ലോകമിപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥകൾ  ഇനിയും  ഞങ്ങൾക്ക് സഹിച്ചുകൊണ്ടിരിക്കാനാവില്ല …”
പുടിന്‍  വാഷ്ടിംഗ്ടണോട് പറഞ്ഞു. പശ്ചിമേഷ്യയിലും  ആഫ്രിക്കയിലും  ഉക്രൈനിലും  അമേരിക്ക  നടത്തിപ്പോരുന്ന  ചോരക്കളിയും  നാശവും പശ്ചിമേഷ്യയിലെ  ഏറ്റവും  പ്രഹരശേഷിയുള്ള  അപകടമായ ഐ എസ്സിനെ  സൃഷ്ടിച്ചതും  ചൂണ്ടി  റഷ്യന്‍  പ്രസിഡന്റ്  പുടിൻ  ബരാക്  ഒബാമയോട് ചോദിച്ചു: “നിങ്ങള്‍  എന്താണ്  ചെയ്തതെന്ന് സ്വയം തിരിച്ചറിയുന്നുണ്ടോ?  ലോകം  ചോരക്കളമായതും  ലക്ഷക്കണക്കിന്‌  മനുഷ്യര്‍  ആലംബഹീനരും അഭയാർത്ഥികളും  ആയതും  എങ്ങിനെയാണെന്ന്  തിരിച്ചറിയുന്നുണ്ടോഉദ്വേഗജനകമാംവിധം  പശ്ചിമേഷ്യ  ചുട്ടുപഴുക്കുമ്പോഴാണ്‌ അമ്പുകള്‍ പോലെ മുനയുള്ള  ഈ വാക്കുകള്‍ വാഷ്ടിംഗ്ടണെ ചൂഴുന്നത്.

            ദുർബമലമായിരുന്നു പത്രസമ്മേളനത്തില്‍ ഒബാമയുടെ പ്രതികരണം: “ഈ സന്ദർഭത്തില്‍ റഷ്യയുമായി ഇനിയുമൊരു ശീതയുദ്ധം ആവർത്തിക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമാവില്ല” – ഒബാമ  പറഞ്ഞു. ആയുധകച്ചവടം കൊണ്ട് മാത്രം സാമ്പത്തികശക്തിയാവാന്‍ കഴിയില്ല എന്ന തിരിച്ചറിവ് ഈ വാക്കുകളിലുണ്ട്.

           ഈ മേഖലയിലെ  രാഷ്ട്രങ്ങള്‍  മാത്രമല്ല , നിരവധി  പടിഞ്ഞാറന്‍  രാജ്യങ്ങളും ഇവിടെ പടയിറക്കിക്കഴിഞ്ഞു . യുദ്ധത്തിനു പേരു സിറിയൻ യുദ്ധം എന്നാണെങ്കിലും അത് പടരുന്നുണ്ട്. ഈ വാര്‍ തിയറ്ററിലെ കളിക്കാര്‍ അത്രയനേകമുണ്ട്. സൈനികേതര അർത്ഥത്തില്‍ ഒരു ഭൂഖണ്ടാന്തരയുദ്ധമായി അത് മാറിക്കഴിഞ്ഞു. പശ്ചിമേഷ്യയില്‍ രണ്ടര പതിറ്റാണ്ടായി അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങൾ നടത്തുന്ന സൈനിക – രാഷ്ട്രീയ – സാമ്പത്തിക ആക്രമണങ്ങള്‍ അപ്പാടെ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടു എങ്കില്‍ പശ്ചിമേഷ്യയെ അത് ചോരക്കളമാക്കി, ശിഥിലമാക്കി. യുദ്ധത്തിന്റെ കെടുതിയുമായി പതിനായിരക്കണക്കിനു അഭയാർത്ഥികള്‍ യൂറോപ്പിലേക്ക് പലായനം ചെയ്യുകയാണ്. അമേരിക്കയുടെ  ഭീകരവിരുദ്ധ യുദ്ധവും പരാജയമാണ് എന്നാണു അവരുടെ തന്നെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം റഷ്യ  ആരഭിച്ച  സൈനിക ഇടപെടലോടെ വാഷിംഗ്ടൺ  ഒട്ടേറെ  കാര്യങ്ങളില്‍  തുറന്നു കാട്ടപ്പെടുകയാണ്. സുനിശ്ചിതമായ അന്ത്യം കാണാനാവാത്ത യുദ്ധവും  സമാധാനം പുനഃസ്ഥാപിക്കാനാകാത്ത യുദ്ധവും പരാജയമാണ് എന്ന്  ധർമ്മയുദ്ധതന്ത്രം  പറയുന്നു. പശ്ചിമേഷ്യയിലും അഫ്ഗാനിലും അമേരിക്ക നേരിട്ടത് ഈ പരാജയമാണ്. യുദ്ധശാസ്ത്രത്തില്‍ വിശദീകരിക്കുന്ന പോലെ പരാജയപ്പെട്ട യുദ്ധങ്ങള്‍ ഒട്ടേറെ കലാപകാരികളെയും സായുധ സംഘങ്ങളെയും അഭയാർത്ഥികളെയും നിരാലംബരെയും സൃഷ്ടിക്കുന്നു. പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള  അഭയാർത്ഥിപ്രവാഹം മറ്റൊന്നുമല്ല. സിറിയയിലും ഇറാക്കിലും അഫ്ഗാനിലും  കൂണ് പോലെ മുളച്ചു  പൊന്തിയ വിമത സായുധസംഘങ്ങളും ചൂണ്ടിക്കാണിക്കുന്നത്  ഇതേ വസ്തുത തന്നെയാണ്.

