ഞാൻ പലപ്പോഴും ധ്യാനത്തിനായി ഉപയോഗിക്കുന്ന ഒരു ചിത്രമുണ്ട്. മദ്ധ്യകാലയൂറോപ്പിലെ ഏതോ കൂട്ടക്കൊലയെക്കുറിച്ചുള്ളത്. സന്യാസാശ്രമത്തിൻറെ ഉള്ളിൽ ഒരു ചെറിയ അറയ്ക്കകത്ത് ഒരു സന്യാസി യവനചിന്തകരുടെ കൃതികൾ പകർത്തിയെഴുതിക്കൊണ്ടിരിക്കുന്നു. അയാളുടെ പുറകിലുള്ള ജന്നലിലൂടെ നമുക്ക് പുറത്തു നടക്കുന്ന അതിഭയങ്കരമായ യുദ്ധം കാണാം. എന്നാൽ പുറത്തു നടന്നുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിൽ അയാൾ അറിയുന്നതായി നമുക്കു തോന്നുന്നില്ല. അതിനു പിന്തിരിഞ്ഞിരുന്നുകൊണ്ട് തൻറെ ജോലിയിൽ വ്യാപൃതനാണ് അയാൾ.

ഈ ചിത്രത്തെ പല തരത്തിൽ വായിക്കാം. സന്യാസിയുടെ ഹൃദയശൂന്യതയാണ് അതു ചിത്രീകരിക്കുന്നതെന്നു വേണമെങ്കിലും പറയാം. എന്നാൽ ഹിംസയിലോർപ്പെടുന്ന വിഭാഗക്കാർ പരസ്പരം സർവ്വനാശത്തിനു മുതിരുന്നതിനെ തടുക്കൻ ശക്തിയില്ലെങ്കിലും, അവരുടെ പ്രവൃത്തി മൂലം നാശോന്മുഖമായ സംസ്കാരത്തെ എങ്ങനേയും സംരക്ഷിക്കുക എന്ന നിശ്ശബ്ദവും വീരരാധനയോ ആദരങ്ങളോ ലഭിക്കാത്തതുമായ ദൌത്യം ഏറ്റെടുക്കാൻ തയ്യാറായ വ്യക്തിയുടെ ചിത്രമായി അതിനെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

കലുഷിതകാലങ്ങളിൽ കാലിടറാതെയിരിക്കണമെങ്കിൽ ദീർഘകാലത്തിൽ നാം വിലമതിക്കുന്നതെന്തെന്നും, അതിനെ സംരക്ഷിക്കേണ്ടതെങ്ങനെയെന്നതിനെക്കുറിച്ചും വ്യക്തമായ ബോധം ഉണ്ടാകേണ്ടതാണ്. ആശയമണ്ഡലങ്ങളിൽ ഇന്ന് തീവ്രഹിന്ദുവാദങ്ങൾ നശിപ്പിക്കാനോങ്ങുന്നത് യുക്തിചിന്തയെ മാത്രമല്ല. മതപരിധികളെ വകവയ്ക്കാത്ത എല്ലാത്തരം ആത്മീയതകളെയും വിശ്വാസമണ്ഡലങ്ങളെയും അതിന്റെ കൊലക്കത്തി ഉന്നംവയ്ക്കുന്നുണ്ട്. യുക്തിസഹമായ ചരിത്രരചന മുതൽ മതങ്ങൾ തമ്മിലുള്ള അതീർത്തികളെ കൂട്ടിക്കുഴയ്ക്കുന്ന നാട്ടുപഴമകൾ വരെ ഭീഷണിയിലാണ്. ഇവയെ സമൂഹത്തിന്റെ പൊതുവായ ഓർമ്മയിൽ നിന്നുതന്നെ തുടച്ചുനീക്കുകയാണ് തീവ്രഹിന്ദുത്വങ്ങളുടെ ലക്ഷ്യം.ആ ഓർമ്മനഷ്ടത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കലാണ് ഇന്ന് ബുദ്ധിജീവികൾ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കർമ്മങ്ങളിലൊന്നെന്ന് ഞാൻ കരുതുന്നു.സർക്കാർസ്ഥാപനങ്ങളിൽ നിന്നും പൊതുവിദ്യാഭ്യാസത്തിൽ നിന്നു തന്നെയും ഇവ നിഷ്ക്കാസനം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ അവയ്ക്കു പുറത്ത് പൊതുവിദ്യാഭ്യാസത്തിൻെറ പുതിയ ഇടങ്ങൾ സൃഷ്ടിക്കാൻ നമുക്കു ബാദ്ധ്യതയുണ്ട്. അത് കൂടുതൽ ധനാത്മകമായ പ്രവർത്തനവുമാണ്.

