രു പൊതു സമൂഹത്തെ സൃഷ്ടിക്കുന്നത് എന്ത് തരം ചിന്തകളാണെന്നത് അത്ര എളുപ്പം മറച്ച് വെയ്ക്കാവുന്നതല്ല. അത് കൊണ്ട് തന്നെയാണ് 15000ത്തിൽ അധികം രജപുത്ര റാണാമാരുടെ ഇടയിൽ ജീവിക്കുന്ന മുന്നൂറോളം മുസ്ളീമുകളുള്ള ബസറാ ഗ്രാമത്തിലെ ഗ്രാമപ്രധാന്റെ അടുത്ത വീട്ടിലെ മുഹമ്മദ് അഖ് ലഖ് കൊല്ലപ്പെട്ടിട്ടും ഗ്രാമത്തിലെയ്ക്ക് ചാനലുകളുടെ ഓബീ വാനുകൾക്കും പത്രക്കാർക്കും പ്രവേശനം കിട്ടാൻ പ്രയാസം .(അതൊരു തരത്തിൽ മനസ്സമാധാനത്തിനും മലിനീകരണം കുറയ്ക്കാനും നല്ലതാണ്. അത്രമേല്‍ സ്ഥാപിത താൽപ്പര്യങ്ങളുമായാണ് ജന ജിഹ്വകളുടെവരവ്.)പഠിപ്പിച്ചു പറയിപ്പിക്കുന്ന കള്ളങ്ങളിലാണ് ഭൂരിഭാഗം ഗ്രാമീണരും നില്‍ക്കുന്നത് . പശുവിന്റെ ചെവി മുഹമ്മദ് അഖ് ലഖ്ന്റെ വീട്ടിൽ കണ്ടെന്നും കഴുത്തു കണ്ടെന്നും ഒക്കെ ആദ്യം മിക്കവരും കള്ളം പറഞ്ഞു. ഒടുവിൽ അത് പശു ഇറച്ചി എന്നു മാറ്റി പറഞ്ഞു. ഇപ്പോൾ സർക്കാരിനു നല്കിയ റിപ്പോർട്ടിൽ പശു എന്ന വാക്കു പോലും ഇല്ല.

ഇതൊരു ആസൂത്രിത കൊലപാതകമൊന്നുമല്ല എന്നായി പിന്നീട് വ്യാഖ്യാനം. അമ്പലത്തിലെ സ്വാമി, തനിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൈക്കിലൂടെ ആൾക്കാരെ വിളിച്ച് വരുത്തി അഖ് ലാഖിന്റെ വീട്ടിൽ പശുവിനെ അറുത്തു എന്ന് പ്രഖ്യാപിക്കുകയായിരുന്നുവത്രേ . പോരെ പൂരം. 20 പേർ നിന്നാൽ തിങ്ങി നിറയുന്ന ഒരു ഇടുങ്ങിയ വഴിയിലെ വീട്ടിൽ അതും ഗ്രാമപ്രധാനുൾപ്പടെയുള്ളവരുടെ നിരനിരയായ് നില്ക്കുന്ന വീടുകൾക്ക് അടുത്തുള്ള വീട്ടിൽ ഒരു നിസ്സഹായനായ മനുഷ്യനെ കൊന്നു തള്ളുന്നു. എന്നിട്ടും ആ ഗ്രാമത്തിലെ ഭൂരിപക്ഷം അഖ് ലഖ്നെ കൊന്നത് ശരിയായില്ലെങ്കിലും പശുവിനെ കൊന്നതും ശരിയായില്ല, രണ്ടും തെറ്റാണെന്ന് ആവർത്തിക്കുന്നു. പശു ഈസ് ഈക്വൽ റ്റു മനുഷ്യൻ എന്ന നിസ്സാര പ്രമാണം. എന്തൊരു പരിണിതി !!!

നമുക്ക് കേരളത്തിലേക്ക് വരാം.