          പശ്ചിമേഷ്യയില്‍ മാത്രമല്ല അമേരിക്കയും നാറ്റോയും  ഈ ഗതി നേരിടുന്നത്. ലോകത്തെവിടെയും പടയിറക്കി  വിജയം  നേടാനുള്ള  കരുത്തുണ്ടെന്ന്  സ്വയം വിലയിരുത്തിയിരുന്ന  അമേരിക്കയ്ക്ക് അതിനാവില്ലെന്നു  തെളിയിക്കുന്ന  ദശാബ്ദങ്ങള്‍  ആണ്  കടന്നു  പോയത്. അമേരിക്കയുടെ അധിനിവേശതന്ത്രങ്ങൾക്ക് ഏറ്റ  വലിയ  ആഘാതമാണിത്. അവരുടെ മനക്കരുത്തിനും.

          രാഷ്ട്രതന്ത്രത്തില്‍  യുദ്ധവും പ്രധാനമായ  ഒരായുധമാണ്‌ എന്നത് രണ്ടു നൂറ്റാണ്ടായി പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ആവർത്തിക്കുന്ന  മന്ത്രമാണ്. രണ്ടാം  ലോക യുദ്ധം  യൂറോപ്പിനെ ആണ്  നാശമാക്കിയതെങ്കില്‍ അടുത്ത  യുദ്ധം  ഏഷ്യയില്‍ കേന്ദ്രീകരിച്ചായിരിക്കും എന്ന്  അമേരിക്കന്‍ ലോബിയിസ്റ്റുകള്‍  പറയുകയും  ചെയ്തിരുന്നു. പക്ഷെ യുദ്ധം വേലികെട്ടി തിരിച്ചു നടത്താവുന്ന ഒന്നല്ലെന്ന് ഇപ്പോള്‍  അവർക്ക്  ബോധ്യം  വന്നിരിക്കും. മരണവും പലായനവും യൂറോപ്പിലെക്കുമെത്തി. അവരാണ് ഇന്ന്  ആഭ്യന്തര ജീവിതത്തിനു  വലിയ ഭീഷണി  നേരിടുന്നത്. അവിടെയും  തീവ്ര മതപക്ഷ ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും  ആയുധമെടുക്കുകയും ചെയ്യുന്നു. സിറിയന്‍  യുദ്ധത്തില്‍  റഷ്യയുടെ ഇടപെടലിനെ യൂറോപ്പ് അപലപിക്കുന്നില്ല  എന്നത്  തന്നെ  വലിയൊരു മാറ്റമാണ്. റഷ്യ , ജർമ്മനി, ഫ്രാൻസ്, ഉക്രൈന്‍  ഉച്ചകോടി പാരീസില്‍ നടന്നതിനു  ശേഷമാണ് പുടിന്‍ സിറിയയില്‍  വെടിപൊട്ടിച്ചത്. ജർമ്മന്‍ ഭരണാധികാരി ആഞ്ജെലാ മെർക്കെല്‍ പുടിനുമായി നടത്തിയ  സംഭാഷണത്തില്‍  സിറിയ  വിഷയമായിരുന്നു  എന്നതു വ്യക്തം. പക്ഷെ ഉച്ചകോടിക്ക് ശേഷം മാധ്യമ പ്രവർത്തകര്‍ കുത്തിക്കുത്തി ചോദിച്ചിട്ടും മെർക്കെല്‍  റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറായില്ല  എന്നതു സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന സന്ദർഭമാണ്. മാത്രമല്ല  ഒരു  പഴങ്കഥ  മാത്രമായ  സോവിയറ്റ് ബ്ലോക്ക് രാഷ്ട്രങ്ങളുടെ കമ്മ്യൂണിസ്റ്റ് ചേരി എന്ന് ഇപ്പോഴും റഷ്യയെ  വിളിക്കുന്നതിന്റെ  അസംബന്ധം യൂറോപ്പ്  മനസ്സിലാക്കുന്നു. 

