ഞാന്‍ ഒരു നീണ്ട ശീതകാലനിദ്രയിലായിരുന്നു. ഏഴെട്ടു വര്‍ഷങ്ങളുടെ ആ സാഹിത്യ നിദ്രാവേളയില്‍  ഞാന്‍ ഒന്നും എഴുതിയില്ല. വായിച്ചുമില്ല . ഭൗതികവാദിയുടെ പരീക്ഷണ കൗശലത്തോടെ മുരുകന്‍റെ  ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടായിരുന്നു എന്‍റെ വഴിമാറ്റത്തിന്‍റെ തുടക്കം . എന്‍റെ യുക്തിബോധം നഷ്ടപ്പെട്ടു. ഉന്മാദത്തിന്‍റെ മയില്‍പ്പുറത്തു മുരുകന്‍ എന്നെ തേടിയെത്തി. നാല്‍പ്പത്തഞ്ചു വയസ്സോളം നാസ്തികനും കടുത്ത ഭൗതിക വാദിയുമായിരുന്ന എന്നെ ഒരു ദിവസം വേല്‍മുരുക ആവേശിച്ചു. ജ്ഞാനോദയത്തിന്റെ ഉന്മാദമെന്തെന്നു ഞാനറിഞ്ഞ ആദ്യ രാത്രി. ഉന്മാദത്തിന്റെ ആനന്ദത്തോളം വലിയൊരാനന്ദം ഞാന്‍ അനുഭവിച്ചിട്ടില്ല .മനുഷ്യസാധ്യമായ ഏറ്റവും വലിയ ആനന്ദവേള രതിയുടെതാണ് എന്നായിരുന്നു അന്നുവരെ ഞാന്‍ കരുതി വച്ചിരുന്നത് . എന്നാല്‍  മുരുകന്‍ എന്നെ ജ്ഞാനനൃത്തമാടിച്ചപ്പോള്‍ അതിനേക്കാള്‍ വലിയൊരു രതിമൂര്‍ഛ  ഞാന്‍ അനുഭവിച്ചു . മുരുക എന്നെക്കൊണ്ട് ഉന്മാദത്തിന്റെ അഗ്നിക്കാവടിയാടിച്ചു. കുമാരനാശാനും ഈ അഗ്നിപാരവശ്യത്തിൽ സ്വയം സമര്‍പ്പിതനായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്‍റെ സുബ്രഹ്മണ്യശതകം വായിച്ചപ്പോള്‍ മനസ്സിലായി. അതിനാല്‍ എന്‍റെ അയുക്തിക ഭക്തിയില്‍ എനിക്ക് ലജ്ജ തോന്നിയില്ല . കള്ളക്കാമാതുരന്‍ കനകവേലനിതാ വരുന്നു എന്ന് ആശാന്‍ പ്രണയപൂര്‍വ്വം എഴുതുമ്പോള്‍ മുരുകനോട് ഭക്തിയേക്കാള്‍ അധികമുള്ള പ്രേമപാരവശ്യം തന്നെയാണ് വെളിപ്പെടുന്നത്. പൊതുവേ കൃഷ്ണനോടാണ് എല്ലാവര്‍ക്കും പ്രേമം. എനിക്കത് മുരുകനോടായിരുന്നു .ഈ പ്രേമത്തെപ്പറ്റി തുറന്നു പറയാതെ എനിക്ക് വീണ്ടും എഴുത്ത് തുടങ്ങാന്‍ കഴിയില്ല. പുരോഗമന സ്വഭാവക്കാരായ എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയിലാണ് എന്‍റെ ഇടം എന്നത് കൊണ്ട് ഇത് മൂടി വെക്കുകയാണ് എന്‍റെ നിലനില്‍പ്പിനു നല്ലത് എന്നെനിക്കറിയാം. എന്നാല്‍ എനിക്കതിനു കഴിയുകയില്ല. നിങ്ങളുടെയിടയില്‍ പരിഹാസ്യനാകാന്‍ തയ്യാറായി കൊണ്ടാണ് ഞാനിത് തുറന്നു പറയുന്നത്. ഏകാന്തതയാണ് ഏറ്റവും വിശ്വസ്തനായ സുഹൃത്തും ഗുരുവും എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ ഈ ദിനങ്ങളിലായിരുന്നു.

എന്നെ ഫോണില്‍ വിളിച്ചിരുന്ന സാഹിത്യ സുഹൃത്തുക്കള്‍ എന്‍റെ എഴുത്തു നിലച്ചപ്പോളെന്നെ തിരിഞ്ഞു നോക്കാതായി. ദൈവങ്ങളുടെ കാല്‍ പിടിച്ചു കരഞ്ഞു നെഞ്ചു കലങ്ങിയ ഭാര്യയായിരുന്നു ഏകപിന്‍ബലം. ബോധത്തിന്‍റെ തെളിവെളിച്ചത്തിലൂടെ എന്നെ കൈ പിടിച്ചു നടത്തി പുനരധിവസിപ്പിക്കാന്‍ സഹായിച്ച സുനില്‍ പൂവേലിയായിരുന്നു എന്നെ പൂര്‍ണമായും മനസ്സിലാക്കിയ ഒരാള്‍. എന്നോട് ഏറെ നേരം സംസാരിച്ചിരിക്കാറുള്ള എന്‍റെ പ്രിയപ്പെട്ട ഡോക്ടര്‍ ജെയിംസ്‌ ആന്‍റണി ഓരോ പ്രാവശ്യവും ചെല്ലുമ്പോഴും എന്നോട് ചോദിക്കും എന്താ ശ്രീകുമാറെ എഴുത്ത് തുടങ്ങിയോ?
അതെ ഞാന്‍ വീണ്ടും അക്ഷരം എഴുതിപ്പഠിക്കാന്‍ തുടങ്ങുകയാണ്.