വളരെ നിഷ്ഠുരനായ ഭരണാധികാരിയായിരുന്നു സദ്ദാം. കാലം അദ്ദേഹത്തെ പോരാളിയാക്കി. അദ്ദേഹത്തിന്റെ മകൻ ഉദയ് ഹുസൈൻ ഫുട്ബോൾ കളിക്കാരോടും മറ്റ് കായിക താരങ്ങളോടും അടക്കം പ്രവൃത്തിച്ച അന്യായങ്ങൾക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. എങ്കിലും സദ്ദാം മരിച്ചപ്പോൾ ഹർത്താൽ നടത്തിയ ലോകത്തിലെ ഒരേ ഒരു ജനതയാണ് കേരളീയർ. മലയാളികൾ, പ്രത്യേകിച്ച് മതേതര മലയാളികൾ ലോകത്തിന് അഭിമാനിക്കാവുന്നതരത്തിലുള്ള പ്രതികരണ ശേഷിയുള്ളവരാണ്. ആ പ്രതിഷേധ രീതി വിദ്യാഭ്യാസ കാലത്ത് തന്നെ അവരിൽ കൈവരുന്നു. അത് കൊണ്ട് തന്നെയാണ് ബീഫ് കഴിച്ച് അഖ് ലാഖിന്റെ കൊലപാതകത്തിനെതിരെ അവര്‍ പ്രതിഷേധിക്കാൻ ഒരുങ്ങിയത്.

അതെ വീണ്ടും ബീഫ് തന്നെയാണ് സമരായുധം. അല്പം കൂടി ലോജിക്കലായി പറഞ്ഞാൽ സമരം ചെയ്യുമ്പോഴും ജീവിതം നഷ്ടപ്പെടുന്ന ഒരു മിണ്ടാപ്രാണിയുടെ വെട്ടിമുറിച്ച ശരീരത്തിന്റെ കഥകൾ മാറ്റിവെച്ച് ആവിഷ്കാര സ്വാതന്ത്യത്തിനുള്ള ഒരു കുറിപ്പെഴുതുന്നു. ദാദ്രിയിലെ കൊലപാതകം അങ്ങേയറ്റം മൃഗീയവും ഭയപ്പെടുത്തുന്നതുമാണ്. വിവരദോഷികളുടെ ആൾക്കൂട്ടത്തെ നമ്മൾ സംഘപരിവാറെന്നോ വി എച്ച് പി എന്നോ മാത്രം വിളിച്ച് ശാന്തിയടയണ്ട. തലയിൽ നിന്നും തട്ടം പാറിപ്പോയ പിഞ്ചു പൈതലെ കൊന്ന ആ മത സ്നേഹിയായ പിതാവിനെയും ഈ കൂട്ടത്തിൽ കയറ്റാം. മതം നിരന്തരം മനുഷ്യനെതിരെ ചെയ്യുന്നത് വിഭജനങ്ങൾ മാത്രം. ആ വിഭജനങ്ങൾക്കെതിരെയുള്ള സമരമെന്ന നിലയിലാണ് കേരളവർമ്മയിലെ ധീരരായ ചെറുപ്പക്കാർ ബീഫ് ഫെസ്റ്റ് നടത്തിയത്.. അനീതിക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചതാണ്. പ്രതിഷേധം ചെയ്യുമ്പോൾ പോലും മറ്റൊരു ജീവിയുടെ ജീവിതം തീരുന്നില്ലെ അത് അനീതിയല്ലെ എന്ന് ഒരു സസ്യാഹാരിക്ക് സംശയിക്കാം. ആഹാരത്തിനു വേണ്ടിയുള്ള വേട്ട മനുഷ്യകുലം ഉണ്ടായ മുതല്‍ സാധുവായി കരുതപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നോര്‍ക്കണം.

