മല കയറുകയാണ്.തളര്‍ച്ചയുടെ കയത്തില്‍നിന്ന്‍ കാലുകള്‍ പണിപ്പെട്ടു വലിച്ചെടുത്ത്‌ കിതച്ചു കിതച്ചു കയറുകയാണ്. കാതങ്ങള്‍ ഒത്തിരി പിന്നിട്ടു കഴിഞ്ഞു. ലക്ഷ്യം ഇപ്പോഴും അകലെ തന്നെ. ദാഹത്തിന്‍റെ തീനാമ്പുകള്‍ ആത്മാവോളം പടരുന്നു. തോല്‍ക്കുടത്തില്‍ ഇത്തിരി വെള്ളമുണ്ട്. അതവിടെ ഇരിക്കട്ടെ. ഗുരുവിന്തൊട്ടു കൊടുക്കണം. ഒലിവു ചില്ലകളില്‍ തിത്തിരി പക്ഷികള്‍ കലപില കൂട്ടുന്നു. അവര്‍ പറയുന്നത് എന്താവും? ഗുരുവിനെക്കുറിച്ചാവാം.

കാനായിലെ കല്യാണവീട്ടിലെ കലവറയുടെ മുന്നിലെ നീണ്ട ഇടനാഴിയില്‍  വെച്ചായിരുന്നുആദ്യമായ് കണ്ടത്.പ്രസാദം ഇറ്റ് വീഴുന്നകണ്ണുകള്‍!ജ്വലിക്കുന്ന ചൈതന്യം! ഞങ്ങള്‍ പെണ്‍കുട്ടികള്‍ പാത്തും പതുങ്ങിയും പിന്തുടരുകയായിരുന്നു അവനെ.വീര്യംകുറഞ്ഞ വീഞ്ഞ് ആദ്യം വിളമ്പി മുന്തിയത്ഒളിച്ചുകടത്താന്‍ പൂഴ്ത്തി വച്ചിരുന്ന കലവറക്കാരന്‍റെ കാപട്യം അവന്‍ കയ്യോടെ പിടിച്ചത് അന്ന്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ മാത്രം കണ്ടു. അയാളെ അപമാനിതനാക്കാന്‍ മനസ്സ് വരാഞ്ഞിട്ടാവുംഅമ്മയോട് എന്തോ എതിര്‍ത്ത് പറഞ്ഞ്പന്തല്‍ വിട്ട് പൊടുന്നനെ അവന്‍ മറഞ്ഞുകളഞ്ഞത്. കലവറയില്‍ നിന്നും ലഹരി നുരയുന്ന വീഞ്ഞ് രണ്ടാം പന്തിയിലേക്ക് എത്തിയതും യേശു വെള്ളം വീഞ്ഞാക്കി മാറ്റി എന്ന്‍ വാര്‍ത്തയൊഴുകിയതുംപെട്ടെന്നാണ്. ഞാനും വെറോണിക്കയും  പരസ്പരം നോക്കി കണ്ണിറുക്കി ചിരിച്ചു. വിരുന്നുകാരെ തട്ടിയും തടഞ്ഞും അവന്‍ പോയ വഴിയേ കുറേ ഓടി നോക്കി. എങ്ങും കണ്ടില്ല.

പിന്നെപ്പിന്നെ ഒരുപാട് കേട്ടു. എല്ലാം അവന്‍റെ പുകളുകള്‍. സിനഗോഗുകളില്‍ ജനം തിക്കിത്തിരക്കുന്നു. രോഗികള്‍  തെരുവുകള്‍ തോറും കാത്തിരിക്കുന്നു. ഒരു സ്പര്‍ശത്തിനായ് മാത്രം. ഒരു മൊഴിക്കായ് മാത്രം. ഒടുവില്‍ ഒരാഴ്ച മുന്നേ ജറുസലേമിലേക്ക് അവന്‍റെ യാത്ര. സൈത്തിന്‍ കൊമ്പുകളും ജയ്‌വിളികളും. ജറുസലേം അന്നുവരെ കാണാത്ത ജനമുന്നേറ്റം. പോകാന്‍ കൊതിച്ചതാണ് അന്നും.പക്ഷെ, സാധിച്ചില്ലല്ലോ.

