1

രാസാത്തി ഉന്ന കാണാതെ നെഞ്ച് കാത്താടി പോലാടുത്

ഏതോ അയൽ വീട്ടിൽ നിന്നും റേഡിയോയിലൂടെ പാട്ട് ഉയരുന്നത് കേട്ട് വൈദേഹി ഉണർന്നു.വെളിച്ചം പരക്കുന്നതേയുള്ളൂ. മുടി കോതിയൊതുക്കി അവൾ അന്നത്തെ ദിവസത്തിലേയ്ക്ക് കിടക്ക വിട്ടെഴുന്നേറ്റു. കുളിച്ച് അരിപ്പൊടി കൊണ്ട് അടുക്കളയിൽ വിളക്ക് കൊളുത്തുന്നിടത്ത് കോലം വരച്ചു. നഗരത്തിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയതിൽ പ്പിന്നെ അടുക്കളയിലാണ് കോലം വരയ്ക്കാറ് പുറത്ത് മുറ്റം ഒന്നുമില്ലല്ലോ. വാതിൽപ്പടിയോട് ചേർന്ന് കോലമിട്ടാൽ നിമിഷങ്ങൾക്കകം ചവുട്ടി നശിപ്പിക്കപ്പെടും. അവളുടെ നാട്ടിൽ, അഗ്രഹാരത്തിലായിരിക്കുമ്പോൾ ദിവസവും രാവിലെ എല്ലാ വീടുകൾക്ക് മുന്നിലും കോലം വരയ്ക്കുന്ന പെണ്ണുങ്ങളെ കാണാം. അടുത്ത ദിവസം പുലരുന്നത് വരെ ആ കോലങ്ങൾ മായ്ക്കപ്പെടാതെയിരിക്കും. വീട്ടിൽ രാവിലെ കുടത്തിൽ വെള്ളം കൊണ്ടുവന്ന് വാസൽ കഴുകി കോലമിടുന്നത് വൈദേഹി തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് നഗരത്തിൽ വന്നതിൽപ്പിന്നെ വാസലിനു പകരം അടുക്കളയിൽ ഒരു മൂലയ്ക്ക് ഷെൽഫിന് താഴെ സ്വാമി പടം വച്ച് വിളക്ക് കൊളുത്താൻ വേണ്ടി ഉണ്ടാക്കിയ ഒരു കള്ളിയുടെ മുന്നിലാണ് കോലമിടുക. വേറൊന്നു കൂടി അവളോർത്തു, അഗ്രഹാരത്തിൽ രാവിലെ സുന്ദരിയമ്മാളുടെ പാട്ട് ക്ലാസ് ഉണ്ടാകും. കുട്ടികൾ ഒന്നിച്ച് പാടുന്നത് കേട്ട് ആസ്വദിച്ചാണ് ദിവസം തുടങ്ങുന്നത് തന്നെ. ഇവിടെയായപ്പോൾ രാവിലെ രാസാത്തി ഉന്ന കാണാതെ നെഞ്ച്……ചിലപ്പോൾ എ ആർ റഹ്മാന്റെ ഹമ്മ ഹമ്മായും

അവൾക്ക് ചിരി വന്നു.

വാതിൽ തുറന്ന് പാൽ കവർ എടുത്ത് അടുക്കളയിലേയ്ക്ക്. പാൽ തിളച്ചു കൊണ്ടിരുന്നപ്പോഴാണ് സെന്തിളിനെ കട്ടിലിൽ കണ്ടില്ലല്ലോയെന്നോർത്തത്. രാവിലെ തന്നെ എവിടെയെങ്കിലും പോയിട്ടുണ്ടാകുമെന്ന് കരുതി കാപ്പി തിളപ്പിച്ചു. വിവാഹം കഴിഞ്ഞപ്പോൾത്തൊട്ട് ഒരിക്കൽപ്പോലും പറഞ്ഞിട്ട് പോകുന്ന സ്വഭാവം സെന്തിളിനുണ്ടായിട്ടില്ല. കിടന്ന കിടപ്പിൽ കാണാതാകും. പിന്നെയെപ്പോഴെങ്കിലും വരും. പക്ഷേ, അതിനെച്ചൊല്ലി വൈദേഹി ഒരിക്കലും അയാളോട് വഴക്കിട്ടിട്ടില്ല.

ചൂട് കാപ്പി നുണഞ്ഞു കൊണ്ട് അന്നത്തെ പത്രവാർത്തകളിലൂടെ ഓടിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ രാത്രി സെന്തിൾ വന്നതേയില്ലായിരുന്നെന്ന് ഓർമ്മ വന്നു. തലേന്ന് രാവിലെ അല്പം നേരത്തേ തന്നെ ഓഫീസിലേയ്ക്ക് പോയതായിരുന്നു അയാൾ. എന്തോ ജോലിത്തിരക്കാണെന്നും പറഞ്ഞു. രാത്രി വൈകി കാത്തിരുന്നിരുന്ന് ഉറങ്ങിപ്പോയി. തിരക്ക് കഴിഞ്ഞില്ലായിരിക്കുമോ എന്തോ.

അവൾ സെന്തിളിന്റെ മൊബൈലിലേയ്ക്ക് വിളിച്ചു. സ്വിച്ച് ഓഫ് ആണെന്ന് മറുപടി കിട്ടി. അല്പം കഴിഞ്ഞ് ശ്രമിക്കാമെന്ന് കരുതി അവൾ അടുക്കളയിലേയ്ക്ക് പോയി. പിന്നെ എല്ലാം ധൃതിയിലാണ്. പ്രാതൽ ഉണ്ടാക്കണം, ഉച്ചയ്ക്കുള്ള ചോറും കറിയും ഉണ്ടാക്കി ടിഫിൻ ബോക്സിലാക്കണം. പിന്നെ ഒരുങ്ങണം. അതിനിടയിൽ ഫോൺ വരും. വാതിലിൽ ആരെങ്കിലും മുട്ടും. സമയം പറന്ന് പറന്നങ്ങ് പോകുംഓഫീസിലേയ്ക്കിറങ്ങുമ്പോഴേയ്ക്കും വൈകും. സെന്തിൾ ഉണ്ടെങ്കിൽ പിന്നേയും വൈകും. പാന്റ് എവിടെ, ഷർട്ട് എവിടെ, സോപ്പ് കാണാനില്ല, ഷേവ് ചെയ്യാൻ മറന്നു, ഓഫീസ് ഫയൽ കാണാനില്ലഅങ്ങിനെയങ്ങിനെ നൂറ് പരാതികളായിരിക്കും രാവിലെ തന്നെ. എല്ലാം അവസാനനിമിഷത്തേയ്ക്ക് മാറ്റി വയ്ക്കുന്ന സ്വഭാവം. എന്നിട്ട് ഭയങ്കര തിടുക്കവും. സെന്തിൾ ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോഴേയ്ക്കും അവൾക്ക് നേരം വൈകാൻ തുടങ്ങും. മാനേജർ സ്വാമിയുടെ ശകാരം കേട്ട് മടുത്തു. എന്നും ഓരോ കാരണം പറയണമെന്ന് വച്ചാൽ എങ്ങിനെയാ. മനസ്സിലാക്കിക്കൂടെ സ്വാമിയ്ക്ക്.

