(രാജീവ് ശിവശങ്കറിന്റെ ദൈവമരത്തിലെ ഇലഎന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള പുസ്തകനിരൂപണം)
മാറുന്ന കാലവും അനുനിമിഷം മാറിക്കൊണ്ടേയിരിക്കുന്ന ജീവിതവുമാണ് കഥകളുടെ ഊർജജം അനുഭവസങ്കീർണതകളുടെ കാലംജീവിതം ഇരുകരകളും മുട്ടി ശാന്തമായൊഴുകുന്ന നിറഞ്ഞ ഒഴുക്കല്ല; കലങ്ങിയും കരകവിഞ്ഞും നിർണ്ണയിക്കപ്പെട്ട  അതിരുകളെ അതു മിക്കപ്പോഴും അതിലംഘിക്കുന്നു. അതുകൊണ്ടുതന്നെ യുക്തിസഹമായ വ്യാഖ്യാനങ്ങൾക്കു വഴിപ്പെടുന്നവയല്ല  പുതിയ കാലജീവിതം. അനുഭവങ്ങളുടെ വന്യത, അനുസ്യൂതവും ചിലപ്പോൾ ശിഥിലവുമായ തുടർച്ചകൾഅനിശ്ചിതമായആവേഗങ്ങൾഇങ്ങനെമെരുക്കിയെടുക്കാനാവാത്ത യാഥാർത്ഥ്യങ്ങളുടെ സഞ്ചയമായിത്തീരുന്നു ഓരോ ജീവിതവും . കഥയുടെ സൗന്ദര്യാത്മകത വന്യവും അസുന്ദരവുമായ അനുഭവങ്ങളിൽ നിന്നൂറിക്കൂടുന്നഭാഷയും ഭാവനയും ചേർന്ന് സംസ്‌കരിച്ചെടുത്ത വീര്യമേറിയ ലഹരിയാണ് .അതീതവും അഭൂതവുമായ ലാവണ്യാനുഭൂതിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ കാലഹരണപ്പെടുന്നു.  ജീവിതത്തിൽ നിന്ന് , അനുഭവത്തിൽ നിന്നുണ്ടാകുന്നത,ജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നതാണ് കഥയുടെ സൗന്ദര്യതലം.

വൈരുദ്ധ്യഭരിതവും കലുഷവുമായ യഥാർത്ഥാനുഭവങ്ങളോടുള്ള അഭിമുഖീകരണമാണ് രാജീവ് ശിവശങ്കറിന്റെ കഥകൾ . നന്മ തിന്മകളെ കള്ളികൾ തിരിച്ച് തിട്ടപ്പെടുത്തുക അസാധ്യമാവുന്നതുപോലെ, മൂല്യ സങ്കൽപ്പങ്ങളിലെ ഏകപക്ഷീയതകളും വിമർശന വിധേയമാകുന്നു. സദാചാര സങ്കൽപ്പങ്ങളും ധാർമികതയും ജീവിതത്തിലെ പോലെ കഥയിലും കർക്കശമായി വിചാരണചെയ്യപ്പെടുന്നു. അഴിക്കും തോറും മുറുകുന്ന കടുംകെട്ടുകളായി ജീവിതവും അനുഭവങ്ങളും മാറുന്നു.