                അമേരിക്കയുടെ യുദ്ധങ്ങളും  അവര്‍  പറയുന്ന  നുണകളും വേട്ടയാടുന്നത് യൂറോപ്പിനെ  ആണെന്ന് സിറിയന്‍ വിഷയത്തില്‍ യൂറോപ്പ്  തിരിച്ചറിയുന്നു എന്നാണിതിനു  അർത്ഥം. അമേരിക്കയെ ഇക്കാര്യത്തില്‍ വേണ്ടത്ര ചിന്തയില്ലാതെ  പിന്താങ്ങിയതിന്റെയും അവരുടെ കുടിയാന്മാരെ പോലെ നിന്നതിന്റെയും കടുത്ത  ആഘാതമാണ് യൂറോപ്പ് അനുഭവിക്കുന്നത്. യൂറോപ്പിലെ രാഷ്ട്രീയ  പാർട്ടികള്‍  ആകെത്തന്നെ  അതതു രാഷ്ട്രം  സ്വന്തം നിലപാടുകളും  സ്വന്തം  വഴികളുമായി  മുന്നോട്ടു പോകണമെന്ന ആശയത്തില്‍ എത്തിയതിനു പിന്നില്‍ പ്രധാനം അമേരിക്കയുടെ മലക്കം മറിച്ചിലുകളാണു. യൂറോപ്പ്  അമേരിക്കന്‍  നുകത്തില്‍ നിന്ന് പിടഞ്ഞു മാറാന്‍  ആഗ്രഹിക്കുന്ന  വേളയില്‍ തന്നെയാണ് കുശാഗ്ര ബുദ്ധിയോടെ പുടിന്‍  രംഗത്ത് വരുന്നതും  ഇനി  അമേരിക്കന്‍  അത്യാചാരങ്ങള്‍ സഹിക്കാന്‍  ആവില്ലെന്ന്  പറയുന്നതും. ലോകം  ഒരു വട്ടം കൂടി  ബലാബലം മാറിമറിയുന്നത് കാണുകയാണ്. ഏതാണ്ട് മൂന്നു ദശാബ്ദത്തിനു  ശേഷം. അമേരിക്കന്‍ ഇടപെടലല്ല മറിച്ചു  റഷ്യന്‍  ഇടപെടലാണ്  അഭയാർത്ഥി പ്രവാഹത്തില്‍ നിന്ന് തങ്ങളെ  രക്ഷിക്കുക  എന്ന് യൂറോപ്പിന്  ബോധ്യമായിട്ടുണ്ട്. അഭയാർത്ഥി പ്രവാഹം എന്നത് യുദ്ധം പടരാന്‍ പലപ്പോഴും കാരണമാകുന്ന  ഒരു  ഘടകമാണ്. ഇനിയൊരു ബഹുരാഷ്ട്ര യുദ്ധം തങ്ങളുടെ മുറ്റത്ത്  നടക്കുക എന്നത് യൂറോപ്പിന്  താങ്ങാനാകാത്ത  ഒന്നാണ്. 