ഹേയ്അപ്പോ ഞങ്ങൾക്കൊന്നും വീടും കുടംബവും ഇല്ലെന്നാണോ നീ പറയുന്നത്?..വൈദേഹി ദിസ് ഈസ് റ്റൂ മച്ച്..ആം ഗോയിങ് റ്റു ടേക്ക് ആക്ഷൻ ഒൻ യു ..ഇങ്ങനെ ഇതൊരു പതിവാക്കിയാൽ…”

സ്വാമി പേന മേശപ്പുറത്ത് വലിച്ചെറിഞ്ഞ് ചോദിക്കും. അപ്പോൾ അയാളുടെ കഷണ്ടിത്തലയിൽ നിന്നും വിയർപ്പൊലിച്ച് ഭസ്മക്കുറിയിൽ ചാലുകൾ വീഴ്ത്തും. പഴനി മുരുകൻ ഭക്തനായ സ്വാമി നെറ്റിയിൽ സാങ്കൽപ്പികമായ അതിർത്തി സൃഷ്ടിച്ച് അവിടെ മുഴുവൻ വീഭൂതി പുരട്ടിയേ വരൂ. വീഭൂതിയില്ലാത്തിടം തല എന്ന് ഊഹിക്കാം. ചിലപ്പോൾ നടുക്ക് കുങ്കുമം കൊണ്ട് ഒരു വട്ടവും ഉണ്ടാകും.

ഇന്നെങ്കിലും സ്വാമിയുടെ വഴക്ക് കേൾക്കാതിരിക്കണം. വൈദേഹി ആലോചിച്ചു. സെന്തിൾ ഇല്ലാത്തത് കൊണ്ട് നേരത്തേ ഇറങ്ങാൻ പറ്റും. പാചകം പൂർത്തിയാക്കി ഒരിക്കൽക്കൂടി സെന്തിളിന്റെ മൊബൈലിലേയ്ക്ക് വിളിച്ചു നോക്കി. സ്വിച്ച് ഓഫ്. പിന്നെ വസ്ത്രം മാറി വാതിൽ പൂട്ടിയിറങ്ങി.

ഓഫീസിൽ അല്പം നേരത്തേയെത്തി. സ്വാമിയുടെ കാബിനിൽ ലൈറ്റ് കണ്ടില്ല. ഓരോരുത്തരായി വരുന്നതേയുള്ളൂ.

എന്താ വൈദേഹി..ഇന്ന് സ്വാമിയ്ക്ക് സന്തോഷമാകുമല്ലോ. വേറൊരു പ്രൊജക്റ്റിൽ ജോലി ചെയ്യുന്ന പവിത്ര കളിയാക്കി.

ങാ..സ്വാമിയ്ക്കും ഇടയ്ക്കൊക്കെ സന്തോഷിക്കണ്ടേ വൈദേഹി പറഞ്ഞു. എന്നിട്ട് പുതിയ പ്രൊജക്റ്റിന്റെ പൈപ്പ് ലൈൻ ഡോക്യുമെന്റ്സ് മെയിലിൽ എത്തിയിരുന്നത് വായിക്കാൻ തുടങ്ങി.

ഉച്ചയൂണിന്റെ സമയത്ത് സെന്തിളിനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ട്. പക്ഷേ,പെട്ടെന്ന് തന്നെ കട്ട് ആകുന്നു. റേഞ്ച് ഇല്ലാത്ത വല്ല സ്ഥലത്തുമായിരിക്കും. ഏതെങ്കിലും സൈറ്റ് നോക്കാൻ പോയിരിക്കുകയാണെങ്കിൽ അങ്ങിനെ സംഭവിക്കാറുള്ളതാണ്. ഇങ്ങനെ സിഗ്നൽ പോലും കിട്ടാത്ത ഒരിടത്ത് കെട്ടിടം പണിതുയർത്തുന്നതെന്തിനാണെന്ന് അവൾ കളിയാക്കും.

ബിൽഡിങ് പണി കഴിയുമ്പോൾ റേഞ്ച് ഒക്കെ തനിയേ വന്നോളും.. സെന്തിൾ പറയും. അതിന്റെ സൂത്രം അവൾക്ക് മനസ്സിലായതുമില്ല.

ഉച്ചയ്ക്ക് ശേഷം തിരക്ക് കൂടി. എല്ലാ പ്രൊജക്റ്റും അത്യാവശ്യമായി തീർക്കേണ്ടതാണല്ലോ. ഇടയ്ക്ക് ഒരു ബഗ് കുടുങ്ങിയത് ശരിയാക്കിയെടുക്കാൻ കുറേ സമയമെടുത്തു. വൈകുന്നേരം ഇറങ്ങാൻ വൈകി. ഈ സോഫ്റ്റ് വേർ എഞ്ചിനീയറിന്റെ പണിയല്ലാതെ വേറെ വല്ലതും നോക്കിയാൽ മതിയായിരുന്നു, അവൾ മനസ്സിൽ പറഞ്ഞു. അതെങ്ങിനെ, സെന്തിളിനോട് പറയാൻ പറ്റില്ല. താൻ നിർബന്ധിച്ചപ്പൊഴാണല്ലോ ജോലിയ്ക്ക് പോകാൻ സമ്മതിച്ചത്. എല്ലാം അനുഭവിച്ചോ എന്ന് ഒരു കളിയാക്കും.

പോകുന്ന വഴിയ്ക്ക് മാർക്കറ്റിൽ കയറി. കുറച്ച് പച്ചക്കറികൾ വാങ്ങി. ട്രാഫിക്കിൽ കുടുങ്ങി കുറേ നേരം പോയി. ഫ്ലാറ്റിൽ എത്തിയപ്പോഴേയ്ക്കും തളർന്നിരുന്നു. വാതിൽ തുറന്നിട്ടില്ലെന്ന് കണ്ട് അവൾക്ക് അത്ഭുതം തോന്നി. എന്തൊക്കെ തിരക്കാണെങ്കിലും ഇടയ്ക്കൊന്ന് വീട്ടിൽ വരാതിരിക്കില്ല സെന്തിൾ. അല്ലെങ്കിൽ എങ്ങിനെയെങ്കിലും വിളിക്കുകയെങ്കിലും ചെയ്യും. ഇങ്ങനെ യാതൊരു അറിയിപ്പുമില്ലാതിരുന്നിട്ടില്ല. അവൾക്ക് എന്തോ വല്ലായ്മ തോന്നി.

