നാം ഒരുമിച്ച് നമ്മെക്കുറിച്ച് സൂഷ്മമായി അന്വേഷണം നടത്താൻ പോവു കയാണ്. നമ്മുടെ മനസ്സിന്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോവരുത്. അഭിപ്രായങ്ങൾ, മുൻവിധികൾ, അനുമാനങ്ങൾ എന്നിവയുടെ ഭാരം‘ – ജെ.കൃഷ്ണമൂർത്തി

പുത്രസൂക്തം ഇത്തരമൊരു യാത്രയാണ്. മനസ്സിന്റെ നിഗൂഢരഥ്യകളിലൂടെ അതിന്റെ രഹസ്യങ്ങൾ അഴിച്ചെടുക്കാനുള്ള യാത്ര. പക്ഷേ അത്തരം യാത്രകളിൽ, പൂർവ്വ കർമ്മാർജ്ജിതങ്ങളായ ഒരു ഭാരവും സാധാരണ മനുഷ്യർക്കുപേക്ഷിക്കാ നാവില്ലെന്നു നോവൽ നമ്മോടു പറയുന്നു. അനുമാനങ്ങളുടെയും മുൻവിധികളു ടെയും ചുമടുമായി നമ്മൾ അന്വേഷണം തുടരുന്നു. സാധാരണമല്ലാത്തതോ അപൂർവ്വമായതോ ആയ ഒന്നും കണ്ടെത്തിയെന്നുവരില്ല. പക്ഷേ സരളവും സ്വാഭാ വികവുമായ ശൈലിയിൽ ജീവിതത്തെയും സദാകുതറിക്കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സിനെയും വിശകലനം ചെയ്യാനുള്ള ശ്രമങ്ങളിവിടെയുണ്ട്.  ശാസ്ത്രീയമായ യുക്തികളല്ല, സർവ്വസാധാരണമായ അനുഭവങ്ങളുടെ അശാസ്ത്രീയതയും പ്രവചനാതീതത്വവുമാണ് ഈ നോവലിനെ സവിശേഷമാക്കുന്നത്.  മനുഷ്യനു ണ്ടായ കാലം മുതൽ, നിർവ്വചനങ്ങൾക്കുവഴിപ്പെടാത്ത അതേ പുരാതന ബന്ധത്തി ന്റെ തീവ്രതകളാണ് പുത്രസൂക്തം അളക്കാൻ ശ്രമിക്കുന്നത്.  അനുഭവത്തിന്റെ മാപിനികളിലൂടെ പ്രത്യക്ഷത്തിലുള്ളതിനേക്കാൾ ഓരോ പുനരാലോചനയിലും ആഴം കൂടുന്ന അനുഭവ മാപിനികൾ.

          ജന്മപരമ്പരകളുടെ അറിയാത്ത, അഴിയാത്ത കുരുക്കുകളഴിച്ചെടുക്കാൻ തനതായ, ഏറ്റവും സ്വാഭാവികമായ രീതി ശാസ്ത്രങ്ങളാണ് നോവലിസ്റ്റുപയോഗിക്കുന്നത്.  അച്ഛനും അപ്പൂപ്പനുമായ നഗരവാസിയായ 47 കാരൻ പ്രഭാകരന്റെ ജീവിതചക്രം, അയാളെ രൂപപ്പെടുത്തിയ അനുഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, സംഭവങ്ങൾ ഇവയെല്ലാം രേഖീയ ക്രമങ്ങൾ തെറ്റിച്ചും ഇടകലർത്തിയും പുത്ര സൂക്തം പകർത്തുന്നു.  വർത്തമാനകാലത്തിൽ നിന്നു ഭൂതകാലത്തിലേക്കുള്ള യാത്ര.  ലക്ഷ്യങ്ങളേതുമില്ലാത്ത ഉല്ലാസയാത്രയല്ല അത്.  ജീവിതത്തിന്റെ, ബന്ധ ളുടെ, നിലനില്പിന്റെ അർത്ഥങ്ങൾ തേടിയുള്ള പ്രയാണം, ഒരേ സമയം ആസ്വാദ്യ വും അസുഖകരവുമായ തീർത്ഥയാത്ര കൃത്യമായ ഉത്തരങ്ങളിലേക്കല്ല അതു ചെന്നെത്തുന്നത്.  ഉത്തരസാധ്യതകളിലേക്ക്, പുനരാലോചനകളിലേക്കു മാത്രം.  അതാണ് സ്വാഭാവികവും.