              റഷ്യ  സ്വന്തം  കരുക്കള്‍  നീക്കുന്നത്  ഒരു  ചതുരംഗക്കളത്തില്‍ എന്ന പോലെയാണ്. റഷ്യക്കുമുണ്ട് താൽപര്യങ്ങള്‍. അതില്‍ സുപ്രധാനം ലോകകാര്യങ്ങളില്‍ നഷ്ടപ്പെട്ടു പോയ സ്വാധീനം വീണ്ടെടുക്കലാണ്. ഇപ്പോഴത്തെ സാമ്പത്തിക  മാന്ദ്യത്തിന്റെ പശ്ചാലത്തില്‍ ഉക്രൈനിലെ  ഇടപെടല്‍  കുറയ്ക്കുകയും  യൂറോപ്പിനെ സാമ്പത്തിക ഉപരോധത്തില്‍ നിന്ന് പിൻവലിപ്പിക്കുകയും  വേണം. ഇതേക്കുറിച്ച് കുറച്ച് നാളുകളായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഫ്രെഞ്ച് പ്രസിഡന്റ് ഒളാൻഡെ സിറിയൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിട്ടുപോലും റഷ്യയ്ക്കു മേലുള്ള നിരോധനങ്ങൾ നീക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നത് ശ്രദ്ധേയമാണു.

             സിറിയയില്‍ നിയമ പ്രകാരമുള്ള  സർക്കാരിനെ പിന്താങ്ങുകയാണ് രക്തച്ചൊരിച്ചിലിന്റെ സാഹചര്യത്തില്‍  വേണ്ടത് എന്നാണു  റഷ്യ വാദിക്കുന്നത്. സമാധാനം  തകർക്കാന്‍  ശ്രമിക്കുന്ന  ഏതു ശക്തിയെയും  ആക്രമിക്കുമെന്നും  പുടിന്‍  വ്യക്തമാക്കി. അതിനു  മറുപടിയായി  ഒബാമ  പറഞ്ഞത്  റഷ്യന്‍  ആക്രമണം  അവിടുത്തെ ഐ എസ്സ് ഭീകരരെ ശക്തിപ്പെടുത്തും എന്നാണു – വലിയൊരു  ഫലിതം. ഇറാക്കിലെ  അൽ ഖ്വയ്ദയില്‍ നിന്ന് വേറിട്ട ഐ എസ്സിനെ ആയുധവും പരിശീലനവും നല്കി വളർത്തിയത്  അമേരിക്കയും സൌദിയും സഖ്യ ആറബ് രാഷ്ട്രങ്ങളും  ചേർന്നാണ് എന്നതു ഇന്നൊരു  രഹസ്യമേയല്ല. അത് കൊണ്ട്  തന്നെ  പുടിന്റെ മറുപടി ഇതായിരുന്നു; “അമേരിക്കയുടെ നയം  തന്നെയാണ്  റഷ്യ  പിന്തുടരുന്നത്”. വാഷ്ടിംഗ്ടൺ മൗനം പാാലിക്കാൻ നിർബന്ധിതരായി.  ബാഷര്‍  അല്‍  ആസാദിന്റെ പതനവും  പശ്ചിമേഷ്യയില്‍ റഷ്യന്‍  സൈനിക സാനിദ്ധ്യത്തിന്റെ ഉച്ചാടനവും ഒരേ സമയം  നിർവ്വഹിക്കാന്‍ അമേരിക്ക  കണ്ടെത്തിയ  ആഭിചാര  ക്രിയയാണ്  ഐ എസ്സിന്റെ  സൃഷ്ടി. ഐ എസ്സ് ഇന്ന് കുടം തുറന്നു വിട്ട ഭൂതത്തെപോലെ അമേരിക്കയെ തന്നെ  വിഴുങ്ങാന്‍  അടുക്കുന്നു. അതേ സമയം നാലരക്കൊല്ലം  കാത്തിരുന്ന  റഷ്യ പശ്ചിമേഷ്യയിലെ അവരുടെ ഏക താവളം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ആരും ജനാധിപത്യത്തിന്  വേണ്ടി യുദ്ധം  ചെയ്യുന്നില്ല. അമേരിക്കയും സഖ്യ കക്ഷികളും ആസാദിനെ  പുറത്താക്കി  തങ്ങൾക്കു  ഹിതകരമായ ഒരു  സർക്കാരിനെ  സിറിയയില്‍  സ്ഥാപിക്കും  എന്ന  വ്യക്തമായ  അറിവോടെയാണ്  റഷ്യയുടെ  ഇടപെടല്‍.  ഇറാക്കില്‍  പരാജയപ്പെട്ട  തന്ത്രം  അമേരിക്ക  ഇവിടെയും പയറ്റി  തോല്ക്കുന്നത്   യൂറോപ്പ്, അമേരിക്ക തന്നെയും  ആദ്യം തിരിച്ചറിഞ്ഞു കാണില്ല.[ലോക പോലീസ് (സുപ്രീം  മോറാലിറ്റി) എന്ന  ബോധം അവരെ അത്രയേറെ  അന്ധരാക്കിയോ എന്ന് സംശയിക്കണം]

