കീഴാർനെല്ലിത്തണലോരത്തു
നിൻ വെളുത്തുള്ളിയല്ലിച്ചിരിയിൽ..

എന്ന മട്ടിലൊക്കെ സസ്യശാസ്ത്രപരമായ സാദ്ധ്യതകളെപ്പോലും കീഴ്മേൽ മറിച്ചിടുന്ന മലയാളചലച്ചിത്രഗാനപാരമ്പര്യത്തിന്റെ സർറിയലിസ്റ്റ് ശാഖയെ കഴിഞ്ഞ അദ്ധ്യായത്തിൽ പരാമർശിക്കുകയുണ്ടായല്ലോ. രചനാസമ്പ്രദായത്തിൽ ആലാപനമാർദ്ദവം കൈവരിക്കുന്നതിനുവേണ്ടി ചേർക്കുന്ന ആലോലം ലോലം അതിലോലലോലം ഓലഞ്ഞാലി കല്ലോലിനി വിലോലം ലോലകപോലം.. തുടങ്ങിയ വാക്കുകളെവാക്കുകളുടെ ആദിമചോദനകളിലൊന്നായ ഭക്ഷ്യശീലങ്ങൾക്കനുസരിച്ച് വിഗ്രഹിക്കുമ്പോൾ എല്ലാത്തിലും ഒരു ഓലൻ ഒളിഞ്ഞുകിടപ്പുണ്ടെന്ന് കാണാം. ഓലന്റെ ഒരു തന്മാത്ര എന്നൊക്കെ പറയാവുന്ന വിധം ഭക്ഷ്യരസതന്ത്രത്തിൽ  ശുദ്ധത കാത്തുസൂക്ഷിക്കുന്ന തീർത്തും കേരളീയമായ ഒരു വിഭവമാണ് ഓലൻ എന്നതുകൊണ്ടുതന്നെ മലയാളവാക്കുകളുടെ മൂലരൂപങ്ങളിലുള്ള ഓലൻ സാന്നിദ്ധ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്

ഓലൻ നന്നായി എന്ന ഒരു അഭിനനന്ദനം പാചകനൈപുണ്യമുള്ള കുടുംബിനികളെയോ കുടുംബനന്മാരെയോ സംബന്ധിച്ച് അത്യന്തം അപമാനകരമായ ഒന്നത്രെ. ഓലനിൽ അത്ര നന്നാവാൻ എന്തുണ്ട് എന്ന മുറുമുറുപ്പ് മറുപടിയായിട്ടുണ്ടാവാനും മതി. തേങ്ങാപ്പാൽ ചേർക്കാത്ത ശുദ്ധമായ ഓലനോളം നിഷ്കളങ്കമായ ഒരു വിഭവത്തെ നിഷ്കപടമായി ഒരുക്കിയെടുക്കുന്നതിൽ അടങ്ങിയിട്ടുള്ള സത്യസന്ധതയ്ക്കുള്ള അംഗീകാരമാണ് അതെന്ന് ഓലാവിഷ്കാരികൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഓലനിൽ തേങ്ങാപ്പാൽ ചേർക്കേണ്ടതുണ്ടോ എന്ന വിഷയമാകട്ടെ പഴയ ശുദ്ധകലാവാദവും രൂപഭദ്രതാവാദവും മുതൽ തമിഴ്നാട്ടിലെ പട്ടിമൺറവും കേരളത്തിലെ ചാനലുകളും ഒക്കെ നടത്തുന്ന  ചർച്ചകൾ വരെ പരിഗണിക്കുമ്പോൾ സാമാന്യം ഗൗരവമുള്ള ഒരു ചിന്തയെ പ്രചോദിപ്പിക്കുന്നതാണ്. ഓലൻ എന്ന സാദ്ധ്യതയിലൂടെ ഒരു കുമ്പളങ്ങ സമൂഹത്തിൽ പ്രകടമാക്കുന്ന സാന്നിദ്ധ്യത്തെ തേങ്ങാപ്പാലിന്റെ കലർപ്പ് എന്തെങ്കിലും വിധത്തിൽ പുരോഗമനപരമായി സ്വാധീനിക്കുന്നുണ്ടോ എന്നതുതന്നെയാണ് അടിസ്ഥാനപരമായ പഠനവിഷയം. ഏതൊരു വംശവും കാലത്തിനോടൊത്തുള്ള ചേർന്നുനില്പുകളിലെല്ലാം നടത്തുന്ന സ്വത്വപരമായ പരിശോധനകൾക്കുള്ള ഏറ്റവും ശുദ്ധമായ ഒരു മലയാളമാനകമായി ഓലൻ മാറുന്നതും അങ്ങനെയാണ്.

