നലിലൂടെ വെളിച്ചം അരിച്ചിറങ്ങി. പീളകെട്ടിയ കൺതടങ്ങൾ തിരുമ്മിക്കൊണ്ട് കുഞ്ഞൻ നായർ പുതപ്പ് തലവഴി വലിച്ചിട്ടു. ഗർഭപാത്രത്തിലെ ശിശുവിനെപ്പോലെ അയാൾ ചുരുണ്ടുകൂടി. അകത്തേക്ക് എത്തിനോക്കുന്ന വെളിച്ചത്തിന് പിടികൊടുക്കാതെ അയാൾ  ഉറങ്ങാൻ തുടങ്ങി.

          നിറുത്താതെയുള്ള കോളിംങ് ബെൽ കേട്ടാണ് കുഞ്ഞൻ നായർ ഉണർന്നത്. കണ്ണുകൾ തിരുമ്മിക്കൊണ്ട് അയാൾ  പ്രാഞ്ചി പ്രാഞ്ചി വാതിലിനു നേരെ നടന്നു. പതിവുപോലെ കൃത്യംരണ്ടാമത്തെ വലിക്ക് വാതിൽ തുറന്നു. പത്രം അയാളുടെ കയ്യിൽ കൊടുത്തശേഷം വേലക്കാരി ലക്ഷ്മി അകത്തേക്ക് പോയി. അവൾക്ക് പിറകെ അയാളുടെ  കണ്ണുകളും സഞ്ചരിച്ചു. അവൾ കാഴ്ചയിൽനിന്നും മറഞ്ഞപ്പോൾ അയാളുടെ ശരീരത്തിൽ വല്ലാത്ത ചൂട് അനുഭവപ്പെട്ടു.

മുറിയിലെത്തിയ അയാൾ മേശപ്പുറത്ത് പത്രം വെച്ചശേഷം അവിടെയിരുന്ന കണ്ണാടിയിൽ മുഖംനോക്കി. തുടർന്ന് എന്തോ ആലോചിച്ച് കൊണ്ട് അടുക്കളയിലേക്ക് നടന്നു. ലക്ഷ്മി പാത്രം കഴുകുന്നത് കുറച്ചുനേരം നോക്കിനിന്ന് ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്തുകുടിച്ചു. അന്നനാളത്തിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു അരുവി ഒഴുകുന്നതുപോലെ അയാൾക്കപ്പോൾ തോന്നി. മഴനനഞ്ഞ കുട്ടിയെപ്പോലെ അയാൾ നിന്നുവിറച്ചു. പാത്രം കഴുകി അടുക്കിവെക്കുന്ന ലക്ഷ്മിയുടെ നോട്ടം തന്നിലേക്ക്നീളുന്നത് കണ്ട് അയാൾ വെപ്രാളത്തോടെ അവിടെ നിന്നും  പുറത്തേക്ക് കടന്നു.

നാലുചുമരുകൾക്കുള്ളിൽഏകാന്തത തടവിലിട്ട തന്റെ ശരീരത്തെ കൊന്നുകളയാൻ കുഞ്ഞൻനായർ അതിയായി ആഗ്രഹിച്ചു. ഉറക്കം വരാത്തതുകൊണ്ട്  അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.  തന്റെ കണ്ണുകൾ എന്നന്നേക്കുമായി അടയാൻ ദൈവത്തോട് പ്രാർത്ഥിച്ചു. പുതപ്പ് തലവഴി മൂടി ഇരുട്ടിലൊളിക്കാൻ അയാൾ പലവട്ടം ശ്രമിച്ചു. ഏതാനും നിമിഷങ്ങൾ അങ്ങനെകടന്നുപോയി. എഴുന്നേറ്റ് മേശപ്പുറത്ത് കിടന്നിരുന്ന പത്രമെടുത്ത്  വാർത്തകളെല്ലാം   ഓടിച്ചുനോക്കിയ ശേഷം കുഞ്ഞൻ നായർ മേശവലിപ്പിൽനിന്നും സിഗരറ്റെടുത്ത് കത്തിച്ചു. ആദ്യത്തെ പുക ചങ്കിൽ തട്ടിയതോടെ അയാൾ ചുമക്കാൻ തുടങ്ങി. തടഞ്ഞുവെച്ച ശരീരത്തെ തകർത്ത്ജീവവായു സ്വതന്ത്രമാകാൻതയ്യാറെടുക്കുന്നതായി അയാൾക്ക് തോന്നി.