സെന്തിളിന്റെ കൂടെ ജോലി ചെയ്യുന്ന ആരെയെങ്കിലും വിളിച്ച് ചോദിക്കാമെന്ന് കരുതി ശ്രമിച്ചു. ആരെയും കിട്ടുന്നില്ല. ഒന്നുകിൽ ബിസി, അല്ലെങ്കിൽ സ്വിച്ച് ഓഫ്. എന്താണിങ്ങനെ! അവൾ ആലോചിച്ചു. എവിടെപ്പോയി ഒന്ന് അന്വേഷിക്കും. എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ

അവൾ കുളിച്ച് വസ്ത്രം മാറി. എല്ലാം സാവധാനത്തിലായിരുന്നു. ഫ്ലാറ്റിൽ പെട്ടെന്ന് രുപപ്പെട്ട നിശ്ശബ്ദതയും ഏകാന്തതയും അവളെ അലസയാക്കുന്നുണ്ടായിരുന്നു. മുറികൾക്കെല്ലാം വലിപ്പം കൂടിയത് പോലെ. ഇരുട്ടിന് കനം കൂടിയത് പോലെ. വിളക്കുകൾക്ക് തെളിച്ചം മങ്ങിയത് പോലെ. കുറച്ച് നേരം ടി വി കാണാൻ ശ്രമിച്ചു. മുഷിപ്പൻ പരിപാടികൾ. ടി വി അണച്ച് സോഫയിൽ ഓരോന്ന് ആലോചിച്ചിരുന്നു.

സെന്തിൾ തന്നെ പെണ്ണു കാണാൻ വന്നത് വൈദേഹി ഓർത്തു. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു. ബിരുദം പൂർത്തിയാക്കി ഉപരിപഠനത്തിനെക്കുറിച്ച് ആലോചിക്കുന്ന സമയം.

ഇനി എന്ന പടിപ്പ്..ഇതെല്ലാം പോരും…” അമ്മ പറഞ്ഞു. അപ്പാ കല്ല്യാണക്കാര്യം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എതിർത്തു നോക്കി.

പൊണ്ണ് വയസ്സുക്ക് വന്താച്ച്ന്നാ പെറ്റവാളുക്ക് ടെൻഷൻ താനേ..നല്ല ജാതകം വന്താ കല്ല്യാണം പെണ്ണി വക്കറത് താൻ..ഉന്നോട് പടിപ്പെല്ലാം അപ്പറമാ വച്ചുക്കോ അപ്പാ തീർത്ത് പറഞ്ഞു. തനിക്ക് താഴെ ഒരു പെൺകുട്ടി ഉള്ളതും ഓർമ്മിപ്പിച്ചു. താൻ കല്ല്യാണം കഴിക്കാൻ വൈകിയാൽ അവളുടെ കാര്യം കുഴപ്പത്തിലാകുമല്ലോ.

ഒരു ദിവസം സെന്തിളിന്റെ ആലോചന വന്നു. ആർക്കിട്ടെക്റ്റ് ആണെന്നറിഞ്ഞപ്പോൾ അപ്പായ്ക്കും അമ്മയ്ക്കും സന്തോഷം. തന്നോട് ചോദിച്ചതുമില്ല.

പയ്യൻ നല്ല അഴകാ ഇരുക്കാൻ..നല്ല ഉദ്യോഗം അമ്മ സെന്തിളിന്റെ ഫോട്ടോ കാണിച്ച് പറഞ്ഞു. നോക്കിയപ്പോൾ കുഴപ്പമില്ല. ജെന്റിൽ മാൻ തന്നെ. എങ്കിലും കുറച്ച് സമയം കൂടി കഴിഞ്ഞ് മതിയെന്ന് അവൾ പറഞ്ഞു.

കാത്തുണ്ടിരുന്താ പയ്യൻ വേറെ പൊണ്ണെ പാത്ത് പോവാൻഇത് നല്ല പൊരുത്തം ഇര്ക്ക്.. അപ്പായും അമ്മയും ഒന്നിച്ച് പറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കല്ല്യാണം കഴിഞ്ഞ് സെന്തിളിന്റെ കൂടെ നഗരത്തിലേയ്ക്ക്. നഗരജീവിതം അവൾക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല. എല്ലാത്തിനോടും അവൾ പെട്ടെന്ന് തന്നെ ഇഴുകിച്ചേർന്നു. സെന്തിളിനോടും..

സെന്തിളിനോടും?

അവൾ ഒന്നു കൂടെ ആലോചിച്ചു. അങ്ങിനെ ആലോചിക്കാൻ പാടില്ലെന്ന് സ്വയം ശാസിച്ചു.

വിശപ്പ് തോന്നിയില്ല. ഒരു ഗ്ലാസ്സ് പാല് മാത്രം കുടിച്ച് ഉറങ്ങാൻ കിടന്നു. പതിവിനും വളരെ നേരത്തേയായിരുന്നത് കൊണ്ട് ഉറക്കം വന്നില്ല. പുസ്തകം വായിച്ചും മൊബൈലിൽ പാട്ട് കേട്ടും കിടന്നു. സാവധാനം ഉറക്കം അവളിലേയ്ക്ക് അലിഞ്ഞിറങ്ങി. വളരെക്കാലത്തിന് ശേഷമായിരുന്നു അവൾക്ക് ഇത്ര നിശ്ശബ്ദമായി ഉറക്കം വരുന്നത്.

2

വെയിൽ മുഖത്തടിച്ചപ്പൊഴാണ് ഉണർന്നത്. സമയം നോക്കി. ഒരുപാട് വൈകിയിരിക്കുന്നു. ഇങ്ങനെ സ്വയം മറന്നുറങ്ങിയത് അവളെ ആശ്ചര്യപ്പെടുത്തി. എത്ര വൈകി കിടന്നാലും അലാറം വയ്ക്കാതെ തന്നെ ഉണരുന്ന ശീലമായിരുന്നു അവളുടേത്. ഇനി എത്ര തിരക്കിട്ടാലും സമയത്തിന് ഓഫീസിലെത്താൻ കഴിയില്ല. ഹാഫ് ഡേ അവധിയെടുക്കാമെന്ന് വിചാരിച്ചു, പിന്നെ മുഴുവനായും അവധിയാക്കാമെന്ന് തീരുമാനിച്ചു. കുറച്ച് വീട്ടുജോലികളും തീർക്കാം. ഷോപ്പിങ്ങ് നടത്താം. അങ്ങിനെ പദ്ധതികളിടുന്നതിനിടയിൽ സെന്തിളിനെ വിളിച്ചു. മറുപടിയില്ല.

