ട്ടൊമ്പതു വർഷം മുമ്പാണ്.

പുഴുക്കമുള്ള ആ മേയ്മാസ രാത്രിയിൽ വനചാരി എൻ.എ. നസീർ വിളിക്കുന്നു; ആവശ്യത്തിന് ഉടുപ്പൊക്കെയെടുത്ത് രാവിലെ ഇറങ്ങിക്കോ. നമ്മള് കാന്തല്ലൂർക്കു പോകുന്നു.

രാവിലെ ഹൈക്കോടതിക്കവലയിൽ സന്ധിക്കുമ്പോൾ നസീറിനൊപ്പം തേവർമകൾ ജയന്തിയുണ്ട്. സിബി മൂന്നാറുണ്ട്. കൂടെയൊരു അപരിചിതനും. തലയിൽ വട്ടത്തൊപ്പിവച്ച തടശ്ശില പോലൊരു മനുഷ്യൻ. നസീർ പരിചയപ്പെടുത്തി; ഇതെന്റെ ജോണിച്ചായൻ…ഇദ്ദേഹത്തിന്റെ ഫാം ഹൗസിലേയ്ക്കാണ് നമ്മൾ പോകുന്നത്.

ആശിസ് സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരാഴ്ചത്തെ പലവ്യഞ്ജനം സംഭരിച്ച് ജോണിച്ചായന്റെ ബൊലേറോ നഗരം വിട്ടു. നേര്യമംഗലം വനപാതയിൽ പ്രവേശിച്ചതോടെ മനസ്സിലെ പുഴക്കമലിഞ്ഞു. ഓരോ ഇലയനക്കത്തിലും നസീർ ജാഗ്രത്താവാൻ തുടങ്ങി. ഇടയ്ക്കിടെ വണ്ടി നിർത്തിച്ച് ക്യാമറയുമായി അവനിറങ്ങിപ്പോയി. അന്നേരങ്ങളിലെപ്പൊഴോ, ഉപരിതലത്തിലേയ്ക്കു വന്ന് കുമിളയിട്ടു മടങ്ങുന്ന മത്സ്യത്തെപ്പോലെ ജോണിച്ചായൻ പിൻസീറ്റിലേയ്ക്ക് വന്ന് ചിയേഴ്‌സ് പറഞ്ഞ് മടങ്ങി. ലഹരിവിരുദ്ധനായ വനചാരിയറിയാതെ ഞങ്ങളൊരു കുറുമുന്നണിയാവുകയായിരുന്നു. ജോണിച്ചായൻ പറഞ്ഞു; ഇനിയൊരിടത്തും നിർത്തരുത്. ഇരുളും മുമ്പ് നമുക്ക് വീടുപിടിക്കണം. അല്ലേൽ ഗണേശന്റെ കൊമ്പിലാവും തീരുക…

കണ്ണൻ ദേവൻ മലനിരകളിൽ ടാറ്റയേക്കാൾ പ്രബലനായി വാഴുന്ന കാട്ടുകൊമ്പന് ഗണേശനെന്നു പേരിട്ടത് എൻ.എ. നസീറായിരുന്നു. തോട്ടം തൊഴിലാളികൾക്ക് അവൻ പടയപ്പ!

ആയ കാലത്ത് അവൻ നടത്തിയ അരുംകൊലകളുടെ കഥകൾ കേട്ട് ഞാൻ വിറങ്ങലിച്ചിരിക്കേ ജോണിച്ചായൻ പറഞ്ഞു; അവൻ ശുദ്ധ പാവമാ…ക്രൂരനായിരുന്നെങ്കിൽ എന്റെ കഥയൊക്കെ എന്നേ തീർന്നേനേ..

ഫ്‌ളാഷ് ബാക്ക്.

കൺമഷിയേക്കാൾ കറുത്ത രാത്രിയായിരുന്നു അത്. പതിവു ക്വാട്ടയ്ക്കുമേൽ അത്താഴവും കഴിച്ച് ജോണിച്ചായനുറങ്ങുകയാണ്. അടുക്കളയിൽ ആദ്യമൊരു പിഞ്ഞാണം വീണുനുറുങ്ങുന്നതിന്റെ ഝംകാരം. ഉറക്കം ഞെട്ടി ഇരുട്ടിൽ കണ്ണുമിഴിച്ചു കിടന്നു. പ്രേതബാധിതമായ പോലെ വീട് വിറയ്ക്കുന്നുണ്ടെന്നു തോന്നി. വീണ്ടുമൊരു പിഞ്ഞാണം വീണുടഞ്ഞു. കള്ളനാണെങ്കിൽ അവൻ കൊന്നിട്ടേ പോവൂ. തലമണ്ടയ്ക്കു വീക്കാൻ പാകത്തിന് കയ്യിൽ വലിയ ടോർച്ചും മുറുക്കേപ്പിടിച്ച് അടുക്കളയിലേയ്ക്ക് അടിവച്ചു. ഓഫാക്കാൻ മറന്നുപോയ ട്യൂബ് ലൈറ്റിന്റെ പനിവെളിച്ചത്തിൽ നടുക്കത്തോടെ ആ കാഴ്ച കണ്ടു. കനത്ത ഒരു തുമ്പിക്കൈ അടുക്കളനിലത്ത് എന്തോ പരതുകയാണ്… നിലത്തൊരു തണ്ണിമത്തൻ തുമ്പിക്കരത്തിന് വഴങ്ങാതെ ഉരുണ്ടുകൊണ്ടിരുന്നു.

ആനയുടെ മസ്തകം അടുക്കളയിലേയ്ക്കു പ്രവേശിക്കുന്ന മുറയ്ക്ക് ചുമരിൽനിന്നും ഇഷ്ടികകൾ അടർന്നുകൊണ്ടിരുന്നു.

എന്നിട്ട്, എന്നിട്ട് എന്ന് ആകാംക്ഷപ്പെട്ടുകൊണ്ടിരുന്ന ഞങ്ങളെ നോക്കി മന്ദഹസിച്ചുകൊണ്ട് ജോണിച്ചായൻ പറഞ്ഞു; വാതിൽക്കൽ നിന്ന് എത്തിനോക്കുന്ന എന്നെ അവൻ കണ്ടു. അന്നേരം അവനൊരു ചിരിചിരിച്ചു. ഞാനവന്റെ വിക്രിയകൾ നോക്കി നിന്നു. കനത്ത രണ്ടു കൊമ്പുകൾക്കിടയിൽ നില്ക്കുമ്പോഴും അവനെന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്കുറപ്പായിരുന്നു. മനുഷ്യരേക്കാൾ വിശ്വസിക്കുവാൻ കൊള്ളാവുന്നവരാണ് കാട്ടുമൃഗങ്ങൾ എന്നു മനസ്സിലായത് അന്നാണ്…

രത്തംബോർ ടൈഗർ റിസർവിൽ കടുവ ചിരിക്കുന്നതും വിഷാദിക്കുന്നതും തിരിച്ചറിയാൻ സിദ്ധിയുള്ള കുട്ടപ്പനെന്ന ആനക്കാരനെക്കുറിച്ച് മുമ്പെവിടെയോ വായിച്ചിട്ടുണ്ട്. ഇതാ തൊട്ടുരുമ്മിയിരിക്കുന്നു ആനയുടെ ചിരി കണ്ടൊരു മനുഷ്യൻ! പൊടുന്നനേ അയാളെന്റെ വീരനായകനായി. ഞാനയാളെ ആരാധനയോടെ നോക്കിനോക്കിയിരുന്നു… വണ്ടി മറയൂരെത്തുമ്പോൾ ആളിറങ്ങിപ്പോയി… വനപാലകരുമായി കുശലം പറഞ്ഞ് തിരിച്ചുവന്നു… കോവിൽക്കടവ് അങ്ങാടിയിൽ പിന്നെയും ചില ക്രയവിക്രയങ്ങൾ. അന്തി ചായുകയാണ്… ഇരുളും മുമ്പ് വീടുപിടിക്കില്ലെന്നുറപ്പായി… പയസ് നഗറിനു മുമ്പുള്ള വലിയ മുടിപ്പിന്നുകൾ കയറാൻ തുടങ്ങുമ്പോഴേയ്ക്ക് കാലാവസ്ഥ വ്യതിചലിച്ചു. രോമകൂപങ്ങളിലേയ്ക്ക് തണുപ്പിന്റെ വജ്രമുനകളിറങ്ങാൻ തുടങ്ങി. താടിയെല്ലു കിടുകിടുത്തു. അന്നേ അറുപത്തഞ്ചു പിന്നിട്ടിരുന്ന ജോണിച്ചായൻ അചഞ്ചലനായി മുന്നിലേയ്ക്കു മിഴിയൂന്നിയിരുന്നു.