വ്യവസ്ഥകളുടെ ഇരകളാവുന്ന മനുഷ്യന്റെ അതിലംഘനത്തിനായുള്ള  ശ്രമങ്ങളും പിടച്ചിലുകളുമാണ് ദൈവവിചാരമെന്നകഥ.  ഒരിക്കലും മോചനമില്ലാത്ത രീതിയിൽ വ്യവസ്ഥകളുടെ കർശനമായ ചിട്ടകളിലേക്കു മടങ്ങേണ്ടുന്നവരുമാണവർ  പരസ്പരം പ്രണയിച്ചിരുന്ന ആഹ്ലാദകരമായ ഭൂതകാലത്തിന്റെ  സ്മൃതിയിൽ അവസാനമായി ഒരിക്കൽക്കൂടി  ഒന്നിച്ചു സ്വാതന്ത്രമായി കാണാൻ ലോഡ്ജ് മുറിയിൽ എത്തിച്ചേരുന്ന റിട്ട. കെ. എസ്. ഇ. ബി എഞ്ചിനീയർ   എബ്രഹാമും അയൽക്കാരി ശാരദയും. ഒരാഴ്ച്ചക്കുശേഷം മകനോടൊപ്പമുള്ള വിദേശയാത്ര, ഒരുപക്ഷേ തിരിച്ചുവരവിനിടയില്ലാത്തത് , എബ്രഹാമിനെ കാത്തിരിക്കുന്നു; കുടുംബത്തിന്റെ വിരസമായ ദൈനന്ദിന തുടർച്ചകൾ ശാരദയേയും. ക്ഷേത്രപരിസരത്തുവച്ചുള്ള  കൂടിക്കാഴ്ച്ചയിൽ സ്വാഭാവികമായി ദൈവവും കഥാപാത്രമാകുന്നുണ്ട്. അതിമാനുഷരായ താരങ്ങളെ ആരാധിക്കുന്ന ,സിനിമാപ്രിയനായ  ദൈവം. കഥ ദൈവത്തെക്കുറിച്ചുള്ള വിചാരമെന്നല്ലാതെ ദൈവത്തിന്റെ വിചാരവുമാവുന്നു. ക്ഷേത്ര പശ്ചാത്തലത്തിൽ ആത്മീയതയുടെ സ്വാസ്ഥമല്ല, ഭൗതികാനന്ദത്തിന്റെ സ്വാസ്ഥ്യരാഹിത്യമാണ് എബ്രഹാമും ശാരദയും അന്വേഷിക്കുന്നത്. വ്യക്തിയുടെ അനുഭവലോകവും ബന്ധങ്ങളുടെ സാമൂഹികമൂല്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അത്യന്തസങ്കീർണ്ണമാണെന്നും ലോകത്തിന്റെ ദയാരഹിതമായ വ്യവഹാരയുക്തി കളിൽ നിന്നുള്ള മോചനം അനായാസമല്ലെന്നും ഈ കഥ ശക്തമായി ഓർമ്മിപ്പിക്കുന്നു. ,ദൈവത്തിൻ മനമാരുകണ്ടു, എന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിൽ അപ്രതീക്ഷിതമായ പരിസമാപ്തിയിലേക്കു വളരുന്നകഥ, ജീവിതത്തെ ബന്ധങ്ങളെയും കുറിച്ചുള്ള പുതിയ ബോധ്യങ്ങൾ വിനിമയം ചെയ്യുന്നു.

നേർവഴികളില്ലാതാവുന്ന കാലത്തിന്റെ സന്ദിഗദ്ധതകളെയും ആശങ്കകളെയും അടയാളപ്പെടുത്തുകയാണ് കഥ. പുറം ലോകത്തിന്റെ  ശരികളെയും യുക്തികളെയും ചോദ്യം ചെയ്യുന്ന , അധീശവ്യവഹാരങ്ങളെ നിരസിക്കുന്ന ഒരു ആന്തരികലോകം  സദാ ജാഗ്രത്തായി ഈ കഥകളിൽ ഉണർന്നിരിക്കുന്നുണ്ട്. ,ദൈവമരത്തിലെ ഇല, ബത്‌ലഹേമിലെ കാഴ്ച്ചകൾ പോലുള്ള കഥകൾക്ക് പ്രതിരോധപരമായ മൂല്യമുണ്ടാവുന്നതും അതുകൊണ്ടാണ് . പെൺ ജീവിതത്തിന്റെ ധാർമ്മികവും ഭൗതികവുമായ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും വെളിപ്പെടുത്തുന്ന കഥകൂടിയാണ് ,ദൈവ മരത്തിലെ ഇല .വെവിധ്യങ്ങളും ബഹുത്വങ്ങളും ചേർന്ന്  രൂപപ്പെടുത്തുന്ന  ജീവിതത്തെ ഏകതാനമായ യുക്തികളിലേക്കു പരിമിതപ്പെടുത്താനോ വ്യാഖ്യാനിക്കാനോ സാധ്യമല്ല . ജഗദമ്മടീച്ചറുടെ ഭൂതകാലം സമൂഹവ്യവസ്ഥകൾക്കനുസൃതമായതും സ്വച്ഛവുമാണ് അമ്പോറ്റി ടീച്ചറെന്നും  മാതൃകാധ്യാപികയെന്നും  വിദ്യാർത്ഥികളും നാട്ടുകാരും പ്രശംസിക്കുന്നകുലീന വിധവ. പക്ഷേ വാർദ്ധക്യം പതിവനുസരിച്ച് മറവിയും നിശബ്ദതയുമല്ല അവർക്കു സമ്മാനിച്ചത് . വ്യവസ്ഥകളെ മറികടക്കാനുള്ള , നിയമങ്ങളെ നിരസിക്കാനുള്ള ഉൾക്കരുത്താണ് . രതി വാഞ്ച്ഛയുടെയും തൃഷ്ണകളുടെയും വ്യാമോഹങ്ങളുടെയും ഭ്രമാത്മകമായ ഒച്ചകളാണവരുയർത്തുന്നത്. കർക്കശമായ സ്യയം നിയന്ത്രണത്തിന്റെയും , സദാചാരപരമായ അച്ചടക്കത്തിന്റെയും ഇരയായി, നിശ്ശബദത ശീലിച്ച ജഗദമ്മ ടീച്ചറുടെ സ്വത്വവും  ആസക്തികളും ശബ്ദം തന്നെയും അവർക്കുതിരിച്ചുകിട്ടുന്നു അംഗീകൃതമൂല്യങ്ങളുടെ തിരസ്‌കാരമാണത്. അധികാരത്തിന്റെ ഭാഷാവ്യവഹാരങ്ങളായ ശബ്ദവും ബഹളവും സ്ത്രീക്കു നിർദേശിക്കുന്നത് മൗനമാണ് . ഈ അധീശബോധത്തെയാണ് ജഗദമ്മടീച്ചർ തന്റെ ഉന്മത്തമായ ഒച്ചകളിലൂടെ നിഷേധിക്കുന്നത്.ബിംബപരമ്പരകളും സവിശേഷമായ ഭാഷാപ്രയോഗവും  ഈ കഥയുടെ ആഖ്യാനശിൽപ്പത്തെയും ഭദ്രമാക്കുന്നുണ്ട് . , കൂടാരത്തിനു കീഴിൽ , നിരാലംബവും പരിത്യക്തവുമാവുന്ന ജീവിതങ്ങളെ  പകർത്തുന്നു.

