സംവാദങ്ങൾക്ക് വഴങ്ങാത്ത, അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ശത്രുതയുടെയും ആയുധശാലകളിൽ നിന്നാണു ഫാസിസം അതിന്റെ കരുത്ത് നേടുന്നത്. വംശശുദ്ധിയുടെ വൈകാരികാവേശങ്ങളിൽനിന്ന് കൊളുത്തപ്പെട്ട സാമാന്യബോധത്തിന്റെ ആളുന്ന തീക്കുണ്ഡങ്ങളിലേക്കാണു ജർമ്മനിയിലെ ഫാസിസ്റ്റ് ഭരണകൂടം ലക്ഷക്കണക്കിനു ജൂതരെ വലിച്ചെറിഞ്ഞത്. ഹിറ്റ്ലർ ഭരണത്തിലേറുന്നതിനു മുൻപ് തന്നെ നാസികൾ കള്ളക്കഥകളിലും അന്ധവിശ്വാസത്തിലും ആഴ്ന്നു പോകുന്ന സാമാന്യബോധത്തെ രൂപപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവയ്ക്കു വേണ്ടി സംസാരിക്കുകയും എഴുതുകയും പൊരുതുകയും ചെയ്ത കലാകാരന്മാരെയും ബുദ്ധിജീവികളെയും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെയും കമ്മ്യൂണിസ്റ്റുകാരെയും വേട്ടയാടാൻ തുടങ്ങിയിരുന്നു. അങ്ങിനെ ഭീതിയുടെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചുകൊണ്ട് ഫാസിസം അതിന്റെ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരുന്നു. സമാനമായ സൂചനകൾ നൽകിക്കൊണ്ട് ഇന്ത്യയിലും ഹിന്ദുത്വഫാസിസ്റ്റുകൾ അക്രമാത്മകമായ പണികൾ വളരെ മുൻപെ തുടങ്ങിക്കഴിഞ്ഞു. മിത്തുകളും കെട്ടുകഥകളും ചരിത്രമാക്കുകയും ചരിത്രത്തെ വളച്ചൊടിച്ചു കെട്ടുകഥകളാക്കുകയും ചെയ്തുകൊണ്ട് ആൾദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിബോധത്തിന്റെയും ചിറകുകളിൽ ഇന്ത്യൻ ഫാസിസം രക്തദാഹിയായ ഡ്രാക്കുളയെപ്പോലെ; ചരിത്രത്തിന്റെ കറുത്തിരുണ്ട തുരങ്കങ്ങളിൽ നിന്ന് പൊതുജീവിതത്തിന്റെ മൈതാനങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്നാണു നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രഫ കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഹൈന്ദവ വർഗ്ഗീയവാദികളുടെ തോക്കിൻ കുഴലുകൾക്ക് മുൻപിൽ ഈ മനുഷ്യർ പിടഞ്ഞുവീണു മരിക്കുമ്പോൾ ഇന്ത്യൻ മധ്യവർഗ്ഗസാമാന്യബോധം ഏറെക്കുറേ നിശ്ശബ്ദമാണെന്ന് പറയാം. സംഘപരിവാർ എണ്ണിയാലൊടുങ്ങാത്ത സംഘടനകളുണ്ടാക്കിക്കൊണ്ടും എല്ലാ ജാതി മത സംഘടനകളിലേക്കും നുഴഞ്ഞു കയറിക്കൊണ്ടും സ്വതന്ത്രചിന്തയെയും ശാസ്ത്രബോധത്തെയും മതേതരബോധത്തെയും ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും വേട്ടയാടുന്ന ചിത്രമാണു ഓരോ ദിവസം കഴിയുന്തോറും തെളിഞ്ഞുവരുന്നത്. യുക്തിചിന്തയെയും ശാസ്ത്രബോധത്തെയും തകർത്തുകൊണ്ടാണു എല്ലാ മതാധിപത്യ-വംശീയ മോഹങ്ങളും അതിന്റെ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നത്. ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും സ്ഥാനമുറപ്പിച്ചിട്ടുള്ള പോലീസും പട്ടാളവും ജഡ്ജിമാരും മറ്റുദ്യോഗസ്ഥപ്രമാണിമാരും മതവൈകാരികതയുടെയും പാരമ്പര്യവിശ്വാസങ്ങളുടെയും അയുക്തികമായ ബോധം കൊണ്ട് ഇതിനെയൊക്കെ സ്വന്തം മനസ്സുകളിലെങ്കിലും ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിഗ്രഹാരാധനയ്ക്കും ലിംഗജാതി വിവേചനങ്ങള്‍ക്കുമെതിരെ പൊരുതുകയും നാട്ടുഭാഷയിൽ കാവ്യമെഴുതുകയും ചെയ്ത ബസവണ്ണ എന്ന ബസവേശ്വരനെ അന്ധവിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും മതില്‍ക്കെട്ടിനുള്ളിലാക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുകൊണ്ട് യഥാര്‍ത്ഥ ബസവേശ്വരനെ ജനങ്ങള്‍ക്ക് വേണ്ടി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് പ്രൊഫ: കൽബുര്‍ഗി നടത്തിക്കൊണ്ടിരുന്നത്. ചാതുര്‍വര്‍ണ്യത്തിനും സവര്‍ണ്ണാചാരങ്ങള്‍ക്കും, സവര്‍ണ്ണപീഡനങ്ങള്‍ക്കും ജാതിചിന്തകള്‍ക്കും എതിരെ പൊരുതിയ ശ്രീനാരായണ ഗുരുവിനെ സവര്‍ണ്ണഹിന്ദുത്വ ഫാസിസത്തിന്റെ
തൊഴുത്തില്‍ കെട്ടാന്‍നടത്തുന്ന ശ്രമങ്ങളുമായി ഈ പ്രശ്നങ്ങളെ കൂട്ടിവായിക്കാവുന്നതാണ്. അന്ധവിശ്വാസങ്ങളിലും ജാതിമതാചാരങ്ങളിലും വേരുകളാഴ്ത്തിക്കൊണ്ട് വളരുന്ന ഫാസിസത്തിന്റെ ദ്രംഷ്ടകൾ അരിഞ്ഞു വീഴ്ത്താനും ജീവിതം സുരക്ഷിതവും സ്വതന്ത്രവും ആക്കിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് കൽബുർഗി എന്ന എഴുത്തുകാരനും ചിന്തകനും നടത്തിക്കൊണ്ടിരുന്നത്. ബസവേസ്വരന്റെ വചനങ്ങൾക്ക് അദ്ദേഹം സ്ഥാപിച്ച ലിംഗായത്ത് മതവിഭാഗക്കാർക്ക് തന്നെ വേണ്ടാതായ ആസുരകാലത്താണദ്ദേഹം മനുഷ്യപ്പറ്റുള്ള മതത്തിനും ജീവിതത്തിനും വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. കർണാടകയിൽ രണ്ടു ദിവസം മുൻപ് കൽബുർഗിയെയും, മഹാരാഷ്ട്രയിൽ അഞ്ചു മാസം മുൻപ് ഗോവിന്ദ് പൻസാരയെയും, രണ്ടു വർഷം മുൻപ് ധബോൽക്കറെയും പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നത് ഗാന്ധിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന ഗോഡ്സേയുടെ ആശയങ്ങളാൽ പരിശീലിക്കപ്പെട്ടവരാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കാരണം സംഭവങ്ങളുടെ സമാനതയും അതിനു മുമ്പും പിൻപും നടന്നുകൊണ്ടിരിക്കുന്ന ഹിംസാത്മക ഹിന്ദുത്വപ്രചരണങ്ങളും മതിയായ തെളിവുകളാണ്. ഗാന്ധിജിയ്ക്ക് പോലും ക്ഷേത്രമില്ലാത്ത ഈ നാട്ടിൽ ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയണമെന്ന് പറയുന്നത് മാത്രം മതി ഫാസിസത്തിന്റെ പുറപ്പാടുകൾ മനസ്സിലാക്കാൻ.
ഹിന്ദുത്വ ഫാസിസം വളരുന്നത് യുക്തിബോധം നഷ്ടപ്പെട്ട്, വൈകാരികാവേശം കൂടിനിൽക്കുന്ന മനസ്സുകളിൽ കുമിഞ്ഞു കൂടുന്ന വിശ്വാസങ്ങളും അനുഷ്ഠിക്കുന്ന ആചാരങ്ങളും സങ്കുചിതമായ മതചിന്തയും അതി ജീർണമായ ജാതി ബോധവും കൊണ്ടാണ്. ഫാസിസം പ്രച്ഛന്നമായ പല വേഷങ്ങളിൽ നമ്മുടെ ഉള്ളിൽ തന്നെ വീട് കെട്ടി താമസമുറപ്പിക്കുകയാണ്എന്നാണ് സമകാലിക ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. സ്വന്തം വിശ്വാസങ്ങൾക്ക് എതിരായ ബാഹ്യവും ആന്തരികവുമായ ഏതു ചെറിയ ചലനങ്ങളും ഇങ്ങനെയുള്ള മനുഷ്യരെ അസ്വസ്ഥരും അക്രമാസക്തരും ആക്കുന്നു എന്നുള്ളതാണ് ഫാസിസത്തിന് വളരെ വേഗം വേരുകളിറക്കി പടരാൻ സന്ദർഭമൊരുക്കുന്നത്. ഇങ്ങനെ പടരുന്ന വിഷക്കാറ്റിനും അത് കൊണ്ടുവരാൻ പോകുന്ന അപരിഹാര്യമായ കൊടും ദുരിതങ്ങൾക്കുമെതിരെയാണ് ആത്മാർത്ഥതയും യുക്തിബോധവും ഇടതുപക്ഷ ബോധവും ഉള്ള കൽബുർഗി എഴുതുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തത്. യൂ .