തൊണ്ണൂറുകളുടെ പൂർവാർധത്തിൽ, പൂത്ത നീലക്കുറിഞ്ഞികളുടെ മയിൽവർണം കാണാൻ മൂന്നു ചങ്ങാതിമാരുമായി വന്ന് അനാഥമായൊരു രാത്രിയിൽ പെട്ടുപോയ കഥയാണ് എനിക്കു കാന്തല്ലൂർ. രക്ഷകനായി വന്നത് പയസ് നഗർ സെമിനാരിയിലെ ഒരു പുരോഹിതനായിരുന്നു. ഫാദർ പറഞ്ഞു; മക്കളേ നിങ്ങളിങ്ങനെ റോഡിൽ കഴിയാനാണോ ഭാവം? ഇന്നലെയിവിടെ ഒരു സ്ത്രീയെ ആന ചവിട്ടിക്കൊന്നതൊന്നും നിങ്ങളറിഞ്ഞില്ലേ?

സെമിനാരിയിൽ ഞങ്ങൾക്കായി മുറി തുറക്കപ്പെട്ടു. അന്നേതോ പുണ്യാളന്റെ ഫീസ്റ്റായിരുന്നു. വല്യ പുഴമീൻ കിടത്തിപ്പൊരിച്ചത്. പന്നിയെ സുന്ദരമായി റോസ്റ്റ് ചെയ്തത്. അത്താഴം കുശാലായിരുന്നു. തിന്നതൊക്കെയും ദഹിപ്പിക്കുംവിധം ഒടുക്കം ഫാദറിന്റെ വക ഒരു കൊടും ഫലിതവും; മക്കളേ, നിങ്ങള് വീട്ടിൽ കഴിക്കുന്നതുപോലൊന്നും ആയില്ലെന്നറിയാം, ഇവിടെ ഇതൊക്കെയേ ഉള്ളൂ, ക്ഷമിക്കണം..

പൂർവകഥ കേട്ട് കുലുങ്ങിക്കുലുങ്ങിച്ചിരിച്ച് ജോണിച്ചായന്റെ ബൊലേറോ നിശ്ചലമായി; ഇനിയിറങ്ങി നടക്കണം… വീട്ടിലേയ്ക്ക് വണ്ടി ചെല്ലില്ല. പഞ്ചായത്തിന്റെ റോഡ് പണി നടക്കുവാ…

കനത്ത ഭാണ്ഡങ്ങൾ ഭേസി സിബി മുന്നേ നടന്നു. കൊടുംതണുപ്പ്. കോട കാഴ്ച മറച്ചുകൊണ്ടിരുന്നു. അന്നേരം ജോണിച്ചായൻ പഴയൊരു രാത്രിയെക്കുറിച്ച് പറഞ്ഞു; ഞാനൊറ്റയ്ക്ക് ഈ വഴി വരുകയാണെടാ ഉവ്വേ… വീടെത്തുന്നതിനു മുന്നേ എനിക്കു വിലങ്ങനെ ഒരു യൂക്കാലിമരം വീണു. ഞാനവിടെ ശ്വാസമടക്കിനിന്നു. അതവനായിരുന്നു. ഗണേശൻ. ഞാൻ പിന്തിരിഞ്ഞോടി… താഴെയൊരു വീട്ടിൽ മുട്ടിവിളിച്ച് അഭയംതേടി…

വർഷങ്ങൾക്കുശേഷം അതേ ആനത്താരയിലൂടെ നടന്ന് അനർത്ഥങ്ങളൊന്നുമില്ലാതെ ഞങ്ങൾ വീടെത്തുകയായിരുന്നു. എസ്‌കേപ്പ് എന്നാണ് ഈ ഫാം ഹൗസിന്റെ പേരെന്ന് അന്നേരം ജോണിച്ചായൻ പറഞ്ഞു. ഒന്നും കാണാൻ വയ്യ. ഇരുട്ടും മൂടൽമഞ്ഞും ഒരുക്കിയിട്ട അജ്ഞേയം. വീട്ടുകാവൽക്കാരൻ രാജു ക്യാമ്പ് ഫയറൊരുക്കി. താഴ്‌വരകൾ വേനൽച്ചൂടിൽ വേവുന്ന ആ മേയ്മാസത്തിലും തണുപ്പുറഞ്ഞു കിടന്ന ഇവിടെ അതനിവാര്യമായിരുന്നു. ആഴിക്കുചുറ്റും അത്താഴവും ജോണിച്ചായന്റെ ജീവിതകഥയും ഒരുമിച്ചു മുന്നേറി. അന്നേരം എവിടെയോ വെടിപൊട്ടി. ഇടവിട്ട് അത് മൂന്നാവർത്തിച്ചു. ഫോൺ കറക്കി സംഭവം സ്ഥിരീകരിച്ചിട്ട് ജോണിച്ചായൻ പറഞ്ഞു; ഗണേശൻ വരുന്നുണ്ട്.. കുടെ അവന്റെ സഖിയുമുണ്ട്…

ആകാംക്ഷാഭരിതരെങ്കിലും, കഴിച്ച ദ്രാവകത്തിന്റെ മാസ്മരത്തിൽ ഞങ്ങൾ വേഗമുറങ്ങി. സ്വപ്നത്തിലെന്നോണം ആരുടേയോ ചൂളംവിളി കേട്ടാണ് ഉണർന്നത്. മന്ദ്രമധുരമായി ആരോ ചൂളംകുത്തുന്നു. ഉണർന്നുകിടന്ന സിബി പറഞ്ഞു; ചൂളക്കാക്കയുടെ പാട്ടുകേട്ടോ…

പുറത്തേയ്ക്കുള്ള വാതിൽ തുറക്കുമ്പോൾ മുന്നിലൊരു സ്വപ്നലോകമായിരുന്നു. മൂടൽമഞ്ഞിൽ മുങ്ങിനിവരുന്ന പ്രഭാതം. ഞാൻ പുറത്തിറങ്ങി. മനോഹരമായ ഉദ്യാനം. അഴകുറ്റ ആ പത്തേക്കർ കൃഷിഭൂമിയുടെ അതിരിൽനിന്നും ആരംഭിക്കുകയാണ് അന്തമെഴാത്ത ചോലക്കാടുകൾ. പേര് മന്നവൻചോല. അതിനുള്ളിലെ ദുർഘടപാത താണ്ടിച്ചെന്നാൽ പാമ്പാടുംചോല. നാണംകുണുങ്ങിയായ ചൂളക്കാക്കയെ കണ്ടുപിടിക്കാനായില്ലെങ്കിലും ഞാനാ തൊടിനിറയെ ആമോദത്തോടെ നടന്നു. കരിനീലക്കിളിയും കരിങ്കിളിയും ചെമ്പൻ പാറ്റപിടിയനും എനിക്കു മുന്നിൽ അർമാദിച്ചു പാറിക്കൊണ്ടിരിക്കേ ജോണിച്ചായൻ വിളിച്ചു; ദാ വന്നു നോക്ക്, ഗണേശന്റെ കാൽപ്പാദം…

വലിയൊരു താമ്പാളം പോലെ കരിമണ്ണിൽ അവന്റെ കാൽപ്പടം. അവൻ ഊർന്നിറങ്ങിപ്പോയ ഉദ്യാനം പങ്കിലമായിരുന്നു. ജോണിച്ചായൻ ഓമനിച്ചുവളർത്തിയ പൂൽത്തകിടിയും പൂമരങ്ങളും ചതഞ്ഞരഞ്ഞുകിടന്നു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ഉച്ചതിരിഞ്ഞ് വനപാലകരെത്തി. ജോണിച്ചായൻ കട്ടായം പറഞ്ഞു; എനിക്കൊരു നഷ്ടപരിഹാരവും വേണ്ട… ഇതവന്റെ, ഗണേശന്റെ ഭൂമിയാണ്. ഞാനാണിവിടെ അതിക്രമിച്ചു കയറിയത്….

കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിക്കുമ്പോൾ ഭാര്യ ആനിയമ്മയോടൊപ്പം തൊടുപുഴക്കാരൻ ജോണി തോമസ് വിശ്രാന്തിക്കായി കണ്ടെടുത്ത ആശ്രമവനിയായിരുന്നു കാന്തല്ലൂരിലെ ഈ പത്തേക്കർ. അതിലുണ്ടായിരുന്ന ഓടിട്ട കുഞ്ഞുവീട് മിനുക്കിപ്പണിയാൻ വരുമ്പോൾ മുറ്റത്ത് രണ്ടാനകൾ കിടന്നുറങ്ങുന്നുണ്ട്. ആനിയമ്മ പേടിച്ചു. കാലം 1995.