അമ്മയെ ദേവാലയത്തില്‍വച്ചു കാണുമ്പോള്‍ അന്വേഷിക്കാറുണ്ട്. സങ്കടം മുക്കിയ  പുഞ്ചിരിയാണ് എന്നും മറുപടി. കൂടെ സലോമിയുമുണ്ടാകും. മൂത്താങ്ങളയെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാ അവള്‍ക്ക്. സലോമി ഒരു കൊഞ്ചിക്കുട്ടിയാണ്. നീളമുള്ള മുടി കോതിയൊതുക്കി തൈലം പുരട്ടി ഒരു കൊച്ചു മാലാഖയായി വിലസി നടക്കുന്നവള്‍.ആങ്ങളമാര്‍ അഞ്ചുണ്ടെങ്കിലും യേശുവിനോടാ അവള്‍ക്കിഷ്ടം. ജോര്‍ദാനില്‍ നിന്ന്‍ എത്തിയ വ്യാപാരി ഭാണ്ഡത്തില്‍ നിന്ന്‍ എടുത്തു നീട്ടിയ അത്തര്‍ മണത്തുനോക്കി ഒരിക്കല്‍ അവള്‍ ചിണുങ്ങി.

വാങ്ങിത്തരുവോ എനിക്ക്?

വിലപേശി വാങ്ങി യേശു. എന്നിട്ട് അവളെ കളിയാക്കി.

എടീ അത്തര്‍ കൊതിച്ചീ, ഞാന്‍ ഒരിക്കല്‍ യൂദയായുടെ രാജാവായിത്തീരും. അറേബ്യയിലെ അത്തര്‍ മുഴുവന്‍ വാങ്ങിത്തരാന്‍ പറയുവോ നീ അന്നേരം? അത്താഴത്തിനു യവപ്പൊടി വാങ്ങാന്‍ വെച്ച കാശാ.ഇനിയിപ്പൊ എന്ത് ചെയ്യും? മീന്‍ കിട്ടുമോന്ന്‍ നോക്കട്ടെ.

യേശു വലയുമായി ഇറങ്ങി. മരപ്പണികൊണ്ട് ഒന്നിനും തികയാത്തപ്പോള്‍  മീന്‍ പിടിച്ചു വിറ്റാണ് കാര്യങ്ങള്‍ നടത്തുന്നത്. എതു ഭാഗത്ത്‌ വല വീശിയാല്‍, ഏത് സമയത്ത് വലയെറിഞ്ഞാല്‍, നിറയേ മീന്‍ കിട്ടുമെന്ന് അവന്‍ പഠിച്ചത് അങ്ങനെയാണ്. ജലോപരി പൊന്തി വന്ന്‍ മീനുകള്‍ വിളിച്ചു പറയും.. ദാ.. ഞങ്ങള്‍ ഇവിടെയുണ്ട്. പിടിച്ചു കൊണ്ടുപൊയ്ക്കോ. മടിയന്‍മാരായ അനിയന്മാര്‍ക്കും  ആ കൊതിച്ചി സലോമിപ്പെണ്ണിനും വയറു നിറയട്ടെ.

ഈ പെടാപാടിനിടയിലും വിപ്ലവത്തിന് കുറവൊന്നുമില്ല. പാപികള്‍ക്കും ചുങ്കക്കാര്‍ക്കും ഒപ്പമാണ് നടപ്പ്. കുഷ്ഠരോഗികള്‍ക്കും വിജാതീയര്‍ക്കുമൊപ്പം. കല്ലെറിയപ്പെടുന്നവരുടെ രക്ഷകന്‍. ബന്ധിതരുടെ മോചകന്‍. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുന്നവന്‍. വെറുമൊരു തച്ചന്‍റെ മകന്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നു! രാജമന്ദിരങ്ങളിലും പുരോഹിതഗേഹങ്ങളിലും കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കീഴ്വഴക്കങ്ങളെല്ലാം ലംഘിക്കുന്ന ധിക്കാരി!

