ങ്ങളുടെ ഭരണപ്രാപ്തിയുടെ ചരിത്രപ്രാധാന്യം സംഘപരിവാറും മോഡിയും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഘസ്നിയുടെ അധിനിവേശത്തിനു ശേഷമുള്ള ആയിരം കൊല്ലത്തെ വെറുപ്പും പകയും ആവിഷ്കരിക്കാനാകും വിധം ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള മുഹൂർത്തമായെന്നു അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. 1929-ൽ ഹിറ്റ് ലർക്ക് ജർമ്മൻ ജനത കൊടുത്തതിനെക്കാൾ വലിയ അംഗീകാരമാണു കേവലഭൂരിപക്ഷത്തിലൂടെ ഇന്ത്യക്കാർ മോഡിക്ക് കൊടുത്തത്.

          ഹിന്ദുമൗലികവാദം 1875-ലെ ആര്യസമാജ് സ്ഥാപനത്തോടെയെങ്കിലും മൂർത്തമായ വിധത്തിൽ ഇന്ത്യയിൽ പ്രത്യക്ഷമാണു. തിലകിലൂടെ, ലജ്പത് റായിയിലൂടെ, മാളവ്യയിലൂടെ അത് വളർന്നു. സഹനത്തിൽ അദ്വിതീയനും സങ്കീർണ്ണവ്യക്തിത്വവുമായിരുന്ന സവർക്കറിലൂടെ അത് അക്രമകരമായ തത്വചിന്തയായി. 1920-കളിൽ ഗാന്ധി രംഗപ്രവേശം ചെയ്തില്ലായിരുന്നെങ്കിൽ അത് ഒരുപക്ഷേ ഇംഗ്ലീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയായിത്തീരുമായിരുന്നു. ആസ്തികരായ ഒരു ജനതയോട് എങ്ങിനെ സംസാരിക്കണം എന്നറിയാമായിരുന്ന ഗാന്ധിജി ജാതി-മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ധനാത്മകധാരകൾ ലോകത്ത് എവിടെയെല്ലാം ഉണ്ടോ അവയെയെല്ലാം സമാഹരിച്ച് ഋജുവായ ഭാഷയിൽ ജനങ്ങളിലേക്ക്  സംപ്രേഷണം ചെയ്തു. ദളിത് സമീപനത്തിലും ഖിലാഫത്ത് പിന്തുണയിലും ഒക്കെ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയേയോ ആർജ്ജവത്തെയോ ജനങ്ങൾ സംശയിച്ചില്ല. വ്യക്തിപരമായ വിചിത്രതകൾക്കപ്പുറം ഗാന്ധി ഒരു മഹാമാന്ത്രികനായിരുന്നു എന്ന് തെളിയിക്കാൻ വിഭജനത്തിന്റെ നാളുകളിലെ ഗാന്ധിയുടെ ബംഗാൾ യാത്ര മാത്രം ഓർത്താൽ മതി. കൂട്ടക്കൊലകളിൽ ഏർപ്പെട്ട ഇരുപക്ഷത്തെയും കലാപകാരികൾ നിരാഹാർഅമനുഷ്ഠിക്കുന്ന ഗാന്ധിയുടെ മുൻപിൽ ആയുധങ്ങൾ വച്ച് കീഴടങ്ങി.

          പുതിയ രാഷ്ട്രത്തെ ആധുനികമായ ഒരു ജനാധിപത്യമാക്കാൻ ശ്രമിക്കുക വഴി ഹിന്ദു മതമൗലികവാദത്തെ ചെറുത്ത നൂറുകണക്കിനു ദേശീയനേതാക്കൾ ഉണ്ടായിരുന്നു. അവരിൽ പ്രധാനിയായ നെഹ്രു ഈ യാഥാസ്ഥിതിക സംസ്കൃതിയിലേക്ക് ആധുനികതയും യുക്തിചിന്തയും ശാസ്ത്രീയതയും വിദ്യാസമ്പന്നതയും കൊൺറ്റുവരാൻ ഒരുപാട് അധ്വാനിച്ചു. അദ്ദേഹം മരിക്കുന്നതിനു മുൻപ്, 1962-ൽ തന്നെ നാമിന്നഭിമാനിക്കുന്ന മതേതര-വിദ്യാഭ്യാസ-സാംസ്കാരിക-ഭരണകൂട സ്ഥാപനങ്ങൾ നിലവിൽ വന്നു. പക്ഷെ, ആധുനികതയ്ക്കും മതേതരത്വത്തിനും കൂടുതൽ വളരാനാകുംവിധം വെളിവുള്ള പിൻഗാമികൾ നെഹ്രുവിനു ഉണ്ടായില്ല. അതിനാൽ നമ്മുടെ ജനാധിപത്യം ഇന്നും ഒരു ഏകദേശജനാധിപത്യമാണു.