വൈകാതെ ആനിയമ്മ ഇഹലോകം വെടിഞ്ഞു. ജോണിച്ചായൻ ഒറ്റയായി. മലയിറങ്ങിച്ചെന്നാൽ തൊടുപുഴയിലെ കരിമണ്ണൂരിൽ എന്തിനും പോന്ന ആൺമക്കളുണ്ട്. കുറുമ്പരായ പേരക്കുട്ടികളുണ്ട്. ആണ്ടോടാണ്ട് ആദായം തരുന്ന റബറും കുരുമുളകുമുണ്ട്. ഒന്നും വേണ്ടാ. ഇവിടമാണ്, ഈ കാന്തല്ലൂരാണ് തന്റെ ആത്മവിദ്യാലയമെന്നു ജോണിച്ചായൻ തീരുമാനിച്ചു.

കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, മറയൂർ, കോട്ടഗുഡി എന്നിങ്ങനെ അഞ്ചുഗ്രാമങ്ങൾ ചേർന്ന ജനപദത്തെ ചരിത്രം അഞ്ചിനാടെന്നു വിളിച്ചു. മധുരാപുരി ചുട്ട് വാഞ്ചിനാട്ടിലേയ്ക്കു നീങ്ങിയ കണ്ണകിയെ അനുഗമിച്ചവരാണ് തങ്ങളെന്ന് ആ ജനപദം വിശ്വസിച്ചു. ജാതിയിൽ അവർ വെള്ളാളരായിരുന്നു. അവർ സംസാരിച്ചത് ചെന്തമിഴായിരുന്നു. സ്വന്തം ഭൂമിയിൽ കരിമ്പും മൂങ്കനെല്ലും അവർ കൃഷിചെയ്തു. വൃദ്ധിക്ഷയങ്ങൾക്കിടയിലെപ്പൊഴോ ഭൂരഹിതരായ വെറും വയൽപ്പണിക്കാരായി അവർ പരിണമിച്ചു. കാന്തല്ലൂരിൽ ജോണിച്ചായനാദ്യം നേരിട്ടത് അവരുടെ ആവലാതികളായിരുന്നു. അവരുടെ ഭൂമിയത്രയും വിലപേശി നേടിയത് മെട്രോകളിൽ നിന്നുള്ള പുത്തൻപണക്കാരായിരുന്നു. അവർക്കവിടെ താമസിക്കാൻ വയ്യ. പക്ഷേ, ലാഭമുണ്ടാവുകയും വേണം. ആരും പരിചരിക്കാനില്ലെങ്കിലും തന്നിഷ്ടത്തോടെ വളർന്ന് യജമാനന് ഫലം സമ്മാനിക്കുന്ന ഒരേയൊരു കൃഷിയേ ഉണ്ടായിരുന്നുള്ളൂ; അത് യൂക്കാലിയാണ്!

അത്യന്തം അപകടകാരികളായ ആ അസന്നിഹിതരായ ഭൂവുടമകളിലൊന്നാവാൻ ജോണിച്ചായൻ കൂട്ടാക്കിയില്ല. അയാളവിടെ കുടിപാർത്തു. ക്രമേണ യൂക്കാലി മരങ്ങൾ  അപ്‌റൂട്ട് ചെയ്ത് കാന്തല്ലൂരിന്റെ തനതു വിളകളിറക്കി. രാത്രികളായിരുന്നു, അവയുടെ ഏകാന്തതകളായിരുന്നു ഏറ്റവും ഭീകരം. പെറ്റു വയറൊഴിഞ്ഞ് രണ്ടു കുഞ്ഞുങ്ങളേയും കടിച്ചുതൂങ്ങിയെത്തിയ വെളുമ്പിപ്പൂച്ചയെ ജോണിച്ചായൻ ദത്തെടുത്തു. അയാളവളോട് കിന്നരിച്ചു; ഡീ മോളേ, നിന്റെ മുലകളിൽ നിറയെ പാലു വിങ്ങുകയാണല്ലോടീ…

അന്നേരം അതുവഴി പോയ ഊരുകാരൻ തൊട്ടടുത്ത പള്ളിയിൽച്ചെന്ന് ഉണർത്തിച്ചു; ജോണിസാറ് രാത്രിതോറും അവിടെ പെണ്ണുങ്ങളെ കേറ്റുന്നുണ്ട്…

ദത്തെടുത്ത പൂച്ചയെ ജോണിച്ചായൻ അമ്മുക്കുട്ടിയെന്നു വിളിച്ചു. അവളോട് മിണ്ടീം പറഞ്ഞും വെളുപ്പിക്കാവുന്നതായിരുന്നില്ല കാന്തല്ലൂരിലെ കഠോരരാവുകൾ. ഒരുവേള, വാൾഡൻ നദീതടത്തിൽ തോറോ അനുഭവിച്ചതുപോലെ തീക്ഷ്ണമായിരുന്നു ആ ഏകാന്തവാസം…

പിൽക്കാലത്ത് ബാലിശമായി അടിച്ചു പിരിയാനിരുന്ന രണ്ടു മലരുകൾ മാത്രമായിരുന്നു അന്നാളുകളിൽ ജോണിച്ചായന്റെ ഇടക്കാലാശ്വാസം. വനചാരി എൻ.എ. നസീറും സിബി മൂന്നാറും. ഇടവിട്ട് രണ്ടാളും ജോണിച്ചായന്റെ വനകുടീരം സന്ദർശിച്ചുപോന്നു. സിബിയന്ന് കഞ്ചാവുകേസിൽ അഞ്ചുവർഷം ജയിൽ ശിക്ഷയനുഭവിച്ച് പുതിയൊരു മനുഷ്യനായി മൂന്നാറിൽ അവതരിച്ചിരുന്നു. വൈകാതെ മൂന്നാറിന്റെ ചരിത്രകാരൻ എന്ന കളറോടെ അയാൾ ഗൈഡ് പണിയാരംഭിച്ചു. അയാളും അയാൾക്കു മുമ്പുള്ളവരും ആനയിച്ച സായിപ്പന്മാർക്കും മദാമ്മമാർക്കുമായി ജോണിച്ചായൻ മനോഹരമായ ഒരു കോട്ടേജുണ്ടാക്കി…ഗേറ്റിൽ ഒരു ബോർഡും വച്ചു; നിങ്ങളുടെ പദവികളും പാദുകങ്ങളും അഴിച്ചുവച്ച് അകത്തു പ്രവേശിക്കുക!

അടച്ചിട്ട ആ ഗേറ്റ് അതേ രാത്രിയിൽത്തന്നെ ഗണേശൻ കുത്തിയിളക്കി ദൂരെക്കളഞ്ഞു. ലോഹബന്ധിതമായൊന്നും തന്റെ അതിരുകൾ കാക്കേണ്ടെന്ന് ജോണിച്ചായൻ തീരുമാനിച്ചു. അതവന്, ഗണേശന് ഇഷ്ടമാവില്ലെന്ന് അയാൾക്കറിയാമായിരുന്നു.

ഒറ്റയാന്റെഅയനങ്ങൾ…
തൊള്ളായിരത്തി നാല്പതുകളിലെ കരിമണ്ണൂർ.

അനിവാര്യമായും അന്നതൊരു കാട്ടുമുക്കാണ്…. ജോണിച്ചായൻ തന്റെ കുട്ടിക്കാലമോർമിച്ചു പറയുകയാണ്; എന്റെ അപ്പൻ പി.ഒ. തോമസിന്റെ മുൻകയ്യിലാണ് ആദ്യമവിടെ ഒരു സ്‌ക്കൂൾ തുടങ്ങിയത്. കത്തോലിക്കാ സഭയുടെ സ്‌ക്കൂൾ. അവിടുത്തെ ആദ്യ അധ്യാപകനും അപ്പൻതന്നെയായിരുന്നു. പത്തു രൂപ മാസശംബളം. അതൊന്നും കൃത്യമായി മാനേജരച്ചൻ കൊടുക്കത്തുമില്ല…

പാതിരായ്‌ക്കേ അപ്പൻ വീടണയൂ. സ്‌ക്കൂളുവിട്ടാൽ വീടുവീടാന്തരം കേറിയിറങ്ങി പിള്ളാരെപ്പിടുത്തമാണ് പണി. കാർന്നോന്മാർ കന്നംതിരിവു പറയും; , പഠിച്ചിട്ടിപ്പോ എന്നാ കിട്ടാനാ…

അക്കാലത്ത് ഇച്ചിരി കൃഷിയൊക്കെയുള്ള സത്യക്രിസ്ത്യാനികൾക്ക് ഉദ്യോഗത്തിന്റെ കാര്യത്തിലും ഇതേ മനോഭാവമായിരുന്നു; ഓ എന്നാത്തിനാന്നേ, വേറൊരുത്തന്റെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കണ്ടായോ..