കേരള വർമ്മ കോളേജിൽ ബീഫ് കയറ്റാൻ പാടില്ല എന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകും എന്നറിയിപ്പ് വന്നപ്പോ, അത്തരം ഒരു നടപടി ഉണ്ടാവുകയാണെങ്കിൽ അത് ആദ്യം തനിക്കു നേരെയാവട്ടെ എന്ന് ഒരു കുറിപ്പെഴുതിയ ദീപ ടീച്ചര്‍ വളരെ ശ്രദ്ധ പിടിച്ചുപറ്റി. അധികാരികൾ ദീപ ടീച്ചറെ തീർച്ചയായും ഉപദ്രവിക്കും. മാനേജ്മെന്റിന്റെ തന്ത്രങ്ങളിൽ പെട്ട് കുഴപ്പം വരാതിരിക്കാനുള്ള മുൻ കരുതൽ എന്ന വിവാദക്കുറിപ്പ് ടീച്ചർ ഡിലീറ്റ് ചെയ്തെന്നു വേണം അനുമാനിക്കാൻ. എങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് ടീച്ചർ വ്യക്തമാക്കിയിരുന്നു. എന്തായാലും പ്രസ്തുത സംഭവത്തിൽ സംഘ പരിവാർ സംഘടനകൾ അടങ്ങിയിരിക്കാൻ സാദ്ധ്യതയില്ല. എണ്ണത്തിൽ കുറവാണെങ്കിലും എണ്ണം പറഞ്ഞ ക്രിമിനലുകൾ നിറഞ്ഞ രണ്ട് സംഘടനകൾ കേരളത്തിൽ ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയത് ഇവർ രണ്ട് പേരുമാണ്. അത് കൊണ്ട് തന്നെ ടീച്ചർ ഭയക്കണം. കൊല്ലപ്പെടുമോ എന്നതൊന്നുമല്ല, കൊല്ലക്കൊല ചെയ്യുന്ന അപരാധികളുടെ സംഘടിത പ്രസ്ഥാനങ്ങൾ കേരളത്തിൽ രാഷ്ട്രീയ/മതപ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്നുണ്ട്. അതിനെ എതിർത്ത് തോല്പിക്കാനാണ് നമ്മൾ കൊതിക്കുന്നതെങ്കിലും പരസ്പരം കൊന്നിട്ട് പരസ്പരം കേസുകൾ ഒത്തു തീർപ്പാക്കുന്നതിലും വിദഗ്ദരാണിവർ. അതിനാൽ ഇടയിൽ പെട്ടു പോവുന്ന നിഷ്കളങ്കരുടെ ജീവിതം തീർത്തും മലിന ജലത്തിൽ വീണ പച്ചവെള്ളത്തിന്റെ അവസ്ഥയായിരിക്കും. ഉപദ്രവം ഇല്ലാതിരിക്കാൻ തല്ക്കാലം സൗമനസ്യത്തോടെ ഒരു സസ്പെൻഷനോ ഷോകേസ് നോട്ടീസോ ഒക്കെ ഏറ്റുവാങ്ങും. അതിനൊപ്പം സാംസ്കാരിക പ്രവർത്തകർ അവരെ അനുകൂലിച്ച് ഒരു സമരവും നടത്തും. പക്ഷെ ഈ പോസ്റ്റോടു കൂടി അവർ കോർണറൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫെയ്സ് ബുക്കിലെ പിന്തുണയും സാംസ്കാരികപ്രവർത്തകരുടെ പിന്തുണയും ഉള്ളത് കൊണ്ട് തല്ക്കാലം പിടിച്ചു നില്ക്കാം. നമ്മുടെ നാട്ടിൽ പിന്തുണ കിട്ടാൻ പോലും ഭാഗ്യം വേണം. ഒരു ട്രാഫിക് നിയന്ത്രണത്തിനിടെ തല്ലുകൊണ്ട ഒരു പാവം വനിത നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഉള്ള ജോലിയും പോയി. ആ പാവത്തിനു കിട്ടിയ പിന്തുണ എന്തായോ എന്തോ.. ഒന്നുമുണ്ടായില്ല. അവരെ സഹായിക്കാൻ പൊതു സമൂഹത്തിന് അത്ര താല്പര്യം ഉണ്ടായില്ല എന്നു പില്ക്കാല വാർത്തകൾ തെളിയിച്ചിരുന്നു.

