ശ്രീദേവിയെ പൂട്ടിയിടണം….ശ്രീദേവിയെ പൂട്ടിയിടണംന്ന് ..” തകർന്ന ചായക്കോപ്പക്കും ഉയർന്ന പുരികങ്ങൾക്കും നിലച്ച വയലിൻകമ്പികൾക്കും നടുവിൽനിന്ന് ഡോക്ടർ സണ്ണി അലറിയതും യേശുവിനെപ്പോലെ ചുമരിൽ തറക്കപ്പെട്ട ടിവി ഓഫായതും ഏതാണ്ട് ഒരുമിച്ചായിരുന്നു

എന്താ അമ്മേ ഇത്? എന്തിനാ ഇതിപ്പോ ഓഫ് ചെയ്തത്?” 12  വയസ്സുകാരൻ മകൻറെ ഭാഷയിലെ അപ്രതീക്ഷിതമായ സംയമനം കണ്ട് ഒന്ന് പകച്ചെങ്കിലും റിമോട്ട് ടീപ്പോയിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ് അവർ പറഞ്ഞു.

പൂട്ടി ഇടണം പോലുംഇരുപത് കൊല്ലായിഎല്ലാർക്കും അറിയാം മറ്റോളാ നാഗവല്ലീന്ന് ..എന്ന്ട്ടും  പറയണകേട്ടില്ല്യേ ശ്രീദേവീനെ പൂട്ടി ഇടണംന്ന് ..”

ഹഹഹഎന്താ ശ്രീദേവ്യേനെന്നെ അല്ലല്ലോ പൂട്ടണംന്ന് പറഞ്ഞത്…? നെണക്കാ അഭിനയം ശ്രദ്ധിച്ചൂടെ? എന്താ ആഭാവം..എന്താ ഒരു സ്വാഭാവികത…” സഹദേവൻ ആ പഴയ ചാരുകസേരയിൽ അമർന്നിരുന്ന്, പുറം ഒന്നുവെട്ടിച്ച് റിമോട്ടിനായി ഏന്തി

ഒലയ്ക്കഅല്ലേലും പേരില്ശ്രീണ്ട്ച്ചാൽ പോക്കാ കാര്യംശ്രീവിദ്യേടെ കാര്യം അറിഞ്ഞില്ലേ? പിന്നെ ആ ക്രിക്കറ്റ് കളിക്കിണ ചെക്കൻപോയില്ല്യെ…” ശ്രീദേവി ചൂൽ എടുത്ത് വീഴാനിരിക്കുന്ന പ്ലാവിലകളെ മുറ്റത്ത് നിന്ന് അടിച്ചകറ്റി, മാനത്തേക്ക് ഒന്ന് ഇടംകണ്ണിട്ട് നോക്കി തിരിച്ച് കയറിയപ്പോളേക്കും ചാനൽ മാറിയിരുന്നു.

….പിന്നേ….മഞ്ചൂവാര്യരു ടെറസ്മ്മൽ രണ്ട് തൈനട്ടപ്പോൾക്ക്യും എന്താ ഒരു ബഹളംഞാനിവടെ ഇരുപത്കൊല്ലായിട്ട് ഇനി നടാൻ ബാക്കി ഇള്ളത് ഒന്നുല്ല്യന്നാലോആരേലും തിരിഞ്ഞ് നോക്കണുണ്ടോസാരിത്തലപ്പ് കൊണ്ട് മുഖം തുടച്ചപ്പോൾ ശ്രീദേവിയുടെ മുഖം ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ ശ്രദ്ധിക്കാൻമാത്രം ആ മുഖത്ത് ഉണ്ടായിരുന്നത് ആർക്കും മനസിലായില്ല.

അന്നത്തെ രാത്രിക്ക് ഒരു കുസൃതിയുടെ മണമുണ്ടായിരുന്നു. പതിവില്ലാതെ മലർന്നു കിടന്നുറങ്ങുന്ന ശ്രീദേവിയുടെ മുഖത്ത് വിരിഞ്ഞ ഒട്ടും വിചിത്രമല്ലാത്ത ഒരു പുഞ്ചിരി പക്ഷേ സഹദേവന് അസ്വാഭാവികവും അരോചകവും ആയി തോന്നി. വരുംവരായ്കകളെകുറിച്ചുള്ള എന്തോ ഒരു അസ്വസ്ഥത അയാളുടെ നെഞ്ചിനുള്ളിൽനിന്ന് കഴുത്തിലേക്ക് ഇഴഞ്ഞുകയറി. ചൂടുവെള്ളത്തിലെ കരിങ്ങാലിചീളുകളിൽ തട്ടി മുറിഞ്ഞുകീറിയ വിമ്മിട്ടം ഒരു നനഞ്ഞ ചുമയായി പുറത്തിറങ്ങി ശ്രീദേവിയുടെ ചിരിക്കുമുന്നിൽ അലിഞ്ഞുതീർന്നു.

