ചാന്തു പൊട്ട് സിനിമ പുറത്തിറങ്ങുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് തൊട്ട് ഡാൻസിനു മേക്ക് അപ് ചെയ്യാൻ വരുന്നവരെ നോക്കി എല്ലാവർക്കുമൊപ്പം നിറഞ്ഞ പരിഹാസത്തോടെ ഞാനും പറഞ്ഞു ദേ ചാന്തുപൊട്ടുകൾ. പെട്ടെന്നൊരു ദിവസം വൈശാഖ് ഇനി മുതൽ എന്റെയൊപ്പം സ്കൂളിൽ വരുന്നില്ലെന്ന് വീട്ടിൽ അറിയിച്ചു. രണ്ടാം ക്ലാസ്സിൽ ചിറക്കടവിൽ നിന്ന് റാന്നിയിൽ എത്തിയത് മുതൽ അവനില്ലാതെ ഒരു ദിവസം പോലും ഞാൻ സ്കൂളിൽ പോയിട്ടില്ല. മക്കപ്പുഴ വരെയുള്ള 2 കിലോമീറ്റർ അവൻ ഒപ്പമില്ലാതെ നടക്കുന്നതോർത്തപ്പൊ കരച്ചിൽ വന്നു. എന്താടാ നിനക്കെന്റെ കൂടെ വന്നാൽ എന്ന് ചോദിച്ചപ്പൊ അമ്പലത്തിങ്കലുള്ള ആണുങ്ങൾ ആ പെണ്ണിന്റെ കൂടെ നടക്കാൻ നീയെന്താ ചാന്തുപൊട്ടാണോ എന്ന് ചോദിച്ചെന്നു മറുപടി. അന്ന് വെറുത്തതാണ് ആ സിനിമയെ. കാരണങ്ങൾ മാറിയെങ്കിലും ഇന്നും വെറുപ്പ് തുടരുന്നു!

         എട്ടാം ക്ലാസ്സിന്റെ ആദ്യ ദിവസം ഒരു ചാന്തുപൊട്ട് പുതുതായി വന്നിട്ടുണ്ട് എന്ന് വൈശാഖ് വിവരം തന്നു. ലാജി. എന്തോ അവനെ എനിക്കിഷ്ടപ്പെട്ടു. മറ്റ് ആൺകുട്ടികൾക്കില്ലാത്ത മൃദുലമായ ശബ്ദം. ഭംഗിയുള്ള മുഖം. പിറ്റേന്ന് മുതൽ ആൺകുട്ടികൾ അവനു മേൽ നടത്തുന്ന ധീരമായ റാഗിംഗ് കഥകൾ വൈശാഖ് പറഞ്ഞുതുടങ്ങി. ആണത്തം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആണത്രേ. ബലമായി ഷർട്ട് ഊരിമാറ്റുക മുതൽ സ്വയംഭോഗം ചെയ്യിക്കൽ വരെ. ലാജിക്ക് ഡാൻസ് ഇഷ്ടമായതു കൊണ്ട്ഞങ്ങൾ ചങ്ങാത്തത്തിലായി. സ്കൂൾ കലോത്സവത്തിന് ഞാൻ മേക്ക് അപ് ഇട്ടു ലാജി ഭരതനാട്യം ചെയ്തു. ഓരോരോ വേഷം കെട്ടലുകൾ. നിനക്ക് നാണമില്ലേ?എന്നാണ് പ്രസന്ന ടീച്ചർ ചോദിച്ചത്. അന്ന് ലാജി കരഞ്ഞപ്പോ ഞാനും കരഞ്ഞു, ദേഷ്യംകൊണ്ട്. ഇന്നെനിക്കറിയാം കേരളത്തിലെ സ്കൂളുകൾ ആയിരക്കണക്കിന് ലാജിമാരുടെ പഠനവും ആത്മവിശ്വാസവും ജീവിതവും ഇല്ലാതാക്കിയിട്ടുണ്ട് എന്ന്. ഇപ്പോഴും അത് തുടരുന്നുവെന്ന്. ശരീരത്തിന് മേലുള്ള സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതും അച്ചടക്കം അടിച്ചേൽപ്പിക്കപ്പെടുന്നതും അവിടെയാണല്ലോ .പൊതുബോധത്തിന്റെ മൂല്യങ്ങൾ തലച്ചോറിൽ തല്ലിയുറപ്പിക്കുന്ന പാഠശാലകൾ.