കരിമണ്ണൂർ സ്‌ക്കൂൾ അപ്പന്റെ വിജയഗാഥയായിരുന്നു. ദൂരദേശങ്ങളിൽ നിന്നുവരെ കുട്ടികൾ അവിടെ പഠിക്കാനെത്തി. വെള്ളിയാമറ്റത്തുനിന്നും കിലോമീറ്ററുകൾ നടന്ന് പള്ളിക്കൂടം പൂകിയ ഒരു സുന്ദരിക്കുട്ടിയെ ജോണിച്ചായനിന്നും ഓർമയുണ്ട്. അത് നമ്മുടെ തച്ചങ്കരി സാറിന്റെ അമ്മ തങ്കമ്മയായിരുന്നു!

പത്തോ പതിനഞ്ചോ ഏക്കറിൽ ഒന്നെന്ന കണക്കിനാണ് അക്കാലത്ത് കരിമണ്ണൂരിലെ വീടുകൾ. അകലങ്ങളിലേയ്ക്ക് കൂക്കിവിളിക്കണം, ഒരു സഹായത്തിന്. തീപ്പെട്ടി വന്നുചേരാത്ത കാലം. ഓരോ വീടും തീയണയാതെ സുക്ഷിക്കും. അണഞ്ഞാൽ അടുത്ത കുടിയിരിപ്പിൽച്ചെന്ന് പകർന്നുകൊണ്ടുവരണം. ആരുടെ കയ്യിലും കാശില്ല. കാശുകൊടുത്തു വാങ്ങുന്നത് ഉപ്പും മണ്ണെണ്ണയും വറ്റൽമുളകും മാത്രമായിരുന്നു. ബാക്കിയെല്ലാം ബാൾട്ടർ സിസ്റ്റത്തിൽ നിവൃത്തിച്ചുപോകും. അങ്ങോട്ടു കപ്പ കൊടുത്തിട്ട് ഇങ്ങോട്ട് അച്ചിങ്ങാപ്പയറ് നേടുന്ന രീതി…

അറവുശാലകളില്ല. വിശേഷദിനങ്ങളിൽ ഒരു വീട്ടിൽ മൂരിയെ കൊല്ലും. കോടാലിയുടെ മാടുകൊണ്ട് നെറുകയിലടിച്ചാണ് കലാപരിപാടി. അതിന്റെ പങ്ക് ദേശത്താകമാനമുള്ള വീടുകളിലും ചെല്ലും. വെള്ളിക്കോലുകൊണ്ട് റാത്തലെന്നോ പൗണ്ടെന്നോ തൂക്കിനോക്കിയുള്ള വിതരണം. ജോണിച്ചായൻ ഓർക്കുന്നു; അടുത്ത വീട്ടിൽ മൂരിയെ കൊല്ലുമ്പോൾ മുമ്പ് നമ്മളങ്ങോട്ടു കൊടുത്ത ഇറച്ചിയുടെ അതേ തൂക്കത്തിൽ നമുക്കു തിരിച്ചുതരും. ആ ഇറച്ചിയുടെ രുചി അപാരമായിരുന്നു. അതൊക്കെയായിരുന്നു ബീഫ് ഫെസ്‌ററിവൽ! വേവിക്കുമ്പോൾ ഒരു മലയ്ക്കപ്പുറം മണം പരക്കും…

അനേകം മുറികളുണ്ടായിരുന്ന വീടായിരുന്നു തോമസ് മാഷിന്റേത്. അതിന്റെ മുന്നും പിന്നും വാതിലുകൾ സദാ തുറന്നുതന്നെ കിടന്നു. എച്ചിലായ ചെമ്പുകിണ്ണങ്ങളും കുട്ടളങ്ങളും അടുക്കളപ്പുറത്ത് അലസമായിക്കിടന്നോളും. കള്ളന്മാർക്കൊന്നും കാൽക്കഴഞ്ചു സാധ്യതകളില്ലാത്ത സാമൂഹ്യജീവിതം… അപരന്റെ വാക്കുകൾ മനുഷ്യർ സംഗീതം പോലെ ശ്രവിച്ച കാലം. പറമ്പിൽ പണിക്കാരനവധിയുണ്ട്. ഒക്കെയും അധസ്ഥിതർ. അവരുടെ തലപ്പുലയൻ ഔസേപ്പ് മൂപ്പനൊപ്പം കുട്ടിക്കാലത്തേ തൂമ്പയെടുത്തതാണ് ജോണിച്ചായൻ. പാങ്ങിന് തൂമ്പാ പിടിക്കാഞ്ഞപ്പോഴൊക്കെ ചന്തിക്കു വീക്കി മൂപ്പൻ ഗർജ്ജിച്ചു; ഡാ കന്നാലി കടിച്ചവനെ.. ഇങ്ങനെയാണോ തൂമ്പാ പിടിക്കുന്നേ?

യൂസ്‌ലെസ് എന്നതിന്റെ മലനാടൻ മലയാളമാണ് കന്നാലികടിച്ചവൻ. കരഞ്ഞുവിങ്ങിച്ചെന്ന് അമ്മച്ചിയോട് പരാതി പറയുമ്പോ മറുപടി മയമില്ലാത്തതായിരുന്നു; കണക്കായിപ്പോയെടാ ജോണീ…

അന്നുമിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗസമര സിദ്ധാന്തം ജോണിച്ചായന്റെ തലയ്ക്കകത്തു കയറില്ല. പുള്ളി കണ്ട ലോകം വർഗ സഹകരണത്തിന്റേതായിരുന്നു. ആരുമാജ്ഞാപിക്കാതെ പണിക്കാർ പുലർച്ചേ പറമ്പിലിറങ്ങി. വെയിലുറയ്ക്കുമ്പോൾ ആരുടേയും അനുവാദം കാക്കാതെ കുടിയിൽപ്പോയി. വെയിൽ ചായുമ്പോൾ രണ്ടുകുപ്പി കള്ളടിച്ചിട്ട് വീണ്ടും വന്ന് പറമ്പിൽ കുത്തിയും കിളച്ചും തങ്ങളുടെ കർത്തവ്യങ്ങൾ പൂർത്തീകരിച്ചു. ആരും ആരേയും സൂപ്പർവൈസ് ചെയ്തില്ല. അപ്പനാവട്ടേ, പണിക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും അണുവിട തെറ്റാതെ നിവൃത്തിച്ചുമിരുന്നു. വിശുദ്ധമായിരുന്നു അവർക്കവരുടെ പണിയായുധങ്ങൾ. വെയിലത്തിട്ടുപോയ തൂമ്പയുടേയും കൈക്കോട്ടിന്റേയും പേരിൽ പലവട്ടം അവരാൽ തലയ്ക്കുവീക്കപ്പെട്ടു ജോണി തോമസെന്ന ജന്മിപുത്രൻ.

വർണാഭമായിരുന്നു കരിമണ്ണൂരിന്റെ രാത്രിജീവിതം. വരാന്തയിൽനിന്നു നോക്കിയാൽ കാണാം, ദൂരെ വരമ്പുകൾ താണ്ടിയുള്ള കറ്റച്ചൂട്ടുകളുടെ പോക്കുവരവുകൾ. എല്ലാം വന്നുചേരുന്നത് ഈ വരാന്തയിലാണ്. പകൽ പറിച്ച് പാറപ്പുറത്തിട്ടുണക്കിയ കപ്പ വാട്ടാനുള്ള വരവാണ്. അല്ലെങ്കിലത് ഇഞ്ചിയൊരുക്കാനുള്ള വരവാണ്…കപ്പ അരിഞ്ഞ് ചെമ്പിനകത്തിട്ട് പകുതി വേവിൽ വാങ്ങിവയ്ക്കുന്നതാണ് കപ്പവാട്ടൽ. വാട്ടക്കപ്പ എന്ന പേരിൽ അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്ന അതേ സാധനം…ചക്കയുള്ളപ്പോഴത്, അല്ലാത്ത കാലങ്ങളിലൊക്കെ കപ്പ. അതായിരുന്നു കർഷക കുടുംബങ്ങളിലെ ഫൈവ്സ്റ്റാർ മെനു.

കാർഷിക ജീവിതത്തിന്റെ ബാല്യവിശ്രാന്തികൾ ജോണി തോമസിനെ നയിച്ചത് വെള്ളായണി അഗ്രിക്കൾച്ചറൽ കോളേജിലേയ്ക്കായിരുന്നു. അക്കാലത്ത് ദില്ലിയിലേയ്‌ക്കൊരു സ്റ്റഡി ടൂറുണ്ടായി. തെണ്ടിത്തിരിഞ്ഞ് രാംലീലാ മൈതാനത്തിനുത്തുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ ചെല്ലുന്നു. മുണ്ടും അരക്കയ്യൻ ഷർട്ടുമാണ് ചങ്ങാതികളുടെ വേഷം. ആരാന്നോ എന്താന്നോ അറിയില്ലെങ്കിലും കണ്ടയുടൻ ബി.ടി. രണദിവേ ക്ഷുഭിതനായി; ദില്ലിയിൽ മഞ്ഞുകാലത്ത് ഇങ്ങനെയാണോ വരുന്നത് കുഞ്ഞുങ്ങളേ…?

