാധാരണഗതിയിൽ നാം നല്ല സ്ഥിതി നിലനിർത്താൻ കാരണം നമ്മുടെ ശരീരം തന്നെ അതിനുതകുന്ന രാസതന്മാത്രകൾ സൃഷ്ടിക്കുന്നുണ്ട് എന്നതിനാലാണോ ?

          ഒരു അംഗീകൃത ഭിഷഗ്വരന്റെ നിരീക്ഷണത്തിൽ കൃത്യമായ രീതിയിൽ അത്തരം മരുന്നുകൾ ചികിൽസകൾക്ക് ഉപയോഗിക്കുന്നത്  കർക്കശമായ സർക്കാർ വിലക്ക് മൂലം തടസ്സപ്പെടുന്നുണ്ടോ?

          അതേ പോലെ തന്നെ ഭാവിയിൽ അവ ആരോഗ്യരംഗത്തെ ഉപയോഗങ്ങൾക്ക് ഉതകുമോ എന്ന ഗവേഷണങ്ങളും തടസ്സപ്പെടുന്നുണ്ടോ?

          കൂടുതൽ ലഹരി പകരാൻ കഴിയുന്ന മോർഫിൻ, ഹെറോയ്ൻ, കൊക്കേയ്ൻ മുതലായവ അത്യധികമായ പ്രാണവേദനയോടുകൂടി മരണത്തെ അഭിമുഖീകരിക്കുന്ന ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് ലഭ്യമാകാതിരിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ അതിനെന്ത് ന്യായീകരണമാണു ഉള്ളത് ?

          ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളുടെ അനുഭവം എന്താണു ?

          60-കളിലും 70-കളിലും ഉയർന്ന ജീവിതസാഹചര്യങ്ങളിൽ നിന്നു വന്നിരുന്ന സ്ത്രീകൾ ഭാരം കുറയ്ക്കുന്നതിനായി ആംഫിറ്റമിനുകൾ ഉപയോഗിച്ചിരുന്നതിൽ നിന്നും കൊക്കക്കോളയിൽ കൊക്കേയ്ൻ  അടങ്ങിയിരിക്കുന്നുവെന്നതിൽ നിന്നും നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെ സർവ്വരോഗസംഹാരികൾ ഉപയോഗിച്ചിരുന്നുവെന്നതിൽ നിന്നുമൊക്കെ നമുക്ക് എന്താണു പഠിക്കാൻ സാധിക്കുക?

          സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ എങ്ങനെയാണു പാർശ്വവൽകൃതരായവരെ ലഹരികളിലേക്ക് നയിക്കുന്നത്?

          എത്ര പണമാണു ലോകത്ത് ഒരു വർഷം നിരോധിത മരുന്നുകൾക്കായി ചെലവ് ചെയ്യപ്പെടുന്നത് (ചില കണക്കുകൾ പ്രകാരം 0.3 മുതൽ 0.5 വരെ ട്രില്യൺ ഡോളർ) ?

അത്രയും ഭീമമായ പണത്തിന്റെ സന്നിധ്യം പോലീസിന്റെയും പട്ടാള ഏജൻസികളുടെയും നിയമനിർമ്മാണസമിതികളുടെയും ഇന്റലിജൻസ് സംവിധാനങ്ങളുടെയും  ഭരണസംവിധാനങ്ങളുടെയും അനിവാര്യമായ അഴിമതിയിലേക്ക് നയിക്കില്ലേ?

ലഹരികടത്തിൽ നിന്നുള്ള സാമ്പത്തികലാഭം അത്ര വലുതാണെങ്കിൽ ഒരു രാജ്യത്തെ (കൊളംബിയ എന്ന് പറയാം) ലഹരിമരുന്ന് വ്യവസായത്തെ അടിച്ചമർത്തുന്നത് ആ വ്യവസായം  മറ്റൊരു രാജ്യത്ത്  ( ലാവോസ് എന്നും) അഭിവൃദ്ധിപ്പെടുത്താൻ വേണ്ടിയാകില്ലേ?

അവസാനമായി, ഇത്തരം ചോദ്യങ്ങളെ പലവുരു ആവർത്തിക്കപ്പെട്ട വ്യവസ്ഥാപിത ജ്ഞാനം കൊണ്ടല്ലാതെ ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉത്തരം തേടാൻ എന്താണു തടസ്സം?

          എടുത്തുപറയട്ടെ, ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം എന്റെ കൈവശമുണ്ട് എന്ന്  ലവലേശം ഭാവമെനിക്കില്ല. എന്നാൽ  അഭിമുഖീകരിക്കപ്പെടേണ്ട ചോദ്യങ്ങളായി ഞാൻ കണക്കാക്കുന്നവയുടെ രീതിയിലുള്ളവയാണു  ഇവ.

ഇത് അല്പം സഹായകമാകും എന്ന് കരുതുന്നു

ഭാവുകങ്ങളോടെ
സ്നേഹപൂർവ്വം

കാൾ സാഗൻ


സമ്പാദനം വിവർത്തനം: സ്വാതി ജോർജ്ജ്

http://www.vox.com/xpress/2014/10/9/6946659/carl-sagan-marijuana-legalization-war-on-drugs

Comments

comments