      ലക്ഷ്മി കൊണ്ടുവെച്ച തണുത്ത കാപ്പി കുടിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കയ്യിലിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി, ആഞ്ഞ് ശ്വാസമെടുത്തു. മൂക്കിനകത്തേക്ക് പെണ്ണിന്റെഗന്ധം അടിച്ചുകയറിയപ്പോൾ അയാൾ തിരിഞ്ഞുനോക്കി. ലക്ഷ്മിയുടെവിടർന്ന മാറിടത്തിലേക്ക് അയാളുടെ നോട്ടം തറച്ചുകയറി. കിഴവന്റെ നോട്ടത്തെ പുച്ഛത്തോടെ അവൾ നേരിട്ടു. ജാള്യതയോടെഅയാൾ തലതാഴ്ത്തി.

ചോറും കറിയും മേശപ്പുറത്ത് വെച്ചിട്ടുണ്ട്, എന്നാ ഞാൻ പോട്ടേ”.

മറുപടിക്ക് കാത്ത്‌നിൽക്കാതെ അവൾ അവിടെനിന്നും പുറത്തുകടന്നു. കാറ്റ് തിരിച്ച് വീശി. ലക്ഷ്മിയുടെ ഗന്ധം അകന്ന് പോകുന്നത് കുഞ്ഞൻനായരിൽമ്ലാനതപടർത്തി.

          കുഞ്ഞൻ നായർ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം ഏറെ വൈകിയിരിക്കുന്നു. ഇല്ല, സമയം ഇഴഞ്ഞു നീങ്ങുകയാണു. ഒരു സിഗരറ്റെടുത്ത് മണത്തുനോക്കി, ലക്ഷ്മിക്കും സിഗരറ്റിനും ഒരേമണമാണെന്ന് അപ്പോഴയാൾക്കു തോന്നി. തന്റെ മുറിയിലെ ഓരോ വസ്തുക്കളിലും ലക്ഷ്മിയുടെ വിയർപ്പിന്റെ ഗന്ധം അയാൾക്ക് അനുഭവപ്പെട്ടു. ചുളിവ് വീണ തന്റെ ശരീരത്തിൽ ലക്ഷ്മിയുടെ വിരലുകൾ ഓടിനടക്കുന്നതായി അയാൾക്ക് തോന്നി. ജരാനരകൾ ചൂടേറ്റ് മാഞ്ഞുപോയി. വെയിലേറ്റ് നരച്ച ശരീരം വെയിലിനെതിന്ന് കൂടുതൽ ചെറുപ്പമായി. അസ്തമയ സൂര്യന്റെ രശ്മികൾ ശരീരത്തിൽ ഇഴഞ്ഞ് നടന്നു. വിയപ്പ് തുള്ളികൾ പാറ്റകളെപ്പോലെ ജന്മമെടുത്ത് കൊണ്ടിരുന്നു.

          തന്റെ നഗ്നതയിലേക്ക് നോക്കി അയാൾ ആത്മരതിയുടെ നിർവൃതിയടഞ്ഞു. ഷവറിൽനിന്നും തെറിച്ചുവീഴുന്ന മഴത്തുള്ളികൾ കഷണ്ടിത്തലയെ തണുപ്പിച്ചുകൊണ്ടിരുന്നു. ഫോൺ ശബ്ദിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ പൈപ്പ് പൂട്ടി. കഷണ്ടിത്തലയിൽ തോർത്തിട്ട് ഉരച്ചുകൊണ്ട് അയാൾ കുളിമുറിയിൽനിന്നും പുറത്തുകടന്നു. സ്‌ക്രീനിൽ jithuഎന്ന് തെളിയുന്നു. കട്ടിലിൽ കിടന്ന്  ഫോണെടുത്ത് ചെവിയോട്ചേർത്തു.