ഓം ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു

ഒലിവര്‍ സാക്സ് എന്ന എഴുത്തത്ഭുതം പൊലിഞ്ഞു പോയി .ഈ പ്രപഞ്ചം നാം ഭാവന ചെയ്യുന്നതിലും എത്രയോ വിചിത്രമാണെന്ന് മാത്രമല്ല നമുക്ക് ഭാവന ചെയ്യാന്‍ കഴിയുന്നതിലും എത്രയോ വിചിത്രമാണത്.” ഒലിവര്‍ സാക്സ് an anthropologist on mars എന്ന പുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഉദ്ധരണിയാണിത്‌. സാക്സ് ഒരു നിരീശ്വരവാദിയായിരുന്നു. എങ്കിലും ലോകപ്രശസ്തനായ ന്യൂറോളജിസ്റ്റ് എന്ന നിലയില്‍ രോഗങ്ങള്‍ മനുഷ്യമസ്തിഷ്ക്കത്തിൽ യുക്തി കൊണ്ടളക്കാനാവാത്ത മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നേരിട്ട് കണ്ടയാളായിരുന്നു. ചില രോഗങ്ങളുടെ അസാധാരണത്വം, അവ നല്‍കുന്ന അപൂര്‍വ സര്‍ഗശേഷി എന്നിവ പ്രതിപാദിക്കുന്ന an anthropologist on mars എന്ന കൃതിയാണ് ഒലിവര്‍ സാക്സ് എന്ന അപൂര്‍വപ്രതിഭയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. രോഗത്തിലെ അപൂര്‍വതകളെ ആവിഷ്കരിക്കുന്ന ഈ കൃതിയെ സപ്താത്ഭുതങ്ങളുടെ സമാഹാരമെന്നു വിശേഷിപ്പിക്കാം. ഏഴു രോഗികളുടെ അപൂര്‍വാവസ്ഥകള്‍, ഒരു മികച്ച പത്രപ്രവര്‍ത്തകന്റെയും നോവലിസ്റ്റിന്റെയും വൈദ്യശാസ്ത്രജ്ഞന്റെയും സമ്മേളിതപ്രതിഭയോടെ സാക്സ് ആവിഷ്കരിക്കുന്നു  .രോഗസാഹിത്യം എന്ന പുതിയൊരു സാഹിത്യവിഭാഗത്തില്‍ സാക്സിന്റെ കൃതികളെ ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു . സാക്സിന്റെ ചില കൃതികള്‍ ഞാന്‍ സ്വന്തമാക്കി വായിച്ചിരുന്നു . എന്നാല്‍ an anthropologist on mars എന്ന കൃതി മാത്രമേ ഇപ്പോള്‍ എന്‍റെ കൈവശം ഉള്ളൂ. മറ്റുള്ളവ വായിക്കാന്‍ കൊണ്ട്പോയവര്‍ തിരിച്ചു തന്നില്ല .രോഗത്തെയും സാഹിത്യത്തെയും ഇണ ചേര്‍ത്തു ഇത്തരത്തില്‍ മലയാളത്തില്‍ എഴുതുന്ന ആളാണ്‌ ഡോക്ടര്‍ കെ രാജശേഖരന്‍ നായര്‍. അദ്ദേഹം മാത്രമേ സാക്സിനെക്കുറിച്ച് മലയാളത്തില്‍ എഴുതി കണ്ടിട്ടുള്ളൂ 

     ബ്രിട്ടീഷുകാരനായ ഒലിവര്‍ സാക്സ് അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 2015 August 30 നായിരുന്നു ആ മഹാപ്രതിഭയുടെ അന്ത്യം. 

     മസ്തിഷ്ക്കത്തെ ഒരു മഷിക്കുപ്പിയായി മാറ്റിയ ന്യൂറോളോജിസ്ടായിരുന്നു സാക്സ്. പ്രതികൂല രോഗസാഹചര്യങ്ങളില്‍ അതിജീവനത്തിന്‍റെ അപൂര്‍വ സര്‍ക്യൂട്ടുകള്‍ നമ്മുടെ മസ്തിഷ്ക്കത്തെ മാറ്റി വരയ്ക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കാനുള്ള മസ്തിഷ്ക്കത്തിന്റെ കഴിവ് അസാധാരണമായ ചില കഴിവുകള്‍ കൊണ്ട് രോഗികളെ അനുഗ്രഹിക്കുന്നു .രോഗം ചിലപ്പോഴെങ്കിലും രോഗികളെ ജീനിയസാക്കി മാറ്റുന്നു .                                 

    ഒരു ചിത്രകാരന് വര്‍ണാന്ധത ബാധിക്കുന്ന അനുഭവം ചിത്രീകരിക്കുന്ന the case of the colour- blinded painter,  അന്‍പതു വര്‍ഷത്തോളം തനിക്കു കാഴ്ച്ചയില്ലെന്നു കരുതിയ ആള്‍ക്ക് ഒരു ശസ്ത്രക്രിയയിലൂടെ കാഴ്ച കിട്ടുമ്പോള്‍ ആ അനുഭവം എന്ത് എന്ന് മനസ്സിലാക്കാനാവാതെ വിഷമിക്കുന്ന വിര്‍ജില്‍ എന്നയാളുടെ കഥ പറയുന്ന to see and not to see, ചെറുപ്പത്തിലെ തന്റെ നാട് വിട്ടു പോരെണ്ടിവന്ന ഫ്രാങ്കോ എന്നയാള്‍ക്ക് ഒരു ഫോട്ടോഗ്രാഫില്‍ എന്ന വണ്ണം  തന്‍റെ നാട് കണ്‍മുന്നിലെ ചുമരിലും തറയിലും  തെളിയുമ്പോള്‍ അയാള്‍  തന്റെ നാടിന്റെ  ചിത്രങ്ങള്‍ ഒരു obsession  ആയി  നിരന്തരം  വരയ്ക്കുന്നതിന്‍റെ  കഥ പറയുന്ന the land scape of his dreams തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന an anthropologist on mars എന്ന പുസ്തകം കെട്ടുകഥകളെക്കാള്‍ അവിശ്വസനീയതയോടെ മാത്രമേ വായിക്കാന്‍ കഴിയുകയുള്ളൂ. ന്യൂറോളോജിക്കല്‍ നോവലുകള്‍ എന്ന വിശേഷണം അവയ്ക്ക് ഏറ്റവും യോജിച്ചവ തന്നെ . ഒലിവര്‍ സാക്സ് an anthropologist on mars എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു : the explorations of deeply altered selves and worlds is not one that can be fully made in a consulting room or office രോഗികളെ അവരുടെ വീട്ടില്‍ ചെന്ന് കണ്ടും, റെസറ്റൊറന്റുകളിലേക്കോ തിയ്യറ്ററുകളിലേക്കോ കൂട്ടി കൊണ്ടുപോയും കാറില്‍ അവരോടൊപ്പം യാത്ര ചെയ്തും അവരുടെ ജീവിതങ്ങളെ കഴിയുന്നത്ര പങ്കുവെക്കുക എന്നതായിരുന്നു സാക്സിന്റെ കാഴ്ചപ്പാട് .രോഗികളുടെ അസാധാരണമായ അനുഭവലോകങ്ങളിലേക്ക് പര്യവേക്ഷണം നടത്താനുള്ള ഈ കാരുണ്യ സന്നദ്ധതയാണ് ലോകത്തിന്‍റെ ആരാധനാപാത്രമായ ഒരു വലിയ എഴുത്തുകാരനായി അദ്ദേഹത്തെ മാറ്റിയത്. കാഴ്ച്ചയുടെ രോഗാവസ്ഥയെക്കുറിച്ച് പല ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്‍റെ കണ്ണിലാണ് ക്യാന്‍സര്‍ തന്‍റെ സാന്നിധ്യം അറിയിച്ചതെന്ന കാര്യം  വിധിയുടെ അറം പറ്റുന്ന ഒരു മരണത്തമാശയായി മാറുകയായിരുന്നോ? തന്‍റെ രോഗികളുടെ ജീവിത കഥകളും മസ്തിഷ്ക്കശാസ്ത്രവും കൂട്ടിയിണക്കിയുള്ള നാടകീയമായ അവതരണരീതിയാണ് സാക്സിനെ വലിയ ജനപ്രീതിയുള്ള എഴുത്തുകാരനാക്കിയതു എന്ന് വേണം കരുതാന്‍  . മനുഷ്യന്‍റെ നോര്‍മല്‍ എന്ന് നാം വിശേഷിപ്പിക്കുന്ന ബോധതലം എത്രയോ ബദല്‍ സാധ്യതകള്‍ ഉള്ളതാണെന്ന് ഈ രോഗകഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു ..