പിന്തുണകൾ ഉണ്ടാകുമ്പോഴും പില്ക്കാലത്ത് അനുഭവിക്കുന്ന ഒറ്റപ്പെടലുകളിൽ നിന്നാണ് ആൾക്കാർ യുദ്ധം ചെയ്യാൻ നില്ക്കാതെ പിൻ വലിയുന്നത്. ആ പിൻവലിയൽ ആണ് അഖ് ലാഖിന്റെ മകൻ ആദ്യം തന്നെ ചെയ്തത്. അവർക്ക് ആ നാട്ടുകാരുടെ മനോഭാവം അറിയാം. ഇത് ഹിന്ദുക്കളെന്നോ സംഘപരിവാറെന്നോ വിളിച്ച് നമ്മൾ ഹിന്ദു ഏകീകരണം നടത്തണ്ട. ആ ഗ്രാമത്തെ ഭരിക്കുന്നത് ബി ജെ പിയല്ല. പക്ഷെ അവിടെയുള്ള ജാതിക്കാരെല്ലാം ഒറ്റക്കെട്ടായ് നുണ പറയും. നേതാവ് വന്ന് വർഗ്ഗീയ വിഷം കുത്തിവെച്ചാലും ബി ജെ പിയിലേക്ക് പോകണമെന്നൊന്നുമില്ല. അവർക്ക് പ്രാദേശിക ജാതി വിശ്വാസവും രാഷ്ട്രീയവും ഉണ്ട്. അതിനെ നവ ഹിന്ദുത്വം വലയിട്ടു പിടിച്ചാലും അവരെ വോട്ടു ബാങ്കായി കിട്ടാനുള്ള സാദ്ധ്യത കുറവാണ്. അതാണ്‌ പൊതുബോധ സൃഷ്ടിയുടെ വിപത്ത്ദാദ്രിയിലെ സംഭവത്തിൽ ഏറ്റവും പക്വമായ് പെരുമാറിയത് ആരാണ്? പ്രശ്നത്തെ വഷളാക്കി ചോരകുടിക്കാൻ ശ്രമിച്ചത് ആരാണ്?
              പ്രശ്നത്തിൽ ക്രൂരമായി കൊല്ലപ്പെട്ടയാളുടെ മക്കളിലൊരാൾ ഇന്ത്യൻ എയർഫോഴ്സിലെ ജോലിക്കാരനാണ്. അദ്ദേഹമാണ് ടീ വി അവതാരകയായ ബർഖ ദത്തിന്റെ നേതൃത്ത്വത്തിൽ ഒവൈസി ഉൾപ്പടെയുള്ള വർഗ്ഗീയ താരങ്ങളും ചോരകുടിയന്മാരായ ഹിന്ദു മുസ്ളീം മതവെറിയന്മാരുടെ ഇടയിൽ വന്ന് (മരണത്തിന്റെ രണ്ടാം ദിവസം അനുജനു വേണ്ടി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങിയ അയാളുടെ ചെവിയിൽ മൈക്കും തിരുകി)ചാനലുകാർക്ക് ചർച്ചിക്കാനിരുത്തിയത്. രാജ്യത്ത് സമാധാനം നിലനിർത്തുക എന്നത് പത്ര ധർമ്മമാണെന്ന് കരുതിയ കാലം അവസാനിച്ചിട്ടെത്രയോ പതിറ്റാണ്ടായി. ഇവിടെ എങ്ങനെയെങ്കിലും അവരെ കുടുക്കാൻ ശ്രമിക്കുന്ന പത്രപ്രവർത്തകർ ആണുള്ളത്. അത് കൊണ്ട് തന്നെ ബർഖാ ദത്തിന്റെ ആദ്യത്തെ ചോദ്യത്തിൽ തന്നെ അത്തരം ഒരു ദുരുദ്ദേശം അറിയാതെ എന്ന പോലെ കടന്നു കൂടി. അഥവാ ഇനി നിങ്ങളുടെ പിതാവ് തിന്നത് ബീഫാണെങ്കിൽ തന്നെ..എന്നു പറഞ്ഞാണ് ചോദ്യം തുടരുന്നത്. അഥവാ ബീഫാണെങ്കിൽ കൊല്ലണോ എന്ന് ഒരു ടീ വി അവതാരികയ്ക്ക് ചാനൽ മുറിയിലിരുന്നു ചോദിക്കാം. തിന്നത് ബീഫ് ആണെന്നെങ്ങാനും പറഞ്ഞ് ആ ചെറുപ്പക്കാരന് തിരിച്ച് ദാദ്രിയ്ക്ക് പോക്ക് നടക്കില്ല. ആ ഗ്രാമത്തിലെ മുഴുവൻ മുസ്ളീമുകളെയും അവിടെ നിന്നും വിവര ദോഷികളായ പശു ആരാധകർ ആട്ടിയോടിക്കും. എല്ലാവരും മാംസം പരിശോധനയ്ക്കയച്ചതിനെ വിമർശിച്ച്പലതരം പുച്ഛങ്ങളും വാരിവിതറുന്നുണ്ടായിരുന്നു. പശുവധം നിരോധിച്ച ഒരു സംസ്ഥാനത്ത് പശുമാംസം കഴിച്ചു എന്ന് സംശയിച്ച് ഒരാൾ കൊല്ലപ്പെട്ടാൽ തീർച്ചയായും ആ മാംസം ഇന്നത്തെ നിയമപ്രകാരം പരിശോധനയ്ക്കയ്ക്കും. കൊലപാതകത്തിന്റെ അന്യായത്തെപ്പോലെ ബീഫിനെയും അവിടെ തെളിവായ് തന്നെ ഉപയോഗിക്കും. ഈ വൈതരണിയില്‍ ആണ് ഇന്ന് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