സ്വന്തം കമ്പിളിക്കോട്ടൂരി നല്കിക്കൊണ്ട് രണദിവേ പറഞ്ഞു; ആരോഗ്യം നോക്കണം. നിങ്ങൾ കുട്ടികൾ നാളെ ലോകം മാറ്റിമറിക്കേണ്ടവരാണ്…

അന്നവിടെ പൊളിറ്റ് ബ്യൂറോ കൂടുകയാണ്. തിരുമേനിയും ബസവപുന്നയ്യയുമൊക്കെ ഓരോരോ കമ്പിളി വസ്ത്രങ്ങൾ കുട്ടികൾക്കു സമ്മാനിച്ചു. ജോണിച്ചായനോർക്കുന്നു; എന്തൊരു ലളിതജീവിതമായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നയിച്ചത്. അതൊക്കെ പോയി. എങ്കിലും അന്നുമിന്നും മനസ്സിൽ മങ്ങാതെ ഒരു ഇതിഹാസപുരുഷനുണ്ട്. സഖാവ് ജോസ് ഏബ്രഹാം…

മനസ്സാലെ ഇടതുപക്ഷക്കാരനായിരുന്നെങ്കിലും പക്ഷഭേദമില്ലാത്തതായിരുന്നു ജോണിച്ചായന്റെ സൗഹൃദവലയം. ജോസ് ഏബ്രഹാമിനെപ്പോലെ മറുചേരിയിലെ പി.ജെ. ജോസഫിനോടും അദ്ദേഹമെന്നും ഉറ്റബന്ധം കാത്തുപോന്നു.

വെള്ളായണിയിലെ പഠനം കഴിഞ്ഞ് റിസൾട്ടിനു കാത്തുനില്ക്കാതെ ജോലി പരതാൻ തുടങ്ങി. പതിന്നാലു സംസ്ഥാനങ്ങളിലേയ്ക്കും അപേക്ഷകൾ പോയി. സിംല, ബംഗാൾ, ഒറീസാ തുടങ്ങിയ പലേടങ്ങളിൽനിന്നും പോസ്റ്റിംഗ് ഓർഡർ വന്നു. ഒടുവിൽ വന്ന തമിഴ്‌നാടിന്റെ നിയമന ഉത്തരവിലുടക്കി ഒരു സന്ധ്യയ്ക്ക് സേലത്ത് വണ്ടിയിറങ്ങുന്നു. കൃഷിയാപ്പീസ് തേടി നഗരം മുഴുവൻ അലയുന്നു. ഒടുവിലൊരു മലയാളി ചൂണ്ടിക്കാട്ടി; ദാ അക്കാണുന്നതാണ് നിങ്ങളന്വേഷിക്കുന്ന കൃഷിയാപ്പീസ്…

വ്യവസായ അളവളകം എന്ന ബോർഡിനു മുന്നിൽനിന്ന് ജോണി സ്വയം തലയ്ക്കു കിഴുക്കി. ഇതിനു മുന്നിലൂടെ താനെത്രവട്ടം അച്ചാലുംമുച്ചാലും നടന്നു. തമിഴന് വ്യവസായമെന്നാൽ കൃഷിയാണ് എന്ന ഒന്നാംപാഠം അങ്ങനെ പഠിഞ്ഞു. രണ്ടാം പാഠമായിരുന്നു ഏറെ വിസ്മയകരം. പാതിരാത്രിയിലുമിതാ സേലം കൃഷിയാപ്പീസ് തുറന്നുവച്ചിരിക്കുന്നു. ക്ലർക്കുമാർ ഫയലെഴുതുന്നു. ടൈപ്പിസ്റ്റുകൾ കൊട്ടിക്കൊണ്ടിരിക്കുന്നു. പാലക്കാട്ടുകാരൻ വിജയരാഘവൻ കൊട്ടുനിർത്തി സൗഹാർദ്ദത്തോടെ പറഞ്ഞു; നിങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഓഫീസർ ഇപ്പോൾ രാശിപുരത്താണ് ക്യാമ്പ് ചെയ്യുന്നത്.. നേരേ വിട്ടോളൂ..

പിറ്റേപ്പുലർച്ചേ പിന്നെയും യാത്ര. രാശിപുരം ടി.ബി എന്നത് ഒരു കുഞ്ഞൻ മുറിയും അടുക്കളയുമാണ്. കാത്തിരുന്ന് കാത്തിരുന്ന് പാതിരാവായപ്പോൾ ഓഫീസർ വന്നു. വെറിപിടിച്ച ഒരു ആഗ്ലോ ഇന്ത്യൻ. പേര് ജോബ് സർവേ. നിയമന ഉത്തരവ് വലിച്ചെറിഞ്ഞ് പുള്ളി നിലത്ത് ആഞ്ഞൊരു ചവിട്ടായിരുന്നു; കം പ്രോപ്പർലി ഡ്രസ്..

അരയിൽ മുണ്ട് ഭദ്രമാണല്ലോയെന്ന് പരതുന്ന ചെക്കനെ കണ്ടുനിന്നപ്പോൾ ആളൊരു പൊട്ടനാണെന്ന് ധ്വരയ്ക്കു മനസ്സിലായിക്കാണണം. പുള്ളി മയപ്പെട്ടു; പൊട്ടാ, പോയി പാന്റിട്ടോണ്ട് വാടാ…

ട്രങ്കിൽ ഒരു പാന്റുണ്ട്. അതിട്ട് ഒരിക്കലും തൊടുപുഴയിൽ ചെന്നിട്ടില്ല. ചെന്നാൽ ആളുകൂടും. ഈ സാമാനത്തിനകത്ത് ചെക്കനെങ്ങനെ കയറിപ്പറ്റിയെന്ന് അവർ അദ്ഭുതംകൂറും.

പാന്റിട്ട് അടിയാനായിനിന്ന കന്നിക്കാരനോട് ധ്വര പറഞ്ഞു; എനിക്കൊന്നു കുളിക്കണം.

അതിനെന്താ ഇയാള് പോയി കുളിച്ചുവായെന്ന ലാഘവത്തിൽ ചെക്കൻ നിലകൊണ്ടു. ധ്വര വീണ്ടും ഗർജ്ജിച്ചു; ഐ വാണ്ട് ഹോട്ട് വാട്ടർ.

അപ്പർ സബോർഡിനേറ്റ് സർവീസ് എന്ന ബ്രിട്ടീഷ് രീതിയോട് പൊരുത്തപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. നൂറുകണക്കിന് കോല് ആഴമുള്ള കിണറ്റിൽനിന്നും വെള്ളം വലിച്ചു. ചപ്പില കൂട്ടി ചൂടാക്കി. ധ്വര വന്ന് ചൂടുപാകം നോക്കി കുട്ടളം മറിച്ചിട്ട് വീണ്ടുമലറി; ടെമ്പറേച്ചർ പോരെടാ…

കാന്തല്ലൂർ ഫാമിലെ വാത്തകൾക്ക് തീറ്റയിട്ടു നടക്കുന്നതിനിടയിൽ ജോണിച്ചായനെന്നോടു പറഞ്ഞുആ നിമിഷം പുള്ളീടെ മോന്തക്കു വീക്കി ഇട്ടെറിഞ്ഞുപോരാൻ തോന്നിയെടാ ഉവ്വേ… പക്ഷേ, തിരിച്ചു ചെന്നാൽ തൊടുപുഴക്കാര് ചോദിക്കുന്നൊരു ചോദ്യമുണ്ട്. പരീക്ഷയിൽ തോറ്റുപോയോ… ആ ചോദ്യം പേടിച്ചു ഞാൻ സേലത്തു പിടിച്ചുനിന്നു…. സായിപ്പിന്റെ തുണി തിരുമ്മി…

നമുക്കു വീണ്ടും രാശിപുരത്തേയ്ക്കു വരാം. പുലർച്ചേ നാലുമണിക്ക് രണ്ടു സൈക്കിളുകൾ രാശിപുരം വിടുകയാണ്. സേലത്തെ ഗ്രാമന്തരങ്ങളിലേയ്ക്കാണ് യാത്ര. മുന്നിലെ സൈക്കിളിൽ ജോബ് സർവേ. പിന്നാലെ ജോണി തോമസ്… പ്രാതലിനു കയറിയ ചായച്ചായ്പിൽ ധ്വരയാണ് ഓർഡർ ചെയ്യുന്നത്; ഐ വാണ്ട് ഇഡ്ഡലി…

കൂടെയുണ്ടായിരുന്ന പതിനഞ്ചു ദിവസവും ജോബ് സർവേ ആഗ്രഹിച്ചതൊക്കെ ജോണി തോമസ് സ്വന്തം ചെലവിൽ നടത്തിക്കൊടുത്തു. മൊത്തം പോയത് പതിനൊന്നു രൂപ. പിരിയാൻ നേരം ധ്വര പറഞ്ഞു; എത്രയാടാ നീയെനിക്കു വേണ്ടി ചെലവാക്കിയത്…

പത്തുരൂപയെന്നു പറഞ്ഞു.