ഗാഗുല്‍ത്തായിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നത്രേ. വെറോണിക്കയാണ് പറഞ്ഞത്. കുരിശുമായ് പലവട്ടം വീണുപോയ്‌ പോലും. കുരിശിന്‍റെ വഴിയിലെ ഒടുക്കത്തെ കൂടിക്കാഴ്ച! പരുപരുത്ത കല്ലുകള്‍ കുത്തിക്കയറി ദേഹമാകെ ചോരയോലിച്ച്…ആമുഖം പതിഞ്ഞ തൂവാലയും നെഞ്ചോടുചേര്‍ത്ത് പൊട്ടിക്കരയുകയായിരുന്നു വെറോണി.എത്ര ചരല്‍ വഴികള്‍ ഇടവഴികള്‍ പിന്നാലെ നടന്നു!അവന്‍ പോകുന്നിടമൊക്കെ അവളും ഉണ്ടായിരുന്നു.ആരോരുമറിയാതെ. വെറോണിക്ക എന്ന നിശബ്ദ അനുയായി. ഗുരു അറിഞ്ഞിരിക്കാം. അറിഞ്ഞില്ലെന്ന്‍ നടിച്ചതാവാം.ഗാഗുല്‍ത്തായിലേക്ക് പോകുമ്പോള്‍ വെറോണി വിളിച്ചതാണ്. ഒപ്പം ഇറങ്ങിയോടാന്‍ കൊതിച്ചതുമാണ്. ആശകള്‍ മനസ്സില്‍ കുഴിച്ചുമൂടുകയായിരുന്നുഎന്നും ഞാന്‍. അനുമതി ചോദിക്കാന്‍  ധൈര്യമുണ്ടായില്ല. പ്രവിശ്യാ ഭരണാധിപന്‍റെ മകള്‍ നസ്രായനെ കാണാന്‍ പോകാനോ? ദൈവദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യപ്പെട്ട് വിധിക്കപ്പെട്ടവനെ!

ആബാ എല്ലാം മറന്നു കാണും…

രണ്ടു വര്‍ഷം മുമ്പാണ്. എനിക്ക് പനിയായിരുന്നു. അതിഭയങ്കര ജ്വരം. ഒരാഴ്ച നീണ്ട ഘോര ജ്വരം. ഞാന്‍ അവശയായ്ക്കഴിഞ്ഞു. ആബായോട് പലരും പറഞ്ഞു, യേശുവിനെ വിളിക്കാന്‍. പനിക്കിടക്കയില്‍  ഇരുന്ന്‍ വെറോണിഒരുപാട് കഥകള്‍ പറഞ്ഞു. അയ്യായിരം പേര്‍ വിശപ്പ്‌ മറന്ന്‍ അവനെ കേട്ടിരുന്ന കഥ. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ്‌ മാറ്റി എന്നാണ് ജനം പാടി നടന്നത്.കാറ്റും കടലും പോലും അവനു മുന്നില്‍ അടങ്ങി നിന്ന  കഥ. ആ കഥ എനിക്കിഷ്ടമായി. മഴയേ, ഇവിടെ വന്നു പെയ്യൂ.. അവന്‍ പറയുന്നു. പെട്ടെന്ന്‍ ചാറുന്ന മഴയില്‍ നനഞ്ഞു നടക്കുന്നുഅവനോടൊപ്പം ഞാന്‍. തെന്നി വീഴാതെ അവനെന്നെ മുറുകേ പിടിച്ചിട്ടുണ്ട്. എന്നിട്ടും അബോധത്തിന്‍റെ കയത്തിലേക്ക് അറിയാതെ വഴുതി വീഴുന്ന പോലെ.