          റഷ്യയുടെ ഇടപെടലില്‍ സിവിലിയൻസ് മരിക്കുന്നു  എന്ന  ആരോപണവുമായി അമേരിക്കയിലെ  റഷ്യന്‍  വിരുദ്ധ ലോബ്ബി (ഇപ്പോഴും കമ്മ്യൂണിസ്റ്റ്  ഭീഷണി നിലനിൽക്കുന്നു എന്ന് വാദിക്കുന്നവര്‍  ആണിവര്‍) രംഗത്തുണ്ട്. മൂന്നു  ലക്ഷം ആളുകള്‍ മരിക്കുകയും, എൺപതു ലക്ഷം പേര്‍ വീടും ജീവിതവുമില്ലാതെ അലയുകയും, മറ്റൊരു മൂന്നു ലക്ഷം പേര്‍ യൂറോപ്പില്‍  അഭയം തേടി അലയുകയും ചെയ്യുന്നു എന്നതാണു അമേരിക്കയും സൌദിയും മറ്റു ചില രാഷ്ട്രങ്ങളും  സിറിയയില്‍ നടത്തിയ  യുദ്ധത്തിന്റെ  ഫലം. വിരലിലെണ്ണാവുന്ന  സിവിലിയൻസ്  മരിച്ചതിനു വലിയ  പ്രാധാന്യമൊന്നും ഈയവസ്ഥയില്‍ ഉണ്ടാകില്ല  എന്ന് പുടിന് അറിയാം. മാത്രമല്ല  വിശ്വാസ്യത  നഷ്ട്ടപ്പെടാത്ത  ഒരു  സമീപനം  എടുക്കാന്‍ സാഹചര്യങ്ങള്‍ പുടിന്  അവസരം നല്കു്കയും  ചെയ്തു. സിറിയയിലെ സർക്കാരിന്റെ ആവശ്യപ്രകാരമാണ് റഷ്യന്‍  വ്യോമസേന  അവിടെ ഇടപെടുന്നത്. എല്ലാ  വിമതരെയും ഒരു പോലെ  ആക്രമിക്കാന്‍ അതവർക്ക്  അവസരം  നൽകുന്നു. മിതവാദികളായ സായുധവിമതര്‍ എന്നൊരു പുതിയ ഭാഷ്യം  അമേരിക്ക  മുന്നോട്ടു  വെച്ചെങ്കിലും റഷ്യ സ്വീകരിച്ചില്ല. റഷ്യന്‍  കരസേന സിറിയയില്‍ ഇറങ്ങില്ല. വ്യാപകമായ  ഒരു യുദ്ധ  ഇടപെടല്‍  അവര്‍  ആഗ്രഹിക്കുന്നില്ല.  സിറിയന്‍ വിമതസേന , ഐസിസ്,  സൌദിയുടെ ജിഹാദിസേന  എന്നിവയെ  നേരിടുന്നത്  സിറിയന്‍ സേനയും  ഇറാനികളും  ഹിസ്ബൊള്ളകളുമാണ്. തങ്ങൾക്കിണങ്ങുന്ന  മികച്ച യുദ്ധതന്ത്രം  അവര്‍  നന്നായി ആസൂത്രണം ചെയ്തിരിക്കുന്നു എന്നർത്ഥം.

