രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം എന്ന നോവലിന്റെ വായന

നിങ്ങളുടെ കുട്ടികൾ സുരക്ഷിതരല്ല, ഒരിടത്തും ഒരിക്കലും

          ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ജൈവവൈവിധ്യകലവറയാണ് കേരള ത്തിലെ 13 ജില്ലകളും ചേർന്നുകിടക്കുന്ന, കേരളമടക്കം 6 സംസ്ഥാനങ്ങളിൽ വ്യാപിച്ചിട്ടുള്ള 1600 കി.മീ. നീളമുള്ള പശ്ചിമഘട്ടമലനിരകൾ.  കേരളത്തിൽ അധികൃതവും അനധികൃതവുമായ 2700 പാറമടകളുള്ളതിൽ 1700 എണ്ണവും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലാണുള്ളത്.  വർദ്ധിച്ചുവരുന്ന പാറമടഖനനത്തിന്റെ ഭീക്ഷണമായ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലെഴു തപ്പെട്ട രാജീവ് ശിവശങ്കറിന്റെ കൽപ്രമാണംംഎന്ന നോവൽ വർത്തമാന കാല സാമൂഹിക സാഹചര്യങ്ങളിൽ ഏറ്റവും പ്രതിരോധമൂല്യമുള്ള ഒരു സമര പദ്ധതിക്കുകൂടി പ്രേരണയായി.  ശുദ്ധവായുവിനും ശുദ്ധജലത്തിനും സമാധാന പൂർണമായ ജീവിതത്തിനും വേണ്ടിയുള്ള അവകാശത്തിനുവേണ്ടി, പത്തനംതിട്ട ജില്ലയിലെ വി. കോട്ടയം ഗ്രാമവാസികളെല്ലാവരും കൽപ്രമാണം വായിച്ചുകൊണ്ടാണ് ശബ്ദമുയർത്തിയത്.  വർഷങ്ങളായി വി.കോട്ടയത്തെ തുടിയുരുളിപ്പാറയിൽ നടന്നുകൊണ്ടിരിക്കുന്ന പാറമടഖനനത്തിനെതിരെയുള്ള സമരവും പ്രതിഷേധവും, പാറയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്ന പുസ്തകം വായിച്ചുകൊണ്ടാവുന്നതിലെ സർഗ്ഗാത്മകത അപൂർവ്വമാണ്.  വരുംകാലം ആവശ്യപ്പെടുന്നതും ഇത്തരം ക്രിയാത്മക പ്രതിരോധങ്ങളാണ്.

