രു സമരവും പരാജയമാകുന്നില്ല. അവകാശങ്ങൾ നേടിയെടുക്കാനോ അല്ലെങ്കിൽ അർഹതപ്പെട്ട നീതിലഭിക്കാൻ വേണ്ടിയോ ആണ് മിക്ക സമരങ്ങളും, എന്നാൽ  ജയപരാജയങ്ങളല്ല ഒരു പോരാട്ടത്തിന്റെയും അവസാന വാക്ക്. ശരിയല്ല എന്ന് നമുക്ക് തോന്നുന്നതിനെ എതിർക്കുക എന്നതാണ് ഒരു പൌരന്റെ നീതിബോധത്തെ ന്യായീകരിക്കുന്ന വസ്തുത. അധികാരം കൈയ്യിലിരിക്കുന്ന ഭരണകൂടം തന്നെയായിരിക്കും പത്രഭാഷയിൽ പറഞ്ഞാൽ ഒടുവിൽ വിജയിയാകുക. എന്നാൽ ഏതൊരു  സമരത്തിനും  സമൂഹമധ്യത്തിലേക്കു ഒരുപാട് ചോദ്യങ്ങൾ  കൊണ്ടുവരാൻ കഴിയും. അല്ലെങ്കിൽ ഒരു സമരം നടക്കുമ്പോൾ മാത്രമാണ് പ്രസ്തുത വിഷയത്തെക്കുറിച്ചു പൊതു സമൂഹം ചിന്തിക്കുന്നത്, അടുത്തകാലത്ത് നടന്ന നിരവധി സമരങ്ങൾ  ഇതിനു ഉദാഹരണങ്ങളാണ്.

ആ അർത്ഥത്തിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തിയ  139 ദിവസം നീണ്ടു  നിന്ന ഈ ഐതിഹാസിക സമരം പൂനെയുടെ ഇത്തിരി  ചത്വരത്തിൽ   നിന്നും രാജ്യാന്തരതലത്തിലേക്കുയർന്നു എന്നതാണു അവിടെ നടന്ന വിദ്യാർഥി  സമരത്തിന്റെ വിജയം. വരാനിരിക്കുന്ന ജാതീയമായ വൻ വിപത്തിനെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ  ഈ സമരത്തിനു  ഒരു പരിധിവരെ കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. ശുദ്ധവായു ശ്വസിച്ചു വളരേണ്ട സിനിമയും സാഹിത്യവും പോലെയുള്ള കലാപ്രവർത്തനങ്ങൾ  ജാതി രാഷ്ട്രീയത്തിന്റെ കൊടിക്ക് കീഴെ കൊണ്ടുചെന്നു കെട്ടേണ്ട പശുവല്ല എന്ന് ഈ സമരം കൊണ്ട് പൊതുവെയെങ്കിലും ബോധ്യപ്പെടുത്താൻ  ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി പ്രക്ഷോഭത്തിന്  കഴിഞ്ഞു. ഇത് ഇന്ന് അധികാരത്തിലിരിക്കുന്നവർക്ക്  മാത്രമല്ല ഇതിനു ശേഷവും അധികാരത്തിൽ വരുന്നവർക്ക് കൂടിയുള്ള ഒരു താക്കീതാണു. ഇന്ത്യയിലെ ചിന്താശേഷിയുള്ള കലാകാരന്മാർ ഈ സമരത്തെ പിന്തുണക്കാൻ എത്തിയത് സമരക്കാരോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ മാത്രമല്ല, വരാനിരിക്കുന്ന കറുത്ത ദിനങ്ങളെക്കുറിച്ചു ജനങ്ങൾക്ക്‌ മുന്നറിയിപ്പ് നല്കുവാൻ കൂടിയാണ്. അവാർഡ്  ജേതാക്കൾ തങ്ങളുടെ പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നത്  പോലെയുള്ള സമര മാതൃകകൾ മുന്നോട്ടു വെക്കാൻ  ഈ വിദ്യാർഥി  സമരത്തിനു  ചെറുതല്ലാത്ത പങ്കുണ്ട്. കഴിവിന്റെകലാപരമായ സംഭാവനകളുടെ അടിസ്ഥാനത്തിലല്ലാതെ പാർട്ടി രാഷ്ട്രീയത്തിന്റെ ബലത്തിൽ FTII  പോലെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിപ്പറ്റുന്ന എല്ലാ വിവരദോഷികൾക്കുമുള്ള  മുന്നറിയിപ്പാണ് ഇത്.

രാജ്യാന്തര പ്രശസ്തിയുള്ള  പൂനെ  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ   വിദ്യാർത്ഥികൾ സമരം ചെയ്യാനുണ്ടായ കാരണം ലോകം  മുഴുവൻ അറിഞ്ഞു എന്നത് ഭരണകൂടത്തിന്റെ മാനക്കേടും സമരം ചെയ്തവരുടെ വിജയവുമാണ്‌. ഫാസിസം ഇക്കാലത്ത് നേരിട്ടല്ല ജനജീവിതത്തിലേക്കു കടന്നുവരിക, പഴയ ഗ്യാസ് ചേമ്പറുകൾക്കു പകരം  മസ്തിഷ്കങ്ങളിലൂടെ വിഷം വിതക്കുന്ന രീതിയിലാണ് അത് മനുഷ്യത്വത്തെ  ഇല്ലാതാക്കുക. വിദ്യാർഥികൾ ഉയർത്തിയ പ്രശ്നം വിജയിക്കുക തന്നെ ചെയ്തുഎന്തെന്നാൽ വരും ദിനങ്ങളിൽ ശുദ്ധവായു ശ്വസിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളിൽ മേധാവികളെ  നിയമിക്കുമ്പോൾ ഭരണകൂടം രണ്ടു വട്ടം ആലോചിക്കും, അത്രയെങ്കിലും  ചെയ്യുവാൻ കഴിഞ്ഞതുതന്നെയാണു  ഈ സമരത്തിന്റെ വിജയവും.
വാൽക്കഷ്ണം :
രാജ്യമൊട്ടുക്ക് ഉയർന്ന  നാണക്കേടിന്റെ പുകിലുകൾ കേട്ട്  ജനം വാ പൊത്തി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ   ഇനി തലയിൽ മുണ്ടിട്ടിട്ടല്ലാതെ ഗജേന്ദ്ര ചൌഹാൻ എങ്ങിനെ FTII  ചെയർമാന്റെ കസേരയിൽ ഇരിക്കും എന്നാണ്  ഞാൻ ആലോചിക്കുന്നത്.

Comments

comments