          1920-കളിൽ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ യത്നിച്ചിരുന്ന ശക്തികൾക്കെതിരെ വിജയകരമായി പ്രതിരോധിച്ച ശക്തമായ ഗാന്ധിയ്അൻ-നെഹ്രൂവിയൻ രാസമൂലകങ്ങളാണു ഇന്ന് നിർവീര്യമായിക്കൊണ്ടിരിക്കുന്നത്. വിഭജനകാലത്തുപോലും മതസ്പർദ്ധ ഇല്ലാതിരുന്ന കേരളം പോലും ഇന്ന് മതം മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നു. നെഹ്രു വിഭാവനം ചെയ്തതും സ്ഥാപിച്ചതുമായ മികവിന്റെ കേന്ദ്രങ്ങൾ സംഘപരിവാർ ഇന്ന് അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. ഓരോ അട്ടിമറിയിലും നെഹ്രൂവിയൻ ആധുനികതയോടും ജനാധിപത്യത്തോടുമുള്ള മോഡിയുടെ പരിഹാസച്ചിരിയുണ്ട്.

          നല്ലൊരു പങ്ക് ഉത്തരേന്ത്യൻ മേൽജാതി ഹിന്ദുപുരുഷനിലും താലിബാനിക്കു സമാനനായ ഒരു ക്രൂരപ്രാകൃതനുണ്ട്. അയാളുടെ അസഹിഷ്ണുത നിറഞ്ഞ ഹിംസവാസന ഏതു നിമിഷവും പുറത്തിനു വരാമെന്നതിനു ഉദാഹരണമാണു പൂനയിലെ മോഹ്ദിൻ ശൈഖിന്റെയും ദാദ്രിയിലെ മൊഹ്അമ്മദ് അഖ് ലഖിന്റെയും കൊലപാതകങ്ങൾ. ആയിരത്തി എണ്ണൂറുകൾ മുതൽ സാമൂഹ്യപരിഷ്കർത്താക്കളും ബ്രിട്ടീഷുകാരും കുഴിച്ചുമൂടിയ അനാചാരങ്ങളോരോന്നും എന്ന് വേണമെങ്കിലും തിരിച്ചുവരാം. വോട്ടുബാങ്കിന്റെ സ്പന്ദനം ഭയന്ന് അവയെ അനുകൂലിച്ച് ഇന്നത്തെ ആചാരവും നിയമവുമാക്കും.

          എല്ലാ വർഗീയവാദികളുടെയും വിഭാഗീയപ്രത്യയശാസ്ത്രത്തിന്റെ അടിത്തറ ഇളക്കുന്നത് വിജ്ഞാനവും സത്യസന്ധമായ ചരിത്രവും കലയുമാണു. അതുകൊണ്ടാണു ദാബോൽക്കറെയും പൻസാരെയെയും കൽബുർഗിയെയും പോലുള്ളവർ കൊല്ലപ്പെടുന്നതും ഉത്തമകലാകാരന്മാർ നിഷ്കാസിതരാകുന്നതും കലാസൃഷ്ടികൾ നിരോധിക്കപ്പെടുന്നതും തരംതാണ വ്യാജചരിത്രം സൃഷ്ടിക്കപ്പെടുന്നതും.