          പഴുക്കെ വിളഞ്ഞത് എന്നർത്ഥമുള്ള പഴുക്കഎന്ന മധ്യതിരുവിതാം കൂറിലെ സങ്കല്പഗ്രാമമാണ്.  കൽപ്രമാണത്തിന്റെ പശ്ചാത്തലം മലനിരകൾ ക്കിടയിൽ കാർമേഘങ്ങൾ കുടുങ്ങിപ്പോവുന്നതുകൊണ്ട് മഴയുടെയും ജല ത്തിന്റെയും സമൃദ്ധി പാറക്കെട്ടുകൾക്കിടയിലെ ഇത്തിരി മണ്ണിൽ പൊന്നുവിള യുന്നതും അതുകൊണ്ടുതന്നെ.  കോടികോടിവർഷങ്ങളെടുത്തു വിളഞ്ഞു പരുവപ്പെട്ട പതിനൊന്നു കരിമ്പാറക്കെട്ടുകളാണ് പഴുക്കക്കു കാവൽ നിൽക്കു ന്നത്.  പ്രകൃതി കേന്ദ്രിതമായ ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണ കവചമുള്ള പക്ഷിപ്പാറ, സൂര്യപ്പാറ, ചേലപ്പാറ തുടങ്ങിയ പാറക്കെട്ടു കൾ പശ്ചിമ ഘട്ടമലനിരകളുടെ ഭാഗമായ അഗസ്ത്യമലയുടെ തുടർച്ചയാണ്.  പാറകളുടെ ധാരാളിത്തമാണ് കരിങ്കൽമാഫിയകളെ പഴുക്കയിലേക്കാകർഷിക്കു ന്നതും.  അജ്ഞാതരായ ആളുകൾ ഭൂമി വാങ്ങിക്കൂട്ടുന്നു.  ഒട്ടും വൈകാതെ പഴുക്കയിലെ കൂറ്റൻ പാറക്കെട്ടുകൾ ലോറിയിൽ കയറി പോയിത്തുടങ്ങുന്നു.  പാരിസ്ഥിതിക പ്രതിസന്ധികൾ, ഭൂചലനം, മണ്ണിടിച്ചിൽ, രോഗങ്ങൾ, കിണർ വറ്റിപ്പോവുക, കൃഷി നശിക്കുക തുടങ്ങി അനേകം പ്രത്യാഘാതങ്ങളാണ് പഴുക്കയെ കാത്തിരിക്കുന്നത്.  ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ പഴുക്ക സംരക്ഷണസമിതി രൂപീകരിച്ച് പ്രതിരോധസമരങ്ങളും റിലേനിരാഹാര വും ആരംഭിക്കുന്നുണ്ടെങ്കിലും എല്ലാ പരിസ്ഥിതി പ്രതിരോധങ്ങളിലുമെന്ന പോലെ ഇവിടെയും ഇരകളായ ഗ്രാമവാസികളെ തകർക്കാനും നിശ്ശബ്ദരാ ക്കാനുമുള്ള സായുധവും അല്ലാത്തതുമായ ശ്രമങ്ങളാണ് അധിനിവേശ പക്ഷത്തു നിന്നുണ്ടാവുന്നത്.  ആസൂത്രിതമായ ഒരപകടത്തിൽ ബാലകൃഷ്ണൻ മാഷ് കിടപ്പിലാവുന്നതോടെ മകൾ ദേവി സമരമുഖത്തെത്തുന്നുപോലെ പ്രതിബന്ധങ്ങളിലൂടെ മാത്രം മുമ്പോട്ടു പോവുന്ന സഹനസമരം മതരാഷ്ട്രീയ ബലവും പണവും ഗുണ്ടായിസവും സഹായ ത്തിനുള്ള കരിങ്കൽമാഫിയയെ തുരത്താൻ പഴുക്ക യിലെ സാധാരണക്കാരുടെ സമരത്തിനുസാധിക്കുന്നില്ല.  അനുകൂല മായ ഇടപെടലു കളും ചലനങ്ങളും ഉണ്ടാവുന്നതിനിടയിൽത്തന്നെ ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളും അനുബന്ധപ്രശ്‌നങ്ങളും പഴുക്ക സംരക്ഷണസമിതിയെ പിളർപ്പിലേക്കു നീക്കുകയും 3250 ദിവസം നീണ്ടുനിന്ന സത്യാഗ്രഹസമരം അവസാനിപ്പി ക്കേണ്ടി വരികയും ചെയ്തു.  എങ്ങു മെത്താത്ത പ്രതിക്ഷേധങ്ങളുടെയും ആരും തുണയില്ലാത്ത സമരങ്ങളുടെയും വർത്തമാനകാല സാഹചര്യങ്ങളിൽ പഴുക്കയുടെ വിധിയും അനിവാര്യമായ നാശമാണെന്ന സൂചനയിലാണു നോവൽ അവസാനിക്കുന്നത്.  