ഇനി ചാനൽ ചർച്ചയുടെ കാര്യം പറഞ്ഞല്ലൊ. അതിൽ ആ ചെറുപ്പക്കാരൻ ആവർത്തിച്ച് ആവർത്തിച്ച് ആവശ്യപ്പെട്ട ഒരു കാര്യം ഇപ്പോൾ നമ്മൾ പക്വതയോടെ പെരുമാറണം കുറച്ച് വിവരദോഷികൾ ഒരു തെറ്റ് ചെയ്തു എന്നു വെച്ച് രാജ്യത്തെ മുഴുവൻ മനുഷ്യരും തെറ്റുകാരല്ല. എന്റെ ഗ്രാമത്തിൽ എല്ല ഉത്സവങ്ങളിലും ഞങ്ങൾ പരസ്പരം ഭക്ഷണം പങ്കുവെയ്ക്കാറുണ്ട്, ഞാൻ രാജ്യത്തെ സേവിക്കുന്നത് കൊണ്ട് എന്റെ വീട്ടുകാരെ ഗ്രാമീണർ സംരക്ഷിക്കും എന്നാണ് കരുതിയത്. തീർത്തും നിരാശയുണ്ട് എങ്കിലും നമ്മൾ പക്വതയോടെ വികാരപ്രകടനങ്ങൾ ഒഴിവാക്കി ഈ വിഷയത്തെ കാണണം. സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ(ഇത്രയും പറയുമ്പോൾ മുഴുവൻ ആൾക്കാരും കൈയ്യടിക്കുന്നു. ആ ചെറുപ്പക്കാരന്റെ പക്വതയോടെയുള്ള പ്രതികരണം ചോരകുടിക്കാൻ കരുതിയിരുന്ന ബി ജെ പി, ഒവൈസി അംഗങ്ങൾക്ക് മുഖമടിച്ചുള്ള അടിയായിരുന്നു. ഒപ്പം ബർഖാ ദത്ത് തമ്മിലടിപ്പിച്ച് വ്യൂവർഷിപ്പ് കൂട്ടാൻ ഒരു വർഗ്ഗീയ സംഭവം ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തെ ചീറ്റിച്ചുകളഞ്ഞ വിവേകത്തെയും നമ്മൾ കാണണം.അതിനപ്പുറം തന്റെ വീട്ടിലേക്ക് രാഷ്ട്രീയക്കരും മതസംഘടനാ നേതാക്കളും വരരുതെന്നും പ്രസ്താവനകൾ ഇറക്കരുതെന്നും ഒരു പരസ്യ പ്രസ്താവനയും കൊല്ലപ്പെട്ടയാളുടെ മകന് ഇറക്കേണ്ടി വന്നു. എന്നു വെച്ചാൽ മരണത്തെപ്പോലും മുതലെടുക്കുന്ന, കൊന്നവനോളം പോന്ന വലിയ ക്രിമിനലുകളുടെ ഇരയായി ഒരു മരണത്തിലൂടെ തങ്ങൾ മാറിയെന്നു മനസ്സിലാകുമ്പോഴാണ് ഈ കുറിപ്പുണ്ടാവുന്നത്.