അവൾ ഓഫീസിലേയ്ക്ക് വിളിച്ച് അവധിയെടുക്കുന്നത് അറിയിച്ചു. കിടക്കയിൽത്തന്നെ കുറേ നേരം ഇരുന്നു. പിന്നീട് എഴുന്നേറ്റ് വിളക്ക് കൊളുത്തി. ആദ്യമായിട്ടായിരുന്നു കോലം വരയ്ക്കാതെ അവളുടെ ഒരു ദിവസം തുടങ്ങുന്നത്. അവൾക്ക് എന്തോ വിഷമം തോന്നി. എന്താണിങ്ങനെ?

കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ നിന്നും അമ്മയുടെ ഫോൺ വന്നു. സെന്തിളിന്റെ കാര്യം അവൾ അമ്മയോട് പറഞ്ഞില്ല. പിന്നെ അത് മതിയാകും ബഹളത്തിന്. സെന്തിൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നേരിട്ട് പോയി പോയി അന്വേഷിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. വേഗം തന്നെ കുളിച്ച് വസ്ത്രം മാറി പുറപ്പെട്ടു.

മിസ്സിസ്സ് സെന്തിൾ..ഞങ്ങളും അത് തന്നെയാണ് ആലോചിക്കുന്നത്. ഇങ്ങനെ ഒരു അറിയിപ്പുമില്ലാതെ സെന്തിൾ ഒരിക്കലും ലീവ് എടുക്കാറില്ല. ഫോണിൽ കിട്ടുന്നുമില്ല. ഞങ്ങളും അന്വേഷിക്കുകയായിരുന്നു. എത്ര പ്രൊജക്റ്റുകളാണ് സെന്തിളിനെ ഏൽപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറാൻ അയാൾക്ക് എങ്ങിനെ കഴിയുന്നുഹോ..എനിക്ക് മുകളിലുള്ളവരുടെ വഴക്ക് കേൾക്കാനേ നേരമുള്ളൂ..അയാളോട് ഒന്ന് വേഗം വരാൻ പറയൂ

ഇങ്ങനെയായിരുന്നു സെന്തിളിന്റെ മാനേജർ പറഞ്ഞത്.

പക്ഷേ, ഞാൻ വന്നതെന്തിനാണെന്ന് നിങ്ങൾ മനസ്സിലാക്കണം. എന്റെ ഭർത്താവിനെ കാണാതായിട്ട് രണ്ട് ദിവസമായി. ഓഫീസിലേയ്ക്കെന്ന് പറഞ്ഞ് പോയിട്ട് തിരിച്ചെത്തിയിട്ടില്ല. നിങ്ങളുടെ പ്രൊജക്റ്റുകൾ ആയിരിക്കും നിങ്ങൾക്ക് വലുത്..പക്ഷേ എനിക്ക് എന്റെ ഭർത്താവിനെക്കുറിച്ചാണ് അറിയേണ്ടത്

വൈദേഹി അല്പം ക്ഷുഭിതയായിത്തന്നെ പറഞ്ഞു. അത് കേട്ടപ്പോൾ മാനേജർ ഒന്ന് തണുത്തു.

ഒക്കേ..ഓക്കേ..സോറി..എന്റെ ടെൻഷൻ കൊണ്ട് പറഞ്ഞു പോയതാണ്..രണ്ട് ദിവസമായി അയാൾ വന്നിട്ടെന്നല്ലേ പറഞ്ഞത്..അത് അത്ര നിസ്സാരമാക്കിയെടുക്കാൻ പറ്റില്ല. ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ. ഇന്ന് ഒരു ദിവസം കൂടി നോക്കാം..എന്നിട്ടും വന്നില്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കുന്നതായിരിക്കും നല്ലത്.

അത് കേട്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു നടുക്കം അനുഭവപ്പെട്ടു. ഇത്രത്തോളം കാര്യങ്ങൾ നീങ്ങുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

പോലീസിൽ പരാതിയൊക്കെ…” അവൾ ഉറപ്പില്ലാത്തത് പോലെ പറഞ്ഞു.

നോക്കൂ..മാൻ മിസ്സിങ് ആണ് പ്രശ്നംപരാതി കൊടുക്കുന്നതാണ് നല്ലത്

അവൾ തലയാട്ടി. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അറിയിക്കാമെന്ന് മാനേജർ പറഞ്ഞു.

പുറത്തിറങ്ങിയപ്പോൾ അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി. പടിക്കെട്ടിൽ ഇരുന്നു. എത്രയാലോചിച്ചിട്ടും അവൾക്ക് ഒന്നും ക്രമപ്പെടുത്തിയെടുക്കാൻ കഴിഞ്ഞില്ല. എവിടേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്?

വിഷമിക്കേണ്ട..ഞാൻ ഒരു നാട്ടുനടപ്പ് പറഞ്ഞെന്നേയുള്ളു പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി. അല്പം മുമ്പ് രോഷത്തോടെ സംസാരിച്ച മാനേജർ ആയിരുന്നു അത്. ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ എഴുന്നേറ്റ് നടന്നു.

സൂപ്പർ മാർക്കറ്റിൽ വീട്ടിലെക്കാവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു വൈദേഹി. വാങ്ങാനാണെങ്കിൽ ഒരുപാടുണ്ട്. ഒഴിവാക്കാനും അത്ര തന്നെയുണ്ട്. ഒന്നെടുത്ത് ബാസ്ക്കറ്റിൽ ഇട്ട് പിന്നെ അത് തിരിച്ച് വച്ച് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ അവൾ റാക്കുകൾക്കിടയിലൂടെ അലഞ്ഞു.

ഹലോ ..വൈദേഹി?

മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരാൾ ചോദിച്ചു. പെട്ടെന്ന് ആളെ മനസ്സിലായില്ല. പിന്നെ ഓർമ്മ വന്നു. പ്രസാദ്.

പ്രസാദ്നിങ്ങളിവിടെ? അവൾ അത്ഭുതത്തോടെ ചോദിച്ചു.

ഞാനിവിടെയാണിപ്പോൾ..വൈദേഹിയോ?

ഞാനും…”

കോളേജിൽ നിന്ന് പിരിഞ്ഞതിന് ശേഷം നമ്മൾ ആദ്യമായിട്ടാണല്ലേ കാണുന്നത്?