          പഴുക്ക കേവലമായ സങ്കല്പഗ്രാമമല്ല.  പശ്ചിമഘട്ട മലനിരകളുമായി ചേർന്നുകിടക്കുന്ന കേരളത്തിലെ ഏതു ഗ്രാമത്തിനും പഴുക്കയുടെ മുഖച്ഛാ യയുണ്ട്.  ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും പിൻബലത്തോടെ, ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രം മെനഞ്ഞിരിക്കുന്നതും അതിന് ആധികാരികത സൃഷ്ടിക്കുന്നതും കൗതുകകരമാണ്.  സമകാല സാമൂഹിക സംഭവങ്ങളുമായി ഇഴചേർത്ത് പഴുക്കയെ ഏറ്റവും കാലിക പ്രസക്തിയുള്ള കേരളീയ ഗ്രാമമാക്കി പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു.  ഗ്രാമത്തിന്റെ സരളവും മതേതരവുമായ വിശ്വാസങ്ങളെ തകർത്തെറിഞ്ഞ് മത്സരബുദ്ധിയോടെ പാറപൊട്ടിക്കൽ നടക്കുമ്പോൾത്തന്നെയാണ് സുര്യപ്പാറയിൽ ഒരുവിഭാഗം ഹൈന്ദവർ താൽ ക്കാലിക സൂര്യക്ഷ്രത്രം പണിത്സൂര്യപ്പാറ ഹിന്ദുക്കളുടേത്, സംരക്ഷിക്കുക, എന്ന മുദ്ര്യാവാക്യം മുഴക്കുന്നത്.  ഹിന്ദുദൈവങ്ങൾക്ക് ആപത്തു വന്നപ്പോൾ രക്ഷിക്കാനാളുണ്ട്, പാവം മനുഷ്യരെ രക്ഷിക്കാനാരുമില്ല, എന്നു ബാലകൃഷ്ണൻ മാഷ് സങ്കടത്തോടെ ചിരിച്ചു പോവുന്നു.  സഹജവും സുതാര്യവുമായ പ്രകൃതിമൂല്യങ്ങൾ ദുർബ്ബലമാവുന്നിടത്ത് വർഗ്ഗീയതയുടെ വിഷസർപ്പങ്ങളിഴഞ്ഞുകേറുമെന്നത് ദു:ഖകരമായ വർത്തമാന പാഠം.  പഴുക്കയിലെ ദുരന്തങ്ങളുമായി, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും നടക്കുന്ന വ്യത്യസ്ത സംഭവങ്ങൾ അബോധമായി കെട്ടുപിണയുന്നുണ്ട്.  കേരളത്തിൽ പലയിടത്തും ചുവന്ന മഴപെയ്ത 2001 ൽ പഴുക്കയിലേക്കു വന്ന പാറമടമുതലാളിമാർ, ഗുജറാത്ത് ഭൂകമ്പത്തിന്റെ ഒന്നാം വാർഷികത്തിൽ ആരംഭിക്കുന്ന പാറമടയുടെ പ്രവർത്തനങ്ങൾ, ആദ്യത്തെ തമിരുപൊട്ടുമ്പോൾ, ഭീകരർ മോസ്‌കോതിയ്യറ്റർ ആക്രമിച്ച് 700 പേരെ ബന്ദിയാക്കിയ സംഭവം, മാറാട് കലാപത്തിന്റെ ദിനങ്ങളിൽ, പഴുക്കയിൽ മാധവിയുടെ മരണവുമായി ബന്ധപ്പെട്ട സംഘർഷം, സുനാമിയടിച്ചദിവസം ആരംഭിച്ച റിലേ സത്യാഗ്രഹം തുടങ്ങി കാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്  പഴുക്കയുടെ നിർണ്ണായക സന്ധികളെല്ലാം.  ഇവ കൃത്രിമമായോ യാന്ത്രികമായോ പഴുക്കയോടു ചേർത്തു കെട്ടിവെക്കുന്നതുമല്ല.  സ്വാഭാവികമായും അനിവാര്യമായും സംഭവിച്ചു പോവുന്നതാണ്.  ഇത്തരം കൂടിക്കലരലുകളിലൂടെ കൽപ്രമാണം ആധികാരിക മായ ഒരു വിവരസമുച്ചയം കൂടിയായി പരിണമിക്കുന്നുണ്ട്.  യഥാർത്ഥ സംഭവങ്ങളിലൂടെ പഴുക്കയെ അടയാളപ്പെടുത്തുന്നതിലൂടെയും ഗ്രാമത്തിന് യാഥാർത്ഥ്യപ്രതീതി സൃഷ്ടിക്കാൻ സാധിച്ചിരിക്കുന്നു.