          ഹൈന്ദവഫാസിസത്തിന്റെ മുൻകൂർരുചിയെന്തെന്നറിയാൻ ബാൽതാക്കറെയുടെയും അമിത് ഷായുടെയും ജീവിതകഥ പഠിക്കുന്നതുതന്നെ ധാരാളമാണു. 1992-93 കാലഘട്ടത്തിലെ മുംബൈകലാപത്തിലേക്ക് നയിച്ച പ്രകോപനങ്ങളിൽ മുഖ്യം താക്കറെയുടെ ലേഖനങ്ങളും പ്രസംഗങ്ങളുമായിരുന്നു. അത്തരം പ്രകോപനങ്ങളുടെ പേരിൽ ഒരു ഹർജ്ഇ ഫയലിൽ സ്വീകരിക്കപ്പെട്ടു എന്നൊരു വാർത്ത വന്നപ്പോൾ താക്കറെ പത്രലേഖകരോട് പറഞ്ഞത് ഇതാണു. I piss on court judgments. Some people are trying to get a case admitted against me. But I am not afraid of court judgments. Most judges are like plagueridden rats against whom direct action should be taken. കോടതിക്ക് എതിരായ ഈ പ്രത്യക്ഷാക്രമണമുണ്ടായിട്ടും സ്വമേധയാ കേസെടുക്കേണ്ട കോടതി അനങ്ങിയില്ല. ഭരണകൂടചുമതലയെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന സുധാകർ റാവു നായിക് പറഞ്ൻജത് അയ്യോ, താക്കറെയെ തൊട്ടാൽ മുംബൈ കത്തും എന്നാണു. സർവ്വോന്നതകോടതികളോ? താക്കറെക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനെ നിർബന്ധിക്കണമെന്ന അഭ്യർത്ഥന ഹൈക്കോടതിയും സുപ്രീംകോടതിയും തിരസ്കരിച്ചു. 525 മുസ്ലീമുകളും 275 ഹിന്ദുക്കളും 50 മറ്റുള്ളവരും കൊല്ലപ്പെട്ട കലാപത്തിൽ മൂന്നു പേരാണു ഓരോ വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അവർക്ക് ഉടനെ തന്നെ ജാമ്യം കിട്ടി. അവരിൽ ഒരാൾ – ഒരു ശിവസേന എം പി അധികം വൈകാതെ സ്വാഭാവികമരണം വരിച്ചു. ജനങ്ങളാണു ഫാസിസ്റ്റുകളെ ഏറ്റവും നന്നായി സമ്മാനിതരാക്കിയത് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ശിവസേനയെത്തന്നെ അവർ അധികാരികളായി തെരഞ്ഞെടുത്തു. ഇരുപത് വർഷം കൂടി താക്കറെ നമുക്ക് മേലെ ഫാസിസ്റ്റ് ചിരി ചിരിച്ചു ജീവിച്ചു. മരിച്ചപ്പോൾ പ്രസിഡന്റും പ്രധാനമന്ത്രിയും ആദരാഞ്ജലികൾ അർപ്പിക്കാൻ വന്നു. മുംബൈയിൽ രണ്ട് ദിവസം ജീവിതം നിശ്ചലമാക്കി താക്കറെ ദേശീയബഹുമതികളോടെ സംസ്കരിക്കപ്പെട്ടു.

          കൂടുതൽ സമകാലീനമായ അമിത് ഷായുടെ കഥയും സമാനമാണു. ഗുജറാത്ത് കലാപത്തിന്റെ അനുബന്ധമാണു ഗുജറാത്തിലെ മോഡിസർക്കാരിൽ സഹമന്ത്രിയായിരുന്ന, മോഡിവിരുദ്ധനായിരുന്ന ഹിരെൻ പാണ്ഡ്യയുടെ കൊലപാതകം. ഭരണാധികാരികളാൽ ഏർപ്പാട് ചെയ്യപ്പെട്ട സൊറാബുദ്ദീൻ ഷേഖ്, തുൾസിറാം പ്രജാപതി എന്നീ ക്രിമിനലുകളാണു പാണ്ഡ്യയെ വകവരുത്തിയത്. ആസൂത്രണരഹസ്യം കൊലയാളികളിൽ നിന്നുതന്നെ പുറത്താകുമെന്ന് ഭയന്ന് പോലീസ് ഏറ്റുമുട്ടലുകളിൽ ഷേഖും ഭാര്യ കൗസാബിയും പ്രജാപതിയും വധിക്കപ്പെടുകയായിരുന്നു. ഈ കൊലകൾ ആസൂത്രണം ചെയ്ത അമിത് ഷാ ആയിരുന്നു സി.ബി.ഐ കേസിലെ മുഖ്യപ്രതി. 2010-ൽ ഈ കേസുകളുടെ പേരിൽ അമിത് ഷാ തടവിലായി. ജാമ്യം ലഭിച്ചപ്പോൾ തന്നെ ഗുജറാത്തിൽ കടക്കാൻ വിലക്കുണ്ടായിരുന്നു. എന്നാൽ, മോഡി അധികാരത്തിൽ വന്നപ്പോൾ സ്വാഭാവികമായും, സി.ബി.ഐ കാലുമാറി ചവിട്ടി. 2014-ൽ ഷായെ കുറ്റവിമുക്തനാക്കിയ വിധി വന്നു. സർക്കാർ, നമുക്ക് ഊഹിക്കാവുന്നതുപോലെ, അപ്പീൽ ഒന്നും കൊടുത്തിട്ടില്ല. വിചാരണ തുടരണമെന്ന സൊറാബുദ്ദീൻ ഷേഖിന്റെ അനുജന്റെ അപേക്ഷയും സമ്മർദ്ദം മൂലം ഈയാഴ്ച പിൻവലിക്കപ്പെട്ടു! അതേ സമയം നീതിയുടെ ഭാഗത്തു നിൽക്കുന്ന ടീസ്റ്റ സെതൽവാദും സഞ്ജീവ് ഭട്ടും ആർ.ബി ശ്രീകുമാറും വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം നടക്കുമ്പോൾ തന്നെ, ജനങ്ങൾ മോഡിയെയും അമിത് ഷായെയും ഇന്ത്യൻ ഭരണാധികാരികളായി തിരഞ്ഞെടുത്തു.