അതെ..എന്റെ കല്ല്യാണം ഉടനെ കഴിഞ്ഞു. പിന്നെ പഴയ ആൾക്കാരെയൊന്നും കാണാറില്ലായിരുന്നു

അത് ശരി..ഇങ്ങനെയൊക്കെയല്ലേ കാണുക.. പ്രസാദ് ചിരിച്ചു. അയാളുടെ ചിരിയ്ക്ക് പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവൾ ശ്രദ്ധിച്ചു.

തൽക്കാലത്തേയ്ക്ക് ഷോപ്പിങ് മതിയാക്കി അവർ പുറത്ത് വന്നു. പ്രസാദ് അവളെ ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചു. ആ സമയത്ത് പ്രസാദിനെ കണ്ടുമുട്ടിയത് അവൾക്ക് ആശ്വാസമായി തോന്നി.

കോഫീ ഷോപ്പിൽ അവർ പഴയ കാര്യങ്ങൾ പറഞ്ഞിരുന്നു. സെന്തിളിനെക്കുറിച്ച് അധികം പറയാതിരിക്കാൻ അവൾ സൂക്ഷിച്ചു. ജോലി സംബന്ധമായി ദുരെയെവിടെയോ പോയിരിക്കുകയാണെന്നേ പറഞ്ഞുള്ളൂ. അതെന്തിനായിരുന്നെന്ന് അവൾക്ക് മനസ്സിലായില്ല.

ഓർക്കുന്നുണ്ടോ വൈദേഹിഅന്ന് ഞാൻ തനിക്ക് പ്രേമലേഖനം തന്നതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ? പ്രസാദ് ചെറിയ ജാള്യതയോടെ ചോദിച്ചു.

വൈദേഹി ചിരിച്ചു. പിന്നെ മറക്കാൻ പറ്റുമോ? ആ സംഭവത്തോടെയല്ലേ കോളേജിൽ അത്രയും പേർ എന്ന് പ്രേമിക്കുന്നുണ്ടായിരുന്നെന്ന് മനസ്സിലായത്.

അതെ..താനായിരുന്നു കോളേജിലെ..ങ്ങാപക്ഷേ താൻ പിന്നെ ആരോടും അത്ര അടുപ്പമൊന്നും കാണിക്കില്ലായിരുന്നല്ലോ..

മ്മ്..

പക്ഷേ, വൈദേഹി വല്ലാതെ മാറിപ്പോയല്ലോ..ആ തെളിച്ചം ഒന്നും ഇപ്പോഴില്ല

ഒരു കുടുംബം നോക്കി നടത്തുന്നതിന്റെ ബുദ്ധിമുട്ട് പ്രസാദിനറിയില്ലല്ലോ..ഒന്ന് പെണ്ണ് കെട്ടി നോക്ക്. അപ്പോഴറിയാം..

അത് കളയ്…”

പിന്നേയും അവർ എന്തൊക്കെയോ സംസാരിച്ചിരുന്നു. ഒരു ദിവസം വീട്ടിലേയ്ക്ക് വരാമെന്ന് പറഞ്ഞ് പ്രസാദ് പോയി. അവൾ അന്നത്തെ മറ്റ് പരിപാടികളൊക്കെ ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്ന വഴി മുഴുവൻ അവൾ ആലോചിച്ചത് പ്രസാദിനെക്കുറിച്ചായിരുന്നു.

3

പോലീസിൽ പരാതി കൊടുക്കാൻ പവിത്രയും മാനേജർ സ്വാമിയും കൂടെ വന്നു. എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചിട്ട് നിസ്സാരമട്ടിൽ പരാതി സ്വീകരിക്കുക മാത്രമേ വർ ചെയ്തുള്ളൂ.

ദിവസവും ഇങ്ങനെ എത്ര പരാതികൾ കിട്ടുന്നുണ്ടാകും അവർക്ക് പവിത്ര പറഞ്ഞു.

ഞാൻ കുറച്ച് ദിവസം അവധിയെടുക്കുകയാണ് വൈദേഹി സ്വാമിയോടെ പറഞ്ഞു. സ്വാമി അത് പ്രതീക്ഷിച്ചിരുന്നത് പോലെ സമ്മതിച്ചു.

ഒരുപാട് ആലോചിച്ച് കൂട്ടണ്ട..പറ്റുമെങ്കിൽ വീട്ടിൽ നിന്നും ആരെയെങ്കിലും വരുത്തൂ..ഒറ്റയ്ക്കിരിക്കുമ്പോൾ വിഷമം കൂടുകയേയുള്ളൂ സ്വാമി പറഞ്ഞു.

അപ്പായെ ഇതു വരെ കാര്യം അറിയിച്ചിട്ടില്ലെന്ന് അപ്പോഴാണ് അവൾ ഓർത്തത്.

ഫ്ലാറ്റിൽ ചെന്നയുടനെ വിളിച്ചു. അവർക്ക് അത് എന്തോ മരണവാർത്ത കേട്ടത് പോലെയായിരുന്നു. ശരിയല്ലേ, എന്നന്നത്തേയ്ക്കും കാണാതാകുന്നതല്ലേ മരണം? അവൾ ആലോചിച്ചു, സ്വന്തം മനസ്സ് പോകുന്ന വഴിയറിഞ്ഞ് നടുങ്ങുകയും ചെയ്തു.

അപ്പായും അമ്മായും ഉടൻ പുറപ്പെടാമെന്ന് പറഞ്ഞു. അത്ര തിടുക്കത്തിലൊന്നും വരേണ്ട കാര്യമില്ലെന്ന് അവളും. എന്നിട്ട് വേണം ബഹളം കൂട്ടി നാട്ടുകാരെ മുഴുവൻ അറിയിക്കാൻ. സെന്തിളിന്റെ വീട്ടിൽ അറിയിച്ചാൽ ഇതിലേറെ ആയിരിക്കുമെന്ന് അവൾക്കറിയാം. എന്നാലും അറിയിക്കാതിരിക്കുന്നതെങ്ങിനെ

നിമിഷങ്ങൾക്ക് നീളം കൂടുന്നത് പോലെ തോന്നി അവൾക്ക്. ഒരുപാട് സമയമുള്ളത് പോലെ. ഒരുപാട് സമയം ബാക്കി വരുന്നത് പോലെ. താൻ ഒന്നും ചെയ്യാതിരിക്കുന്നത് പോലെ.