   രോഗം കൊണ്ട് വേദനയും അവശതയും അനുഭവിക്കുന്ന എത്ര എത്ര ജീവിതങ്ങളാണ് ഒരു ദിവസം ഒരു ഡോക്ടറുടെ കണ്മുന്നിലൂടെ കടന്നു പോകുന്നത് . എന്നാല്‍ ഈ അനുഭവങ്ങള്‍ ഒന്നും ഡോക്ടര്‍മാരെ എഴുത്തുകാരായി മാറ്റുന്നില്ല എന്നതാണ് സാമാന്യാനുഭവം .ചെക്കോവിനെപ്പോലെ അപൂര്‍വ്വം ഡോക്ടര്‍മാരെ വലിയ എഴുത്തുകാരായി മാറുന്നുള്ളൂ. മലയാളത്തിന്‍റെ ഡോക്ടറെഴുത്തുകാരനായ ബി ഇക്ബാല്‍ ദേശാഭിമാനി വിശേഷാല്‍പ്രതിയില്‍ എഴുതിയ മനോരോഗ ചികിത്സയിലെ ധര്‍മ്മ സങ്കടങ്ങള്‍:ചെഖോവിന്റെ ആറാം വാര്‍ഡ്‌ എന്ന ലേഖനം രോഗ സാഹിത്യത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. .ചികിത്സാ രംഗത്തെ, വിശേഷിച്ചും മനോരോഗ ചികിത്സയിലെ ധാര്‍മ്മിക പ്രതിസന്ധികളെ ഈ കൃതിയില്‍ ചെക്കോവ് പരിശോധിക്കുന്നു എന്ന് ലേഖകന്‍ പറയുന്നു .ചിലര്‍ക്ക് ഭ്രാന്തായി തോന്നുന്നത് മറ്റു ചിലര്‍ക്ക് തത്വജ്ഞാനമായി തോന്നിയേക്കാം . തത്വചിന്തയെ പലപ്പോഴും ഭ്രാന്തായി തെറ്റിദ്ധരിക്കുകയാണ് സമൂഹം ചെയ്യുന്നത് എന്ന ലേഖകന്റെ നിരീക്ഷണം ചെക്കോവിന്റെ നോവലിന്റെ കാതലായ തത്വജ്ഞാനമാണ്. എന്ത് കൊണ്ടാണ് മനോരോഗം ഒരു പര്‍ദയിട്ട രോഗമായി ഇപ്പോഴും നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്? മറ്റു ശാരീരിക രോഗങ്ങളെപ്പോലെ തനിക്കോ തന്‍റെ വീട്ടുകാര്‍ക്കോ മനോരോഗം ഉണ്ടെന്നു പറയാന്‍ ആളുകള്‍ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്? മനോരോഗത്തിന് ചുറ്റുമുള്ള നിഗൂഡതയുടെ പരിവേഷമാണോ ഇതിനു കാരണം? .മനോരോഗമുള്ളവരെന്നു പറയുന്നവരെ നോര്‍മല്‍ എന്ന് പറയുന്നവര്‍ കഥയിലെ ആറാം നമ്പര്‍ വാര്‍ഡ്‌ പോലെ ഒരു ബാഹ്യവൃത്തമായി മാറ്റി നിറുത്താനുള്ള പ്രവണതയുണ്ട് . ചിന്താപരമായി മനോരോഗികളെ ഒരു അധ:സ്ഥിത വര്‍ഗമായി മറ്റുള്ളവര്‍ കാണുന്നു .ഒരാള്‍ക്ക്‌ മനോരോഗമുണ്ടെന്നു നിര്‍ണയിക്കുക മാത്രമല്ല സമൂഹത്തിന്‍റെ ആവശ്യം . തങ്ങള്‍ക്കു അതില്ലെന്നു തെളിയിക്കുക കൂടിയാണ് .ചിന്താപരമായി തങ്ങള്‍ മനോരോഗികളെക്കാള്‍ ഉയര്‍ന്നവരാണ്‌ എന്ന് വരുത്തുകയാണ് ഇതിന്റെ ലക്‌ഷ്യം. രോഗങ്ങളുടെ വര്‍ഗീകരണം ശാരീരിക രോഗങ്ങളുടെ വര്‍ഗ്ഗീകരണം പോലെയാകുമ്പോള്‍ വ്യക്തി സവിശേഷതകള്‍ കണക്കിലെടുക്കാതെയുള്ള ചികിത്സ പുറമേ പുരട്ടുന്ന മരുന്ന് മാത്രമായി തീരുന്നു .ആറാം വാര്‍ഡ്‌ എന്ന നോവലില്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഡോക്ടറെയും മനോരോഗിയായി മുദ്രകുത്തുന്നു . ഇക്ബാലിന്റെ ലേഖനം ചെറുതെങ്കിലും മനോരോഗ ചികിത്സയുടെ സമീപനങ്ങളില്‍ മാറ്റം ആവശ്യമാണോ എന്ന ചോദ്യം ഉയര്‍ത്തുന്നു. അതിനാല്‍  പഴയ ഒരു എഴുത്തുകാരനായ ചെക്കോവിന്റെ കഥയുടെ പഠനത്തിനു സമകാലിക പ്രസക്തിയുണ്ട് .

     വ്യക്തിയുടെതായാലും സമൂഹത്തിന്റെതായാലും പ്രത്യക്ഷബോധതലം ഒരു മഞ്ഞുമലയുടെ പുറത്തു കാണുന്ന ഒരു ചെറു മുനമ്പ് മാത്രമാണ് . അദൃശ്യ ഭൂതകാലമാണ് അതിന്‍റെ വിസ്തൃതബാക്കിയായി മറഞ്ഞു നില്‍ക്കുന്നത് . വ്യക്തിതലത്തില്‍ ഇതിനെ ഉപബോധമനസ്സെന്നും സാമൂഹിക തലത്തില്‍ collective unconciousness എന്നും മനശാസ്ത്രം വിശേഷിപ്പിക്കുന്നു.