ഞാനുംണ്ട് കളിക്കാൻ“. പിറ്റേന്ന് വൈകുന്നേരം മൈതാനത്ത് പടർന്നുപിടിച്ച അന്ധാളിപ്പിനെ വകവെക്കാതെ ശ്രീദേവി മുടി പുറകിൽ ഒതുക്കികെട്ടി ബാറ്റ് പിടിച്ചുവാങ്ങി.

ശ്രീദേവ്യേച്യേ നിങ്ങളു തമാശ പറയാണ്ട് ഒന്ന് മാറി നിക്കൂ.” സ്വയംപ്രഖ്യാപിത ക്യാപ്റ്റൻ തൊപ്പി ഊരി.

തമാശ്യെനീ ആ തൊപ്പി ഇങ്ങട്ട്താ. ഞാൻ ബാറ്റിംഗ് ടീമിൽ. ഫസ്റ്റ് ഞാനെറങ്ങും.” ശ്രീദേവി പിച്ചിലേക്ക് നടന്നു.

അമ്മെ..നിങ്ങള്യ് വീട്ടിലു പോയെ. എന്താ കാട്ട്ണത്?” അറുപതിന്റെ അധികാരസ്വരത്തിൽ പന്ത്രണ്ട്വയസ്സു മുരണ്ടു .

പോടാ ചെക്കാ..”ശ്രീദേവി വിക്കറ്റിനു പിന്നിൽ ചെരുപ്പ് അഴിച്ച് വെച്ചു. ബാറ്റ് കൊണ്ട് ക്രീസിനുള്ളിൽ നീട്ടി വരച്ചു.

എന്തേ.. നിങ്ങളു കളിക്കിണില്ലെ ?” കാലുകൊണ്ട് ചരൽകല്ലുകൾ നീക്കി അവർ ചോദിച്ചു.

ക്യാപ്റ്റന്മാർ സ്വകാര്യം പറഞ്ഞു. “ഒരു രണ്ട് ബോൾ എറിഞ്ഞോ. നിർത്തി പൊയ്ക്കോളും .”  കളി തുടങ്ങാൻ ആങ്ങ്യം കാട്ടി കൈകൾ പുറകിൽകെട്ടി അവർ ശ്രീദേവിയെ നോക്കി അടക്കം പറഞ്ഞു . “ബാറ്റൊക്കെ ശരിക്ക് പിടിക്ക്ന്നുണ്ട്ട്ടാ..”

രണ്ട് പ്രാവശ്യം നിലത്തുകുത്തി അലസമായി വന്ന പന്തിനെ സിക്സർ പറത്തി ശ്രീദേവി ചൂടായി. “മര്യാദക്ക്എറിയെടാ..”മര്യാദക്കു വന്ന അടുത്തപന്തിനെ ലെഗ്സൈടിലെക്ക് ഗ്ലാൻസ് ചെയ്ത് ശ്രീദേവി ഓടി. പത്ത് റൺസ് എടുത്ത് അവർ ഔട്ട് ആയപ്പോഴും അമ്പരപ്പുകൾ ഔട്ട് ആകാതെ നിന്നു.

എന്താ  നെണക്ക്പറ്റ്യത് ?” മകന്റെ സങ്കടം പറച്ചിലിനൊടുവിൽ സഹദേവൻ ചോദിച്ചു.

ഇനിക്കൊന്നും പറ്റീല്ല. ഇങ്ങൾ ആ ചെക്കനോട് മുണ്ടാണ്ടെ കുത്ത്രിക്കാൻ പറയീ..” ശ്രീദേവികണ്ണുരുട്ടി.

ഹൈ.. എന്താപ്പാ നെന്റെ ഭാഷക്ക് ഒരു വ്യത്യാസം?” വൈകുന്നേരം മൈതാനം നിറഞ്ഞ മുഴുവൻ അമ്പരപ്പും സഹദേവന്റെ കണ്ണുകളിൽ കുടിയേറിയിരുന്നു

ഇല്ല്യാന്ന് പറഞ്ഞു മടുത്ത്ക്കുന്ന്.. ഇനി കൊറച്ച് കാലം ഞാൻ ഇന്റെ ബാസ പറയാൻപോവ്വാ… എന്തെയ്നു.. ഇങ്ങക്ക് എന്തേം പ്രസ്നംണ്ടോ ?”