          ഏറ്റവും ആദിമമായ ജൈവബന്ധത്തെയാണ് പുത്രസൂക്തം വിലയിരുത്താൻ ശ്രമിക്കുന്നതെന്നു പറഞ്ഞു.  മനുഷ്യൻ മാത്രം വിലകല്പിക്കുന്ന സ്‌നേഹത്തിന്റെ ജന്തുപാരമ്പ ര്യത്തെക്കുറിച്ചുള്ള ആലോചനകളാണത്.  കണ്ണാടിക്കരയിലെ കുട്ടിക്കാലം, നഗരത്തിലെ പ്രണയകാലം, മറ്റൊരു നഗരത്തിൽ തുടരുന്ന   തുടങ്ങി അനേകം അവസ്ഥകൾ.  ശാരീരികവും മാനസികവുമായ അവസ്ഥാന്തരങ്ങൾ, ചിന്തയിലും മൂല്യങ്ങളിലും വിശ്വാസങ്ങളിലും വരുന്ന ഭാവപ്പകർച്ചകൾ ഇവയെ ല്ലാം സൂക്ഷമായി പിന്തുടരാൻ നോവലിനു സാധിക്കുന്നുണ്ട്.  ഇവയെ എല്ലാം ബന്ധിപ്പിക്കുന്നതാവട്ടെ അതീവലോലമായ കർമ്മബന്ധങ്ങളുടെ കാണാച്ചരടും.  അച്ഛന്റെ തണലും കൈവിരൽത്തുമ്പിന്റെ സുരക്ഷയും കൂട്ടിനുള്ള ബാല്യകാലം.  കൗമാരത്തിന്റെ ആദ്യത്തെ തിരിവിൽത്തന്നെ പ്രഭാകരൻ അച്ഛനെ ശത്രുവായി പ്രഖ്യാപിക്കുന്നു.  കൂട്ടുകാരൊത്തു ബീഡിവലിച്ചതിന് അച്ഛൻ മകനെ ശിക്ഷിക്കു കയല്ല ചെയ്യുന്നത്.  നിരന്തരം പുകവലിക്കുന്ന തനിക്കതിനർഹതയില്ലെന്നറിഞ്ഞ് മകനെ സ്‌നേഹപൂർവ്വം  തിരുത്താനാണ് .  അച്ഛനറിയാത്ത, അറിഞ്ഞാൽ ശാസി ക്കാനിടയുള്ള കുറുമ്പുകളുടെയും കുസൃതികളുടെയും കൗമാരം ആ നിമിഷം അച്ഛനെ വെറുത്തു തുടങ്ങുന്നു.  വെറുപ്പിന്റെ പാരമ്യത്തിൽ അച്ഛൻ ആജന്മശത്രുവായി മാറുന്നു.  അച്ഛന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തും നിരാശപ്പെടുത്തിയും ഒടുവിൽ, അറിയാതെയെങ്കിലും അച്ഛന്റെ മരണത്തിനുത്തര വാദിയുമായിത്തീരുന്നു.  മധ്യ വയസ്സിന്റെ പക്വതയിലും സ്വച്ഛതയിലും, പോയ കാലത്തേക്കു തിരിച്ചുനടക്കു മ്പോഴാണ് അച്ഛനെ അയാൾ മനസ്സിലാക്കുന്നത്. ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ അനിവാര്യത പരസ്പരം ചേർത്തുവെയ് ക്കാനാവാത്ത അനുഭവ വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണ് ജീവിതം.  പ്രതി സന്ധികളിൽ ചെന്നിടിച്ചും തകർന്നും കണക്കുകൂട്ടലുകൾക്കപ്പുറത്തേക്കു വളരുന്ന ജീവിതം.  അതിന് ഒരു നാട്ടുവഴിയുടെ ആർജ്ജവമായിരിക്കില്ല ഒരിക്കലും.  വളഞ്ഞും പുളഞ്ഞും എല്ലായ്‌പ്പോഴും കുഴയ്ക്കുന്ന സങ്കീർണ്ണതകൾ മാത്രം.  അച്ഛന്റെ ചാരുകസേര പ്രഭാകരൻ കൂടെക്കൊണ്ടുപോവുന്നു.  ആ കസേരയിൽ കിടക്കുമ്പോൾ അയാൾ നിഷേധിയായ മകനല്ല.  മകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും നിരന്തരം പീഢകളേൽക്കുന്ന നിസ്സഹായനായ അച്ഛനാണ്.  സ്വന്തം അച്ഛൻ അനുഭവിച്ച മാനസികാഘാതങ്ങളുടെ ആഴം അയാൾ തിരിച്ചറിയുന്നതും അപ്പോഴാണ്.  പകവീട്ടലിന്റെ സ്വഭാവമുള്ള ക്രൂരതകളാണ് മൂന്നു വയസ്സുകാരൻ പേരക്കുട്ടിയിൽ നിന്നു പ്രഭാകരനനുഭവിക്കേണ്ടി വരുന്നത്.  അവനെ ഭയന്ന് ഒളിച്ചിരിക്കേണ്ടിപോലും വരുന്നു.   കഴിഞ്ഞ ജന്മത്തിൽ തരാതിരുന്ന ശിക്ഷകളെ ല്ലാം ഒരുമിച്ചു തരാൻ അച്ഛൻ മാധവനായി പുനർജനിച്ചതാണോ എന്നു സംശയി ച്ചുപോകുന്നു അയാൾ.  ശാന്തി പുതിയ കാലത്തെ പെൺകുട്ടിയാണ്.  എല്ലാ സ്വാതന്ത്ര്യവും സ്‌നേഹവും കൊടുത്ത് സുഹൃത്തിനെപ്പോലെ പരിഗണിച്ചിരുന്ന മകൾ അച്ഛനെ നിശിതമായി ചോദ്യം ചെയ്യുന്നു.  അച്ഛന്റെ കാലവും അച്ഛന്റെ ചിന്തകളും നിലപാടുകളും പഴഞ്ചനാണ് എന്നുറക്കെ പ്രഖ്യാപിക്കുന്നു.  അമ്മയുടെ കവിതയെഴുത്ത് അവസാനിപ്പിച്ച, ഇരട്ടനയമുള്ള കപടമനുഷ്യനായി അവൾ അച്ഛനെ വിലവിരുത്തുന്നു.  അച്ഛനും മക്കൾക്കുമിടയിലുണ്ടാവുന്ന ദൂര ങ്ങൾ നടന്നു തീർക്കാനാവാത്തതാണെന്നും, അതു ജന്മപരമ്പരകളിലൂടെ ആവർത്തിക്കപ്പെടുമെന്നുള്ള ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് പ്രഭാകരനുണ്ടാവുന്നതങ്ങനെ യാണ്.  ഇന്നലെ അച്ഛനെ നിഷേധിച്ച, തിരസ്‌കരിച്ച മകൻ ഇന്ന് സ്വയം നിഷേധിക്കപ്പെട്ടവനായിതിരസ്‌കൃതനായി തലകുനിച്ചു നിൽക്കേണ്ടി വരുന്നു.  ഈ ദു:ഖകരമായ ആവർത്തനം മനുഷ്യനുള്ളിടത്തോളം തുടരുകയും ചെയ്യും.  നിമ്‌നോന്നതമായ ജീവിതപ്രതലങ്ങളിലൂടെയുള്ള യാത്രയിൽ യുക്തികളല്ല മനുഷ്യനെ നയിക്കുന്നത്; അവന്റെ അനുഭവങ്ങളാണ്.  ചിലപ്പോൾ ഓരോ ചുവടു വയ്പ്പും അപ്രതീക്ഷിതമായ വീഴ്ചയാവാം.  ആ വീഴ്ചകളിലൂടെ മനുഷ്യൻ സ്വയം നവീകരിക്കപ്പെടുന്നു.  നിരാസങ്ങളും തിരസ്‌കാരങ്ങളും പിതൃബിംബ ത്തിന് കൂടുതൽ മിഴിവേറ്റുകയാണ്.  ശാന്തിയുടെയും മാധവന്റെയും പ്രവൃത്തികൾ അനിവാര്യമായ റിഫ്‌ളക്‌സ് ആക്ഷൻ ആയിക്കാണാനും ഉൾക്കൊള്ളാനും പ്രഭാകരനു സാധിക്കുന്നതും അതുകൊണ്ടാണ്.  പൂർവ്വ ജന്മ രഹസ്യങ്ങളറിയുന്ന ശരിപുത്രനെന്ന ബുദ്ധസന്യാസി അയാളുടെ ഉള്ളിൽ ജാഗരൂകനാവുന്നു.