         റഷ്യന്‍  ഇടപെടലോടെ ആസാദ് ഉടന്‍  പുറത്താവില്ല  എന്നുറപ്പാണ്. യുദ്ധത്തില്‍ ആസാദിനെ അപമാനിച്ചു  പുറത്താക്കുന്നത് (ഒരു പക്ഷെ വധിക്കുന്നത്) റഷ്യയ്ക്കും ഒരാഘാതമാവുമെന്ന  അമേരിക്കന്‍  കണക്കുകൂട്ടലാണ്  തെറ്റിയത്. ആസാദിന് മാന്യമായി സ്ഥാനം ഒഴിയാനും ഒരു  തെരഞ്ഞെടുപ്പിലൂടെ മറ്റൊരു  സർക്കാര്‍  അധികാരമേൽക്കാനും സാധ്യത തെളിയുന്നു. അവരെ നിശ്ചിതമായ  സമയത്തേക്ക്  സംരക്ഷിക്കാനുള്ള ബാധ്യത  ഇന്നവിടെ  ഇടപെട്ട  എല്ലാവരുടെതും  ആയിരിക്കും. സൈനികവും സൈനികേതരവുമായ  വലിയൊരു വീഴ്ചയാണ്  അമേരിക്കക്ക്  ഈ പരിണാമം. അസാദിനെ നിലനിർത്തുന്ന കാര്യം അമേരിക്കയും യൂറോപ്പും  സമ്മതിച്ചുകഴിഞ്ഞു .

           ഐ എസ്സിന്റെ  ആക്രമണമാണ്  യൂറോപ്പിലേക്കുള്ള   അഭയാർത്ഥി പ്രവാഹം  രൂക്ഷമാക്കിയത്. ആസാദിനെ തൽക്കാലത്തേക്ക്  പിന്താങ്ങി  വിമതരെ റഷ്യ ഒതുക്കുമ്പോള്‍ അതിനു അൽപ്പം ശമനം ഉണ്ടാകും. ഇല്ലെങ്കില്‍  അതനന്തമായി നീളും. പ്രത്യുപകാരമായി റഷ്യയുടെ ഉക്രൈന്‍ ഇടപെടലിനോട് യൂറോപ്പ്  ഉദാസീനത  പുലർത്തും. ഒപ്പം  റഷ്യയ്ക്ക്  എതിരായ  ഉപരോധം നീക്കണമെന്ന് യൂറോപ്പ്  ആവശ്യപ്പെടും . ജർമ്മൻ വാണിജ്യമന്ത്രി ഇതാവശ്യപ്പെട്ടു  കഴിഞ്ഞു . വലിയ യുദ്ധത്തിനു  ഇറങ്ങി തിരിക്കാതെ ചെറിയ ഒരിടപെടല്‍ കൊണ്ട് വലിയ നേട്ടമുണ്ടാക്കി എന്നതാണ് പഴയ  കെ ജി ബി ക്കാരനായ  പുടിന്റെ കണക്കുപുസ്തകത്തില്‍ കാണുക.

           യുദ്ധത്തില്‍  നേരിട്ട്  പങ്കുള്ള  രാഷ്ട്രങ്ങളെ എണ്ണിയാല്‍ തീരില്ല . അമേരിക്ക, ഫ്രാൻസ്, ഹംഗറി, മറ്റു നാറ്റോ  രാഷ്ട്രങ്ങളില്‍  ചിലത്, ഇറാന്‍, തുർക്കി, സൌദി, ബഹറിന്‍, ഖത്തര്‍ .. പട്ടിക നീളുകയാണ്; പലതും നാമമാത്രമായ  സാന്നിധ്യം മാത്രമാണെങ്കിലും. 