സഹദേവന്റെ മുഖം കണ്ട് മകൾക്ക് ചിരിവന്നുരണ്ട് ദിവസം കഴിഞ്ഞ് അരിക്കടക്കാരന്റെ ചിരിയും ചോദ്യവും കേട്ട് അരിശവും.. “നെന്റെ അമ്മക്ക് ഭ്രാന്താന്ന് കേട്ടു.. പൂട്ടി ഇടണ്ടിവരുവോ?”

ആരാന്റമ്മക്ക് ഭ്രാന്താന്നു പറയാൻ നല്ലരസംണ്ട്ലേമിണ്ടാണ്ട് അരിതരാൻ നോക്ക്.”

നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് അല്ലേ സഹദേവാ.. വല്ല സൈക്കിയാർട്ടിസ്റ്റിനേം കാണിക്ക്.. ഈ ജ്യോത്സ്യന്റെ അടുത്തിക്ക് പോവാണ്ടെ.. “ചുവന്ന കൊടിമരത്തിനു താഴെ ശാസ്ത്രബോധവും പാരമ്പര്യവും തമ്മിലടിച്ചു.

അതിനിപ്പോ പാലക്കാട്ടിക്ക് പോണ്ടെ.. ഇയാള് എന്താപറയണേ നോക്കാപഠിപ്പും വിവരവും ഒക്കെള്ള ആളല്ലെ.. ബി.എ ലിറ്റ്രേച്ചർ ആത്രേ..”

കവടിയിൽ നവഗ്രഹങ്ങൾ നിരന്നുഅവ്യക്തതയിലൂടെ ഏറെനേരം സഞ്ചരിച്ച് കണ്ണടച്ച് അദ്ദേഹം വിധി പ്രസ്താവിച്ചു. “ഒന്നും അങ്ങട് ക്ലിയർ ആവണില്ല.. ശനീടെ ഒരപഹാരംണ്ട് ..അതും ചില്ലറ ശനിയല്ലേ… എങ്ങന്യാപ്പപറയാ… അതായത് ഒരു ഉത്തരാധുനികശനിയാണു… ഇതിനു പരിഹാരല്ല്യാ… ഇറ്റ്‌ ഈസ് ഇൻക്യൂറബൾ..”

ചുറ്റുമുള്ള മനുഷ്യക്കണ്ണുകളിൽ നിറഞ്ഞുനിന്ന പരിഹാസവും കുരലുകളിൽ ഒളിച്ചിരുന്ന ആഹ്ലാദവും സഹദേവൻ ശ്രദ്ധിക്കാൻ പോയില്ല .ചിന്തകളിൽ നീലച്ചടയൻറെ ജ്വരവിഹ്വലതകൾ നിറച്ച് അയാൾ പടിപ്പുരകടന്നു.

സഹദേവേട്ടാഞാൻ ഒന്ന് ഗുരുവായൂർക്ക് പോന്ന്. രണ്ടൂസം കയിഞ്ഞിറ്റെ വരൂ..” വാക്കുകളിലെ ദ്രുഢതയും കണ്ണുകളിലെ വീര്യവും സഹദേവൻ ശ്രദ്ധിച്ചു . “ശ്രീദേവി ഇപ്പൊപോണ്ടാ..”എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും അടുത്തുള്ള കട്ടിൽ കണ്ടപ്പോൾ അയാൾ നാവിനു തടയിട്ടു.

അതെങ്ങന്യാ അമ്മ ഒറ്റക്ക് പോവ്വാപോണ്ടാന്നു പറയൂ അഛാ…”

പോയിട്ട് വരട്ടെ മോനെ.. ഒന്നുല്ലേൽ ദൈവത്തിന്റെ അടുത്തെയ്ക്കല്ലേ പോണത്..?” അയാളുടെ മനസ്സിൽ വിരിഞ്ഞ കണക്കുകൂട്ടലുകളുടെ വസന്തം മകനെ ആശ്വസിപ്പിച്ചു.

അതിരാവിലെ കുളിച്ചൊരുങ്ങി ഹാൻറ്ബാഗും തൂക്കി ശ്രീദേവി നടന്നു. “ശ്രീദേവിക്കുഞ്ഞെ..എങ്ങടാ രാവിലെ… നെന്റെ അസുഖംക്കെ മാറിയോ?”

മാറീല്ല ബാലകാകൊറച്ച് തരട്ടെ… ഓന്റെ ഒരു കുഞ്ഞ്..”