മുത്തച്ഛാ, പപ്പയെ വിളിച്ചിട്ട് കിട്ടുന്നില്ല”.

അവരിതുവരെ വന്നിട്ടില്ല

എപ്പൊ വരും

അറിയില്ല

എന്നാ ശരി, ഞാൻ പിന്നെ വിളിക്കാം”.

അലമാരയിൽ നിന്നും ലുങ്കിയെടുത്ത്,. മുറിയിൽനിന്നും ഉമ്മറത്തേക്ക് നടന്നു. ചാരുകസേരയിൽ കിടന്ന് നക്ഷത്രങ്ങളെ നോക്കി. ആകാശം താഴേക്ക് ഇറങ്ങിവന്ന് അയാളോട് സംസാരിക്കാൻ തുടങ്ങി. കുഞ്ഞൻ നായർ നക്ഷത്രങ്ങളോട് ടെക്കികളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. സമയമില്ലാത്ത തന്റെ മകന്റെയും മരുമകളുടെയും ജീവിതം അവരുമായി പങ്കുവെച്ചു. കൊച്ചുമകനോടൊത്ത് കളിക്കാൻ കഴിയാത്തതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞു. ഒടുവിൽ ലക്ഷ്മിയുടെ ഗന്ധമാണ് തനിക്കുചുറ്റുമെന്ന് പറഞ്ഞതും മുറ്റത്തേക്ക് കാർ ഇരമ്പികയറിയതും ഒരുമിച്ചായിരുന്നു. കാറിൽനിന്നും ഇറങ്ങിയ തന്റെ മകനും ഭാര്യയും രണ്ട് നിഴലുകളായി അയാൾക്ക് തോന്നി. പെട്ടെന്ന് തന്നെ അവർ അകത്തെ വെളിച്ചത്തിൽ അലിഞ്ഞുചേർന്നു. ചുറ്റും നിശ്ശബ്ദതയ്ക്ക്കനംവെച്ചു. ഇരുട്ടത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ ദൈന്യംതന്നെചൂഴ്ന്ന്നിൽക്കാൻ തുടങ്ങിയപ്പോൾ അയാൾക്ക് വല്ലാത്ത ഭയം തോന്നി. ധൃതിയിൽ അകത്തേക്ക് കയറി കതകടച്ച് പ്രാഞ്ചി പ്രാഞ്ചി അയാൾ തന്റെ മുറിയിലേക്ക് നടന്നു.

          കട്ടിലിൽ കിടന്നാൽ കുഞ്ഞൻ നായർക്ക് മകന്റെ ബെഡ്‌റൂം വ്യക്തമായി കാണാം. അടഞ്ഞു കിടക്കുന്ന വാതിലിനടിയിലൂടെ എത്തിനോക്കുന്ന മഞ്ഞവെളിച്ചം അയാളുടെ കണ്ണുകളിൽ തറഞ്ഞു കയറാൻ തുടങ്ങി. ഒളിഞ്ഞുനോട്ടത്തിന്റെ അസഹ്യമായ കുറ്റബോധം തോന്നി തുടങ്ങിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. പക്ഷെ ഉറക്കം അയാളെ കളിയാക്കിക്കൊണ്ട് അകന്നുപോയി. മകനെയും മരുമകളെയും കുറിച്ചുള്ള ചിന്തകൾ അയാളെ വേട്ടയാടി. അവരോട് അയാൾക്ക് എന്തെന്നില്ലാത്ത വെറുപ്പുതോന്നി. പക്ഷെ, ഐ.ടി. പ്രൊഫഷണലുകളുടെ ജീവിതത്തെ കുറിച്ചോർത്തപ്പോൾ അയാൾക്ക് അവരോടുള്ള വെറുപ്പ് അലിയാൻ തുടങ്ങി. ടെക്കിയായ മകൻ അവന്റെ പരിമിതിക്ക് ഉള്ളിൽനിന്നും ചെയ്തു തരാവുന്നതെല്ലാം ചെയ്തുതന്നിട്ടുണ്ട്. പിന്നെ തന്നെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടില്ല എന്നത് അവന്റെ മഹത്വം! !. അവൻ എന്തിനാണിങ്ങനെ മഹാനാകാൻ ശ്രമിക്കുന്നത്? എന്തിനാണ് തന്നെ വൃദ്ധസദനത്തിൽനിന്നും അകറ്റിയത്? ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾ അയാൾക്ക് ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതിന്റെ സങ്കടങ്ങൾ തന്നോടുതന്നെ പങ്കുവെച്ചുകൊണ്ട് കുഞ്ഞൻനായർ എന്നത്തേയുംപോലെ ഉറങ്ങിപ്പോയി.

