കേരളത്തിലെ ക്വിയർ രാഷ്ട്രീയത്തോട് വിമതലൈംഗികത അവകാശപ്പെടുന്നവരെക്കാളധികം താത്പര്യം ഭിന്നലൈംഗികത പിൻതുടരുന്നവർക്കാണ്, അടുത്തകാലത്ത് ഒരു സുഹൃത്ത് പറയുന്നത് കേട്ടു.ആ പരാമർശം വസ്തുതാപരമായി തെളിയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും, അത് ശരിയായിക്കൊള്ളണമെന്നില്ലെന്നും പറയണമെന്നു തോന്നി എനിക്ക്. ആ പറച്ചിലിൽ പുച്ഛം സുവ്യക്തമായിരുന്നതുകൊണ്ട് ഈ സുഹൃത്തിനോട്കുറേക്കൂടി അക്രമാസക്തമായി തൊഴിലാളിവർഗ്ഗാംഗങ്ങളല്ലാത്തവരെ അപ്പാടെ വിഴുങ്ങിയ തൊഴിലാളിപ്രസ്ഥാനത്തെക്കാൾ ഭേദം തന്നെ അവരുടെ നില എന്നു പ്രതികരിച്ചാലോ എന്നു ഞാൻ ആലോചിച്ചു, എങ്കിലും ആ പ്രതികരണം പര്യാപ്തമാവില്ലെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല, സ്ത്രീകളെക്കാൾ പുരുഷന്മാർ അധികമുണ്ടായിരുന്ന ആദ്യകാല ഫെമിനിസം എൻറെ ഓർമ്മയിലെത്തുകയും ചെയ്തു. ക്വിയർ ജീവിതത്തെയും ക്വിയർ അവസ്ഥയുടെ അനുഭവത്തെയും അതനുഭവിക്കാത്തവർ നിർവ്വചിക്കുന്ന സ്ഥിതി അങ്ങേയറ്റം അപകടകരമാണെന്ന് കാണാൻ പ്രയാസമില്ല.

പക്ഷേ ക്വിയർ രാഷ്ട്രീയത്തിൽ ഇന്ന് ഭിന്നലൈംഗികതയ്ക്കുള്ളിൽ കഴിഞ്ഞുകൂടുന്നവർക്ക് യാതൊരു കാര്യവുമില്ല, അവർ ആ വഴിക്കു നോക്കേണ്ടതുപോലുമില്ല, എന്നു പ്രഖ്യാപിക്കുന്നതും ആശാസ്യമല്ല.ഫെമിനിസ്റ്റ് രാഷ്ട്രീയചരിത്രം നമ്മെ പഠിപ്പിച്ച പാഠങ്ങൾ മറക്കാതിരിക്കുന്നിടത്തോളം അധികാരപ്രയോഗത്തെ തിരിച്ചറിയാൻ കഴിയും, തീർച്ച. പുരുഷഫെമിനിസ്റ്റുകളുടെ ഇടപെടൽ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ കേരളത്തിൽ നടന്ന സാമുദായികപരിഷ്ക്കരണപ്രസ്ഥാനങ്ങൾ സൃഷ്ടിച്ച അധികാരബന്ധങ്ങൾക്കു പുറത്തായിരുന്നില്ല. എന്നാൽ ഇന്ന്, ഏകദേശം മുപ്പതു വർഷങ്ങൾക്കു ശേഷം, ആ അധികാരചട്ടക്കൂട് മിക്കവാറും ഉപേക്ഷിക്കപ്പട്ടിരിക്കുന്നു, ചെറുപ്പക്കാർക്കിടയിലെങ്കിലും. അതിൻറെ സൂചനയായിരുന്നു കഴിഞ്ഞ വർഷം കേരളത്തെ പിടിച്ചുകുലുക്കിയ ചുംബനസമരം. സാമൂഹ്യപരിഷക്കാരണകർതൃത്വത്തിൻറെ വാഹകരെന്ന് സ്വയം തിരിച്ചറിയുന്ന ഏതെങ്കിലും പ്രബലവിഭാഗം അധികാരശൂന്യരായി കാണപ്പെടുന്ന മറ്റൊരു കൂട്ടരെ പഴയമട്ടിൽ ഉദ്ധരിക്കാൻ ശ്രമിക്കുന്ന രീതി ഇനിയുള്ള കാലത്ത് ചെലവാകാനിടയില്ല. ക്വിയർപ്രസ്ഥാനങ്ങളിൽ ഭിന്നലൈംഗികത സ്വീകരിക്കുന്നവർ ഉപദേശിക്കാൻ ചെന്നാൽ ആ സമീപനം സ്വാഗതം ചെയ്യപ്പെടില്ലെന്ന് നിസ്സംശയം പറയാം ആ പേടിയോ പൂതിയോ വേണ്ടെന്നർത്ഥം.