          പാപപുണ്യങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്നതും ശിക്ഷ വിധിക്കപ്പെടു ന്നതും, മനസ്സിനുള്ളിലാണ്.  ആരും കാണാത്ത, അറിയാത്ത ഏകാന്തസ്ഥലികൾ.  അച്ഛൻ നീറുന്ന ഓർമ്മയായി പ്രഭാകരനെ സദാ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു.  മകളുടെയും പേരക്കുട്ടിയുടെയും നിലപാടുകളിലൂടെ നിശ്ശബ്ദസാക്ഷികളായി അമ്മമാരുടെ സാന്നിധ്യം.  നീ നല്ല മകനായിരുന്നില്ല, ഇപ്പോൾ നല്ല അച്ഛനു മല്ലെന്നു തെളിയിച്ചുവെന്നഅമ്മയുടെ വാക്കുകൾ അയാളുടെ വിഹ്വലതകളുടെ ആവേഗം കൂട്ടുകയാണ്.  സ്വന്തം അച്ഛനെ തടവിലിട്ടു പീഡിപ്പിച്ച അജാതശത്രു മകനെ മടിയിലിരുത്തി താലോലിക്കുന്നതിലെ വൈരുദ്ധ്യം നോവൽ എടുത്തു കാണിക്കുന്നുണ്ട്.  ബിംബിസാരന്റെ അനുഭവം കാലത്തിന്റെ വഴിത്തിരിവിൽ അജാതശത്രുവിനെയും കാത്തിരിക്കുന്നു.  മനുഷ്യരുടെ പ്രവൃത്തിയാണു ഭാവി യെ നിർണയിക്കുക, മക്കളിലൂടെ മക്കളുടെ മക്കളിലൂടെ അതു നിശ്ചയമായും നിന്നിലേക്കു തിരിച്ചെത്തിയിരിക്കുംഎന്ന ബുദ്ധഭിഷുവിന്റെ വാക്കുകൾ, സ്വന്തം മകൻ ഉദയഭദ്രൻ തനിക്കായി വാളിന്റെ മൂർച്ച കൂട്ടുന്നുവെന്ന തിരിച്ചറിവ് അജാതശത്രുവിനെ ജീവനോടെ ദഹിപ്പിക്കുന്നു.  അച്ഛനെ തടവിലിട്ട ഔറം ഗസീബും അവസാനകാലത്ത് ഇതേ കുറ്റബോധത്തിന്റെ ഇരയാവുന്നു.  ഭൗതികമായ എല്ലാ അധികാരത്തിന്റെയും കേന്ദ്രം അച്ഛനാവുമ്പോൾ, അച്ഛന്റെ നിലപാടുകളാണ് കുടുംബത്തെ രൂപപ്പെടുത്തുന്നതെന്നു വരുമ്പോൾ ആ പിതൃബിംബത്തെ തകർക്കുക എന്നത്  മക്കളുടെ അനിവാര്യതയായി മാറുന്നു.  വിമോചനമില്ലാത്ത വിധം, ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും അബോധമായി ആ ഉൻമൂലനപ്രക്രിയ അവൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു.  പിന്നീട് സ്വന്തം മക്കളാൽ അനുനിമിഷം ഉന്മൂലനം ചെയ്യപ്പെടുകയെന്നതും അവന്റെ നിർഭാഗ്യ കരമായ വിധി.  സാർവ്വ ജനീനമായ തുടർച്ച ഒരിക്കലും ശമാത്മകമായ ഭൂമിക കളിൽ ചെന്നെത്താതെ ആ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.

