സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു സാംസ്കാരിക ആക്രമണത്തിന്റെ മുന്‍പിലാണ് നാം ഇന്നു. ഒരു ഭാഗത്ത് ഭരണകൂടം നാം എന്ത് ഭക്ഷിക്കണം, എങ്ങിനെ “വികസി”ക്കണം , എങ്ങിനെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയവയെക്കുറിച്ച് നമ്മെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. വേറൊരു ഭാഗത്ത് സനാതന്‍ സൻസ്ഥ, ഹനുമാന്‍ സേന, ശ്രീരാം സേന തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ഹിന്ദുത്വ സംഘടനകള്‍ സദാചാരപ്പോലിസിംഗ് മുതല്‍ ഭീഷണിയും കൊലപാതകവും വരെയുള്ള മാര്‍ഗങ്ങളിലൂടെ ചിന്തയുടെയും പെരുമാറ്റത്തിന്റെയും പ്രാഥമിക സ്വാതന്ത്ര്യങ്ങളെ തടഞ്ഞു ഇന്ത്യന്‍ ഭരണ ഘടനയെ വെല്ലു വിളിക്കുന്നു.
സ്ത്രീകള്‍, യുവാക്കള്‍,മത- വംശ- ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്വതന്ത്ര ചിന്തകര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്, ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്നിവരാണ് പ്രധാനമായും ഇവരുടെ ഇരകള്‍ ആകുന്നത്. മുന്‍പേ എം എഫ് ഹുസൈന്‍, മല്ലിക സാരാഭായ്, ദീപാ മേത്ത , സനല്‍ ഇടമറുക്, ജെയിംസ് ലെയിന്‍, വെന്റി ഡോണിഗര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഇത്തരം ഇടപെടലുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്നു ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ഒരു ഭരണകൂടം തങ്ങളോടൊപ്പം ഉണ്ടെന്ന അഹന്തയില്‍ കാര്യങ്ങള്‍ ഏറെ വഷളായിരിക്കുന്നു. പെരുമാള്‍ മുരുഗന്‍, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്കര്‍, കെ എസ് ഭഗവാന്‍, എം എം ബഷീര്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ കണ്ടത് പോലെ, ശകാരവും ഭീഷണിയും മുതല്‍ പകൽക്കൊല വരെ അത് വളര്‍ന്നിരിക്കുന്നു.
ഈ പ്രവണതയ്ക്കെതിരെ എന്റെയും ഗീതാ ഹരിഹരന്റെയും മുന്‍കയ്യില്‍ ഞങ്ങള്‍ കുറെപേര്‍ മഹാ ശ്വേതാ ദേവിയും നയന്‍താര സൈഗാളും ഗണേഷ് ഡേവിയും മുതല്‍ ആനന്ദും മുകുന്ദനും സക്കറിയയും വരെയുള്ള ഒട്ടേറെ ഇന്ത്യന്‍ എഴുത്തുകാര്‍ ‘ഇന്ത്യന്‍ റയ്റ്റെഴ്സ് ഫോറം.‘ എന്ന പേരില്‍ ഒരുട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ഞങ്ങള്‍ ഒരു ഫേസ്ബുക്ക് പേജില്‍ എളിയ തോതിലാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഓണ്‍ ലൈന്‍ മാസികയും ( ഗുഫ്തുഗു: സംഭാഷണം), ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം എന്ന ബാനെറില്‍ ഒരു വെബ്സൈറ്റ്-ഉം ഉണ്ട് . ഫോറത്തിന്റെ ശാഖകള്‍ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . അത് ചര്‍ച്ചകളും പ്രതിരോധ സമ്മേളനങ്ങളും വഴി ജനങ്ങളെ സത്യം ബോധിപ്പിക്കാന്‍ ശ്രമിക്കും. ഇത്തരം മുൻകയ്യുകളുടെ ഒരു കൂട്ടായ്മയും ഞങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്, ഞങ്ങളുടെ വെബ്സൈറ്റ്-ഇല്‍ അവയുടെ ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. സഹ് മത് പോലുള്ള സംഘടനകളുമായും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. സഹ് മത് നടത്തിയ ‘ദി ഐഡിയ ഓഫ് ഇന്ത്യ ‘ എന്ന കോണ്‍ഫറന്‍സില്‍ ആണ് ആദ്യമായി ഞങ്ങള്‍ ഈ ആലോചന അവതരിപ്പിച്ചത് തന്നെ. ഇത്തരം പ്രതിരോധക്കൂട്ടയ്മകളും പ്രസിദ്ധീ കരണങ്ങളും എമ്പാടും വളര്‍ത്തിയെടുക്കുക മാത്രമാണ് നമ്മുടെ മുന്‍പിലുള്ള ജനാധിപത്യപരമായ ഒരേയൊരു പോംവഴിയായി ഞാന്‍ കാണുന്നത്.
Be the first to write a comment.