     ഭൂതം എന്ന വാക്കിനോട് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഭയം ഉണ്ടാകാന്‍ കാരണം എന്താണ്? guest വന്നയാള്‍ എന്നും ghost പോയ ആള്‍ എന്നും തമാശ രൂപത്തില്‍ പറയാം. മരിച്ചുപോയ ആളുടെ പുനര്‍ സന്ദര്‍ശനമാണ് ghost. ഭൂതകാലം വിസ്മൃതരൂപത്തിലാണ് നിലകൊള്ളുന്നത് .പ്രത്യക്ഷ സാന്നിധ്യമില്ലാത്തിനാല്‍ നാം ഭൂതം ഒരു അന്ധവിശ്വാസമാണെന്ന് പറയുന്നു . എന്നാല്‍ വിസ്മൃത കാലങ്ങള്‍ മനസ്സിന്‍റെ ഉപരിതലത്തിലേക്ക് പൊന്തിവരുമ്പോള്‍ അവയെ കണ്ടു നാം ഭയക്കുന്നു. മനസ്സിന്‍റെ പാതാള തലങ്ങളിലേക്ക് ശാസ്ത്രയുക്തിയോടെ ഇറങ്ങി ചെന്നാല്‍ ഈ ഭൂതപ്രേതങ്ങളെ നമുക്ക് കയ്യോടെ പിടികൂടാന്‍ കഴിയും . കുടത്തിന്‍റെ ചെപ്പു തുറക്കുമ്പോള്‍ വരസന്നദ്ധനായി പുറത്തു വരുന്ന ഭൂതം എന്ന കഥ ഭൂതകാലത്തിന്‍റെ മിത്തിക്കല്‍ ഭാവനയാണ്. കമ്മ്യൂണിസം അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനസ്വപ്നം ആയിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് നൈതികതയുടെ രാഷ്ട്രീയപ്രയോഗങ്ങള്‍ അവതാര ഉദ്ദേശം മറന്ന ചുടലദൈവങ്ങളായി രക്തനൃത്തമാടിയത് സമീപ ഭൂതകാല ചരിത്രമാണ് .അടിച്ചമര്‍ത്തപ്പെട്ടവന് വിമോചനവരം തരേണ്ട കമ്മൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ കരുണയും മാനവികതയും ഇന്ന് കുടത്തില്‍ അടക്കപ്പെട്ട ഭൂതമാണ്‌ . കമ്മൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യമായ  പുന: പ്രവേശമാണ് ഉണ്ണി ആറിന്‍റെ ഭൂതം എന്ന കഥയില്‍ (മാതൃഭൂമി ആഴ്ചപതിപ്പ് സെപ്തംബര്‍ 6-12). ലളിതമായ ഭാഷയും ആഖ്യാനവും ആണ് ഈ കഥയുടെ രചനാസവിസേഷത. കുട്ടികളാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. കമ്മൂണിസ്റ്റ് പ്രയോഗരാഷ്ട്രീയത്തിന്‍റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കത വീണ്ടെടുക്കേണ്ടത് കുട്ടികളുടെ നിര്‍മലതയിലൂടെ ആവണം എന്നാണു കഥയുടെ ധ്വനി. വ്യക്തിദു:ഖങ്ങളെ സാമൂഹികദു:ഖങ്ങളായി കാണാന്‍ അവര്‍ പഠിച്ചിരിക്കുന്നു. കൊച്ചുകുട്ടികള്‍ മാത്രം വലിയൊരു ചിത്രശലഭത്തെ കണ്ട സന്തോഷത്തോടെ അതിനോട് ഭൂമിയിലേക്ക്‌ വരൂ എന്ന് കൈകള്‍ കാട്ടി വിളിച്ചു എന്ന പ്രസ്താവനയോടെയാണ് കഥ അവസാനിക്കുന്നത്. കമ്മ്യൂണിസ്റ്റ് വരട്ടുതത്വവാദം നഷ്ടപ്പെടുത്തിയ സൗന്ദര്യ ലോകങ്ങളുടെ തിരിച്ചു പിടിക്കല്‍ ഇന്ന് അനിവാര്യമാണ്.ചിത്ര ശലഭം ആ സൗന്ദര്യ സൂചനയാണ് . ഹൃദയസ്പര്‍ശിയായ ഒരു രാഷ്ട്രീയകഥയാണ് ഉണ്ണി പറഞ്ഞിരിക്കുന്നത് .കഥകള്‍ സൗന്ദര്യനിര്‍മിതികളാകുന്നതോടൊപ്പം സമകാലിക സമൂഹത്തിന്‍റെ പ്രതിഫലനങ്ങള്‍ കൂടിയാകുമ്പോള്‍ അവയ്ക്ക് അധികപ്രസക്തി ഉണ്ടാകുന്നു .

      ഇതേ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ വി ശ്രീധരന്‍ എഴുതിയ കുതിരവട്ടം എന്ന കഥയും ഉണ്ട്. പരാജയരാഷ്ട്രീയത്തിന്റെ പാര്‍ശ്വഫലമായ വിപ്ലവ ഭ്രാന്താണ് കഥയുടെ ആക്ഷേപവിഷയം . വിപ്ലവം മാത്രമല്ല കഥകളും പരാജയപ്പെടുന്നു എന്നതിന്‍റെ ഉത്തമ സാക്ഷ്യമാണ് ഈ കഥ . ഒരു കഥയില്‍ എന്തൊക്കെ എഴുതിയിട്ടുണ്ട് എന്നതല്ല കാര്യം എന്തൊക്കെ ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് . ഈ കഥയില്‍ ശ്രീധരന്‍ മനസ്സില്‍ വന്നതൊക്കെ അതെ പടി എഴുതിവെച്ചതുപോലെ തോന്നും . വൃഥാ സ്ഥൂലതയാണ് ഇവിടെ കഥാഭംഗി ഹനിക്കുന്ന വില്ലന്‍. ഒരു പൊണ്ണത്തടിയന്‍ കഥ എന്നേ പറയാവൂ.

     ഈ പംക്തി എഴുതുന്നതിന്‍റെ ഭാഗമായാണ് പുതിയ ലക്കം ദേശാഭിമാനി വാരിക വാങ്ങിയത്. ദേശാഭിമാനി വാരികക്ക് വന്നിരിക്കുന്ന ഗുണപരമായ മാറ്റം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്.  മലയാളത്തിലെ പ്രധാന വാരികകള്‍ക്ക് ഇലവാട്ടം സംഭവിചിരിക്കുമ്പോള്‍ ദേശാഭിമാനി കാഴ്ചഭംഗിയിലും ഉള്ളടക്കനിറവിലും മറ്റു മികച്ച പ്രസിദ്ധീകരണ ങ്ങളോടൊപ്പം മുന്‍നിരയില്‍ എത്തിയിരിക്കുന്നു  .എന്നാല്‍ വിതരണത്തിന്റെ കാര്യത്തിലും മുന്നോട്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ണാന്‍ ആളില്ലാതെ  വിളമ്പി വച്ച സദ്യ പോലാകില്ലേ? ദേശാഭിമാനി വാരിക കിട്ടുന്നതിനു ഇരിഞ്ഞാലക്കുടയില്‍ നിന്ന് തൃശ്ശൂര്‍ വരെ പോകേണ്ടി വന്നു. അവിടെ തന്നെ ഒരു പുസ്തകക്കടയിലേ ദേശാഭിമാനി വാരിക കണ്ടുള്ളൂ . ന്യൂസ്‌ സ്റ്റാന്‍ടുകളില്‍ ദേശാഭിമാനി വാരിക ലഭിക്കാനുള്ള ഏര്‍പ്പാട് എന്തുകൊണ്ട് ചെയ്യുന്നില്ല?.വാരികയുടെ സര്‍ക്കുലേഷന്‍ വിഭാഗം ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുന്നു .