ആർ. അനന്തമൂർത്തിയും മറ്റും സഞ്ചരിച്ച വഴിയിലൂടെതന്നെയായിരുന്നു ഇദ്ദേഹവും നടന്നത്. കൊല്ലപ്പെടാൻ അവസരമുണ്ടാകുന്നതിനു മുൻപുതന്നെ അനന്തമൂർത്തി സ്വാഭാവിക മരണത്തിലേക്ക് നടന്നുപോയി. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നമ്മൾ മോഹിക്കുന്ന, മനുഷ്യപ്പറ്റുള്ള സാമൂഹ്യജീവിതം എന്ന ആശയം തിരിച്ചുപിടിക്കാനാണ് കൽബുർഗി തന്റെ ജീവിതം കൊണ്ട് ശ്രമിച്ചത്. കാരുണ്യമില്ലാത്ത മതം എന്ത് മതമാണു എന്ന് ബസവേശ്വരന്റെ ഒരു വചനത്തിൽ പറയുന്നുണ്ട്. അതുതന്നെയാണ് കൽബുർഗി നിരന്തരം ഉന്നയിക്കാൻ ശ്രമിച്ചതും.
ധർമപരിപാലനത്തിനും വിശ്വാസസംരക്ഷണത്തിനുമായുള്ള ഏറ്റവും ശരിയായ ധാർമ്മിക പ്രവർത്തനം എന്ന നിലയിലാണ് ഫാസിസം മനുഷ്യരെ ഹിംസാത്മകമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതും സാമാന്യബോധത്തിൽ അത് സ്വീകരിക്കപ്പെടുന്ന വിധത്തിലുള്ള സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കുന്നതും. അതുകൊണ്ടാണ് ജർമനിയിൽ ജൂതരെ കൊന്നത് ശത്രുവിനെ ഉന്മൂലനം ചെയ്യാനല്ലെന്നും മനുഷ്യവംശത്തെ ശുദ്ധീകരിക്കാനാണെന്നും ഹിംസയിൽ ഏർപ്പെട്ടവർതന്നെ വിശ്വസിച്ചത്. അങ്ങനെ ഹിംസ കുറ്റബോധമില്ലാത്ത ശുദ്ധീകരണത്തിന്റെയും സംരക്ഷണത്തിന്റെയും സാധാരണ പ്രവർത്തനങ്ങളായി. അങ്ങിനെതന്നെയായിരിക്കും ഗുജറാത്ത് വംശഹത്യയിൽ പങ്കെടുത്തവരും കൽബുർഗിയെ കൊന്നവരും വിശ്വസിക്കുന്നത്. അതുകൊണ്ട് നമ്മൾ മനുഷ്യപ്പറ്റുള്ള ജീവിതത്തിനും വീക്ഷണങ്ങൾക്കും വേണ്ടി നമ്മോടുതന്നെ ദയാരഹിതമായി പൊരുതേണ്ടതുണ്ട്. നമ്മുടെ മാംസത്തോട് ഒട്ടിച്ചേർന്നു വളർന്നു കൊണ്ടിരിക്കുന്ന മാതാന്ധതയുടെയും ജാതിബോധത്തിന്റെയും മുൾപ്പടർപ്പുകളെ വെട്ടിമാറ്റേണ്ടതുണ്ട്.
നാസിചരിത്രത്തിന്റെ ചോരതെരുവുകളിൽ നിന്ന് മനുഷ്യരുടെ നിലവിളികൾ ഓർമ്മകളായി വർത്തമാനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് നമ്മൾ സൂക്ഷ്മമായി തിരിച്ചറിയേണ്ട ഒരു കാലമാണിതെന്ന് പ്രൊഫ. കുലബർഗിയുടെ ചോരയും നമ്മോടു പറയുന്നുണ്ട്. വംശീയതയുടെയും ജാതിയുടെയും മതത്തിന്റെയും ഭൂഗർഭങ്ങളിൽ പതുങ്ങിയിരിക്കുന്ന ഫാസിസത്തിന്റെ പ്രവചനാതീതമായ ഭീകരതകൾക്കെതിരെ മാനവികതയുടെ പക്ഷത്തുനിൽക്കുന്ന മുഴുവൻ ആളുകളും ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ അണിനിൽക്കുക എന്ന് മാത്രമാണ് പ്രൊഫ. കുലബർഗിയും ധബോൽക്കറും പൻസാരിയും നമ്മോടു പറഞ്ഞു കൊണ്ടിരിക്കുന്നത്.
Be the first to write a comment.