ദീപ ടീച്ചർക്ക് പിന്തുണ നല്കിയാൽ അത് നമ്മുടെ സമൂഹത്തിന് ഒരു തരത്തിൽ കിട്ടുന്ന ജീവ ശ്വാസമാണ്

 

                    ദീപ ടീച്ചർക്ക് പിന്തുണ നല്കിയാൽ അത് നമ്മുടെ സമൂഹത്തിന് ഒരു തരത്തിൽ കിട്ടുന്ന ജീവ ശ്വാസമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന തുറന്നു പറച്ചിൽ. ടീച്ചർക്ക് വരാൻ പോകുന്നത് നല്ല നാളുകളായിരിക്കില്ല. ഫെയ്സ് ബുക്കിലായിരിക്കില്ലല്ലൊ അവർക്ക് സമാധാനം പറയേണ്ടി വരുക. നാൾക്കുനാൾ അളിഞ്ഞു ചീയുന്ന ഒരു സമൂഹമാണ് നമ്മുടെത്. അതിൽ പിടിച്ചുനില്പുകൾക്കായ് നമ്മൾ ആഞ്ഞു ശ്രമിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾക്കിരയാകുന്നവർ ആരാണെന്നും ഉറപ്പിക്കാൻ വയ്യ. ആരും പെട്ടു പോകും. വിദ്യാഭ്യാസം നേടാൻ വന്ന കുട്ടികളെയും മാനേജ്മെന്റ് സ്ഥാപനത്തിൽ പഠിപ്പിക്കാൻ നില്ക്കുന്ന അദ്ധ്യാപകരെയും സംരക്ഷിക്കാൻ പൊതുസമൂഹം രംഗത്തെത്തുക എന്നത് മാത്രമാണ് കരണീയം. അതാവുമ്പോൾ തീർച്ചയായും ഇത്തരം സമരങ്ങളെ അധികാരികൾക്ക് അടിച്ചൊതുക്കാനായെന്നു വരില്ല. നിലവിൽ ഇടതു പക്ഷപ്രസ്ഥാനങ്ങളും കോൺഗ്രസ്സും ഈ വിഷയത്തിൽ പ്രതീക്ഷാർഹമായ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു. യുവാക്കൾ തീർച്ചയായും ഇത്തരം പ്രസ്ഥാനങ്ങളോട് സർവ്വാത്മനാ സഹകരിക്കും. (നിർഭാഗ്യമെന്നു പറയട്ടെ ചെറുപ്പക്കാർ തന്നെയായിരിക്കും വർഗ്ഗിയ സംഘടനകളുടെയും നാക്കാളുകൾ)അത്തരം സഹകരണങ്ങളെ നേർവഴിക്ക് നയിച്ചാൽ രാജ്യം നല്ല വഴിക്ക് നീങ്ങും. നമുക്ക് വേണ്ടത് ഭക്ഷണം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെ കഥകളല്ല. ഭക്ഷണം പങ്കുവെച്ച് മനുഷ്യത്വം പകരുന്നവരുടെ നന്മ വഴികളാണ്. ഭക്ഷണം ഒരാൾ തിരഞ്ഞെടുക്കുന്നത് അയാളുടെ മാത്രം സ്വാതന്ത്ര്യം ആണ്. അതിൽ വിശ്വാസികൾക്കും അന്ധവിശ്വാസികൾക്കും ഇടം കൊടുക്കണ്ട.

Comments

comments