      തെരുവ് പട്ടികളെക്കാള്‍ വര്‍ദ്ധിച്ച തോതിലാണ് ഇപ്പോള്‍ കവിതയുടെ ജനനനിരക്ക്. ഏതു മാസിക നിവര്‍ത്തിയാലും കവിതയുടെ കടി കൊള്ളാതെ രക്ഷപ്പെടാന്‍ ആവില്ലെന്നായിരിക്കുന്നു . നിര്‍ബന്ധ വന്ധ്യംകരണം കവിതകളിലും പ്രയോഗിക്കേണ്ടത് അത്യാവശ്യം അല്ലേ? FB യിലും മറ്റും കവിതകള്‍ക്ക് പ്രകാശനസാധ്യതയുണ്ട്. അവിടെ അവര്‍ നിര്‍ഭയം വിഹരിച്ചോട്ടെ. എന്നാല്‍ ആനുകാലികങ്ങളില്‍ നല്ല കവിതകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് തീരുമാനിക്കേണ്ടത് പത്രാധിപന്മാര്‍ ആണ് .അവര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നു . വ്യാജ കവിതകളുടെ ചൊറിയും ചിരങ്ങും ബാധിച്ചു ദീനദീനം കരയുന്ന മലയാള കവിതയുടെ കരച്ചില്‍ ആരും കേള്‍ക്കുന്നില്ലേ?

     ഓരോ കാലഘട്ടങ്ങളില്‍ ഓരോരോ സാഹിത്യപ്രസ്ഥാനങ്ങളുടെ തുടലില്‍ ഒതുങ്ങി ജീവിച്ച സാഹിതീദേവത ഇന്നേറെക്കുറെ വിമോചിതയാണ്. ഇന്ന രീതിയില്‍ എഴുതിയാലേ നല്ല സാഹിത്യമാകൂ എന്ന നിര്‍ബന്ധ ബുദ്ധി ആര്‍ക്കുമില്ല. റിയലിസവും കാല്പനികതയും മാജിക്കല്‍ റിയലിസവും ആധുനികതയുടെ രചനാരീതികളും ഒക്കെ വേറിട്ടും ഇടകലര്‍ത്തിയും പുതിയ രചനാസമ്പ്രദായങ്ങള്‍ പരീക്ഷിച്ചും വലിയൊരു ജനാധിപത്യ സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ഒരു വിശാലമേഖല സ്വായത്തമാക്കി കഴിഞ്ഞിരിക്കുന്നു എന്നത് ആശാവഹമാണ്. ഓ എന്‍ വി യുടെ ഹനുമാന്‍ എന്ന കവിത ഒരു നല്ല കവിതയായി വിലയിരുത്തപ്പെടാന്‍ കഴിയുന്നത്‌ ഈ വിശാല സ്വാതന്ത്ര്യം അനുവദിക്കുന്ന പിന്‍ബലത്തിലാണ് . രചനാ സമ്പ്രദായത്തില്‍ ഒരു പുതുമയും ഈ കവിത മുന്നോട്ടു വെക്കുന്നില്ല എന്നത് കൊണ്ട് മാത്രം ഈ കവിത ഒരു നല്ല രചന അല്ലാതാകുന്നില്ല. ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതിയുടെ മുഖകവിതയാണ് ഹനുമാന്‍. ഇന്ന് നമുക്ക് മുഖത്തേക്കാള്‍ വാലിന്മേലാണല്ലോ ശൌര്യം! വാനരന്മാര്‍ക്ക് വാലിന്മേല്‍ ശൌര്യമാകുന്നു എന്ന് പരിഹാസചികിത്സകനായ കവി പാടിയിട്ടുണ്ട്. തുടല് പൊട്ടിച്ചവരുടെ അരയില്‍ വീണ്ടും കുരുക്കാന്‍ മതചൂഷക ശക്തികള്‍ ചങ്ങലയൊരുക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാല്‍ ജാതി മത വര്‍ഗ ചങ്ങലകളെ അലങ്കാര ഭൂഷണങ്ങളായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാര്‍ത്ഥ ആത്മീയതയുടെ മധുരാക്ഷരങ്ങള്‍ കൈവിട്ടു നാം മതഫാസിസത്തിന്റെ  കാഞ്ഞിരരുചി മധുരമെന്നു കരുതി സേവിക്കുന്നു. സീതാരാമഭജന നടത്തുന്നവര്‍ തങ്ങളുടെ മുന്നിലിരിക്കുന്ന താംബാളത്തില്‍ നിന്ന്, സഹിക്കാന്‍ കഴിയാത്ത വിശപ്പു മൂലം പഴം എടുത്തു തിന്നു ഭജനക്കാരിലൊരാള്‍ക്ക് ചുംബനം നല്‍കുന്ന, സര്‍ക്കസ്സില്‍ നിന്ന് തുടല് പൊട്ടിച്ചു ചാടിപ്പോന്ന വയസ്സന്‍ കുരങ്ങനെ ഹനുമാന്‍ എന്ന് ആര്‍ത്തു വിളിച്ചു ഉറഞ്ഞുതുള്ളി പരിഹാസ്യരാകുന്നതിന്റെ ആക്ഷേപഹാസ്യ ചിത്രണമാണ് ഈ കവിത. ഇതെന്‍റെ സ്വന്തം നാട്ടുകാരനായ ഒരു വയസ്സന്‍ സര്‍ക്കസ്സു മൃഗം ആണെന്ന് ഭജനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കവിക്ക്‌ നേരെ ഭജനക്കാര്‍ ആക്രോശിക്കുന്നു. സാക്ഷാല്‍ ഹനുമാന് അരയില്‍ ചങ്ങലപ്പാടില്ലെന്നും കവി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥ ഹനുമാന്‍റെ രൂപവിവരണം കവി രാമായണത്തില്‍ നിന്നും ഉദ്ധരിക്കൂന്നു. പശ്യ സഖേ ,വടു രൂപിണം, /ലക്ഷ്മണാ! / നിശ്ശേഷ ശബ്ദശാസ്ത്രമനേന / ശ്രുതം! / ഇല്ലൊരപശബ്ദമെങ്ങുമേ ,വാ / ക്കിങ്കല്‍! / നല്ല വൈയാകരണന്‍ വടു / നിര്‍ണയം! സംസ്കൃതചിത്തത്തിലുദിക്കുന്ന ഭക്തി എന്തെന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഈ കവിത കാലഘട്ടത്തിന്റെ പരിഹാസ്യഭക്തിയെ തുറന്നു കാട്ടുന്നു . എന്തായാലും ഓ എന്‍ വി കുറുപ്പ് എന്ന പേരിലെ കുറുപ്പ് എന്ന വാല്‍ പേരില്‍ അച്ചടിച്ചിട്ടില്ല എന്നത് വളരെ ഉചിതമായി . 

     ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതിയില്‍ തന്നെയുള്ള എഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ വൈക്കത്തെ തീണ്ടല്‍പ്പലക എന്ന കവിതയും ഇപ്പോഴും തീണ്ടാപ്പാട് ദൂരെയാണയിത്തക്കാര്‍ നില്‍പ്പതെന്നു സാക്ഷ്യപ്പെടുത്തുന്നു . എങ്കിലാ ദൈവത്താനെ / യഴിച്ചു പുറമ്പോക്കില്‍ / കൊണ്ടുപോയി നേര്‍ / ച്ചത്തെങ്ങില്‍ / തളക്കാന്‍ മടിയെന്തേ?  കവിതയുടെ ശരമൂര്‍ച്ച   മരം മറഞ്ഞു നില്‍ക്കുന്ന ജാതിപ്പിശാചിന്‍റെ  നെഞ്ചു പിളര്‍ക്കാന്‍ പോന്നതു തന്നെ . രീതി പഴയതെങ്കിലെന്തു ?. സമകാലിക വിഷയ സ്വീകരണം കൊണ്ട് കവിത പുത്തനാണ്. 

     ആഗോള മുതലാളിത്തത്തിന്റെ വിശ്വവിദ്യാലയത്തിലെ അച്ചടക്കമുള്ള പഠിതാക്കളാണ് നാം . മുതലാളിത്തവും മതമൌലിക ഫാസിസ്റ്റ് ശക്തികളും തയ്യാറാക്കിയ പാട്ടുപുസ്തകങ്ങളാണ് നമ്മുടെ പാഠവിഷയങ്ങള്‍ . നമുക്ക് സ്വാതന്ത്ര്യത്തിന്‍റെ കര്‍മ്മപാഠങ്ങള്‍ ഉരുവിട്ടു തന്ന പഴയ ഗുരുക്കന്മാര്‍ എവിടെ? മത ഫാസിസ്റ്റ് പാഠങ്ങള്‍ പഠിപ്പിക്കാനെത്തിയവര്‍ ആണ് പുതിയ ഗുരുക്കന്മാര്‍. അവര്‍ വരയ്ക്കുന്ന ചൂരല്‍ക്കളങ്ങളില്‍ നാം അച്ചടക്കമുള്ള കുട്ടികള്‍ . ഈ വിദ്യാലയ ചിത്രമാണ് റഫീക്ക് അഹമ്മദിന്റെ പുതിയ മാഷന്മാര്‍ എന്ന കവിത. കവിത ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതിയില്‍ തന്നെ. കവിതയില്‍ ആശയം മാത്രം പോരാ,.നല്ല വരികളും വേണം . റഫീക്കിന്റെ കവിതയില്‍ ആശയത്തിന് അകമ്പടിയായി നല്ല വരികളുമുണ്ട് . മേല്‍പ്പുരയില്‍ ഓടിന്‍റെ വിളുന്പുകളില്‍ / കൂടുകൂട്ടിയിരുന്ന പ്രാവുകളെല്ലാം പോയിരുന്നു / മുറ്റത്തെ പടര്‍ന്നു പന്തലിച്ച മാവ് മുറിച്ചുമാറ്റി / നിലം മുഴുവന്‍ ടൈലിട്ടു / ഉറുന്പുകളോട് സംസാരിച്ചതിന് / അഞ്ചിലെ അപ്പുവിന്‍റെ തല മൊട്ടയടിച്ചു / സ്കൂളിനു പുറത്തു കപ്പലണ്ടി വിറ്റു നടന്നിരുന്ന / കൃഷ്ണേട്ടനെ അവിടെനിന്നു / ഹെഡ്മാസ്റ്റര്‍ ഓടിച്ചു പുതിയ ആഗോള  മാഷന്മാരെ ഓടിപ്പിക്കുവാന്‍ നമ്മള്‍ ഇത്തരത്തിലുള്ള ചൂരല്‍ കവിതകള്‍ എടുക്കുന്നത് നന്ന് . കാല്‍പനികതയുടെ മധുര സ്പര്‍ശമുള്ള കവിതകള്‍ എഴുതിയിരുന്ന റഫീക്കിന് സാമൂഹിക വിമർശനത്തിന്റെ  പരുഷ കവിതകളും വഴങ്ങും .അഭിനന്ദനങ്ങള്‍

    ദേശാഭിമാനിയിലെ തന്നെ വീരാന്‍കുട്ടിയുടെ ഇന്‍സ്ടലെഷന്‍ എന്ന കവിതയും കാവ്യാത്മകതയുള്ള വരികളാല്‍ സമകാലിക വിഷയങ്ങളെ വരയ്ക്കുന്നതിനാല്‍ നല്ല കവിതയായി . ഇരുട്ടിനെ  അവിടെത്തന്നെ നിര്‍ത്തിയേക്കണേ / മാറിയുടുക്കാനില്ലാത്തവരുടെ മറു തുണിയാണത്‌ / വീടില്ലാത്തവരുടെ കരിയോലപ്പുര / ഭൂമിയെ അവിടെത്തന്നെ വച്ചേക്കണേ / തിന്നാന്‍ ഒന്നുമില്ലാതാകുമ്പോള്‍ / തിന്നാനുള്ള മണ്ണാണതില്‍ മുതലാളിത്തത്തിന്റെ അധിക ഉല്‍പ്പാദനത്വര ഭൂമിയെയും അതിലെ ജീവിതങ്ങളെയും അസംസ്കൃത ലാഭവസ്തുക്കളായി ജീവന്‍ ചോര്‍ത്തി പ്രദര്‍ശിപ്പിക്കുമ്പോള്‍ വെറും ശില്പങ്ങളായി മാറാതെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു .കനമില്ലാത്ത കവിതകളെ ഉത്തമ കവിതകള്‍ എന്ന് പാടിപ്പുകഴ്ത്തിയതാണ് മലയാള കവിതയ്ക്ക് വഴിതെറ്റാന്‍ കാരണമായത്‌. തെറ്റ് തിരുത്താന്‍ വീരാന്‍കുട്ടിയെപ്പോലുള്ളവര്‍ മുന്നോട്ടു വരുന്നുണ്ട് 