           പക്ഷെ  പരമപ്രധാനം റഷ്യയുടെ  സൈനിക  ഇടപെടലായി മാറി. പടിഞ്ഞാറന്‍  രാജ്യങ്ങളെയും  റഷ്യയുടെ  ആജന്മശത്രുവായ  അമേരിക്കയെയും അമ്പരപ്പിച്ചുകൊണ്ടാണ് റഷ്യ സിറിയന്‍  വിമതതീവ്രവാദികളുടെ  താവളങ്ങളില്‍  ആക്രമണം  തുടങ്ങിയത്. കൂട്ടിനു ഇറാന്‍, ഇറാക്ക്, സിറിയ – ബാഗ്ദാദ്  ആസ്ഥാനമായുള്ള ഈ ചേരിയാണ്  ഇന്ന്  സിറിയന്‍  ആഭ്യന്തര യുദ്ധത്തെ  നയിക്കുന്നത്.

          യുദ്ധരംഗം  വിലയിരുത്തും മുൻപ് ഇത്  വരെയുള്ള യുദ്ധ ചരിത്രം നോക്കുന്നത്  അനിവാര്യമാണ്. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് 2011 ല്‍  ആണ്. അതിനു മുൻപേ കലാപം ഉരുത്തിരിഞ്ഞെങ്കിലും പടിഞ്ഞാറന്‍  ശക്തികളുടെ പിന്തുണയോടെ നടന്ന  പരാജയപ്പെട്ട ആറബ് പൂവിപ്ലവങ്ങളുടെ തുടർച്ചയായാണ്  സിറിയയിലും വിമതര്‍  ബാഷര്‍ അല്‍  ആസാദിനെതിരെ  ആയുധമെടുത്തത്. കലാപങ്ങളെ ആസാദിന്റെ  സൈന്യം  രൂക്ഷമായി  അടിച്ചമർത്തി. ഈ സാഹചര്യത്തില്‍ അമേരിക്കയും  സൌദിയും അവിടെ രഹസ്യമായി  ഇടപെടുന്നു. ആളും ആയുധവും പരിശീലനവും പണവും നൽകി വിമതരില്‍  ഒരു വിഭാഗത്തെ സായുധസേനയായി  വളർത്തുന്നു . സ്വതന്ത്ര സിറിയാ സേന, ഐസിസ്  എന്നിവയാണ്  ഇന്ന്  അതില്‍ പ്രധാനം. ഇപ്പോള്‍ അമേരിക്കന്‍ വരുതിയില്‍ ഉള്ളത് സ്വതന്ത്ര സിറിയാ സേന മാത്രമാണ്. അവര്‍  സൃഷ്ട്ടിച്ച ഐസിസ് അവരുടെ വരുതിയില്‍ നിന്ന് മാറി   സ്വതന്ത്ര  കാലിഫെറ്റ്  പ്രഖ്യാപിച്ചപ്പോള്‍ നഷ്ടമായിക്കൊണ്ടിരുന്നത് പശ്ചിമേഷ്യയിലെ അമേരിക്കന്‍  നേട്ടങ്ങളാണ്. ഭസ്മാസുരന്  വരം  കൊടുത്ത  പരമശിവനെപ്പോലെയായി  അമേരിക്ക. ഇപ്പോള്‍ പ്രമുഖ  അമേരിക്കന്‍  സെനറ്റര്‍ ജോണ്‍ മക്കെയിന്‍ പറയുന്നത് സി ഐ എ യുടെ പിന്തുണയുള്ള  സിറിയന്‍  വിമതരെ  റഷ്യ  ആക്രമിക്കുന്നു എന്നാണു. അതാരാണ് എന്നാണു  റഷ്യന്‍ മറുചോദ്യം. തങ്ങള്‍  അക്രമകാരികളെ മുഴുവന്‍  ആക്രമിച്ചു തുരത്താന്‍  സഹായം നല്കും   എന്ന്  റഷ്യ  ആവർത്തിക്കുകയും  ചെയ്തു. ഐസിസും അല്‍ നസ്ര  എന്ന  സംഘടനയും ഒഴികെ സിറിയയില്‍ ചതുരാഷ്ട്ര സഖ്യത്തിന്റെ (റഷ്യ , ഇറാന്‍ , ഇറാക്ക് , സിറിയ) ആക്രമണത്തിനു  ശേഷം മറ്റു  സംഘടനകളൊന്നും  നിലനിന്നേക്കില്ല. തജമ്മു അല്‍ ഇസ്സ തുടങ്ങിയ  ചെറു ഗ്രൂപ്പുകളെ  ഇല്ലായ്മ്മ ചെയ്യാനാണ്  ആദ്യത്തെ  ആക്രമണങ്ങള്‍.