ട്രെയിനിൻറെ ചൂളംവിളികേട്ട് ശ്രീദേവി തിരക്കിട്ടു നടന്നുട്രെയിൻ പതുക്കെ നീങ്ങിതുടങ്ങിയിരുന്നുശങ്കക്കിട നല്കാതെ ശ്രീദേവി ചെരുപ്പുകൾ ഊരി കയ്യിലെടുത്ത് സാരി ഉയർത്തിപിടിച്ച് ആവുന്നത്ര വേഗത്തിൽ ഓടി. പ്രായഭേദവും ജാതിമതഭേദവും മറന്ന് എല്ലാവരും അവരുടെ അനാവൃതമായ കാലുകളിലേക്കും അവിടെനിന്ന് ഒരുപക്ഷെ ഒരുകാറ്റ് തന്നേക്കാവുന്ന ആനുകൂല്യങ്ങളിലേക്കും കണ്ണുകൾ പായിച്ചുവെരിക്കോസ് വെയിൻ ഇത്തിൾകണ്ണി പോലെ പടർന്ന കാലുകളിൽ തട്ടി നോട്ടങ്ങൾ ചിതറി. തീവണ്ടിയുടെ വാതിൽക്കൽ നിന്ന് ശ്രീദേവി കിതപ്പും വിയർപ്പും ആറ്റിമല ചുറ്റിവന്ന കറുത്ത കാറ്റിനെ സാരിത്തുമ്പ്കൊണ്ട് വലിച്ച് തന്നിലേക്കടുപ്പിച്ചു.

തിക്കിയും  തിരക്കിയും കടന്നു കയറിയും നടന്നുനീങ്ങുന്ന ആൾക്കൂട്ടത്തിൽ കർക്കടകചൂടിൽ വിയർത്ത നിലത്ത് ചവിട്ടി ശ്രീദേവിയുടെ പാദങ്ങൾ പൊള്ളി. ദർശനപുണ്യത്തിലേക്കുള്ള അകലവും വിയർപ്പും സ്വാർത്ഥവും നിറഞ്ഞ കാത്തിരിപ്പിന്റെ മണിക്കൂറുകളും കണക്കുകൂട്ടുന്നതിനിടയിൽ കഴുത്തിലെ മാലയും അതിനറ്റത്തുള്ള താലിയും നാവുനീട്ടിയ പാമ്പിനെപോലെ മറ്റൊരു കയ്യിലേക്കും അവിടെനിന്നൊരു ബാഗിലേക്കും ഇഴഞ്ഞുപോവുന്നത് അറിഞ്ഞിട്ടും ശ്രീദേവി അനങ്ങാതെ നിന്നു. ആ കൈകളുടെ ഉടമക്ക് ഒരു ചിരി സമ്മാനിച്ച് ഒരു ദാർശനിക സ്വപ്നത്തിലെന്നപോലെ അവർ തിരിച്ചുനടന്നുപെട്ടികടയുടെ പിന്നാമ്പുറത്ത് കാർക്കിച്ച് തുപ്പി ഒരു സോഡക്ക് പറഞ്ഞു.
നിങ്ങൾഎന്താകാണിക്കണേ.” അന്നനാളം തുരന്നുവന്ന മറ്റൊരു തുപ്പൽ കേട്ട കടക്കാരൻ ചോദിച്ചു.

നിർമാല്യം കണ്ടിക്ക്ണോ?”

എന്നുംതൊഴാറുണ്ട്കയ്യിലെ ചരട് തിരിച്ച് അയാൾ പറഞ്ഞു.

പോയി രണ്ട് സിനിമ കാണെടൊ.” നൂറുരൂപക്ക് ബാക്കി വാങ്ങാതെ എറണാകുളം ബസ്സിൽ കയറി ശ്രീദേവി ഇരുന്നു.

അങ്ങ് പാലക്കാട്ട് സൈക്യാട്രിസ്റ്റിനു മുൻപിൽ സഹദേവൻ വിഷണ്ണനായി ഇരുന്നു. “പറഞ്ഞതു കേട്ടിട്ട് സൈക്കൊസിസും ന്യൂറോസിസും പോലെ ഭീകരം അല്ല കാര്യംഅപരവ്യക്തിത്വത്തിന്റെ സാധ്യത തള്ളികളയാനുമാവില്ല. നിങ്ങൾ അവരെയും കൂട്ടിവരൂ..”