ഒന്നും ചെയ്യുന്നില്ലല്ലോ. എന്തെങ്കിലും കഴിച്ചിട്ട് രണ്ട് ദിവസമായി. അടുക്കളയിൽ പാത്രങ്ങൾ അഴുക്കുണങ്ങിക്കിടക്കുന്നു. മുറികൾ അലങ്കോലം. സോഫയിൽ കൂട്ടിയിട്ടിരിക്കുന്ന ദിനപ്പത്രങ്ങൾ കണ്ടപ്പോൾ അരിശം തോന്നി. ഒരു ദിവസത്തെ പത്രം വായിച്ച് തീർക്കാൻ ഒരാഴ്ച വേണം. അത്രയ്ക്കുണ്ട്. സെന്തിൾ ഉള്ളപ്പോൾ ഇങ്ങനെയൊന്നുമായിരിക്കില്ലെന്ന് അവളോർത്തു. വലിയ വൃത്തിക്കാരനാണയാൾ. എന്നും പത്രം വായിച്ച് കഴിഞ്ഞയുടൻ ഷെൽഫിൽ ഒരിടത്ത് അടുക്കി വയ്ക്കും. ഒരു കടലാസ് കഷ്ണം പോലും നിലത്ത് കിടക്കുന്നതിഷ്ടമല്ല. ചിലപ്പോൾ തന്നത്താൻ ചൂലെടുത്ത് മുറികൾ വൃത്തിയാക്കുന്നത് കാണാം. അതിനെച്ചൊല്ലി ചെറിയ ശണ്ഠകളും ഉണ്ടായിട്ടുണ്ട്.

പോലീസിൽ പരാതി കൊടുക്കാൻ പോയപ്പോൾ ഇൻസ്പെക്ടർ ചോദിച്ച ഒരു കാര്യം അവളുടെ മനസ്സിലെത്തി. നിങ്ങൾ വഴക്ക് കൂടാറുണ്ടോയെന്ന്.

അല്പസ്വല്പം തർക്കങ്ങളൊക്കെ എവിടെയാണില്ലാത്തത്? സെന്തിളുമായുടെ നിസ്സാര വഴക്കുകളാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശരിയാണ്, മിക്കപ്പോഴും വഴക്കാണ്.

എങ്കിലും ഇല്ലെന്നേ അവൾ പറഞ്ഞുള്ളൂ.

അവൾ പതുക്കെ ഒരോ ജോലികളായി തുടങ്ങി. പത്രങ്ങൾ അടുക്കി വച്ചു. സോഫയിൽ വിരിച്ചിരുന്ന തുണികൾ കഴുകാനിട്ടു. പാത്രങ്ങൾ കഴുകി വച്ചു. മുറികൾ മാറാല തട്ടി അടിച്ചു വാരി വൃത്തിയാക്കി. അങ്ങിങ്ങ് ചിതറിക്കിടക്കുന്നതെല്ലാം യഥാസ്ഥാനത്ത് ഒതുക്കി വച്ചു. ഇനിയെന്താണ് ബാക്കി? അവൾ ആലോചിച്ചു.

സെന്തിൾ. ഉടനെ ഉത്തരവും കിട്ടി. ഇങ്ങനെ വൃത്തിയായിക്കിടക്കുന്നത് കണ്ടാൽ അയാൾക്ക് സന്തോഷമാകും. സ്നേഹപ്രകടനങ്ങൾ കൂടും.

അപ്പോൾ മാത്രമേ സ്നേഹപ്രകടനങ്ങൾ ഉള്ളൂ! അവൾക്ക് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ചിലപ്പോഴെല്ലാം രാത്രി ഉറക്കം പിടിച്ചു വരുമ്പോൾ എന്തൊക്കെയോ

അതിലൊന്നും തനിക്ക് പരാതിയും ഇല്ലല്ലോ.

എന്തൊരു ചിന്തകളാണിതെല്ലാം! അവൾ ആശ്ചര്യപ്പെട്ടു. ഇത്രയും നാൾ, രണ്ട് വർഷങ്ങൾക്കിടയിൽ ഒരിക്കലും ഇങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല. പവിത്രയും മറ്റ് സഹപ്രവർത്തകരും എന്തൊക്കെ പരാതികളാണ് പറയാറുള്ളത്. കിടപ്പറ രഹസ്യങ്ങൾ വരെ. ഭർത്താക്കന്മാരുടെ പോരായ്മകൾ വരെ. താൻ ഒരിക്കലും അതിനൊന്നും നിന്നിട്ടില്ല. എനിക്ക് തൃപ്തിയാണ് എല്ലാത്തിലും, അത്രയും പറഞ്ഞൊഴിയും.

രാസാത്തി ഉന്നാ..കാണാതെ നെഞ്ച്.. എവിടെയോ റേഡിയോ പാടുന്നു. സമയം നോക്കി, വൈകുന്നേരമായിരിക്കുന്നു.

4

പെട്ടെന്ന് പ്രസാദിനെ കണ്ടപ്പോൾ അവളൊന്ന് അമ്പരക്കാതിരുന്നില്ല. എങ്ങിനെ കണ്ടുപിടിച്ചോ ആവോ. ഞായറാഴ്ചയായതിനാൽ കുറച്ച് കൂടുതലുറങ്ങാം എന്ന് വിചാരിച്ച് കിടക്കുകയായിരുന്നു. എഴുന്നേറ്റിട്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ചെയ്ത് തീർക്കാനില്ല. പോലിസ് സ്റ്റേഷനിൽ പോകാൻ കൂടെ വരാമെന്ന് പവിത്ര പറഞ്ഞിരുന്നു. അവളുടെ ഭർത്താവും കൂടെ വരാമെന്ന് ഏറ്റിരുന്നു. അയാൾ വക്കീലാണ്. അപ്പോൾ പോലിസുകാരോട് വേണ്ട രീതിയിൽ സംസാരിക്കാൻ ഒരാളായെന്ന് അവളും കരുതി.

പ്രസാദ് ചിരപരിചിതനെപ്പോലെ അകത്തേയ്ക്ക് വന്നു.

എവിടെ തന്റെ ഹബ്ബി? എഴുന്നേറ്റില്ലേ? പ്രസാദ് ചോദിച്ചു.

ഇനിയും ഒന്നും ഒളിച്ചു വയ്ക്കേണ്ടതില്ലെന്ന് കരുതി അവൾ എല്ലാം പ്രസാദിനോട് പറഞ്ഞു.

ഓഹ്..ഗോഡ്..എന്നിട്ടെന്താ വൈദേഹി എന്നോട് ഒന്നും പറയാതിരുന്നത്?

ഒന്നുല്ലമൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോഴാണ് പേടി തുടങ്ങിയത്.

മ്മ്..പോലീസിൽ നിന്നും വല്ല വാർത്തയും കിട്ടിയോ?

ഇല്ല..ആ ഇൻസ്പെക്ടർ ഒരു ദിവസം ഇവിടെ വന്ന് കുറേ ചോദ്യങ്ങൾ ചോദിച്ചു. എല്ലാം മുള്ള് വച്ച ചോദ്യങ്ങൾ. സെന്തിളിനെ കാണാതായിട്ടും ഞാനിവിടെ ഒറ്റയ്ക്കിരിക്കുന്നതിന്റെ കാരണമായിരുന്നു അറിയേണ്ടത്. പിന്നെ, ഞാൻ എല്ലാവരേയും വിളിച്ച് കൂട്ടണോ? അവൾക്ക് പറയുന്നതിനിടയിൽ ദേഷ്യം വന്നു.

