ന്ത്യ ഒരു സവിശേഷമായ കാലഘത്തിലൂടെയാണ് കടന്നു പോകുന്നത്. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായാലും ആനുപാതികമായി വർഗ്ഗീയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിനു ഫാസിസത്തിന്റെ വ്യക്തമായ രൂപം കൈവരികയാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മസ്തിക പ്രക്ഷാളനം തന്നെയാണ് അവരുടെ മുഖ്യമാർഗ്ഗം. അതിനായി അവരുടെ ഊർജ്ജം പരമാവധി ചിലവാക്കുക തന്നെയാണ് പ്രധാന അജണ്ട . പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതാണ് ഇതെന്ന് നമുക്ക് പറയാനാവില്ല. കുറെയേറെ നാളായി ഉരുവം കൊണ്ടുവരുന്ന ആ പ്രചാരണം തീവ്രമായി എന്ന് പറയാം.

ഇന്ത്യന്‍ ഭരണഘടന ഫാസിസത്തെ എതിർക്കാൻ ശക്തമായ ഒന്നാണ് എന്ന് ഇപ്പോഴും പറയാനാവില്ല. പരിമിതകള്‍ ഉണ്ടെങ്കിലും ആ ഭരണഘടനയില്‍ ഉറച്ചു നിൽക്കുന്നതിനു പോലും നമ്മുടെ രാഷ്ട്രീയപാർട്ടികൾക്കോ സംഘടനകൾക്കോ കഴിയുന്നുമില്ല. രാഷ്ട്രീയ പാർട്ടികളും മറ്റു സാംസ്കാരിക സംഘടനകളും ഒരു തെരഞ്ഞെടുപ്പില്‍ നിന്ന് മറ്റൊന്നിലേക്കു ഒരു ഒഴുക്ക് പോലെ കടന്നു പോകുകയും തെരഞ്ഞെടുപ്പ് ജയപരാജയങ്ങളെ മാത്രം അവലംബമാക്കി മുന്നോട്ടു പോകുകയാണെന്നും പറയേണ്ടതുണ്ട്. ഇതിന്റെ ഫലമായി ഭരണഘടന ഒരു പ്രതീകം മാത്രമായി നിലനിൽക്കുകയാണു. സാധാരണ പൌരന്മാരെ സംബന്ധിച്ചിടത്തോളം നിത്യജീവിതപ്രശ്നങ്ങളാണു വലുത്. ഫാസിസത്തെയോ എകാധിപത്യത്തെയോ എതിർക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അത്രയേറെ സാധ്യമല്ലാത്ത ഒന്നാണ്. അത് ചെയ്യേണ്ടവർക്കാകട്ടെ ശിഥിലമായ ചില ശ്രമങ്ങള്‍ നടത്താനല്ലാതെ കൂട്ടായ ഒരു മുന്നണി രൂപീകരിക്കാന്‍ പോലുമായിട്ടില്ല.

ഇന്ത്യയില്‍ വർഗീയത പടരുന്നതില്‍ ബി ജെ പി യെ പോലെ തന്നെ കൊൺഗ്രസ്സിനും പങ്കുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ. ബാബറി മസ്ജിദില്‍ ശിലാന്യാസം നടന്നത് രാജീവ് ഗാന്ധിയുടെ പിന്തുണയോടെയാണു. ബാബറി മസ്ജിദ് പൊളിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അകത്തളത്തില്‍ അടച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അമ്പത് വരഷമെങ്കിലുമായി നമ്മുടെ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും പലവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനാധിപത്യരീതികള്‍ വളർത്താനുള്ള ശ്രമത്തെക്കാള്‍ കൂടുതല്‍ തളർത്താനുള്ള ശ്രമങ്ങള്‍ ആണ് കാണുന്നത്.പൊതുജനം എന്ന് പറയുന്നതിനേക്കാള്‍ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും തമ്മില്‍ നടക്കുന്ന ഒരു കേവല മത്സരമായേ അത്തരം തെരഞ്ഞെടുപ്പുകളെ കാണാനാവൂ. ഫലപ്രദമായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാനുമില്ല. പുതിയ മാറ്റം ബി ജെ പി യുടെ രംഗപ്രവേശമാണ്. അതിനാവട്ടെ അവര് ദീർഘകാലമായി അണിയറപ്രവർത്തനം നടത്തിവരികയുമാണ്. മോഡിയുടെ സർക്കാര്‍ ശ്രമിക്കുന്നത് ഭരണഘടന അവർക്കിണങ്ങും വിധം മാറ്റുകയോ അതിനെ അവഗണിക്കുകയോ ചെയ്യാനാണു. ഈ ബാലാബലത്തിന്റെ ശക്തിക്ഷയങ്ങളായിരിക്കും തൊട്ടടുത്ത ഭാവിയില്‍ ഇന്ത്യ ദർശിക്കുക.