അത് ഡോക്ടർ… അവൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല… മറ്റേ സിനിമേലു സണ്ണിഡോക്ടർ ചെയ്തത്പോലെ അവിടെവന്ന് ഒന്ന് ഹിപ്നോട്ടൈസ് ചെയ്യാൻ പറ്റിയാൽ നന്നായിരുന്നു. എനിക്കെൻറെ ശ്രീദേവിയെ തിരിച്ചുവേണം ഡോക്ടർ..” സഹദേവന്റെകണ്ണുകൾനിറഞ്ഞൊഴുകി

ശരിഞാൻ വരാം.” ഡോക്ടർ സമ്മതിച്ചു.

ശുഭപ്രതീക്ഷകളുടെ ഭാരവുമായി വീട് പുൽകിയ സഹദേവനെ എതിരേറ്റത് മകൻറെ സങ്കടംപറച്ചിലായിരുന്നു..

അഛാദാ അമ്മ ടീവീല്…” മറൈൻ ഡ്രൈവിൽ ചുംബിച്ചുനീങ്ങുന്നവർക്ക് മുൻപിൽ ഐക്യദാർഢ്യ പ്ലക്കാർഡുമായി ശ്രീദേവി നിൽക്കുന്നു. “നിങ്ങളൊരു ഫെമിനിസ്റ്റ് ആണോ ?” മൈക്കുമായി ചോദ്യം ചെയ്യാൻ വന്ന ഒരുവനോട് ശ്രീദേവി ചിരിച്ചുകോണ്ട് പറയുന്നു.. “ഒന്ന്പോടർക്കാ…” സഹദേവൻ ടി.വി ഓഫ് ചെയ്തു കട്ടിലിൽ കമിഴ്ന്നുകിടന്നുതലയിണയിൽ മുഖം പൂഴ്ത്തി.

ആഹാ… ഡോക്ടർ വന്നോഎനിക്ക് തോന്നി നിങ്ങളു വരുംന്ന്.. ഞാനീ ബാഗ് വെച്ചിട്ട് വരാം.. ഇരിക്കീചായ കൊടുത്തിലേ സഹദേവേട്ടാ?” പൂമുഖപ്പടി കയറിയ ശ്രീദേവിയുടെ ചോദ്യത്തിന് ഇല്ലെന്നും ഉണ്ടെന്നും ഉള്ള അർത്ഥത്തിൽ സഹദേവൻ തലയാട്ടി. “പറയൂ ഡോക്ട്ടറെഎന്തൊക്കെ ഉണ്ട് ?”

ഒരു ചെറിയ ഞെട്ടലിൽ നിന്ന് ഉണർന്ന ഡോക്ടർ ചിരിച്ചു. “എങ്ങനെ മനസിലായി ഞാൻ ഡോക്ടർ ആണെന്ന്” ?

പ്രാന്തിന്റെ ഡോക്റ്ററെ കണ്ടാൽ മനസിലാക്കാൻ അത്ര ബുദ്ധി ഒന്നും വേണ്ട. അത് വിട്നിങ്ങൾ ആ പുസ്തകം തരൂഹിപ്നോട്ടിസം ഒന്നും വേണ്ട.” ശ്രീദേവിയും ചിരിച്ചു.

ഏത് പുസ്തകം?” ഒന്നും മനസിലാകാത്തത്തിന്റെ പ്രശ്നം പുറത്ത് കാണിക്കാതെ അയാൾ ചോദിച്ചു.

ആരൊക്കെ എങ്ങനെയൊക്കെ പെരുമാറണംന്നും എന്ത് ഭാഷ സംസാരിക്കണംന്നും എന്തൊക്കെ ചെയ്യണംന്നും ഒക്കെ എഴുതിവെച്ച പുസ്തകം ഇന്ടാവൂലെ നിങ്ങളെ കയ്യില് ..അത് തന്നാമതി.. വായിച്ച് പഠിച്ചിട്ട് ഞാൻ അനുസരിചോളാം.”

ഡോക്ടറെ ബസ് കയറ്റി വിട്ട് വരുന്ന വഴിക്ക് അരിക്കടക്കാരൻ സഹദേവനോട് വിളിച്ചു ചോദിച്ചുസഹദേവാ.. ശ്രീദേവീന്റെ ഭ്രാന്തോക്കെ മാറിയോ ?”

സഹദേവൻചിരിച്ചു. “അതിനു ശ്രീദേവിക്ക് അല്ലായിരുന്നു ഭ്രാന്ത്..”

പിന്നെയോ?”

ഭ്രാന്ത് മ്മളെ നാടിനും നാട്ടാർക്കും ആണു.”

വീട്ടിലെത്തി ശാന്തതയുടെ താഴ്വരകളിൽ മനസ്സിനെ മേയാൻവിട്ട് സഹദേവൻ ശ്രീദേവിയെ പുണർന്നു.

Comments

comments