          പഴുക്കയുടെ കാലവും വർത്തമാനവും രേഖപ്പെടുത്തുന്നത് വാച്ച് റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന രത്‌നാകരനിലൂടെയാണ്.  വഴിതെറ്റിയതോ, നിലച്ചതോ ആയ സമയത്തെ ആണ് അയാൾ ക്രമപ്പെടുത്തുന്നത്.  വിലപിടിച്ച ഫേബർലൂബാ വാച്ച് അയാളുടെ കടയിൽ രണ്ടു സന്ദർഭങ്ങളിലായി എത്തിച്ചേരുന്നുണ്ട്.  ബിസിനസിനു പണം കണ്ടെത്താൻ ശശാങ്കനും, റിപ്പയർ ചെയ്യാൻ ബാലകൃഷ്ണൻ മാഷും അയാളെ ഏല്പിക്കുന്നു.  അമൂല്യമായ ആ വാച്ച് ഉപേക്ഷിക്കലിന്റെയും ഒറ്റിക്കൊടുക്കലിന്റെയും തിരിച്ചുപിടിക്കലിന്റെയും സുചകമായാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്.

          പത്രം, റേഡിയോ, ടിവി എന്നീ മാധ്യമങ്ങളെ നിരന്തരമായി പിന്തുടരുന്നു രത്‌നാകരൻ.  ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങളെ പഴുക്കയുമായി ചേർത്തുവായിക്കൽ രത്‌നാകരന്റെ ശീലമാണ്. 

          ഓൾഡ് നോസ്റ്റ് എന്ന നാടകം കാണാനെത്തിയ 700 പേരെ ഭീകരർ ചെച്‌നിയയിൽ ബന്ദിയാക്കിയ ദിവസം, പഴുക്കയെ നടുക്കിക്കൊണ്ട് ആദ്യത്തെ വെടിപെട്ടിയ നിമിഷം ക്രൂരത ലോകമെങ്ങുമുള്ള മനുഷ്യരെ ഒരേ മുഖം  മൂടിക്കൊണ്ട് ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും ഇരകൾ എല്ലായിടത്തും നിസ്സഹായരും നിരായുധരുമാണെന്നും രത്‌നാകരനു തിരിച്ചറിവുണ്ടാവുന്നു.  പഴുക്കയിലെ ഐതിഹ്യബന്ധുരമായ ജീവസ്രോതസ്സുകളായ പാറക്കൂട്ടങ്ങളെ യന്ത്രക്കരുത്തും വെടിമരുന്നും തുണയാക്കി ഒരു സംഘം ഭീകരർ ബന്ദിയാക്കിയതായി അയാൾക്കനുഭവപ്പെടുന്നു.

          രാജീവ്ഗാന്ധി വധക്കേസിൽ വിധിപറയാൻ 11 വർഷം വേണ്ടിവന്ന വാർത്ത വായിക്കുമ്പോൾ, താനുൾപ്പെട്ട പഴുക്കയിലെ മനുഷ്യരൊന്നാകെ ദയാഹർജി തേടി കോടതിയുടെ കൂട്ടിൽ നിൽക്കുകയാണെന്നും തീരുമാന മെടുക്കുന്നതിലെ താമസം തങ്ങളുടെ ജീവിത്തെ വാട്ടിയെടുക്കുകയാണെന്നും അയാൾക്കു തോന്നുന്നു.  വൈകിക്കിട്ടുന്ന നീതി അനീതിയാണ്.  പഴുക്കയുടെ ഭാവിയുടെ മിടിപ്പ് അതീന്ദ്രിയമായി തൊട്ടറിയാൻ കഴിയുന്നു രത്‌നാകരന്.  പരിസ്ഥിതിയുടെ നീതി ബോധവും സൗന്ദര്യദർശനവും നിരന്തരം അതിലംഘിക്കപ്പെടുമ്പോൾ അയാൾ ദുർബ്ബലനാവുന്നു.  പത്രവായനയും ടെലിവിഷൻ കാഴ്ചകളും അയാളെ അസ്വസ്ഥനാക്കുന്നതു തിരിച്ചറിഞ്ഞ് മകൻ അയാൾക്ക് തുടർക്കഥകളുള്ള വാരികകൾ വാങ്ങിക്കൊടുക്കുന്നുണ്ട്.  പരുഷമായ യാഥാർത്ഥ്യങ്ങളിൽ നിന്നു മുഖം തിരിച്ചു നിൽക്കാനുള്ള ബോധപൂർവ്വമായ ശ്രമം.  പക്ഷേ അവിടെയും കഥകളോ കവിതകളോ അല്ല അയാളെ ആകർഷിക്കുന്നത്.  അംബാനി കുടുംബം നിർമ്മിച്ച ആന്റിലിയ എന്ന 4 ലക്ഷം ചതുരശ്ര അടി വീടിന്റെ വിശേഷങ്ങൾ രത്‌നാകരനെ ചകിതനാക്കുന്നു.  എത്രലോഡ്, പാറ, മണൽ, കമ്പി ………. ഒരു കുടുംബത്തിനുവേണ്ടി.