ഇന്ത്യന്‍ ജനതയുടെ എൺപതു ശതമാനത്തോളം വരുന്ന ഗ്രാമീണ കാർഷിക മേഖലയെ അവഗണിച്ചു കൊണ്ട് മോഡിക്ക് മുന്നേറാന്‍ ആവില്ല. പക്ഷെ അവര്‍ ഇപ്പോള്‍ ഊന്നുന്നത് നഗരങ്ങളിലെയും പട്ടണങ്ങളിലെയും മധ്യവർഗ്ഗത്തെയാണ്. അതിലവര്‍ വിജയിച്ചിട്ടുമുണ്ട്. അതിനുള്ള ബുദ്ധിപൂർവ്വമായ നീക്കങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഇതിനെ കൂട്ടായി എതിർക്കുക എന്നത് ബുദ്ധിജീവികളും സാംസ്കാരിക നായകരും ചേർന്നു ചെയ്യേണ്ട കാര്യമാണ്. ലോകത്തെമ്പാടും ഏറിയും കുറഞ്ഞും അതാണ്‌ സംഭവിച്ചു പോന്നത്. ഇന്ത്യയുടെ ഭാവിയും അതിനെ ആശ്രയിച്ചിരിക്കുന്നു. മോഡിയുടെ നവസാമ്പത്തിക നയങ്ങള്‍ ഇത്തരം പ്രവണതകളെ ആശ്രയിച്ചേ മുന്നോട്ടു പോകൂ. ചെറുത്തുനില്പിന്റെ ഗതിവിഗതികളും അതിനെ ആശ്രയിച്ചാണിരിക്കുന്നത്.

പൊടുന്നനെ ഒരു മാറ്റമുണ്ടാവുമോ ഇല്ലയോ എന്നത് പ്രവചനാതീതമാണ്‌. നവമാധ്യമങ്ങള്‍ സ്വാധീനം ചെലുത്തും. പക്ഷെ കാലഗണന പ്രകാരം ഒരു പ്രവചനം നടത്തുക അസാധ്യമാണ്.ഫാസിസ്റ്റ് പ്രവണതകളെ എതിർക്കാനുള്ള ധാർമ്മികമായ ചുമതല മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ബുദ്ധിജീവികൾക്കുമാണ്. പക്ഷെ ചില ചിതറിയ എതിർപ്പുകൾക്കപ്പുറം എന്തെങ്കിലും സമഗ്രമായി നടന്നതായി എനിക്ക് തോന്നുന്നില്. കർണ്ണാടക അടക്കമുള്ള ഒന്നോ രണ്ടോ സാഹിത്യ അക്കാദമികള്‍ അല്ലാതെ കുൽബർഗിയെ പോലുള്ള പണ്ഡിതരുടെ വധത്തെ ആരും എതിർക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടില്ല . പല അക്കാദമിക്കുകളും ഇപ്പോഴും ഭീഷണിയില്‍ ആണ്. ഇതിനെയൊക്കെ എതിർക്കേണ്ട രാഷ്ട്രീയ പാർട്ടികള്‍ അവരുടെ സ്വാർത്ഥമായ അജണ്ടയുമായാണു മുന്നോട്ടു പോകുന്നത്. സംയോജിതമായ ഒരു എതിർപ്പിനെ തീർത്തും ഇല്ലായ്മ്മ ചെയ്യാനേ ഇത് ഉതകൂ. മാധ്യമങ്ങളാകട്ടെ അവരുടെ സേവന വേതന താല്‍പ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണു ബദ്ധശ്രദ്ധരായിരുക്കുന്നത്. ഈയവസ്ഥയില്‍ ഒരു സമഗ്രമായ മാറ്റം  ചിന്താപദ്ധതിയിൽ ഉണ്ടായാലേ ഫലപ്രദമായ ചെറുത്തുനിൽപ്പ് സാർത്ഥകമാകൂ. അത് അസാധ്യമല്ല. അതേ സമയം സമർപ്പിതമായ ഒരു കളക്ടീവ് ഉരുത്തിരിയേണ്ടതുണ്ട്. പ്രവചനങ്ങൾക്ക് എളുപ്പം വഴങ്ങുന്ന ഒന്നല്ല അതിന്റെ കാലഘടന.

Comments

comments