ഭക്ഷണത്തിന്റെ ശുദ്ധാശുദ്ധങ്ങൾ ആരാണ് തീരുമാനിക്കുന്നത്? കഴിക്കുന്നവരോ അതോ ഭരണകൂടമോ? അതോ സംഘപരിവാരമോ? നല്ല ഭക്ഷണം ചീത്ത ഭക്ഷണം എന്ന വേർതിരിവിന്റെ മാനദണ്ഡമായി നാം പൊതുവിൽ കണക്കാക്കിയിരുന്നത് അതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവിനെ ആണ്. എന്നാൽ ഇന്നിതാ ഭക്ഷണത്തിലും ഉണ്ടായിരിക്കുന്നു വർണവർഗ്ഗ ഭേദങ്ങൾ. ഈ ഭേദം തീർത്തും പുതിയതല്ല എന്നിരിക്കിലും ഒരു പൊതു ബോധമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമം താരതമ്യേന പുതിയതാണ്. പക്ഷെ ഗുജറാത്തിൽ ഇത്തരം ശ്രമങ്ങൾ 2001 നു മുൻപ് തന്നെ തുടങ്ങിയിരുന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലിതന എന്നാ സ്ഥലത്ത് മാംസഭക്ഷണം നിരോധിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ബ്രാഹ്മണർ അല്ലാതെ മാംസാഹാരികളായ ഒരു നല്ലൊരു ശതമാനം ജനങ്ങൾ അവിടെ ജീവിക്കുന്നുണ്ട് എന്ന വസ്തുത തമസ്കരിച്ചുകൊണ്ടായിരുന്നു അത്തരം ശ്രമങ്ങൾ. ഇത്തരം ശ്രമങ്ങളെയൊന്നും മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നതായി പോലും കണ്ടില്ല. കാരണം ലളിതമാണ്. സസ്യഭക്ഷണം എന്ന തീർത്തും ബ്രാഹ്മണ പൌരോഹിത്യത്തിന്റെ പൊള്ളയായ ഉത്കൃഷ്ടതയെ ഒരു വലിയ സവിശേഷതയായി അവർ അംഗീകരിക്കുന്നു എന്നത് തന്നെ.
സസ്യഭക്ഷണം എന്നത് ഭാരതീയതയുടെയും ദേശീയതയുടെയും ഒരു ചിഹ്നമായി എടുത്തുകാട്ടുന്നത് ഹിന്ദുത്വ അജൻഡയുടെ അനിവാര്യ ഭാഗമാണ് എന്നത് സസ്യാഹാരത്തിന്റെ പ്രയോക്താക്കളിൽ പലരും മറന്നുപോകുന്നുണ്ട്. RSS സ്ഥാപകരിൽ ഒരാളായ ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ സസ്യഭക്ഷണം ഒരാളെ സാത്വികനാക്കുമെന്നും മാംസാഹാരം തമോരജോ ഗുണങ്ങളെ വർദ്ധിപ്പിക്കുമെന്നും പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറയോ ആധികാരികതയോ ഇല്ലാത്ത ഇത്തരം പ്രഘോഷണങ്ങൾ ഉപരിപ്ലവമായ സാംസ്കരികബോധം പുലർത്തുന്നവരെ സ്വാധീനിച്ചിട്ടുമുണ്ട്. സസ്യാഹാരികളായ സംഘപരിവാറുകാർ തന്നെയല്ലേ ഗുജറാത്തിലും മറ്റും കൂട്ട നരഹത്യയ്ക്കും മറ്റ് അക്രമങ്ങൾക്കും നേതൃത്വം കൊടുത്തത് ? അപ്പോൾ ഈ പറയുന്ന സത്വഗുണങ്ങൾ ഒളിവിലായിരുന്നോ? ലോകം കണ്ട ഏറ്റവും വലിയ എകാധിപതിയായ ഹിറ്റ്‌ലറും സസ്യാഹാരിയായിരുന്നു എന്നത് രസകരമാണു.