   കാഴ്ചക്കാരുടെ കണ്ണ് കെട്ടാന്‍ പോന്ന  അനായാസമായ കൈവേഗതയുടെയും കൈത്തഴക്കത്തിന്റെയും കലയാണ്‌ മാജിക്ക് എന്ന കണ്കെട്ട് വിദ്യ . കഥ എഴുത്തിന്റെ ഈ മാന്ത്രിക വിദ്യ നന്നായി അറിയാവുന്ന ആളാണ് സി വി ബാലകൃഷ്ണന്‍. ശൂന്യതയില്‍ നിന്ന് ഒരു പൂ വിരിയുന്നത് പോലെ അനായാസമായി അദ്ദേഹം മനോഹരമായ ഒരു കഥ പറഞ്ഞിരിക്കുന്നു . ഇന്ത്യാ ടു ഡേ ഓണം സ്പെഷലില്‍. കഥയുടെ പേര് ശയ്യ . മരണത്തില്‍ നിന്ന് ഭീതിയുടെ കറയൂറ്റിക്കളഞ്ഞു ഒരു മധുര ഫലമായി മാറ്റുന്ന മാന്ത്രിക വിദ്യ ഈ കഥയില്‍ അനുഭവിക്കാം . നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്തയാണ് മരണത്തെ ഇത്രമേല്‍ ഭീതിജനകമാക്കുന്നത് .നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന് മരണം സ്വാതന്ത്ര്യത്തിന്റെ ആകാശമാണ്.കഥയില്‍ അഭിവന്ദ്യ മെത്രാന്‍ ശയ്യാവലംബിയായി മരണമെന്ന വിശിഷ്ടാതിഥിയെയും കാത്തു കിടക്കുകയാണ് .മെത്രാന്‍ ഒരു സാമ്പ്രദായിക പുരോഹിതനല്ല എന്ന feeling കഥയില്‍ അനുഭവപ്പെടുന്നുണ്ട് .ഉശിരന്‍ കാറ്റുകള്‍ ആഞ്ഞു വീശുമ്പോഴും അവയ്ക്ക് നേരെ വാതായനങ്ങള്‍ കൊട്ടിയടക്കുക എന്നത് മെത്രാന് തെല്ലും താല്പര്യം ഉണ്ടായിരുന്നില്ല ..കാറ്റുകളെ നാം തടയരുത്,അദ്ദേഹം പറയുമായിരുന്നു .കഥയിലെ ഈ വരികളില്‍ നിന്ന് മെത്രാന്റെ സ്വഭാവ സവിശേഷത ധ്വനിപ്പിക്കാന്‍ കഥകൃത്തിനു കഴിഞ്ഞിട്ടുണ്ട് . മതത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ ജീവിതമെന്ന് കഥാകൃത്ത്‌ പറയാതെ പറയുന്നു .കര്‍മയോഗിയായിരുന്ന ഒരാളുടെ മരണം ഒരു കവിത പോലെ മനോഹരമായി കഥാകൃത്ത്‌ അവതരിപ്പിക്കുന്നു .സര്‍പ്പദംശമേറ്റ പരീക്ഷിത്തിനെപ്പോലെ ശാന്തചിത്തനായി മെത്രാന്‍ മരണത്തിനു ക്ഷണപത്രിക അയച്ചു കാത്തിരിക്കുന്നു. മരണത്തെ വലിയൊരു സൗന്ദര്യാനുഭവമാക്കി മാറ്റുന്ന മാന്ത്രിക വിദ്യ കഥാകൃത്ത്‌ പ്രകടിപ്പിക്കുന്നു .മെത്രാന്റെ വാക്കുകളിങ്ങനെയാണ്,മരണം നമ്മളെയെല്ലാം മാലാഖമാരാക്കി മാറ്റുന്നു,നമുക്കൊക്കെ ചിറകുകള്‍ തരുന്നു,പറന്നു നടക്കാന്‍ ആകാശം കാട്ടിത്തരുന്നു .മരണം പോലും ആദരവോടെ മഹാനായ എഴുത്തുകാരന്‍റെ മുന്നില്‍ എത്തുന്ന ഒരു മികച്ച കഥ വായിച്ച ഓര്‍മ്മ ഈ കഥ വായിച്ചപ്പോള്‍ ഉണ്ടായി .അമേരിക്കന്‍ എഴുത്തുകാരനായ raymond carver ചെഖോവിന്റെ അന്ത്യത്തെ കുറിച്ച് എഴുതിയ കഥ the errand ആണത് .സി വി ബാലകൃഷ്ണന്‍ എഴുതിയ ശയ്യ എന്ന കഥയാകട്ടെ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളില്‍ ഒന്നായിരിക്കുന്നു. കയറുമായി വരുന്ന മരണത്തെ ഒരു rope trick ആയി അവതരിപ്പിച്ചത് സൗന്ദര്യോചിതമായി .

     മലയാളത്തിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളായ എസ് ഹരീഷുമായുള്ള അഭിമുഖം വളരെ പ്രാധാന്യത്തോടെ സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ നല്‍കിയിരിക്കുന്നു. ഇത് അഭിനന്ദനീയമായ കാര്യമാണ്. സാഹിത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഇത്തരം അഭിമുഖങ്ങളും പഠനങ്ങളും സഹായിക്കും.അല്ലാതെ സാഹിത്യം ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്ന് നാം വിലപിക്കുന്നതില്‍ കാര്യമില്ല. തങ്ങളുടെ കൃതികളെക്കുറിച്ചുള്ള പ്രതികൂല അഭിപ്രായങ്ങള്‍ എഴുത്തുകാര്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ പഠനങ്ങള്‍ക്ക് ഇടം നല്‍കാതായത്.ചൂട് പിടിച്ച വിവാദങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമ്പോഴേ സാധാരണക്കാരുടെ ശ്രദ്ധ സാഹിത്യത്തില്‍ പതിയൂ. എഴുത്ത് നിലനില്‍ക്കണം എങ്കില്‍ എഴുത്തുകാര്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കേണ്ടിയിരിക്കുന്നു .

    ചെറുവിരലോളം പോന്ന ഒരു വിഷയത്തെക്കുറിച്ച് ഒരു കഥയെഴുതാനാകുമോ? അംഗുലീ പരിമിതമായ ഒരു വിഷയത്തെ സ്വീകരിച്ചു തികച്ചും നവീനമായ രീതിയില്‍ ഒരു കഥയെഴുതി വിജയിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു പ്രമോദ് രാമന്. സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ എഴുതിയ അംഗുലീ പരിമിതം എന്ന കഥയെക്കുറിച്ച് ആണ് ഇവിടെ പരാമര്‍ശിക്കുന്നത്.ഒരു ചെറിയ നഖം വെട്ടിയുടെ സൂക്ഷ്മമായ വസ്തുവിവരണമാണ് പ്രധാനമായും കഥയുടെ ആകര്‍ഷണം. കഥയില്‍ ക്രിയാംശം നന്നേ കുറവ് .നാടകീയതയുടെ ക്രിയാസംഘര്‍ഷങ്ങളില്‍ അല്ല കഥാകൃത്ത്‌ ഊന്നല്‍ നല്‍കുന്നത്.വൈകാരികതയുടെ മുഹൂര്‍ത്ത സൗന്ദര്യങ്ങളാണ് സാധാരണ വായനക്കാരന് പ്രിയം. ഈ വായനാ താല്പര്യത്തെ തൃപ്തിപ്പെടുത്തുക എന്നത് എപ്പോഴും സാഹിത്യത്തിന്റെ ഉത്തമ ധര്‍മ്മം ആയിരിക്കണമെന്നില്ല . വൈകാരികത ഒരു ഉത്തമ സാഹിത്യ ധര്‍മ്മമല്ല എന്നല്ല വിവക്ഷ. മലയാള ചെറുകഥക്ക് ഇന്ന് അന്യമായിത്തീര്‍ന്നിട്ടുള്ള ചിന്താസൗന്ദര്യം ഈ കഥയില്‍ ഇടം കണ്ടെത്തുന്നു എന്നത് ഒരു അപൂര്‍വ കഥാനുഭവമാണ്. കഥകള്‍ എല്ലാം ഇങ്ങിനെ വേണമെന്നല്ല . ഇതും ഒരു മികച്ച കഥാരീതിയാണെന്നേ പറയുന്നുള്ളൂ .