                           *         *         *         *         *

          കോളിംങ് ബെൽ കേട്ടില്ലെങ്കിലും ലക്ഷ്മി വരാറുള്ള സമയത്ത് കുഞ്ഞൻ നായർ ഉണർന്നു. കണ്ണ്തിരുമ്മിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ദുഃഖം അനുഭവപ്പെട്ടു. തലചുറ്റുന്നതുപോലെ തോന്നി ചാരുകസേരയിൽ ഇരുന്നു. അയാളുടെ കണ്ണുകൾ ചുറ്റുപാടും ഓടിനടന്നു. അയൽപക്കങ്ങൾ കാഴ്ചകൾകാട്ടി എന്നും തന്നെ കൊതിപ്പിക്കാറുണ്ടെന്ന് അയാൾക്കുതോന്നി. തൊട്ടടുത്ത വീട്ടിൽ മകളെ മടിയിലിരുത്തി താലോലിക്കുന്ന അച്ഛനെ അസൂയയോടെ നോക്കി. അയാളുടെ ഓർമ്മയിൽ ഒരു അച്ഛനും മകനും പ്രത്യക്ഷപ്പെട്ടു. അവരുടെ സ്‌നേഹപ്രകടനങ്ങളും കളികളും കുഞ്ഞൻനായരുടെ കണ്ണുകളെ ഈറനണിയിച്ചു. നിമിഷനേരം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കുഞ്ഞൻ നായർക്ക് മരിക്കാൻ കൊതി തോന്നി. പിന്നീട് എങ്ങനെ മരിക്കണം എന്നായി ചിന്ത. അവിടെനിന്നും എഴുന്നേറ്റ് മരണത്തിനുള്ള വഴിതേടി ആ വലിയ വീട്ടിൽ ഓടിനടന്നു. പൂരപ്പറമ്പിൽ ഒറ്റക്കായിപ്പോയ കുട്ടിയുടെ മുഖമായിരുന്നു അയാൾക്കപ്പോൾ. ഏറെ നേരത്തെ തെരച്ചിലിന് ശേഷം പുതപ്പിനുള്ളിൽ അയാൾ അഭയം തേടി. പെട്ടന്നയാൾക്ക് മകനോട് സംസാരിക്കണം എന്നുതോന്നി. മൊബൈൽഫോണെടുത്ത് അയാൾ മകനെവിളിച്ചു.

എനിക്ക് ഒരു കാര്യം പറയാനുണ്ട്.

എന്താ അച്ഛാ?”

നമുക്ക് ജിത്തുവിനെ ഇവിടെ നിറുത്തി പഠിപ്പിച്ചാ പോരെ?”

അതൊന്നും ശരിയാവില്ല. അച്ഛൻ ഫോൺ വെച്ചോളൂ. ഞാൻ സ്വല്പം ബിസിയാണ്.

ഉം.

          കുഞ്ഞൻനായർ ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ ശേഷം കുളിമുറിയിലേക്ക് നടന്നു.