മാംസഭോജികളുടെ പ്രാകൃതസമൂഹങ്ങളിൽ നിന്ന് ഏറ്റവും പരിഷ്കൃതമായ യൂറോപ്യൻ തീൻമേശകൾ വരെ എത്തിപ്പെടുമ്പോഴും ഉണക്കിസൂക്ഷിച്ച ഇറച്ചിയുടെ വിവിധരൂപങ്ങളുടെ ലളിതപാചകത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. തത്തുല്യമായ ലാളിത്യമായാണ് സസ്യഭോജികളുടെ മെനുവിൽ ഓലന്റെ സാന്നിദ്ധ്യം തുടർന്നുപോരുന്നത്. തീയുണ്ടാക്കാൻ പഠിച്ച ആദ്യത്തെ ഹോമോ എറക്ടസിന് പുരാതനശിലായുഗം മുതൽ വെച്ചുണ്ടാക്കാൻ കഴിയുമായിരുന്ന ഓലന്റെ പ്രാകൃതരൂപത്തിന് വേണ്ടിയിരുന്നത് ഒരു കാട്ടുകുമ്പളങ്ങ മാത്രമാണ്. ഉപ്പ്, കീറിയിട്ട പച്ചമുളക്, തുളിക്കാനുള്ള വെളിച്ചെണ്ണ എന്നിവയെല്ലാം ഓരോന്നോരോന്നായി പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങളുടെ ഇടവേളകളുടെ പരിണാമങ്ങളിലൂടെ വന്നു ഭവിച്ചതാവണം. വിവാഹപ്പിറ്റേന്നിൽ വി.കെ.എൻ രേഖപ്പെടുത്തിയ ഉറാങ്ങുഠാൻ പറങ്ങോടാമ്മാൻ കാരണവരായിരുന്ന സമയമാവുമ്പോഴേക്കും ഓലൻ അതിന്റെ പൂർണതയിലെത്തിക്കഴിഞ്ഞിരിക്കണം.

പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ സബ്ഡിവിഷനായ വാട്ടർബറീസ് കോമ്പൗണ്ട് കണ്ടുപിടിക്കുന്നതുവരെയുള്ള കാലങ്ങളിൽ ജലദോഷസംബന്ധിയായ അസുഖങ്ങൾക്കെല്ലാം പ്രതിവിധിയായിത്തീർന്ന ഏറ്റവും ലളിതമായ മരുന്നുകളിൽപ്പലതും കുമ്പളങ്ങാജന്യമായിരുന്നു എന്നതിന് തെളിവായി കൂശ്മാണ്ഡരസായനവും കൂശ്മാണ്ഡഘൃതവും മറ്റും  ആയുർവേദത്തിൽ ഇപ്പോഴും ശുപാർശ ചെയ്യപ്പെട്ടു കാണുന്നു. ശരീരരസതന്ത്രത്തെ സന്തുലിതമായി നിർത്തുന്ന ക്ഷാരസാന്നിദ്ധ്യമായി മലയാളിയുടെ ഭക്ഷ്യസംസ്കാരത്തിൽ ഓലൻ അനുഷ്ഠിക്കുന്ന ധർമ്മത്തെ ഇതിലും വിസ്തരിക്കേണ്ടതില്ലല്ലോ. ഓലൻ സിമ്പിളാണ് എന്നതോടൊപ്പം പവർഫുള്ളുമാണ് എന്ന അടിസ്ഥാനപാഠം അതിസങ്കീർണ്ണമായ ജാവായുഗത്തിലും മലയാളികൾ മറക്കാതിരുന്നു എന്നത് സന്തോഷകരമാണ്.

ഓലന്റെ  സുതാര്യത കൈവരുന്നത് പ്രാഥമികമായും കുമ്പളങ്ങയിൽ നിന്നാണെങ്കിലും അത്തരത്തിൽ സങ്കല്പിക്കപ്പെടുന്ന നിർമ്മലത കുമ്പളങ്ങയെ ഒരു മറയാക്കി ദുരുപയോഗം ചെയ്യുന്നതിനുള്ള സാദ്ധ്യതകളും ഉണ്ടാക്കുന്നു എന്നുള്ളതാണ് ഒരു ദുരന്തം. തമിഴ്നാട്ടിൽ നിരോധനം ഉണ്ടായിരുന്ന കാലത്ത് ഉള്ളു തുരന്ന കുമ്പളങ്ങകളിലാണ് ധാരാളമായി പാലക്കാട് ഭാഗത്തു നിന്നും ചാരായം ചുരം കടന്ന് പോയിരുന്നത്കുമ്പളങ്ങ കട്ട കള്ളന്മാർ തോളത്തുനിന്നും മൊരി തുടയ്ക്കുന്ന വിധമെങ്കിലും പ്രത്യക്ഷരായിരിക്കെ കുമ്പളങ്ങ തുരക്കുന്ന കള്ളന്മാർ വേണമെങ്കിൽ ജൈവകർഷകരായിപ്പോലും വേഷപ്രച്ഛന്നരായി ഒളിച്ചിരിക്കും എന്ന വസ്തുത അത്യധികം ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.

ഓലനെന്ന നിലയിൽ ഒരു കുമ്പളങ്ങയുടെ ജീവിതം വെളിപ്പെടുത്തുന്ന മൗലികതയേയും ലാളിത്യത്തേയും സുതാര്യതയേയും അനായാസതയേയും  നമുക്ക് ഓലത എന്ന് വിവക്ഷിക്കുക. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം എന്ന് കടമ്മനിട്ട പരാമർശിച്ച മത്തങ്ങ പോലും കൈവരിക്കേണ്ടുന്ന ഓലത തീർച്ചയായും ഒരു മാനദണ്ഡമാണ്. ( മത്തങ്ങകൊണ്ടുള്ള ഓലൻ ചരിത്രത്തിൽ രണ്ടാമതേ വരുന്നുള്ളൂ. ഓലനിൽ പയറിന്റെ സാംഗത്യവും അത്രയേറേ പരാമർശം അർഹിക്കുന്ന ഒന്നല്ല ) ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഓലമനസ്കരായ രാഷ്ട്രീയനേതൃത്വത്തെ കാലഘട്ടം  ആവശ്യപ്പെടുന്നുമുണ്ട്

Comments

comments