തറവാടിയായ ധ്വര തിരുത്തി; നോ, യു ആർ റോങ്ങ്…

ചെലവായ പതിനൊന്നു രൂപ പത്തു പൈസ എണ്ണിക്കൊടുത്തിട്ട് പുള്ളി പറഞ്ഞു; ഇനി ഇമ്മാതിരി ഏമാത്തരം കാട്ടിയാൽ നിന്റെ പണി ഞാൻ തുലക്കും…

സായിപ്പ് ദില്ലിയിൽ ട്രെയ്‌നിങ്ങിനു പോയി. പകരം സുബ്രഹ്മണ്യയ്യർ. മേലധികാരിയായിവന്നു. അസ്സല് തൈര്‌സാദം. സായിപ്പിനെപ്പോലല്ല. സ്വാമി ചിരിക്കുകയൊക്കെ ചെയ്യും. സേലത്തെ ചെവിടിമണ്ണിൽ കൃഷിയിറക്കുന്നതിനു പ്രാരംഭമായുള്ള ജലസേചനമായിരുന്നു സ്വാമിക്കൊപ്പം ജോണി തോമസ് ഏറ്റെടുത്ത ദൗത്യം. കിംഗ്‌മേക്കർ കാമരാജിന്റെ കാലമാണ്. എഫിഷ്യൻസി എന്നു പറഞ്ഞാൽ ദ്ദതാണ്. ഒരു ടി.എ. ബില്ലയച്ചാൽ മൂന്നാംനാൾ തീരുമാനം വരും…

സുഖദമാണ് സേലത്തെ ജീവിതം. കീഴിൽ അഞ്ചു സബോർഡിനേറ്റും ഒരു അറ്റൻഡറുമുണ്ട്. കൃഷ്ണനെന്നാണ് അറ്റൻഡറുടെ പേര്. ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയാണവന്. വെള്ളം കോരലും പുറംതേക്കലും ഉടുപ്പ് ഇസ്തിരിയടലും ഷൂ പോളിഷ് ചെയ്യലുമൊക്കെ നിത്യവൃത്തിയാക്കിയ ഒരടിമ. സൗഖ്യമാണെങ്കിലും അധികമായാൽ ആർക്കും മടുക്കും. കേരളത്തിൽ ഒരൊഴിവുണ്ട് എന്നറിഞ്ഞ നിമിഷം മുതൽ മടുപ്പ് പാരമ്യത്തിലായി. നിത്യവും സുബ്രഹ്മണ്യസ്വാമിയുടെ സന്നിധിയിൽച്ചെന്നു നില്ക്കും; സ്വാമീ എന്നെ നാട്ടിലേയ്ക്കു വിടണം, ഞാൻ കാലുപിടിക്കാം…

അമ്മ്യാരുടെ ശിപാർശയിൽ ഒടുവിൽ സ്വാമി അയഞ്ഞു. അന്ന് മദ്രാസ് പ്രസിഡൻസിയിലെ കൃഷിയധികാരി പാലക്കാട്ടുകാരി ഗംഗയാണ്. അവർ വാത്സല്യത്തോടെ ഫയലൊപ്പിട്ടു… കൃഷിശാസ്ത്രം പഠിച്ചവന്റെ പ്രതീക്ഷാനിർഭരമായ തിരിച്ചുവരവായിരുന്നു അത്…

വിനാശത്തിന്റെവഴിത്താരയിൽ….
വെള്ളം കിട്ടാക്കനിയായ തമിഴ്‌നാട്ടിൽ കൃഷിയൊരു വ്യവസായമായി കരുപ്പിടിപ്പിക്കുന്നതിൽ സാക്ഷിയും സാരഥിയുമായി നിന്ന ജോണി തോമസ് സ്വന്തം നാട്ടിലെ ഉദ്യോഗപർവത്തിൽ നേരിട്ടത് വിനാശത്തിന്റെ കാഴ്ചകളായിരുന്നു. ഇടുക്കി ജല വൈദ്യുതപദ്ധതിയുടെ നിർവഹണത്തിനും മുമ്പുള്ള കാലമാണ്. പ്രഗല്ഭനായ ഐ.എ.എസുകാരൻ പി.എം. മാത്യുവിനു കീഴിൽ കാർഡമം ഡവലപ്‌മെന്റ് സ്‌കീം നടപ്പാക്കുന്നു. കന്നി ഏലം ട്രാക്ട് എന്നു പറയും. അതിൻകീഴിൽ പാമ്പാടുംപാറ കാർഡമം സ്റ്റേഷനിലേയ്ക്ക് ആദ്യമായി പോസ്റ്റിംഗ്…

അന്നൊക്കെ തൊടുപുഴയിൽ നിന്നും കാൽനടയായാണ് ഇടുക്കിക്കുള്ള ഔദ്യോഗിക യാത്രകൾ. കൊച്ചിയാനി, ഉടുമ്പന്നൂർ, മങ്കുഴി.. അങ്ങനെയാണ് റൂട്ട്. വഴിയൊന്നും തെളിഞ്ഞിട്ടില്ല. ആന മദിച്ചുപോയ താരകളിലൂടെ ചുമടും താങ്ങിപ്പോകും. ചുമട്ടുകാരുടെ പൊക്കണത്തിൽ അരിയും ചമ്മന്തിപ്പൊടിയും അവിലും തേയിലക്കട്ടിയുമൊക്കെയുണ്ടാവും. ഒക്കെയും അവശ്യവസ്തുക്കൾ. പുലർച്ചേയുണർന്ന് ഒറ്റവീർപ്പിന് നടന്നാൽ ഉച്ചതിരിയുമ്പോൾ സ്റ്റേഷൻ പൂകാം. പക്ഷേ, ആവി പറക്കുന്ന ആനപ്പിണ്ടം കണ്ടാൽ ആധിയാണ്. യാത്രികർ പിന്തിരിഞ്ഞുപായും.

നൂറും നൂറ്റമ്പതടിയുമൊക്കെ കിളിരമുള്ള വൃക്ഷങ്ങളിൽ ഏലത്തൊഴിലാളികൾ പടുത്ത ഏറുമാടങ്ങളിലാണ് അന്തിയുറക്കം. അവർ ഉണക്കിയ വെടിയിറച്ചി പങ്കുവയ്ക്കും. മന്നാൻമാർ വലയിട്ടുകൊണ്ടുവരുന്ന പുഴമീനാണ് മുഖ്യവിഭവം. താഴെ പത്തുനാല്പതാനകൾ മദിക്കുന്നതു കാണാം. മുകളിലിരുന്ന് തീറ്റയിട്ടുകൊടുക്കും. ഊട്ടിയാൽ ഉമ്മറം വെടിയുകയില്ല കാട്ടാനകൾ. അവ അവിടെത്തന്നെ തിരിഞ്ഞുകളിച്ചുകൊണ്ടിരുന്നു.

വൈകാതെ ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഉയരാനിരുന്ന ആ മലയിടുക്കിലെ സ്ഫടികജലത്തിൽ, നീന്തിത്തുടിച്ചിട്ടുണ്ട് ജോണിച്ചായൻ. കൂടെ കൃഷിവകുപ്പിലെ സഹപ്രവർത്തകർ. കുറവൻമലയും കുറത്തിമലയും ചുംബനസന്നദ്ധരായിനിന്ന അതേ വിടവ്. തണുത്തു ശുദ്ധമായ ജലം. ആർക്കും തുണിയും കോണാനുമില്ല. പെട്ടെന്നതാ കേൾക്കാം ആനയമറുന്ന ഘോരം. ഉടുതുണിയില്ലാതെ എല്ലാരും എങ്ങോട്ടൊക്കെയോ എഴുന്നേറ്റോടി…

ജോണിച്ചായൻ കിതച്ചുചെന്നു വീണത് വാഴത്തോപ്പിലാണ്. അന്നവിടെ നാലഞ്ചു വീടുകളുണ്ട്. കൊടുംകാടിനു നടുവിലെ ജനപദം. അവർ സമാധാനിപ്പിച്ചു. കൂടെയുണ്ടായിരുന്നവരെ ആന കൊന്നുവെന്ന് ഓടിയവരൊക്കെ വിശ്വസിച്ചു. തോറ്റോടിയ പട പിറ്റേന്ന് സ്റ്റേഷനിൽ പുനസംഘടിച്ചപ്പോഴാണ് നിജമറിഞ്ഞത്. കേറ്റം കേറിവന്ന ഒരു വില്ലീസ് ജീപ്പിന്റെ ഇരമ്പലായിരുന്നു അത്. ആർക്കും ആപത്തില്ല. ഉടുതുണിയില്ലാതെ ഓടാൻ പാകത്തിന് കൊടുംകാടായ വാഴത്തോപ്പ് ഇന്ന് ഇടുക്കി ജില്ലാ ആസ്ഥാനമാണെന്നു പറയുമ്പോൾ ജോണിച്ചായനിൽ തീവ്രവേദന കനക്കുന്നത് ഞാനനുഭവിച്ചിട്ടുണ്ട്.