            സിറിയയില്‍  നിന്ന് മാന്യമായി പിന്മാറാനുള്ള  അവസരമാണ് അമേരിക്കയും ആസാദിനെ പോലെ  ഇപ്പോള്‍ ആഗ്രഹിക്കുന്നത്  എന്ന്  അവരുടെ ദുർബലപ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്ക  അമ്പേ കീഴടങ്ങി എന്നല്ല   അവരുടെ പരിഗണനകളുടെ  മുന്‍‌തൂക്കം  മാറുന്നതുമാവാം. ആയുധവിൽപ്പന സാമ്പത്തിക മാന്ദ്യത്തിനു ആശ്വാസമാകുന്ന  കാലംപോയി. ആ മേഖലയിലെ കോർപ്പറേറ്റുകള്‍  മാത്രമല്ല  ഇന്ന്  അമേരിക്കന്‍  സർക്കാരിനെ  നിയന്ത്രിക്കുന്നത്‌ താനും. ഉപഭോക്തൃ വിപണിയിലെ കൂറ്റന്‍  സ്രാവുകളാണ് അക്കാര്യത്തില്‍ മുന്നില്‍. ഏഷ്യയിലെ ഉപഭോക്തൃവിപണി (ചൈന , ഇന്ത്യ …) സംരക്ഷിക്കാന്‍  ആവശ്യമായ ഒരു  സൈനികനയമാണ് അമേരിക്ക  പ്രഖ്യാപിചിട്ടുള്ളതും. ഏഷ്യാ പസഫിക് കേന്ദ്രീകൃത നയം. സാമ്പത്തിക മാന്ദ്യം മൂർച്ഛിച്ചതിനാല്‍ സൈന്യത്തില്‍  വരുത്തിയ വെട്ടിക്കുറവുകള്‍  അവര്‍ അവകാശപ്പെടും പോലെ ചെറുതും മൂർച്ചയേറിയതും ലോകത്തെവിടെയും വിന്യസിക്കാന്‍  എളുപ്പമുള്ളതുമായ ഒരു  സൈന്യത്തിന് രൂപം നൽകി എന്നൊക്കെയുള്ളത് സാമാന്യ  ബുദ്ധിക്കു  നിരക്കുന്നതല്ല. അവരുടെ സൈനിക കേന്ദ്രീകരണം പശ്ചിമേഷ്യയില്‍  നിന്നും ചുരുക്കി  ഏഷ്യയില്‍ മാത്രം ആക്കേണ്ട  അവസ്ഥയാണിന്നു. സാമ്പത്തിക മാന്ദ്യം വീണ്ടും  വരുന്നതിന്റെ  ലക്ഷണങ്ങള്‍  ഉണ്ട്. തൊഴില്ലില്ലായ്മ  കഴിഞ്ഞ മാസം കൂടി വീണ്ടും അഞ്ചു ശതമാനത്തിനു മുകളിൽ എത്തി. ആഗോള ഉപഭോക്തൃ  വിപണിയില്‍ കേന്ദ്രീകരിക്കാതെ രക്ഷയില്ല  എന്ന  മുറവിളി  തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ  മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  തങ്ങളുടെ സാർവ്വദേശീയ  നയം  റഷ്യ നവീകരിച്ചത്‌. അതെ, ഇപ്പോള്‍  പുടിനാണ്  താരം.  ഈ മേഖലയിലൂടെ പറക്കാന്‍  പോലും ശ്രമിക്കാത്ത   മോഡി തന്റെ അസാന്നിധ്യം  കൊണ്ട്  ശ്രദ്ധേയനാകുന്നു . ഇന്ത്യയുടെ ചോറ് പ്രധാനമായും  പശ്ചിമേഷ്യ  ആയിട്ടും !!!!!

———————-

വര: സ്വാതി ജോർജ്ജ്

Comments

comments