കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള അന്താരാഷ്ട്രസമ്മേളനം ഈ വര്‍ഷാവസാനം പാരീസില്‍ നടക്കുകയാണ്.  വര്‍ഷാവര്‍ഷം ഉള്ള സമ്മേളനം ആണെങ്കിലും പല കാരണങ്ങളാല്‍ പാരീസില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പല ലോക രാജ്യങ്ങളും സ്വന്തമായി ഈ വിഷയത്തിൽ പുരോഗമന നിലപാട് എടുത്തതും ഹരിതവാതകങ്ങള്‍ കുറക്കുന്ന കാര്യത്തില്‍ ഒബാമയുടെ ഗവണ്മെന്റ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറായതും പാരീസിനെപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസത്തിന് ഒരു മുഖ്യ കാരണം ആണ്.

കാലാവസ്ഥാവ്യതിയാനത്തിന് പല മാനങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം എന്നത് സാവധാനത്തിൽസംഭവിക്കുന്ന ഒന്നായതിനാല്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ പല പ്രത്യാഘാതങ്ങളും മനുഷ്യരേയൊ പ്രകൃതിയേയൊ ബാധിക്കുന്നത് വളരെ പതുക്കെ ആയിരിക്കും. ഉദാഹരണത്തിന് കരയിലെ ചൂടു കൂടുന്നത്. ഒരു സ്ഥലത്തെ ചൂട് അല്പം (ഒന്നോ രണ്ടോ ഡിഗ്രി) കൂടിയാല്‍ അത് അവിടെ നടത്തുന്ന പല കൃഷികളേയും ബാധിക്കും. ചില വിളകള്‍ മോശമാകും. വേറെ ചിലത് നന്നാകും.  ചില വിളകള്‍ ഉപയോഗിക്കാന്‍ പറ്റാതെ വരും എന്നിങ്ങനെ. പക്ഷെ, ഇതൊക്കെ പതിറ്റാണ്ടുകള്‍കൊണ്ട് സംഭവിക്കുന്നത് ആയതിനാല്‍ പ്രകൃതിക്കും മനുഷ്യനും ഇതിനോട് പ്രതികരിക്കാനും  പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കാനും കഴിയും. വരള്‍ച്ചയെ നേരിടാന്‍ കഴിയുന്ന വിത്തിനങ്ങള്‍ ഉപയോഗിക്കാം, വേറെ എന്തെങ്കിലും കൃഷി ചെയ്യാം എന്നിങ്ങനെ.

പക്ഷെ, കാലാവസ്ഥാവ്യതിയാനത്തിന്റെ ചില പ്രത്യാഘാതങ്ങള്‍ ഇങ്ങനെ പതുക്കെപ്പതുക്കെ ഉണ്ടാകുന്നതല്ല.  മഴയുടെ സാന്ദ്രതയില്‍ ഉണ്ടാകുന്ന വർദ്ധനവാണു ഇതില്‍ ഏറ്റവും പ്രകടവും പ്രധാനമായതും.  ഒരു സ്ഥലത്ത് വീഴുന്ന മൊത്തം മഴയുടെ അളവ് കൂടിയില്ലെങ്കിലും മഴ പെയ്യുന്നത് ചുരുക്കം ദിവസങ്ങളിലേക്ക് ചുരുങ്ങും.  ഇതിന് പല പരിണിതഫലങ്ങള്‍ ഉണ്ട്.  ഉദാഹരണത്തിന് മഴ കനത്താല്‍ ഉരുള്‍ പൊട്ടല്‍, മണ്ണൊലിപ്പ് വെള്ളപ്പൊക്കം ഇവ ഉണ്ടാകാം, നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനം ആവശ്യത്തിന് തികയാതെ വന്ന് നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാം. ഇതെല്ലാം ഇപ്പോള്‍തന്നെ കണ്ടുവരുന്നതും ഉടന്‍ പ്രതിവിധി വേണ്ടതും ആണ്.

രണ്ടാമത്തെ പ്രശ്നം അത്യുഷ്ണത്തിന്റേയും ചുഴലിക്കാറ്റിന്റേയും എണ്ണത്തിലും സാന്ദ്രതയിലും ഉള്ള വര്‍ദ്ധനയാണ്.  ലോകത്തെ പല ഭാഗങ്ങളിലും (ഉദാ: കരീബിയന്‍അമേരിക്കഫിലിപ്പീന്‍സ്ജപ്പാന്‍) മിക്കവാറും എല്ലാ വര്‍ഷവും ചുഴലിക്കാറ്റ് ഉണ്ടല്ലോ. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി അതിന്റെ സാന്ദ്രത കൂടുന്നു. പണ്ട് ചെന്നെത്തിടാത്ത പലയിടത്തും അതു പുതുതായി എത്തുന്നു.  ഇതിനെ പ്രതിരോധിക്കുക എന്നത് എളുപ്പവും അല്ല. ഇവിടെയാണ് പ്രക‌ൃതിയേയും ദുരന്തത്തേയും അറിഞ്ഞ് മനുഷ്യന്‍ ജീവിക്കേണ്ട ആവശ്യം കൂടിവരുന്നത്.  മലയില്‍ വീടുവയ്ക്കുകയും  കൃഷി ചെയ്യുകയും റോഡു വെട്ടുകയും ഒക്കെ ചെയ്യുമ്പോള്‍ ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യത നാം വര്‍ദ്ധിപ്പിക്കുകയാണ്.  ഉരുള്‍ പൊട്ടിയാല്‍ മനുഷ്യന്റേയും മനുഷ്യനിര്‍മ്മിത വസ്തുക്കളുടേയും നാശം കൂടുകയും ആണ്.  അതുകൊണ്ടുതന്നെ മലയിലെ ആവാസവ്യവസ്ഥക്ക് ചേര്‍ന്നതും പരിസ്ഥിതിയെ വെട്ടിനിരത്താത്തതും ആയ വികസനം മാത്രമേ നാം മലനിരകളില്‍ നടപ്പാക്കാവൂ.