ഭാഷ ആശയവിനിമയത്തിനെങ്കിൽ transgender എന്ന ആശയത്തെ കൈകാര്യം ചെയ്യുന്നതിൽ മലയാളഭാഷ പരാജയമാണ്. ഭിന്ന ലൈംഗികത എന്ന് തർജമപ്പെടുത്തിയാൽ അത് heterosexual തന്നെ ആയിപ്പോവുന്നു. മൂന്നാം ലിംഗം എന്ന് വിളിച്ചാൽ അതിലും വലിയ ശരികേട്. ഒന്നും രണ്ടും ലിംഗങ്ങൾ ഏതൊക്കെ, ആരാണീ ശ്രേണി നിർണയിക്കുന്നത്, അങ്ങനെ നിരവധി രാഷ്ട്രീയ ശരികേടുകൾ. ഈ പരിമിതി ചൂണ്ടിക്കാണിക്കുന്നത് സാമാന്യ വ്യവഹാരത്തിൽ gender നമുക്കൊരു വിഷയമായിരുന്നിട്ടേയില്ല എന്നാണു. ശരീരത്തെക്കുറിച്ചുള്ള രാഷ്ട്രീയത്തിൽ അല്ലെങ്കിലും സാക്ഷരതയിലാത്ത ജനതയാണ് നാം. ആദ്യമായി പൂരിപ്പിക്കുന്ന അപേക്ഷാ ഫോറത്തിൽ sex എന്ന് കാണുമ്പോ പകച്ചു പോകുന്ന ജനം. ആശുപത്രി മുറിയിൽ നേഴ്സ് പ്രഖ്യാപിക്കുന്നതാണ് gender എന്ന് കരുതുന്നവർ. sex, sexuality, gender ഇവയൊക്കെ അറിഞ്ഞാലേ gay യും transgender ഉം ഒന്നല്ലെന്നറിയൂ. സെക്ഷ്വൽ ഓറിയന്റേഷനല്ല gender ന്റെ തെരഞ്ഞെടുപ്പ് എന്നറിയൂ. ഗേയ്ക്കും ലെസ്ബിയനും സാധ്യമാവും പോലെ സ്വത്വം ഒളിപ്പിച്ചു വെച്ചൊരു ഉഭയജീവിതം transgender നു ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടുതന്നെ ജീവിതം കൂടുതൽ കടുപ്പവും. ചുംബന സമരം പോലും heterosexuality യുടെ മാത്രം ആഘോഷമായിരുന്നു എന്ന് പറഞ്ഞ, അറിവും അനുഭവവും കൊണ്ട് എന്നെ പഠിപ്പിച്ച എന്റെ transgender പാഠപുസ്തകമാണ് ശീതൾ. ഒരു transgender-നു നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങൾ എത്രത്തോളം എന്ന് ഞാൻ അറിഞ്ഞത് ശീതളിൽനിന്നുമാണ്. ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങൾ എല്ലാം തന്നെ കൊലചെയ്യപ്പെടുന്നു. കൊറ്റക്കുളങ്ങര അമ്പലത്തിലെ ഉത്സവ ദിവസം മാത്രമാണ് താൻ തെരഞ്ഞെടുത്ത gender നു അനുയോജ്യമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യമില്ല. transgender-ന്റെ ശരീരം തന്റെ ആണധികാരം പ്രകടിപ്പിക്കാനുള്ള ഇടം മാത്രമാണ് മലയാളിപുരുഷന്. നോട്ടങ്ങളിൽപ്പോലും അശ്ലീലം. സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറിയാൽ വിളിച്ചറിയിക്കാൻ ഹെൽപ് ലൈനുകളുണ്ട്. ലൈംഗികന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരിടം എവിടെയുണ്ട്? സ്വന്തം identity യിൽ നിന്നുകൊണ്ട് ഒരു തൊഴിൽ പോലും ചെയ്യാൻ കഴിയുമോ ഇവിടെ? അവളവളെ, അവനവനെ ഒളിപ്പിക്കാതെ, ഭയക്കാതെ ഒന്ന്ശ്വാസമെടുക്കാൻ പോലും കഴിയാത്തവരാണ് കേരളത്തിലെ transgender കമ്മ്യൂണിറ്റി.