                             *         *         *         *         *

          അന്ന് എന്തോ പതിവില്ലാതെ മീനുമോളെയും കൊണ്ടാണ് ലക്ഷ്മി ജോലിക്ക് വന്നത്. ജോലിത്തിരക്കിൽ മകളെ ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. തന്നെ ശ്രദ്ധിക്കാതെ അമ്മയെ വിട്ട് അവൾ കുഞ്ഞൻനായരുടെ അടുത്തെത്തി. വാതിൽക്കൽ നിന്നും എത്തിനോക്കുന്നത് കണ്ട് അയാൾ കുട്ടിയെ മാടിവിളിച്ചു. തന്റെ മുത്തച്ഛനെപോലെ ചിരിക്കുന്ന അപ്പൂപ്പന്റെ അടുത്തേക്ക് അവൾ നടന്നു.

          തന്റെ മടിയിലിരിക്കുന്ന ലക്ഷ്മിയുടെ മകളുടെ ശരീരത്തിലൂടെ അയാളുടെ പരുപരുത്ത കൈകൾ സഞ്ചരിച്ചു. പെട്ടെന്ന്, തന്നെ കുറ്റബോധം കൊണ്ട് അയാൾ ചൂളിപ്പോയി. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ തന്റെ കൂട്ടുകാരിയെ അപ്പോൾ, കുഞ്ഞൻ നായർക്ക് ഓർമ്മ വന്നു. അവൾക്കൊപ്പം ഒളിച്ചേ കണ്ടേകളിക്കാറുള്ളത് പോലെ കുഞ്ഞൻ നായർ മീനുമോൾക്കൊപ്പം കളിക്കാൻ തുടങ്ങി. ബ്ലാങ്കറ്റ് അവർക്ക് മുന്നിൽ തൊടിയും തോടും മേടുമായി. കൂട്ടുകാരിക്കായി അയാൾ തന്റെ പഴയ തകരപ്പെട്ടിയിൽ നിന്നും കളിപ്പാട്ടങ്ങൾ പുറത്തെടുത്തു. മേശപ്പുറത്തിരുന്നിരുന്ന പത്രം എടുത്തുകീറി അയാൾ കടലാസ് തോണിയുണ്ടാക്കി. തുടർന്ന് മീനുമോളെയും കൂട്ടി അയാൾ ബാത്ത്‌റൂമിലേക്ക് കയറി കതകടച്ചു.

         മോളേ, മീനൂ… അടുക്കളയിൽനിന്നും അമ്മയുടെ വിളികേട്ട കുട്ടി അയാളുടെ കൈതട്ടിത്തെറിപ്പിച്ച് ഓടിമറഞ്ഞു. കയ്യിലിരുന്ന വഞ്ചി ബാത്ത്‌റൂമിൽ ഉപേക്ഷിച്ച് മീനു ഓടുന്നത് ഭയത്തോടെ കുഞ്ഞൻ നായർ നോക്കിനിന്നു. ലക്ഷ്മിയുടെ ശബ്ദംകേട്ട് അയാൾ പേടിച്ചു വിയർക്കാൻ തുടങ്ങി. കുഞ്ഞൻ നായർക്ക് ഒന്ന് കുളിച്ച് ശുദ്ധമാവണമെന്ന് തോന്നി. തന്റെ നഗ്നതയിലേക്ക് നോക്കി അയാൾ ഷവർമഴ കൊണ്ടു. സ്ത്രീകളുടെ വിരലുകൾ തന്നെ തഴുകുന്നതായി അയാൾക്ക് തോന്നി. ശുക്ലത്തിന്റെമണം അന്തരീക്ഷത്തിൽ പടർന്ന് പിടിക്കാൻ തുടങ്ങി. ചെറുതും വലുതുമായ പെണ്ണുടലുകൾ അയാളിൽ ആസക്തി നിറച്ചു. താങ്ങാൻ കഴിയാത്ത മോഹത്താൽ കുഞ്ഞൻനായർ ബോധരഹിതനായി.

