ഴിഞ്ഞ 20 വര്‍ഷത്തിലധികമായി പല സംഘടനകളുടെയും സാമൂഹ്യപ്രവർത്തകരുടെയും സമുദായാംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പരാമര്‍ശിക്കാതെ കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപോരാട്ടങ്ങളുടെ ചരിത്രം പൂര്‍ണമാകില്ല. കേരളത്തില്‍ കഴിഞ്ഞ 30 വര്‍ഷക്കാലമായി വിമതസമുദായം അതിജീവനത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ഇനിയും ലക്‌ഷ്യം കണ്ടിട്ടില്ല. ഗവണ്മെന്റ് എജെന്സികളും ഗവണ്മെന്റിതര സംവിധാനങ്ങളും ഇതിനോടകം തന്നെ ലൈംഗിക വ്യത്യസ്തതകളെകുറിച്ച് സംസാരിച്ചുതുടങ്ങിയിട്ടുണ്ട് .കൂടാതെ പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയവ്യക്തികൾ, സമുദായാംഗങ്ങൾ എന്നിവയെല്ലാം തന്നെ സ്വവര്‍ഗാനുരാഗത്തെയും മറ്റ് വിവിധങ്ങളായ ലിംഗസ്വത്വങ്ങളേയുംകുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങിയിട്ടുമുണ്ട് .എന്നിട്ടും കേരള സമൂഹം വിമത സമുദായ അംഗങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നാം അത്തരം വ്യത്യസ്തതകളെ ഭ്രാന്താശുപത്രികളിലേക്കും ജയിലുകളിലേക്കുമാണ് വലിച്ചിഴയ്ക്കുന്നത്. അവരെ മനുഷ്യരായിക്കാണാനോ, അവരുടെ ജനാധിപത്യാവകാശങ്ങള്‍ മനസ്സിലാക്കി പെരുമാറാനോ കേരളീയസമൂഹം ഇന്നും പഠിച്ചിട്ടില്ല. കേരളത്തിലെ ലൈംഗികന്യൂനപക്ഷാവകാശപ്പോരാട്ടങ്ങള്‍ ഇന്നും തുടരുകയാണ് നിലനില്‍പ്പിനായുള്ള അതിജീവന പോരാട്ടങ്ങള്‍…

            എച്ച് ഐ വി നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിവിധ സാമൂഹികസംഘടനകളുടെ സഹകരണത്തോടെ പാര്‍ട്ണര്‍ഷിപ്പ് ഫോർ സെക്ഷ്വല്‍ ഹെല്‍ത്ത് പ്രൊജക്ടുകള്‍ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ലക്ഷ്യഗ്രൂപ്പുകളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍എച്ച് ഐ വി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തിയെന്നല്ലാതെ ലിംഗസ്വത്വത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളൊന്നും തന്നെ ഇത്തരം പദ്ധതികളുടെ അജണ്ടയിലുണ്ടായിരുന്നില്ല. മാത്രമല്ല അവരുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും സമുദായാംഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ക്കെതിരായി ഒരുമിച്ചു ചേരേണ്ട ആവശ്യകതയെക്കുറിച്ചുമൊന്നും ചര്‍ച്ച ചെയ്യാനുള്ള ഒരിടം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചും സ്വതന്ത്രമായും കേരളത്തിലും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടായി. അവരുടെ കൂടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദായാംഗങ്ങള്‍ ഒരുമിച്ചു വരികയും അവരുടെ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് ഇത്തരം പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പല കൂട്ടായ്മകളും കേരളത്തില്‍ ഉടലെടുത്തു. ഫേം, സഹയാത്രിക, വാതില്‍, ചില്ല, ത്രാണി, മലബാര്‍ കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകള്‍ ഈ മേഖലയില്‍ വളരെ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്. തുടര്‍ന്ന് കേരള സംസ്ഥാന സര്‍ക്കാരും എച്ച് ഐ വി നിയന്ത്രണ പരിപാടികളുടെ ഭാഗമായിത്തന്നെ സമുദായാധിഷ്ഠിത സംഘടനകള്‍ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്ത്സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ധനസഹായം നല്‍കി. ഇതിലൂടെ കേരളത്തില്‍ അങ്ങോളമിങ്ങോളം ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഒരുമിച്ചു ചേരുകയും സമുദായാംഗങ്ങളുടെ നേതൃത്ത്വത്തില്‍ സമുദായാംഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായാധിഷ്ഠിത (കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻസ്) സംഘടനകള്‍ രൂപീകൃതമായി.