ഒരിക്കൽ ജോണിച്ചായൻ സഹപ്രവർത്തകരെക്കൂട്ടി, ഭാര്യയുടെ ഫസ്റ്റ് കസിനെ കെട്ടിയ കൈലാസപ്പാറ ജോസഫിന്റെ എസ്റ്റേറ്റിൽ ചെന്നു. തികച്ചും ഔദ്യോഗികം. സിൽബന്ധികൾ വിചാരിച്ചു; ജോണിസാറിന്റെ ബന്ധുവല്ലേ, കുറച്ചു തേയിലയെങ്കിലും ഗിഫ്റ്റ് കിട്ടുമെന്ന്… പക്ഷേ, ഇത് സമ്മാനിക്കാനുള്ളതല്ല കാണാനുള്ളതാണെന്ന മനോഭാവത്തിൽ പുള്ളി നിസ്സംഗനായിരുന്നതേയുള്ളൂ. ജോണിച്ചായൻ പറയുന്നു; അന്നദ്ദേഹം ഏറുമാടത്തിൽ ഉറക്കമിളക്കുന്ന ചെറിയൊരു കൃഷിക്കാരനായിരുന്നു. ഇന്നതൊരു പാരലൽ ഗവൺമെന്റാണ്. സ്വന്തം അണക്കെട്ടും അതിൽ ഉല്ലാസനൗകകളുമുള്ള ഫാം ഹൗസ്. തേക്കടിക്കുള്ള വഴിമധ്യേ മൈലാടുംപാറയിൽ നിങ്ങൾക്കതു കാണാം. ഓരോ പത്തുപൈസയ്ക്കുംമേൽ മറ്റൊരു പത്തുപൈസ സ്വരുക്കൂട്ടി ജോസ് സാറ് പടുത്തുയർത്തിയ സാമ്രാജ്യം. എനിക്കു തോന്നുന്നു, അറുപിശുക്കിൽ നിന്നാണ് സാമ്രാജ്യങ്ങളുണ്ടാവുന്നതെന്ന്…

നെടുങ്കണ്ടത്തും കല്ലാറിലുമടക്കം ഇടുക്കിയിലെവിടെയും കണ്ടത് കൃഷിവികസനമെന്ന പേരിലുള്ള വനനശീകരണത്തിന്റെ ദുരന്തചിത്രങ്ങളായിരുന്നു. ഏലംകൃഷിക്കായി പാട്ടത്തിനെടുത്ത വനഭൂമികളിലെ വൻ വൃക്ഷങ്ങൾ നിന്നുകത്തുന്നത് അന്നത്തെ നിതൃദൃശ്യം. ജോണിച്ചായനോർക്കുന്നു; കുടിയേറ്റ കർഷകരുടെ ധാരണ ഈ വനമൊക്കെ നശിച്ചാലേ കൃഷിയുണ്ടാവുകയുള്ളൂ എന്നായിരുന്നു. ആദ്യമവർ വനവൃക്ഷങ്ങൾവെട്ടി പുറത്തേയ്ക്കു കടത്താൻ ശ്രമിച്ചു അതസാധ്യമാണെന്നു കണ്ടപ്പോൾ തേക്കിന്റേയും ഈട്ടിയുടേയുമൊക്കെ കടയ്ക്കൽ ആഴിയിട്ട് മത്സരിച്ച് കാടുണക്കി. അടിയുണങ്ങിയ വൃക്ഷങ്ങൾ വൈകാതെ കടപുഴകി. ഹൈറേഞ്ച് മുഴുവൻ അങ്ങനെയവർ നശിപ്പിച്ചു കളഞ്ഞു. ഉണങ്ങിയ ആ മരങ്ങൾ വിറ്റിരുന്നുവെങ്കിൽ മറ്റൊരു കേരളം സർക്കാരിനു വിലയ്ക്കു വാങ്ങാമായിരുന്നു…

ഒരു വർഷം നീണ്ട ഇടുക്കിയിലെ ദുരിതജീവിതത്തിനുശേഷം ജോണിച്ചായനെ കാത്തിരുന്നത് അഗ്രിക്കൾച്ചർ ഫാമുകളായിരുന്നു. സ്വമനസ്സാലെ ആരും പോകാനിഷ്ടപ്പെടാത്ത ഇടങ്ങൾ.

ഇന്ത്യയിലാദ്യമായി ഒരു ഓയിൽപാം ഫാം ആരംഭിച്ചത് തൊടുപുഴയിലെ വെട്ടിയാമറ്റത്താണ്. എണ്ണപ്പനക്കൃഷിയുടെ ആദ്യ ഇന്ത്യൻ പരീക്ഷണശാല. ജോണിച്ചായനവിടെ അഞ്ചുവർഷം സൂപ്രണ്ടായിരുന്നു. മലേഷ്യയിൽ നിന്നും വിദഗ്ധ പരിശീലനംകിട്ടി വന്നൊരാളായിരുന്നു മുൻഗാമി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഒരു റൗണ്ട് പ്ലാന്റിംഗും കഴിഞ്ഞിരുന്നു. ജോണിച്ചായൻ പറയുന്നു; നമ്മുടെ തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളൊക്കെ എണ്ണപ്പനയേയും ബാധിക്കും. അതൊരു വിദേശവൃക്ഷവുമാണ്. പക്ഷേ, തേങ്ങയിൽ നിന്നും കിട്ടുന്നതിനേക്കാൾ എണ്ണ അതിൽനിന്നും കിട്ടും. പാടത്തൊക്കെ എണ്ണപ്പന കൃഷിചെയ്യുന്നതിനെക്കുറിച്ച് ഏതോ മന്ത്രി പറയുന്നതൊക്കെ കേട്ടിരുന്നു.. എന്താ, ഏതാന്ന് എനിക്കറിയില്ല…

നാം വീണ്ടും ജോണിച്ചായനെ കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ കാണുന്നത് പെരുമ്പാവൂരാണ്. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണപ്പോൾ അദ്ദേഹം. പിന്നീട് ജോയിന്റ് ഡയറക്ടറായി വാഴ്ത്തപ്പെട്ട് എറണാകുളത്തെത്തി. ഇതിനിടെ പലതരം രാഷ്ട്രീയ നാടകങ്ങൾ കണ്ടു. തൊണ്ണൂറ്റിനാലിലാണെന്നാണ് ഓർമ. ആദ്യത്തെ കർഷകോത്തമ അവാർഡുദാന ചടങ്ങ് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. ലക്ഷം ലക്ഷമാണ് പങ്കെടുക്കുന്നത്. കൃഷിമന്ത്രി പി. പി. ജോർജജ്ജിനത് ലീഡർക്കു നല്കുന്ന ഗുരുദക്ഷിണയാണ്.

അതെ, ലീഡർ കെ. കരുണാകരനാണ് ഉദ്ഘാടകൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തേക്കാൾ പ്രധാനം. മുന്നൊരുക്കങ്ങൾ മുകളിൽനിന്നും നിയന്ത്രിക്കപ്പെട്ടു. ലീഡർ നിന്നുകൊണ്ടു സ്റ്റേജിലേയ്ക്കു പ്രവേശിക്കുമ്പോൾ ഇരുന്നു പ്രവേശിക്കുന്നവരായി ആരുമുണ്ടാവരുത്. അവാർഡും വാങ്ങിപ്പോകുന്ന നീചൻ നിശ്ചയമായും പിന്തിരിഞ്ഞുപോവണം…രാജാവിനെ പൃഷ്ഠം കാണിക്കരുതെന്നർത്ഥം…

കളികളനവധി കണ്ടുകണ്ട് കൺകുളിർത്ത് ഇടുക്കി ജില്ലാ ജോയിന്റ് ഡയറക്ടറായിരിക്കുമ്പോൾ 1995 മാർച്ചിൽ സർവീസവസാനിച്ചു. പക്ഷേ, ജീവിതം അവസാനിച്ചില്ല. കാന്തല്ലൂരിൽ ഭൂമി തേടിപ്പോയി. അവിടെ കുടിവച്ചു. പലതരം വിയോഗങ്ങൾ കണ്ടു. അപ്പനമ്മമാർ പോയി. ആനിയമ്മ പോയി… പോകാതെ ഒന്നുമാത്രം നിലകൊണ്ടു; അത് മന്നവൻചോലയായിരുന്നു. അതിന്റെ മുലപ്പാല് നുകർന്നു വളർന്ന ഗണേശനെന്ന ആനയായിരുന്നു. അവന്റെ കൂട്ടാനകളായിരുന്നു…

ഒരിക്കൽ പ്രസിദ്ധയായൊരു ടി.വി. റിപ്പോർട്ടർ ജോണിച്ചായനെ മുഖാമുഖം വധിക്കുകയാണ്. പുള്ളിക്കാരി ചോദിച്ചു; എത്രയാണ് ഇവിടെ താങ്ങൾക്ക് ഭൂമി?