മ്..വാട്ടെവെർ..ആം ഷോക്ക്ഡ് വൈദേഹി…”

അന്തരീക്ഷം മ്ലാനമാകുന്നതറിഞ്ഞ് അവൾ വിഷയം മാറ്റി. പ്രസാദ് തന്റെ ജോലിയെപ്പറ്റിയും കല്ല്യാണാലോചനകളെപ്പറ്റിയും പറഞ്ഞു. പവിത്ര വരുമ്പോൾ പ്രസാദിനെ എങ്ങിനെ പരിചയപ്പെടുത്തണമെന്ന് വൈദേഹി ആലോചിച്ചു.

അവൾ പ്രസാദിന് കാപ്പിയുണ്ടാക്കി കൊടുത്തു. അധികനേരം ചിലവഴിക്കാതെ അയാൾ പോയി.

വാതിലടച്ച് വീട്ടിലേയ്ക്ക് വിളിക്കാൻ തുടങ്ങുമ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. തുറന്നപ്പോൾ ഒരു ചെറിയ പുഞ്ചിരിയോടെ ഇൻസ്പെക്ടർ ആയിരുന്നു.

ആരാ ആ പോയത്?

ആര്?

ഇപ്പോൾ ഇവിടെ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങിപ്പോകുന്നത് കണ്ടു.

..അത് എന്റെ ഒരു സുഹൃത്താണ്സെന്തിളിനെപ്പറ്റി വല്ല വിവരവുമുണ്ടോയെന്ന് അന്വേഷിക്കാൻ വന്നതാണ്.

അത് ശരി. അതിരാവിലെ എഴുന്നേറ്റ് സുഹൃത്ത് അന്വേഷണത്തിനിറങ്ങിയതാണോ അതോ..?

വാട്ട് ഡു യു മീൻ?

അല്ലപത്രങ്ങളൊന്നും വായിക്കാറില്ലേ? ഞങ്ങൾ തന്നെ ഇങ്ങനെ എത്ര കേസുകൾ കാണുന്നതാ..കാമുകനും കാമുകിയ്ക്കുമിടയിൽ ഒരു ഭർത്താവിങ്ങനെ..ങേ..

വൈദേഹിയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല. നിസ്സഹായയായി നിൽക്കുന്ന അവളെ നോക്കി ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു: ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ..ഇതു വരെ സെന്തിളിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. അയാളുടെ ഓഫീസിലുള്ളവരെ ചോദ്യം ചെയ്യാൻ പോകുകയാണ്.

പിന്നേയും കുത്തുന്ന കുറേ ചോദ്യങ്ങൾ ചോദിച്ചിട്ട് ഇൻസ്പെക്ടർ പോയി.

അയാൾക്ക് ഒരിക്കലും സെന്തിളിനെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ പവിത്ര വന്നു. അവളൊറ്റയ്ക്കായിരുന്നു. ഇൻസ്പെക്ടർ വന്ന കാര്യം വൈദേഹി അവളോട് പറഞ്ഞില്ല. പറഞ്ഞാൽ പ്രസാദിനെക്കുറിച്ച് വിശദീകരിക്കേണ്ടി വരുമല്ലോ.

ഞാൻ നാളെത്തൊട്ട് ഓഫീസിലേയ്ക്ക് വരുകയാണ്. വൈദേഹി പറഞ്ഞു.

എന്തിന്..കുറച്ച് ദിവസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്നേ.

അതിന് എനിക്ക് അസുഖമൊന്നുമില്ലല്ലോഇവിടെ വെറുതേയിരുന്ന് എന്ത് ചെയ്യാണാ പവീ

അതാ പറഞ്ഞത്..ഒന്നുകിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും വരാൻ പറയൂ..ഇല്ലെങ്കിൽ നീ വീട്ടിലേയ്ക്ക് പോകൂ..

ഏയ്..സെന്തിളിന്റെ അപ്പായും അമ്മയും വരുന്നുണ്ടെന്ന് പറഞ്ഞു. അവരെ അറിയിക്കാൻ വൈകിയതിൽ പിണങ്ങിയിരിക്കുകയാഞാൻ വീട്ടിലേയ്ക്ക് പോയാൽ അവർ അങ്ങോട്ട് വരും..പിന്നെ വലിയ വഴക്കാകാനും സാധ്യതയുണ്ട്.

മ്മ്..ശരി..നിന്റെ ഇഷ്ടം.

പവിത്ര പോയ ശേഷം വൈദേഹി പുറത്തേയ്ക്കിറങ്ങി. വണ്ടി നിറയെ പെട്രോൾ നിറച്ചു. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. ഷോപ്പിങ്ങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും സമയം ചിലവഴിച്ചു. അവൾക്കിഷ്ടപ്പെട്ട നിറത്തിലുള്ള ഒരു ഷാൾ അന്നാണ് കിട്ടിയത്. ജീൻസും കുർത്തയും അണിയുമ്പോൾ പറ്റിയ നിറത്തിന് ഷാൾ ഇല്ലാത്തത് ഒരു പോരായ്മയായിരുന്നു. ഇപ്പോൾ അതും തീർന്നു. വൈകുന്നേരത്തെ ഷോയ്ക്ക് കയറി ഒരു സിനിമയും കണ്ടു. രാത്രി ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും വൈകി. എത്തിയയുടനെ വസ്ത്രം മാറാനൊന്നും മെനക്കെടാതെ കിടന്നുറങ്ങി. വെടിയുണ്ട പോലെ തുളഞ്ഞ് കയറിയ ഉറക്കം.

5

ഓഫീസിൽ എല്ലാവരും അവളോട് അനുതാപത്തോടെയയിരുന്നു പെരുമാറിയത്. എന്റെ ആരും മരിച്ചിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്ന് തോന്നി അവൾക്ക്. ടീം ലീഡർ ബാക്കി വച്ചിരിക്കുന്ന ജോലികളെക്കുറിച്ച് ഒന്നും ചോദിച്ചില്ല. സ്വാമി ഒരു പ്രാവശ്യം കാബിനിലേയ്ക്ക് വിളിപ്പിച്ചു.

വൈദേഹിഞങ്ങൾക്കെല്ലാം ദു:ഖമുണ്ട്. നീ ഉടനെ ജോലിയ്ക്ക് ചേരണമെന്നില്ല. കുറച്ച് ദിവസം കൂടി അവധിയെടുത്തോളൂ…” സ്വാമി പറഞ്ഞു.
 