          വൈയക്തികവും സാധാരണവുമായ സംഭവങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ, മനുഷ്യബന്ധങ്ങളുടെ സങ്കീർണശോഭകളും, കാലഭേദങ്ങളും ഭാവപ്പകർച്ചകളും ആവിഷ്‌കരിക്കുകയാണ് പുത്രസൂക്തം.  കഠിനതകളിലൂടെ, പീഢനങ്ങളിലൂടെഉന്മാദങ്ങളിലൂടെ പൂർത്തിയാവുന്ന മനുഷ്യജീവിതത്തെ സംബന്ധിച്ചുള്ള കാലാതീ തമായ ദർശനമാണിതു മുമ്പോട്ടുവെയ്ക്കുന്നത്.  ഗ്രാമത്തിന്റെ നൈസർഗ്ഗിക ചാരുതകളും, പുരുഷജീവിതത്തിൽ ഋതുഭേദങ്ങൾ വരുത്തുന്ന ഉണർച്ചകളും നഗരത്തിന്റെ കൃത്രിമ ശോഭകളും പുതിയ കാലത്തിന്റെ ജീവിതശൈലിയിലും കാഴ്ചപ്പാടിലുമുള്ള മാറ്റങ്ങളുമെല്ലാം വശ്യമായി പകർത്തിയിരിക്കുന്നു.  ഹൃദയ ത്തിന്റെ അടി ത്തട്ടിലെ അരക്ഷിതാവസ്ഥകളും ഏകാന്തതയും ഇച്ഛാഭംഗങ്ങളും ആവിഷ്‌കരിക്കുമ്പോഴും ചടുലവും കഠിനവുമായ മാനസിക പരിതോവസ്ഥകളെ വെളിപ്പെടുത്തുമ്പോഴും അതിഭാവുകത്വത്തിന്റെ നിഴൽ പതിയാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രദ്ധയുമുണ്ട്.  കുത്തെഴുക്കുകളിലൊലിച്ചു പോവാതെ, കൂടാതെ ഉൾക്കൊള്ളലുകളിലൂടെ ജീവിതത്തെ പുതിയ വടിവുകളിൽ പുന സൃഷ്ടിക്കാനുള്ള ഉദ്യമമാണു  നോവൽ നടത്തുന്നത്.  അതുകൊണ്ട് ഈ നോവൽ പ്രത്യാശയുടെ മനുഷ്യ സൂക്തം കൂടിയാവുന്നു.

Comments

comments