അച്ചായൻ മന്നവൻചോലയുടെ അവിരാമ ഹരിതത്തിലേയക്കു കയ്യുയർത്തി പറഞ്ഞു; ദാ അക്കാണുന്ന കാടുകൾക്കപ്പുറത്താണ് എന്റെ അതിര്…

പെങ്ങള് പേടിച്ചുമണ്ടി. മന്നവൻചോല കയ്യേറിയ ഭൂമാഫിയാത്തലവനാണെന്നു കരുതിയിട്ടുണ്ടാവണം. പലരും വന്നുപോയുമിരുന്ന ജോണിച്ചായന്റെ ഫാം ഹൗസ് ഒരിക്കലുമൊരു ബിസിനസ് സംരംഭമായിരുന്നില്ല. പ്രകൃതിയെ അറിയാനാശിച്ചു വന്നവർക്കുമാത്രം അവിടെ ഇടംകിട്ടി. അക്കൂട്ടരിൽ സംവിധായകൻ അനൂപ് കണ്ണനും ഹോട്ടലുടമ വിൽസൻ ദേവസ്യയും വനപാലകരായ വിനോദ്കുമാറും സജീവും രഞ്ജിത്തും വിപിൻദാസുമൊക്കെയുണ്ടായിരുന്നു. ഇന്നവിടെ മൂന്നു കോട്ടേജുകളുണ്ട്. അതിലൊന്ന് വലിയൊരു ഗുഹയിൽ സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ട്രീടോപ്പ് കോട്ടേജാണ്… മന്നവൻചോലയെ അഭിവന്ദിച്ചു നില്ക്കുന്നു…

മറയൂരിലേയ്ക്ക്, മന്നവൻചോലയിലേയ്ക്ക്, ചിന്നാറിലേയ്ക്ക്, പാമ്പാടുംചോലയിലേയ്ക്ക്, മണ്ണമന്നൂരിലേയ്ക്ക് എന്നുവേണ്ടാ ഹൈറേഞ്ചിലെവിടേയ്ക്കുമുള്ള ഞങ്ങളുടെ യാത്രകളിൽ ഇടത്താവളവും ഇന്ധനവും ജോണിച്ചായനായിരുന്നു. ചെല്ലുമ്പോഴൊക്കെ നസീറിനോടൊരു ചോദ്യമുണ്ട്; നസീ, നീയടുത്തെങ്ങാനും ഗണേശനെ കണ്ടാരുന്നോ…

നസീർ ഭായിക്ക് എന്നുമെന്നും ഒരേയൊരുത്തരമേയുള്ളൂ; അവനുണ്ട് അച്ചായാ, അവനെയാർക്കും തോല്പിക്കാനാവില്ല…

ജോണിച്ചായൻ നെടുവീർപ്പിടും. കഴിഞ്ഞൊരു പത്തുവർഷത്തിനിടയിൽ കാന്തല്ലൂർ എത്രയോ മാറിപ്പോയി. ഗണേശനും സഖിമാരും ഇപ്പോഴിവിടെ സന്ദർശകരല്ല. അവരെ മാനിച്ചാണ് ആദ്യകാലത്ത് സമൃദ്ധമായിരുന്ന വാഴക്കൃഷി ജോണിച്ചായൻ എന്നേയ്ക്കുമായി ഉപേക്ഷിച്ചത്. വാഴപ്പിണ്ടി ആനകളുടെ ഇഷ്ടഭോജ്യമാണ്. മൊട്ടക്കൂസിട്ടപ്പോൾ അതിന്റെ കൂമ്പു മാത്രം പിഴുതു തിന്നുന്ന ടെക്‌നോളജി ഗണേശൻ അവതരിപ്പിച്ചു. ലക്ഷങ്ങൾ മുടക്കി പറമ്പിൽ പടർത്തിയ പ്ലംസ് തിന്നാൻ അവനൊറ്റയ്ക്ക് വന്നു. ഉറക്കറയിലെ ജനൽച്ചില്ലിലൂടെ അവന്റെ അത്താഴവിരുന്ന് ആസ്വദിച്ച് ജോണിച്ചായൻ കിടന്നു.

ചെറിമോയ വന്നത് അങ്ങനെയാണ്. നമ്മുടെ സീതപ്പഴത്തിന്റെ ഏടത്തി. മെക്‌സിക്കോയിൽ നിന്നും വന്നത്. തേങ്ങയോളം വലുതാണ് അതിന്റെ ഫലം. മരത്തിൽ കിടന്നുമൂത്താലും പഴുക്കില്ല. പറിച്ച് ചാക്കിനുള്ളിൽ വച്ച് പഴുപ്പിക്കും. മരത്തിൽക്കിടന്നാൽ ആന തിന്നില്ല. ഓറഞ്ചും അവൻ തിന്നുന്നില്ല. വൈകാതെ ചെറിമോയയും ഓറഞ്ചും വിളയുന്ന തോട്ടമായി എസ്‌കേപ്പ് വാഴ്ത്തപ്പെട്ടു.

പ്രിയ സുഹൃത്തേ, ഞാനെങ്ങനെയാണ് ഈ കുറിപ്പിനു തിരശ്ശീലയിടുക… ഈ കഥയിൽ നിന്നും ഒരു ഗുണപാഠവും നിങ്ങൾക്കു കിട്ടാനില്ല. കയ്യിൽ കാശുള്ളൊരാൾ ഒരു മലമൂട്ടിൽ വാർധക്യം ആസ്വദിക്കുന്നു, അയാളെത്തേടി സുഹൃത്തുക്കൾ വരുന്നു. അവർ അർമാദിക്കുന്നു. പക്ഷേ, അതങ്ങനെയല്ലെന്ന് ഞാൻ മനസ്സിലാക്കിയത് മാസങ്ങൾക്കു മുമ്പ് ജോണിച്ചായന്റെ എസ്‌കേപ്പിലേയ്ക്കു രക്ഷപ്പെട്ടുചെന്ന ദിവസമായിരുന്നു. കൂടെയുണ്ടായിരുന്നത് നോൺവർക്കികളായിരുന്നു. രവിവർമ, സലിൽ രാമവർമ, റോബിൻ കുഞ്ചെറിയാ, ദില്ലൻ രാമൻകുട്ടി, ഓപീ സുരേഷ്…

അന്നും അതേ കഥകളേ ജോണിച്ചായനു പറയാനുണ്ടായിരുന്നുള്ളൂ, അത് ഗണേശനെന്ന ആനയും അവന്റെ സഖികളും മേഞ്ഞ ഗൃഹാതുരസ്മരണകളായിരുന്നു. അന്തർധമനികളിൽ പാമ്പാറിന്റെ നീരൊഴുക്കുകൾ നിലയ്ക്കാത്ത മണ്ണിനെക്കുറിച്ചുള്ള കഥകൾ…

കാരറ്റും ബീറ്റ്‌റൂട്ടും ആപ്പിളും ഓറഞ്ചും വെളുത്തുള്ളിയും വിളയുന്ന മണ്ണ്. കേരളത്തിന്റെ പഴക്കൊട്ടയാണിത്. ഇവിടെ വിളയുന്നതെന്തും തമിഴ്‌നാട്ടിൽ നിന്നുള്ള വണിക്കുകൾ ഉടുമൽപ്പെട്ടയ്ക്കു കൊണ്ടുപോകും. ചുരങ്ങൾ താണ്ടി വീണ്ടും നമ്മുടെ മാർക്കറ്റിൽ വരും. അവ ഭുജിക്കുന്ന നേരത്തെങ്കിലും കാന്തല്ലൂരിനെ ഓർക്കണം. ശിഷ്ടജീവിതം കാന്തല്ലൂരിലർപ്പിച്ച ഈ മനുഷ്യനേയും.

ജോണിച്ചായന്റെ സംഭവബഹുലമായ എഴുപത്തഞ്ചാം വർഷവും കടന്നുപോവുകയാണ്!

Comments

comments