അവധിയെടുത്ത് വീട്ടിലിരുന്നാൽ കാണാതായയാൾ തിരിച്ച് വരുമോ സർ ?”
സ്വാമി ആശ്ചര്യത്തോടെ അവളെ നോക്കി. അവൾ തന്റെ ഇരിപ്പിടത്തിലേയ്ക്ക് പോയി.അവൾ ആലോചിക്കുകയായിരുന്നു. സെന്തിളിനെ കാണാതായിട്ട് രണ്ട് ആഴ്ചകളാകുന്നു. പക്ഷേ, തനിക്ക് വലിയ എന്തോ മാറ്റം വന്നത് പോലെ. ആസ്മാരോഗിയുടെ ശ്വാസം പോലെയായിരുന്ന ജീവിതം എത്ര പെട്ടെന്നാണ്സാധാരണ ഗതിയിലായത്. അതോ, ഇതായിരിക്കുമോ അസാധാരണം ?

ജീവിക്കാൻ പാടില്ലാത്ത ജീവിതം.
എന്താണാവോ..ഒന്നും മനസ്സിലാകുന്നില്ല. സെന്തിളിന്റെ അപ്പാ മാത്രം വന്നിരുന്നു. എന്തൊക്കെയോ ശകാരിച്ചിട്ട് പോയി. താനെന്ത് പിഴച്ചെന്ന് ചോദിക്കാൻ തോന്നി. ഈയ്യിടെയെല്ലാം സെന്തിളിന്റെ തിരോധാനത്തിൽ തന്റെ പങ്ക് അന്വേഷിക്കുകയാണ് എല്ലാവരുടേയും താല്പര്യം എന്ന് തോന്നി.

ഞാനെന്ത് പിഴച്ചു? വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയത് പലർക്കും രസിച്ചിട്ടില്ലെന്നറിയാം. പ്രസാദ് ഇപ്പോൾ വരാറില്ല. അവസാനത്തെ തവണ പ്രസാദ് വന്നത് വല്ലാത്ത ആശ്വാസവാക്കുകളുമായിട്ടായിരുന്നു.

വീട്ടിൽ വരുമ്പോളെല്ലാം പഴയ കാര്യങ്ങൾ പറഞ്ഞ് അന്തരീക്ഷം മാറ്റാൻ പ്രസാദ് പാടുപെടുമായിരുന്നു. ഒരു ദിവസം വൈദേഹി തുറന്നു പറഞ്ഞു. 

പ്രസാദ്..ഇത്രയ്ക്കൊന്നും കഷ്ടപ്പെടണമെന്നില്ല. എനിക്ക് എല്ലാം ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. എന്റെ ഭർത്താവിനെ കാണാതായി, എന്നു വച്ച് എപ്പോഴും ദു:ഖിച്ചിരിക്കാനൊന്നും എനിക്ക് വയ്യ. എല്ലാ വഴിയ്ക്കും അന്വേഷിക്കുന്നുണ്ടല്ലോ. .. ഈ പഴയ കാര്യങ്ങളിലൊന്നും എനിക്ക് വലിയ താല്പര്യവുമില്ല 

ഇത്രയും കേട്ടപ്പോൾ പ്രസാദിന്റെ മുഖം വിളറുന്നത് വൈദേഹി കണ്ടു. വാസ്തവത്തിൽ ഇടയ്ക്കിടെയുള്ള അയാളുടെ വരവ് അവൾക്ക് അത്ര ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.പ്രസാദ് സന്ദർശനങ്ങളുടെ എണ്ണം കുറച്ചു. ഇടയ്ക്ക് ഫോണിലൂടെ വിവരങ്ങൾ തിരക്കി. പിന്നെ അതും നിന്നു.

ദിവസങ്ങൾ വളരെ സാധാരണമായി കടന്ന് പോയി. ആർക്കും ഒരു സൂചനയും നൽകാനാകാത്ത വിധം സെന്തിൾ അപ്രത്യക്ഷനായി. വൈദേഹി ജോലിയ്ക്ക് പോകുകയും, വരുകയും അല്ലാത്തപ്പോൾ സെന്തിൾ വീട്ടിലുണ്ടെന്ന വ്യാജേന ജീവിക്കുകയും ചെയ്തു.

6

പ്രിയപ്പെട്ടവരേ,

അല്പം മുമ്പ് വൈദേഹിയുടെ കഥ അവസാനിപ്പിക്കേണ്ടതായിരുന്നു. അതിനുമപ്പുറം ഒരു കഥ മെനയാൻ മാത്രമുള്ള ജീവിതമൊന്നും അവൾക്കില്ല താനും. എങ്കിലും എന്തോ

രാസാത്തി ഉന്ന കാണാതെ നെഞ്ച്..അങ്ങിനെ പാട്ട് തുടർച്ചയായി കേൾക്കുന്നു. വൈദേഹി രാവിലെ ഉണർന്ന് കുളിച്ച് അരിപ്പൊടി കൊണ്ട്കോലം വരച്ച് വിളക്ക് കത്തിക്കുന്നു. വൈദേഹിക്ക് ഒരു മാറ്റവും ഇല്ല. പത്രങ്ങൾ അടുക്കിത്തന്നെ വച്ചിട്ടുണ്ട്.

എങ്കിലും വൈദേഹി.അല്പം കൂടി പറയാം.

7

അന്ന് രാത്രി വളരെ വൈകിയാണ് വൈദേഹി കിടന്നത്. ഒരു പുസ്തകം കിട്ടിയത് വായിക്കുകയായിരുന്നു. അത് അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സോഫയിലിരുന്ന് വായിച്ച് മുതുക് വേദനിക്കാൻ തുടങ്ങിയപ്പോൾ അവൾ ബെഡ് റൂമിൽ കിടക്കയിൽ കിടന്ന് വായന തുടർന്നു.

വായിച്ച് വായിച്ച് ഉറങ്ങിപ്പോയി.

എപ്പോഴോ, പാതിരാത്രി കഴിഞ്ഞുകാണും, കാളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു. സ്വപ്നത്തിലായിരിക്കുമെന്ന് കരുതി അവൾ എഴുന്നേറ്റ് നോക്കിയില്ല. പിന്നേയും ശബ്ദം കേട്ടപ്പോൾ ഉണർന്നു.

ഉറക്കച്ചടവിൽ സ്വിച്ചുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. ഹാളിലെ ലൈറ്റ് തെളിഞ്ഞപ്പോൾ കാളിങ്ങ് ബെൽ മുഴങ്ങുന്നത് നിന്നു.

അവൾ ഒരു നിമിഷം ആലോചിച്ചു.

Comments

comments