ഇതു മലയിലെ മാത്രം പ്രശ്നമല്ല.  ഇടനാട്ടിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നാം മണ്ണിട്ടു നികത്തിക്കഴിയുമ്പോള്‍ മഴക്കാലത്ത് വെള്ളത്തിന് നിറഞ്ഞ് നില‍്‍ക്കാനും ഒഴുകിപ്പോകാനും ഉള്ള സൗകര്യം ആണ് നാം ഇല്ലാതാക്കുന്നത്.  പണ്ടൊന്നും വെള്ളക്കെട്ട് എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത സ്ഥലങ്ങളില്‍ വെള്ളക്കെട്ടും അതിനോടനുബന്ധിച്ച ചെറിയതും വലിയതും ആയ പ്രശ്നങ്ങളും ഉണ്ടാകുന്നത് അതുകൊണ്ടാണ്.  തീരദേശത്തെ കണ്ടല്‍ക്കാടുകളുടേയും തടാകങ്ങളുടേയും കോള്‍നിലങ്ങളുടേയും ഒക്കെ നാശവും ഇതുപോലെതന്നെ ഓരോരോ ദുരന്തങ്ങള്‍ ആയി നമ്മെ തിരിച്ചു കടിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സാധ്യതകളെ അറിഞ്ഞുള്ള സ്ഥലവിനിയോഗപദ്ധതി ഏതൊരു രാജ്യത്തിന്റേയും അടിസ്ഥാന ആവശ്യമാണ്.  കേരളം പോലെ വന്‍ ഭൂമിശാസ്ത്ര വൈവിധ്യവും ഉയര്‍ന്ന ജനസാന്ദ്രതയും ഉള്ള പ്രദേശങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍  സാധ്യമായത് (vulnerable) ആണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയെ അറിഞ്ഞ്, പ്രകൃതിദുരന്തങ്ങളെ അറിഞ്ഞ് നൂറോ ഇരുനൂറോ വര്‍ഷം മുന്‍പില്‍ കണ്ടിട്ടുവേണം നമ്മുടെ സ്ഥലവിനിയോഗ പദ്ധതികള്‍ തയ്യാറാക്കാന്‍.

ജനസാന്ദ്രത ഏറിയതും സ്ഥലത്തിന് “തീവില”യും ഉള്ള കേരളത്തില്‍ സ്ഥലവിനിയോഗത്തില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമായ ഏറെ ബുദ്ധിമുട്ടുള്ളതും സമൂഹത്തില്‍നിന്ന് ഏറെ എതിർപ്പുണ്ടാകുന്നതും ആണെന്നത് നാം പലവട്ടം കണ്ടതാണല്ലോ. അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൂടുകയും കൃഷി അല്ലാത്ത തൊഴിലില്‍നിന്ന് പ്രധാനമായും ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. അന്‍പതു വര്‍ഷത്തിനു മുന്‍പുണ്ടായിരുന്നതില്‍ പകുതിയിലും താഴെ സ്ഥലത്താണ് ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നത്.  മറ്റുള്ള പല വിളകളുടേയും കാര്യത്തില്‍ ഇത് വ്യത്യസ്തമല്ല.  ജനങ്ങള്‍ ആകട്ടെ ഗ്രാമങ്ങള്‍ വിട്ട് നഗരത്തിലേക്ക് കൂടുതല്‍ സാന്ദ്രതയില്‍ ജീവിക്കാന്‍ പോകുന്നു.  ഗ്രാമങ്ങളില്‍വരെ ഫ്ലാറ്റുകളും വരുന്നു. അപ്പോള്‍ കൃഷിക്കും ആളുകള്‍ക്ക് താമസിക്കാനും നമുക്ക് പണ്ടത്തെ അത്രയും സ്ഥലം വേണ്ട എന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍.  അത് ഇതുപോലെ തുടരുകയും ചെയ്യും.  ഭൂമിയുടെ സ്ഥലത്തിന്റെ ഡിമാന്റ് അപ്പോള്‍ വരുന്നത് അത്യാവശ്യക്കാരില്‍ നിന്നല്ല വാണിഭക്കാരില്‍നിന്നാണ് എന്ന് വ്യക്തം.  സമ്പത്ത് നിക്ഷേപിക്കാന്‍ കൂടുതല്‍ ആദായകരമായ എന്തെങ്കിലും വഴി കണ്ടെത്തിയാല്‍ പിന്നെ നമ്മുടെ ഭൂമിയുടെ മേലുള്ള ഈ സമ്മര്‍ദ്ദം ഏറെ കുറയും.  അപ്പോള്‍ പ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ച് ഭൂവിനിയോഗം നടത്തി സുസ്ഥിരമായ ഒരു വികസനത്തിലേക്ക് നാടിനെ നയിക്കാന്‍ പറ്റുകയും ചെയ്യും.

Comments

comments