കുപ്രസിദ്ധമായ അനേകം മനുഷ്യാവകാശധ്വംസനങ്ങൾക്ക് കേൾവികേട്ട എഴുപതുകളിലെ ആഭ്യന്തര അടിയന്തരാവസ്ഥ മിക്കവാറും തന്നെ അത് സ്വയമറിയാതെ നമുക്ക് ഒരു സമ്മാനം നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 51 A (h). അതിപ്രകാരമാണു- ശാസ്ത്രീയമനോഭാവവും മാനവികതയും അന്വേഷണത്വരയും പരിഷ്കരണത്വരയും പ്രോൽസാഹിപ്പിക്കുക എന്നത് ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണു. (താനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ശാസ്ത്രബോധം വളർത്തുന്നതിനായുള്ള സൊസൈറ്റി ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹവും അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രഫ നൂറുൽ ഹസനും കൂടി അന്ന് ലഭ്യമായിരുന്ന എളുപ്പവഴികളുപയോഗിച്ച് ഭരണഘടനയുടെ 42-ആം പരിച്ഛേദത്തിൽ ഉൾച്ചേർത്തതാണു ആ ഖണ്ഡിക എന്ന് ശാസ്ത്രജ്ഞനും യുക്തിവാദിയുമായ ഡോ പുഷ്പ ഭാർഗ്ഗവ ഈയിടെ എഴുതിയ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിരുന്നു.) ജ്ഞാനോദയത്തിന്റെയും മാനവികതയുടെയും കാലങ്ങൾ മുതൽ മനുഷ്യരാശിക്ക് കൈവന്ന ഒരു തത്വസംഹിതയ്ക്ക് അങ്ങനെ ഒരു രാജ്യത്ത് അത് നടപ്പിലാക്കാനുള്ള നിയമപരമായ പ്രാമാണികത്വം ലഭിച്ചു.

കഴിഞ്ഞ നാല്പതു കൊല്ലങ്ങളായി ഭരണഘടന തങ്ങളിൽ ഏല്പിച്ചു കൊടുത്ത ഈ കർത്തവ്യം നിർവ്വഹിക്കുവാൻ പരിശ്രമിച്ച നിരവധി ആളുകളുണ്ട്. ആ ശ്രമത്തിന്റെ ഫലമായി അവരിൽ പലർക്കും മത-രാഷ്ട്രീയസംഘടനകളുടേയും ഗവണ്മെന്റുകളുടേയും ഉഗ്രകോപവും പ്രതികാരവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പെട്ടെന്ന് തന്നെ മനസ്സിലേക്ക് വരുന്ന ഒരുദാഹരണം യുക്തിവാദിയായ സനൽ ഇടമറുകിനു സംഭവിച്ചതാണു. ഒരു പള്ളിയിലെ കുരിശിൽ നിന്നും വെള്ളം കിനിഞ്ഞിറങ്ങുന്നു എന്ന ദിവ്യാത്ഭുതത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം അല്പകാലം മുൻപ് മുംബൈയിലെത്തി. വെള്ളത്തിന്റെ യഥാർത്ഥ ഉത്ഭവം അദ്ദേഹത്തിന്റെ ടീം കണ്ടെത്തിക്കഴിഞ്ഞപ്പോൾ വിശ്വാസികളും പള്ളിയും അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തു. തുടർന്ന് പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ആത്യന്തികമായി അദ്ദേഹത്തിനു രാജ്യം വിടേണ്ടതായും വന്നു.

സമൂഹത്തിൽ നിലവിലിരുന്ന മനുഷ്യത്വരഹിതമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ പ്രചരണം നടത്തിക്കൊണ്ടിരുന്ന നരേന്ദ്ര ധബോൽക്കർ രണ്ട് വർഷം മുൻപ് പൂനെയിൽ വെച്ച് കൊല്ലപ്പെട്ടു. അദ്ദേഹം തയ്യാറാക്കി ഗവണ്മെന്റിനു സമർപ്പിച്ച സ്വകാര്യ ബിൽ അത്തരം അനാചാരങ്ങളിൽ നിന്ന് രക്ഷ ഉറപ്പുവരുത്തുന്ന അവകാശത്തിനായിരുന്നു എന്നതിനപ്പുറം ദൈവവിശ്വാസത്തെയോ മതങ്ങളെയോ എതിർക്കുന്നതായിരുന്നില്ല. അതിന്റെ പേരു തന്നെ Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori practices and Black Magic എന്നതായിരുന്നു. എന്നാൽ അതിനുള്ള വില അദ്ദേഹത്തിനു കൊടുക്കേണ്ടി വന്നു.