അയ്യോ അവള്‍ മരിച്ചുകഴിഞ്ഞു. ഇനിയെങ്കിലും വിളിക്കൂ ഗുരുവിനെ.വെറോണിക്കയുടെ കരച്ചില്‍ ചുമരുകള്‍ കടന്ന്‍ പാഞ്ഞു. അയല്‍ക്കാര്‍ ഓടിക്കൂടി. വിലാപത്തിന്‍റെ കടലിരമ്പുകയാണ്.

ഒടുവില്‍ കാറ്റ് പോലെ ആബാ ഇറങ്ങിയോടിയത്അറിഞ്ഞു. ബോധത്തിന്‍റെ ഓളങ്ങള്‍ വന്നും പോയും കരയെ തൊട്ടു. ഒരുവിളിക്കായി കാത്തുകാത്ത് കണ്ണടച്ചു കിടന്നു. നിമിഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ നീളം. ഗലീലി തടാകത്തില്‍ കാറ്റുണ്ട്. ഞാന്‍ ഇളകാനും മറിയാനും തുടങ്ങി. വെറോണിക്കനുള്ളി നോവിച്ചു. അനങ്ങാതെ കെടന്നോ. നിനക്ക് യേശുവിനെ കാണണ്ടേ?കാറ്റ് ശമിച്ചു.ചിരപരിചിതമായ ഏതോ സുഗന്ധം പരക്കുന്നു.സലോമി അടുത്തു വരുമ്പോഴുള്ള അതേ മണം. ശ്വാസത്തില്‍ നിറഞ്ഞ് ആത്മാവില്‍ പടരുന്ന വാസന.പരുപരുത്ത ഒരു കൈത്തലം എന്നെ തൊടുന്നു.മുള്ളുകൊള്ളുന്ന പോലെ. എങ്കിലും എനിക്ക് നൊന്തില്ല. മെല്ലെമെല്ലെ കണ്ണു തുറന്നു. പിടിച്ചെഴുന്നേല്‍പ്പിച്ച് അവന്‍ ഒരു നോട്ടം! ഇന്നും ഞാനത് മറന്നിട്ടില്ല. കണ്ടുപിടിച്ചു എന്‍റെ കള്ളത്തരം!

ഇവള്‍ മരിച്ചിട്ടില്ല. ഉറങ്ങുകയായിരുന്നു. ആബായോട് അവന്‍ പറഞ്ഞു.

അല്ല.ഉറക്കം നടിക്കുകയായിരുന്നു. പറയണമെന്നുണ്ടായിരുന്നു.നീണ്ട താടി പതുക്കെ തടവി എന്നെ നോക്കി അവനിരുന്നു. കണ്ണിലെ കുസൃതി അവന്‍ വായിച്ചു കാണും.ആബായും വെറോണിക്കയും അടുത്തില്ലായിരുന്നെങ്കില്‍ നിശ്ചയമായും കെട്ടിപ്പിടിച്ച്ഉമ്മ വെച്ചേനെ ഞാന്‍. മഗ്ദലനയിലെ മേരിയോട് പോലും ക്ഷമിച്ചവന്‍ എന്നോടും പൊറുക്കും. എനിക്കറിയാം. സ്നേഹം ഒരു തെറ്റാണോ?

പുറത്ത് ആളുകള്‍ തിക്കിത്തിരക്കുന്നുണ്ട്. എല്ലാവര്‍ക്കും അവനെ കാണണം. കൈകളില്‍ ചുംബിക്കണം.

ദയവായി മാറി നില്‍ക്കൂ. അവള്‍ക്ക് സുഖമാവട്ടെ.ഗുരു നിങ്ങളെ കാണാതെ പോവില്ല.