          മേല്‍പ്പറഞ്ഞ സമുദായാധിഷ്ഠിത സംഘടനകളിൽ നേതൃനിരയിലുണ്ടായ അംഗങ്ങളും മുകളില്‍ പരാമര്‍ശിച്ച സാമൂഹ്യ സംഘടനകളും ഈ മേഖലയില്‍ വളരെക്കാലം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരുമാണ് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യധാരയിലേക്കെത്തിക്കുന്നത്. സമാനപ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമുദായാംഗങ്ങളെ കണ്ടെത്തുകയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി സമൂഹത്തിലും ഗവണ്മെന്റ് – ഗവണ്മെന്റിതര സംവിധാനങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സംഘടനകള്‍ക്ക് സാധിച്ചു. ഉദാഹരണത്തിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സുരക്ഷ പദ്ധതികളും സമുദായാധിഷ്ഠിത സംഘടനകളും നടത്തിയ നിരന്തരമായ ഇടപെടലിലൂടെ സമുദായാംഗങ്ങള്‍ക്കെതിരായ പോലീസ് അതിക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ സമുദായാംഗള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സമൂഹത്തിലെ മറ്റ് കൂട്ടായ്മകളിലും സന്നദ്ധസംഘടനകളിലും വിദ്യാര്‍ത്ഥികളിലും നടത്തിയ ഇടപെടല്‍ സമുദായാംഗങ്ങള്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാനും സമൂഹത്തില്‍ സമുദായാംഗങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു സ്ഥാനം നേടിക്കൊടുക്കാനും സഹായിച്ചിട്ടുണ്ട്. അതുപോലെത്തന്നെ മേല്‍പ്പറഞ്ഞ സംഘടനകളും വ്യക്തികളും സമുദായ പ്രസ്ഥാനങ്ങളും മുന്‍കൈയ്യെടുത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പൊതുപരിപാടികള്‍ ഒരു പരിധി വരെ ഈ വിഷയങ്ങള്‍ പൊതു ജനങ്ങളുടെ ഇടയിലെത്തിക്കാന്‍ സഹായകരമായിട്ടുണ്ട്. വസ്തുതാന്വേഷണ പഠനങ്ങള്‍, ലിംഗനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ചലച്ചിത്രമേളകള്‍, സമുദായാംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചകളും പങ്കുവയ്ക്കലുകളും, റാലികള്‍, പ്രതിഷേധപ്രകടനങ്ങള്‍ തുടങ്ങി നൂറുകണക്കിനു പരിപാടികള്‍ നാം സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താനായി പൊതുപരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ സമുദായാംഗങ്ങള്‍ക്ക് സമാനമനസ്കരുമായി സംവദിക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും കൂട്ടായ്മ രൂപപ്പെടുത്താനുമായി കുറച്ചുപേരടങ്ങുന്ന സംഘങ്ങളുടെ യോഗങ്ങളും അനൗദ്യോഗിക കൂടിച്ചേരലുകളും കേരളത്തിലങ്ങോളമിങ്ങോളം നടന്നു.