          ശബ്ദംകേട്ട് ഓടിയെത്തിയ ലക്ഷ്മി നഗ്നനായി കുളിമുറിയിൽ കിടക്കുന്ന കുഞ്ഞൻ നായരെയാണ് കണ്ടത്. ഉടനെ അവൾ കട്ടിലിൽ കിടന്ന ലുങ്കിയെടുത്ത് അയാളെ പുതപ്പിച്ചു. തുടർന്ന് അവൾ സതീശന് ഫോൺ ചെയ്തു. വാതിലിന്റെ മറവിൽ തന്നെ നോക്കിനിന്ന മകളുടെ കണ്ണിൽ പതിവിന് വിപരീതമായി എന്തോ ഒരു ഭാവം നിഴലിക്കുന്നതായി ലക്ഷ്മിക്ക് തോന്നി.

                             *         *         *         *         *

          ആശുപത്രി കിടക്കയിൽ കിടക്കുന്ന അച്ഛന്റെ അടുത്ത് സതീഷ് ഇരിക്കുന്നു.

ഒന്ന് പിടിക്കെടാ, എനിക്കൊന്ന് മൂത്രമൊഴിക്കണം.

          അയാൾ അച്ഛനെ പിടിച്ചെഴുന്നേല്പിച്ച് ബാത്ത്‌റൂമിന് നേരെനടന്നു. വർഷങ്ങൾക്ക് ശേഷം സ്‌നേഹത്തോടെ തന്റെ ശരീരത്തിൽ ഒരു മനുഷ്യൻ സ്പർശിക്കുന്നതിന്റെ അനുഭൂതിയിൽ അയാളുടെ ഹൃദയം മിടിക്കാൻ തുടങ്ങി. സ്പർശങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ജീവിതം തുടരാൻ കഴിയണേ എന്ന് അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു. ശാപമോക്ഷം നേടാൻ കുളിമുറിയിൽ വീണത് നന്നായെന്ന് കുഞ്ഞൻനായർ ഓർത്തു. ഇന്നലെ, തനിക്കേറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു. ജീവിതത്തിൽ  ഇത്രയേറെ സന്തോഷിച്ച ഒരു ദിവസം വേറെ ഉണ്ടാവില്ല.  മീനുമോൾക്കൊപ്പം കളിക്കുമ്പോൾ നിഷ്‌കളങ്കമായ സ്‌നേഹം അറിയുകയായിരുന്നു. മീനുമോളുടെ വിരലുകൾ സ്പർശിച്ചപ്പോൾ താൻ  മരിച്ചിട്ടില്ലെന്ന് ബോധ്യമായി. ഞാനും ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ തോന്നി.  

ദൈവമേ! താൻ  മീനുമോളെ ഉപദ്രവിച്ചോ? ഉണ്ടാവാൻ സാധ്യതയില്ല. അങ്ങനെ, എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ആളുകളുടെ പെരുമാറ്റം ഇങ്ങനെയൊന്നും ആവില്ല.  ബാത്ത്ടബ്ബിൽ കളിവഞ്ചിയുണ്ടാക്കി കളിച്ചതും ജിത്തുമോൻ കവിളിൽ ഉമ്മതരുന്നപോലെ മീനുമോൾ തന്നെ ഉമ്മവെച്ചതും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലായിരുന്നെന്ന് അയാളുടെ മനസ്സ് പിറുപിറുത്തു. ബാത്ത്ടബ്ബിൽ കളിവഞ്ചി ഒഴുക്കുന്നേരംമീനുമോൾ ചിരിച്ചചിരി ഇവിടെയെല്ലാം പ്രതിധ്വനിക്കുന്നുണ്ട്. കുഞ്ഞൻനായർ ചെവിയോർത്തു. ആശുപത്രിയിലെ കലമ്പലുകൾക്കിടയിലൂടെ ഒരു കുഞ്ഞുപുഞ്ചിരി കുഞ്ഞൻനായരുടെ ചെവികളിൽ സ്പർശിച്ചു. പെട്ടെന്ന്, അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു……

 

          *         *         *         *         *

Comments

comments