          മാധ്യമങ്ങളുടെ സാധ്യതകളും ഇടപെടലുകളും പഴുക്കയിലേതു പോലുള്ള ജനകീയ സമരങ്ങളിൽ നിർവ്വഹിക്കുന്നതെന്താണ് എന്നും നോവൽ  പ്രശ്‌നാധിഷ്ഠിതമായി അന്വേഷിക്കുന്നുണ്ട്.  പത്രം, റേഡിയോ, ടെലിവിഷൻ, നവമാധ്യമങ്ങൾ എന്നിവ നോവലിന്റെ അന്തർഘടനയോടിഴുകിച്ചേർന്നു നിർക്കുന്നു.  മാധ്യമങ്ങൾ പഴുക്കയിലെ സമരത്തെ നിരന്തരമായി അവഗണിക്കു ന്നതിനെപ്പറ്റി നീലിമ പറയുന്നുണ്ട്.  മീഡിയ അങ്ങനെയാണ് ചോദിക്കുമ്പോൾ അവർ പറയും, ജനങ്ങൾക്കു വേണ്ടതാണ് അവർകൊടുക്കുന്നതെന്ന്.  ഈ ജനം ഏതെന്നതാണു പ്രശ്‌നം.  ഇവിടൊരു വലിയ ദുരന്തം വരട്ടെ.  അവർ പടയോടെ ഓടിയെത്തും.  ദുരന്തമുണ്ടായ വഴി, മരിച്ചവരുടെ സ്വപ്നങ്ങൾ, ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ…… പക്ഷേ ദുരന്തമുണ്ടാകുന്നതിനുമുമ്പ് ഒരു മുന്നറിയിപ്പ്, ഒരിക്കലും അവരുടെ ഭാഗത്തു നിന്നുണ്ടാവില്ല.പഴുക്ക സമര വുമായി ബന്ധപ്പെട്ട് അപൂർവ്വമായി മാത്രമാണ് ഹ്രസ്വമായ വാർത്തകൾ പത്ര ത്തിൽ വരുന്നത്.  പഴുക്ക പാറക്കെട്ടുകളാൽ സമൃദ്ധവും സുന്ദരവു മായിരുന്ന ആദ്യകാലത്ത് വിഷൻ നെറ്റ് എന്ന ചാനൽ ഹാപ്പി ജേണി എന്ന പരിപാടി ചെയ്തിരുന്നെങ്കിലും മാഫിയയുടെ ഇടപെടൽ മൂലം അതു സംപ്രേക്ഷണം ചെയ്യാനാവുന്നില്ല.  പിന്നീട് പഴുക്കയിലെ ജനകീയ സമരം ദേവിയുടെ നേതൃത്വ ത്തിൽ ഊർജ്ജിതമാവുന്ന കാലത്ത് അതേ ചാനൽ വഴികാട്ടി എന്ന പരിപാടി തയ്യാറാക്കുകയും പൊതുശ്രദ്ധയിലേക്ക് പഴുക്കയെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ശുദ്ധവായുവിനും തെളിനീരിനും സ്വച്ഛജീവിതത്തിനുമായുള്ള നാടിന്റെ പ്രതിരോധമായി കാണിക്കുന്ന പരിപാടിയിൽ, സ്വന്തം മണ്ണിനെ ഗർഭ പാത്രത്തിലെന്നപോലെ സംരക്ഷിക്കുന്ന സ്ത്രീയായി ദേവിയെ വിഗ്രഹ വൽക്കരിക്കുകയാണ്പക്ഷേ. അതിനുമുമ്പ് നീലിമ രഹസ്യമായി തയ്യാറാ ക്കിയ, പഴുക്കയിലെ പാറമടകളെക്കുറിച്ചുള്ള ഡോക്യുമെന്ററി നാഷണൽ ജ്യോഗ്രഫിക് ചാനലും സംപ്രേക്ഷണം ചെയ്യുന്നു.  മാധ്യമങ്ങൾ ഇത്തരം ജനകീയ സമര ങ്ങളെ പൊതുശ്രദ്ധയിലേക്കു കൊണ്ടുവരാനുള്ള ഉദ്യമത്തിൽ അവസരവാദ പരമെങ്കിലും അവയുടേതായ പങ്കുവഹിക്കുന്നുണ്ട്.  പരിസ്ഥിതി സമരങ്ങളിൽ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ രൂപപ്പെട്ടുവരുന്ന അറിവിന്റെയും പ്രവൃത്തിയുടെയും പുതിയ തലങ്ങളാണ് നോവലിന്റെ മറ്റൊരു സവിശേഷത.  ഗാഡ്ഗിൽ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട്, 2009 ൽത്തന്നെ പശ്ചിമഘട്ടമല നിരകളെ യുനസ്‌കോ പൈതൃകപ്പെട്ടികയിൽപെടുത്താനായി ഇന്ത്യ അപേക്ഷ കൊടുത്ത വിവരവും പൈതൃകപട്ടികയിൽ സ്ഥാനം ലഭിച്ചതും ഇന്ത്യയുടെ ജൈവവൈവിധ്യം വിദേശകുത്തകകൾക്കടിയറ വെയ്ക്കുന്നതിലെ അപകടവും മറ്റും ചർച്ചചെയ്യപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും നവമാധ്യമങ്ങളിലാണ്.  കദ്രേമുഖ് സമരത്തിൽ നീലിമയെയും മറ്റു പ്രവർത്തകരെയും ഏറെ പിന്തുണയ്ക്കുന്നതും ഇത്തരം മാധ്യമങ്ങളാണ്.