ആബായുടെ വാക്കുകള്‍ ആരു കേള്‍ക്കാന്‍!കാട്ടുതീ പോലെ  പടര്‍ന്നുകഴിഞ്ഞു വാര്‍ത്ത.ചുണ്ടുകളില്‍ നിന്ന് കാതുകളിലേക്ക് ദേശങ്ങള്‍ കടന്ന്‍ അത് പരന്നൊഴുകി. മരിച്ച ബാലികയ്ക്ക് യേശു ജീവന്‍ കൊടുത്തിരിക്കുന്നു!

ആബാ എല്ലാം മറന്നു!എത്ര വേഗം മറന്നു!

വിതുമ്പലുകള്‍ക്കിടയില്‍ഇരുട്ടുറങ്ങുന്ന കോണില്‍ മരണത്തോളം മരവിച്ച് ഞാന്‍ ചടഞ്ഞിരുന്നു. ഒന്നവിടെ ഓടിയെത്താനായെങ്കില്‍…

പുറത്ത് ഓട്ടുമണി കിലുങ്ങി. കയ്യഫാസിന്‍റെ ദൂതനാണ്. നസ്രായനെ കുരിശില്‍ തറച്ചു കഴിഞ്ഞു.ആഘോഷം തുടങ്ങിക്കഴിഞ്ഞു.മേലങ്കി എടുത്തണിഞ്ഞ് ആബാ തിടുക്കത്തില്‍ പടിയിറങ്ങി. നടന്നകലുമ്പോള്‍നോക്കിയ നോട്ടത്തില്‍ ഒരു ശാസന തെറിച്ചുനിന്നു.വിലക്കിന്‍റെ പുകച്ചുരുളില്‍ ശ്വാസം മുട്ടിതിളച്ചുമറിഞ്ഞ് വിങ്ങിവിങ്ങി ഒടുവില്‍ ഒരു കൊടുങ്കാറ്റു പോലെ ഞാന്‍ ഇറങ്ങിയോടി.ഒലിവ് തോട്ടങ്ങള്‍കടന്ന്‍ കുന്നിന്‍ ചരിവുകള്‍ പിന്നിട്ട് ബാര്‍ളിപ്പാടങ്ങള്‍മുറിച്ചുകടന്ന്‍ പായുകയായിരുന്നു ഞാന്‍.

അടിവാരത്ത് എത്തിയപ്പോഴേക്കും തളര്‍ന്നു കഴിഞ്ഞു.ജനം കുന്നിറങ്ങിത്തുടങ്ങി. നിരാശ കൂടു കൂട്ടിയ കുറേ മുഖങ്ങള്‍ കടന്നുപോകുന്നു.വഴി നീളെ അവന്‍റെ രക്തം!

സത്യമായും അവന്‍ നീതിമാനായിരുന്നു. ആരെയും വെറുക്കാനാവാത്ത സാധു മനുഷ്യന്‍.ആ ദ്രോഹികള്‍ക്ക് വേണ്ടിയാ പ്രാര്‍ഥിച്ചത്, അവസാന നിമിഷോം.

അത്തിമരച്ചോട്ടില്‍ വാടിയിരിക്കുന്ന മനുഷ്യന്‍ പറയുന്നു. നര കയറിത്തുടങ്ങിയ താടി. ഒരാഴ്ചത്തെ ഉറക്കം തളം കെട്ടിയ കുഴിഞ്ഞ കണ്ണുകള്‍.കിതപ്പടങ്ങും വരെ ഞാനും അയാള്‍ക്കൊപ്പമിരുന്നു. ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

കുരിശില്‍ കിടന്ന്‍  ദാഹിച്ചു കരഞ്ഞു. പാവം! ദൈവത്തെ വിളിച്ച് ഉറക്കെയുറക്കെ കരഞ്ഞു. ഞങ്ങള്‍ക്കിനി ആരുമില്ല. അവര്‍ ഞങ്ങളെയും കൊല്ലും.

മെല്ലെയെണീറ്റ്വേച്ചുവേച്ചു നടന്നകലുകയാണ് അയാള്‍.

ഇനിയെന്തിനാണ് യാത്ര! എല്ലാം പൂര്‍ത്തിയായിരിക്കുന്നു…

തോല്‍ക്കുടം മറിഞ്ഞ് ഉരുണ്ടുരുണ്ട്‌ താഴോട്ട് നീങ്ങി. നാവില്‍ കയ്പു നിറഞ്ഞു. കാഴ്ച മങ്ങുന്നു. എന്തെന്നില്ലാത്ത പക ഇരച്ചുകയറുകയാണ്‌. നീതിമാനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്ത ദൈവത്തോട്. എനിക്ക് വേണ്ട ആ ദൈവത്തെ.

ഏയ്… ഒന്ന് നില്‍ക്കൂ…

പെട്ടെന്നുണര്‍ന്ന ബോധത്തില്‍ ഞാന്‍ ഉറക്കെ  വിളിച്ചു. ആ പോകുന്നത് ഭീരുക്കളില്‍ ഒരാളല്ലേ! പന്ത്രണ്ടു പേരില്‍ ഒരാള്‍! ഒരു കൂട്ടം ചോദിക്കാനുണ്ട് അയാളോട്.

ഒന്ന്‍ തിരിഞ്ഞു നോക്കി അയാള്‍ നടത്തംതുടര്‍ന്നു. നിരാശയുടെ കല്‍പടവുകളിറങ്ങി ദൂരെ ഒരു പൊട്ടുപോലെഅയാള്‍ മറഞ്ഞു.

മൂന്നു കുരിശുകള്‍ കണ്ടുതുടങ്ങിയിട്ട് കുറച്ചു നേരമായി. കല്ലും മുള്ളും ചവിട്ടി ഇതാ ഒടുവില്‍ ഞാന്‍ എത്തിയിരിക്കുന്നു. അമ്മയുടെ മടിയില്‍ കിടത്തുകയാണ് അവനെ.മുറിവേറ്റ മുഖത്ത് മുഖം ചേര്‍ക്കുത്തിരിക്കുന്നു അമ്മ.യുഗാന്തരങ്ങളായി അനക്കമറ്റ ഒരു പ്രതിമ പോലെ, പൊട്ടിക്കരയാതെ, അമ്മ.

പറിച്ചു മാറ്റല്ലേ എന്‍റെ മോനെ.. ഒരു നിശബ്ദ പ്രാര്‍ത്ഥന കാറ്റില്‍ മൂളിമൂളി നില്‍ക്കുന്നു.

കണ്ണുകള്‍ അടച്ച് ശാന്തമായ് ഉറങ്ങുകയാണ് അവന്‍.

എന്തേ നീ വൈകി… ചോദിച്ചത് ആരാണ്?

ആണിപ്പഴുതുകളില്‍ തലോടുന്ന മഗ്ദലനാക്കാരി ആരു നീ എന്ന നോട്ടമായ് എന്നെ വിഴുങ്ങുന്നു.എന്‍റെ വരവ്  ഇഷ്ടമായിട്ടില്ല അവള്‍ക്ക്.അരിമത്തിയാക്കാരന്‍ ജോസഫും സുഗന്ധപ്പുകയില്‍ നിന്ന്‍ എത്തിനോക്കുന്നു.സഹിക്കുന്നില്ല നോട്ടങ്ങള്‍. സമീപത്തായി വാ പൊളിച്ചു നില്‍ക്കുന്ന കല്ലറയുടെ ഒരു വശത്തേക്ക് മാറി  ഞാന്‍ ഒതുങ്ങി നിന്നു.  അവനെ കല്ലറക്കുള്ളില്‍ ഒളിപ്പിച്ച് വലിയൊരു കല്ലുരുട്ടി വാതില്‍ അടക്കുകയാണ് അവര്‍.എനിക്ക് ഉറക്കെ കരയണമെന്ന് തോന്നി. വിതുമ്പല്‍ കടിച്ചിറക്കി നിന്നു. ഗദ്ഗദം അടക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന ഒരു മനുഷ്യന്‍ കൂട്ടത്തിലുണ്ട്. വെറോണി പറഞ്ഞ ലക്ഷണം വെച്ച്അത് യോഹന്നാന്‍ ആയിരിക്കാം. യേശുവിന്‍റെ പ്രിയപ്പെട്ടവന്‍. അമ്മയെ താങ്ങിപ്പിടിച്ച് മുന്നേ നടക്കുകയാണ് അയാള്‍. പിന്നാലെ മറ്റു സ്ത്രീകളും. അവര്‍ കുന്നിറങ്ങിത്തുടങ്ങി.