          ഫാസിസത്തെ എങ്ങിനെയാണു നേരിടുക? ജനാധിപത്യവൽക്കരിക്കുക, കൂടുതൽ ജനാധിപത്യവൽക്കരിക്കുക എന്ന ഒഴുക്കൻ മറുപടി നൽകാനേ ഇപ്പോൾ ആകൂ. ഏതു സമഗ്രാധിപത്യത്തിലും ജനങ്ങളാണു ആത്യന്തികമായി ഏറ്റവും വലിയ ഇരകൾ. എന്നിട്ടും, സമഗ്രാധിപത്യത്തിനെതിരായ സമരങ്ങളിൽ ചപലരായ കൂട്ടാളികളാണു ജനങൾ എന്നു നാം കണ്ടുകഴിഞ്ഞു. നമ്മെപ്പോലുള്ള സാധാരണക്കാരെ ഭയത്തിന്റെ സൂചിമുനയിൽ നിർത്തുന്ന ഭരണകൂട നീതിന്യായസ്ഥാപനങ്ങൾ ഫാസിസ്റ്റുകൾക്കു മുൻപിൽ എങ്ങനെ ചൂളിവിറക്കുന്നു എന്നും നാം കണ്ടു. അടിയന്തരാവസ്ഥാഘട്ടത്തിൽ എന്നതുപോലെ ജെപിയെ പോലുള്ള ഒരു ജനനേതാവ് ഇന്നില്ല. അന്നു ഗുജറാത്തിലും ബീഹാറിലും ഉണ്ടായപോലെയുള്ള യുവജനക്ഷോഭം ഇന്നില്ല. പ്രതിപക്ഷകക്ഷികൾ ഒന്നിനും ഇന്ന് വിശ്വാസ്യതയില്ല.  സംഘപരിവാറും മോഡിയും ജനങ്ങളോട് ചെയ്തിട്ടുള്ള അകൃതങ്ങൾ – മനുഷ്യക്കുരുതികൾ, അഴിമതി, ഭരണകൂടസ്ഥാപനങ്ങളെ അട്ടിമറിക്കൽ – ഇവയൊന്നും  കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും യാദവപാർട്ടികളും, ദ്രാവിഡ പാർട്ടികളും ചെയ്യാതിരുന്നിട്ടില്ല. ബി.ജെ.പിയും കോൺഗ്രസ്സും ഘനവ്യവസായികളാണെങ്കിൽ മറ്റുള്ളവർ ചെറുവ്യവസായികളോ കുടിൽവ്യവസായികളോ ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ.

          ഇയവസ്ഥയിൽ ഫാസിസത്തിനെ വെല്ലുമെന്ന പൊള്ളവാക്കുകൾക്ക് ഒരു അർത്ഥവുമില്ല. സംഘപരിവാറിനെ തോല്പിക്കാൻ ഇടയുള്ളത്  രണ്ടു ഋണാത്മക ഘടകങ്ങളാണു അതിന്റെതന്നെ അഴിമതിയും അതിനു ഒഴിവാക്കാനാകാത്ത ജാതീയതയും. കോർപ്പറേറ്റ് ആലിംഗനത്തിലുള്ള പരിവാറിനു അഴിമതി ഒഴിവാക്കാനാകില്ല. മോഡി ഷാ ദ്വന്ദ്വം പലപ്പോഴും പ്രത്യയശാസ്ത്രനിർമുക്തരായ ഉപജാപകകർ കൂടിയാണു. മാനിപ്പുലേറ്റർമാർക്ക് ഇത്യയെപ്പോലൊരു രാജ്യത്തെ ഏറെക്കാലം കൊണ്ടുനടക്കാനാവില്ല. വിജ്ഞാനവിരോധവും കജാതീയതയും സംഘപരിവാറിന്റെ സഹജസ്വഭാവങ്ങളാണു. അവർക്കിരയാവുന്ന ജനങ്ങൾ, പ്രത്യേകിച്ച്, ദളിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും അവസരം വരുമ്പോൾ തിരിച്ചടിച്ചേക്കാം. അതും സംഭവിക്കുന്നില്ലെങ്കിൽ, എന്റെ ജനാധിപത്യം പരിപക്വമാവാത്തിടത്തോളം കാലം പശുമാംസം അന്വേഷിച്ച് അവൻ എന്റെ വീട്ടിലേക്ക് വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുക മാത്രമേ ചെയ്യാനുള്ളൂ     

Comments

comments