2009 ല്‍ ഡെല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗരതി കുറ്റവിമുക്തമാക്കിക്കൊണ്ട് നടത്തിയ സുപ്രധാനമായ വിധി ലൈംഗിക ന്യൂനപക്ഷാവകാശ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നിന്നു ലഭിച്ച ചരിത്രപരമായ നേട്ടമായിരുന്നു. ഇന്ത്യയൊട്ടാകെ ആവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രൈഡ് റാലികളും സമ്മേളനങ്ങളും നടത്തി. കുടുമ്പത്തേയും സമൂഹത്തേയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവച്ചു ജീവിച്ചിരുന്ന പലരും ആ സുവര്‍ണ്ണ മുഹൂര്‍ത്തത്തില്‍ സ്വന്തം ലിംഗസ്വത്വം വെളിപ്പെടുത്തി ജീവിക്കാനുറച്ചു പുറത്തു വന്നു. പക്ഷെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ വളരെ സുപ്രധാനമായ വിധിയെ അസാധുവാക്കിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ ഇടപെടല്‍ ഇന്ന് ലക്ഷോപലക്ഷം വരുന്ന സമുദായാംഗങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.കേരളത്തിനകത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തുല്ല്യ അവകാശങ്ങള്‍ക്കു വേണ്ടിയും വിവേചനങ്ങള്‍ക്കെതിരായും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇതു സാരമായിബാധിച്ചിട്ടുണ്ട്. പക്ഷെ തുടര്‍ന്നു സുപ്രീം കോടതിയും കീഴ് കോടതികളും നടത്തിയ പല പരാമര്‍ശങ്ങളും നമ്മുടെ മുന്നേറ്റങ്ങള്‍ക്കു ശക്തിപകര്‍ന്നിട്ടുമുണ്ട്. കേരളത്തിനു വെളിയിലുള്ള പല ഗവണ്മെന്റ് – ഗവണ്മെന്റിതര സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിനു പ്രത്യേക പരിഗണന നല്‍കി അവരെ പിന്തുണയ്ക്കുന്നുണ്ട്. യൂണിവേഴ്സിറ്റികളിലടക്കം അപേക്ഷാഫോമുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം തന്നെ ഉള്‍പ്പെടുത്തി അവരെ അംഗീകരിക്കുന്നുണ്ട്. വളരെ സുപ്രധാനമായ അധികാര സ്ഥാനങ്ങളില്‍ വരെ ട്രാന്‍സ്ജെന്‍ഡറുകള്‍ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ അഭ്യസ്തവിദ്യരും പുരോഗമനവാദികളുമായ മലയാളികളില്‍ ഒരു വിഭാഗം ഇന്നും ട്രാന്‍സ്ജെന്‍ഡേഴ്സിനേയും മറ്റ് വ്യത്യസ്ഥ ലിംഗ ലൈംഗിക വിഭാഗങ്ങളില്‍പ്പെടുന്നവരേയും അവഗണിക്കുകയും അവര്‍ക്കെതിരെ കുടുംബത്തിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും അതിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഒരിക്കലും നീതീകരിക്കാനാവാത്തതാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കണമെന്നും അവര്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മ്മാണമുണ്ടാകണമെന്നും പറഞ്ഞിട്ടുകൂടി നമ്മുടെ സര്‍ക്കാരുകള്‍ അത്തരം പുരോഗമനപരമായ, മനുഷ്യത്വപരമായ ജനാധിപത്യപരമായ വിധികളോട് പുറം തിരിഞ്ഞു നില്‍ക്കുനത് അത്യന്തം അപലപനീയമാണ്.

                        ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമുദായാംഗങ്ങള്‍ക്കായി ഒരു ബോര്‍ഡ് തന്നെ രൂപീകരിച്ച് തിരിച്ചറിയല്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ലോണുകള്‍, ചികിത്സാ സഹായങ്ങള്‍, തൊഴില്‍ സഹായ പദ്ധതികള്‍, അടിയന്തരസന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടുന്നതിനു വേണ്ടിയുള്ള ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍, പാർപ്പിട പദ്ധതികള്‍, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ തുടങ്ങി വ്യത്യസ്ത ലിംഗ ലൈംഗിക സ്വത്വങ്ങളില്‍ ജീവിക്കുന്നവര്‍ക്കായി സൗഹാര്‍ദ്ദപരമായ ഇടങ്ങള്‍ ഒരുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കേരള ജെന്‍ഡര്‍ പോളിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാനായി പോയപ്പോഴുണ്ടായ വളരെ രസകരമായ സംഗതി കുടുംബശ്രീ പോലെയുള്ള സംഘടനകളില്‍ നിന്നുമെത്തിയിരിക്കുന്നവരാണ് കൂടുതലും. കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനാ പ്രതിനിധികളേയും കൊച്ചിയില്‍ നടന്ന മീറ്റിങ്ങില്‍ ക്ഷണിച്ചിട്ടില്ല. അതുപോലെ തന്നെ ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നീ വിഷയങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന/ എഴുതുന്ന/ ക്ളാസ്സുകളെടുക്കുന്ന/ സമുദായാംഗങ്ങളുടെ ഇടയില്‍ വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നൂറുകണക്കിനാളുകളും സംഘടനകളും/ പ്രവര്‍ത്തകരും കേരളത്തിലുണ്ടായിട്ടും ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഘടനയെയാണ് പോളിസി ഡ്രാഫ്റ്റിങ്ങില്‍ സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റ്.ഈ വിഷയവുമായി വേണ്ടത്ര അറിവും പരിചയവുമില്ലാതെ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ചും അവര്‍ നേരിടുന പ്രശ്നങ്ങളെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും അവര്‍ അനുഭവുക്കുന്ന വിവേചനങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും പഠിക്കാതെ ജെന്‍ഡറുമായി ബന്ധപ്പെട്ട എന്തു നിയമനിര്‍മ്മാണമാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്!? അന്നു മീറ്റിങ്ങില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് മുന്നോട്ടു വച്ച ആവശ്യങ്ങളുടെ ലിസ്റ്റ് പോളിസി ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശത്തോടെ വാങ്ങി വച്ചതല്ലാതെ യാതൊരു തരത്തിലുള്ള അറിയിപ്പുകളും സര്‍ക്കാരിന്റെഭാഗത്തു നിന്നും നാളിതു വരെ ഉണ്ടായിട്ടില്ല. ബാംഗ്ളൂര്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സംഗമ എന്ന സംഘടനയുമായും ലൈംഗിക ന്യൂനപക്ഷസമുദായാംഗങ്ങളുടെ കൂട്ടായ്മയായ സെക്ഷ്വൽ മൈനോരിറ്റി ഫോറം കേരളയുമായി സഹകരിച്ചു സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സര്‍വ്വേആണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറ്റൊരു ഇടപെടൽ. ആ പഠനം പുറത്തുവരികയും സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ പോളിസി ഡ്രാഫ്റ്റിങ്ങില്‍ എല്ലാ വ്യത്യസ്ഥ ലിംഗ ലൈംഗിക വിഭാഗങ്ങളിലുമുള്ള ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തു മുന്നോട്ടു പോവുകയാണെങ്കില്‍ വിമതലൈംഗികതയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തില്‍ അതിശക്തമായി വളര്‍ന്നുവരുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