    എഴുപതുകളുടെ സാഹിത്യത്തിലേക്ക് സച്ചിദാനന്ദന്‍ നടത്തുന്ന തിരിഞ്ഞുനോട്ടം(സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ ) അതിസൂക്ഷ്മമായ ഡോക്കുമെന്റെഷന്‍ കൃത്യത കൊണ്ടും നിര്‍മമമായ വിലയിരുത്തല്‍ കൊണ്ടും ശ്രദ്ധേയമാണ് .എഴുപതുകള്‍ ഏറിവന്നാല്‍ പ്രവാഹത്തിനകത്തെ ഒരു ചുഴി മാത്രമാണെന്ന ആത്മപരിശോധനയില്‍ തങ്ങളുടെ ചുവന്ന സാന്നിദ്ധ്യം മാത്രമല്ല ആധുനികതയുടെ മഹത്വം ആയിരുന്നതെന്ന വിനീത സമീപനം ഉണ്ട് . സാഹിത്യ ചരിത്രം എഴുതുന്നതില്‍ സ്വീകരിച്ചിരിക്കുന്ന സത്യസന്ധതയാണ് ഈ ലേഖനത്തിന്റെ മുഖത്തിളക്കം . ചില കവികള്‍ അക്കാലത്ത് തന്നെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു എന്നും തുടര്‍ന്നവരാകട്ടെ തങ്ങളുടെ രാഷ്ട്രീയത്തെ കൂടുതല്‍ വിശാലവും സമകാലീനവും സ്വതന്ത്രവുമാക്കി എന്ന് സച്ചിദാന്ദന്‍ എഴുതിയിരിക്കുന്നതില്‍ ആത്മസാക്ഷ്യത്തിന്റെ ചരിത്ര സത്യം അടങ്ങിയിരിക്കുന്നു. പ്രസ്ഥാനത്തോടുള്ള അമിത വിശ്വാസം എഴുത്തുകാര്‍ക്ക് അവരുടെ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെടുത്തുന്നതിനെ ഇടയാക്കിയിട്ടുള്ളൂ. ആധുനികതയുടെ ഊര്‍ജ്ജം പിന്‍പറ്റി വന്ന സച്ചിദാനന്ദനെപ്പോലുള്ളവര്‍ പുരോഗമന സാഹിത്യത്തിന്‍റെ ദൗര്‍ഭല്യങ്ങളില്‍ നിന്ന് രാഷ്ട്രീയ ഭാവുകത്വത്തെ രക്ഷപ്പെടുത്തുകയും പിന്നീട് ജീവിതത്തില്‍ ഉള്ളതൊന്നും സാഹിത്യത്തിനും അന്യമല്ല എന്ന തിരിച്ചറിവില്‍ കൂടുതല്‍ വിശാലമായ രചനാ സാധ്യതകളിലേക്ക് സാഹിത്യത്തെ വികസിപ്പിക്കുകയും ചെയ്തു .അന്ന് തീവ്ര ഇടതുപക്ഷത്തോടൊപ്പം ആശയപരമായി അടുത്തുനിന്നപ്പോഴും പാര്‍ട്ടി എഴുത്തുകാരന്  ചുറ്റും സൃഷ്ടിക്കുന്ന സൗന്ദര്യരാഹിത്യത്തിന്റെ  ആജ്ഞാവലയത്തെക്കുറിച്ച് ജാഗ്രതനിറഞ്ഞ ഉള്‍ക്കാഴ്ച്ച സച്ചിദാനന്ദന്‍ ഉള്ളില്‍ കൊണ്ട് നടന്നിരുന്നു  എന്ന് അദ്ദേഹത്തിന്‍റെ മയ്കൊവ്സ്കി അത്മഹത്യ ചെയ്തത് എങ്ങിനെ തുടങ്ങിയ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു . കവിത അല്‍പ്പം ഉദ്ധരിക്കേണ്ടത് ആവശ്യമാണ് 

വിപ്ലവത്തിന് ചെറുപ്പമായിരുന്നു 

.

ഒരു ദിവസം അവര്‍ വന്നു,

അവന്റെ സ്വന്തം സ്വന്തം സഖാക്കള്‍ 

തണുപ്പില്‍ അവന്റെ വാക്കും വോട്ക്കയും പങ്കിട്ടവർ  

ഇപ്പോള്‍ ഉദ്യോഗസ്ഥ പ്രഭുക്കളുടെ 

സ്നേഹം കടക്കാത്ത ഇരുമ്പ് ചട്ടകളില്‍ അവന്റെ 

മുകളില്‍ പ്രത്യക്ഷപ്പെട്ടു അവര്‍ അവനോടു കല്‍പ്പിച്ചു;

ഞങ്ങളുടെ അണക്കെട്ടുകളെക്കുറിച്ചെഴുതൂ

……………………………………………………….

അവന്‍ ഇരുണ്ടു വരുന്ന സമതലങ്ങള്‍ക്കുമേല്‍ 

തിരശ്ശീലകള്‍ താഴ്ത്തിയിട്ടു 

ശത്രുക്കള്‍ക്കായി കരുതിയിരുന്ന തോക്ക് 

സ്വന്തം ശിരസ്സിനു നേരെ ഉയര്‍ത്തി ;

അതാണിപ്പോള്‍ തന്റെ ശത്രു എന്ന പോലെ .

 

റഷ്യന്‍ കവിതയ്ക്ക് ഉരുക്ക്ധമനികള്‍ നല്‍കിയ 

ആ മഹാസ്നേഹം പൊട്ടിച്ചിതറി,

ഇരുപത്തിരണ്ടു വര്‍ഷത്തെ വിശ്വസ്തതയണിഞ്ഞ 

പാര്‍ട്ടിക്കാര്‍ഡു  രക്തത്തില്‍ കുതിര്‍ന്നു 

ലെനിന്‍ കാവ്യവും കുതിര്‍ന്നു 

മുഴുമിക്കാത്ത കയ്യെഴുത്തു പ്രതികളിലൂടെ 

കവിയുടെ മെരുങ്ങാത്ത ചോര പാഞ്ഞു നടന്നു;

വഴിയുടെ ക്രൂരതയാല്‍ ലക്ഷ്യത്തിന്റെ കാരുണ്യം 

മറന്നുപോകുന്നവര്‍ക്ക് ഒരു താക്കീത്,

വളരുന്ന അധികാര പ്രമത്തതക്കെതിരെ

നീണ്ടു നീണ്ടു വരുന്ന ഒരു ചൂണ്ടുവിരല്‍,

(സച്ചിദാനന്ദന്‍റെ പീഡനകാലം എന്ന കവിതാസമാഹാരത്തില്‍ നിന്ന് )

 

 

Comments

comments