ഈ രണ്ട് സംഭവങ്ങളും നടന്നത് പ്രിഥ്വിരാജ് ചൗഹാൻ എന്ന ഒരു എഞ്ജിനിയർ മുഖ്യമന്ത്രിയായി കോൺഗ്രസ് പാർട്ടി ആ സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു. ധബോൽക്കറിന്റെ കൊലപാതകത്തെ തുടർന്ന് അദ്ദേഹം തയ്യാറാക്കിയ ബിൽ ഗവണ്മെന്റ് പാസാക്കി. എന്നാൽ അദ്ദേഹത്തിന്റെ കൊലപാതകികളെ ഇനിയും തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. ഏറ്റവും സങ്കീർണ്ണമായ ഭീകരാക്രമണകേസുകൾ പോലും വളരെ വേഗം തെളിയിക്കാൻ കഴിവുള്ള പൊലീസിനു ഈ കേസിൽ തുമ്പുകളൊന്നും കണ്ടെത്താനാകുന്നില്ല.

ഇതിനിടെ കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകൾ മാറി. സ്വതന്ത്രചിന്തകനും സാമൂഹ്യപ്രവർത്തകനുമായ ഗോവിന്ദ് പൻസാരെയും ഇതേ രീതിയിൽ കോലാപൂരിൽ കൊല്ലപ്പെട്ടു. എഴുത്തുകാരനും ആക്റ്റിവിസ്റ്റും ഒരു സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന എം എം കൽബുർഗി ഇതാ ഇപ്പോൾ തൊട്ടടുത്തുകിടക്കുന്ന സംസ്ഥാനമായ കർണാടകത്തിൽ വച്ചും. ഈ സംഭവങ്ങളിലെയെല്ലാം കുറ്റവാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരുവശത്ത് അവരുടെ തത്വങ്ങൾക്ക് ആത്മവിശ്വാസം വളർന്നുകൊണ്ടിരിക്കെ മറുവശത്ത് അതിനെതിരെയുള്ള അന്വേഷണം വഴി തെറ്റിപൊയ്ക്കൊണ്ടിരിക്കുന്നു.

കേരളത്തിൽ ഇസ്ലാമിസ്റ്റുകളും ക്രിസ്ത്യൻ പള്ളിയും കമ്മ്യൂണിസ്റ്റുകളും ഒരേ സമയം വിചാരണ ചെയ്ത പ്രഫസർ ജോസഫിന്റെ കാര്യം നമുക്ക് മറക്കാനാവില്ല.  അക്രമികൾ അദ്ദേഹത്തിന്റെ വലതുകൈ വെട്ടിയെടുത്തു. ഒരു ക്രിസ്റ്റ്യൻ സഭയുടെ കോളേജിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതങ്ങൾ താങ്ങാനാകാതെ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിനെതിരെ ഭരണകൂടം ചമച്ച കേസുകളിൽ നിന്നെല്ലാം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ഈ മൂന്നു കൂട്ടരിൽ ആരും താന്താങ്ങളുടെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചതായി അറിവില്ല.

മഹാരാഷ്ട്രയിലെ നിയമത്തിനു സമാനമായ ഒരു നിയമനിർമ്മാണം കേരളസർക്കാരും ആലോചിക്കുന്നു എന്നു കേട്ടിരുന്നു . അതിപ്പോൾ എവിടെ നിൽക്കുന്നു എന്നു നമുക്കറിയില്ല. എന്ത് തന്നെയായാലും നിയമം അതിന്റെ വഴിക്ക് നീങ്ങുംഎന്ന പഴയ ചൊല്ല് ഇന്ന് നിലനിൽക്കുന്നില്ല. മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിവേൽപ്പിച്ചു എന്ന കാരണത്താൽ അസംഖ്യം ആളുകൾക്കെതിരെ ഇത്തരത്തിൽ ചുമത്തപ്പെട്ട കേസുകൾ അതിനു സാക്ഷ്യമാണു.