               സ്വവർഗ ലൈംഗികത മലയാളിക്കിപ്പോഴും മിഥ്യയാണ്. ആണിന് ആണിനേയും പെണ്ണിന് പെണ്ണിനേയും ഭോഗിക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമാണ് ഗേ, ലെസ്ബിയൻ ഗ്രൂപ്പുകളൊക്കെ നമുക്കിന്നും. ആർട്ടിക്കിൾ 377 നിഷേധിക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്വേഷിക്കാനും അറിയാനും നമുക്ക്താല്പര്യമില്ല. പ്രകൃതിവിരുദ്ധംഎന്ന പ്രയോഗത്തിലെ ഹിംസയും നമ്മുടെവിഷയമല്ല. ദൈവവിരുദ്ധമായത് കൊണ്ട് മറ്റൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ചികിത്സിച്ചു മാറ്റാൻ കഴിയുന്ന മാനസിക വൈകല്യമാണ് sexuality ! ഞാനൊരു സ്വവർഗാനുരാഗി ആണെന്ന് മാതാപിതാക്കളോട് പോലും തുറന്നു പറയാൻ ആവാത്ത വിധം അശ്ലീലമാകുന്നു അത്. കുണ്ടൻ എന്ന തെറിവാക്കിൽ ഒതുക്കാവുന്ന അസ്ഥിത്വം!

                 എവിടെയാണ് മാറേണ്ടത് എന്ന് ചോദിച്ചാൽ മാറേണ്ടതല്ലാത്തതായി ഒന്നുമില്ലെന്ന് പറയേണ്ടി വരും. പൊതുബോധത്തെ അപനിർമിക്കുന്നതിനു പകരം പുനർനിർമിക്കുന്ന ചലച്ചിത്രങ്ങൾ. സ്വവർഗ ലൈംഗികത വളർത്തുദോഷത്തിനപ്പുറം ഒന്നുമല്ലെന്ന് പഠിപ്പിക്കുന്ന ചാന്തുപൊട്ട്, തിരിച്ചു കിട്ടുന്ന ഓർമയിൽ താൻ ഗേ ആയിരുന്നു (പുതിയ ജീവിതത്തിൽ അതല്ലസെക്ഷ്വാലിറ്റി!) എന്ന തിരിച്ചറിവിൽ തകർന്നു പോകുന്ന മുംബൈ പോലിസ്. ഇതൊക്കെയാണ് മലയാള സിനിമ. എന്തിനെപ്പറ്റി പറയുന്നു എന്നല്ല, എങ്ങനെപറയുന്നു എന്നുള്ളിടത്താണ് ബോധവും ബോധ്യവും രൂപപ്പെടുന്നത്. വികലമായ അബദ്ധങ്ങൾ കൊണ്ട് ഒരു കമ്മ്യൂണിറ്റിയെ തന്നെ അപഹസിക്കുകയാണ് ഈ ചിത്രങ്ങൾ ചെയ്തത്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാക്കി ചിത്രീകരിച്ചു പ്രമുഖമാധ്യമങ്ങളിൽ കോളങ്ങൾ എഴുതുന്ന ഡോക്ടർമാർ. പൂജിച്ച് ഉച്ചാടനം ചെയ്യാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ.

            ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിനു പൊതുബോധത്തെ തിരുത്താൻ കഴിയും. അതുപക്ഷേ വിദൂരഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമാണ്. നിയമപരമായ അംഗീകാരം നേടിയെടുക്കലാണ് ഉടനെ വേണ്ടത്. ഗേയോ ലെസ്ബിയനൊ ട്രാൻസ്ജെണ്ടറോ ആയിത്തന്നെ എല്ലാ രേഖകളിലും അടയാളപ്പെടുത്താൻ കഴിയുന്ന, ഭരണഘടന നല്കുന്ന എല്ലാ അവകാശങ്ങളും ലഭ്യമാവുന്ന ഒരു നിയമവ്യവസ്ഥക്ക് വേണ്ടിയാണ് പൊരുതേണ്ടത്. ഓരോ വർഷവും പങ്കാളിത്തം കൂടുന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്രകൾ ഒരു പ്രതീക്ഷയാണ്. ലൈംഗിക ന്യൂനപക്ഷങ്ങൾ ചോദ്യചിഹ്നങ്ങളോ ആശ്ചര്യ ചിഹ്നങ്ങളോ ആകാതെ മനുഷ്യരാകുന്ന നാടാണ് നമുക്ക് വേണ്ടത്.

Comments

comments