ക്വിയർപ്രസ്ഥാനങ്ങളിൽ എത്തുന്നവരിൽ ഭിന്നലൈംഗികതയ്ക്കുള്ളിൽ കഴിയുന്നവർ മുൻപേ ഉറച്ച സ്വത്വത്തിൻറെ ഊക്കുകാട്ടാനല്ല, അതിനെ ചോദ്യംചെയ്യാനാണ് ശ്രമിക്കുന്നത്. എൻറെ നോട്ടത്തിൽ ക്വിയർ ഏതെങ്കിലുമൊരു തന്മയല്ല, തന്മാവൈവിദ്ധ്യത്തിൻറെ അനന്തമായ സാദ്ധ്യതയാണതിൽ.ഭിന്നലൈംഗികതയ്ക്കുള്ളിൽ കഴിയുന്നവർ ക്വിയർപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുംപോൾ അവർ സ്വന്തം ലൈംഗികതയെ അസ്ഥിരപ്പെടുത്താനുള്ള സമ്മതം രേഖപ്പെടുത്തുക കൂടിയാണ്. ആ തിരിച്ചറിവില്ലാതെ അതിനെ പിൻതുണയ്ക്കുന്നവർ തനിയെ കൊഴിഞ്ഞുപൊയ്ക്കൊള്ളുമെന്നു തന്നെ പ്രതീക്ഷിക്കാം. സ്വന്തം ലൈംഗികതയെ അസ്ഥിരപ്പെടുത്താനുള്ള സാദ്ധ്യതയെ വിമോചനകരമായി തിരിച്ചറിയുന്നവർ ഇതിൽ തുടരും. ഏറ്റവും അവസാനത്തെ വിശകലനത്തിൽ, ഭിന്നലൈംഗികതയ്ക്കു പുറത്തു നിൽക്കുന്ന ലൈംഗിതതന്മകളെ വൃത്തിയായി തരംതിരിച്ച് പ്രത്യേകകള്ളികളിൽ ഒതുക്കലല്ല ക്വിയർ, എൻറെ നോട്ടത്തിൽ. മറിച്ച് ലൈംഗികസ്ഥിരതയെ ഒരു മൂല്യമായിക്കരുതുന്ന രീതിയുടെ അപകടത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. ക്വിയറിനെ ഈവിധത്തിൽ മനസ്സിലാക്കിയാൽ ലൈംഗികതയെ മാത്രമല്ല, കുടുംബബന്ധങ്ങളെയും നാം ക്വിയർ ആക്കിമാറ്റേണ്ടതുണ്ടെന്നു വരും. അമേരിക്കയിൽ നേടിയ നിയമവിജയത്തെ ആഘോഷിക്കുംപോൾ അക്കാര്യം മറന്നുകൂട.  ലൈംഗികതയും കുടുംബ-ചാർച്ചാബന്ധങ്ങളും ഒരുപോലെ ക്വിയർ ആകുന്നതിലാണ് വിമോചനസാദ്ധ്യത എന്നെനിക്കു തോന്നുന്നു.

ഫെമിനിസത്തെ പുനരാലോചിക്കുന്നവർക്ക് ഇതു കാണാതിരിക്കാനുമാവില്ല, പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യങ്ങളിൽ. ഇവിടുത്തെ അങ്ങേയറ്റം ഹിംസാത്മകമായ വിവാഹ-കുടുംബബന്ധങ്ങളും സ്വത്തുവ്യവസ്ഥകളും വേരുപടർത്തിനിൽക്കുന്നത് ഭിന്നലൈംഗികതയിന്മേലാണെന്ന് നിസ്സംശയം പറയാം വിമതലൈംഗികത അതികഠിനമായ സമുദായകോപം വിളിച്ചുവരുത്തുന്നത് അക്കാരണത്താലാണല്ലോ. ഈ വ്യവസ്ഥകൾക്കെതിരെ ദീർഘകാലമായി, പല തലങ്ങളിൽ പോരാടിക്കൊണ്ടിരിക്കുന്ന, അവയെ ഹിംസാരഹിതവും ജനാധിപത്യപരവുമാക്കിത്തീർക്കാൻ വളരെ നാളുകളായി പരിശ്രമിക്കുന്ന ഫെമിനിസ്റ്റുപ്രസ്ഥാനം ഇതു തിരിച്ചറിഞ്ഞേ തീരൂ.

Comments

comments