          അശാസ്ത്രീയവും അനധികൃതവുമായ പാറമടഖനനത്തിനെതിരെ പഴുക്ക സംരക്ഷണ സമിതി നടത്തിക്കൊണ്ടിരുന്ന സമരത്തെ ദുർബ്ബലമാക്കുന്നത് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട രണ്ടു കമ്മിറ്റി റിപ്പോർട്ടുകളാണ്.  ഇന്ത്യയിലെ ജൈവവൈവിധ്യം എന്ന സങ്കൽപ്പ ത്തിന്റെ പിതാവായിക്കരുതുന്ന മാധവ്ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്ര ജ്ഞൻ തയ്യാറാക്കിയ ദീർഘ ദർശിത്വത്തോടെയുള്ള റിപ്പോർട്ട് പക്ഷേ അടിമുടി ദുർവ്യാഖ്യാനീകരിക്കപ്പെടുന്നു.  Western Ghats Ecology Panel  രൂപീകരിക്കുക, EPA (Environment Protection Act) അനുസരിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളെ വേർതിരിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ, സഹവർത്തി ത്വത്തിലൂടെയുള്ള ജീവനത്തിലൂന്നിയ ഗാഡ്ഗിൽ ശുപാർശകൾ വൻ തെറ്റിദ്ധാ രണകൾക്കിടയാക്കുകയും മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അവസരവാദപര മായ ഇടപെടലുകൾ കർഷക സംരക്ഷണസമിതിയുടെ രീപീകരണത്തിനു പ്രേരണയാവുകയും ചെയ്തു.  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പുന:പരിശോധി ക്കാനായി Space Scientist ആയ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മിറ്റിയും നിയോഗിക്കപ്പെടുന്നു.  ക്രിയാത്മകതയും സാമൂഹികതയും ഒത്തിണങ്ങിയ, പരിസ്ഥിതി ബോധത്തിലൂന്നിയ ദർശനമായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്, പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള ഒരേയൊരുവഴി.  ജനാലച്ചതുര ത്തിലൂടെ കണ്ട പഴുക്കയുടെ  സമൃദ്ധിയാണ് തന്റെ കവിത എന്നു പ്രസ്ഥാവി ച്ചുകൊണ്ട് പാറമട ലോബിക്കെതിരെയുള്ള സമരത്തിൽ മുൻനിരയിലു ണ്ടായിരുന്ന മാത്യു പൂങ്കാവിനെപ്പോലുള്ളവർ നിർദ്ദയം നിലപാടുമാറ്റി കർഷകസംരക്ഷണ സമിതിയുടെ നേതാക്കളാകുന്നു.  പരിസ്ഥിതിവാദം തുലയട്ടെ എന്നാണ് അവരുടെ പുതിയ മുദ്രാവാക്യം.  കേരളത്തെ ഇളക്കിമറിച്ച ആ സമരങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും കൽപ്രമാണം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.  ഗാഡ്ഗിൽ പഴുക്കയിലെത്തി, സത്യാഗ്രഹപന്തൽ സന്ദർശിച്ചു പ്രസംഗിക്കു മ്പോൾ  ഏതു കാഴ്ചയും ആഘോഷമാക്കുന്ന ശിവരാമൻ നായർ, അയാളെ ഗാഡ്ഗിൽ രംഗൻഎന്നു വിളിക്കുന്നത്  മർമ്മവേധിയായ സാമൂ ഹിക വിമർശം കൂടിയാണ്.  കമ്മിറ്റികളും അവയുടെ തലവൻമാരും റിപ്പോർ ട്ടുകളും പരിസ്ഥിതിയെയോ, സാധാരണജനതയുടെ ജീവിക്കാനുള്ള അവകാശ ത്തെയോ സംരക്ഷിക്കാൻ ഉതകുന്നില്ല.