നിശ്ചയദാർഢ്യത്തോടെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ പലവിധ സേനകളും ദൾകളും ആക്രമണം നടത്തുന്നു. അത്തരം സംഘങ്ങൾക്ക് ശ്വസിക്കാനും പ്രവർത്തിക്കാനും ഉതകുന്ന രീതിയിലുള്ള ഇടങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടം സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും സ്ഥാപനങ്ങളാണു മനുഷ്യസമൂഹം കഷ്ടപ്പെട്ടു നേടിയതും ജനാധിപത്യം നിലനിന്നുപോകാൻ ആവശ്യമുള്ളതുമായ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നത്. അത്തരം സ്ഥാപനങ്ങൾ മതങ്ങളും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും നിർമ്മിക്കുന്ന സംഘടനാസ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാണു. അത്തരം സംഘടനകൾ വ്യക്തികളുടെ വളർച്ച മുരടിപ്പിക്കുകയും മനുഷ്യരെ അടിമളുടെ നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രചിന്തയ്ക്കും സർഗ്ഗാത്മ പ്രവർത്തികൾക്കും അവശ്യം വേണ്ട ഇടവും വായുവും ഒരുക്കുന്നു. നീണ്ടനാളത്തെ ചരിത്രവും പെരുമയും കൈമുതലായുള്ള  അത്തരം സ്ഥാപനങ്ങളെ മറിച്ചുള്ളൊരു സംഘടനാരൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനു ആസൂത്രിതമായ നീക്കങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. അവയെ മരവിപ്പിക്കുവാനും അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതിനുമായി മരുന്നുകൾ കുത്തിവയ്ക്കപ്പെടുകയാണു. അങ്ങനെ, ആ പ്രവർത്തനം ഇരുമുനയുള്ള ഒന്നാണെന്നു വരികയാണു ഒന്ന്  മണ്ണിൽ നിന്ന് നേരിട്ടും രണ്ടാമത്തേത് പരോക്ഷമായി വായുവിലൂടെയും.

FTTI, ICHR, ICCR,  NCERT,  NBT, CBFC, NMML  – ഇപ്പോൾ തന്നെ മുകളിൽ നിന്നും ആക്രമണം നേരിട്ടുകഴിഞ്ഞ സ്ഥാപനങ്ങളുടെ എണ്ണം നീണ്ടതാണു. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സർവ്വകലാശാലകളും പോലും ഒഴിവാക്കപ്പെടുന്നില്ല. എട്ട് നൂറ്റാണ്ടുകൾക്ക് മുൻപ് മറ്റൊരു കൂട്ടം ഭ്രാന്തന്മാരാൽ മണ്ണോട് മണ്ണ് നശിപ്പിച്ചുകളഞ്ഞ നളന്ദയുടെ സമീപമുള്ള പുതിയ  സർവ്വകലാശാലയിൽ നിന്നുമാണു ഇന്ന് വീണ്ടും ഈ ആസൂത്രിതനീക്കങ്ങൾ ആരംഭിച്ചതെന്നത് ആകസ്മികമല്ല. ഇതൊരു ഭീഷണമായ സൂചനയാണെന്ന് പറയേണ്ടിവരും.

അതാതിടങ്ങളിൽ ഇവയാൽ നേരിട്ട് ബാധിക്കപ്പെട്ടവരിൽ നിന്നുമുള്ള വ്യക്തിപരമായ പ്രതികരണങ്ങൾ മാറ്റിനിർത്തിയാൽ സ്വാതന്ത്ര്യപൂർവ്വകാലങ്ങൾ മുതൽ പഴക്കമുള്ള ചരിത്രമുള്ള  നമ്മുടെ പൗരസമൂഹം പൊതുവിൽ നിശബ്ദമാണു. ആക്രമണങ്ങൾ നേരിടേണ്ടി വന്ന ബുദ്ധിജീവികളുടെ കൂട്ടത്തിൽ അക്കാദമി അവാർഡ് ജേതാവായ കൽബുർഗിയുടെ നേരെയുണ്ടായ അതിക്രമമെങ്കിലും സാഹിത്യ അക്കാദമിക്ക് അപലപിക്കാമായിരുന്നു.

മിക്ക സ്ഥാപനങ്ങളും സ്വമേധയോ സമ്മർദ്ദത്തിന്റെ ഫലമായോ പോരാട്ടം അവസാനിപ്പിച്ച് വിധിക്ക് സ്വയം വിട്ടുകൊടുത്തിരിക്കുകയാണു. ആകെ ബാക്കി നിൽക്കുന്ന പ്രകാശം പൂനെ ഫിലിം ഇസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണു. അവിടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഉയർന്ന് വരികയും നാലുമാസത്തിലേറെയായി സമരം തുടരുകയുമാണു.