ഒറ്റപ്പെട്ടവരുടെ , വേദനിക്കുന്നവരുടെ തുരുത്തിലേക്കെത്തുന്ന ആദിയെന്ന അഞ്ചുവയസുകാരൻ അവരുടെ ജീവിതത്തിന്റെ, പ്രത്യേകിച്ച് കലങ്ങിമറിയുന്ന ചിന്തകളും കലുഷമായബോധമനസുമുള്ള ദേവകിയമ്മയ്ക്ക്  അത്താണി ആവുന്നതിന്റെ സൂക്ഷ്മാവിഷ്‌കാരം. വാർദ്ധക്യം വിധിയോ അനിവാര്യതയോ ആയി മിക്കവാറും കഥകളിൽ കടന്നു വരുന്നതു ശ്രദ്ധേയമാണ്. പല കഥകളും വാർദ്ധക്യത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകളാവുന്നു.

വ്യാജപ്രതിച്ഛായകളുടെ തുടർച്ചയാണു മനുഷ്യജീവിതമെന്നോർമ്മിപ്പിക്കുന്ന കഥയാണു കൈലാസനാഥൻ. മദ്യം, ലഹരി, യൗവ്വനം, സീരിയൽ, പാരമ്പര്യത്തുടർച്ച തുടങ്ങിയ ജനപ്രിയ ബിംബങ്ങളും വാണിജ്യയുക്തികളും  ചേർന്നു സൃഷ്ടിക്കുന്ന ഉപരിവർഗ്ഗ സംസ്‌കാരത്തിന്റെ  ചിഹ്നങ്ങൾ കഥയിലെമ്പാടും ചിതറിക്കിടക്കുന്നു. കതിരില്ലാക്കുന്നേലെ സണ്ണിച്ചായന്റേത് അധികാരോന്മുഖമായ ഭാഷയാണ്. നിയന്ത്രണത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള അബോധപൂർവ്വമായ സാമൂഹികതൃഷ്ണയാണ്  അയാളുടെ  വാക്കിലും പ്രവൃത്തിയിലുമുള്ളത് . ആത്മാരാധനയും ഗൃഹാതുരത്വവും പാരമ്പര്യാഭിമാനവും എല്ലാം ചേർന്ന് സംവാദരൂപിയാവുന്നഭാഷ . അച്ചായന്റെ ഭാഷാവ്യവഹാരങ്ങളെയെല്ലാംസൂക്ഷ്മമായ ഈ അധികാരഘടനയാണ് നിർണ്ണയിക്കുന്നത് ആധികാരികതകളെയും ചരിത്രത്തെയും നിഷേധിക്കുന്ന തൻ പ്രാമാണിത്തത്തിന്റെ ഭാഷ. കീഴാളന്റെ  സ്വത്വത്തെ മാത്രമല്ല അവന്റെ സംസ്‌കാരത്തെതന്നെ നിസ്സാരമാക്കുകയോ നിരസ്സിക്കുകയോ ചെയ്യുന്നു അയാളിലെ അധീശയുക്തികൾ. സണ്ണിച്ചായന്റെ കുടുംബത്തിലെ കുടിയാനായി വന്ന്  കിടപ്പാടം നേടിയെടുത്ത നാരായണൻതന്റെ അധമബോധത്തെ അതിജീവിക്കാൻ മതം മാറുന്നു. മതം മാറ്റവും സാമ്പത്തികാഭിവൃദ്ധിയും പക്ഷേ അയാളെ  തുല്യനിലയിൽ കാണാനുള്ള പ്രേരണയല്ല ജന്മിക്ക് . നാരായണനെ കൂടുതൽ നിഷേധിക്കാനും അകറ്റിനിർത്താനുമുള്ള കാരണങ്ങളാവുന്നു അവ . സണ്ണിച്ചായന്റെ മകളെ പ്രേമിച്ച് അവളെയും കൊണ്ട് ഒളിച്ചോടുന്നു നാരായണന്റെ മകൻ വിശ്വൻ സ്വയം സണ്ണിച്ചായന്റെ പ്രതിച്ഛായ ആവുന്നിടത്താണ് കഥയുടെ അപ്രതീക്ഷിതമായ വ്യതിയാനം . അധികാരത്തെയോ അധീശവ്യവസ്ഥകളെയോ  തകർക്കുകയല്ല ,സ്വയം അതിന്റെ പിന്തുടർച്ചക്കാരനും പാരമ്പര്യത്തിന്റെ പുതുപ്രതിനിധിയുമായി പരിണമിക്കുകയാണയാൾ. ആർക്കേഡിയാബാറിൽ നിന്നും  ഫുള്ളു വിഴുങ്ങി , ബേക്കറിയിൽ നിന്നും ഒരു ലഡ്ഡു പൊട്ടിച്ചു തിന്ന് പെണ്ണുമ്പിള്ളയ്ക്കും പിള്ളേർക്കും അരക്കിലോ അലുവേം വാങ്ങി നീണ്ടുനിവർന്ന് എടത്തേക്കും വലത്തേക്കും ചെരിയാതെ തകലു പിടിച്ചപ്പോലെ നടക്കുന്ന, കർത്താവ് ഈശോമിശിഹാ എതിരെ വന്നു കോർത്താലും രണ്ടു പൊട്ടിക്കാൻ മടിക്കാത്ത കോട്ടയം കാരൻ അച്ചായന്റെ  പ്രതിരൂപമായുള്ള  വിശ്വന്റെ പരിണാമം സണ്ണിച്ചായനെ ഭയപ്പെടുത്തുന്നു. അധീശവ്യവഹാരങ്ങളിൽ  നിന്നുള്ള കുതറലും അവിടേക്കുതന്നെ ബോധപൂർവ്വം ചെന്നുള്ള കുടുങ്ങലും  ഈ കഥയിലുണ്ട്. ~ജീവിതത്തിലെ വൈരുദ്ധ്യങ്ങളിതൊക്കെത്തന്നെയാണെന്ന് കഥ സമർത്ഥമായി ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയധ്വനികളുടെ  അബോധമായധാര കഥയെ കൂടുതൽ നിശിതമാക്കുന്നുമുണ്ട്.

പ്രവചനങ്ങൾക്കു വഴിപ്പെടാത്ത ജീവിതത്തിന്റെ ജീർണ്ണതകളും ഹിംസാഭിമുഖ്യവും ആസക്തികളും ധാർമ്മിക സമസ്യകളും വിപരീത സൂചനകളിലൂടെ ഇടകലർന്നൊഴുകുന്ന കഥാശില്പമാണ്  ,സമാധാനത്തിന്റെ വഴികൾ , അവ്യവസ്ഥിതവും അരാജകവുമായ ജീവിതം , അതിരുകൾക്കുള്ളിലൊതുങ്ങാതെ പടരുന്ന അസാധാരണമായ അനുഭവങ്ങൾ.  കപടവും പൊള്ളയുംമായ സദാചാര്യനാട്യങ്ങളിൽ അഭിരമിക്കാതെ ജീവിതത്തെ യാഥാത്ഥമായി ആവിഷ്‌കരിക്കാനുള്ള വ്യഗ്രതയാണ് ഈ കഥകളുടെ വ്യതിരികതത.

ജീവിതാനുഭവങ്ങളുടെ സങ്കീർണ്ണതയും  വൈവിധ്യവുമാണ് കഥയുടെ ആഴവും അർത്ഥവും തിട്ടപ്പെടുത്തുക .വിഷമ സന്ധികൾ കൂടുതൽ ചടുലമാക്കുന്ന , വാസ്തവലോകത്തിന്റെ , മനുഷ്യമനസ്സിന്റെ , നിഗൂഡവശ്യതകളെയാണ് , ദൈവമരത്തിലെ ഇല, എന്ന സമാഹാരത്തിലെ 10 കഥകളും വിഷയമാക്കുന്നത്. ലളിതമായ ഘടനയ്ക്കുള്ളിൽ തീവ്രമായ മനുഷ്യാവസ്ഥകളെ  പകർത്തുന്ന ഈ കഥകൾ ജീവിതത്തെക്കുറിച്ചും പുതിയ അവബോധങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Comments

comments