 

          കേരളത്തിന്റെ, ലോകത്തിന്റെ പരിച്ഛേദമായി പഴുക്കയെ മാറ്റുന്ന സംഭവങ്ങളും യാഥാർത്ഥ്യങ്ങളുമാണ് കൽപ്രമാണത്തിന്റെ കാതൽ.  വസ്തു നിഷ്ഠവും ആധികാരികവുമായ വിവരങ്ങളുടെ വൻശേഖരം.  അതിനെ കാല്പ നികവും ലാവണ്യാത്മകവുമായ ഭാവനയുമായി ഇഴചേർക്കുമ്പോഴാണ് ഈ രചന അനന്യമാവുന്നത്.  പരിസ്ഥിതി രാഷ്ട്രീയം പ്രമേയമാവുന്ന സർഗ്ഗ രചനകൾ ഡോക്യുഫിക്ഷന്റെ സ്വഭാവം പ്രദർശിപ്പിക്കുക സ്വാഭാവിക മാണ്.  കൽപ്രമാണ മാവട്ടെ, യാഥാർത്ഥ്യങ്ങളെ ഭാവനകൊണ്ടും ഭാവനയെ വസ്തുത കൾകൊണ്ടും സുഘടിതവും സൂക്ഷ്മവുമാക്കിയിരിക്കുന്നു.  അശാസ്ത്രീയവും ചൂഷണാധി ഷ്ടിതവുമായ വികസനത്തിന്റെ ഇരകളായി മനുഷ്യനും പ്രകൃതിയും മാറു മ്പോൾ അതിജീവനത്തിന്റെ പുതിയ കൽപ്രമാണങ്ങൾ സ്ഥാപിച്ചെടുക്കേണ്ടത് അനിവാര്യതയായി മാറുന്നു.  പഴുക്ക സങ്കല്പഗ്രാമ മാണെങ്കിൽ തുടിയുരുളി പ്പാറ യഥാർത്ഥമാണ്.  എണ്ണമറ്റ തുടിയുരുളിപ്പാറകളും പഴുക്കകളും കേരള ത്തിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ആസന്നമായ സർവ്വനാശത്തി ലേക്കുള്ള ചൂണ്ടു പലകകളായി.  ഈ സാഹചര്യത്തിൽ ഈ നോവൽ വായന പോലും പ്രതിരോധവും നിലനില്പിനായുള്ള നിലവിളി യുമാണ്.

Comments

comments