                       കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്ല്യസാമൂഹികപദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്തവിദ്യരെന്നും അവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവർഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമനിർമ്മാമാണ നിർവ്വഹണവിഭാഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്ല്യമാണ്. മറ്റ് രാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ സമുദായാംഗങ്ങൾക്കും സ്വവർഗ്ഗ പ്രണയിതാക്കൾക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും നമ്മുക്ക് നല്കാൻ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിർമ്മിച്ച സംവിധാനങ്ങൾക്കുള്ളിൽ നിൽക്കാത്ത, ആണത്തത്തിന്റെയും സ്ത്രീത്വത്തിന്റെയും ലക്ഷണശാസ്ത്രത്തിൽ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും ഭ്രാന്താശുപത്രികളിലും തളയ്ക്കാൻ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങൾക്കെതിരായ കടന്നുകയറ്റം തന്നെയല്ലേ? സ്വവർഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും സ്വവര്‍ഗ്ഗപ്രണയത്തോടും പ്രണയിതാക്കളോടുമുള്ള അസാധാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശ നിഷേധം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

                  വൈവിധ്യമാര്‍ന്ന ലിംഗ-ലൈംഗിക സമുദായാംഗങ്ങളുടേയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും സ്വതന്ത്ര കൂട്ടായ്മയായ ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ആറാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും ഈ ജൂലൈ മാസം 11 നു മണിക്ക് തിരുവനന്തപുരത്തു വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വിമത ലൈംഗിക രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന സമുദായാംഗങ്ങളുടേയും അവരുടെ സംഘടനകളുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും കൂട്ടായ്മയാണ് ക്വിയര്‍ പ്രൈഡ് കേരളം. 2009 ല്‍ ഐ പി സി 377 എടുത്തുകളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട ഡെല്‍ഹി ഹൈക്കോടതി നടത്തിയ വിധിയുടെ ആഹ്ളാദം പങ്കു വയ്ക്കുന്നതിനും ഇന്ത്യയൊട്ടാകെ നടക്കുന്ന വിമത ലൈംഗിക മുന്നേറ്റങ്ങളില്‍ പങ്കാളിയാകുന്നതിനും കേരളത്തില്‍ വിമതലൈംഗികതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും കൂടിച്ചേരല്‍ ഒരുക്കുന്നതിനും അതുവഴി ഒന്നിച്ചുള്ള ഒരുരാഷ്ട്രീയ ഇടപെടല്‍ സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഈ കൂട്ടായ്മ രൂപംകൊണ്ടത്. വിമതലൈംഗികതയെറിച്ചും സ്വവർഗ്ഗ പ്രണയിതാക്കളെക്കുറിച്ചും ദൈനംദിനജീവിതത്തിൽ അനുഭവിച്ഛുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളുംപുറം ലോകത്തോട് പറയാനും ഞങ്ങളുടെ സ്വയം നിർണ്ണയാവകാശംഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരവസരമായും ഞങ്ങൾ കണക്കാക്കുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വന്തം ലൈംഗികതയെക്കുറിച്ചും ലിംഗസ്വത്വത്തെക്കുറിച്ചും തുറന്നു പറയാൻ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ആണും പെണ്ണും പോലെ ആണും ആണും പെണ്ണും പെണ്ണുമെല്ലാം പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണചിറകുകളുമായി പറക്കട്ടെ. സ്വതന്ത്രമായ ലൈംഗികതയുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ.

ശരത് ചേലൂർ

9809477058

 

Comments

comments