വളരെ മുൻപ്, ആൾക്കൂട്ടം എന്ന എന്റെ നോവലിൽ ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രത്തിന്റെ ഭാരം മുകളിലും നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കുകളുടേത് വശങ്ങളിലുമായി മനുഷ്യരെ ഫോസിൽ പരുവമാക്കും എന്ന ചിന്ത ഞാൻ പങ്കുവച്ചിരുന്നു. ഈ രണ്ട് ഘടകങ്ങൾക്കും മുകളിൽ മുകളിലായിഇപ്പോൾ മറ്റു പലവയും വന്നു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഭീമമായ ഭാരത്തിനു മുകളിൽ പുതിയൊരു രൂപം കൊത്തിയെടുക്കാനായി, ചിലപ്പോൾ ഏറെ ഭാരമേറിയതും കടുപ്പമേറിയതുമായ ഒരു രൂപം കൊത്തിയെടുക്കുന്നതിനായി ഉളിയും ചുറ്റികയും കൈകളിലേന്തി ഒരു ഭീകരസ്വത്വം ഇരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ വശങ്ങളിലുള്ള ഭിത്തികൾക്ക് ജീവൻ വച്ചിരിക്കുന്നു. അവ അക്രമോൽസുകമായിരിക്കുന്നു. ആയുധങ്ങൾ ധരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ളൊരു സാഹചര്യത്തിൽ നിന്നും എന്തുതരം ഫോസിലുകളായിരിക്കും ഉയർന്നുവരിക?

അരാജകവാദിയും പ്രക്ഷോഭകാരിയും വിപ്ലവകാരിയും ചരിത്രകാരനും എഴുത്തുകാരനും, ഹിംസാത്മകമായി കടന്നുപോയ കഴിഞ്ഞ നൂറ്റാണ്ടിലെ എല്ലാ മുന്നേറ്റങ്ങളുടേയും ഭാഗവുമായിരുന്ന, എന്നും ഭ്രഷ്ടനായിരിക്കാൻ വിധിക്കപ്പെട്ട വിക്ടർ സേർജ് തന്റെ ഏറ്റവും മികച്ച കൃതിയായിരുന്ന ഒരു വിപ്ലവകാരിയുടെ ഓർമ്മക്കുറിപ്പുകൾഎന്ന കൃതി അവസാനിപ്പിക്കുന്നത് ഈ വിധമാണു; “എന്റെ കാലത്തിന്റെ പൊരുതുന്ന തലമുറയുടെ ആസക്തിയും അനുഭവപരിചയവും, തെറ്റുകൾ വരെയും മുന്നോട്ടുള്ള വഴികളെ ദീപ്തമാക്കിയേക്കാം. എന്നാൽ,വ്യക്തിയെ ഞെരിച്ചമർത്തിക്കളയാൻ പദ്ധതിയൊരുക്കുന്ന വ്യവസ്ഥകൾക്കെതിരെയുള്ള മനുഷ്യന്റെ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കാൻ പാടില്ല എന്ന സ്പഷ്ടമായിക്കഴിഞ്ഞ ഒരു അനിവാര്യത പാലിച്ചുകൊണ്ട്.

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കാന്റ് വചനത്തിലേക്ക് നമുക്ക് തിരിച്ച് വരാം: സ്വകാര്യജീവിതത്തിൽ ഏവരും ആഗ്രഹിക്കുന്ന സമാധാനവും നിശബ്ദതയും എന്നുള്ളവ കഴിഞ്ഞാൽ ആരോഗ്യപരവും അന്തസുറ്റതുമായ ഒരു സാംസ്കാരികതയ്ക്ക് അവശ്യമായ ഒരേയൊരു കാര്യം വ്യക്തികൾക്കും, മതപരമോ രാഷ്ട്രീയമായതോ ആയ തത്വശാസ്ത്രങ്ങളായിക്കൊള്ളട്ടെ, സംഘടനകളുടെയും സംവിധാനങ്ങൾക്കുമിടയിൽ നിലകൊള്ളുന്ന സ്വാതന്ത്ര്യമാണു.
—————————————–
വിവർത്തനം:സ്വാതി ജോർജ്ജ്

Comments

comments