ഭാരതീയതത്ത്വശാസ്ത്രത്തിന്റെ ആധാരശിലയായി കരുതപ്പെടുന്ന വേദേതിഹാസങ്ങളിൽ ഒന്നും തന്നെ മാംസാഹാരം നിഷിദ്ധമാണെന്ന് പറയുന്നില്ല. സംഘപരിവാറിന്റെ ആദർശദൈവമായ രാമൻ പോലും മാംസാഹരി ആയിരുന്നു എന്ന് വാത്മീകി രാമായണം പറയുന്നു. പില്ക്കാലത്ത് ആര്യാധിപത്യത്തിനു ശേഷം ബുദ്ധജൈന മതങ്ങളാണ് അഹിംസ എന്നാ ആശയത്തിൽ ഊന്നി സസ്യഭക്ഷണം പ്രചരിപ്പിച്ചത്. പിന്നാലെ ബ്രാഹ്മണാധിപത്യം അത് കടംകൊള്ളുകയായിരുന്നു. എന്നാൽ ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന ഗോവധനിരോധനം ഗോക്കളിൽ മാത്രമായി ഒതുക്കപ്പെടുന്നതിനാൽ അതൊരിക്കലും അഹിംസ എന്നാ ആശയത്തിന്റെ പ്രചരണം അല്ല തന്നെ. മാത്രവുമല്ല മൃഗബലിയും മറ്റും ഉൾപ്പെട്ട ആരാധനാക്രമങ്ങൾ നിലനില്ക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു ആശയം തീർത്തും പ്രതിലോമകരമാണ്. സസ്യാഹാരമോ മാംസാഹാരമോ തനിക്കു വേണ്ടത് എന്നത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്. ഓരോരുത്തരും ജനിച്ച ജീവിക്കുന്ന പരിതസ്ഥിതികളാണ് ഒരാളിനെ സസ്യാഹാരിയോ മംസാഹാരിയോ ആക്കുന്നത്. അതിൽ പ്രത്യേകിച്ച് ഉൽകൃഷ്ടത കല്പ്പിക്കുന്നത് മൗലികമായിതന്നെ അവകാശ ലംഘനവുമാണ്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 ഉറപ്പുകൊടുക്കുന്ന ഭക്ഷണത്തിനുള്ള അവകാശം കാലാകാലങ്ങളായി നാം തുടർന്ന് വന്ന ഭക്ഷണരീതികൾ തുടരുന്നതിനും കൂടിയുള്ളതാണ്. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ താല്പര്യത്തിനു വേണ്ടി സ്വന്തം ഭക്ഷണരീതികൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്നത് ഫാസിസത്തിന് കീഴ്പെടലാണ്. അരാഷ്ട്രീയത അലങ്കാരമായി കരുതുന്ന ഇന്നത്തെ സമൂഹത്തിൽ, ഫാസിസം തീന്മേശയിൽ എത്തിനില്ക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു നാം ഗൌരവമായി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വെറും 20% ത്തിൽ താഴെ വരുന്ന വരേണ്യ സവർണവിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് മുന്നിൽ അടിയറവു പറയനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം. ഇന്ന് ഗോമാതാവിനെ ആരാധിക്കുന്നതിനാൽ ബീഫ് നിരോധിക്കുമ്പോൾ നാം മൌനം പാലിച്ചാൽ നാളെ ഭാഷയിലും വസ്ത്രധാരണതിലും സഞ്ചാര സ്വാതന്ത്ര്യത്തിലും വിലക്കുകളും നിരോധനങ്ങളും കൊണ്ടുവരാൻ ഇവർ മടിക്കുകയില്ല, ദാദ്രി മുതൽ കേരളവർമ കോളേജ് വരെയുള്ള സംഭവങ്ങൾ ഒരു ചൂണ്ടുപലകയാണ്. അത് തിരിച്ചറിയാൻ കഴിയുന്നവർ, അതിനെക്കുറിച്ച് ഉറക്കെ സംസാരിക്കാൻ കഴിയുന്നവർ, അതിനെതിരെ പൊരുതാൻ തയ്യാറാവുന്നവർ – അവരാണ് ഈ സമൂഹത്തിന്റെ വഴികാട്ടികൾ. ഇവിടെ അത് ചെയ്യേണ്ട ആൾ തന്നെ അത് ചെയ്തിരിക്കുന്നു. പേര് പോലെ തന്നെ പ്രകാശം പരത്തുന്ന വാക്കുകളുമായി ഒരു അദ്ധ്യാപിക- ദീപ. ദീപടീച്ചറിന്റെ വാക്കുകൾ കടമെടുത്താൽ വിദ്യാലങ്ങൾ ക്ഷേത്രങ്ങളല്ല , അവിടെ ക്ഷേത്രാചാരങ്ങൾ അല്ല പിന്തുടരേണ്ടത്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ഒരു സ്ഥാപനം നിക്ഷിപ്തതാല്പര്യക്കാരുടെ സംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളുമ്പോൾ മൗനം പാലിക്കാൻ പൗരബോധവും മനുഷ്യത്വവുമുള്ള ഒരാൾക്കും സാധിക്കില്ല തന്നെ. അതിനെതിരെ പ്രതികരിച്ച ദീപടീച്ചർക്കു പിന്തുണയും അഭിവാദ്യവും. ടീച്ചർക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണെന്ന് തിരിച്ചറിയുക.
Be the first to write a comment.