സെക്യുലർ ബുദ്ധിജീവികൾ പലപ്പോഴും ഋണാത്മകപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതരാകാറുണ്ട്. അവ ആവശ്യംതന്നെയെങ്കിലും മനഃപരിവർത്തനം — ഇന്നത്തെ പ്രതിസന്ധി വലിയൊരളവിൽ സാംസ്കാരിക പ്രതിസന്ധിയാണല്ലോ– സംഭവിക്കണമെങ്കിൽ യുക്തിയും തർക്കവും ചീത്തപറച്ചിലിൻെറ വക്കോളമെത്തുന്ന അപലപനങ്ങളും പോര. യുക്തിയെ യാന്ത്രികമായി പ്രയോഗിക്കുന്ന സമീപനങ്ങൾ തീർച്ചയായും പോര. ആനന്ദത്തെയും ആസക്തിയെയും കേന്ദ്രീകരിച്ചുള്ള ഇടപെടലുകളും പ്രധാനമാണ്. വിമർശനത്തിൻറെ തനതായ അർത്ഥത്തെ — വെളിച്ചം വീഴുത്തുക എന്ന അർത്ഥത്തെ — പരിരക്ഷിക്കുന്ന സൂക്ഷ്മമായ ചിന്തയ്ക്കു പുറമെ ഫാസിസ്റ്റ് വിരുദ്ധ സൌന്ദര്യാത്മക ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. വാൾട്ടർ ബെഞ്ചമിനിൻറെ വാക്കുകളാണിതെന്നറിയാം — ഫാസിസം രാഷ്ട്രീയമണ്ഡലത്തെ സൌന്ദര്യവത്ക്കരിക്കുന്ന കാലത്ത് സൌന്ദര്യാത്മകതയെ രാഷ്ട്രീയവത്ക്കരിക്കണമെന്നായിരുന്നല്ലോ ബെഞ്ചമിൻ നിർദ്ദേശിച്ചത്. എങ്കിലും കേരളത്തിൽ ഇന്ന് ഇത് എടുത്തു പറയണമെന്നു തോന്നുന്നു.

വാർദ്ധക്യത്തോടടുക്കുന്നവരും യുവജനങ്ങളും തമ്മിൽ താല്പര്യങ്ങളിൽ അതിതീവ്രമായ അകലം നിലനിൽക്കുന്ന കേരളത്തിൽ ഇത് പ്രത്യേകിച്ചും പ്രധാനമത്രെ. കഴിഞ്ഞ വർഷത്തെ ചുംബനസമരങ്ങളെ തുറന്നും അല്ലാതെയും ഇത്രയധികം പേർ അനുകൂലിച്ചതിനു പിന്നിൽ ആ സമരങ്ങളുടെ സൌന്ദര്യാത്മകമായ സ്വാതന്ത്ര്യബോധത്തിനും ഹിംസാവിരുദ്ധമായ ആനന്ദത്തോടുള്ള അഭിനിവേശത്തിനും വലിയ പങ്കുണ്ട്. . ഇനി, തീവ്രഹിന്ദുത്വവാദ ഫാസിസം രാഷ്ട്രീയമണ്ഡലത്തെ പൂർണ്ണമായി സൌന്ദര്യവത്ക്കരിച്ചാലും കേരളത്തിൽ ഹിന്ദുത്വവാദ ഫാസിസം തലപൊക്കും മുൻപുതന്നെ ധാരാളം പ്രചാരത്തിലുണ്ടായിരുന്ന, ഇന്നും ആർത്തുവളർന്നു നിൽക്കുന്ന ചെറുഫാസിസങ്ങൾ (Gilles Deleuze ‘microfascism’ എന്നു വിളിക്കുന്നവ) തികച്ചും ആനന്ദവിരുദ്ധങ്ങളാണ്. കേരളത്തിൽ സൂക്ഷ്മഫാസിസങ്ങൾക്കാണ് കൂടുതൽ കാര്യമായ വേരോട്ടമുള്ളത്. അവ ഹിന്ദുത്വവാദസ്ഥൂലഫാസിസത്തെ പലവിധത്തിൽ, അദൃശ്യവും അല്ലാതെയും, നേരിട്ടും അല്ലാതെയും താങ്ങി നിർത്തുന്നു. മറ്റൊരുവഴിക്ക് അവ ആഗേളമുതലാളിത്തത്തിന്റെ തൊഴിൽവിപണിയുമായും ചേർന്നുനിൽക്കുന്നു. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ബൌദ്ധികപ്രവർത്തനം ഈ ത്രികോണബന്ധത്തെ തുറന്നകാട്ടലായിരിക്കും.

ഇപ്പറഞ്ഞ രണ്ടു ദൌത്യങ്ങളും കൈയ്യടി കിട്ടാത്തവയും യുദ്ധരംഗങ്ങളിൽ നിന്ന് അല്പമൊരകലം പാലിച്ചുകൊണ്ട് ചെയ്യേണ്ടവയാണ്. എന്നാൽ അവ ഫാസിസ്റ്റ് വിരുദ്ധ വിശാലപോരാട്ടത്തിൻെറ ഭാഗം തന്നെയെന്ന് സംശയമില്ല.

Comments

comments