അവിടെ ഒറ്റക്ക് നില്‍ക്കാതെ പോരൂ കുട്ടീ..

യോഹന്നാന്‍റെ വിളി കുന്നിന്‍ ചരിവില്‍ നിന്ന്‍ കേള്‍ക്കാം.

എനിക്ക് നിങ്ങളോട് അസൂയയാ. ഗുരുവിന്‍റെ മനസ്സില്‍ കയറിക്കൂടിയില്ലേ നിങ്ങള്‍. വിളിച്ചു പറയണമെന്ന്‍ തോന്നി.

ഇരുള്‍ പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങി.

കല്ലറക്ക് കാവല്‍ക്കാരുണ്ട്. അവരുടെ കണ്ണില്‍ പെടാതെ ഇരുളിന്‍റെ കൂട്ടില്‍ ഞാനിരിക്കുന്നു. കാല്‍വരിയിലെ പൊന്തക്കാടുകള്‍ എനിക്ക് മറ തീര്‍ക്കുന്നു.ആബാ മടങ്ങിയെത്തിക്കാണും. അന്വേഷിച്ചു തളരട്ടെ. ഗോലാന്‍ കുന്ന്‍ കയറി വരുന്ന കാറ്റ് അടക്കം പറയുന്നു.മരിച്ചിട്ടില്ല അവന്‍!സത്യമോ! എങ്കില്‍ വിട്ടുകൊടുക്കില്ലആര്‍ക്കുമിനി.ഇപ്പോള്‍ എനിക്കും അവനും  ഇടയില്‍ ഒരേയൊരു കല്ലു മാത്രം. ഒരു  കൂറ്റന്‍ കല്ല്‌. ആ കല്ല്‌ ആരൊന്നെനിക്ക് മാറ്റിത്തരും?

കാവല്‍ക്കാര്‍ മഴ പേടിച്ച് അകലെ മരച്ചോട്ടിലേക്ക് മാറുകയാണ്.

പാറകള്‍ പിളരുന്ന  ഇടിമുഴക്കം!

പാറക്കെട്ടില്‍ പൊട്ടിച്ചിതറിയ നീര്‍ച്ചാല്‍  തടാകമായ് മാറുന്നു. ഗലീലി തടാകം.

കരയരുത് കുട്ടീ…

ആടിയുലയുന്ന വഞ്ചിയിലിരുന്ന്‍  രക്തമിറ്റുന്ന കരങ്ങളാല്‍ ഗുരു എന്നെ ചേര്‍ത്തണക്കുന്നു.  ഇരുട്ട് മുകളില്‍ കുട പിടിച്ചു നില്‍ക്കുന്നു. ആകാശവും ഭൂമിയും അറിയാതെ,നക്ഷത്രങ്ങള്‍ കാണാതെ, ഞങ്ങള്‍ യാത്ര തുടങ്ങട്ടെ.  ദൂരെദൂരേക്ക്. ലോകം മുഴുവന്‍ അന്വേഷിക്കട്ടെ ഗുരുവിനെ. ഭൂമിയുടെ അന്ത്യത്തോളം അന്വേഷണം തുടരട്ടെ.
———————————————

Emal: [email protected]

വര: ഷാരോൺ റാണി

Comments

comments